കൂട്ടത്തിൽ നിന്ന് വേർപെട്ട്
ഞാനിതാ
ഇരുളിലേകയായ്
ദാഹിക്കുന്ന ഹൃദയവുമായി
മരുപ്പച്ച തേടിയലയുന്നു.
നരച്ചൊരീ ഭൂമി താണ്ടുവതെങ്ങനെയെ-
ന്നോർത്താവലാതി കൊള്ളാതെ
മൃൺമയമായ എന്റെയുടൽ
ഉണ്മയെത്തേടുന്നു.
എന്റെ മിഴികൾ നിമീലിതമാകുന്നു.
കൊല്ലുവാനെനിക്ക് സമയമില്ലിന്ന്…
അസ്റയേൽ മാലാഖയുടെ
ചിറകടിയാലാവൃതമായ എന്റെ
നിശ്വാസങ്ങൾ മന്ദമായൊരിളം കാറ്റായ്
ഭൂമിയെ ചൂഴ്ന്നു നില്പതും
പിന്നെയതൊരു
പുതു വല്ലിയായ്
മേഘം തുരന്ന്,
ആകാശത്തേക്കുയരുന്നതും
ഞാനറിയുന്നു.
അവിടെയവനെന്നെ
തൊടുവിരലാൽ
സ്പർശിക്കുന്നതും
പിന്നെയതൊരാലിംഗനമായി
മാറുന്നതും ഞാനറിയും.
വിറയ്ക്കുന്നൊരെന്റെ
തണുത്ത ചുണ്ടുകളിൽ
ചുണ്ടാലമൃതം പുരട്ടും…
എന്റെ വിഷ നീലിമ
കണ്ഠത്തിലേക്കാവാഹിച്ചെടുക്കും
അനന്തരം ഞാൻ പിന്നെയും
തളിർക്കും..
പൂക്കും..