നീ
അല്ലെങ്കിൽ ഞാൻ
വെടിയേറ്റാണ് മരിക്കുകയെങ്കിൽ
ആ ചോരയിൽ നിന്ന്
ഏതു പൂവുള്ള ചെടിയാവും മുളയ്ക്കുക
ചുകന്നതോ കരുവാളിച്ചതോ
തൂങ്ങിയാണ് മരിക്കുകയെങ്കിൽ
അച്ചുടലയിൽ നിന്ന്
തൂങ്ങി മരണത്തിന്റെ സ്മൃതികൾ ഒളിപ്പിച്ച
പ്ലാവുകൾ കിളിർക്കുമോ?
നാമൊരിക്കലിരുന്നു മറക്കണമെന്നു കരുതിയ,
നിന്നെ കാണാൻ വരുമ്പോൾ ഉദയവും നിന്നെ പിരിഞ്ഞു വരുമ്പോൾ
അസ്തമയവും കാട്ടിയ
കുന്നിന്റെ കീഴ്ക്കാന്തൂക്കിൽ നിന്നു ചാടിയാണ് മരിക്കുകയെങ്കിൽ
പ്രണയത്തിന്റെ ഓർമകൾക്കായി
ഇന്നില്ലാതെ പോയൊരക്കുന്ന്
വീണ്ടുമുയിർത്തെണീൽക്കുമോ?
സ്വാതന്ത്ര്യത്തിൽപ്പെടാതെ പോയ രാത്രി
അജ്ഞാതരാൽ കുത്തേറ്റു മരിച്ചാൽ
ഏതോ ചിഹ്നഭാഷയിൽ
തെളിവുകളുടെ വേദനപോലെ
പൂത്തു പൂത്തുറക്കം കെട്ടുപോകുന്ന
ഒരിനം ചെടി പരിണമിച്ചുണ്ടാകുമോ?
തീവണ്ടിയുടെ മുമ്പിൽ ചാടുന്നു
അല്ലെങ്കിൽ വാതിൽ വഴുതുന്നു
ഇനി, ഒരൊറ്റക്കയ്യൻ പോലും
തള്ളിയിട്ടുവെന്നിരിക്കട്ടെ
പൂക്കുല പോലെ ചീറ്റുന്ന ചോര വീണ്
അവിടത്തെ നുറുങ്ങിയ പാറകൾ
രത്‌നങ്ങളാവുമോ?
ഭക്ഷണം എന്നത്രയും വിശ്വസിച്ചത്
വിഷമാണെന്നു വരുന്ന
പട്ടാപ്പകലാണെങ്കിൽ
സൂര്യനിൽ നിന്നിറങ്ങി
ഒരമൃതവളളി തളിർക്കുമോ?
ദയാവധം പോലെ ഓമനത്തമാർന്ന കൊലപാതകമാണെങ്കിൽ
മറ്റൊരു കുഞ്ഞായി ഭ്രൂണപ്പെടുമോ?
ഏതിടത്തും സംഭവ്യമായ
ഒരു ചതിയിൽപ്പെട്ടായാൽ,
പക്ഷികൾ പാടിത്തിമിർക്കുന്ന
സ്‌നേഹംപോലെ ഫലം നിറഞ്ഞു
തിളങ്ങുന്ന ഒരിണമരം?
അതുമല്ലെങ്കിൽ
സത്യത്തിന്റെ ഒരു വചനസ്മാരകം?
മുങ്ങിയാവാം
മുക്കിയതുമാവാം
അത്തരമൊരന്ത്യത്തിന് ഏതു ജലസസ്യം
ശ്വാസംമുട്ടൽ പോലെ കുമിളയിടും?
തെരുവിൽ നമ്മുടെ മതേതരരക്തം
വാരിയണിഞ്ഞ്
ഭ്രാന്തെടുത്തലറുന്നതിനിടയ്ക്ക്
അവർ പൊടുന്നനെ ജനായത്തതയുടെ
നൃത്തം ചെയ്യുന്ന പൂമരങ്ങളാകുമോ.
നീ, ഞാൻ എന്ന സംവാദത്തിന്റെ
ബോറൻ പരിധി ഇതാ ഇവിടെ ഇപ്പോൾ
അന്ത്യശ്വാസം വലിക്കുകയും
കെട്ടിടത്തിനു മുകളിൽ നിന്നു ചാടുന്ന കുട്ടിയെ
ആശുപത്രിക്കു മുകളിൽ നിന്നു
ആഴം കൊതിച്ചു പോയ രോഗിയെ
ആണ് കാണുക എങ്കിൽ
അവർ ആത്മഹത്യയെ പ്രതികാരമാക്കി തീർക്കും നേരത്ത്
നെഞ്ചു പൊട്ടി വരുന്ന നിരാശ
വെറുതെ ചോരയിൽത്തന്നെ കിടക്കുമോ
എക്കാലത്തേക്കും?
പെട്ടെന്നൊരു
രാഷ്ട്രീയ കൊലപാതകത്തിനും
ഉണ്ടല്ലോ സാധ്യത
അപ്പോൾ എന്താവും
അല്ലെങ്കിൽ
അരാജക കവിയുടെ കുരുതിയാകട്ടെ
എന്തെങ്കിലും ഉണ്ടാകുമോ?
ചത്തഴുകിപ്പോകാം.
കാണാതായതു പോലെ മരണപ്പെടാം.
അങ്ങനെ എന്തെല്ലാം മരണങ്ങളിനിയും.
സമസ്തമാനപേർക്കും സ്വാഭാവിക മരണമെന്ന
ഇനിയും കുരുക്കാത്ത
സ്വപ്‌നങ്ങൾക്കു മേൽ
യുദ്ധാസക്തിയുടെ വെകിളികളിൽ നിന്നൊക്ക
എന്തുണ്ടാകാനാണെന്ന്
നിങ്ങൾ തന്നെ എഴുതി നോക്കൂ
നുണകളായെങ്കിലും.
എന്താണ് പെട്ടെന്ന് വാസ്തവമാവുക
എന്നാവില്ല പറയുവാൻ.