ഇന്ന് ഒരു കാവ്യപ്രസ്ഥാനത്തിന്റെ പേരു കൂടിയായിരിക്കുന്നു ‘ചങ്ങമ്പുഴ’. ”മരത്തിൽ മലരുകൾ പോലെയും ഒഴുക്കിൽ മലരികൾ പോലെയും നൈസർഗികമായി കവിത വിരിയുന്ന മനസ്സിന്നുടമയായിരുന്നു ചങ്ങമ്പുഴ” എന്നാണ് ലീലാവതി കവിയെ
വിശേഷിപ്പിച്ചത്. കാല്പനികത എന്നു കേൾവി കേട്ട കാവ്യരചനാരീതിശാസ്ത്രം മലയാളകാവ്യബോധത്തിൽ ഇത്രകണ്ട് തീക്ഷ്ണമായി തറച്ചുപോയത് ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന കവിയിലൂടെയാണ്. കവിയും കാവ്യബിംബവും കാവ്യപ്രസ്ഥാനവും ഒരാൾ തന്നെയെന്ന് തോന്നിപ്പിക്കുംവിധം നൈസർഗികമായ പ്രതിഭയുടെ വിളയാട്ടമായിരുന്നു ചങ്ങമ്പുഴ.
തല്ലും തലോടലും ഏറെക്കേട്ടാണ് അത് വളർന്നതും ഇന്നും അതിനു പകരം വയ്ക്കാൻ മറ്റൊന്നില്ലാതെ നിലനിൽക്കുന്നതും. ചങ്ങമ്പുഴ കവിതയെഴുതുന്ന 1930കൾ കേരളീയമനസ്സ് ഏറെ ചുവന്നു പോയ ഒരു കാലഘട്ടമാണ്. ഒട്ടേറെ സമരങ്ങൾ പല വിതാനങ്ങളിൽ അരങ്ങേറുകയും വിപ്ലവവും കലാപവും നിറഞ്ഞ ഒരു രാഷ്ട്രീയ സംഘർഷവേദിയായി കേരളം രൂപാന്തരപ്പെടുകയും ചെയ്ത ഘട്ടത്തിലാണ് സമാന്തരമായി വൈയക്തികാനുഭവങ്ങളുടെ തീക്ഷ്ണസ്വരങ്ങൾ ചങ്ങമ്പുഴയിലൂടെ
കവിതയിൽ പ്രത്യക്ഷപ്പെടുന്നത്. സവിശേഷസ്വരസാന്നിധ്യമായി മലയാളകവിത രൂപമാറ്റത്തിനു വിധേയമാകുന്നതും
കേരളീയസമൂഹം നവോത്ഥാന-പുരോഗമന പക്ഷത്തേക്കു കടക്കുന്നതും 19-ാം ശതകത്തിന്റെ ഒടുവിലാണ്. നവോത്ഥാന
ആധുനികത അവതരിപ്പിച്ച പുരോഗമനചിന്തയുടെ കീഴിലാണ് എല്ലാ സാംസ്കാരികവ്യവഹാരങ്ങളും അടയാളപ്പെട്ടതും.
മലയാളത്തിൽ കവികൾ അന്ന് നിരവധിയായിരുന്നു. മുമ്പേ വന്നവരും കൂടെ നടന്നവരും ചങ്ങമ്പുഴ എന്ന കവിയെ,
കാവ്യപ്രസ്ഥാനത്തെ കണ്ടില്ലെന്നു നടിച്ചു. പക്ഷേ, കലാപകലുഷമായ രാഷ്ട്രീയസമരങ്ങളുടെ കാലത്ത്, വികാരങ്ങളിൽ
മിന്നൽപ്പിണരുകൾ പായിച്ചും അസാധാരണമായ ഭാവമേഖലയിലൂടെ നയിച്ചും ചങ്ങമ്പുഴ ആൾക്കൂട്ടമനസ്സുകളെ പ്രകമ്പനം
കൊള്ളിച്ചു. വർണരാജികൾ വിതറിയ കവിതയായിരുന്നു ഓരോന്നും. ഒരു കാമുകമനസ്സോടെ സർവതിനേയും അതിരറ്റു
പ്രണയിച്ചു. പൊന്തിനിന്ന വികാരനിമിഷങ്ങൾ പേരിട്ട് നിർവചിക്കാനാവാത്തവിധം വിവിധ ഭാവസങ്കുലങ്ങളായിരുന്നു.
യൗവനതീക്ഷ്ണമായിരുന്നു ഓരോ കവിതയും. താരുണ്യത്തിന്റെ കവിതയെന്ന് അവ വിളിക്കപ്പെട്ടു. മിസ്റ്റിക്ഭാവനയുടെ
അതിരുകളെ ഉല്ലംഘിച്ചു. മലയാളപദങ്ങൾക്ക് തീവ്രമായി പ്രണയിക്കാനും വിഷാദിക്കാനും വിപ്ലവം മുഴക്കാനും
കലഹിക്കാനുമൊക്കെ കഴിയുമെന്ന് അറിയിച്ചത് ചങ്ങമ്പുഴയുടെ പദാവലിയായിരുന്നു. മൂർത്തവും അമൂർത്തവുമായ ഭാവങ്ങൾ
കുത്തിനിറച്ച് വായനക്കാരുടെ മുന്നിലെത്തി ഓരോ പദവും. മലയാളകാവ്യലോകത്തിലെ റൊമാന്റിക് കാവ്യഭാവനയുടെ
ഉച്ഛൃംഖലമായ പ്രയാണമായിരുന്നു ഓരോ കവിതയും.
സർവതിനേയും പ്രണയിച്ചുകൊണ്ടാണ് തന്റെ ഭാവഗാനങ്ങളിൽ അമൃതും അഗ്നിയും നിറച്ചത്. പ്രണയാനുഭൂതിയുടെ
അടങ്ങാത്ത ആനന്ദവും ഒടുങ്ങാത്ത വേദനയും ഓരോ വരിയിലും നിറഞ്ഞു തൂവിനിന്നു. ദ്രാവിഡജനതയുടെ അകംപാട്ടുകളിലെ
വികാരോന്മീലനശോഭയാർന്ന പ്രേമഗീതങ്ങളുടെ തുടർച്ചയായി ചങ്ങമ്പുഴക്കവിതകൾ മലയാളകവിതയിൽ മഴവില്ലുകൾ
വിരിയിച്ചു. ബാഷ്പാഞ്ജലി, ആരാധകൻ, ഹേമന്തചന്ദ്രിക, മോഹിനി, തിലോത്തമ, രമണൻ, നിർവൃതി, സുധാംഗദ തുടങ്ങിയ
കൃതികൾ 27 വയസ്സിനകം തന്നെ കവിയെ കേരളത്തിലെങ്ങും പ്രസിദ്ധനാക്കിയിരുന്നു.
അലൗകികവും അസാധാരണവുമായ കാവ്യപ്രതിഭയുടെ ഉടമയായ ചങ്ങമ്പുഴയിൽ ഒരു വിവർത്തകന്റെ ശക്തമായ
സാന്നിധ്യവും ഉണ്ടായിരുന്നത് ശ്രദ്ധേയമാണ്.
ആകെ 62* കൃതികളുള്ളതിൽ പത്തിലേറെ വിവർത്തനകൃതികളുണ്ട്. സർഗഭാവനയുടെ പൂക്കാലം കൊണ്ടാടിയ രചനകൾക്കൊപ്പം ഉന്നതമായ വിവർത്തനകാവ്യസപര്യയും ഒപ്പം കൂടിയിരുന്നു എന്ന
വസ്തുത ഏറെയൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. ഒൻപതാം വയസ്സിൽ കവിതയെഴുത്താരംഭിച്ച് ഇരുപത് വയസ്സാകുമ്പോഴേക്ക്
വിശ്വസാഹിത്യവുമായി അഗാധപരിചയം നേടി തന്റെ കാവ്യബോധത്തെ വികസ്വരമാക്കിക്കൊണ്ടാണ് ചങ്ങമ്പുഴ സ്വന്തം
രചനാപദ്ധതി സ്വരൂപിക്കുന്നത്. ഒരു കവിയുടെ പദബോധത്തെയും ഭാവനയെയും വികസിപ്പിക്കാൻ വിവർത്തനം ഏറെ
പ്രചോദനം നൽകുന്നുവെന്നത് മലയാളസാഹിത്യത്തിന്റെ നൂറ്റാണ്ടുകളുടെ ചരിത്രംതന്നെ തെളിവാണ്. അതായത് ചങ്ങമ്പുഴ
സ്വയം രേഖപ്പെടുത്തുന്നതുപോലെ, ഇംഗ്ലീഷിലുള്ള 500ഓളം ഉത്തമഗ്രന്ഥങ്ങൾ ഇരുപത് വയസ്സിനു മുൻപ് താൻ കരണ്ടുതീർത്തു
എന്നാണെങ്കിൽ, ആ വായന തന്നെയാണ് കവിയുടെ പ്രചോദനം. വിവർത്തനത്തോടുള്ള കവിയുടെ കൗതുകം അക്കാലം
മുതൽക്കേ തുടങ്ങുകയും ആദ്യസമാഹാരമാകേണ്ടിയിരുന്ന ലീലാങ്കണത്തിൽ ഇംഗ്ലീഷ് റൊമാന്റിക് കാവ്യഭാവനയുടെ തിരയിളക്കം
പ്രകടമാവുകയും ചെയ്തിരുന്നു.
എന്നാൽ മലയാളകവിതയുടെ ആയിരം വർഷത്തെ ചരിത്രവുമായാണ് ഈ വസ്തുതയെ ബന്ധിപ്പിക്കേണ്ടത്.
സംസ്കൃതനാടകങ്ങളും ഇതിഹാസങ്ങളും കാവ്യങ്ങളും മറ്റു ഗ്രന്ഥങ്ങളും പല ജനുസ്സുകളിൽ സ്വതന്ത്രമായി വിവർത്തനം
ചെയ്താണ് മലയാളത്തിന്റെ കാവ്യസ്വത്വം രൂപപ്പെടുന്നത്. രാമചരിതം മുതൽക്ക് മലയാളകവിതയിലെ വിവർത്തനചരിത്രം
തുടങ്ങുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ മലയാളകവിതയുടെ പ്രാചീന-മധ്യകാലചരിത്രം വിവർത്തനകവിതയുടെ
ചരിത്രമാണ്. പ്രസ്ഥാനപരമായിരുന്നു ഭിന്നതകളത്രയും. 19-ാം ശതകമാകുമ്പോഴേക്കും അത് യൂറോപിയൻ
സാഹിത്യലോകത്തിലേക്കു ചുവടുമാറ്റുകയും പാശ്ചാത്യപ്രസ്ഥാനങ്ങളെ കടം കൊണ്ട് മലയാളസാഹചര്യങ്ങളിലേക്ക് മാറ്റി
പ്രതിഷ്ഠിക്കുകയും ചെയ്തു. യൂറോപ്യൻആധുനികത കടംകൊണ്ടും നവോത്ഥാനമനുഷ്യനെ മലയാളിസ്വത്വത്തിൽ സങ്കല്പിച്ചും
പദ്യ-ഗദ്യരചനകളിൽ പാശ്ചാത്യസാഹിത്യപ്രസ്ഥാനങ്ങളെ സ്വന്തമാക്കിയുമാണ് മലയാളസാഹിത്യം വിവർത്തനത്തിന്റെ രണ്ടാം
ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.
കൊളോണിയൽകാലം വിവർത്തനത്തിന്റെ ആധുനിക ഘട്ടമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഭാഷ പഠിച്ച് ആ
മാധ്യമത്തിലൂടെ ലോകസാഹിത്യകൃതികളുടെ വിവർത്തനങ്ങൾ 19-20 നൂറ്റാണ്ടുകളിൽ ധാരാളമായി നടന്നു.
ഇന്ത്യൻക്ലാസിക്കുകൾ ഇംഗ്ലീഷ് ഭാഷയിലേക്കു തർജമ ചെയ്തുകൊണ്ട് വിവർത്തനത്തിന്റെ ചില മാതൃകകൾ ആദ്യകാല
ഇന്ത്യാവിജ്ഞാനികൾ അവതരിപ്പിക്കുന്നുണ്ട്. തുടർന്ന് പ്രാചീന ഇന്ത്യൻസാഹിത്യം ഇംഗ്ലീഷിൽനിന്നാണ് ഇന്ത്യൻഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. അതേസമയം ഇംഗ്ലീഷ് കവികളെ മലയാളത്തിലേക്ക് മൊഴിമാറ്റുന്നതിനേക്കാൾ അവയുടെ പദശയ്യ
കടമെടുത്ത് മലയാളത്തിൽ കവിതകളെഴുതുവാനായിരുന്നു ആദ്യകാലകവികൾക്കു താൽപര്യമുണ്ടായിരുന്നത്. 19-ാം
ശതകത്തിന്റെ അവസാനദശകങ്ങളിൽ മലയാള കവിതയിൽ ഇംഗ്ലീഷ് കാല്പനികതയുടെ സ്വാധീനമുണ്ടാകുന്നുണ്ട്.
കാളിദാസൻ, ടാഗൂർ എന്നീ ഇന്ത്യൻ കവികൾ മലയാളകവികളെ സ്വാധീനിക്കുന്നുമുണ്ട്. 1930-കളോടെ മലയാളസാഹിത്യം
ചുവപ്പൻ ആശയാവലികളിലൂടെ മുദ്രാവാക്യം വിളിക്കുമ്പോഴാണ് ഇടപ്പള്ളി, ചങ്ങമ്പുഴ, ജി. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി എന്നീ കവികൾ അവതരിക്കുന്നത്.
ചങ്ങമ്പുഴ കവിതയെഴുതുന്ന കാലത്ത് വിദ്യാഭ്യാസരംഗത്തുണ്ടായ ആംഗലേയവൽകരണം സംസ്കൃത-മലയാളങ്ങൾക്കൊപ്പം
ഇംഗ്ലീഷിനേയും സ്വായത്തമാക്കാൻ പോന്ന വിധത്തിലായിരുന്നു. ഇടപ്പള്ളി ഇംഗ്ലീഷ് സ്കൂളിൽ വിദ്യാഭ്യാസം തുടങ്ങിയ
ചങ്ങമ്പുഴയുടെ പഠനസാഹചര്യങ്ങളിലുടനീളം പാശ്ചാത്യസാഹിത്യത്തിന്റെയും സാന്നിധ്യമുണ്ടെന്നു കാണാം. കാരണം
അക്കാലമായപ്പോഴേക്കും കേരളത്തിന്റെ സാഹിത്യ-സാംസ്കാരികാന്തരീക്ഷത്തിൽ ആംഗലേയഭാഷയും സാഹിത്യവും
സ്വാധീനത്തിന്റെ അരനൂറ്റാണ്ടു പിന്നിട്ട് കഴിഞ്ഞിരുന്നു. ചങ്ങമ്പുഴയുടെ കവിയെന്ന നിലയിലുള്ള വികാസഘട്ടങ്ങൾ
മലയാളസാഹിത്യത്തിന്റെയും സുപ്രധാന പരിണാമഘട്ടമാണ്.
അക്കാലത്ത് മലയാളകവിതയിൽ ലോകസാഹിത്യവുമായി ഗാഢസമ്പർക്കമുണ്ടായിരുന്ന ഒരേയൊരു കവി
ചങ്ങമ്പുഴയായിരുന്നു. ഇംഗ്ലീഷ്ഭാഷയെയും കവിതയെയും തന്റെ സർഗാത്മകഭാവനയുടെ പ്രചോദനവും തുടർച്ചയുമായാണ്
ചങ്ങമ്പുഴ സ്വീകരിച്ചത്. മലയാളം എം.എ. പഠിച്ച ചങ്ങമ്പുഴയ്ക്ക് ഇംഗ്ലീഷിനോടും അതേ താൽപര്യം ഉണ്ടായിരുന്നു.
സംസ്കൃതത്തിലും ദ്രാവിഡഭാഷയിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന സമകാലികനായിരുന്ന ഉള്ളൂർ ഇംഗ്ലീഷ് ഭാഷയിലും
അറിവു നേടിയിരുന്നു. എന്നാൽ ഉള്ളൂരിനെപ്പോലെ ഇംഗ്ലീഷിനെ ഒരു വൈജ്ഞാനിക ഭാഷയായല്ല ചങ്ങമ്പുഴ സ്വീകരിച്ചത്.
ചങ്ങമ്പുഴയിലെ ഇംഗ്ലീഷ്സ്വാധീനം കാവ്യാത്മകവും ഭാവനാപ്രചോദിതവുമായിരുന്നു. ഇംഗ്ലീഷും മലയാളവും ഒരേ തരം
കാവ്യാനുഭവമാണ് ചങ്ങമ്പുഴയ്ക്ക് സമ്മാനിച്ചത്. വൈദേശിക കവിതയുമായി ചങ്ങമ്പുഴ നേടുന്ന പരിചയത്തെക്കുറിച്ച്
അദ്ദേഹത്തിന്റെ തന്നെ കുറിപ്പുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
ഇടപ്പള്ളിയിലെ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ ആണ് ആദ്യത്തെ നാലു കൊല്ലം പഠിച്ചത്. പിന്നീട് ആറു കൊല്ലത്തോളം പഠിത്തം
മുടങ്ങി. അസുഖംബാധിച്ച് വീട്ടിൽ വിശ്രമിക്കുന്ന നാലു കൊല്ലത്തെക്കുറിച്ച് ചങ്ങമ്പുഴ ഒരു കത്തിൽ ഇങ്ങനെയെഴുതുന്നു.
”രോഗശയ്യയിൽ കിടന്നുകൊണ്ടുതന്നെ ഞാൻ നാലുവർഷം കൊണ്ട് ചുരുങ്ങിയത് 500-ൽ ചില്വാനം ഉത്തമഗ്രന്ഥങ്ങൾ –
ഇംഗ്ലീഷിലുള്ളത് – കരണ്ടുതീർത്തു. ഒരുവിനാഴികയെങ്കിലും ഞാൻ പാഴാക്കാറില്ല. പക്ഷേ ഇംഗ്ലീഷ് പുസ്തകങ്ങൾ മാത്രമാണ് ഞാൻ
വായിക്കുന്നത്. സംസ്കൃതം എനിക്കറിഞ്ഞു കൂടാ….. ആംഗ്ലേയമഹാകവികളിൽ – ഷേക്സ്പിയറെ ഒഴിച്ചുനിർത്തുന്നു – എനിക്കു
കൂടുതൽ ബഹുമാനം ഷെല്ലിയോടാണ്. നോവലുകളിൽ റഷ്യൻ നോവൽസ് എന്നെ കൂടുതൽ രസിപ്പിക്കുന്നു. മോപസാങ്ങിന്റെ
ചെറുകഥകൾ (ഫ്രഞ്ച്) എന്നെ എന്തെന്നില്ലാതെ ആകർഷിച്ചിട്ടുണ്ട്.” (എസ്. ഗുപ്തൻ നായർ : അസ്ഥിയുടെ പൂക്കൾ).
കലാനിർമാണത്തിന്റെ ഉള്ളുരയെക്കുറിച്ച് പറഞ്ഞിട്ടുള്ള അപൂർവം കവികളിലൊരാളാണ് ചങ്ങമ്പുഴ. ആംഗലേയ കവിതയുടെ
സ്വാധീനം തന്റെ കവിതയിലുണ്ടെന്ന ആരോപണത്തിന്റെ മറുപടിയായും ഇതിനെ കാണാം. ആംഗലേയ കവിതകളിലെ പല
ഭാഗങ്ങളുടെയും ജീവൻ അജ്ഞാതമായ സ്വാധീനശക്തിയുടെ അത്ഭുതപ്രവർത്തനംമൂലം ഹൃദയത്തിന്റെ നിഗൂഢതകളെപ്പോലും
ഗാഢമായി സ്പർശിച്ച് ഉപബോധമനസ്സിൽ സുഖവിശ്രമം കൊള്ളുമെന്നും വികാരോത്തേജകങ്ങളായ ചില നിമിഷങ്ങളിൽ,
പ്രകടനോത്സുകമായ കവിഹൃദയം തുളുമ്പിത്തുളുമ്പി വാഗ്രൂപത്തിൽ പുറത്തേക്ക് പ്രവഹിക്കുമെന്നും കവി പറയുന്നു. ”ഒരു
യഥാർത്ഥ കലാകാരന് കലാനിർമിതി ഒരു സ്വപ്നമാണെന്ന് ഞാൻ വിശ്വസിക്കുന്നു… അദൃശ്യമായ ഏതോ ഒരു ശക്തി അയാളിൽ
പ്രവർത്തിക്കുന്നുണ്ട്…അയാളുടെ സത്ത ആ ശക്തിയുടെ വെറുമൊരു കിങ്കരൻ മാത്രം! ആ അദൃശ്യശക്തിയുടെ ആജ്ഞയനുസരിക്കലാണ് അവന്റെ കലാസൃഷ്ടി.”
1930-കളിൽ മലയാളസാഹിത്യത്തിൽ വിശ്വസാഹിത്യവുമായി സമ്പർക്കമുണ്ടായിരുന്ന നിരൂപകൻ കേസരിയും കവി
ചങ്ങമ്പുഴയുമായിരുന്നു. സാഹിത്യത്തിന്റെ ഉത്കൃഷ്ഠ രചനാരീതിയായി ഗദ്യത്തെ സ്വീകരിച്ച കേസരി ലോകസാഹിത്യം നിരന്തരം
വിവർത്തനം ചെയ്തും പരിചയപ്പെടുത്തിയും ഗദ്യപരിപോഷണത്തിനു ശ്രമിച്ചു. വിശ്വസാഹിത്യം എന്ന സങ്കല്പമായിരുന്നു
കേസരിയെ പ്രചോദിപ്പിച്ചത്. കൃതികളും സിദ്ധാന്തങ്ങളും മലയാളത്തിലേക്കു വിവർത്തനം ചെയ്തും പുതിയ എഴുത്തുകാരെ
വിവർത്തനത്തിലേക്ക് നയിച്ചുമാണ് കേസരി തന്റെ ധർമ്മം നിർവഹിച്ചത്.
ചങ്ങമ്പുഴയുടെ കവിഭാവനയെ ആദ്യമായി കണ്ടറിഞ്ഞതും കേസരി ബാലകൃഷ്ണപിള്ളയാണ്. സ്പന്ദിക്കുന്ന അസ്ഥിമാടം,
കളിത്തോഴി എന്നിവയുടെ അവതാരിക, ചങ്ങമ്പുഴയുടെ തത്ത്വശാസ്ത്രം (ലേഖനം), ദിവ്യഗീതം, ദേവഗീത, മഞ്ഞക്കിളികൾ,
മൗനഗാനം, നീറുന്ന തീച്ചൂള എന്നിവയെക്കുറിച്ചുള്ള നിരൂപണങ്ങൾ എന്നിവയാണ് കേസരി ചങ്ങമ്പുഴക്കവിതയെക്കുറിച്ചു
നടത്തിയിട്ടുള്ള പഠനങ്ങൾ. സ്പന്ദിക്കുന്ന അസ്ഥിമാടത്തിന് എഴുതിയ ദീർഘമായ അവതാരികയിലാണ് (1945) കേസരി
ചങ്ങമ്പുഴയുടെ കവിത്വത്തെ പാശ്ചാത്യകാവ്യസംസ്കാരപരിസരത്തിൽ ആദ്യമായി വിലയിരുത്തുന്നത്. 1936-നും 44-നും
ഇടയ്ക്കുള്ള 8 വർഷങ്ങളിലായി രചിച്ച കവിതകളെ വിലയിരുത്തിക്കൊണ്ട് കവിതയിലെ സിംബലിസ്റ്റ് പ്രവണതകളെ
അന്വേഷിക്കുന്നു. ഫ്രഞ്ച് സിംബലിസ്റ്റ് കവിയായ ചാൾസ് മോറിസ് വെർലെയിനുമായി ചങ്ങമ്പുഴ പല നിലകളിലും സമാനത
പുലർത്തുന്നതായി കേസരി കണ്ടെത്തുന്നു. കവികളെ പുരുഷ/ സ്ത്രൈണ വ്യക്തിത്വങ്ങളായി വർഗീകരിച്ച്
സ്ത്രൈണവ്യക്തിത്വം ഏറി നിൽക്കുന്ന വെർലെയിനോട് ചങ്ങമ്പുഴയെ ഉപമിക്കുന്നു. കവിത അതിന്റെ ഉന്നതനിലയിൽ
സംഗീതമായി മാറുന്നു എന്നും കവിതയെ സംഗീതത്തിന്റെ തലത്തിലേക്കുയർത്തിയ കവിയായിരുന്നു വെർലെയിൻ എന്നും അതേ
സിദ്ധികൾ ചങ്ങമ്പുഴയിലും ദർശിക്കാമെന്നും കേസരി പറയുന്നു. ബോദ്ലെയർ, വെർലെയ്ൻ തുടങ്ങിയ ഫ്രഞ്ച് സിംബലിസ്റ്റു
കവികളുമായി ചങ്ങമ്പുഴ നേരത്തേതന്നെ ഗാഢപരിചയം നേടിയിരുന്നു.
എറണാകുളം മഹാരാജാസ് ഹൈസ്കൂളിൽ അഞ്ചാം ഫാറത്തിൽ (1933) പഠിക്കുമ്പോഴാണ് ഇടപ്പള്ളി സാഹിത്യസമാജത്തിന്റെ
വാർഷികയോഗത്തിൽ പ്രസംഗത്തിനു ക്ഷണിക്കാൻ ജി. ശങ്കരക്കുറുപ്പിന്റെ വീട്ടിൽ ചെല്ലുന്നത്. ജി.യിൽ നിന്ന് വായിക്കാനെടുത്ത An Anthology of World Poetry എന്ന പുസ്തകം ഒരു വർഷത്തിനുശേഷമാണ് താൻ മടക്കി നൽകിയത് എന്ന്
മയൂഖമാല (1940) യുടെ ‘പ്രസ്താവന’യിൽ പറയുന്നു. പുസ്തകത്തിലെ 150ൽ പരം പദ്യങ്ങൾ പലതും അനുകരണരൂപത്തിൽ
മലയാളത്തിലേക്ക് അന്നേ പകർത്തിയിരുന്നുവത്രേ.
തിരുവനന്തപുരം ആർട്സ് കോളേജിൽ ഓണേഴ്സ് ബിരുദത്തിനു പഠിക്കുന്ന കാലത്ത് വിശ്വസാഹിത്യവുമായി
ചങ്ങമ്പുഴയ്ക്കുണ്ടായിരുന്ന പരിചയത്തെ എസ്. ഗുപ്തൻനായർ ഇങ്ങനെ വിവരിക്കുന്നു. ”കോളേജ് ലൈബ്രറിയിൽ ഇമഭളധഭണഭളടഫ ാധളണറടളഴറണ (യൂറോപ്യൻ സാഹിത്യം) എന്ന ഷെൽഫിൽ ചങ്ങമ്പുഴയുടെ വയലറ്റു മഷികൊണ്ട് അങ്കിതമാകാത്ത ഒരു
പുസ്തകംപോലും കാണുകയില്ല. അദ്ദേഹം അവയെല്ലാം വായിക്കുക മാത്രമല്ല പലതും പരിഭാഷപ്പെടുത്തുകകൂടി ചെയ്തു”
(ചങ്ങമ്പുഴക്കവിതകൾ, പുറം 1958). ഇക്കാര്യത്തിൽ തന്റെ വഴികാട്ടിയായ കേസരിയെപ്പോലും ചങ്ങമ്പുഴ അധ:കരിച്ചു എന്നും കൂട്ടിച്ചേർക്കുന്നു.
എറണാകുളം മഹാരാജാസിൽ മലയാളം എം.എ. വിദ്യാർത്ഥിയായിരുന്ന ചങ്ങമ്പുഴ ഇംഗ്ലീഷ് ഭാഷയിലും ഉന്നതമായ
പ്രാവീണ്യം നേടിയിരുന്നു. കവിതാക്ലാസിൽ അശ്രദ്ധനായിരിക്കുന്ന വിദ്യാർത്ഥിയെ ഇംഗ്ലീഷ് അധ്യാപകനായ എൽ.വി. രാമസ്വാമി
അയ്യർ വിളിച്ചു സംസാരിച്ചപ്പോഴാണ് ഷെല്ലിയും ബ്രൗണിംഗും കീറ്റ്സുമൊക്കെ ഹൃദിസ്ഥമാണെന്നറിയുന്നത്. കൂടാതെ ഏറ്റവും
നല്ല ഇംഗ്ലീഷ് കോമ്പോസിഷനെഴുതിയ ചങ്ങമ്പുഴയെ പൊതുസദസ്സിൽ അഭിനന്ദിക്കുകയും ചെയ്തു. 1940-ൽ സർദാർ കെ.എം.
പണിക്കർക്കയച്ച കത്തിൽ ഇങ്ങനെ കാണാം. ”ആൻ ആന്തോളജി ഒഫ് വേൾഡ് പോയട്രി എന്ന പ്രസിദ്ധീകരണത്തിന്റെ
മാതൃകയിൽ ഒരു ഗ്രന്ഥം താമസിയാതെ പ്രസിദ്ധപ്പെടുത്തണമെന്നു വിചാരിക്കുന്നു. ലോകത്തിലെ ഉൽകൃഷ്ടസാഹിത്യങ്ങളിൽ
നിന്നെല്ലാം അനേകം കൃതികൾ ഞാൻ വിവർത്തനം ചെയ്തിട്ടുണ്ട്. വെർഹേരൺ, വെർലേൻ, റാംബോ, ബോദലേയർ, മലാർമേ,
ലഫോർഗ് എന്നിവരുടെ പദ്യകൃതികൾ ഒരുമിച്ചു ചേർത്ത് ഒരു വലിയ പുസ്തകം തയ്യാറായിട്ടുണ്ട്. ഇബ്സന്റെ ഡോൾസ് ഹൗസ്,
വൈൽഡ് ഡക്ക്,ആന്റൺ ചെഹോവിന്റെ സീഗൾ എന്ന നാടകവും മറ്റനേകം ചെറുകഥകളും ഹപ്റ്റ്മാന്റെ ഹാനേലെ, മേറ്റർ
ലിങ്കിന്റെ ബ്ലൂബേഡ്, ബിട്രോഥൽ എന്നീ നാടകങ്ങൾ, അനേകം റഷ്യൻ നാടകങ്ങൾ ഇവയെല്ലാം തയ്യാറായിരിക്കുന്നു”.
അക്കാലത്ത് മംഗളോദയത്തിൽ വിശ്വസാഹിത്യകൃതികൾ ധാരാളമായി പരിഭാഷപ്പെടുത്തി. ആറ്റില ഫൊൺ ഓർബോക്
(ഹംഗറി) ന്റെ ഏകാങ്കനാടകമായ ‘വിവേകപൂർവ്വം’ 3 ലക്കങ്ങളിലായി (1112 മേടം – മിഥുനം) പരിഭാഷപ്പെടുത്തി. ചെക്കോവിന്റെ
കരടി (The Bear), സംബന്ധാലോചന (The Proposal), സി ഗ്രീസ് ഊൺസെറ്റിന്റെ പ്രതികാരദുർഗ, ഹാപ്റ്റ്മാന്റെ ഹാനേലെ,
മേറ്റർലിങ്കിന്റെ പൊലീസ് ആൻഡ് മെലിസൻഡ്, അനശ്വരഗാനം (സ്വീഡിഷ്), മാനസാന്തരം (ജാപ്പനീസ് നാടകം) എന്നീ
പരിഭാഷകൾ ഗദ്യത്തിലുള്ള മികവിനുദാഹരണങ്ങളാണ്.
ചങ്ങമ്പുഴയുടെ കവിത മലയാളമനസ്സിൽ കുടിയേറിയത് അതിന്റെ തനി മലയാളിത്തം കൊണ്ടാണ്. ഇംഗ്ലീഷ്
കവിതാപദാവലിയുമായി ഗാഢപരിചയമുണ്ടായിരുന്ന കവി തന്റെ കവിതയിൽ അതിനെ സർഗാത്മകമായി മലയാളീകരിച്ചു.
കല്പനകളിൽ അസാധാരണമായ മിസ്റ്റിക് ഭാവനകൾ തിടമ്പേറ്റി നിന്നു. അയ്യപ്പപ്പണിക്കർ ചൂണ്ടിക്കാട്ടുന്ന ചില വസ്തുതകൾ ഈ
സ്വാംശീകരണസ്വഭാവത്തെ വിശദമാക്കുന്നു. അതിന്റെ ഗുണവശം ഇതാണ് ”ഗുണം എന്താണെന്നു വച്ചാൽ അങ്ങനെ
സ്വാംശീകരിച്ചെഴുതിയ കൃതികളിലെ അക്ലിഷ്ഠത തന്നെ. ഇംഗ്ലണ്ട് കവിയായ എഡ്മണ്ട് സ്പെൻസർ എഴുതിയ ‘ഇടയന്റെ
കലണ്ടർ’ എന്ന കൃതിയെ അനുകരിച്ചാണ് രമണൻ എഴുതിയതെന്ന് ആണയിട്ടു പറഞ്ഞാലും രമണൻ വായിച്ചു രസിച്ചിട്ടുള്ള
ലക്ഷക്കണക്കിന് മലയാളികൾക്ക് ആ കൃതിയിലെവിടെയും വൈദേശികച്ചുവ അനുഭവപ്പെട്ടിരിക്കാൻ ഇടയില്ല….. ചങ്ങമ്പുഴ
എഴുതിയതിലെല്ലാം ചങ്ങമ്പുഴീയത്വം നിറഞ്ഞുനിൽക്കുന്നു. (അയ്യപ്പപ്പണിക്കർ: അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ, പുറം 130).
സുഹൃത്തുക്കളുടെ നിർബന്ധത്താൽ ആൽഫ്രഡ് ടെന്നിസന്റെ Oenone അഞ്ചു ദിവസം കൊണ്ടാണ് ‘സുധാംഗദ’ എന്ന
പേരിൽ തർജമ ചെയ്യുന്നത്. ഈ ഖണ്ഡകാവ്യത്തിന്റെ 35 പുറം നീണ്ട മുഖവുരയിൽ തന്റെ വിവർത്തനസങ്കല്പം,
വിവർത്തനരീതി, മലയാളത്തിലെ വിവർത്തനസാഹിത്യം എന്നിങ്ങനെ വിവർത്തനത്തെ ഒരു കാവ്യപ്രസ്ഥാനത്തോളം
പ്രാധാന്യം നൽകിയാണ് കവി വിശദമാക്കുന്നത്. മലയാളത്തെ വിശ്വകവിതയുമായി പരിചയപ്പെടുത്തിയ ചങ്ങമ്പുഴ
പ്രകടമാക്കുന്നത് ദീർഘദർശനമുള്ള ഒരു മാതൃഭാഷാസ്നേഹിയെയാണ്. ഭാരതീയകവികൾ ശ്രേഷ്ഠന്മാരാണെങ്കിലും അവർ
മാത്രമേ ലോകത്തിൽ കവികളുടെ പാരമ്യമാണെന്നു വിചാരിക്കുന്നത് മൂഢത്വമാണെന്നും ഇന്ത്യൻ കവികൾക്കൊപ്പം
ഷേക്സ്പിയറെയും വിക്ടർ ഹ്യൂഗോവിനെയും ഷെല്ലിയെയും സ്ട്രിൻഡ് ബർഗിനെയും മാക്സിം ഗോർക്കിയെയും ഉൾക്കൊള്ളാനുള്ള
ഹൃദയവിശാലതയും സംസ്കാരസൃഷ്ടിയുമാണ് നമുക്കു വേണ്ടത് എന്നും അന്നേ ചങ്ങമ്പുഴ പറഞ്ഞിരുന്നു. ലോകമെങ്ങുമുള്ള
കവികളെ തുല്യമായിക്കാണുന്ന സമാനഹൃദയത്വമാണ് ഇവിടെ കാണുന്നത്. ”വിശ്വസാഹിത്യം അനുദിനമല്ല, അനുനിമിഷം
വളർന്നുകൊണ്ടിരിക്കയാണ്. പ്രസ്ഥാനഭേദങ്ങളും ആശയാദർശങ്ങളും സമുദ്രത്തിലെ തിരകൾപോലെ ഒന്നിനു പുറകെ
ഒന്നായങ്ങനെ മാറിമറിഞ്ഞും കെട്ടുപിണഞ്ഞും വന്നു പൊയ്ക്കൊണ്ടിരിക്കുന്നു. പാവപ്പെട്ടവന്റെ ‘കാന്താസമ്മിതയക്കാര’ന്റെ
വിശ്വാസം അതവന്റെ കാൽച്ചുവട്ടിൽത്തന്നെ അങ്ങനെ നിശ്ചലമായി നിലകൊള്ളുന്നുവെന്നാണ്.”
ഇതിന്റെ തുടർച്ചയായി ഒന്നുകൂടി ചങ്ങമ്പുഴ പറഞ്ഞു, ”മലയാള സാഹിത്യത്തിന്റെ ഇനിയത്തെ വളർച്ച മുഴുവൻ യൂറോപ്യൻ
സാഹിത്യത്തെ മാത്രം ആധാരമാക്കിയായിരിക്കും എന്നും ദീർഘദർശനം ചെയ്യുന്നത് ഒരിക്കലും അസ്ഥാനത്തല്ല…..
ആംഗലസാഹിത്യത്തെ മാത്രം ആധാരമാക്കാതെ യൂറോപ്യൻ സാഹിത്യങ്ങളെ ആകമാനം ലക്ഷ്യമാക്കിക്കൊണ്ടു വേണം
ഇനിയത്തെ സാഹിത്യകാരന്മാരുടെ സംരംഭമെന്നും പത്രങ്ങളും മാസികകളും ഇക്കാര്യത്തിൽ പ്രത്യേകം ഔത്സുക്യം
പ്രദർശിപ്പിച്ചെങ്കിൽ മാത്രമേ അതു പരിപൂർണ വിജയത്തിൽ എത്തിച്ചേരുകയുള്ളുവെന്നും പ്രത്യേകം
സൂചിപ്പിക്കേണ്ടിയിരിക്കുന്നു” (അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ, പുറം 135).
”ഇംഗ്ലീഷിൽ ഒരൊറ്റവരിയിൽ ഉൾക്കൊള്ളുന്ന ഒരാശയത്തെ, അതിന്റെ ഗഹനതയ്ക്കും പ്രതിഭാദീപ്തിക്കും പറയത്തക്ക
ഉടവൊന്നും തട്ടിക്കാതെ, മലയാളത്തിലേക്കു സംക്രമിപ്പിക്കണമെങ്കിൽ, നാലോ, ആറോ – ചില അവസരങ്ങളിൽ എട്ടോ, പത്തോ
-വരികൾ വേണ്ടി വന്നേക്കും”. ”സാധാരണയായി, ഒരുപ്രത്യേക പദ്ധതിയാണ് ഞാൻ വിവർത്തനത്തിനു സ്വീകരിച്ചിട്ടുള്ളത്….
കവിതകൾ തർജിമ ചെയ്യുമ്പോൾ, അതിലും കവിഞ്ഞ സ്വാതന്ത്ര്യം, ചിലപ്പോഴൊക്കെ ഞാൻ കാണിച്ചേക്കും. എന്നാൽ
അതൊരിക്കലും അതിരു കവിഞ്ഞുപോകുവാൻ ഞാൻ എന്നെ അനുവദിക്കാറില്ല. ഇംഗ്ലീഷിലെ ഒരുവരിക്കു പത്തുവരികൾ
ഉപയോഗിച്ചേക്കാമെങ്കിലും – അവയിൽ എന്റെ സ്വന്തമായ ചില പൊടിക്കൈകളും ചായം പിടിപ്പിക്കലും കണ്ടേക്കാമെങ്കിലും – ആ
പതിരുകളൊക്കെ പാറ്റിക്കളഞ്ഞാൽ, മൂലഗ്രന്ഥകാരന്റെ ധാന്യം അത്ര വലിയ തേയ്മാനമൊന്നും സംഭവിക്കാതെ തന്നെ
അവിടെക്കിടക്കുന്നുണ്ടാവും.” അതായത് ലോകഭാഷകളിലുള്ള കവികളെ ഇംഗ്ലീഷിൽനിന്നാണ് വിവർത്തനം ചെയ്യുന്നതെങ്കിലും
ആ ഭാഷാസംസ്കാരത്തെ പൂർണമായും സ്വാംശീകരിച്ചും മലയാളീകരിച്ചുമാണ് ചങ്ങമ്പുഴ വിവർത്തനം ചെയ്യുന്നത്. തന്റെ
വിവർത്തനപദ്ധതിയെ ഇപ്രകാരം ഉദാഹരിക്കുന്നു.
1. O Lord, Our love at heart
Was pure as the snow
On the mountains.
2. White as the radiant moon
Gleaming in the sky
Between the scattered clouds.
വിവർത്തനം
1.ഹാ, മൽപ്രഭോ, ഹൃദയനായക, മാനസത്തിൽ
നാമന്നു കാത്തനുഭവിച്ച നവാനുരാഗം
ആ മാമലയ്ക്കു മുകളിൽ പതിവായ് പതിക്കും
തൂമഞ്ഞുപോൽ പരമനിർമ്മലമായിരുന്നു.
2.ശ്രീതാവുമംബരതലത്തിലലഞ്ഞുലഞ്ഞു-
ള്ളേതാനുമഭ്രശകലങ്ങളിയന്നിണങ്ങി
സ്ഫീതാഭമായവയിലൂടവതീർണ്ണമാമ-
ശ്ശീതാംശുപോൽ ധവള കോമളമായിരുന്നു.
മോഹിനി (1935), സുധാംഗദ (1937), മയൂഖമാല (1940), കല്ലോലമാല (19 ), യവനിക (1941), ദിവ്യഗീത (1945), ദേവഗീത
(1946), ആകാശഗംഗ (1946), മഞ്ഞക്കിളികൾ (1949), ഹനലേ (നാടകം, ) തുടങ്ങിയ നിരവധി വിവർത്തന ഗ്രന്ഥങ്ങൾ
ചങ്ങമ്പുഴയുടേതായിട്ടുണ്ട്.
ചങ്ങമ്പുഴയുടെ ആദ്യവിവർത്തന കവിതാസമാഹാരമാണ് 1932-34 കാലത്ത് വിവർത്തനം ചെയ്ത 22 കവിതകളുടെ
സമാഹാരമായ മയൂഖമാല. ജി. ശങ്കരക്കുറുപ്പിന്റെ ലോകകവിതാപുസ്തകത്തിലെ കവിതകളും അതിനുമുൻപ് വിവർത്തനം
ചെയ്ത ചില ഇംഗ്ലീഷ് ലഘുകൃതികളും ചേർത്ത് സമാഹരിച്ച മയൂഖമാല 1940ലാണ് പ്രസിദ്ധീകരിച്ചത്.
പൂക്കാരി (ടാഗോർ), കാമുകൻ (ഹീനേ-ജർമൻ) അവളുടെ സൗന്ദര്യം (തോമസ്മൂർ-ഇംഗ്ലീഷ്), അന്ത്യയാത്ര (ലിയോണിദാസ് –
ഗ്രീക്ക്), ഓമന (കാറ്റല്ലസ്-ലാറ്റിൻ), നിദ്രയിൽ (ആൽഫ്രഡ് മോംബേർ-ജർമൻ), വസന്താഗമത്തിൽ (ഹാഫീസ്-പാരസീക
കവിത), പ്രേമഗീതം (യൂറിപിഡെസ്-ഗ്രീക്ക്) തുടങ്ങിയ കവിതകളാണ് സമാഹാരത്തിലുള്ളത്. ലോകസാഹിത്യങ്ങളിൽനിന്ന്
ഉദ്ദേശം 1000ത്തോളം പദ്യങ്ങൾ വിവർത്തനം ചെയ്ത് ഗ്രന്ഥമായി പ്രസിദ്ധീകരിക്കാൻ താൻ ആഗ്രഹിക്കുന്നതായി മയൂഖമാലയുടെ അവതാരികയിൽ രേഖപ്പെടുത്തുന്നുണ്ട്.
ബ്രൗണിംഗിന്റെ Porphyria’s Lover എന്ന കവിത തന്റെ ഹൃദയാന്തരാളത്തിൽ ഇളക്കിവിട്ട വികാരവീചികളാണ് മോഹിനി
(1935) എന്ന കവിതയുടെ സൃഷ്ടിക്ക് കാരണമായതെന്ന് ചങ്ങമ്പുഴ ഇവിടെ പറയുന്നുണ്ട്.
തന്റെ കാവ്യപ്രചോദനത്തിന്റെ ആഗമമാർഗമായി ചില ആംഗലേയകവിതകൾ മാറിയിട്ടുണ്ടെന്ന് ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്.
ബൈറൺന്റെ Isle of Greece എന്ന കൃതിയിലെ ചില വരികൾ തന്റെ ഹൃദയത്തെ വല്ലാതെ സ്പർശിക്കുകയും ചില തരംഗങ്ങൾ
സഞ്ജനിക്കുകയും ചെയ്തു. ആ അനുഭവത്തെക്കുറിച്ച് ചങ്ങമ്പുഴ ഇങ്ങനെയെഴുതുന്നു. ”അപ്പോൾ സംഭവിച്ച ആ
വികാരവിക്ഷോഭം അല്പാല്പമായി ശാന്തപ്പെടുകയും, ആ പ്രശാന്തതയിൽ, അതിനെക്കുറിച്ചുള്ള അനുസ്മരണയുടെ ഫലമായി,
അഭിനവമായ ഒരു ചിന്താപ്രവാഹം എന്നിൽനിന്നു സമുല്പന്നമാവുകയും ചെയ്തു. അതിനെ സ്വന്ത്രമായി, സ്വച്ഛന്ദമായി എന്റെ
തൂലിക പകർത്തിക്കാട്ടിയിട്ടുള്ളതാണ് ”ആ കൊടുങ്കാറ്റ്”.
ഷെല്ലി, കീറ്റ്സ്, ബേൺസ്, ബ്രൗണിംഗ്, കോളറിഡ്ജ്, ബൈറൺ, സ്വിൻബേൺ മുതലായ ആംഗലേയകവികൾ, ഹാഫിസ്,
ജാമി, റൂമി, സാഡി, ഫർദൂസി, സെബൂൺനിസ എന്നീ പേർഷ്യൻ കവികൾ, ടാഗൂർ, സരോജിനി നായിഡു, ഹരീന്ദ്രനാഥൻ എന്നീ
ഭാരതീയ കവികൾ, ഫ്രഞ്ച്, റഷ്യൻ, ജർമൻ, സ്വീഡിഷ്, ചെക്, പോളിഷ്, അമേരിക്കൻ, ഇറ്റാലിയൻ, ഗ്രീക്ക്, സ്പാനിഷ്,
ചൈനീസ്, ജാപ്പനീസ്, ഫ്ളെമിഷ് എന്നീ ഭാഷകളിലെ ഉത്തമപദ്യകൃതികൾ ഇവയൊക്കെയും പലകാലങ്ങളിലായി ചങ്ങമ്പുഴ
വിവർത്തനം ചെയ്തു.
ഒരു വിവർത്തകൻ എന്ന നിലയിൽ ചങ്ങമ്പുഴയുടെ കവിത്വം പൂർണ്ണമാകുന്നത് ബൈബിൾ പഴയ
നിയമത്തിലെ സോളമന്റെ ഉത്തമഗീത (Song of songs))ത്തിന്റെ പരിഭാഷയായ ദിവ്യഗീതം (1945), ജയദേവകവിയുടെ
ഗീതഗോവിന്ദത്തിന്റെ ദേവഗീത എന്ന പരിഭാഷ എന്നീ രചനകളിലൂടെയാണ്. ദിവ്യഗീതം 1945-ലും ദേവഗീത 1946-ലുമാണ് പ്രസിദ്ധപ്പെടുത്തുന്നത്.
ബൈബിൾ പഴയ നിയമത്തിൽ സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ, സഭാ പ്രസംഗകൻ എന്നിവയുടെ തുടർച്ചയായാണ്
ഉത്തമഗീതം വരുന്നത്. ദൈവവും ദൈവജനവും (ഇസ്രായേൽ ജനവും) തമ്മിലുള്ള ബന്ധത്തിന്റെ
പ്രതീകാത്മകവർണനയായാണ് ഉത്തമഗീതത്തെ ബൈബിൾ പണ്ഡിതന്മാർ വിലയിരുത്തുന്നത്. പ്രേമബദ്ധരായ സ്ത്രീയും
പുരുഷനും തമ്മിലുള്ള സംഭാഷണരൂപത്തിൽ 6 ഗീതങ്ങൾ ഉൾക്കൊള്ളുന്നതാണ് ഉത്തമഗീതം (1, 1-2, 7; 8-3, 5;3, 6-5, 1;5, 2-6,
3;6,4-8,4;8, 5-14).
ആദിക്രൈസ്തവർ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായി ഉത്തമഗീതത്തെ വ്യാഖ്യാനിക്കുന്നു. ഉത്തമഗീതം സോളമൻ ചക്രവർത്തിയുടെ രചനയാണെന്നു വിശ്വസിക്കുന്നവരാണേറെയും. സോളമന്റെ
ഭരണകാലം 985-945 ആണെന്ന് ചരിത്രകാരന്മാർ കരുതുന്നു. 40 വർഷം നീണ്ട ഭരണത്തിന്റെ 11-ാം വർഷമാണ് ജറുസലേമിൽ
ദേവാലയം പണിയുന്നത്. യഹൂദരാജാക്കന്മാരിൽ മൂന്നാമനായ സോളമൻ പഴയ നിയമത്തിൽ ഏറെ പ്രകീർത്തിക്കപ്പെടുന്നു.
ലോകോത്തരമായ ഒരു മിസ്റ്റിക് കവിതയായി പാശ്ചാത്യർ ഉത്തമഗീതത്തെ വാഴ്ത്തുന്നു. ദാവീദ് ചക്രവർത്തിക്ക് ബത്ഷേബയിൽ
ജനിച്ച ദ്വിതീയപുത്രനാണ് സോളമൻ. അതിബുദ്ധിമാനും ന്യായപാലനത്തിൽ കുശാഗ്രബുദ്ധിയുമായ സോളമന് പക്ഷികളുടെ
ഭാഷയും അറിയാമായിരുന്നുവത്രെ. സോളമന്റെ ഉത്തമഗീതത്തെക്കുറിച്ചു നിലവിലുള്ള മതകേന്ദ്രിത വിശ്വാസങ്ങളെ ചങ്ങമ്പുഴ
നിരസിക്കുന്നു. ”ക്രിസ്തുവിന്റെ ജനനത്തിന് ആയിരം കൊല്ലങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന സോളമൻ ചക്രവർത്തി
സ്വാനുഭവജന്യങ്ങളായ വികാരങ്ങൾക്കു രൂപം കൊടുത്തിട്ടുള്ള ആ മനോഹരഗാനങ്ങൾ ‘സഭയ്ക്കു ക്രിസ്തുവിനോടുള്ള
സ്നേഹ’ത്തെ കീർത്തിക്കുന്ന വെറും പാതിരി പ്രസംഗങ്ങളാക്കി തരം താഴ്ത്തുന്നത് തീർച്ചയായും മതം കലയോടു ചെയ്യുന്ന ഒരു
കടുംകൈയാണ്” (ദേവഗീത – മുഖവുര പുറം 948).
കാവ്യത്തിന്റെ മുഖവുരയിൽ ഉത്തമഗീതരചനയ്ക്ക് കാരണമായ സന്ദർഭങ്ങളെ ചങ്ങമ്പുഴ വിവിരിക്കുന്നതിങ്ങനെയാണ്.
സോളമൻ ചക്രവർത്തി ഒരു ഘോഷയാത്രാവേളയിൽ സുന്ദരിയായ ഒരജപാലകന്യകയിൽ ആകൃഷ്ടനാവുകയും
വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തെങ്കിലും അവൾ മറ്റൊരാളെ പ്രണയിക്കുന്നവളായിരുന്നു. ചക്രവർത്തി കന്യകയെ
കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ നൽകി പാർപ്പിച്ചെങ്കിലും അവളുടെ അടിയുറച്ച പ്രണയത്തിൽ അത്ഭുതപ്പെട്ട് അവളെ
കാമുകന് മടക്കി നൽകി. മൂവായിരത്തിലധികം വർഷം പഴക്കമുള്ള ഈ കാവ്യത്തിൽ ഐഹികമായ ഈ പ്രണയാത്മക
സംഭവത്തിൽനിന്ന് സംജാതമായ വികാരവീചികളാണ് ഉടനീളം സ്പന്ദിച്ചുകൊണ്ടിരിക്കുന്നതെന്ന് കാണാം.
”ഐഹികമായ
ഒരസ്തിവാരത്തിന്മേലാണ് ഈ മോഹനമായ കലാഹർമ്യം സോളമൻ ചക്രവർത്തി കെട്ടിപ്പടുത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ
പ്രണയാത്മകമായ ജീവിതാനുഭവം ഈ കാവ്യത്തിന് ഉത്തേജകമായി നിൽക്കുന്നുണ്ട്.” പഴയ നിയമത്തിലെ ഉത്തമഗീതം
പ്രണയത്തിന്റെ അഭൂതപൂർവമായ പരികല്പനകളാലും ഓജസ്സും ചൈതന്യവുമാർന്ന സ്ത്രീ-പുരുഷബന്ധസങ്കല്പത്താലും
ഉന്നതമായ നിലയെ പ്രാപിക്കുന്നുണ്ട്. പ്രണയത്തെ മണവാളനും മണവാട്ടിയും തമ്മിലുള്ള സംഭാഷണ രൂപത്തിൽ
അവതരിപ്പിച്ചിരിക്കുന്നു. കാത്തിരിപ്പ്, വിരഹം, ഏകാന്തത, ഭയം, പ്രണയകേളികൾ തുടങ്ങി വിഭിന്നഭാവങ്ങളുടെ
ഉത്തമകോടിയിലാണ് കാവ്യത്തിന്റെ രൂപഘടന. ചങ്ങമ്പുഴ ദിവ്യഗീതം ഒരു പ്രണയകാവ്യത്തിന്റെ മധുരിമയും ലാസ്യവും
ശൃംഗാരഭാവവും ഇണക്കിയാണ് വിവർത്തനം ചെയ്തിട്ടുള്ളത്.
ഉത്തമഗീതം: ഗാനം ഒന്ന്
മണവാട്ടി:
”നിന്റെ അധരം എന്നെ
ചുംബനം കൊണ്ടു പൊതിയട്ടെ
നിന്റെ പ്രേമം വീഞ്ഞിനേക്കാൾ
മാധുര്യമുള്ളത്
നിന്റെ അഭിഷേകതൈലം സുരഭിലമാണ്
നിന്റെ നാമം പകർന്ന തൈലം പോലെയാണ്
അതുകൊണ്ട് കന്യകമാർ നിന്നെ പ്രേമിക്കുന്നു.”
ദിവ്യഗീതം – വിവർത്തനം
”തവരാഗം വയിനിലും മധുരം – തന്നധരത്താ-
ലവനെന്നിൽച്ചൊരിയട്ടേ ചുംബനങ്ങൾ!
തവ വിവിധമഹിതതരലേപനദ്രവ്യങ്ങൾ
തടവീടും സൗരഭ്യലഹരികളാൽ:
അമിതസുഖമരുളുമൊരു ലേപനധാരപോ-
ലമൃതമയമാണു നിൻ നാമധേയം.
അതുമൂലം നിൻ പേരിലനുരാഗമകതാരി-
ലണിയുന്നിതതിദിവ്യകന്യകകൾ!
തന്റെ കാവ്യരചനാസംസ്കൃതിക്കും കാവ്യപദാവലിയുടെ അനർഗള പ്രവാഹത്തിനും ഏറെ പ്രചോദനമായത് പ്രണയം
തന്നെയാണെന്ന് ദിവ്യഗീതം തെളിയിക്കുന്നു.
ചങ്ങമ്പുഴയുടെ മറ്റു കവിതകളിൽ നിന്ന് ഭാവതലത്തിൽ വിഭിന്നമാണ് ഈ കാവ്യം. ഉത്തമഗീതത്തിന്റെ ഉദാത്തഗരിമയാർന്ന
ഭാവത്തെ പൂർണമായും ഉൾക്കൊണ്ടാണ് വിവർത്തനം. ബിബ്ലിക്കലായിട്ടുള്ള ഒരന്തരീക്ഷത്തിലല്ലാതെ പ്രണയാർദ്രമായാണ്
കവിയുടെ വിവർത്തനം. ഉത്തമഗീതം (Song of songs) ദിവ്യഗീതം എന്ന പേരിൽ വിവർത്തനം ചെയ്യുമ്പോൾ ആ കൃതി
ഉള്ളടക്കുന്ന മതപരവും ആത്മീയവുമായ സംസ്കാരത്തെ ചങ്ങമ്പുഴ സവിശേഷമായി അടയാളപ്പെടുത്തുകയാണ്. ‘ശ്രേഷ്ഠമായ
ഗീതം’ എന്ന അർത്ഥത്തിൽ തന്റെ കാവ്യരചനാസംസ്കാരത്തിൽ നിന്നൊരു മാറിനടപ്പ് ഈ കൃതിയിൽ സംഭവിക്കുന്നുണ്ട്.
വാക്കുകളുടെ മേലുള്ള നിയന്ത്രണം, സന്ദർഭാനുസൃതമായ പദങ്ങളുടെ പ്രയോഗം, പ്രണയോദാത്തഭാവങ്ങൾ തുളുമ്പുന്ന
വാക്കുകളുടെ പ്രയോഗം ഇതൊക്കെ ദിവ്യഗീതത്തെ ഉത്തമഗീതത്തിന്റെ വിവർത്തനം എന്ന നിലയിലും ഒപ്പം ഒരു
സ്വതന്ത്രകൃതിയെപ്പോലെയും ശ്രദ്ധേയമാക്കുന്നുണ്ട്. മലയാളം ബൈബിൾ പുസ്തകങ്ങളിൽ കാണുന്നതരം ലളിതവും
സംഭാഷണരൂപത്തിലുള്ളതുമായ ഉത്തമഗീത വിവർത്തനത്തിനെ കാവ്യാത്മകമായി പരിവർത്തിപ്പിച്ചിരിക്കുന്നു ചങ്ങമ്പുഴ.
എന്നാൽ ദിവ്യഗീതവിവർത്തനത്തിന്റെ സ്രോതഗ്രന്ഥം ഏതാണെന്ന് ‘സോളമൻ ചക്രവർത്തി’ എന്ന മുഖവുരയിൽ കവി വ്യക്തമാക്കുന്നില്ല. എങ്കിലും അടിക്കുറിപ്പുകൾ നൽകുന്ന സൂചനയനുസരിച്ച് ബൈബിളിലെ ഹീബ്രുപദങ്ങൾ പ്രത്യേകമായി
പഠിക്കാൻ ചങ്ങമ്പുഴ ശ്രമിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
1945-ലാണ് ദേവഗീത പ്രസിദ്ധീകൃതമാകുന്നത്. കാവ്യത്തിന്റെ മുഖവുരയിൽ ഒരു സംസ്കൃത കൃതിയുടെ വിവർത്തനം
ഉണ്ടാക്കാൻ സാധ്യതയുള്ള പലവിധ പ്രശ്നങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. 1120 ധനുമാസത്തിലാണ് ഗീതഗോവിന്ദം
മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ കവി തീരുമാനിക്കുന്നത്. സംഭോഗശൃംഗാരം അതിന്റെ പരമോച്ചനിലയെ പ്രാപിച്ചിട്ടുള്ള
കാവ്യങ്ങളിൽ പ്രഥമഗണനീയമായി ചങ്ങമ്പുഴ ഈ കൃതിയെ കാണുന്നുണ്ട്.
Song of Songs ഉം ഗീതഗോവിന്ദവും വിവർത്തനം ചെയ്ത ചങ്ങമ്പുഴ ഗീതഗോവിന്ദത്തെ മികച്ച കൃതിയായി വാഴ്ത്തുന്നുണ്ട്.
എന്നാൽ ഒരു സ്വതന്ത്രകൃതിയെന്ന നിലയിൽ ഉത്തമഗീതം ശ്രേഷ്ഠമാണ്. കാരണം അതിൽ വൈഷയികമായ രംഗവർണനകളും
അവയോടൊട്ടി നിൽക്കുന്ന രസഗുംഫനങ്ങളും വളരെ കുറവാണ്. രാധാകൃഷ്ണന്മാരുടെ കാമക്രീഡാ പരിപാടികളെക്കൊണ്ട്
കൊടുങ്കാറ്റടിച്ചിളകി മറിയുന്ന ഒരു വികാരപാരാവാരമാണ് ജയദേവൻ സൃഷ്ടിച്ചിട്ടുള്ളത്. സോളമൻ ചക്രവർത്തിയുടെ
കലാസൃഷ്ടിയാകട്ടെ, ഇളംതെന്നലിൽ ചിറ്റലകൾ ചിന്നിപ്പടരുന്ന ശാന്തസുന്ദരവും ഭൃംഗനാദരഞ്ജിതവുമായ ഒരു
താമരപ്പൊയ്കയുമാണ്.
സംസ്കൃതസാഹിത്യത്തിലെ ഏറ്റവും ഗാനാത്മകമായ കാവ്യമാണ് ഭക്തികാവ്യശാഖയിൽപ്പെട്ട ഗീതഗോവിന്ദം. വ്യത്യസ്ത
രാഗ-താളങ്ങളിലുള്ള ഗീതങ്ങളും വൃത്തനിബദ്ധശ്ലോകങ്ങളുമുള്ള ഈ കാവ്യം ശ്ലോകം, ഗീതം, വർണന, ആഖ്യാനം തുടങ്ങിയ
ആഖ്യാനസമ്പ്രദായങ്ങൾ സ്വീകരിച്ച് ഗാനാത്മകവും നാടകീയവുമായ കാവ്യസ്വരൂപം നേടുന്നു. രാധയുടെ പ്രണയകാലുഷ്യം,
അസൂയ, തോഴിയുടെ സാന്ത്വനം, കൃഷ്ണന്റെ പശ്ചാത്താപം, രാധയുടെ അനുരഞ്ജനം, രാധാ-കൃഷ്ണസംഗമം എന്നീ
ഘട്ടങ്ങളിലൂടെ പ്രണയത്തിന്റെ അതിതീവ്രസന്ദർഭങ്ങളിലൂടെയാണ് കാവ്യം സഞ്ചരിക്കുന്നത്. കൊളോണിയൽ അധിനിവേശ
കാലഘട്ടത്തിൽ പാശ്ചാത്യർ വിവർത്തനം ചെയ്ത ഗീതഗോവിന്ദത്തെ ഇടയഗാനം എന്നാണ് സർ വില്യംജോൺസ്
വിശേഷിപ്പിച്ചത്. ലൗകികപ്രേമത്തിലും സ്വർഗീയപ്രേമത്തിലും മാറിമാറി സഞ്ചരിച്ച് ഒടുവിൽ ഐന്ദ്രിയതയിൽനിന്ന് മോചനം
നേടി പരമാത്മാവിൽ ലയിക്കുന്ന മനുഷ്യാത്മാവിന്റെ പ്രതീകമെന്ന് സർ ജോൺസും പിന്നീട് വന്ന വ്യാഖ്യാതാക്കളും
ആത്മീയപരിവേഷം നൽകി വ്യാഖ്യാനിച്ചു. ഭാരതീയസാഹിത്യചരിത്രമെഴുതിയ എ.ബി. കീഥ് ഇതിനോട് വിയോജിച്ചുകൊണ്ട്
ശൃംഗാരത്തെ മുൻനിർത്തി ആദ്ധ്യാത്മാനുഭൂതി വ്യഞ്ജിപ്പിക്കാൻ ഭാരതീയപാരമ്പര്യത്തിന് സഹജമായ കഴിവുണ്ടെന്നാണ്
ഗീതാഗോവിന്ദത്തെ വ്യാഖ്യാനിച്ച് വിശദീകരിക്കുന്നത്.
മലയാളംപോലെ അനായാസമായി സംസ്കൃതവും വഴങ്ങുമെന്ന് ചങ്ങമ്പുഴയുടെ ദേവഗീത തർജമ വ്യക്തമാക്കുന്നു.
ചങ്ങമ്പുഴയുടെ ഈ വിവർത്തനത്തെ വേണ്ടവിധം മനസിലാക്കാനോ വിവരിക്കാനോ അതിന്റെ മേന്മ തിരിച്ചറിയാനോ
സഹൃദയലോകം ശ്രമിച്ചില്ലെന്നതാണ് വാസ്തവം. ഗീതഗോവിന്ദം ഭക്തിയുടെയും ശൃംഗാരത്തിന്റെയും സമഞ്ജസമായ മേളനമാണ്.
ഭക്തിയുടെ സന്ദർഭത്തിൽ ഉന്നതമായ ഗൗരവവും ശൃംഗാരവേളയിൽ തരളമാധുര്യവുമാണ് വരികൾ ഉള്ളടക്കുന്നത്.
ശൃംഗാരത്തിന്റെ മൂർദ്ധന്യഭാവതലങ്ങളിലാണ് കവിതയുടെ സഞ്ചാരം. 12-ാം ശതകത്തിലെ സംസ്കൃതഭാഷ
കാവ്യാത്മകസൗന്ദര്യത്തിന്റെ ഉത്തുംഗനിലയെ പ്രാപിക്കുന്ന ഘട്ടത്തിലാണ് അതിമനോഹരമായ സംസ്കൃതത്തിൽ ജയദേവൻ
ഗീതഗോവിന്ദം രചിക്കുന്നത്. പ്രണയഭാവം, സൗന്ദര്യപരത, ഗാനാത്മകത ഇവ മൂന്നുമാണ് കാവ്യവിവർത്തനത്തിൽ
ചങ്ങമ്പുഴയുടെ പ്രചോദനങ്ങളെന്നു പറയാവുന്നതുമാണ്. ചങ്ങമ്പുഴയുടെ ‘പ്രണയോപനിഷത്ത്’ എന്ന് ദേവഗീതയെ
വിശേഷിപ്പിക്കാം.
വൈദർഭീരീതിയുടെ ഏറ്റവും ലളിതമധുരമായ ഭാഷാവ്യവസ്ഥയിലാണ് ജയദേവകവി ഗീതഗോവിന്ദമെഴുതുന്നത്. ഭക്തിയുടെ
ലാളിത്യവും ശൃംഗാരമൃദുലതയും ചേർന്ന ഈ കൃതി ചങ്ങമ്പുഴയുടെ കാവ്യസംസ്കൃതിക്ക് അനുയോജ്യമായതുകൊണ്ടാണ്
വിവർത്തനം ചെയ്തതെന്ന് പറയാമെങ്കിലും അതിനുമുപരി ദേവഗീത എന്ന വിവർത്തനം ചങ്ങമ്പുഴയ്ക്ക് സംസ്കൃതഭാഷയും
കാവ്യാത്മകസൗന്ദര്യത്തോടെ വഴങ്ങുമെന്ന വസ്തുതയെയാണ് വെളിപ്പെടുത്തുന്നത്. ദ്രാവിഡ ഗാനപാരമ്പര്യമാണ്
ചങ്ങമ്പുഴയുടേതെന്ന് നിരൂപകർ പലപാട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഭക്തിപ്രസ്ഥാനകാലത്ത് സംസ്കൃതത്തിലെ
കീർത്തനശാഖയിലുണ്ടായ ഒരു പ്രധാനകൃതിയെ മൊഴിമാറ്റം ചെയ്യുമ്പോൾ സംസ്കൃത-ദ്രാവിഡ ഗാനശാഖകളുടെ ഒരു മേളനമാണ്
ചങ്ങമ്പുഴ നിർവഹിക്കുന്നത്.
ഗീതഗോവിന്ദത്തിലെ സാമോദദാമോധരം എന്ന ഒന്നാം സർഗത്തിലെ രണ്ടാം അഷ്ടപദിയിലെ 1 മുതൽ 8 വരെയുള്ള പദങ്ങൾ
കീർത്തനങ്ങളാണ്. മഹാവിഷ്ണുകീർത്തനങ്ങളാണ് ഈ ഭാഗത്തുടനീളം കാണുന്നത്. സംസ്കൃതഭാഷയുടെ ഗൗരവത്തെ
അതേപടി സ്വാംശീകരിച്ചാണ് വിവർത്തനം നിർവഹിച്ചിട്ടുള്ളത്.
”ശ്രീതകമലാകുചമണ്ഡല ധൃതകുണ്ഡല
കലീതലളിതവനമാല ജയജയദേവ ഹരേ”
എന്ന സ്തുതി ദേവഗീതത്തിന്റെ ഒന്നാം സർഗം ഗീതം രണ്ടിൽ ചങ്ങമ്പുഴ ഇപ്രകാരം വിവർത്തനം ചെയ്തിരിക്കുന്നു.
1. ശ്രീതകമലാകുചോജ്ജ്വലമണ്ഡല
ധൃതമകരമനോഹരകുണ്ഡല
കലിതകല്പകമാലികോരസ്ഥല
ജയ, ഹരേ, ജയ, ദേവ, സുനിർമ്മല
പരിഭാഷയ്ക്ക് മുതിരുന്നതിന് നാലഞ്ചുകൊല്ലങ്ങൾക്ക് മുൻപ് ആദംക്ലാർക്ക്, എഡ്വിൻ ആർനോൾഡ് എന്നിവർ
ഗീതഗോവിന്ദത്തിനു രചിച്ച ഇംഗ്ലീഷ് പരിഭാഷകൾ വായിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ ഒരു പരിഭാഷയുണ്ടായിട്ടില്ലെന്ന്
ചങ്ങമ്പുഴ വ്യക്തമാക്കുന്നുണ്ട്. കേരളത്തിൽ അഷ്ടപദി എന്ന പേരിൽ അദ്ധ്യാപകനായ പൊന്നാടി പുഷ്പകത്തു നമ്പ്യാർ
രചിച്ചിട്ടുള്ള ഒരു കൈകൊട്ടിക്കളിപ്പാട്ടാണ് മലയാളത്തിലുള്ളത്. രാജശ്രീ കെ.കെ. ഗോവിന്ദൻനായർ തർജമ ചെയ്ത ലക്ഷ്മീധര
വ്യാഖ്യാനമാണ് തന്റെ ദേവഗീത എന്ന പരിഭാഷയുടെ മുഖ്യ അവലംബമെന്ന് ചങ്ങമ്പുഴ രേഖപ്പെടുത്തുന്നു. അഷ്ടപദി കൈകൊട്ടിക്കളിപ്പാട്ടായെഴുതിയ നമ്പ്യാർ സർപ്പം കടിച്ചു മരിച്ചതറിഞ്ഞ് ചില സുഹൃത്തുക്കൾ കവിയെ ഭീഷണിപ്പെടുത്തിയത്രേ.
”പക്ഷെ മനുഷ്യന്റെ ആയുസ്സിനെക്കുറിച്ച് വലിയ മതിപ്പൊന്നുമില്ലാത്ത ഞാൻ ആ വക ഭീഷണികളെ പരിഹാസപൂർവം
അവഗണിച്ച് എന്റെ ഉദ്യമം തുടരുക തന്നെ ചെയ്തു. അങ്ങനെ പ്രതിദിനം ഓരോ സർഗം വീതം പരിഭാഷപ്പെടുത്തി പന്ത്രണ്ട്
ദിവസം കൊണ്ട് ഞാൻ ഈ ദേവഗീത പൂർത്തിയാക്കി”. (ദേവഗീത മുഖവുര, പുറം 951)
എഡ്വിൻ അർനോൾഡ് ‘ഇന്ത്യൻ സോംഗ് ഓഫ് സോംഗ്സ്’ എന്നാണ് ഗീതഗോവിന്ദത്തെ വിശേഷിപ്പിച്ചത്. ശൃംഗാരമോ
ഭക്തിയോ കാവ്യത്തിന്റെ മുഖ്യരസമെന്ന ചർച്ച ഇന്നും തുടരുന്നുണ്ട്. അസ്ഥിയുടെ പൂക്കളിൽ ചങ്ങമ്പുഴയുടെ വിവർത്തനത്തെ
കഠിനമായി വിമർശിക്കുന്നു. ചങ്ങമ്പുഴയ്ക്ക് ഗീതഗോവിന്ദം വെറുമൊരു ശൃംഗാരകാവ്യം മാത്രമാണെന്നും
യാഥാസ്ഥിതികത്വത്തോടുള്ള തന്റെ വെല്ലുവിളിക്കുള്ള മറ്റൊരു ഉപായമായിട്ടാണ് ചങ്ങമ്പുഴ ആ കാവ്യത്തെ സമീപിച്ചതെന്നും
ഗുപ്തൻനായർ ആക്ഷേപിക്കുന്നു. തന്റെ കൈവശമുള്ള മഞ്ജീരശിഞ്ജിതവുമായി ജയദേവന്റെ മധുരകോമള പദാവലിയെ ഒന്ന്
മാറ്റുരച്ച് നോക്കുക എന്ന വിചാരമേ ചങ്ങമ്പുഴയ്ക്ക് തർജമയിൽ ഉണ്ടായിരുന്നുള്ളൂ എന്നും ആരുടെ കവിതയായാലും അവരുടെ
കാമകലാവികാസമാണ് ചങ്ങമ്പുഴയ്ക്ക് വേണ്ടതെന്നും ഗുപ്തൻനായർ ആരോപിക്കുന്നു.
ഗീതഗോവിന്ദം ഒരു
ഗാനകൃതിയായതുകൊണ്ടുതന്നെ ശബ്ദങ്ങൾ മാറ്റുമ്പോൾ സംഗീതം നഷ്ടപ്പെടുമെന്നും അതുകൊണ്ട് പരിഭാഷയേ
ആവശ്യമില്ലെന്നും അതിലെ രാസക്രീഡ കാമകേളിയല്ലെന്നും ഈശ്വരനും ഭക്തനും തമ്മിലുള്ള ആത്മസംഗമം മാത്രമാണെന്നും
പറയുന്ന ഗുപ്തൻനായർ മുണ്ടശ്ശേരിയുടെ വാക്കുകൾ കടമെടുക്കുന്നുമുണ്ട് – ”വെറും കൗതുകത്തിനുവേണ്ടിയും അയാൾ
കൃതികൾ വിവർത്തനം ചെയ്തിരുന്നു. അയാൾക്കതൊരു രസമായിരുന്നു”.
വിക്ടോറിയൻ കാലഘട്ടത്തിലെ പ്രമുഖകവിയായ ആൽഫ്രഡ് ടെന്നിസന്റെ ുണഭമഭണ എന്ന കൃതിയെ ആധാരമാക്കി
അന്തരീക്ഷവും കഥാപാത്രങ്ങളും ഭാരതീയമാക്കി ചങ്ങമ്പുഴ രചിച്ച ഒരു സ്വതന്ത്രവിവർത്തനമാണ് സുധാംഗദ. ഹോമറിന്റെ
ഇതിഹാസകാവ്യമായ ഇലിയഡിന്റെ ഇതിവൃത്തത്തിലെ ഒരു പ്രധാന സന്ദർഭം മാത്രം സ്വീകരിച്ച് ടെന്നിസൻ രചിച്ച
സ്വതന്ത്രകൃതിയെ പദാനുപദതർജമ ചെയ്താൽ കൃതിയുടെ സാരള്യത്തിന് ഉടവുതട്ടിയേക്കുമെന്ന് ഭയന്നിട്ടാണ് സ്വതന്ത്രമായ നില
സ്വീകരിക്കുന്നതെന്ന് ചങ്ങമ്പുഴ വ്യക്തമാക്കുന്നു. സെബ്റെൻ എന്ന ജലദേവന്റെ പുത്രിയും പാരീസിന്റെ പത്നിയുമായ
ഈനോണിന്റെ ദുരന്തകഥയുടെ ഭാഗം മാത്രമാണ് ടെന്നിസൺ സ്വീകരിച്ചത്. ഐഡ്മലയുടെ താഴ്വരയിൽ എത്തി ആ
ഗിരിദേവതയെ അഭിസംബോധന ചെയ്ത് തന്റെ ജീവിതകഥ പറയുന്നതാണ് ടെന്നിസന്റെ ഈനോൺ. സുധാംഗദ
(ഈനോൺ)യെന്ന നായിക ഹിമാലയ (ഐഡ്)ത്തിന്റെ തടങ്ങളിൽ ഗംഗാനദിയോടാണ് തന്റെ ദുഃഖങ്ങൾ പറയുന്നത്. തന്റെ
സുധാംഗദാവിവർത്തനരീതിയെ ചങ്ങമ്പുഴ ഇങ്ങനെ വ്യക്തമാക്കുന്നു. ”സാധാരണയായി കഥാപാത്രത്തെ മാത്രം
മൂലഗ്രന്ഥത്തിൽനിന്നും സ്വീകരിച്ച് സ്വതന്ത്രമായ ഒരു പദ്ധതിയിൽക്കൂടി കാവ്യനിർമ്മാണം ചെയ്യുന്ന പതിവ് വിട്ട്
കഥാപാത്രത്തിനോ അതിന്റെ സൗകുമാര്യത്തിനാധാരമായ ഇതരഘടകങ്ങൾക്കോ ചമൽക്കാരത്തിനോ അല്പമെങ്കിലും പരുക്കു
തട്ടാതെ മൂലഗ്രന്ഥത്തിൽ കാണപ്പെടുന്ന കഥാപാത്രങ്ങൾക്കും അന്തരീക്ഷത്തിനും പ്രതിരൂപമായും ഔചിത്യത്തിനു ഭംഗം
വരാത്തവിധത്തിലും അവയെ സ്വയം സൃഷ്ടിച്ചും കാവ്യനിർമിതി സാധിക്കുകയാണ് ഞാൻ ഇവിടെ ചെയ്തിട്ടുള്ളത്.
മൂലകൃതിയിലുള്ള ഒരൊറ്റ ആശയവീചിയെങ്കിലും ഞാൻ വിട്ടുകളഞ്ഞിട്ടില്ലെന്നു മാത്രമല്ല അവ തന്നെ കേരളീയരുടെ
അഭിരുചിക്കനുയോജ്യമായ വിധത്തിൽ അവയെ എന്റെ സ്വന്തം കല്പനാശക്തികൊണ്ട് നിറംപിടിപ്പിക്കുക കൂടി ചെയ്തിട്ടുണ്ട്.
മൂലകൃതിയിൽ ആദ്യന്തം തുളുമ്പിക്കാണുന്ന ശോകാത്മകമായ വികാരസാന്ദ്രതയ്ക്ക് യാതൊരു ശൈഥില്യവും
സംഭവിക്കാതിരിക്കാൻ പ്രത്യേകശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്”.
കഥാപാത്രങ്ങളെ ഭാരതീയസന്ദർഭങ്ങളിലേക്ക് പരാവർത്തനം ചെയ്താണ് കാവ്യത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ഐഡ്
(ഹിമാലയം), പാരീസ് (വാസന്തചൂഡൻ), ഈനോൺ (സുധാംഗദ), ഹേര (ലക്ഷ്മി), അതീനെ (സരസ്വതി), അഫ്രോഡെയ്റ്റ്
(രതീദേവി), ഐറിസ് (മാദ്രിക) എന്നിങ്ങനെ മൂലകൃതിയിൽനിന്ന് ഇതാണ് താൻ പ്രധാനമായി വരുത്തിയ മാറ്റങ്ങളെന്ന് കവി
വിവരിക്കുന്നു. എന്നാൽ സ്വന്തമായി ചില ആശയങ്ങൾ വിവർത്തനത്തിൽ കൂട്ടിച്ചേർക്കാറുണ്ടെന്ന് ചങ്ങമ്പുഴ ഇങ്ങനെ
ഉദാഹരിക്കുന്നു.
Her cheek had lost the rose, and round her neck,
floated her hair or seemed to float in rest
എന്ന വരികൾ,
നഷ്ടമായ്, കഷ്ട, മിന്നാരോമലിൻ കവിൾ-
ത്തട്ടുകൾക്കാ രണ്ടു ചെമ്പനീർപ്പൂവുകൾ
കോതാതൊതുക്കാതെ പുഷ്പങ്ങൾ ചൂടാതെ
കോമളാപാംഗിതൻ കൂന്തൽച്ചുരുളുകൾ
പാറിക്കിടന്നു, പുറകിലും തോളിലും,
മാറിലുമോമൽക്കഴുത്തിനു ചുറ്റിലും,
പൊൻതൂണിലേറിപ്പടർന്നുതൂങ്ങും നീല,
മുന്തിരിച്ചില്ലപ്പടർപ്പുകൾ മാതിരി.
വൈലോപ്പിള്ളി സുധാംഗദയ്ക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (1941 ഒക്ടോബർ 19) ഹരി എന്ന തൂലികാനാമത്തിൽ ‘സുധാംഗദ
നിരൂപണം’ എഴുതിയിട്ടുണ്ട്. ആംഗലകാവ്യത്തിന് ചങ്ങമ്പുഴ നിർവ്വചിച്ച പ്രതിരൂപം പ്രശംസാർഹമാണെന്ന് പറയുന്ന
വൈലോപ്പിള്ളി വിവർത്തനത്തെ മുൻനിർത്തി പദാനുപദ ചർച്ച നടത്തുന്നു. വിവർത്തനത്തിലെ അനവധാനതയും
ഔചിത്യക്കുറവുമാണ് പ്രധാന ദോഷങ്ങളായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഒരുപക്ഷെ, സമകാലികനായ ഒരു കവിയുടെ
കാവ്യത്തെക്കുറിച്ചുള്ള മറ്റൊരു പ്രശസ്ത കവിയുടെ വിമർശനപഠനമെന്ന് ഈ നിരൂപണത്തെ വിശേഷിപ്പിക്കാം.
മാനസേശ്വരി (1940) എന്ന ദീർഘകവിത പാമ്പുകളുടെ ദേവതയായ മാനസാദേവിയുടെ പുരാവൃത്തത്തെ മുൻനിർത്തി
രചിക്കപ്പെട്ടതാണ്. മാനസാദേവിയുടെ കഥ 60ഓളം കവികൾ 12-ാം ശതകം മുതൽക്ക് രചിച്ചിട്ടുണ്ട്. ആനന്ദകുമാരസ്വാമിയുടെയും
സിസ്റ്റർ നിവേദിതയുടെയും സംയുക്തസംരംഭമായ ഛസളദല മത ളദണ ഒധഭഢഴല ടഭഢ ആഴഢഢദധലളല എന്ന കൃതിയുടെ ഒരു
സ്വതന്ത്രവിവർത്തനമാണ് ചങ്ങമ്പുഴയുടെ മാനസേശ്വരി.
കല്ലോലമാല, ആകാശഗംഗ (1946), മഞ്ഞക്കിളികൾ എന്നിവയും വിവർത്തനകൃതികളാണ്. കല്ലോലമാലയിൽ 27
വിവർത്തനകൃതികളുണ്ട്. 13 ചൈനീസ് കവിതകളും 2 ഫ്ളെമിഷ് കവിതകളും ഉൾപ്പെടുന്നു. ചൈനീസ് കവിയായ ചൊ വെൻ
ചൂണിന്റെ കവിത-ദുരന്തരാഗം-യാണ് തന്റെ വിവർത്തനശൈലിയെ ഉദാഹരിക്കാൻ സുധാംഗദയുടെ മുഖവുരയിൽ കവി
സ്വീകരിച്ചിട്ടുള്ളത്. കല്ലോലമാലയിലെ മുഴുവൻ കവിതകളും പ്രേമത്തെക്കുറിച്ചുള്ളവയാണ്.
ഷെല്ലിയുടെ Ode to Skylark എന്ന കവിത ഒരു വാനമ്പാടിയോട് എന്ന് വിവർത്തനം ചെയ്തിരിക്കുന്നു.
സ്വാഗതമാനന്ദാത്മൻ, വിണ്ണിലോ തദുപാന്ത-
ഭാഗത്തോനിന്നുംകൊണ്ടു നിൻപൂർണഹൃദയത്തെ
കേവലമിച്ഛാമാത്രജന്യമാമേതോദിവ്യ-
കാവ്യത്തിൻ ഗാനാമൃതപുണ്യനിർഝരികയായ്
ഇക്ഷിതിയിങ്കലൊഴുകുന്നല്ലോ ഭവാനൊരു
പക്ഷിയല്ലയി നൂനം ദേവസംഭവനത്രേ!
മഞ്ഞക്കിളികൾ (1949) ചങ്ങമ്പുഴയുടെ മരണശേഷമാണ് പ്രസിദ്ധീകരിക്കുന്നത്. 2,4,8,12 വരികളിലുള്ള 54
കുഞ്ഞുകവിതകളാണ് ഇതിൽ വിവർത്തനം ചെയ്തിട്ടുള്ളത്. ജാപ്പനീസ്-ചൈനീസ് കവിതകളുടെ വിവർത്തനമാണീ
സമാഹാരം. വൈദേശികസന്ദർഭത്തെപ്പോലും മലയാളീകരിച്ചാണ് പലതിലും വിവർത്തനം ചെയ്തിട്ടുള്ളത്. ഉദാഹരണത്തിന്
നിറോഹിറ്റോ എന്ന ജാപ്പനീസ് കവിയുടെ കവിതയെ ഏകാഭിലാഷം എന്ന പേരിൽ വിവർത്തനം ചെയ്യുമ്പോൾ ഭാരതീയ
പൗരാണികമിത്തുകളോടാണ് ജാപ്പനീസ് ചക്രവർത്തിയുടെ മഹിമയെ ഉപമിക്കുന്നത്.
വിഷ്ണുപദത്തിലേക്കന്തസ്സിലങ്ങനെ
കൃഷ്ണപ്പരുന്തു പറന്നുയരുന്നുപോൽ
നിന്ദ്യമാമെന്തിനും മീതെയായ് നിപ്പൺന്റെ
വന്ദ്യമഹിമ വിലസട്ടെ മേല്ക്കുമേൽ!
എന്നുമേ നൂനമീയാശയല്ലാതെ
മന്നിതിൽ ഞങ്ങൾക്കു മറ്റില്ലൊരാശ്രയം.
ചങ്ങമ്പുഴ കാവ്യജീവിതത്തിലേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിലായിരിക്കണം ഈ കവിതകൾ വിവർത്തനം ചെയ്യുന്നത്.
ചങ്ങമ്പുഴ പിൽക്കാലത്ത് പ്രകടമാക്കിയ കവിത്വസിദ്ധിയുടെ ആദ്യാങ്കുരങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഒരു കവിയെ
അയാളുടെ പദപരിചയത്തെ രൂപപ്പെടുത്തുന്നതിന് വിവർത്തനത്തിന് വളരെ വലിയ സ്ഥാനമുണ്ട്. നിരന്തരമായ
വിവർത്തനസപര്യ ചങ്ങമ്പുഴയുടെ കവിത്വസിദ്ധിയെ തിളക്കിയെടുത്തു എന്നതാണ് ഒരു യാഥാർത്ഥ്യം.
ആകാശഗംഗ (1946) എന്ന ഖണ്ഡകാവ്യം എ.ഡി. എട്ടാം ശതകത്തിൽ ജപ്പാനിൽ പ്രസിദ്ധീകൃതമായ മന്യോഷു എന്ന
കാവ്യസമാഹാരത്തിലെ അജ്ഞാതനായ ഒരു കവി രചിച്ച ഒരു മനോഹരകാവ്യത്തിന്റെ സ്വതന്ത്രപരിഭാഷയാണ്.
ലാഫ്കാഡിയോഹേണിന്റെ ഇംഗ്ലീഷ് വിവർത്തനത്തിൽ നിന്നാണ് ചങ്ങമ്പുഴയുടെ പരിഭാഷയുണ്ടാകുന്നത്. അനുരാഗബദ്ധരും
നദിക്കക്കരെയിക്കരെയുമായ നായികാ-നായകന്മാരുടെ ജാപ്പനീസ് നാമങ്ങൾ കവിതയിലുപയോഗിക്കുന്നതു മാറ്റി നിർത്തിയാൽ
തനി കേരളീയമായ അന്തരീക്ഷത്തിലാണ് കാവ്യവിവർത്തനം നിർവഹിച്ചിട്ടുള്ളത്. അങ്ങേക്കരയിലായ നായകനെ കാണാൻ
പ്രണയാർദ്രമായി കാത്തിരിക്കുന്ന കാമുകിയുടെ വിലാപമാണ് ഈ കാവ്യം.
മോറിസ് മെറ്റർലിങ്കിന്റെ ഒരു ബെൽജിയൻ ഗാനം (1942), സിസ്റ്റർ ബിയറ്റ്റീസ് (1939), സരോജിനി നായിഡുവിന്റെ പലങ്ക്വിൻ
ബെയറേഴ്സ് എന്ന കവിതയുടെ പരിഭാഷയായ അമാലന്മാർ (1939) തുടങ്ങിയവയും ചങ്ങമ്പുഴക്കവിതകൾ 2-ാം വാല്യത്തിൽ
കാണാം.
മലയാളകവിതയുടെ കണക്കെടുപ്പിൽ ചങ്ങമ്പുഴയുടെ വിവർത്തനസംഭാവനകളെ എങ്ങനെയാണ് വിലയിരുത്തേണ്ടത്.
ചരിത്രപരമോ പ്രത്യയശാസ്ത്രപരമോ ആയ ഒരു വ്യാവഹാരിക നിലപാടിൽ നിന്നുകൊണ്ടല്ല ചങ്ങമ്പുഴ വിവർത്തനങ്ങൾ
ധാരാളമായി ചെയ്തതെന്ന് വ്യക്തം. ജീവിതത്തിന്റെ നിറമുള്ള ആഘോഷമായിരുന്നു കവിതയെഴുത്ത്. താൻ വായിച്ചതെല്ലാം
തനിക്ക് പരിചിതമായ പദാവലിയിലേക്ക് മാറ്റിയെഴുതുക എന്നതും കൗതുകമുള്ള ആഘോഷം തന്നെയായിരുന്നു കവിക്ക്.