ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും ഇതിനകം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ പൊതുജനാരോഗ്യ രംഗത്തിന് മനുഷ്യരാശി കണ്ട ഏറ്റവും വലിയ ഭീഷണിയായി മാറിക്കഴിയുകയും ചെയ്തിരിക്കുന്ന കോവിഡ് മഹാമാരി മാനസിക ആരോഗ്യ രംഗത്തും പുതിയ വെല്ലുവിളികൾ ഉയർത്തിക്കഴിഞ്ഞു. പണക്കാരനെയും പാവപ്പെട്ടവനെയും ഒരുപോലെ ബാധിക്കുമ്പോഴും ഈ പകർച്ചവ്യാധിയെ തടയാനുള്ള ‘അടച്ചിരിക്കൽ’ പ്രക്രിയ മധ്യവർഗ കുടുംബങ്ങളിലെ വ്യക്തികളുടെ മാനസിക നിലയെയാണ് ഏറ്റവും സാരമായി ബാധിക്കുന്നതെന്ന് പ്രാഥമിക പഠനങ്ങൾ വെളിവാക്കുന്നു. കോവിഡുയർത്തുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ച് മുംബയിലെ മുതിർന്ന പത്രപ്രവർത്തകനായ മഹേഷുമായുള്ള ഒരു ദീർഘ സംഭാഷണത്തിൽ ന്യൂഡൽഹി അംബേദ്കർ സർവകലാശാലയുടെ ഡെപ്യൂട്ടി ഡീനും മാനസിക ആരോഗ്യ വിദഗ്ധനുമായ ഡോ. അനൂപ് കുമാർ കൊയ്ലേരി വിശദമായി സംസാരിക്കുന്നു. അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:

1) കോവിഡ് ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങൾ മധ്യവർഗ കുടുംബങ്ങളിലെ വ്യക്തികളെയാണ് ഏറ്റവും കൂടുതലായി ബാധിക്കുകയെന്ന ഒരു വിശ്വാസം ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. ഈ ധാരണ എത്രത്തോളം ശരിയാണ്?
ഇത് ഒരു പരിധിവരെ ശരിയാണ്. കൃത്യമായ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും പ്രാഥമിക പഠനങ്ങൾ ഇത്തരമൊരു അവസ്ഥയിലേക്കാണ് കൈ ചൂണ്ടുന്നത്. മനുഷ്യ മനസ്സുകളെക്കുറിച്ച് ഗഹനമായ പഠനങ്ങൾ നടത്തിയിട്ടുള്ള പ്രശസ്ത അമേരിക്കൻ മനശ്ശാസ്ത്രജ്ഞനായ അബ്രഹാം മാസ്ലോവിന്റെ തത്വങ്ങളുടെ സഹായത്തോടെ ഇത് വിശദീകരിക്കാവുന്നതാണ്. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, പാർപ്പിടം, ലൈംഗികത എന്നിവയാണ് പാവപ്പെട്ടവന്റെ പ്രധാന പ്രശ്നങ്ങൾ. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ നമ്മൾ കണ്ട അഥിതിത്തൊഴിലാളികളുടെ മഹാനഗരങ്ങളിൽ നിന്നുള്ള നിന്നുള്ള കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്ക് അതിന്റെ ഭാഗമാണ്. സുരക്ഷിതമായ സ്ഥലങ്ങളിൽ എത്തിക്കഴിഞ്ഞാൽ, മാനസികമായി അവർക്ക് ചെറുതല്ലാത്ത ഒരു ആശ്വാസം ലഭിക്കും. മറുവശത്ത് പണക്കാരുടെ കാര്യമെടുത്താൽ തികച്ചും വ്യത്യസ്ത്ഥമാണ് കാര്യങ്ങൾ. ഭക്ഷണം, പാർപ്പിടം, വസ്ത്രം, തുടങ്ങിയ അടിസ്ഥാന കാര്യങ്ങളല്ല അവരുടെ പ്രശ്നം, മറിച്ച് അവരവരുടെ കഴിവുകളെ പൂർണമായും ഉപയോഗപ്പെടുത്താൻ കഴിയാത്തതിലുള്ള ദു:ഖമാണ് സമ്പന്ന വർഗത്തിനെ ഇപ്പോൾ ഏറ്റവും കൂടുതൽ അലട്ടിക്കൊണ്ടിരിക്കുന്നത്. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള തടസ്സങ്ങളും അവരിൽ ചില മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പക്ഷെ ഇത്തരം പ്രശ്നങ്ങൾ ഏൽപ്പിക്കുന്ന ആഘാതങ്ങൾ പൊതുവെ ലഘുവാണ്. ഇനി നമുക്ക് മധ്യവർഗത്തിന്റെ കാര്യമെടുക്കാം. ഒട്ടുമിക്ക കുടുംബങ്ങളുടെയും വരുമാനത്തിൽ കാര്യമായ ഇടിവ് വന്നിട്ടുണ്ടെങ്കിലും, അടിസ്ഥാന ആവശ്യങ്ങൾ തട്ടി-മുട്ടി നടന്നുപോവുന്നുണ്ട്. പക്ഷെ അവരുടെ യഥാർത്ഥ പ്രശ്നം ഇതൊന്നുമല്ല. കോവിഡ് കാരണം തങ്ങളുടെ ജീവിതനിലവാരം ഇടിഞ്ഞുപോകുന്നില്ല എന്ന ഉറപ്പു വരുത്തുന്നതിനുള്ള ഒരു നെട്ടോട്ടത്തിലാണ് മിക്കവരും. മനഃശാസ്ത്രപരമായി പറയുമ്പോൾ, ജീവിതത്തെക്കുറിച്ച് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്നതും ഇത്തരം കുടുംബങ്ങളിലുള്ളവരാണ്. കോവിഡ് കാരണം തങ്ങളുടെ സ്വപ്നങ്ങൾ നടക്കാതെ പോകുമോ എന്ന ഭയം ഇവരുടെ മാനസിക സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നു. ജീവിതത്തിൽ എന്തൊക്കെയോ നേടാനുള്ള തത്രപ്പാടിനിടയിൽ കാര്യങ്ങൾ തങ്ങൾ മുൻകൂട്ടി നിശ്ചയിച്ചതുപോലെ നടക്കുന്നില്ലെന്നതിലുള്ള വിഷാദവുമുണ്ട്. ജീവിതനിലവാരത്തിൽ തങ്ങളോടൊപ്പം നിൽക്കുന്നവരുടെ കൂടെ കൂടാനുള്ള അവസരങ്ങൾ കുറയുന്നതും മറ്റൊരു പ്രധാന ഘടകമാണ്.

2) ഈ മാനസിക സമ്മർദ്ദവുമായി സാമൂഹിക അകലത്തിന്, അഥവാ കൂട്ടുകൂടലുകൾക്കുള്ള വിലക്കുകൾക്ക്, എന്തെങ്കിലും ബന്ധമുണ്ടോ?
തീർച്ചയായും. പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം സാമൂഹിക അംഗീകാരം ഒരു അടിസ്ഥാന ആവശ്യമേ അല്ല. ഇനി സമ്പന്നരെ എടുത്തു നോക്കിയാൽ അവർക്ക് ഇതൊരു വലിയ പ്രശ്നമല്ലതാനും. ഈ ലക്ഷ്യത്തിലെത്താൻ പണക്കാരന് അവന്റേതായ വഴികളുണ്ട്. പണക്കാരന്റെയും പാവപ്പെട്ടവന്റെയും ഇടയിൽ കുടുങ്ങിക്കിടക്കുന്ന മധ്യവർഗ കുടുംബങ്ങളിലെ വ്യക്തികളിലാണ് സത്യത്തിൽ ഇത്തരമൊരു അവസ്ഥ ഏറ്റവും കൂടുതൽ മാനസിക അസ്വാസ്ഥ്യത സൃഷ്ടിക്കുന്നത്. സാമൂഹിക അംഗീകാരം നേടുന്നതിനുള്ള എല്ലാ വഴികളും പെട്ടെന്നൊരു ദിവസം അടഞ്ഞു പോകുമ്പോൾ സ്വാഭാവികമായും അവർ അസ്വസ്ഥരാകുന്നു. കോവിഡിന്റെ രണ്ടാം വരവിൽ പ്രതിരോധത്തിനും ചികിത്സക്കും വേണ്ടി ഭീമമായ ഒരു തുക ഒരുവിധം എല്ലാ കുടുംബങ്ങളും ചിലവാക്കിക്കഴിഞ്ഞിട്ടുണ്ട്. വരവ് വളരെയധികം കുറഞ്ഞ ഒരു സമയമാണിതെന്ന് ഓർക്കണം. സാധാരണ ഗതിയിൽ കൂട്ടായ്മകളാണ് നമ്മളെ മാനസിക പിരിമുറുക്കത്തിൽ നിന്നും ഒരു പരിധിവരെയെങ്കിലും രക്ഷിക്കുന്നത്. പക്ഷേ പകർച്ചവ്യാധി തടയാനുള്ള വ്യവസ്ഥകൾ കാരണം അത്തരം കൂട്ടുകൂടലുകളും നടക്കുന്നില്ല. ഇതൊക്കെ ചേർന്ന് ഇടത്തരം കുടുംബങ്ങളിൽ മാനസികമായി വല്ലാത്തൊരുത്തരം ഭീകരാവസ്ഥ സൃഷ്ടിക്കുന്നു.
3) കോവിഡ് ഉണ്ടാക്കുന്ന മാനസിക ആഘാതങ്ങങ്ങൾ പൊതുവെ അന്തർമുഖികളായ വ്യക്തികളെയാണോ കൂടുതലായി ബാധിക്കുന്നത്?
ഒരിക്കലുമല്ല. അന്തർമുഖികളെ സംബന്ധിച്ചിടത്തോളം വീട്ടിലടച്ചിരിക്കുക എന്നത് ഒരു സാധാരണ പ്രക്രിയയാണ്. പൊതുവെ അവർ ആരുമായും അധികം കൂട്ടുകൂടാൻ പോവാറില്ലെന്ന് നമുക്കറിയാം. സുഹൃത്തുക്കളുമായി ചേർന്ന് ഇടക്കിടെ പാർട്ടി നടത്തുകയും ദിവസത്തിന്റെ ഭൂരിഭാഗവും വീടിനു പുറത്ത് ചിലവഴിക്കുകയും ചെയ്യുന്ന ആളുകളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. സാമൂഹിക കൂട്ടുകൂടായ്മകൾ, അഭിനന്ദനം, ബഹുമാനം എന്നിവ പിടിച്ചുപറ്റുന്നതിനു വേണ്ടി പരിശ്രമിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ബഹുമാനം എന്നത് ആത്മാഭിമാനത്തിന് തുല്യമല്ല; മാസ്ലോവിന്റെ തത്വങ്ങൾ അനുസരിച്ച് ഇടത്തരക്കായ ആളുകളിൽ സമൂഹശ്രദ്ധ പിടിച്ചുപറ്റാനുള്ള പ്രവണത സ്വതേ കൂടുതലായി കാണാം. മറിച്ച് സ്വതവേ അന്തർമുഖരായ ആളുകൾ വീട്ടിലടച്ചിരിക്കാനുള്ള നിർദ്ദേശങ്ങളെ സ്വയം ഒറ്റപ്പെടുത്തലിനുള്ള ഒരു അവസരമായാണ് കാണുന്നത്. ആ നിലക്ക് നോക്കുമ്പോൾ ലോക്ക്ഡോൺ അവരിലുണ്ടാക്കുന്ന മനസികാഘാതം താരതമ്യേന കുറവായിരിക്കും.
4) കുട്ടികൾ, യുവാക്കൾ, മധ്യവയസ്കർ, വയോധികർ, ഇവരിലാരിലാണ് ലോക്ക്ഡോൺ ഏറ്റവും കൂടുതൽ മാനസിക ആഘാതങ്ങൾ സൃഷ്ടിക്കുന്നത്?
ഒറ്റനോട്ടത്തിൽ മധ്യവയസ്കരെയാണ് കോവിഡിന്റെ പ്രത്യാഘതങ്ങൾ ഏറ്റവും കൂടുതലായി ബാധിക്കുക. മറ്റെല്ലാ പ്രശ്നങ്ങൾക്കും ഉപരിയായി വീടിന്റെ സമ്പദ്ഘടന തകരാതെ നോക്കാനുള്ള ഉത്തരവാദിത്വം കൂടി ഇവരിൽ നിക്ഷിപ്തമാണെന്നോർക്കണം. അതുകൊണ്ടുതന്നെ അവർ ഒന്നിലധികം വെല്ലുവിളികൾ നേരിടുന്നു. കൗമാരക്കാർ ആയിരിക്കും ഈ പട്ടികയിൽ സ്വാഭാവികമായും രണ്ടാമത് വരുന്നത്. യുവത്വത്തിന്റെ രക്തത്തുടിപ്പു കാരണം എന്തെല്ലാമോ വെട്ടിപ്പിക്കാനുള്ള ഒരു തയ്യാറെടുപ്പിലാണ് ഒട്ടുമിക്ക കൗമാര പ്രായക്കാരും. സമപ്രായക്കാരുടെ ഇടയിൽ നായക വേഷം വെട്ടിപ്പിടിക്കാനുള്ള ഒരു മാനസികാവസ്ഥയിലാണ് മിക്കവരും. ആ ശ്രമങ്ങളെയാണ് കോവിഡ് ശിഥിലമാക്കുന്നത്. ചെറിയ കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും മനസികാവസ്ഥക്ക് കോവിഡ് മൂലം ചെറിയ രീതിയിൽ മാത്രമേ മാറ്റം സംഭവിക്കുന്നുള്ളു.
5) വ്യത്യസ്ത പ്രവർത്തന മണ്ഡലങ്ങൾ എടുത്തു നോക്കുമ്പോൾ, ഏതു രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെയാണ് കോവിഡ് ഏറ്റവും കൂടുതൽ മാനസികമായി ബാധിക്കുന്നത്?
വൈദ്യശാസ്ത്ര രംഗത്ത് പ്രവൃത്തിക്കുന്നവരെയാണ് കോവിഡ് ശാരീരികമായും മാനസികമായും തളർത്തിയിരിക്കുന്നതെന്ന് നമുക്ക് കണ്ണടച്ച് പറയാം. ഈ വിഭാഗത്തിലെ ഒരുപാട് പേരുടെ ജീവൻ നമുക്ക് നഷ്ടമായിക്കഴിഞ്ഞു. പകർച്ചവ്യാധി പിടിപെടാൻ ഏറ്റവും സാധ്യതയുള്ള കൂട്ടത്തിലാണ് താനെന്ന വിചാരം പോലും ഒരാളെ തളർത്തും. മാനസിക ആഘാതം മാത്രമെടുത്താൽ കലാകാരന്മാരാണ് അടുത്ത കൂട്ടം. മനശ്ശക്തിയുടെ കാര്യത്തിൽ സ്വതേ ദുർബലരാണ് ഇവർ. നിറഞ്ഞ സദസ്സിനു മുന്നിൽ ഒരു പരിപാടി അവതരിപ്പിക്കുമ്പോൾ കിട്ടുന്ന പ്രശംസയും പ്രശസ്തിയുമാണ് ഇവരുടെ ആകെ മൂലധനം. ഇതിനുള്ള അവസരങ്ങൾ കിട്ടാതാവുമ്പോൾ അവർ സ്വാഭാവികമായും മാനസികമായി അസ്വസ്ഥരാകും. കൂടാതെ, സ്റ്റേജുകൾ അപ്രത്യക്ഷമാവുമ്പോൾ ഇവരുടെ ഒരേയൊരു സമ്പാദ്യ മാർഗവും അടയുന്നു. തന്റെ കഴിവുകൾ ദിവസേന ചോർന്നു പോയിക്കൊണ്ടിരിക്കുകയാണെന്ന ഭയം അത് അവരുടെ ചോദനയെയും ആത്മവിശ്വാസത്തേയും പ്രതികൂലമായി ബാധിക്കും. തന്റെ കഠിനാധ്വാനത്തിന് യാതൊരു പ്രതിഫലവും അടുത്തകാലത്തൊന്നും കിട്ടാനിടയില്ലെന്ന ഭീതി തന്റെ കലയോടുള്ള താൽപ്പര്യക്കുറവിന് കാരണമാകും. സാമൂഹിക ഒറ്റപ്പെടൽ, വൈകാരിക ഒറ്റപ്പെടൽ, ഒടുവിൽ വിഷാദരോഗവും. മനം മടുത്ത പല കലാകാരന്മാരും ജീവൻ വെടിഞ്ഞ ഒട്ടേറെ റിപ്പോർട്ടുകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും, പ്രത്യേകിച്ചും കേരളത്തിൽ നിന്ന്, വരുന്നുണ്ട്.
6) കോവിഡ് ഉണ്ടാക്കുന്ന മാനസിക വ്യതിയാനങ്ങൾ മനുഷ്യരാശിയെ ഒരു വലിയ സാമൂഹിക ദുരന്തത്തിലേക്ക് തള്ളിവിടാനുള്ള സാദ്ധ്യതകൾ എത്രത്തോളമാണ്?
മനഃശാസ്ത്രപരമായി നോക്കുമ്പോൾ, സാമൂഹിക ഒറ്റപ്പെടൽ നമ്മളെ ഒരുതരം വൈകാരിക ഒറ്റപ്പെടലിലേക്ക് നയിക്കും. ഇത്തരം അവസ്ഥ ഒരുപാട് കാലം നിലനിൽക്കുകയാണെങ്കിൽ അത് ചിലരെയെങ്കിലും വിഷാദ രോഗികളാക്കി മാറ്റും. മാനസികമായി അസ്വസ്ഥരായ ഈ ജനവിഭാഗം തീർച്ചയാവും ആരോഗ്യരംഗത്ത് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കും. മാനസികാരോഗ്യ രംഗത്ത് വളരെ പുറകിൽ നിൽക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതേൽപ്പിക്കുന്ന ആഘാതം താങ്ങാവുന്നതിലപ്പുറമായിരിക്കും. ജനങ്ങൾക്കും സർക്കാരിനും മാനസികാരോഗ്യ വിദഗ്ധർക്കും ഇത് ഒരു പുതിയ വെല്ലുവിളിയാണ്. ഇത്തരമൊരു സാഹചര്യത്തെ നേരിടാനുള്ള ഒരുക്കങ്ങൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുവേണം പറയാൻ.
മൊബൈൽ: 88790 72585