സ്വാതി നാളിലെ
ഒരു മഴത്തുള്ളിക്കു വേണ്ടി
ജന്മം മുഴുവൻ കാത്തുകിടന്നു ചിപ്പി.
ഒരിക്കൽ ദക്ഷിണ ദിക്കിൽ
ഒറ്റനക്ഷത്രം ഉദിച്ചതാണ്.
ആകാശം മഴ പൊഴിച്ചതാണ്.
കുറുകെ പറന്ന ഏതോ പക്ഷിയുടെ
ചിറകിൽ തട്ടി മുത്തിൻകണം
തെറിച്ചുപോയി.
ചുണ്ടുകൾ പിളർന്നുതന്നെയിരുന്നു.
പിന്നൊരു കുറി
കുഴഞ്ഞ ചിറകുകൾ നീർത്തി
മുകൾപ്പരപ്പിലെത്തി
കൊക്ക് തുറന്നു ദാഹിച്ചു കിടന്നു.
ഒഴുകിക്കടന്ന നൗകയുടെ
പായയിൽ മുട്ടി
ചെറുതുള്ളി അലിഞ്ഞുപോയി.
ഇനിയൊരിക്കൽക്കൂടി
പാതാളഗൃഹത്തിൽനിന്നും
ഞാൻ പൊന്തിവരും
തളരാത്ത ഇച്ഛയുടെ
പക്ഷം വിടർത്തി
പൊങ്ങിക്കിടക്കും
സ്വാതി വാനിന്റെ
ഒരു കോണിൽ വന്നു പിറക്കും.
അന്നേരം ആകാശമേ
എനിക്കു തരുമോ
ജീവന്റെ ഒരു അണുവെങ്കിലും?
……
അനന്തമായ്
കാത്തുകിടന്ന ചിപ്പി ഞാൻ
നീയോ
അടിയറിയാത്ത ആഴങ്ങളുടെ
അലകടൽ
നിനക്കും എനിക്കും തമ്മിൽ
എന്തു സാധർമ്യം!
*
സ്വാതി നാളിൽ പെയ്യുന്ന മഴയുടെ തുള്ളികളാണ് മുത്തായ് മാറു
ന്നതെന്ന് ദൈവജ്ഞ ചൂഡാമണി എൻ.കെ. കൃഷ്ണപിള്ളയുടെ
‘ജ്യോതിശ്ശാസ്ര്താദർശം’ എന്ന ഗ്രന്ഥത്തിൽ (1952-ധർമദേശം പ്രസ്
– തിരുവനന്തപുരം.
Related tags :