മനുഷ്യനിലെ ഭയം/പേടി എന്ന വികാരത്തെ പരമാവധി ചൂഷണം ചെയ്ത് കൊണ്ടാണ് ഒരു കാലത്ത് ഇവിടെ ഹൊറർ നോവലുകളും സിനിമകളും കച്ചവടവിജയം നേടിയത്. ഭയപ്പെടുത്തി കാര്യം സാധിച്ചെടുക്കുക എന്നത് ഇന്നും നാം അനുവർത്തിച്ച് പോരുന്ന ഒരു നയമാണല്ലൊ? കുട്ടിക്കാലത്ത് നാം കേട്ട വാമൊഴി കഥകളിൽ മിക്കതിലും ഇത്തരത്തിൽ ഭയത്തിന്റെ അംശം ഊറിക്കൂടി കിടക്കുന്നത് കാണാം. ചെറുപ്പം മുതൽ തന്നെ മുത്തശ്ശിമാരും ചങ്ങാതിമാരും പറഞ്ഞു തന്ന കഥകളിൽ പേടിപ്പെടുത്തുന്ന യക്ഷികളും, പ്രേതങ്ങളും, ഒടിയനും, ജിന്നും നിറഞ്ഞ് നിന്നിരുന്നത് ഇന്നും ഞാനോർക്കുന്നു. കുട്ടികളെ ഉറക്കാനും, ഭക്ഷണം കഴിപ്പിക്കാനും ഇത്തരം കഥകളെടുത്ത് പ്രയോഗിക്കുക എന്നത് രക്ഷിതാക്കളുടെ ഒരു തന്ത്രമായിരന്നു. ഉറങ്ങുന്നവരെ ജിന്ന് പിടിച്ച് കൊണ്ട് പോയി ദൂരെയുള്ള ഇടങ്ങളിൽ ഉപേക്ഷിച്ച കഥകളും, കരിമ്പനയുടെ മുകളിൽ താമസമാക്കിയ ജിന്നിന്റെ കുടുംബകഥകളും, ഒടിവേഷം കെട്ടുന്നവരുടെ ഭീതിപ്പെടുത്തുന്ന കഥകളും ഇന്നും ഓർമ്മയിലുണ്ട്. ഒടിവേഷം കെട്ടുന്ന ഒരു മനുഷ്യൻ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു.നായയുടെ
രൂപത്തിൽ ഒടിവേഷം കെട്ടി നാട്ടുപ്രമാണിമാരിൽ ഒരാളെ പേടിപ്പിക്കാൻ ശ്രമിക്കുകയും, മുതുകിന് അടി കിട്ടി ശേഷിച്ച കാലം വളഞ്ഞ മുതുകുമായി ജീവിക്കുകയും ചെയ്ത ആ മനുഷ്യനെ പല തവണ കണ്ടത് ഓർമ്മയിലുണ്ട്. സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത പ്രായത്തിൽ കണ്ടും കേട്ടും അനുഭവിച്ച ഈ കഥകളെല്ലാം ഇപ്പോൾ ഓർമ്മയിലെത്തിച്ചത് രാജേഷ് മോൻജിയുടെ ‘ഒടിസൂചിക’ എന്ന കഥയുടെ വായനയാണ്. നമ്മുടെ നാടോടി പുരാവൃത്തങ്ങളുടെ(folk myths) കൂട്ടത്തിൽ ഇനിയും വേണ്ട വിധത്തിൽ സാഹിത്യം ഉപയോഗപ്പെടുത്താത്ത ഒന്നാണ് ഒടിയനുമായി ബന്ധപ്പെട്ട കഥകൾ.പ്രദീപൻ പാമ്പിരിക്കുന്നിന്റെ ‘എരി’, കണ്ണൻകുട്ടിയുടെ ‘ഒടിയൻ’, എന്നീ നോവലുകളും ശ്രീകുമാർ മേനോന്റെ ഒടിയൻ എന്ന സിനിമയും മാറ്റി നിർത്തിയാൽ ഈ വിഷയം ഇനിയും സാഹിത്യത്തിൽ ഇടം പിടിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങളിലൊന്നാണ് രാജേഷ് മോൻജിയുടെ ‘ഒടിസൂചിക’ എന്ന കഥ.
അബ്ദുൽ ഹക്കീം, വേണു കറുത്തില്ലം, ഇണ്ണ്യാച്ച എന്നീ കഥാപാത്രങ്ങളിലൂടെയാണ് ഒടിസൂചികയുടെ ആഖ്യാനം വികസിക്കുന്നത്. പാരലൽ കോളേജ് അധ്യാപകനായ വേണുവിന്റെ സുഹൃത്താണ് അബ്ദുൽ ഹക്കീം. അമ്പലംക്കുന്നിലെ മികച്ച വായനക്കാരനാണ് ഹക്കീം.മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള, ജ്യേഷ്ഠദേവനേയും [യുക്തിഭാഷ] പെരുമാൾ മുരുകനേയും, ബോർഹസിനേയും, ജെ.എം. കുറ്റ്സെയും, കോനൽ ഡോയലിനേയും വായിക്കുകയും അതേ സമയം തന്നെ കളിയാട്ടക്കാവിൽ ചെണ്ട കൊട്ടുന്ന, പവനംപറമ്പിലെ കുത്ത് റാത്തിബിൽ ബൈത്ത് ചൊല്ലുന്ന, തെരുപ്പള്ളിക്കാവിലെ താലപ്പൊലിയിൽ പങ്ക് ചേരുന്ന വിചിത്രസ്വഭാവമുള്ള മനുഷ്യൻ.ഒരേ സമയം ആധുനികമെന്നും അതേ സമയം പ്രാകൃതമെന്നും തോന്നാവുന്ന ദ്വന്ദത ഹക്കീമിൽ സമന്വയിക്കുന്നുണ്ട്. നിമിഷ നേരം കൊണ്ട് രൂപം മാറി ഒടിമറഞ്ഞ് ശരീരം കൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന മായികതയും ഹക്കീമിൽ കാണാം. വിഖ്യാത ഡിറ്റക്ടീവ് നോവലിസ്റ്റായ ആർതർ കോനൽ ഡോയലിന്റെ ‘ഹൗണ്ട് ഓഫ് ബാസ്ക്കർ വില്ല’ എന്ന നോവൽ ക്ലാസിൽ പഠിപ്പിക്കുവാൻ ശ്രമിക്കുന്ന വേണു, ആ നോവലുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കാൻ ഹക്കീമിനെ തേടി എത്തുന്നതും ശേഷം വേണുവിന് നേരിടേണ്ടി വരുന്ന ഭീതിജനകമായ അനുഭവങ്ങളുമാണ് ‘ഒടി സൂചിക’ യുടെ ഇതിവൃത്തം. ഹക്കീമിന്റെ അനുഭവാഖ്യാനത്തിലൂടെ തെളിയുന്ന അയാളുടേയും ഗുരുവായ ഇണ്ണ്യാച്ചയുടേയും ഭൂതകാല ജീവിതവും കഥാകൃത്ത് വരച്ചിടുന്നുണ്ട്. അതിലൂടെ ഒരു കാലഘട്ടത്തിന്റെ ചരിത്രവും, ഒടിയൻ മിത്തിലൂടെ തെളിയുന്ന പ്രതിരോധ രാഷ്ട്രീയവും വായനകാർക്ക് മുന്നിൽ വെളിപ്പെടുന്നു.
കേരളീയഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയൻ.പ്രത്യേകിച്ച് വൈദ്യുതിയൊന്നും എത്താത്ത ഗ്രാമങ്ങളിൽ ഒടിയനുമായി ബന്ധപ്പെട്ട അനവധി കഥകൾ വാമൊഴി രൂപത്തിൽ പ്രചരിക്കപ്പെട്ടിരുന്നു. ശരിക്കും ആരാണ് ഒടിയന്മാർ? മധ്യകേരളത്തിലെ [പാലക്കാട്, തൃശൂർ, മലപ്പുറം ] ചില ഭാഗങ്ങളിൽ പ്രചരിച്ചിരുന്ന വാമൊഴി കഥകളിലെ കഥാപാത്രങ്ങളായിരുന്നു അവർ. രാത്രിയിൽ, ഇരുട്ടിന്റെ മറവിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഇവർ പാണർ, പറയ വിഭാഗത്തിൽപ്പെട്ടവരായിരുന്നു. കാളയായും, പോത്തായും മറ്റു പല രൂപങ്ങളായും പ്രത്യക്ഷപ്പെടാനുള്ള കഴിവ് ഇവർക്കുണ്ട്. കേരളത്തിൽ നിലനിന്നിരുന്ന ജാതി-ജന്മി- ഉച്ചനീചത്വങ്ങളുടെ എതിർശബ്ദമായിരുന്നു ഒടിയന്മാർ.ഒരു തരത്തിൽ വിമോചകർ.ഒടിയന്മാർ നടത്തിയ അനവധി കൊലപാതക കഥകൾ വാമൊഴി രൂപത്തിൽ പ്രചാരത്തിലുണ്ട്. ഇത് സത്യമാണോ മിഥ്യയാണോ എന്ന കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഒടിയൻ എന്നത് ഒരു സാമൂഹികവിമോചനത്തിന്റെ പ്രതീകമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. നിലനിന്നിരുന്ന ജന്മി-അടിയാള അതിക്രമങ്ങൾക്ക് തടയിടാൻ ഒടിയന്മാർക്ക് സാധിച്ചുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ‘ഒടിസൂചിക’ എന്ന കഥയിൽ തന്നെ നോക്കുക, ഒടിയന്മാരായി മാറുന്ന ഹക്കീമും ഇണ്ണ്യാച്ചയും സമൂഹത്തിലെ ഉന്നതരായവർക്ക് നേരെയാണ് തങ്ങളുടെ അതിക്രമങ്ങൾ അഴിച്ച് വിടുന്നത്. ‘അതിനിടയിൽ എവിടെയൊക്കയോ ചില പ്രമാണിമാർ പാടവരമ്പത്തും നടവഴികളിലമൊക്കെ പെട്ടെന്ന് മരണപ്പെട്ടു വീണതായുള്ള വാർത്തകളും പരക്കുന്നുണ്ടായിരുന്നു’ (പേജ്: 34) കഥാന്ത്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലനാണ് ഒടിയന്റെ അക്രമണത്തിന് ഇരയാവുന്നത്. ഒടിയന്റെ അക്രമണത്തിന് വിധേയരായവരെല്ലാം ഒരു തരത്തിൽ ‘ചൂഷിത’ വർഗ്ഗത്തിന്റെ പ്രതിനിധികളാണെന്ന് കാണാം.
‘ഒടിസൂചിക’ എന്ന കഥയുടെ വായനയിൽ ശ്രദ്ധേയമായി തോന്നിയ ഒരു കാര്യം ഈ രചനക്ക് മറ്റ് കൃതികളുമായുള്ള പാഠാന്തരബന്ധ(intertextual)മാണ്. ബോർഹസിന്റെ ‘library of Babel’ എന്ന കഥയിലെ നായകനെ പോലെ അമ്പലംകുന്ന് ലൈബ്രറി നടത്തിപ്പ്കാര നാണ് ഹക്കീം.മറ്റൊരു ബന്ധം വിഖ്യാത ഇംഗ്ലീഷ് കുറ്റാന്വേഷണ നോവലിസ്റ്റ് ആർതർ കോനൽ ഡോയൽ എഴുതിയ ഷെർലക് ഹോംസ് നായകനാവുന്ന ‘The Hound of Baskervilles’ (ബാസ്കർ വില്ലയിലെ വേട്ടനായ) എന്ന നോവലുമായുള്ള സാധർമ്യമാണ്. ആ നോവലിലെ കഥാപശ്ചാത്തലവും ഭൂമിശാസ്ത്രവും ഈ കഥയുടെ രചനാഭൂമികയിൽ മറ്റൊരു വിധത്തിൽ പുനരാവിഷ്കരിക്കപ്പെടുന്നുണ്ട്. ഭീതിയും, നിഗൂഢതയും, കൊലപാതകവും നിറഞ്ഞ് നിൽക്കുന്ന കോനൽ ഡോയലിന്റെ നോവലിലെ തെക്കുപടിഞ്ഞാൻ ഇംഗ്ലണ്ടിലെ ഡെവൺഷയറിലെ ഡാർട്ട് മൂർ എന്ന തരിശുഭൂമിയും ചതുപ്പുകളും മറ്റൊരു തരത്തിൽ ഈ കഥയിൽ ആഖ്യാനം ചെയ്യപ്പെടുന്നു.ഡോയലിന്റെ നോവലിലെ വേട്ടനായ്ക്കളുടെ ഭീതിദമായ കരച്ചിൽ ഒടി സൂചികയിലും മുഴങ്ങി കേൾക്കാം. ഡാർട്ട്മൂർ തരിശ്ഭൂമിയുടെ മറ്റൊരു രൂപമാണ് ഈ കഥയിലെ കള്ളിപ്പാലയും,പൊന്തക്കാടുകളും, ഇടവഴികളും, കല്ലുവെട്ടാംകുഴികളും, ഇരുട്ടിന്റെ തമോഗർത്തങ്ങളുമുള്ള ‘ചമ്മലപ്പറമ്പ് ‘എന്ന സ്ഥല രാശി.വേണുകറുത്തില്ലത്തെ ഹക്കീം കൊണ്ട് പോകുന്നത് ഈ ഭൂമികയിലേക്കാണ്. അവിടെ വെച്ചാണ് ഹക്കീം തന്റെ ഒടിരൂപം സ്വീകരിക്കുന്നതും ഒടി വിദ്യയാൽ വേണുവിനെ വിസ്മയിപ്പിക്കുന്നതും. ഡോയലിന്റെ നോവലിന്റെ ഒടുവിൽ ചതുപ്പ് നിലത്തെ ചൂഴ്ന്ന് നിൽക്കുന്ന ദുരൂഹത ഷെർലക് ഹോംസ് വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്.എന്നാൽ ഒട്ടേറെ ദുരൂഹതകൾ ബാക്കി നിർത്തി ബാക്കി വായനക്കാർക്ക് ചിന്തിക്കാൻ വിട്ട് കൊടുത്ത് കൊണ്ടാണ് ‘ഒടിസൂചിക’ കഥാകൃത്ത് അവസാനിപ്പിക്കുന്നത്.
ഒരു ഭീതികഥ (Horror story) എന്ന നിലയിൽ ‘ഒടിസൂചിക’ എന്ന കഥയിൽ കഥാകൃത്ത് കഥാന്തരീക്ഷത്തിൽ ഭീതിയുണർത്തുന്നതും, ആകാംക്ഷ ജനിപ്പിക്കുന്നതുമായ വാക്യങ്ങളും മറ്റും സമർത്ഥമായി ഉപയോഗിക്കുന്നുണ്ട്. കഥയിൽ നിന്നുള്ള ചില വാക്യങ്ങൾ നോക്കാം: ‘ നിഗൂഢതയുടെ നിഴലുകൾ എവിടെയൊക്കയോ ഒളിഞ്ഞു കിടന്നു ‘(പേജ്: 19) ‘കഥ പറഞ്ഞ് മെല്ലെ മുന്നോട്ടു നടക്കുമ്പോഴും ചുറ്റുമുള്ള ഇരുട്ട് കൈകാലുകൾ വെച്ച് എന്റെ നേർക്ക് നടന്നടക്കുന്നതുപോലെ തോന്നി'(പേജ്: 21 ) ‘ഇരുട്ടിൽ മുളച്ച കണ്ണുകളിൽ നിന്ന് തുറിച്ചു നിൽക്കുന്ന തേറ്റകളിലേക്ക് തിളക്കം ഇറ്റിറ്റു വീണു'(പേജ് 25) ‘ഭയത്തിന്റെ കൂർത്ത മുള്ളുകൾ കാൽപ്പാദം മുതൽ കുത്തിക്കേറി വരുന്നത് ഞാനറിഞ്ഞു'(p:26) ‘ അവന്റെ നിഴൽ, ഇതുവരെ ഒരു പേടി സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത, ഭീകരരൂപിയായ ഒരു നാൽക്കാലിയായി തോന്നി.'(p:29)’എല്ലാവരും പകച്ചു നിന്നു, മുരൾച്ച അടുത്തു വരികയും ഭയം ഞങ്ങളുടെ മുമ്പിൽ നിരന്നു നിന്ന് തേറ്റ കാട്ടുകയും ചെയ്തു.'(p:46)
ഇമ്മട്ടിൽ കഥാന്തരീക്ഷത്തിൽ ഉടനീളം വാക്കുകൾ കൊണ്ടും വർണ്ണനകൾ കൊണ്ടും വായനകാരുടെ മനസിൽ ഭയത്തിന്റെയും ഉദ്വേഗത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ കഥാകൃത്തിന് കഴിയുന്നുണ്ട്. ഭീതി, ദുരൂഹത, നിഗൂഢത എന്നിവ ‘ഒടിസൂചിക’യുടെ ആഖ്യാനത്തെ ചടുലമാക്കുന്നു. ആകാംക്ഷയുണർത്തുന്ന ആഖ്യാനത്തിലൂടെ ഒരേ സമയം വായനയിലും, വായനക്കാരുടെ ഭാവനയിലും ഭ്രമാത്മകമായ അനുഭവം സൃഷ്ടിക്കാൻ കഴിയുന്നു എന്നതാണ് ‘ഒടിസൂചിക’യുടെ വിജയം.
★ഒടിസൂചിക: രാജേഷ് മോൻജി
പ്രസിദ്ധീകരണം: ശിഖ ഗ്രന്ഥവേദി.
മൊബൈൽ : 9995818729