മനുഷ്യന്റെ ഭാവനകളും സ്വപ്‌നങ്ങളും യഥാർത്ഥമായ വിഭ്രാന്തികൾ അല്ല. മറിച്ച്, സ്വന്തം ഉണ്മയുടെ നാനാർത്ഥ സ്വരങ്ങളിലേക്കുള്ള കിനാവള്ളികളാണ്. ജീവിതത്തെ മുറുകെപിടിക്കാനും തിരികെപിടിക്കാനുമുള്ള സകല സാധ്യതകളെയും ഭ്രാന്തമായി അന്വേഷിക്കാനും പിന്തുടരാനുമുള്ള മനുഷ്യന്റെ ജൈവപ്രേരണയാണ് ഭാവനയും ഭാവുകത്വവും. ഇത്തരം സർഗചോദനകളെ അക്ഷരങ്ങളിൽ ആവാഹിക്കുകയും കുടിയിരുത്തുകയുമാണ് സാഹിത്യത്തിന്റെ കുലധർമം നിയതമായ രൂപവിന്യാസങ്ങൾക്കപ്പുറത്തേക്ക് അക്ഷരശരീരം വ്യാപിക്കുമ്പോൾ ഭാവനയുടെ വ്യാകരണങ്ങൾ ജനിതക വ്യതിയനം സംഭവിച്ച് സാധ്യതകളുടെ കലയായി മാറുന്നു. ജൈവീകവും അജൈവീകവുമായ യാഥാർത്ഥ്യങ്ങൾ പരസ്പരം നിർവ്വചിച്ചും പൂരിപ്പിച്ചും നിലനിൽക്കുന്നതിന്റെ രഹസ്യം ഭാവനയുടെ പിൻബലത്തോടെ അന്വേഷിക്കാനുള്ള ഉദ്യമമാണ് ഒരോ സാഹിത്യ
സപര്യയും.
പ്രണയത്തിലും പ്രകൃതിയിലുമാണ് മനുഷ്യ ഭാവനയുടെ പരിസരങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത്. ഈ ഭൂമിയുടെ അക്ഷര ഛായാഗ്രഹണമാണ് ജീ.ആർ. ഇന്ദുഗോപന്റെ പുതിയ കഥാസമാഹാരമായ ‘ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും’. ഇന്ദുഗോപന്റെ കഥകളിൽ പ്രണയത്തിന്റെ ദൃശ്യാവിഷ്‌ക്കാരമായി പ്രകൃതിയും, പ്രകൃതിയുടെ സത്തയായി പ്രണയവും നിലനിൽക്കുന്നു. പ്രകൃതി ഭയപ്പെടുത്തുന്ന നിഗൂഢതയല്ല. ജീവിതത്തെ കൂടുതൽ അറിയാനും സ്‌േനഹിക്കാനും പ്രേരിപ്പിക്കുന്ന ലാവണ്യാത്മകതയാണ് മഞ്ഞും, മഴയും, കാറ്റും, വെയിലും, നിലാവും, പരാഗണവും, ഋതുക്കളുമെല്ലാം. പ്രകൃതിവിരുദ്ധമായ പ്രണയവും, പ്രണയമില്ലാത്ത പ്രകൃതിയും എത്രത്തോളം ജീവനെ നിഷേധിക്കുന്നുവെന്ന് മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണമായ വൈരുധ്യങ്ങളിലൂടെ ആവിഷ്‌ക്കരിക്കാൻ ഇന്ദുഗോപന് കഴിയുന്നുണ്ട്. പ്രകൃതിയുടെ താളം പ്രണയമാണ്. പ്രകൃതിയും പ്രണയവും തമ്മിലുള്ള നാഭീനാളബന്ധത്തെ ഉദ്വേഗജനമായി അടയാളപ്പെടുത്താനുള്ള കഥാകൃത്തിന്റെ ദൃശ്യവൽക്കരണ പാടവം അസാധാരണമാണ്.
ഗ്രഹണം ബാധിച്ച ആണനക്കങ്ങൾ
അഷ്ടമുടിക്കായലിലെ തുരുത്തുകളിലൊന്നായ പുണ്യാളൻ ദ്വീപിലെ കക്ക പൊറുക്കിയും കായവിഭവങ്ങൾ പാചകം ചെയ്തും ജീവിക്കുന്ന ടെറി പീറ്റർക്ക് പെണ്ണു കണ്ടുവരുന്ന ക്‌ളിന്റെൻ ഡിക്രൂസ് കൂട്ടുകാരായ നെറ്റോ ലൂക്കയോടും ഹാരോൺ തങ്കച്ചനോടും പെണ്ണിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. കാഴ്ചബംഗ്‌ളാവുപോലെയുള്ള ശരീരവും, കല്ലടയാറ്റിലെ കൊറുവപ്പരലിന്റെ അഴകളവും, ഇടവപ്പാതിയിലെ കായലുപോലുള്ള കണ്ണുകളും, മുതുകിലൂടെ ഒരു പാമ്പിനു കടന്നുപോകാവുന്ന നെഞ്ചുവിരിവും, പിശകുള്ള ചിരിയുമുള്ളവൾ ടെറിയെ കല്ല്യാണം കഴിക്കുന്നതിന്റെ യുക്തി കൂട്ടുകാർക്ക് മനസ്‌സിലായില്ല. പ്രത്യേകിച്ചും ആ ചെറുക്കനെ ഒന്നു കാണുകപോലും ചെയ്യാതെ. മനസമ്മതത്തിന്റെ തലേന്ന് രാത്രി ക്‌ളിന്റെൻ തന്റെ ആശങ്കകൾ ഹാരോയോട് പറഞ്ഞു. കക്കാപിടുത്തക്കാരനായ ടെറിക്ക് കല്ല്യാണം ഒരു കൂനാങ്കുരുക്കും കെട്ടിയൊഴിപ്പിക്കലുമാകുമെന്ന് ക്‌ളിന്റെന് ഉറപ്പാണ്. ഒരു പരിചയവും ഇല്ലാത്ത തന്നെ നോക്കി ചിരിച്ചതുതന്നെ പെണ്ണിന്റെ സ്വഭാവം ശരിയല്ല എന്നതിന്റെ തെളിവാണ്. പിറ്റേന്ന് മന:സമ്മതം കഴിഞ്ഞ് പെണ്ണ് ഹാരോയുടെ കൈയ്യിൽ പിടിച്ച് ‘ഹാരോച്ചാ’ എന്നു വിളിച്ചു. അപ്പോഴാണ് തന്റെ സഹപാഠിയായ ‘ട്വിങ്കിൽ റോസാ പുന്നൂസാണ്’ പെണ്ണെന്ന് ഹാരോച്ചൻ അറിഞ്ഞത്.
ടെറി കല്ല്യാണം കഴിക്കുന്നത് ട്വിങ്കിളാണെന്ന് അറിഞ്ഞതുമുതൽ ഹാരോച്ചന്റെ ഉൾഭയവും ആശങ്കയും മൂർച്ഛിച്ചു. സൗന്ദര്യധാമമായ ട്വിങ്കിൾ കക്കാപിടുത്തക്കാരനെ വിവാഹം കഴിക്കുന്നതിന്റെ കാരണമറിയാൻ ഹാരോച്ചൻ അവളെ കണ്ടു. ജടായുപാറയിലൂടെ നടന്നുകൊണ്ടിരിക്കെ ട്വിങ്കിൾ രഹസ്യം വെളിപ്പെടുത്തി. ട്വിങ്കിൾ വിവാഹം കഴിക്കുന്നത് പുണ്യാളൻ ദ്വീപിനെയാണ്. അതിന്റെ കാരണം ഹാരോച്ചനാണ്. കൊല്ലം എസ്.എൻ. കോളേജിൽ പഠിക്കുന്ന കാലത്ത് ഉച്ചയൂണിന്റെ സമയത്ത് ഹാരോച്ചൻ പുണ്യാളൻ ദ്വീപിനെക്കുറിച്ചും, കായൽ വിഭവങ്ങളെക്കുറിച്ചും, കായലിനു മീതെ നീങ്ങുന്ന പശപ്പറ്റ് എന്ന ചാരനിലാവിനെക്കുറിച്ചും, ദ്വീപിലെ ഉദയാസ്തമയങ്ങളെക്കുറിച്ചും സംഗീതാത്മകമായി തുടിക്കുന്ന തവളകളും ചീവിടുകളും മൽസ്യങ്ങളും തീർക്കുന്ന വിസ്മയത്തെക്കുറിച്ചും, നക്ഷത്രങ്ങൾ ചിമ്മിച്ചിമ്മി നിൽക്കുന്ന ആകാശംപോലെയുള്ള കക്കാറ്റത്തിന്റെ യാത്രയെക്കുറിച്ചും ട്വിങ്കിളിനോട് വിവരിച്ചു. ഹാരോച്ചന്റെ പുണ്യാളൻ ദ്വീപ് നിലാവിലും അമാവാസിയിലും ഗർഭപാത്രംപോലെ സുരക്ഷിതമാണ്. അത്തരമൊരു ദ്വീപിൽ കുടിലുകെട്ടി താമസിക്കാൻ ട്വിങ്കിൾ അന്നു തീരുമാനിച്ചതാണ്. ചെറുക്കൻ പുണ്യാളൻ ദ്വീപുകാരനെന്ന് കേട്ടപ്പോൾ ട്വിങ്കിൾ വിവാഹം ഉറപ്പിച്ചു.
ദ്വീപിന്റെ കായൽവിഭവങ്ങളായിരുന്നു ട്വിങ്കിളിനെ പ്രലോഭിപ്പിച്ച മറ്റൊരു ഘടകം. ട്വിങ്കിളുമൊത്ത് ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ അഷ്ടമുടിക്കെട്ടിലെ സകല തുരുത്തിലുമുള്ള അടുക്കളക്കിളവിമാരുടെ കൈപുണ്യം അടിച്ചെടുത്ത കൂട്ടുകാരൻ ഉണ്ടാക്കിയ വിഭവങ്ങൾ ഹാരോച്ചൻ അവൾക്ക് നൽകി. ശംഖുപുഷ്പത്തിന്റെ പൂവും ചങ്ങലംപെരണ്ടയും മഷിപ്പച്ചയും ചേർത്തരച്ച വിഭവങ്ങളും, കൊഞ്ചിന്റെ പൊടിയും, കണമ്പിന്റെ മുട്ടയും ട്വിങ്കിൾ ആസ്വദിച്ചുകഴിച്ചു. നക്കിത്തുടച്ച വിരലുകളെ അവൾ വീണ്ടും നാവുകൊണ്ട് ഓമനിക്കും. അങ്ങനെയാണ് ചെളിക്കെട്ടും നനവുമുള്ള, ആർനോൾഡ് വാവ ഭൂതത്തെപ്പോലെ കാവൽ നിൽക്കുന്ന ദ്വീപിനെ അവൾ പ്രണയിച്ചത്.
ടെറിയുടെയും ട്വിങ്കിളിന്റെയും വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഓസ്‌ട്രേലിയൻ പൗരനായ അനുരാഗ് കശ്യപും കൂട്ടുകാരും പുണ്യാളൻ ദ്വീപിനെ ഫോക്കസ് ചെയ്ത് ടൂറിസ്റ്റ് പ്രോഗ്രാം ക്രമീകരിച്ചു. ഹാരോയുടെ സുഹൃത്തും അഷ്ടമുടിയിലെ ഏറ്റവും വലിയ റിസോർട്ടിലെ ഷെഫുമായ ആന്റെണി അലക്‌സിനോട് അനുരാഗ് ആവശ്യപ്പെട്ടത്. പുണ്യാളൻ ദ്വീപിലെ മഞ്ഞ കക്കാത്തോരനും, ബജിയും, ഞണ്ടും, കരിമീനും, താറാവുമാണ്. ടെറി പീറ്ററുടെ നേതൃത്വത്തിൽ അനുരാഗിനും കൂട്ടുകാർക്കും അഷ്ടമുടിയുടെ കൈപുണ്യം വിളമ്പി. സൽക്കാരത്തിനിടയിലാണ് സന്ദർശകർ ട്വിങ്കിളിന്റെ കാമുകന്മാരാണെന്ന് ഹാരോച്ചൻ മനസ്‌സിലാക്കിയത്. പുണ്യാളൻ ദ്വീപിൽ കുടിലുകെട്ടി താമസിക്കണമെന്ന വാശി തന്നെ ഒഴിവാക്കാനാണോ എന്ന് പരീക്ഷിക്കാനാണ് അനുരാഗ് ബ്രോക്കർ പെരേരയെ ടെറിയുടെ ആലോചനയുമായി ട്വിങ്കിളിന്റെ വീട്ടിലേക്കയച്ചത്. ട്വിങ്കിളിന്റെ തീരുമാനത്തിൽ കലിപൂണ്ട കാമുകന്മാർ പകരം വീട്ടാനാണെത്തിയതെന്നറിഞ്ഞ ഹാരോച്ചൻ വള്ളത്തിൽ വേഗം ട്വിങ്കിളിന്റെ വീട്ടിലെത്തി. അപ്പോഴേക്കും കാമുകൻ കുള്ളൻ സുരേഷ് ട്വിങ്കിളിന്റെ വീടിനുള്ളിൽ കയറി. അനുരാഗും ബാഗാളി കുമുകനും ഹാരോച്ചനെ തടഞ്ഞു. തന്റെ വൃത്തികെട്ട മുഖത്ത് ചുംബിച്ചില്ലെങ്കിൽ ട്വിങ്കിളിനെ കൊല്ലുമെന്ന് സുരേഷ് ഭീഷണിപ്പെടുത്തി. തനിക്ക് യാതൊരു അറപ്പുമില്ലെന്നും, ഓരോ കാരണംകൊണ്ട് ഓരോരുത്തരെയും ഇഷ്ടമാണെന്നും ട്വിങ്കിൾ പറഞ്ഞപ്പോൾ സുരേഷിന്റെ കൈയ്യിൽനിന്നും കത്തി ഊർന്നുപോയി, ആ നിമിഷം മുതൽ കുള്ളൻ അവളുടെ സുരക്ഷാഭടനായി. വാതിൽ തുറന്ന് പുറത്തെത്തിയ കുള്ളന്റെ നിഴലിന് ഇളകുന്ന റാന്തൽ വെളിച്ചത്തിൽ സാധാരണ മനുഷ്യരിലും നീളമുണ്ടായിരുന്നു.
ട്വിങ്കിൾ റോസിന്റെ കഥയിൽ പ്രണയം പ്രകൃതി ഒരുക്കുന്ന വിസ്മയമാണ്. ചാരനിലാവിൽ ഇണചേരുന്ന ദേശാടനക്കിളികളെപ്പോലെ, കായലിൽ പ്രതിബിംബിക്കുന്ന നനുത്ത കരമേഘങ്ങൾക്കിടയിലെ, ചന്ദ്രന്റെ നിലാവുപോലെയുള്ള സ്വാഭാവികതായാണിത്. ടെറിയുടെയും ട്വിങ്കിളിന്റെയും ആദ്യരാത്രി ഇന്ദുഗോപൻ വിവരിക്കുന്നത് എത്ര ജൈവിക പ്രസന്നതയോടാണ്. കായൽവെള്ളത്തിൽ ഇറങ്ങിയ ട്വിങ്കിളിന്റെ കാല്പാദത്തിൽ മീനുകൾ മൽസരിച്ച് ഉമ്മവെച്ചു. ‘ആദ്യരാത്രി ഇത്രയും ഉമ്മകൾ കിട്ടിയ ഒരു പെൺകുട്ടി ലോകത്തുണ്ടാവില്ലെന്ന’ പ്രസ്താവത്തിൽ പ്രണയവും പ്രകൃതിയും ഒന്നാകുന്നു. കായലിനടിയിൽനിന്ന് ടെറി ട്വിങ്കിളിനെ പൂപോലെ വാരിയെടുക്കുന്നതും സ്വർഗീയ ആനന്ദത്തിൽ മതിമറക്കുന്നതും ഈ ഒന്നാകലിന്റെ ശാരീരിക ആവിഷ്ക്കാരങ്ങളാണ്. പൊണ്ടാട്ടിയെയും ഓമ്പുകളെയും (കുഞ്ഞു ഡോൾഫിൻ) കടലിൽ അഷ്ടമുടിയുടെ വായിൽ കാത്തുനിർത്തിയിട്ട് ക്രിസ്റ്റീനയെ പ്രേമിക്കാനെത്തുന്ന കടപ്പന്നിയും സ്വപ്‌നസമാനമായ അനുഭൂതി സമ്മാനിക്കുന്നു. പണക്കാരൻ കെട്ടിക്കൊണ്ട് പോകാത്തതിൽ കർത്താവിന് സ്തുതി പറയുന്നതും, എവിടെ കൊണ്ടുകള.ാലും പൂച്ചയെപ്പോലെ തിരികെ വരുമെന്ന് ട്വിങ്കിൾ പറയുന്നതും ബഹുനിലകളുള്ള മനുഷ്യ സ്വപ്‌നങ്ങളുടെ താഴത്തെ നിലയായ പ്രകൃതിയുടെ മടിത്തട്ടിൽ ലഭിക്കുന്ന അവാച്യമായ പ്രണയം നുകരാനുള്ള മോഹം കൊണ്ടാണ്.
ആണനക്കങ്ങളെ ഭയമില്ലാതെ സ്‌കാൻ ചെയ്യുന്ന, ഭാവനയുള്ള പുരുഷന്മാരെ ഇഷ്ടപ്പെട്ട, ചെറുപ്പുകുത്തിയെയും വികൃതമായ മുഖമുള്ള കുള്ളനെയും ഓരോരോ കാരണങ്ങളാൽ പ്രണയിച്ച, പണംകൊണ്ട് സകലതും വാങ്ങാൻ കഴിയുമെന്ന അമിത ആത്മവിശ്വാസക്കാരായ കാമുകന്മാരെ മണ്ടന്മാരെന്ന് വിളിക്കുന്ന, വിവാഹമെന്നത് സ്ര്തീയും പുരുഷനും നടത്തുന്ന ശാരീരിക കൊടുക്കൽ വാങ്ങലുകളാണെന്ന സമ്പ്രദായിക ധാരണ തിരുത്തുന്ന ട്വിങ്കിളാണ് കഥയുടെ സഞ്ചാരത്തെ നിയന്ത്രിക്കുന്നത്. ആന്തരിക സൗന്ദര്യം പൂത്തുലയുന്നത് ജീവിതം സ്വാഭാവികതയിൽ ആഘോഷിക്കുന്ന ജൈവപരിസരങ്ങളിലാണെന്ന് ട്വിങ്കിളിനറിയാം. ഈ തിരിച്ചറിവിലാണ് പുണ്യാളൻ ദ്വീപിലെ ഏറ്റവും വലിയ സുന്ദരി കായൽപ്പണിക്കിറങ്ങുന്നത്. ദ്വീപിലെ ചെളിക്കെട്ടും നനവും ആധുനീകസൗകര്യങ്ങളുടെ അഭാവവും അവളെ തെല്ലും അലോസരപ്പെടുത്തിയില്ല. ട്വിങ്കിൾ ജീവിതം ആഘോഷിക്കുന്നത് ടെറിയോടും ദ്വീപിനോടുമൊപ്പമാണ്. ടെറിയും പ്രകൃതിയും അവൾക്ക് ഭിന്ന യാഥാർത്ഥ്യങ്ങളല്ല. നിലാവിലും കായലിന്റെ ഓളങ്ങളിലും അടിത്തട്ടിലും ട്വിങ്കിൾ കണ്ടത് ടെറിയെ
തന്നെയാണ്.
പൗരുഷത്തെക്കുറിച്ചുള്ള സകല പരമ്പരാഗത നിർമ്മിതികളെയും ടെറി എന്ന കഥാപത്രത്തിലൂടെ ഇന്ദുഗേപാൻ അഴിച്ചുപണിയുന്നു. ആദ്യരാത്രിയിൽ തന്റെ ഭാര്യയായ ട്വിങ്കിളിന്റെ സുന്ദരശരീരത്തിൽ മൽസരിച്ച് ഉമ്മവെയ്ക്കാൻ കയലിലെ മീനുകളെയും പൂർണചന്ദ്രന്റെ പ്രകാശത്തെയും അനുവദിച്ച ടെറി, സാംസ്‌ക്കാരിക ശാഠ്യങ്ങളെയും ആചാരങ്ങളുടെ മാറ്റിക്കൂടായ്മയെയും തിരുത്തുന്നു. ഭാര്യയുടെ ശരീരത്തെ കീഴ്‌പ്പെടുത്താനുള്ള ഭർത്തൃസഹജമായ വ്യഗ്രതയെ ടെറി ഹൃദയവിശാലതകൊണ്ട് തോൽപ്പിച്ചു. അടുക്കളപ്പണി ചെയ്യാൻ ഭാര്യയെ അനുവദിക്കാത്ത ടെറി അവളെ കായലിൽ കക്കാവാരാൻ കൂടെ കൊണ്ടുപോകുന്നു. ഭാര്യയുടെ ശരീരത്തെ സ്വകാര്യസദാചാര സ്വത്തായി കാണുന്ന സങ്കുചിത പുരുഷാധിപത്യ മൂല്യബോധങ്ങൾ ടെറിയെ സ്വാധീനിക്കുന്നില്ല. പുണ്യാളൻ ദ്വീപിലെ ഏറ്റവും വലിയ സുന്ദരിയാണ് തന്റെ ഭാര്യയെന്ന ചിന്തയൊന്നും ടെറിയ പരിഭ്രന്തനാക്കുന്നില്ല. ട്വിങ്കിളിന്റെ സ്വാതന്ത്ര്യവും സ്വപ്‌നങ്ങളും സ്വാഭാവികതയും ഉണ്മയുടെ പ്രകാശിതമായ ആവിഷ്‌ക്കാരങ്ങളായി കാണുന്നതിലൂടെ ടെറി പുരുഷത്വ പൂർണ്ണതുടെ സാകല്യത അനുഭവിക്കുന്നു.
ഭാര്യയെ വരുതിയുടെ വറചട്ടിയിൽ പരുവപ്പെടുത്തലല്ല പുരുഷത്വം, മറിച്ച് അവളുടെ ആളത്തത്തിന്റെ പൊരുളും ചേരുവകളും അറിഞ്ഞ് ആദരിക്കലാണ്. ഭാവനയുള്ള ആണുങ്ങളുടെ ആന്തരീകസൗന്ദര്യത്തെ ആരാധിച്ച, ഞരമ്പുരോഗികളുടെ ആണനക്കങ്ങളെ സ്‌കാൻ ചെയ്യുന്ന ട്വിങ്കിളിന്റെ സവിശേഷ സ്ര്തീത്വം ടെറിയോടും ഹാരോയോടും പുണ്യാളൻ ദ്വീപിനോടുമുള്ള ബന്ധത്തിൽ പൂർണ്ണത കണ്ടെത്തുന്നു.
മെയ്‌ഡ് ഇൻ കരിങ്കായൽ
തിരുവനന്തപുരത്തെ ചാലക്കമ്പോളത്തിലെ ഇടവഴികൾ ‘താമരപ്പൂവിന്റെ ഇതളുകൾക്കിടയിലെ രഹസ്യങ്ങൾ’ പോലെയാണ്. ഈ കുടുസ്‌സുവഴികളിലെ ഓർത്തുവയ്ക്കാനാവാത്ത തിരിവുകളിലൂടെയുള്ള സാഹസീക സഞ്ചാരമാണ് ഇന്ദുഗോപന്റെ ‘പുഷ്പവല്ലിയും യക്ഷിവസന്തവും’ എന്ന കഥ. കഥാകൃത്തിന്റെ ചിറയിൻകീഴിലുള്ള സുഹൃത്തിന്റെ അമ്മയുടെ കയർവ്യവസായവും തൊണ്ടഴുക്കലിന്റെ കാഴ്ചകളുമാണ് കഥയുടെ പ്രേരണാപരിസരം. ഇന്ദുഗോപൻ മുഖമൊഴിയിൽ പറയുന്നതുപോലെ, തൊണ്ടഴുക്കലിന്റെ നാട്ടിൽനിന്ന് അനന്തപുരിയിലെ അബ്‌കാരിയാകുന്ന പുഷ്പവല്ലി സാങ്കല്പിക കഥാപാത്രമാണ്.
‘രാക്ഷസി’, ‘മറുതാവല്ലി’, ‘ഊപ്പവല്ലി’ തുടങ്ങിയ ഇരട്ടപേരുകളിലറിയപ്പെടുന്ന ബാറുടമയും കള്ളുറാണിയുമാണ് പുഷ്പവല്ലി. കള്ളു മോന്തിനിറച്ച് ലക്ഷങ്ങൾ കുടിശ്ശിക വരുത്തി കൊല്ലപ്പെടുന്ന നാലാമത്തെയാളാണ് സുരേന്ദ്രൻ. അന്വേഷണത്തിന് എത്തിയ പോലീസുകാരനോട് സുരേന്ദ്രനെ കൊന്നത് വസന്തയാണെന്ന് പുഷ്പവല്ലി പറഞ്ഞു. നഗരത്തിലെ പെൺക്രിമിനലുകളാണ് പുഷ്പവല്ലിയും വസന്തയും. പുഷ്പവല്ലിയെ മൂന്നാലു തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, ഒരു കേസിലും അവളുടെ ശത്രുവായ ‘യക്ഷിവസന്തയെ’ അറസ്റ്റുചെയ്യാൻ പറ്റിയിട്ടില്ല. 16 വയസ്‌സിലെ ഒരു ഫോട്ടോയല്ലാതെ മറ്റൊന്നും പോലീസിന്റെ കൈയ്യിൽ തെളിവായിട്ടില്ല. വസന്തയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചറിയാൻ അന്വേഷണങ്ങളോടും നിഗൂഢമായ മനുഷ്യാവസ്ഥകളോടും ഭ്രമമുള്ള പ്രൈവറ്റ് ഡിറ്റക്ടീവ് പ്രഭാകരനെ പോലീസ് ചുമതലപ്പെടുത്തി, മുന്നൂറിലേറെ വർഷം പഴക്കമുള്ളതും മൊട്ടുസൂചി മുതൽ റോക്കറ്റിനുള്ള സ്‌പെയർ പാർട്‌സ് വരെ കച്ചവടം ചെയ്യുന്നതുമായ മാർക്കറ്റിനുള്ളിലാണ് വസന്തയുടെ താമസം. കമ്പോളത്തിനുള്ള എന്തുനടക്കുന്നുവെന്ന് നഗരസഭയിലോ ദൈവസഭയിലുള്ളവർക്കോ പോലും അറിയില്ല. മണ്ണുകച്ചവടം മുതൽ കൊലപാതകംവരെയുള്ള ഇടപാടാണ് വസന്തയുടെ സാമ്പത്തീക സ്രോതസ്‌സ്. ഇടനിലപ്പങ്കിന്റെ മുക്കാൽഭാഗം എല്ലാവരും പങ്കിട്ടെടുക്കും. ബാക്കി പണത്തിന്റെ പകുതി നഗരത്തിലെ അനാഥാലയങ്ങളിലേക്കും പാവപ്പെട്ട കുഞ്ഞുങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കും പോകും. വീട്ടുകാരുമായി ബന്ധമില്ലെങ്കിലും അവർക്ക് ജീവിക്കാനുള്ള കാശ് എത്തിച്ചുകൊടുക്കും. ഈ കുരുതിക്കളത്തിലെ രഹസ്യമൂറ്റാനാണ് പ്രഭാകരൻ കടയിലെ എടുത്തുകൊടുപ്പുകാരനായും ചണ്ടകശാലയിലലെ സൂക്ഷിപ്പുക്കാരനായും പണിയെടുത്തത്. ചെരുപ്പുകുത്തിയായ രായപ്പൻമേശിരിയിലൂടെ ദൈവത്തിന്റെ ശക്തിക്കിണങ്ങുന്ന ബുദ്ധിയോടെ നിർമ്മിച്ച, മുന്നൂറുകൊല്ലം മുറ്റിയ ഒരു മരത്തിന്റെ കാതലിന്റെ വളയങ്ങൾ പോലെ സങ്കീർണമായ കമ്പോളത്തിൽ ക്രിമിനൽ റാണിയായി വിലസുന്ന വസന്തയെ പ്രഭാകരൻ കണ്ടു. വസന്തയെക്കുറിച്ച് ലഭിച്ച വിവരങ്ങൾ കൈമാറാൻ പ്രഭാകരൻ പുഷ്പവല്ലിയെ കണ്ടു. ഗുണ്ടയാകുന്നതിന് മുമ്പ് തന്റെ വേലക്കാരിയായിരുന്ന വസന്തയുമായുള്ള ശത്രുതയുടെ തുടക്കത്തെക്കുറിച്ചും അശോകനുമായുള്ള വിവാഹത്തിലൂടെ നഗരത്തിലെ ബാറുടമയായതിനെക്കുറിച്ചും പുഷ്പവല്ലി വാചാലയായി. വസന്തയുടെ ക്രിമിനൽ ബുദ്ധിയെക്കുറിച്ച് പ്രഭാകരൻ പ്രശംസിച്ചതിനോട് പുഷ്പവല്ലി പ്രതികരിച്ചത് പെൺകരുത്തിന്റെ ദൃഢതയെക്കുറിച്ച് അഭിമാനിച്ചുകൊണ്ടാണ്ണ: ‘നിങ്ങൾക്ക് പെണ്ണുങ്ങളെക്കുറിച്ച് എന്തറിയാം? ഒരുമ്പെട്ടിറങ്ങിയാൽ ഒരുത്തന്റേം തുണവേണ്ട. ചില കലണ്ടറിലൊക്കെ അമ്പത്താറു കയ്യിലും പലതരം ആയുധവുമായിട്ടു നിൽക്കുന്ന ഭദ്രകാളീടെ പടം കണ്ടിട്ടില്ലേ. അതുപോലാ. പത്തൊമ്പതാം വയസ്‌സി ചിറയിൻകീഴിനടുത്തെ ഒരു കായലീന്ന് ഞാൻ കേറി വന്നതും അങ്ങനാ. അന്ന് രണ്ടു കയ്യേ ഉണ്ടാരുന്നുള്ളൂ. പിന്നല്ലേ ബാക്കി മുളച്ചത്’.
ഒരു ദിവസം തൊണ്ട് അഴുകിയ വെള്ളത്തിൽ നിൽക്കുമ്പോൾ അശോകണ്ണൻ വേഗത്തിൽ തന്നെ ഇടിക്കുമെന്ന മട്ടിൽ കാർ ഓടിച്ചിട്ടും പുഷ്പവല്ലി കുലുങ്ങിയില്ല. കാരണം പുഷ്പവല്ലി തന്നെ പറഞ്ഞു, ‘മെയ്ഡ് ഇൻ കരിങ്കായലാ’. പ്രഭാകരൻ പുഷ്പവല്ലിയെ പഴയകാല നിഗൂഢതകളുടെ ലഹരിയിലേക്ക് അവളറിയാതെതന്നെ എത്തിച്ചു. അശോകൻ വരുത്തിവച്ച കടബാധ്യതയുടെ മാറാപ്പുമായാണ് പുഷ്പവല്ലി ബാറു നടത്താൻ ആരംഭിച്ചത്. കള്ളവാറ്റ് വശമാക്കി ഞാറ്റടയണ്ണന്റെ സഹായത്തോടെ തുടങ്ങിയ ചാരായകച്ചവടം ദൈവം നേരിട്ട് നടത്തുന്നതുപോലെ വച്ചടി കയറ്റമായിരുന്നു. മൊത്തത്തിൽ ലോകം പുരുഷന്മാരുടെയായതുകൊണ്ട് അഞ്ചാറാണുങ്ങളുടെ തോളിൽ
ചവിട്ടിയാണ് പുഷ്പവല്ലി വളർന്നത്. കാളകൂടമെടുത്ത് പെണ്ണിനെ ഉണ്ടാക്കിയതുപോലെ. കൂടെ നിൽക്കുന്നവരും സഹായിച്ചവരും അപകടമാണെന്ന് തോന്നിയപ്പോൾ കറിവേപ്പിലപോലെ കളഞ്ഞു. കയ്യിൽ കയറിപ്പിടിച്ച പലിശക്കാരനെയും, ഡ്രൈവിംഗ് പഠനത്തിനിടയിൽ ശ്രദ്ധമാറിയ ഡ്രൈവർ പയ്യനെയും, കയറു മുതലാളിയെയും ശാരീരികമായി തന്നെ പുഷ്പവല്ലി കൈകാര്യം ചെയ്തു. പക്ഷേ, ഒന്ന് ഊതിയാൽ താഴെ വീഴുമായിരുന്ന ഭർത്താവ് അശോകന്റെ ക്രൂരതകൾ അവൾ സഹിച്ചു. കഴുത്തിന് കുത്തിപ്പിടിച്ചപ്പോഴും റാട്ടു പിടിച്ചും തൊണ്ടുതല്ലിയും ഉരുക്കുപോലി്ിക്കുന്ന ശരീര
ത്തിന്റെ കരുത്ത് പുഷ്പവല്ലി പോളിയോ ബാധിച്ച ദുർബലനായ അശോകനോട് കാണിച്ചില്ല.
ഓർമ്മകളും ഗൃഹാതുരത്വവും യാതനകളും പുഷ്പവല്ലിയെ വൈകാരികമായി ദുർബലമാക്കി. അപ്പോൾ ഡിറ്റക്റ്റീവ് പ്രഭാകരൻ താൻ കമ്പോളത്തിൽ കണ്ടെത്തിയ രഹസ്യം പുഷ്പവല്ലിയോട് പറഞ്ഞു: പുഷ്പവല്ലി തന്നെയാണ് വസന്ത. പുഷ്പവല്ലി സൃഷ്ടിച്ചെടുത്ത സാങ്കൽപ്പിക കഥാപാത്രമാണ് വസന്ത. തന്നോട് അധികാരം കാണിച്ചവരെ കൊന്നതും, ഗുണ്ടാ ഇടനിലകളിലൂടെ പിരിച്ചെടുക്കുന്ന പണം അനാഥാലയങ്ങൾക്കും പത്രങ്ങളിൽ കാണുന്ന ചികിൽസാ സഹായത്തിനുള്ള അക്കൗണ്ടിലേക്ക് എത്തിച്ചിരുന്നതും വസന്തയുടെ പേരിലാണ്. കൊല്ലപ്പെട്ട സുരേന്ദ്രനടക്കം കുടിച്ച് മുടിച്ചവർ തനിക്ക് വലിയ തുക തരാനുണ്ടായി്ുന്നു. എന്നിട്ടും തനിക്ക് കടക്കാരായ കുടിയന്മാരെ കൊന്നത്
നിവൃത്തികേടിന്റെ അങ്ങേയറ്റത്തിലെത്തിയ കുടുംബങ്ങളെ രക്ഷിക്കാനാണ്. വസന്തയുടെ പേരിൽ സുരേന്ദ്രനെ കൊന്നത് റിട്ടയർമെന്റിന് മുമ്പ് അയാൾ മരിച്ചാൽ മകൾക്ക് ജോലി കിട്ടും എന്നതുകൊണ്ടാണ്. തന്റെ രഹസ്യങ്ങളെല്ലാം അറിഞ്ഞ പ്രഭാകരനെ പുഷ്പവല്ലി കൊല്ലാതെ വിടുന്നു. കാരണം, ‘അവൾക്ക് യഥാർത്ഥ ആണുങ്ങളെയാറിയാം’.
കരിങ്കായലിന്റെ കരുത്തും, പെണ്ണിന്റെ സഹജമായ കാരുണ്യവും, അധോലോക നായികമാരെ ഓർമ്മിപ്പിക്കുന്ന ക്രിമിനൽ ബുദ്ധിയും, ഇരുത്തംവന്ന കച്ചവടക്കാരുടെ കുശാഗ്രബുദ്ധിയും പുഷ്പവല്ലിയിൽ സമന്വയിക്കുന്നു. കള്ളുറാണിയായ പുഷ്പവല്ലി തനിക്ക് വൻതുകകൾ തരാനുള്ളവരെ കൊല്ലുന്നത് കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങളെ സഹായിക്കാനാണ്. ഭർത്താവിന്റെ പീഢനങ്ങൾ സഹിക്കുമ്പോൾ സാധാരണ ഭാര്യയായും, പൂവാണെന്ന് കരുതി ഞെരടാൻ വന്നവരെ ക്രൂരമായി ആക്രമിക്കുമ്പോൾ ഭദ്രകാളിയായും പുഷ്പവല്ലി മാറുന്നു. ആണുങ്ങളുടെ ലോകത്ത് പുഷ്പവല്ലി അതിജീവനത്തിന്റെ വഴികൾ തേടുന്നു.. പുഷ്പവല്ലി പുരുഷവിരോധിയല്ല. ട്വിങ്കിൾ റോസിനെപ്പോലെ ‘യഥാർത്ഥ ആണുങ്ങളെ’ ബഹുമാനിക്കുന്നവളാണ്.
നരിച്ചീറുകൾ വാഴാത്ത നാട്
വെന്തമാംസത്തിന്റെ മണം വിടാതെ വേട്ടയാടുന്ന കഥയാണ് ‘ആരൾവായ്‌മൊഴിയിലെ പാതിവെന്ത മനുഷ്യർ’. കന്യാകുമാരി ജില്ലയിൽ ചിതറിക്കിടക്കുന്ന പഴയ തിരുവിതാംകൂറിന്റെ അവശിഷ്ടങ്ങൾ നടന്നുകാണുകയെന്ന ഭ്രാന്തിന്റെ ഭാഗമായി തിരുവിതാംകൂറിന്റെ അതിർത്തിയായിരുന്ന ആരൾവായ്‌മൊഴി റെയിൽവേ സ്‌റ്റേഷനിൽ പെട്ടുപോയ ആഖ്യാതാവിന്റെ അനുഭവങ്ങളും ഭാവനയും ചേർന്നാണ് ഈ കഥ ഉരുത്തിരിയുന്നത്. രാത്രി സ്‌റ്റേഷനിലെ സിമന്റ് ബഞ്ചിലിരുന്നു മയങ്ങിപ്പോയ കഥാകൃത്ത് ഉണർന്നത് കഴുത്തിൽ മഫ്‌ളർ ചുറ്റിയ വിനായകംപിള്ളയുടെ ശബ്ദം കേട്ടാണ്. രാത്രിയിൽ റെയിൽപാളത്തിലൂടെ നടന്നുവരാൻ സാധ്യതയുള്ള ഒരു പാതിവെന്ത സ്ത്രീശരീരം ബഞ്ചിൽ ഇരിക്കുന്ന എഴുത്തുകാരനോട് ‘വിനായകംപിള്ളയാണോ’ എന്നു ചോദിച്ചാൽ ‘അതെ’ എന്നു പറയണമെന്ന് അപേക്ഷിച്ച് വിനായകംപിള്ള മടങ്ങി. സ്‌റ്റേഷന് സമീപമുള്ള കാറ്റാടിയന്ത്രത്തിന്റെ ആനറാഞ്ചിപ്പക്ഷിയെപ്പോലെ തോന്നിപ്പിക്കുന്ന നിഴലുകൾ കുരുക്ഷേത്ര യുദ്ധത്തിലെന്നോണം പടവെട്ടിക്കൊണ്ടിരുന്നത് വല്ലാത്ത ഭയം ഉണ്ടാക്കുന്നതായിരുന്നു. വേണ്ടാത്ത ശബ്ദം പിടിച്ചെടുക്കുന്ന വവ്വാലുകൾ ചങ്കുതകർന്ന് കാറ്റാടിപ്പാടങ്ങളിൽ രാത്രിയിൽ ചത്തുവീഴും.
പുലർച്ചെ വിനായകംപിള്ള അനുഭവങ്ങളെത്തേടി നടക്കുന്ന നായകനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. കാറ്റാടിയന്ത്രമായിരുന്നു വീട്, അയാൾ അതിന്റെ കാവൽക്കാരനും. ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പിദളവയുടെ ചത്തുപോയ കലാപത്തിന്റെ പ്രേതങ്ങൾ വിനായകംപിള്ളയുടെ കൂട്ടുകാരായിരുന്നു. അല്ലെങ്കിലും, തോൽവിയുടെ ചരിത്രം മരണത്തിലവസാനിക്കില്ല. അതു പ്രേതമായി ജീവിതത്തിൽ നിരന്തരം തോൽക്കാൻ വിധിക്കപ്പെട്ടരുടെ ഊർജ്ജമാകും. ചരിത്രം പ്രേതമായി വീണ്ടും അവതരിക്കുമോ? ഭൂരിഭാഗം മനുഷ്യരും ശരിയെന്നു കരുതുന്ന യാഥാർത്ഥ്യങ്ങളെ തലകീഴായി കാണുന്ന ‘വവ്വാലുകൾ’ ചത്താലും ചരിത്രത്തിനുള്ളിൽ പേത്രങ്ങളായി തുടരും. ചരിത്രത്തിൽ ‘വേണ്ടാത്ത ശബ്ദങ്ങൾ’ പൊരുൾ തിരിച്ചെടുക്കുന്ന ‘വവ്വാലുകൾ’ പെറ്റുപെരുകുന്നിടത്തോളം ആധിപത്യങ്ങൾക്കെതിരായ കലാപങ്ങൾ അവസാനിക്കില്ല.
കുളത്തൂപ്പുഴ സ്വദേശിയായ വിനായകംപിള്ള ചെറിയ പ്രായത്തിൽ കോയമ്പത്തൂരിലെത്തി. മധ്യപ്രദേശിൽ നിന്ന് പരുത്തി കൊണ്ടുവരുന്നതായിരുന്നു ആദ്യകാലങ്ങളിൽ പണി. പിന്നീട് ഗോഡൗണുകളുടെ ചുമതലയായിരുന്നു. അവിടെവെച്ച് കനകാംബരത്തെ പരിചയപ്പെട്ടു. ബനിയൻ കമ്പനിയിലെ ‘സുമംഗലി സ്‌കീമെന്ന’ സർക്കാർ പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന പെണ്ണായിരുന്നു കനകാംബരം. സർക്കാർ സ്‌കീമിലെ പെണ്ണുങ്ങൾക്ക് മൂന്നു കൊല്ലത്തേക്ക് കമ്പനിതന്നെ ആഹാരം, വെള്ളം, കിടപ്പ് എന്നി കൊടുക്കും. ശമ്പളം ബാങ്കിൽ പോകും. കാലാവധി കഴിയുമ്പോൾ
ബാങ്കിലുള്ള സമ്പാദ്യം വച്ച് സ്വയം കല്ല്യാണം നടത്താം. സ്‌കീം തീരാറായി എന്നറിഞ്ഞാൽ ചെറുക്കന്മാർ ക്യൂ നിൽക്കും. ഒടുക്കം അവൻ മണ്ണെണ്ണ ഒഴിക്കും. അല്ലെങ്കിൽ അവൾ സ്വയം ഒഴിക്കും. അങ്ങനെ എത്ര പെണ്ണുങ്ങളാണ് മുഴുവനായി വെന്തുമരിക്കുന്നതും പകുതി വെന്തു ജീവിക്കുന്നതും.
കോയമ്പത്തൂർ ഗോപാലപുരത്തെ ദണ്ഡുമാരിയമ്മൻ കോവിലിലെ വഴിപാടുൽസവത്തിന് കമ്പനിയിൽ ഇഷ്ടമുള്ളവർക്ക് അവധിയെടുക്കാം. പാതി ശമ്പളം കിട്ടും. മുഴുവൻ ശമ്പളം കിട്ടാൻ ആർത്തിയുള്ളവർ മാത്രമേ അന്നു ജോലിക്ക് പോകാറുള്ളൂ. അത്തരം ദിവസങ്ങളിൽ മുരുകാണ്ടി ഏമാന്റെ ഇഷ്ടക്കാരി പെണ്ണുങ്ങളുമായുള്ള വിളയാടലിന് കാവൽ നിൽക്കുന്നതു വിനായകംപിള്ളയാണ്. പതിവുപോലെ ഏമാന് വിടുപണി ചെയ്യുമ്പോൾ കനകാംബരത്തെക്കണ്ട് വിനായകംപിള്ള ഇളിഭ്യനായി. ഇതിനിടയിൽ വൈകിട്ട് വരെയുണ്ടാകുമെന്ന് പറഞ്ഞിരുന്ന മുരുകാണ്ടി കിതച്ചുകൊണ്ട് പുറത്തുപോയി. ഏമാൻ പറഞ്ഞതനുസരിച്ച് ഗോഡൗൺ പൂട്ടുന്നതിനിടയിൽ കനാകാംബരം മഞ്ഞച്ചരടും സ്വർണ്ണതാലിയും നീട്ടി താലികെട്ടാൻ ആവശ്യപ്പെട്ടു. വിനായകംപിള്ള അവളെ കെട്ടി: ‘പണിയെടുക്കിന്നിടം കോവിൽ. ശുദ്ധമായി ചിന്തിക്കുന്നവർക്ക് ഈ ഉലകമാകെ ദൈവത്തിന്റെ സന്നിധി’. ഇതിനിടയിൽ ആരോ ഗോഡൗണിന്റെ ബനിയൻ വേസ്റ്റിലേക്ക് തീപന്തം വലിച്ചെറിഞ്ഞു. തൊണ്ട വരിണ്ടിരിക്കുന്നവർ വെള്ളം കണ്ടപോലെ, തീ ഒരു ആളലായി. പരുത്തി തീയുടെ വൻകൂനകളായി മാറി. വിനായകംപിള്ളക്ക് പൊള്ളലേൽക്കാതിരിക്കാൻ കനകം അയാളെ കെട്ടിപ്പിടിച്ചു. ബോധം വരുമ്പോൾ വിനായകംപിള്ള ആശുപത്രിയിലാണ്. കനാകാംബരം നാഗർകോവിലിനടുത്ത് നീറാതെ ചാകാനുള്ള പച്ചമരുന്ന് ചികിൽസാ കേന്ദ്രത്തിലും. അവിടെ വെന്തുപോയ കുറെ പെണ്ണുങ്ങളുണ്ട്. സ്വയം കത്തിച്ചതും, മറ്റുള്ളവർ കത്തിച്ചതും, ആസിഡ് കുടിച്ചതും, ഒഴിച്ചതും, അങ്ങനെ കുറെ.
തിരുപ്പൂരിലെ തുണക്കമ്പനികളിൽ പെണ്ണുങ്ങളെ തല്ലുന്നതും കൊല്ലുന്നതും മാനഭംഗപ്പെടുത്തുന്നതും പുറംലോകം അറിഞ്ഞത് വികടച്ചാമിയുരെ പത്രത്തിലൂടെയും സിനിമയിലൂടടെയുമാണ്. ഗോഡൗണിൽ ഒളിച്ചിരുന്ന് മുരുകാണ്ടി ഏമാന്റെ ദുഷ്ടതകൾ അയാൾ ക്യാമറ വച്ച് പകർത്തി. ഒന്നരക്കൊല്ലം ജാമ്യം കിട്ടാതെ മുരുകാണ്ടി ജയിലിൽ കിടന്നു. വികടൻ വവ്വാലുപോലെയാണ്. വേണ്ടാത്ത ശബ്ദങ്ങളും കാഴ്ചകളും പിടിച്ചെടുക്കുന്ന കിറുക്കനായിരുന്നു. മുതലാളിമാരുടെ അടിയും ഇടിയും കൊണ്ട് ഉള്ള പഴുത്തിരുന്നു. വലതുകൈയ്ക്കു മാത്രം എട്ടു വളവായിരുന്നു. അയാളെ തീർക്കാനാണ് ഗോഡൗൺ കത്തിച്ചത്. വിനായകംപിള്ള കാവൽക്കാരനായിരിക്കുന്ന കാറ്റാടി നിൽക്കുന്നിടത്ത് പത്തിരുപതടി താഴ്ചയിൽ കുഴി കുഴിച്ച് കാറ്റാടിയുടെ തൂണെടുത്തുവച്ച് അതിൽ വികടച്ചാമിക്ക് ദഹനപൂജ ചെയ്തു. കോൺക്രീറ്റ് നിറച്ച് കുഴി നികത്തി. അതിന്റെ മീതെ കാറ്റടിയുടെ ടർബനും ജനറേറ്ററും ഘടിപ്പിച്ചു. മുരുകാണ്ടിയുടെ ഡ്രൈവർ കുരുടപ്പന്റെ കയ്യിൽനിന്നും കിട്ടിയ നമ്പർ ഉപയോഗിച്ച് വിനായകംപിള്ള കനകം കിടക്കുന്ന ആശുപത്രിയിലേക്ക് വിളിച്ചു. നെഞ്ചുകീറിയ കരച്ചിലായിരുന്നു കുറെനേരം മറുതലക്കൽ കേട്ടത്. വിനായകംപിള്ള കാണാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പാതിരാത്രിയിൽ ആരൾവാമൊഴിയിലെ റെയിലാപ്പീസിൽ വരാമെന്നു കനാകാംബരം സമ്മതിച്ചു. ഒരു ദിവസം രാത്രി ഒരു സ്ത്രീരൂപം വിനായകംപിള്ളയോട് പറഞ്ഞു, ‘അവൾക്കിങ്ങ് ഓടിയെത്താൻ പറ്റിയില്ല. പാളത്തിന്റെ വശത്തെവിടെയോ വീണുപോയി’. വിനായകംപിള്ള പ്‌ളാറ്റ്‌ഫോമിൽ നിന്നിറങ്ങി ഓടാൻ തുടങ്ങിയപ്പോൾ ആ സ്ത്രീ പിന്നിൽനിന്ന് വിളിച്ചുപറഞ്ഞു, ‘നിങ്ങളവളുടെ മുഖത്ത്
നോക്കരുത്’. പാളത്തിൽ കിടക്കുന്ന വെളുത്ത രൂപത്തിന്റെ മുഖത്തെ സാരി മാറ്റാതെ അയാൾ പരതി. മുഖം ഒട്ടുന്നു. ശ്വാസം നിലച്ചിരുന്നു. അവളുടെ കൈയ്യിൽ സ്വർണ്ണത്തിന്റെ പൊട്ട് ചുരുട്ടിപ്പിടിച്ചിരുന്നു. കനകത്തിന് കൂട്ടായെത്തിയ വെന്ത സ്ത്രീ പറഞ്ഞു, ‘അവളുടെ നെഞ്ചിൽ ഉരുകി തുളഞ്ഞിരുന്നതാണ് നിങ്ങളിട്ട താലി’. ആ സ്ത്രീ മെല്ലെ വീണ്ടും പറഞ്ഞു, ‘അവളിങ്ങ് നടന്നെത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു. എല്ലാവരും കാത്തിരിക്കുകയാണ് കനകം നിങ്ങളെ കണ്ടുമുട്ടിയോന്നറിയാല. കണ്ടുമുട്ടിയെന്ന് ഞാൻ കള്ളം പറയും. അവർക്ക് അത്രയെങ്കിലും ആശ്വാസമുണ്ടാകട്ടെ…’
വിനായകംപിള്ള ഇപ്പോഴും രാത്രിയിൽ റെയിൽവേ പ്‌ളാറ്റ്‌ഫോമിൽ ചെന്നിരിക്കുന്നുണ്ട്. പലരും വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇറങ്ങിനടക്കുന്ന വെന്തപെണ്ണുങ്ങളുടെ എണ്ണം കൂടി. വെന്തുവരുന്ന പെണ്ണുങ്ങളും കൂടിയിട്ടുണ്ടാകണം. കനകാംബരത്തിന്റെയും വിനായകംപിള്ളയുടെയും കഥയിൽ പ്രതീക്ഷയർപ്പിച്ച് വെന്തുപോയ പെണ്ണുങ്ങൾ അവരുടെ വിനായകംപിള്ളയെ കാണാനിറങ്ങുന്നുണ്ടാകണം. കരയുന്നുണ്ടാകണം. മരിക്കുന്നുണ്ടാകണം. അവർ വരുമ്പോൾ, അവരെ കാണുമ്പോൾ വിനായകംപിള്ള ഓർക്കുന്നത് കനകാംബരത്തെയാണ്. ഒരു ദിവസം ആരെങ്കിലും വന്നാൽ അവർ വിഷമിക്കരുത്. അതുകൊണ്ട്, വിനായകംപിള്ള രാത്രിയിൽ റെയിപ്പാളത്തിൽ കണ്ണുനട്ട് ഉറക്കമളിച്ചിരിക്കുന്നു. ചാകുന്നതുവരെ അയാൾ ഇതു തുടരും. അല്ലെങ്കിൽ, മുതലാളിമാർക്ക് പുതുതായി സ്ഥാപിക്കാൻ തോന്നാനിടയുള്ള കാറ്റാടിയന്ത്രത്തിനുള്ളലെ കരി ആകുന്നതുവരെ.
ഉപസംഹാരം
പ്രകൃതിയുടെ അതിസൂക്ഷ്മവും സ്വാഭാവികവുമായ ഭാവചലനങ്ങളിലുള്ള രസവും രഹസ്യവും രുചിയും രതിയും ദൃശ്യാത്മകമായി ആവിഷ്‌ക്കരിക്കുന്ന മൂന്ന് കഥകളുടെ സഞ്ചയമാണ് ‘ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും’. വെള്ളത്തിലെ മുള്ളൻപന്നിയെപ്പോലെയുള്ള (കൈതക്കോര) സംഭവങ്ങളെയും മനുഷ്യ ബന്ധങ്ങളെയും വാക്കിൽ ദൃശ്യങ്ങൾ കൊത്തിവയ്ക്കുന്ന സൂക്ഷ്മതയോടെ ഇന്ദുഗോപൻ കോറിയിടുന്നു. ഛായാഗ്രഹകനായി പ്രവർത്തിച്ചിട്ടുള്ളതിന്റെ അനുഭവപരിചയം കഥയുടെ പരിസരങ്ങളെ വിശദീകരിക്കാൻ ഇന്ദുഗോപൻ അവലംബിക്കുന്ന ദൃശ്യാത്മകഭാഷയിൽ പ്രകടമാണ്. ഗ്രഹണം ബാധിച്ച ആണനക്കങ്ങളിൽ വെന്തുപോകാൻ വിസമ്മതിക്കുന്ന സ്ര്തീകളുടെ ഉടൽ പ്രതിധാനങ്ങളാണ് ട്വിങ്കിളും, പുഷ്പവല്ലിയും, കനകാംബരവും, യഥാർത്ഥ പുരുഷത്വമെന്തെന്നു ടെറിയും, പ്രഭാകരനും വിനായകംപിള്ളയും കാണിച്ചുതരുന്നു. ഗ്രഹണം ബാധിക്കാത്ത ആൺനോട്ടങ്ങളുടെ, പ്രണയം കൊണ്ട് പരസ്പരം തോപ്പിക്കാൻ മൽസരിക്കുന്ന മനുഷ്യരുടെ, ആണുങ്ങളെ ഭയമില്ലാത്ത പെണ്ണുങ്ങളുടെ, ‘വേണ്ടാത്ത ശബ്ദങ്ങൾ’ പിടി
ച്ചെടുക്കുന്ന വികരച്ചാമിയുടെ ലോകങ്ങളുടെ ഛായാഗ്രഹണമാണ് ഇന്ദുഗോപന്റെ കഥകൾ.
നിലാവിൽ ഇണചേരുന്ന ദേശാടനക്കിളികളും, മനുഷ്യനെ മൽസരിച്ച് ഉമ്മവയ്ക്കുന്ന പ്രണയ മീനുകളും, കെട്ടിപ്പുണരുന്ന ഡോൽഫിനും, നക്ഷത്രങ്ങൾ ചിമ്മിച്ചിമ്മി നിൽക്കുന്ന ആകാശംപോലെയുള്ള കക്കാപ്പറ്റങ്ങളും, ഹെലികോപ്ടർപോലെ പൊന്തിവരുന്ന ചെമ്മീൻകൂട്ടവും പ്രണയത്തെ ഹരിതാഭവും, ജൈവലോകത്തെ കൂടുതൽ പ്രണയാതുരവുമാക്കുന്നു. ഇന്ദുഗോപന്റെ കഥാലോകവും ഭാവനാ വിഭവങ്ങളും കൂടുതൽ ജീവോന്മുഖമാകട്ടെ.
മൊബൈൽ: 9495542577