ലോകത്തിൽ ചലച്ചിത്രസംവിധാന രംഗത്തെ ആദ്യത്തെ വനിതയാണ് ആലീസ് ഗയ്-ബ്ലാച്ചെ അഥവാ ആലീസ് ഇഡാ അന്റോയ്നെറ്റ് ഗയ്-ബ്ലാച്ചെ (Alice Ida Antoinette Guy-Blache) എന്ന ഫ്രഞ്ചുകാരി(1873-1968). അതുപോലെ ഇന്ത്യൻ സിനിമയിൽ അതേ സ്ഥാനത്ത് പ്രതിഷ്ഠിക്കാവുന്ന മറ്റൊരു വനിതയാണ് 1892-1983 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഫാത്‌മ ബേഗം.
ഇന്ത്യയിലെ ആദ്യത്തെ സംസാരചിത്രമായ ആലം ആര (1931)യുടെ നിർമ്മാതാവും സംവിധായകനുമായ അർദേശീർ ഇറാനിയുടെ വീർ അഭിമന്യു (1922) എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ച ഫാത്‌മ ബേഗം 1926 ലെ ബുൾബുൾ-ഇ-പരിസ്ഥൻ എന്ന നിശബ്ദ ചിത്രത്തിലൂടെയുമാണ് ഇന്ത്യൻ സിനിമയിലെ ആദ്യത്തെ സംവിധായികയായത്. പിന്നീട് വൈകിയാണെങ്കിലും മറ്റു പല വനിതകളും ആ രംഗത്തേക്ക് കടന്നുവന്നു. ടി.പി. രാജലക്ഷ്മി, പ്രേമ കാരന്ത്, വിജയനിർമ്മല. ഫണി മജുൻഡാർ, സായ് പരഞ്ച്പേ, വിജയ മേത്ത, മീര നായർ, ദീപ മേത്ത, അരുണ രാജെ, അപർണസെൻ, കല്പന ലാജ്മി, രേവതി, നന്ദിത ദാസ്. തനൂജ ചന്ദ്ര, മേഘ്ന ഗുൽസാർ,ലീന യാദവ് , സോയ അഖ്തർ, ഫർഹാ ഖാൻ എന്നിങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക.
എന്നാൽ 1960 ൽ പൂനെയിൽ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ.; FTII) സ്ഥാപിതമായശേഷം അവിടെനിന്ന് സിനിമാസംവിധാനം പഠിച്ച് ഹിന്ദി സിനിമാരംഗത്ത് ചുവടുറപ്പിച്ച ആദ്യ വനിത എന്ന നിലയിൽ ശ്രദ്ധേയയാണ് മലയാളി കൂടിയായ പാർവതി മേനോൻ.
1920 കളിൽ മലബാർ ഡെപ്യൂട്ടി കളക്ടറും എഴുത്തുകാരനുമായിരുന്ന ദിവാൻ ബഹാദൂർ ചേറ്റൂർ ഗോപാലൻ നായരുട മകൻ (കൈസർ-എ-ഹിന്ദ്) മണ്ണിൽ പദ്‌മനാഭൻ നായരുടെയും ശേഖരത്ത് ദേവകിയമ്മയുടെയും ഇളയ മകളാണ് പാർവതി മേനോൻ. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ കീഴിൽ മുംബൈയിലുള്ള ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.എഫ്.എസ്.ഐ. CFSI) സി.ഇ.ഒ.യും ചീഫ് പ്രൊഡ്യുസറും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഡയറക്ടറുമൊക്കെയായി പ്രവർത്തിച്ച പാർവതി മേനോൻ 1972 ലെ ‘ഭാരത് ദർശൻ’ എന്ന ഡോക്യൂമെന്ററിയും 1980 ലെ ‘നാനിമാ’, 85 ലെ ‘കുക് ഡൂ കൂ’, 90 ൽ മമ്മൂട്ടിയും ശങ്കരാടിയെയും ആദ്യമായി ഹിന്ദി സിനിമയിൽ അഭിനയിച്ച ‘ത്രിയാത്രി’ എന്നിങ്ങനെ പല ഫീച്ചർ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചശേഷം സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകയായി തുടരുന്ന പാർവതി മേനോന്റെ ആദ്യകൃതിയാണ് ചെന്നൈ നോഷൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘ദേവ്‌ലാലി ഡെയ്‌സ്’ എന്ന ഇംഗ്ലീഷ് നോവൽ. സ്വാതന്ത്ര്യാനന്തര കാലത്തെ സാമൂഹിക പശ്ചാത്തലത്തിൽ തന്റെ ബാല്യകാല വീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും ഓർമ്മകൾകൊണ്ട് മെനഞ്ഞെടുത്ത, യഥാർത്ഥ ജീവിതത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദേവ്ലാലി ഡെയ്‌സ് എന്ന മനോഹരമായ നോവൽ പാർവതീ മേനോൻ എന്ന എഴുത്തുകാരിക്ക് ഏറെ പ്രശംകൾ നേടിക്കൊടുത്തിരുന്നു. ദേവ്ലാലി ഡെയ്‌സിനുശേഷം ഇപ്പോൾ പാർവതി മേനോൻ രചിച്ച മറ്റൊരു ഇംഗ്ലീഷ് പുസ്തകമാണ് ഇന്ത്യ ബുക്ക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച ‘ഫാമിലി ടൈംസ്-ടൂ ബ്രദേഴ്‌സ്’ എന്ന ജീവചരിത്രാഖ്യാനം. പേര് സൂചിപ്പിക്കും പോലെ രണ്ടു സഹോദരന്മാരുടെ ജീവചരിത്രവുമായി ബന്ധപ്പെട്ടതാണ് ഈ പുസ്തകം.
ഒരു നൂറ്റാണ്ടു മുമ്പുള്ള കാലഘട്ടത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ദൗത്യമാണ് അവർ ഈ പുസ്തകത്തിലൂടെ ഏറ്റെടുത്തിരിക്കുന്നത്. അതായത്, അക്കാലത്ത് മലബാർ ഡെപ്യൂട്ടി കളക്ടറും സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായിരുന്ന തന്റെ മുത്തച്ഛൻ ചേറ്റൂർ ഗോപാലൻ നായരുടെയും (ദിവാൻ റാവുബഹാദൂർ) അദ്ദേഹത്തിന്റെ മൂത്ത സഹോദരനും അക്കാലത്തെ വൈസ്രോയിയുടെ കൗൺസിൽ അംഗവുമായിരുന്ന സർ സി. ശങ്കരൻ നായരുടെയും ജീവചരിത്രത്തെ ആധാരമാക്കി അവതരിപ്പിക്കപ്പെടുന്ന ചില ജീവനുള്ള കഥകൾ. കൊളോണിയൽ ഭരണത്തിന്റെ ചങ്ങലകളിൽനിന്ന് രാജ്യത്തെ സ്വാതന്ത്രമാക്കുന്നതിനായി നിർഭയരും പണ്ഡിതരുമായ ആ മലയാളി സഹോദരങ്ങൾ നടത്തിയ പോരാട്ടചരിത്രത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന തിളക്കമാർന്ന ആ കഥകളെ ആധികാരികമായ വാഗ്മയ ചിത്രങ്ങളാക്കിത്തീർക്കുന്നതിൽ പാർവതി മേനോൻ സിനിമയിലെന്നോണം ഇവിടെയും തന്റെ പ്രാഗൽഭ്യം തെളിയിക്കുന്നു.
കേന്ദ്ര കഥാപാത്രങ്ങളുടെ പ്രാതിനിധ്യം വികാസം പ്രാപിക്കുന്നതോടൊപ്പം ആദ്യാവസാനം അനിവാര്യമായും സാന്ദർഭികമായും ഇടയ്ക്കിടെ വന്നണയുന്ന ഇതര കഥാപാത്രങ്ങളും ജീവചരിത്രാഖ്യാനത്തിലെ ഊടും പാവുമായി വർത്തിച്ച് വായനക്കാരന്റെ ഓർമ്മയിൽ സ്ഥിരപ്രതിഷ്ഠ നേടുമ്പോൾ കൊളോണിയൽ ഭരണകാലതോടൊപ്പം ജാലിയൻ വാലാബാഗിന്റെയും മാപ്പിള ലഹളയുടെയും പ്രക്ഷുബ്ധമായ പരിവർത്തന കാലഘട്ടത്തിലൂടെ എഴുത്തുകാരിയോടൊപ്പം നടത്തേണ്ടി വരുന്ന ഒരു സഞ്ചാരം അല്ലെങ്കിൽ യാത്ര കൂടിയാണ് ഈ പുസ്തകത്തിന്റെ വായന എന്നും പറയാം. അതുവഴി ചരിത്രത്തിലെ നമ്മുടെ പൂർവികരുമായി സംവദികാക്കാൻ അവസരം ലഭിക്കുമ്പോൾ എത്രയെത്ര ശ്രമകരങ്ങളായ സമയ ഘട്ടങ്ങളിലൂടെയാണ് അവർ കടന്നുപോന്നിട്ടുള്ളത് എന്ന ചിന്തക്കൊപ്പം ആ ചരിത്രകാല യാഥാർഥ്യങ്ങൾക്കിപ്പുറം എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്ന ഒരു സ്വയം വിലയിരുത്തലിന് നാം പ്രേരിതരായിത്തീരുകയും ചെയ്യുന്നു.
ചിന്തോദ്ദീപകവും അതേസമയം രസകരവുമായ പല അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ മൊത്തത്തിലുള്ള സംഭാവന. ബ്രിട്ടീഷുകാർക്കുവേണ്ടി ജോലി ചെയ്യുന്ന ഗോപാലൻ നായരുടെയും അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ സർ ചേറ്റൂർ ശങ്കരൻ നായരുടെയും തറവാട്ടു വിശേഷങ്ങളിലൂടെ ചുരുൾ നിവരുന്ന ഈ പുസ്തകത്തിലെ കഥകൾ ചരിത്രം മറന്നവർക്കു വേണ്ടിയുള്ള ഒരു ഓർമ്മപുസ്തകം കൂടിയാണെന്ന് പറയുന്നതിൽ തെറ്റില്ല.
പത്ത് അധ്യായങ്ങളുള്ള ‘ഫാമിലി ടൈംസ്-ടൂ ബ്രദേഴ്‌സ്’ എന്ന പുസ്തകത്തിൽ റാവു ബഹാദൂർ ചേറ്റൂർ ഗോപാലൻ നായരുടെ മകൻ ‘അപ്പ’ എന്ന പദ്മനാഭനെ തന്റെ അമ്മവീട്ടിൽനിന്നും പിതാവിന്റെ തറവാട്ടിലേക്ക് കുതിരവണ്ടിക്കാരൻ ചാത്തുണ്ണി കൂട്ടിക്കൊണ്ടുവരുന്നതോടെയാണ് പുസ്തകത്തിന്റെ ആദ്യ അധ്യായം തുടങ്ങുന്നത്.
1906 ൽ, അതായത് 116 വര്ഷം മുമ്പ് കോഴിക്കോടിനെ ചുറ്റിപ്പറ്റിയുള്ള സ്ഥലകാലങ്ങളെയും വ്യക്തികളെയും പരിചയപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട് ഈ അധ്യായത്തിൽ. രണ്ടാം അധ്യായത്തിലെ കൂടുതൽ ആത്മനിഷ്ഠമായ കുടുംബ സംഭാഷണങ്ങളിൽ ചേറ്റൂർ ഗോപാലൻ നായർ കൗമാരത്തിലേക്ക് പ്രവേശിക്കുന്ന അപ്പയോട് അവന്റെ അമ്മയുടെ (ഗോപാലൻ നായരുടെ പരേതയായ ആദ്യ ഭാര്യ) ഹ്രസ്വകാല ജീവിതത്തെയും കേരളത്തിലെ നായർ സമുദായത്തിലെ തായ്‌വഴി സമ്പ്രദായത്തെക്കുറിച്ചും മറ്റും പറഞ്ഞുകൊടുക്കുന്നു. മൂന്നാം അധ്യായത്തിൽ അപ്പയുടെ നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയായി അവന്റെ ബാല്യത്തെക്കുറിച്ചും താൻ സേവനത്തിൽ ചേർന്നതിനെക്കുറിച്ചും കൊളോണിയൽ ഭരണത്തെക്കുറിച്ചുമുള്ള വിവരങ്ങളിലൂടെ ചേറ്റൂർ ഗോപാലൻ നായർ അവനെ കുറേക്കൂടി ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. നാലാം അദ്ധ്യായത്തിൽ മലയാളികളുടെ മനസ്സിൽ ടിപ്പുസുൽത്താന്റെ ഭീകര സാന്നിധ്യം ഉണർത്തുന്ന ഒരു കത്തിലൂടെ ചരിത്രത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചുമുള്ള ചില വിവരങ്ങൾ ആ പിതാവ് തന്റെ മകന് പകർന്നു നൽകുന്നതായി കാണാം. ഒരിക്കലും ചരിത്രം പഠിക്കാത്തവർക്ക് ഇതൊരു പ്രയോജനകരമായ വിവരണമാണ്. ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുണ്ടായിരുന്ന കാർഷിക കേരളത്തിലെ അക്കാലത്തെ യാഥാർത്ഥ്യങ്ങളെ നർമ്മം കലർത്തി ചിത്രീകരിക്കുന്നതാണ് അദ്ധ്യായം അഞ്ച്. 1910 ൽ വയനാട് ഡെയ്‌സ് എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിലൂടെ ആദ്യകാല ഇംഗ്ലീഷ് എഴുത്തുകാരിലൊരാളായ ചേറ്റൂർ ഗോപാലൻ നായർ എന്ന മലയാളിയെ അധ്യായം ആറിൽ പരിചയപ്പെടുത്തുന്നു. ഏഴാം അദ്ധ്യായത്തിൽ അന്നത്തെ സാമൂഹിക സ്വഭാവശീലങ്ങളുടെ ഉപപാഠങ്ങൾ നർമ്മം ചാലിച്ച് അവതരിപ്പിക്കുന്നതോടൊപ്പം സർ സി. ശങ്കരൻ നായരെക്കുറിച്ചുള്ള ചില ആദ്യകാല ചിത്രീകരണങ്ങളും നൽകുന്നു. ഒരു കൗമാരക്കാരനിൽ നിന്ന് കോളേജ് വിദ്യാർത്ഥിയായും പിന്നീട് ഉദ്യോഗസ്ഥനുമായുള്ള അപ്പയുടെ ജീവിതയാത്രയും അയാളുടെ സംഭാഷണങ്ങളുമാണ് അധ്യായം എട്ടിൽ. അധ്യായം ഒമ്പതിൽ ഔദ്യോഗികമായ നീണ്ട വിദേശയാത്രക്കുശേഷം ലോകപരിചയം നേടി ഗൃഹാതുരതയോടെ തിരിച്ചെത്തുന്ന അപ്പ തന്റെ പ്രായമായ പിതാവിന് പുതിയൊരു ജീവിതം സമ്മാനിക്കുമ്പോൾ വീണ്ടുമൊരു നീണ്ട യാത്രയുടെ ആവിഷ്കാരമായിത്തീരുന്ന പത്താം അദ്ധ്യായത്തോടെ ഫാമിലി ടൈംസ്-ടൂ ബ്രദേഴ്‌സ്’ എന്ന ജീവചരിത്രാഖ്യാനത്തിന് വിരാമമിടുന്നു.
സർഗ്ഗാത്മകമായ എഴുത്തിൽ പാർവതി മേനോന്റെ കന്നി സംരംഭമായ ദേവലാലി ഡെയ്‌സ് എന്ന നോവലിലെന്നോണം ലളിതവും ഹൃദ്യവുമായ ഇംഗ്ലീഷ് ഭാഷയിൽ വിവരണാത്മകവും അതേസമയം വായനയെ നേരിട്ടുള്ള അനുഭവമാക്കിത്തീർക്കുന്നതുമായ ഒരു ശൈലിയാണ് എഴുത്തുകാരി ഈ പുസ്തകരചനക്കായി സ്വീകരിച്ചിരിക്കുന്നത്. മലയാള ലിപികളിലല്ലാതെത്തന്നെ മലയാള ഉച്ഛാരണങ്ങളെ ഇടക്കൊക്കെ ഇംഗ്ളീഷ് ലിപികളിലാക്കികൊണ്ടുള്ള (ഉദാ. Achan, Puttu Kadala, Chavuttuvandi എന്നിങ്ങനെ) രസകരമായ വിവരണങ്ങൾ വായനയെ അനായാസമാക്കുന്നു.
ബ്രിട്ടീഷുകാർക്കുവേണ്ടി ജോലി ചെയ്യുന്ന ഗോപാലൻ നായരുടെയും അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ സർ ചേറ്റൂർ ശങ്കരൻ നായരുടെയും തറവാട്ടു വിശേഷങ്ങളിലൂടെ ചുരുൾ നിവരുന്ന ഈ പുസ്തകത്തിലെ കഥകൾ ചരിത്രം മറന്നവർക്കു വേണ്ടിയുള്ള ഒരു ഓർമ്മപുസ്തകം കൂടിയാണെന്ന് പറയുന്നതിൽ തെറ്റില്ല. അതുപോലെ ചരിത്രം പഠിക്കാൻ ശ്രമിക്കുന്നവർക്ക് പ്രയോജനകരവും.
മാത്രമല്ല , സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കപ്പെടുന്ന ഈ വർഷം തന്നെ യാദൃശ്ചികമായെങ്കിലും സ്വാതന്ത്ര്യത്തിനു മുമ്പുള്ള ആ പ്രക്ഷുബ്ധ കാലഘട്ടത്തിൽ ഔദ്യോഗികവും അതുപോലെതന്നെ വൈയക്തികവുമായ പ്രതിബദ്ധത കാത്തുസൂക്ഷിച്ച ആ ഉന്നത വ്യക്തിത്വങ്ങൾ സ്മരിക്കപ്പെടാനും ഈ പുസ്തകം നിമിത്തമായിത്തീരുന്നു.