അവൾക്ക് പഠിച്ചിറങ്ങി ഉടനെതന്നെ ജോലി കിട്ടി.
അവൾ നഗരത്തിന് നടുക്ക് ആകാശം മുട്ടി നിൽക്കുന്ന ഒരു
ഫ്ളാറ്റ് സമുച്ചയത്തിൽ താമസം തുടങ്ങി.
മുകപ്പിൽ മണിപ്ലാന്റ് ചെടി നട്ടു; കയർ കെട്ടി മുകളിലേക്ക് പടർത്തി.
അത് പടർന്നു കയറി എടുപ്പുകൾ തെന്നി നീങ്ങുന്ന മേഘങ്ങളോട്,
മനുഷ്യരുടെ കഥകൾ പറഞ്ഞു കേൾപ്പിച്ചുകൊണ്ടി
രുന്നു. ഇലനാക്കുകൾ പൊടിപ്പും തൊങ്ങലും വച്ച് കഥ ചിലമ്പുമ്പോൾ
മേഘങ്ങൾ ആശങ്ക പൂണ്ടിറ്റു കൊണ്ടിരുന്നു. മഴ വീണ് മണ്ണ്
നനഞ്ഞു. നനഞ്ഞ മണ്ണ് ഒലിച്ചു നീങ്ങിയപ്പോൾ, അസ്ഥി
പോലെ വെളുത്ത ചുണ്ണാമ്പുകല്ലുകൾ കാണപ്പെട്ടു.
അവൾ ഇതൊന്നും അറിഞ്ഞിരുന്നില്ല.
അവൾ അയാളെ പരിചയപ്പെട്ടത് കമ്പനിയിലെ കോഫി ഷോപ്പിൽ
വച്ചായിരുന്നു. അതിനു മുൻപും അവർ തമ്മിൽ കണ്ടിട്ടുണ്ട്.
സഹപ്രവർത്തകൻ എന്ന നിലയിൽ അയാൾ ആണ് മുന്നോട്ട് വന്ന്
പരിചയപ്പെട്ടത്. അയാൾ അവൾക്കു നേരെ വന്നു കൈ നീട്ടി.
അവൾ കൂപ്പു കൈ കൊടുത്തു. അത് മന:പൂർവമായിരുന്നു, ഭിത്തി
യിലേക്ക് കണ്ണ് നട്ട് നിസ്സംഗമായ ഒരു കൂപ്പു കൈ. അവളുടെ തണുത്ത
പ്രതികരണത്തിൽ അയാൾക്ക് നിരാശ തോന്നി.
എങ്കിലും, ഇടയ്ക്കൊക്കെ അവർ സംസാരിക്കുമായിരുന്നു. കമ്പനിയിൽ
അവരുടെ പ്രായത്തിൽ മിണ്ടാനും പറയാനും ആരും ഉണ്ടായിരുന്നില്ല
എന്നത് ഒടുവിൽ അവളെ, അയാളുടെ സുഹൃത്താക്കി
മാറ്റി. എന്നാൽ ഇടയ്ക്കൊക്കെ അവൾ സ്വയം ചോദിച്ചു, എങ്ങനെയാണ്
പരിമിതികൾ കൊണ്ട് നമുക്ക് ഇടപഴകേണ്ടി വരുന്ന
മനുഷ്യനെ സുഹൃത്ത് എന്ന് വിളിക്കുക?
തന്റെ ഏകാന്തതയിൽ അവൾക്കു തന്നോട്തന്നെ ഒരു സഹതാപം
തോന്നി. അയാളെ എപ്പോളൊക്കെ കാണുന്നുവോ, അയാളോട്
എപ്പോളൊക്കെ സംസാരിച്ചുവോ, അപ്പോളൊക്കെ, അത്
അവൾക്കു തോന്നി.
ഫ്ളാറ്റിന്റെ ഊണുമുറിയിൽ, കാർപെറ്റിൽ മലർന്ന് കിടന്നുകൊണ്ട്
അവൾ, മച്ചിന്റെ മൂലകളിലെ മാറാലകളിൽ ഇരുന്നു മൂട് കുലുക്കുന്ന
എട്ടുകാലികളെ എണ്ണി. അടർത്തിയിട്ട വാലിലേക്കു നോട്ടം
എറിഞ്ഞ് തന്റേതായ എന്തോ അല്ലേ നിലത്തു പിടയ്ക്കുന്നത്
എന്ന് അത്ഭുതപ്പെടുന്ന പല്ലിക്കുഞ്ഞിനെ പഠിക്കുമ്പോളാണ് അയാൾ,
അവളെ മൊബൈലിൽ വിളിച്ചത്. ക്രിസ്തുമസിന് മുൻപുള്ള
അവസാനത്തെ ഞായറാഴ്ച ആണ്. അകലെ നിന്ന് കരോൾ
ഗീതം കേൾക്കാം.
ഓർമയിൽ കോൺവെന്റ് ഹൈസ്കൂൾ ബോർഡിങ് കെട്ടിടത്തിന്റെ
ഇടനാഴികൾ തെളിഞ്ഞു വന്നു. വലിയ ഇടനാഴി കടന്നു
പിച്ചിപ്പൂമണം ഉതിർക്കുന്ന മുറ്റത്ത് നിന്ന് തുടങ്ങുന്ന പടിക്കെട്ടുകൾ
കയറി ചാപ്പലിൽ ഒറ്റയ്ക്ക് പോയിരുന്ന് ചിലപ്പോളൊക്കെയെങ്കിലും,
അന്യനായ ഒരു ദൈവത്തോട് സംസാരിക്കുകയും സങ്കടങ്ങൾ
പറയുകയും ചെയ്തിരുന്ന അവൾ ഞായറാഴ്ചകളെയും ക്രി
സ്മസ് ഈസ്റ്റർ ദിനങ്ങളെയും കൂട്ടപ്രാർത്ഥന ദിനങ്ങളെയും വെറുത്തിരുന്നു.
ആ ദിനങ്ങളിൽ ആളുകൾ കൂട്ടം കൂട്ടമായി വന്ന് സങ്കടങ്ങൾ
പറഞ്ഞു കരയുമ്പോൾ അവൾക്കു വെപ്രാളം തോന്നി.
ഇങ്ങനെ തന്റെ കൂട്ടത്തിലുള്ള ഒരുപാട് പേരെ ഒരുമിച്ചു കിട്ടുമ്പോൾ
ഈ ദൈവം വിജാതീയ ആയ അവളെ മറക്കും എന്ന് അവൾക്ക്
തോന്നി. അവൾ അകത്തെ ആൾക്കൂട്ടം പിരിഞ്ഞു പോകുന്നത്
കാത്ത്, പുറത്ത്, മാതാവിന്റെ ഗ്രോട്ടായ്ക്ക് അരികിൽ മഞ്ഞ് വീ
ണ് നനഞ്ഞ തടിബെഞ്ചുകളിലൊന്നിൽ ഇരുന്നു.
ഒരിക്കൽ പ്രഭാതം പരന്നു തുടങ്ങിയപ്പോൾ, നിലത്തിഴയുന്ന
നീല മേലങ്കിയിൽ, കരതലങ്ങളിൽ ആണിപ്പാടുകളുമായി, വിലാപ്പുറത്തു
നിന്ന് ചോര കിനിഞ്ഞു കൊണ്ടു തന്നെ നോക്കി പുഞ്ചി
രിക്കുന്ന ക്രൂശിത യേശുവിനെ എതിർവശം ബെഞ്ചിൽ അവൾ
കണ്ടു, മിണ്ടി. പള്ളി കഴിഞ്ഞു അവർ രണ്ടു പേരും അൾത്താരയി
ലേക്കു നടന്നു. അവൾ അതിനെക്കുറിച്ചു പറഞ്ഞപ്പോൾ
ക്രിസ്ത്യാനി പെൺകുട്ടികൾ അവളെ കളിയാക്കി.
അയാളുടെ ഫോൺ എടുക്കുമ്പോൾ അവൾക്ക് ഭയം തോന്നി.
അയാൾ എന്തിനാണ് അവധി ദിനത്തിൽ തന്നെ വിളിക്കുന്നത്?
എന്തുകൊണ്ട് അയാൾക്ക്, തന്നെ അവധി ദിനത്തിൽ വിളിച്ചു കൂടാ?
അവൾ അയാളോട് സംസാരിക്കുമ്പോൾ പുറത്ത് മഴ തൂളി
ക്കൊണ്ടിരുന്നു. നിലത്തെ കാർപെറ്റിന്റെ അലങ്കാര മാതൃക ഏക
കേന്ദ്രമുള്ള അനേകം വൃത്തങ്ങളായിരുന്നു. അവളുടെ കൈ വിരലുകൾ
വൃത്തപരിധിയിലൂടെ നടന്നുകൊണ്ടിരുന്നു.
”തിയേറ്ററിൽ പുതിയ സിനിമ ഇറങ്ങിയിട്ടുണ്ട്. വരുന്നോ?”
അയാൾ താൻ കാണാൻ തെരഞ്ഞെടുത്ത സിനിമയുടെ കഥ
പറയാൻ ശ്രമിച്ചു. കഥ പറഞ്ഞ് തുടങ്ങിയപ്പോൾ അവൾ അതിൽ
താത്പര്യം കാണിക്കുന്നില്ലായെന്ന് അയാൾക്ക് തോന്നി. അയാൾ
താൻ ഊണ് കഴിക്കാൻ പോകുന്നു എന്ന ഒഴിവു പറഞ്ഞ് ഫോൺ
വച്ചു.
സിനിമയ്ക്ക് പോകണോ വേണ്ടയോ, അവൾക്കറിയില്ലായി
രുന്നു. അവൾ തനിക്കു മറ്റെന്തോ പണിയുണ്ടെന്നു കളവു പറഞ്ഞു.
അടുക്കളയിലേക്കു ചെന്ന് ചായ പാൽപാത്രത്തിൽ നിന്ന്
കോപ്പയിലേക്കു പകർത്തുമ്പോൾ വീണ്ടും, സിനിമയ്ക്ക് പോകാമായിരുന്നല്ലോ
എന്ന് ചിന്തിച്ചു. ഉച്ചനേരത്തുള്ള സിനിമയല്ലേ.
പോയാൽ എന്താണ് തെറ്റ്?
അയാൾ സിനിമ കഴിഞ്ഞു മടങ്ങി വരും വഴി അവളെക്കുറിച്ച്ഓർത്തു.
അവൾ ഒരു ബൊമ്മക്കുട്ടിയെപോലുണ്ട
ചെലവഴിച്ചു എന്നുമൊക്കെ വളച്ചു കെട്ടി ചോദിച്ചു. അവൾ ഓരോ
ചോദ്യത്തിനും ഈരണ്ടു ഖണ്ഡിക ഉത്തരം നൽകി. എന്തെ
ന്നാൽ അവൾക്കു പണ്ട് മുതലേ സംസാരിക്കാൻ ഇഷ്ടമായിരുന്നു.
ഹൈസ്കൂൾ കാലത്ത് ബോർഡിങ്ങിൽ വൈകുന്നേരങ്ങളിൽ
നാലര മുതൽ അഞ്ചര വരെ മാത്രമേ തമ്മിൽ സംസാരിക്കാൻ
പാടൂ. മറ്റു സമയങ്ങളിൽ ആരെങ്കിലും ശബ്ദിച്ചാൽ കന്യാസ്ത്രീ
കൾ മുളവടിയേന്തി ഡോർമിറ്ററിയിലേക്ക് കടന്നുവരുമായിരുന്നു.
മുളവടികൾ കട്ടിൽകാലുകളെ തല്ലി നോവിക്കുമ്പോൾ മിണ്ടിക്കൊണ്ടിരുന്നവർ
എല്ലാവരും കണ്ണടച്ച് ഉറക്കം നടിച്ച് കിടക്കും. അവൾ,
വാചാലമാകാൻ ഒരുപാടാഗ്രഹിച്ചു.
അവൾ ഉത്തരക്കടലാസിൽ മൂന്ന് വരി ഉത്തരത്തിന് പകരം ഒരു
താള് എഴുതി. ഒരു താള് ഉത്തരം വേണ്ടിടത്ത് പത്ത് താളെഴുതി.
ഉദാഹരണത്തിന്, ഭൂമിയിൽ മഴ പെയ്യുന്നതെങ്ങനെ എന്ന മൂന്നു
മാർക്ക് ചോദ്യത്തിന് അവൾ നാല് താൾ ഉത്തരം എഴുതിയി
രുന്നു. ഭൂമി ഉരുണ്ടതാണെന്നും അത് ആദ്യം കണ്ടുപിടിച്ചത് ഗ്രീ
ക്കുകാരാണെന്നും പൈതഗോറസ്, അരിസ്റ്റോട്ടിൽ തുടങ്ങിയവർ
അതിനെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ടെന്നും അവൾ എഴുതി. ഭൂമി
യിൽ നാലിൽ മൂന്നു ഭാഗം ജലമാണെന്നും ജലം നൂറു ഡിഗ്രിയിൽ
തിളയ്ക്കും എന്നും തിളച്ച വെള്ളം മാത്രമേ കുടിക്കാവൂ എന്നും
എഴുതി. ശുദ്ധജലത്തിന് മണമോ രുചിയോ ഇല്ലെന്നും ഭൂമിക്കു
പുറമേ വ്യാഴത്തിന്റെ ഉപഗ്രഹമായ യുറോപ്പ, ശനിയുടെ ഉപഗ്രഹമായ
എൻസിലാഡസ് എന്നിവിടങ്ങളിലും ജലസാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്
എന്ന് അവൾ എഴുതി. ജലതന്മാത്രയെക്കുറിച്ചെ
ഴുതുമ്പോളാണ് മഴയെക്കുറിച്ച്, ചോദ്യത്തെക്കുറിച്ച് ഓർത്തത്. എന്നിട്ടും
മഴ എങ്ങനെ ഉണ്ടാകുന്നു എന്ന് എഴുതാൻ അവൾ നാല്
പുറമെടുത്തു.
മണിപ്ലാന്റ് സങ്കടക്കഥകൾ തുടരെത്തുടരെ പറയുമ്പോൾ മേഘങ്ങൾ
ഇരുണ്ടുരുണ്ടു കൂടി. ആകാശം കനം തൂങ്ങി വീഴുമെന്ന മട്ടായി.
എന്നിട്ടും മണിപ്ലാന്റ് കഥ പറച്ചിൽ നിർത്തിയില്ല.
കഥകൾ.
ഒറ്റപ്പെട്ടവരുടെ, ഉപേക്ഷിക്കപെട്ടവരുടെ, ചതിക്കപ്പെട്ടവരുടെ,
രോഗികളുടെ…
സ്നേഹം എല്ലാവർക്കും തുല്യമായി ഇറ്റുകൊടുക്കാനെന്നോണം
മഴക്കാലം വന്നടുത്തു.
അയാൾ, നല്ലവണ്ണം മഴ പെയ്യുന്ന ഒരു സന്ധ്യയ്ക്ക്, ട്രാഫിക്കി
ലൂടെ കാർ തുഴഞ്ഞ് ഫ്ളാറ്റിലെത്തി അവളെ സന്ദർശിച്ചു. അവൾ
ക്ക് ആരെങ്കിലും തന്നോട് മിണ്ടാൻ വന്നല്ലോ എന്ന് ഓർത്തപ്പോൾ
സന്തോഷം തോന്നി. അത് ഒരു നേർത്ത പുഞ്ചിരിയായി ചുണ്ടുകളിൽ
വിടർന്ന് പരിലസിച്ചു.
അവൾ ടി വി വച്ചു. അത് അവർക്കിടയിൽ മൂടൽ കെട്ടിയ മൗനത്തെ
ഭേദിക്കും എന്ന് അവൾ പ്രതീക്ഷിച്ചു. ഇപ്പോൾ അവർ രണ്ടു
പേരും ടി വി സ്ക്രീനിൽ നോക്കി ഇരിക്കുന്നു. സ്ക്രീനിൽ പുള്ളിപ്പുലികളുടെയും
തേവാങ്കിന്റെയും കാർട്ടൂൺ ചലിക്കുന്നു. അപ്പോൾ
അവളുടെ ഓർമഞരമ്പിൽ ഉഷയും ശ്രുതിയും മിന്നിമറഞ്ഞു.
അവൾ മുറിയിൽ ചെന്ന് ഒരു പിഞ്ഞാണം നിറച്ച് ഈന്തപ്പഴങ്ങൾ
കൊണ്ട് വന്ന് ടീപോയിൽ വച്ചു.
അയാൾ ഈന്തപ്പഴം പൊളിച്ച്, കുരു കളയാൻ ചവറ്റു കുട്ട തിരഞ്ഞു.
ചവറ്റു കുട്ട മുറിയുടെ വലത്തെ കോണിൽ ഉണ്ടായിരുന്നു.
അയാൾ നടന്നു വന്ന് സോഫയിലിരിക്കുമ്പോൾ അവൾ അസ്വ
സ്ഥയായി. അയാൾ തന്റെ ഒരുപാട് അരികെ ആണ് ഇരിക്കുന്നത്
എന്ന് അവൾക്കു തോന്നി.
സ്ക്രീനിൽ, തേവാങ്ക്, പുള്ളിപ്പുലികളുടെ നടുക്ക് അകപ്പെടുന്നു.
കാട്ടിൽ മൂന്നോ നാലോ പുള്ളിപ്പുലികളും തേവാങ്കും മാത്രമേയുള്ളു.
കൂട്ടുകാരെ കിട്ടുമോയെന്ന് അന്വേഷിച്ചിറങ്ങിയ തേവാങ്ക്
പുള്ളിപ്പുലികൾക്കിടയിൽ അനുഭവിക്കുന്ന പങ്കപ്പാടുകളാണ്
കാർട്ടൂൺ ഇതിവൃത്തം.
കാർട്ടൂൺ പുരോഗമിക്കുമ്പോൾ അയാൾ തുടയിൽ തൊട്ടു ,അവളുടെ
പ്ലീറ്റ്പാവാട ഞരക്കി നീക്കി. അവൾ അയാളുടെ കൺമണികൾ
വികസിക്കുന്നത് കണ്ടു. അയാൾ അവളെ ചുംബിക്കാനായി
ഇറച്ചിത്തുണ്ടത്തിന് വേണ്ടി അമ്മക്കുരുവിക്ക് മുന്നിൽ കൊക്ക്
തുറക്കുന്ന കുഞ്ഞു കുരുവിയെപ്പോലെ വായ തുറന്നു പിടിച്ചു
കൊണ്ട് അല്പം കൂടിയരുകിലേക്കു നീങ്ങി.
അവൾ അയാളെ തട്ടി മാറ്റി, അരിശത്തോടെ അകമുറിയിലേക്കു
പോയി വാതിൽ കുറ്റിയിട്ടു.
”ഇതിനാണോ ഇതിനാണോ നിങ്ങൾ വന്നത്?” എന്ന് ഉറക്കെ
വിളിച്ചു ചോദിച്ചു കൊണ്ടിരുന്നു.
അയാൾ മറുപടി പറഞ്ഞില്ല; കതക് ചാരി പടികളിറങ്ങി ട്രാഫിക്കിന്റെ
അലയിളക്കത്തിൽ തന്റെ തുരുത്ത് തേടി തുഴയാനൊരുങ്ങി.
പിറ്റേന്ന്, അങ്ങനെ ഒന്നും നടന്നില്ലല്ലോ എന്ന മട്ടിലായിരുന്നു
അയാളുടെ പെരുമാറ്റം. കോഫി ഷോപ്പിൽ അയാൾ അവൾക്ക് അഭിമുഖമിരുന്നു
പൊതുകാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. അവൾ
മിണ്ടാതെ കേട്ടിരുന്നു. അത് തലേന്നാൾ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലലോ
എന്ന് തോന്നിപ്പിക്കുന്നതിൽ താൻ വിജയിച്ചു എന്ന്
അയാളെ വിശ്വസിപ്പിച്ചു.
ഒരു പാട് ഞായറാഴ്ചകൾ കഴിഞ്ഞു. ഏകാന്തവും വിരസവുമായ
അവധി ദിനങ്ങൾ. അവൾ അവധി ദിനങ്ങൾ മുറിയിൽ ചടഞ്ഞിരുന്ന്
തീർത്തു. ഇടക്കാലത്ത് ഒരിക്കൽ അയാൾ അവളെ
ഫോൺ വിളിച്ചു. അയാൾ അത് വഴി എങ്ങോ പോകുന്നുണ്ടെന്നും
വീട്ടിൽ വരട്ടേ എന്നും ചോദിച്ചു.
അവളുടെ ഫ്ളാറ്റ് സമുച്ചയത്തിൽ, നാല് നില മുകളിൽ താമസിക്കുന്ന
സ്ത്രീ ചെടികളെ ഇഷ്ടപ്പെട്ടിരുന്നില്ല. പാമ്പുകൾ വള്ളി
ച്ചെടികളിലൂടെ പിണഞ്ഞിഴഞ്ഞ് കയറി, തന്റെ വീട്ടിൽ കുടുംബാംഗങ്ങളിൽ
ആരെയെങ്കിലും കൊത്തിയാലോ എന്നവർ ഭയന്നു. അവർ
ഭർത്താവിന്റെ, ‘അത്രയും പൊക്കത്തിൽ പാമ്പു വരില്ലാ’ എന്ന
വാദം അംഗീകരിച്ചില്ല. വളർന്നു മൂടിയ മണിപ്ലാന്റ് വള്ളികൾ
വെട്ടിയെറിയപ്പെട്ടപ്പോൾ എതിർ ഫ്ളാറ്റിലെ സുമുഖനായ ചെറുപ്പ
ക്കാരനെ അവർക്ക് സുവ്യക്തം കാണാൻ കഴിഞ്ഞു.
ഇപ്പോൾ, മണിപ്ലാന്റ് വള്ളിയാകട്ടെ, വളരെ താഴെയാണ്.
അത് രണ്ടാം നിലയിൽ നിന്ന് താഴേക്കു ഞാന്ന് കിടന്നു കാറ്റി
ലാടുന്നു. ഇലക്കുരുപ്പുകൾ മിണ്ടുന്നത് വളരെ അവ്യക്തമായേ മേഘങ്ങൾക്ക്
കേൾക്കാൻ കഴിയുന്നുള്ളൂ. മേഘങ്ങൾ പല കഥകളും
തെറ്റായി മനസിലാക്കി. നായകൻ മരിക്കുമ്പോൾ അവർ ചി
രിച്ചു. നായികയുടെ പ്രണയം വിജയിക്കുമ്പോൾ അവർ കരഞ്ഞി
റ്റുവീണു. ഒടുവിൽ, എപ്പോളോ ഒരു കുസൃതിക്കുട്ടി വള്ളി മുറിച്ചെ
ടുത്ത്ചുഴറ്റി ദൂരേക്ക് എറിഞ്ഞു. അത് ഉണക്കയില നിറപാമ്പുറ
പോലെ ഒരുപാട് നടപ്പാതയിൽ കിടന്നു.
ടാർ വിരിച്ച പാതകളിൽ വേനൽ പൊള്ളിവീണു. അയാൾ ആയാസപ്പെട്ട്
വെയിൽ തുഴഞ്ഞ് ഫ്ളാറ്റിലെത്തി. അയാളെ കണ്ടപ്പോൾ
അവൾക്ക് ഭയം തോന്നി. അതേസമയം സംസാരിക്കാൻ തനിക്ക്
ഒരു മനുഷ്യനെ വേണമെന്നും അവൾക്ക് തോന്നി. അയാൾ പരി
സരത്തു നടന്ന ഒരു കൊലപാതകത്തെ കുറിച്ചും വെയിലും ചൂടും
പൊടിയും നിറഞ്ഞ നിരത്തിനെക്കുറിച്ചും വാ തോരാതെ മി
ണ്ടിക്കൊണ്ടിരുന്നു. ടി വി യിൽ പുള്ളിപ്പുലികളുടെയും തേവാങ്കി
ന്റെയും കാർട്ടൂൺ ചലിക്കുന്നുണ്ടായിരുന്നു. അയാൾ ചാനൽ മാറ്റി.
മാർക്കറ്റിൽ ഇറങ്ങിയ നൂതന തര യന്ത്രങ്ങളെക്കുറിച്ചുള്ള ഡോ
ക്യൂമെന്ററി ആണ് അയാൾ കണ്ടുകൊണ്ടിരിക്കുന്നത്. അത് അവളെ
മടുപ്പിച്ചു. അയാൾ കുടിക്കാൻ ജലം ചോദിച്ചു. അയാൾ തന്നോടൊപ്പം
അടുക്കളയിൽ വന്ന് പിന്നിൽ നിന്ന് തന്നെ കടന്ന് പിടിച്ചാലോ
എന്ന് അവൾ ഭയന്നു. എന്നാൽ അതുണ്ടായില്ല. അയാൾ സോഫയി
ലിരുന്നു കൊണ്ട് ഡോക്യുമെന്ററിയിൽ നിന്ന് കാർട്ടൂണിലേക്കു
ചാനൽ മാറ്റുകയായിരുന്നു.
പുള്ളിപ്പുലിയുടെ നടുക്ക് വെപ്രാളപ്പെടുന്ന തേവാങ്കിനെ കണ്ട്
അയാൾ ഉച്ചത്തിൽ ചിരിച്ചു. അവൾ ചിരിച്ചില്ല. അയാൾ ചിരി
നിർത്തി, വെള്ളം കുടിക്കുമ്പോൾ ഇടങ്കണ്ണിട്ട് അവളെ നോക്കി.
അയാൾക്ക് ബൊമ്മക്കുട്ടിയെ ഓർമ വന്നു. അയാൾ അവളുടെ
അരക്കെട്ടിൽ സ്പർശിച്ചു, അവളുടെ ഉടുപ്പൂരാൻ ശ്രമിച്ചു. അവൾ
അകമുറിയിലേക്കോടി വാതിലടച്ചു. ഇത്തവണ അയാൾക്ക് അരിശം
തോന്നിയിരുന്നു. എന്നിട്ടും ഒന്നും മിണ്ടാതെ അയാൾ ഫ്ളാറ്റ്
പടികൾ ഇറങ്ങി ഉച്ച വെയിലിലൊഴുകിപ്പോയി.
ടിവിയിൽ പുള്ളിപ്പുലികളെ കൂട്ടുകാരാക്കാൻ എന്ത് ചെയ്യണം
എന്ന് തേവാങ്ക് ചിന്തിച്ചുകൊണ്ടിരിക്കുന്നു. പുള്ളിപ്പുലികൾ തേവാങ്കിനെ
വിരട്ടുന്നു. അവൾക്ക്, അപ്പോൾ, വീണ്ടും ഉഷയെയും
ശ്രുതിയെയും ഓർമ വന്നു. ഓർമയുടെ ചുരമിറങ്ങി എത്തിയ വേനലിന്റെ
പഴങ്കാറ്റ് ചിന്തകളിൽ തീയൂതി.
ഉഷയും ശ്രുതിയും സ്കൂളിലെ വല്യ തന്റേടി പെൺകുട്ടികളാണ്.
ഉഷയും ശ്രുതിയും അഞ്ചാം തരത്തിലും അവൾ രണ്ടാം തരത്തി
ലുമായിരുന്നു. ഉഷ മുടി രണ്ടു വശത്തേക്കും മെടഞ്ഞ് അറ്റം നീല
റിബൺ കെട്ടിയിരുന്നു. ശ്രുതിക്ക് കഴുത്തറ്റം വരെ മാത്രമേ മുടി ഉണ്ടായിരുന്നുള്ളു.
ശ്രുതി, മുടി വിരിച്ചിട്ട് കുളിപ്പിന്നൽ കെട്ടി കടും മജന്ത
റോസാപ്പൂ ചൂടിയാണ് ദിവസവും സ്കൂളിൽ വരാറ്. ഉഷയ്ക്കും
ശ്രുതിക്കും ഏതാണ്ട് ഒരേ പൊക്കമായിരുന്നു. എന്നാൽ ശ്രുതിക്ക്
നീണ്ട കഴുത്തായിരുന്നു. കഴുത്തിൽ സ്വർണനൂലിൽ, ആലിലകൃഷ്ണൻ
തിളങ്ങിയാടി.
നാല് ദിവസങ്ങൾക്കു ശേഷം അയാൾ വീണ്ടും ഫോൺ വിളി
ച്ചു. അവൾ എടുത്തു.
അയാൾ വീട്ടിൽ വരട്ടെയെന്നു ചോദിച്ചു.
അവൾ വന്നോളാൻ പറഞ്ഞു.
അവൾക്കു തന്നോടുതന്നെ സങ്കടം തോന്നി. സത്യത്തിൽ അപ്പോൾ
അവൾക്ക് അവളെപ്പറ്റി തോന്നിയത് ഇങ്ങനെയാണ് – കടലാസിന്റെ
പരിമിതി മൂലം പാതി വിസ്തരിച്ച് നിർത്തേണ്ടി വന്ന
ഉത്തരം. ഉത്തരം കടലാസ് തിരയുന്നു. കടലാസ് കിട്ടാതെ വരുമ്പോൾ
അത് മൂത്രപ്പുരയുടെ ചുമരുകളിലും പൊതു കുളിമുറിയുടെ
പിന്നാമ്പുറങ്ങളിലും എഴുതിത്തീരാൻ ശ്രമിക്കുന്നു.
അയാൾ അവളോട് എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു.
അവൾ ആ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകി. അയാൾ അവൾ
പറയുന്നത് ശ്രദ്ധിച്ച് കേട്ടിരിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ അവൾക്ക്
ആശ്വാസം തോന്നി. അയാൾ അവളെ തൊട്ടു. അവൾ മറുത്തൊന്നും
പറഞ്ഞില്ല, അകമുറിയിലേക്ക് ഓടിയതുമില്ല.
ഉടുപ്പുകൾ ഒന്നൊന്നായി അഴിഞ്ഞു വീണു. വെയിലും എണ്ണ
ഗന്ധവും നിറഞ്ഞു നിന്ന ബോർഡിങ് കുളിമുറിയുടെ ചതുരാകാശക്കാഴ്ചകളിലേക്ക്
അവൾ മനക്കണ്ണ് തുറന്നു. അവൾ റിബൺ
കെട്ടുകൾ അഴിച്ചെടുത്ത് രണ്ടായി മെനഞ്ഞിട്ട തന്റെ മുടിക്കെട്ടുകൾ
സ്വതന്ത്രമാക്കി കാലുറകൾ ഊരി ഉടുപ്പുകൾ അഴിച്ചു തൊട്ടി
യിലിട്ടു വളരെ പതിഞ്ഞ ശബ്ദത്തിൽ തൊട്ടടുത്ത കുളിമുറിയിലുള്ളവളോട്
ചോദിക്കുന്നു, ‘അതാ അത് കണ്ടോ ആകാശത്ത് ചാര
നിറ പക്ഷികൾ’. ചിലപ്പോൾ തൊട്ടരികിലെ കുളിമുറി ശൂന്യമാണെങ്കിൽ
കൂടി അവൾ തന്നോട് തന്നെ പറയും, ‘അതാ അത് കണ്ടോ
ആകാശത്ത് ചാര നിറ പക്ഷികൾ!’
അവൾ സോഫയിൽ നിവർന്നു കിടന്നു. മുകളിലേക്ക് കണ്ണ് പാകുമ്പോൾ
മൂന്ന് ചിറകുകൾ കണ്ടു. ഫാനിന്റെ മൂന്ന് തൂവലില്ലാ ചി
റകുകൾ വട്ടം കറങ്ങുന്നത് അവൾ കണ്ടു.
സ്ക്രീനിൽ, പുലികൾ തേവാങ്കിനെ ഉന്തിയിട്ടു. തേവാങ്ക് മെല്ലെ
മെല്ലെ നടന്ന് തൊട്ടടുത്ത മരം കയറി ചില്ലകളിൽ ഒന്നിൽ തല
കീഴായി തൂങ്ങിക്കിടന്നു. തേവാങ്കിന്റെ മെല്ലെയുള്ള നടത്തം പുള്ളിപ്പുലികളെ
ഹറാം കൊള്ളിച്ചു. അവർ കൂക്കി വിളിച്ചു. തേവാങ്കിന്റെ
വലിയ കണ്ണുകൾ നിറഞ്ഞൊഴുകി. എന്നാൽ തനിക്കു ഏകാന്തത
തോന്നുന്നില്ലല്ലോ എന്ന് തേവാങ്ക് സമാധാനപ്പെട്ടു.
തേവാങ്ക് തല കീഴായി തൂങ്ങിക്കിടന്നു കരയുന്നത് കണ്ടപ്പോൾ
പുള്ളിപ്പുലികൾക്കു ചിരി പൊട്ടി.
അവർ പുള്ളി കുത്തിയ വയറുകൾ കുലുക്കി ആർത്ത് ചിരിച്ചു.
പുലികളുടെ ചിരി അവളെ ഉഷയിലേക്കും ശ്രുതിയിലേക്കും മടക്കി.
കാറ്റാടി മരങ്ങളുടെ ചോട്.
സ്കൂൾ വിട്ടു, കാറ്റാടി മരങ്ങളുടെ ചോട്ടിൽ പാതി നിറച്ച ചോറ്
പാത്രവും അരക്കുപ്പി വെള്ളവും നാല് വര നോട്ടുകളും ഒടിഞ്ഞ
തും മുനപോയതുമായ പെൻസിലുകളും പ്രാവിൻ തൂവലുകളുമൊക്കെ
കൂടി ഭാരം കൂട്ടിയ പുസ്തക സഞ്ചിയിൽ ചാരി അവൾ അച്ഛ
നെയോ അമ്മയെയോ കാത്തുനിൽക്കും. വെയിൽ മങ്ങും വരെ
കാക്കണം. അച്ഛന് തിരക്കായിരുന്നു. അച്ഛന്റെ ശ്രദ്ധ തെറ്റിയാൽ
തീവണ്ടികൾ കൂട്ടിയിടിക്കും. തീവണ്ടികൾ വെട്ടേറ്റ സർപ്പങ്ങളെപ്പോലെ
പുളഞ്ഞു മറിഞ്ഞു പുഴയിലേക്ക് വീഴും.
അമ്മയ്ക്ക് തിരക്കായിരുന്നു. ശ്രദ്ധ തെറ്റിയാൽ, പണിഞ്ഞു
കൊണ്ടിരിക്കുന്ന പാലങ്ങളുടെ മണലും സിമന്റും കണക്കു തെറ്റും.
പാലങ്ങൾ പൊളിഞ്ഞു നെടുകെ വച്ചു കീറിപ്പോയ ചുണ്ട് പോലെ
പുഴയിലേക്ക് ഞാന്നു കിടക്കും.
റോഡിനപ്പുറം, മേടിനും അപ്പുറം, പുഴ.
ഒഴുകുന്നു.
അരഞ്ഞാണ വണ്ണത്തിൽ പുഴയാണല്ലോ ഒഴുകണം എന്നോർ
ത്ത് മാത്രം മെല്ലെ ഒഴുകുന്ന നിളയുടെ മേൽപ്പാലത്തിലൂടെ കുതി
യ്ക്കുന്ന തീവണ്ടികളിൽ നിന്ന് ഒരുപാട് പേർ അവളെ നോക്കി
കൈവീശി. അവൾ അവരെ ഉറ്റു നോക്കി. കാറ്റാടി ചില്ലകളൊടി
ച്ചു മണലിൽ ചിത്രങ്ങൾ വരച്ചും ഇറുന്നു വീണ ശലഭ ചിറകുകൾ
പെറുക്കികൂട്ടിയും സമയം കഴിയുന്നില്ലാ എന്നറിഞ്ഞപ്പോൾ അവൾ
ഉഷയിലേക്കും ശ്രുതിയിലേക്കും നടന്നു. അവർ സന്ധ്യയടുക്കുമ്പോൾ
മാത്രമാണ് വീടുകളിലേക്ക് പോകുക. അവരുടെ വീടുകൾ
സ്കൂൾവളപ്പിനപ്പുറംതന്നെയായിരുന്നു.
അവർ കളിക്കാൻ കൂട്ടാം എന്ന് വാക്കു തന്നു. എന്നാൽ ”വെറും
രണ്ടാംക്ലാസുകാരിയായ നിനക്ക് എന്ത് കളി മനസിലാകും?
കുഞ്ഞിപ്പെണ്ണല്ലേ നീ”.
പുലിയും തേവാങ്കുമാണ് കളി. കളിക്കൂട്ടുകാരാരുമില്ലാതിരുന്ന
അവൾ പാതി അഴിഞ്ഞു തൂങ്ങിയ റിബൺ അഴിച്ചു ചുരുട്ടി പോക്കറ്റിൽ
തിരുകി. എന്നിട്ട് കളിക്ക് സമ്മതം മൂളി.
അയാൾ അവളുടെ കണ്ണുകളിലേക്കു നോക്കി സമ്മതം തിരഞ്ഞു.
അവൾ ഒന്നും മിണ്ടിയില്ല. അവൾ കൈകൾ കെട്ടി നിന്നു.
അയാളുടെ ആജ്ഞാനുസൃതം അടിവസ്ത്രങ്ങൾ ഊരിയിട്ടു വീണ്ടും
സോഫയിൽ വന്നു കിടന്നു.
കളിയിൽ ആദ്യം അവൾ തേവാങ്കായിരുന്നു. ഉഷയും ശ്രുതി
യും പുലികളും.
പുള്ളിപ്പുലികൾ.
പുള്ളിപ്പുലികൾ വേഗത്തിലോടും.
‘നോക്ക്, പുലികൾ വളരെ വേഗത്തിൽ ഓടുന്ന ജീവികളാണ്.
തേവാങ്ക് ആകട്ടെ ഒച്ച് കഴിഞ്ഞാൽ ഭൂമിയിലേറ്റം മന്ദഗതിയുള്ള
ജീവി. നീ മെല്ലെ നടക്കണം.തേവാങ്കിനെപ്പോലെ മെല്ലെ മെല്ലെ
നടന്ന് പുലികളെ തൊടണം’.
അവൾ തേവാങ്ക് ആകാൻ വിസമ്മതിച്ചു. എങ്കിൽ നീ കളിക്കി
ല്ല എന്ന് അവർ അറിയിച്ചു. ഉഷ ചെറിയ മരക്കൊമ്പ് എടുത്തു മണലിൽ
ഒരു ആനമുട്ട വരച്ചു. അതിന്റെ വൃത്ത പരിധിയിലൂടെ
അവൾ എന്ന തേവാങ്ക് നടന്ന് തുടങ്ങി. അവർ അവൾക്കു മുന്നിൽ
ഓടിക്കൊണ്ടിരുന്നു.
‘ഇനി ഞാൻ പുലി ആയിക്കോട്ടെ?’
‘ഇല്ലില്ല പുലിയെ തൊട്ടാലേ തേവാങ്കിന് പുലിയാകാൻ കഴി
യൂ”.
എത്ര നടന്നിട്ടും തേവാങ്കിന് പുലിയെ തൊടാൻ കഴിഞ്ഞില്ല.
ഒരുപാട് നാളുകൾ അവൾ തേവാങ്കായി ഉഷയെയും ശ്രുതിയെയും
പിന്തുടർന്നുകൊണ്ടിരുന്നു. അവർ ‘തേവാങ്കെ, എന്തെ നിനക്ക്
തൊടാൻ കഴിയുന്നില്ലേ’ എന്ന് ഉറക്കെ ചിരിച്ചു കളിയാക്കി.
അവൾ സങ്കടം അഭിനയിച്ചു അവരെ പിന്തുടർന്ന് വട്ടം നടന്നുകൊണ്ടിരുന്നു.
അങ്ങനെ നടക്കുമ്പോൾ അവൾക്ക് ഏകാന്തത തോന്നിയില്ല.
അതുകൊണ്ട് തളരുന്നത് വരെ, വീട്ടിലേക്കു കൂട്ടാൻ ആരെങ്കിലും
എത്തും വരെ, അവൾ, തേവാങ്കും പുലിയും കളിച്ചു
കൊണ്ടിരുന്നു. കാലങ്ങൾ കഴിഞ്ഞ്, അച്ഛന്റെ ജോലിസ്ഥലം മാറി.
അവൾ ഡോർമിറ്ററിയിലേക്ക് മാറി. ഉത്തരക്കടലാസുകളിൽ
മാത്രമായി മിണ്ടി.
അയാൾ അവളെ നോക്കി. ബൊമ്മക്കുട്ടിക്ക് നാണം വരുന്നുണ്ടോ.
ഇല്ല.
അവൾ കട്ടിലിൽ മലർന്നു കിടന്ന് കോണുകളിലെ എട്ടുകാലികളെ
എണ്ണിക്കൊണ്ടിരുന്നു.
‘എന്താണ് നീ ചിന്തിക്കുന്നത്?”
”പണ്ട് പണ്ട് ഞാൻ വട്ടത്തിലോട്ടം കളിച്ചത്’.
അയാൾ അവളെ മനസ്സിലാക്കാൻ കഴിയാത്ത സങ്കടത്തോടെ
നോക്കി. ഉടുപ്പുകളഴിച്ചു കിടത്തിയ ബൊമ്മക്കുട്ടിയുടെ എല്ലാ
രഹസ്യവും തനിക്ക് അറിയാൻ കഴിഞ്ഞില്ല എന്ന് അയാൾക്ക് തോന്നി.
അയാൾ അവൾക്ക് മുകളിൽ ഉയർന്നു താഴുമ്പോൾ അവൾ,
കണ്ണുകളടച്ചു താൻ വൃത്തപരിധിയിലൂടെ നടക്കുന്നത് സങ്കല്പി
ച്ചു. പിന്നീട് കണ്ണ് തുറന്ന് സ്ക്രീനിലേക്ക് നോക്കി. കാർട്ടൂൺ പുലികൾ
കൈപിടിച്ചൊരു വൃത്തം തീർത്തു നൃത്തം വയ്ക്കുന്നു.
വാലുകൾ പൊക്കിപ്പിടിച്ച് പിൻഭാഗമിളക്കി അവർ ആനന്ദത്ത
ത്തോടെ നൃത്തം ചവിട്ടുന്നു. അപ്പോൾ തേവാങ്ക് മെല്ലെ നടന്ന് മരം
കയറി തല കീഴ്ന്നാടി അവരെ രസിപ്പിക്കുന്നു. തികച്ചും ഏകാന്തമായ
കാട്ടിൽ കൂട്ട് കിട്ടാൻ വിഡ്ഢി വേഷം കെട്ടുന്ന തേവാങ്ക്
കരയുമ്പോൾ കാർട്ടൂൺ അവസാനിക്കുന്നു.
അപ്പോൾ അവൾ മച്ചിലേക്ക് നോക്കി തേവാങ്കിന്റെ പരോക്ഷ
ജയത്തെ പ്രതി ചിന്തിച്ചു. പ്രത്യക്ഷത്തിൽ തേവാങ്ക് തോറ്റു പോയെങ്കിലും
അതിന്റെ ഏകാന്തത മാറിക്കിട്ടിയില്ലേ. അതോർത്ത
പ്പോൾ അവൾക്ക് ചിരി പൊട്ടി. അവൾ കുലുങ്ങി ചിരിച്ചപ്പോൾ
അയാൾ സ്ഖലിച്ചു.
വസ്ത്രമെടുത്തിട്ട് ഈന്തപ്പഴം ചവച്ചുകൊണ്ട് അയാൾ അവൾ
ക്കരികെ സോഫയിൽ ഇരുന്നു. അവൾ മറ്റെന്തോ പറയാൻ ഒരുങ്ങിയപ്പോൾ
കൗതുകം തീർന്ന കാണി മാജിക് ഷോയിൽ അരസി
കൻ ആകുന്നത് പോലെ അയാൾ പുള്ളിപ്പുലിയുടെ ധൃതിയിൽ
വെയിലിലിറങ്ങി നടന്നു.