പാലക്കാട് ജില്ലയിലെ കരിമ്പ സ്വദേശിയായ രാമുണ്ണി പണിക്കരുടെയും സ്പെയിൻകാരിയായ കാർമെ അലെമാണിയുടെയും മകനായ റെയ് മൺ പണിക്കർ 1918 -നു ബാർസിലോണയിൽ ജനിച്ചു. സ്പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് അദ്ദേഹം ജർമനിയിൽ പോയി പഠനം തുടർന്നു. 1946-ൽ കാത്തോലിക്ക പുരോഹിതനായ റെയ് മൺ 1954-ൽ ഇന്ത്യയിലേക്ക് യാത്രനടത്തി. മൈസൂർ യൂണിവേഴ്സിറ്റി, ബനാറസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ തത്ത്വചിന്തയും മതവും പഠിച്ചു. 1966-ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറായി. 1972-ൽ കാലിഫോർണിയയിലെ യൂണിവേഴ്സിറ്റിയിൽ മതപഠന പ്രൊഫസറായി. 1987-ൽ കാറ്റലോണിയയിൽ തിരിച്ചെത്തി. വിവേരിയം എന്ന മതാന്തര പഠനകേന്ദ്രം സ്ഥാപിച്ചു. 2010 ഓഗസ്റ്റ് 20-ന് 91-ാം വയസ്സിൽ പണിക്കർ അന്തരിച്ചു.
വർഗ്ഗീയതയ്ക്കുള്ള പരിഹാരം മതേതരത്വമല്ല മതനവീകരണവും മതമൈത്രിയുമാണെന്ന് ഗാന്ധിയുടെ സർവമത സമഭാവന കണ്ടെത്തുന്നു. മതേതരത്വം സർവമത നിഷേധഭാവനയാണ്. റയ്മൺ പണിക്കരുടെ Intra Religious Dialogue എന്ന പുസ്തകം പറയുന്നത് മതസംവാദത്തിൻ്റെ മഴവില്ല് ഓരോ വ്യക്തിയുടെയും ഉള്ളിലും പൂത്തു വിരിയണം എന്നാണ്. റയ്മൺ പണിക്കരുടെ Co Sm Othe Andric Vision (പ്രപഞ്ച ദൈവമനുഷ്യദർശനം) അദ്വൈതം, ബഹുത്വം എന്നീ കാഴ്ചപ്പാടുകളെ ഈ ആന്തരിക മതസംവാദത്തിൻ്റെ പടവുകളായി വിശദീകരിയ്ക്കുന്നു. ഈ ലേഖനം മതത്തെക്കുറിച്ചും വർഗ്ഗീയതയെക്കുറിച്ചുമുള്ള സംവാദത്തിൻ്റെ ആമുഖമായി അവതരിപ്പിയ്ക്കുന്നു.
ആന്തരിക ധർമസംവാദം
യൂറോകേന്ദ്രിതസാമ്രാജ്യത്വത്തിനും സവർണ ഫാസിസത്തിന്റെ ആഭ്യന്തര സാമ്രാജ്യത്വത്തിനും രാഷ്ട്രീയ ദൈവശാസ്ത്രവും ചിഹ്നാവലികളും ഭാവശക്തികളുമുണ്ട്. മതേതരത്വംകൊണ്ടോ യുക്തികൊണ്ടോ അതിനെ നേരിടാനാവില്ല. മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, പരമഹംസർ, യോഗികൾ, യോഗിനികൾ, സൂഫികൾ, ലോഹ്യാ അംബേദ്കർ, അയിത്തോ ദാസർ എന്നിവരുടെ ബദൽ രാഷ്ട്രീയ ദൈവദർശന-പ്രയോഗങ്ങളെ നാം എങ്ങനെയാണ് ഇന്ന് പുതുക്കുക? ദളിതർ, സ്ത്രീവാദികൾ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, ആദിവാസി വിഭാഗങ്ങൾ, കീഴാളർ എന്നിവരുടെ വിമോചക ധർമം നേരിടുന്ന പ്രതിസന്ധികളെന്താണ്?1 ലിംഗപ്പകർച്ചാദൈവദർശനം (queer theosophy), പാരിസ്ഥിതിക ദൈവദർശനം എന്നിവയുടെ അവസ്ഥയെന്താണ്? ഗാന്ധിയുടെ സർവമത സമഭാവനയുടെ പ്രയോഗങ്ങൾ എന്തുകൊണ്ട് വികസിക്കുന്നില്ല? ആധുനികതാന്തര ആത്മീയതയുടെ പുതുവഴികൾ ഏതാണ്?
എന്താണ് ആധുനികതാന്തരത?
ആധുനികത യൂറോകേന്ദ്രിത വ്യവഹാരമാണെന്ന യൂറോപ്യൻ അഹന്തയെ തകർക്കുന്ന കാഴ്ചപ്പാടാണ് ആധുനികതാന്തരത (trans modernity). ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, അറേബ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലെ പാരമ്പര്യങ്ങളുടെ സ്വയം നവീകരണം വഴി രൂപം കൊണ്ട ആധുനികതകളുടെ ഫലങ്ങളെ കൊള്ളയടിച്ചുകൊണ്ടാണ് യൂറോപ്യൻ ആധുനികത രൂപം കൊണ്ടത്. ആധുനികതയുടെ ഫലമല്ല, കോളനിവത്കരണം കാരണമാണ്.
ആധുനികതാന്തരതയുടെ ജ്ഞാനശാസ്ത്ര-ധാർമിക-ഭവശാസ്ത്ര പദ്ധതികേന്ദ്രം, അന്തസ്സാരം, തന്മ, പൂർണത, നിഷേധം, സാർവലൗകികത എന്നിവയെ തകർക്കുന്ന പ്രക്രിയാപരവും ഭിന്നതാപരവും ബന്ധപരവുമായ ഭവശാസ്ത്രമാണ്. ഈ കാഴ്ചപ്പാടിൽ ഭവം ഭവാന്തരതയാണ്. അനന്തത സാന്താന്തര അനന്തതകളാണ്. ധർമം ധർമ്മാന്തരതയാണ്. സ്വത്വം സ്വത്വാന്തരതയാണ്. കാലം ചരിത്രാന്തര കാലമാണ്. ശാസ്ത്രാന്തരത, ഭൗതികാന്തരത, വികസനാന്തരത, ശരീരാന്തരത, പ്രദേശാന്തരത, ലിംഗാന്തരത (queer) എന്നിവ ബന്ധത്തിലും പ്രക്രിയയിലും ഭിന്നതയിലും വർത്തിക്കുന്ന ശാസ്ത്രം, ഭൗതികം, വികസനം, ശരീരം, പ്രദേശം, ലിംഗപദവി എന്നിവയെ സൂചിപ്പിക്കുന്നു.
എന്താണ് ധർമാന്തരത?
എന്താണ് ധർമം? ലോകത്തിലെ മതങ്ങളെ പ്രവാചകധർമം, യോഗാത്മകധർമം, പ്രാപഞ്ചിക ധർമം, ജ്ഞാനപരമായ ധർമം, വ്യക്തിപര ധർമം എന്നിങ്ങനെ തരം തിരിക്കാം. യഹൂദ, ക്രിസ്ത്യൻ, ഇസ്ലാമിക പാരമ്പര്യങ്ങളിൽ പ്രവാചകധർമത്തിന്റെ അംശമാണ് മുന്തിനിൽക്കുന്നത്. സൂഫിസത്തിൽ യോഗാത്മകധർമം കൂടുതൽ പ്രകടമാണ്. ഉപനിഷത്തുകൾ ജ്ഞാനപരമായ ധർമത്തിന്റെ ഗണത്തിൽ ഉൾപ്പെടുന്നു. പ്രപഞ്ച നിഗൂഢതയോടുള്ള വിനയം, വിശുദ്ധത്തിനും ദിവ്യത്തിനുമായുള്ള അഭിലാഷം, അനന്തതയിലെ സ്വന്തം അസ്തിത്വത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള ആരായൽ എന്നിവ ആത്മീയതയുടെ അടയാളങ്ങളാണ്.
വിശുദ്ധസ്ഥാനങ്ങളിലേക്കുള്ള തീർത്ഥാടനം, വിശുദ്ധ സംഭവങ്ങളുടെ ഓർമെപ്പരുന്നാളുകൾ, വിശുദ്ധരെ കുറിക്കുന്ന പുരാവൃത്തങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസം എന്നിവ ധർമത്തിന്റെ പ്രായോഗികതലം. പുരോഹിതാധികാരം പ്രവാചക / യോഗാത്മക ചൈതന്യത്തെ തടവിലാക്കുന്നു. ധർമം അപരരിൽ ദിവ്യത്തെ കാണുമ്പോൾ വർഗീയത അപരരിൽ പൈശാചികത കാണുന്നു. യൂറോപ്യൻ കോളനിവത്കരണം കച്ചവടതന്ത്രമെന്ന നിലയ്ക്ക് മതേതരത്വത്തെയും ക്രിസ്തുമതത്തെയും ഉപയോഗിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥയെ നിലനിർത്താൻ കീഴാള ധർമ പാരമ്പര്യങ്ങളെ കുത്തിയും നക്കിയും കൊന്നും സ്വാംശീകരിക്കാൻ ആത്മീയ സാമ്രാജ്യത്വം ശ്രമിച്ചിട്ടുണ്ട്. അർത്ഥശാസ്ത്രവും മനുസ്മൃതിയുമാണ് ഈ മരണരാഷ്ട്രീയത്തിന്റെ വേദപുസ്തകങ്ങൾ. യൂറോപ്യരുടെ ഓറിയന്റലിസ്റ്റു പദ്ധതികളെ തങ്ങൾക്കനുകൂലമായി വ്യാഖ്യാനിച്ച് ഇന്ത്യൻ ദേശീയതയുടെ പ്രതിനിധാനകുത്തകയും പാരമ്പര്യവും അവർ സൃഷ്ടിച്ചെടുത്തു. ശൈവ, കൃഷ്ണദേവി, ഗോത്ര, ബുദ്ധ, ജൈന, ഇസ്ലാമിക, ക്രിസ്ത്യൻ പാരമ്പര്യങ്ങളെ അവർ പല രീതിയിൽ സ്വാംശീകരിച്ചെടുത്തു എങ്കിലും അവയുടെ വിധ്വംസകതയെ ഇനിയും മെരുക്കാനായിട്ടില്ല.
ഗാന്ധിയുടെ സർവധർമ സമഭാവനയും വിവിധ ആധുനികതകളുടെ ധാരകളെ ഉൾക്കൊള്ളാനുള്ള ലോകബോധ്യവും ജനകീയ പാരമ്പര്യങ്ങളുടെ വേരുറപ്പും ഗാന്ധിയൻ വ്യവഹാരങ്ങളെ ആധുനികതാന്തരതയുടെ തദ്ദേശീയ മാതൃകയാക്കുന്നുണ്ട്. പാരമ്പര്യം, ബദൽ ആധുനികത, ആധുനികാനന്തരത എന്നിവയുമായി ഗാന്ധിയെ ചേർത്തുവയ്ക്കാനാവില്ല.
മരണരാഷ്ട്രീയം
പാശ്ചാത്യ പ്രബുദ്ധതാപദ്ധതിയും യുക്തിപരതയും ശാസ്ത്ര-സാങ്കേതികവിദ്യയും വികസനവും പഴയ ഇടയാധികാരത്തെ മാറ്റുന്നതിൽ പങ്കുവഹിച്ചെങ്കിലും വിശുദ്ധത്തെക്കുറിച്ചുള്ള ബഹുജനഭാവനകളെയും അനുഭൂതികളെയും തകർക്കാൻ ശ്രമിച്ചു. ദൈവം ധനമായി. ക്ഷേത്രം ചന്തയായി. മോക്ഷം ലാഭമായി. ആരാധന അദ്ധ്വാനമായി. അനുഷ്ഠാനം ക്രയവിക്രയമായി. പ്രമാണം ആർത്തിയും മത്സരവുമായി. ഗുണം അളവായി. വേദം യുക്തിയായി. ഈ പുതുമതം ഭൂമിയെയും സംസ്കാരത്തെയും അവിശുദ്ധമായി കരുതി. യൂറോപ്യൻ അധിനിവേശ പദ്ധതിയുടെ എതിർക്കളിക്കാരായിരുന്ന നെഹ്രുവിയൻ ആധുനികതയുടെ വക്താക്കളും മാർക്സിസ്റ്റുകളും ഹിന്ദുമഹാസഭയും ആർഎസ്എസ്സും, യൂറോപ്യൻ ആധുനികതയുടെ വാഹനത്തെ ശരിയായ ദിശയിൽ തങ്ങളോടിക്കാം എന്നു കരുതി. പാരമ്പര്യത്തിലെ ജീവധാരകളെ അവർ തകർത്തു. യൂറോപ്യൻ ദേശരാഷ്ട്രമാതൃകയുടെ പരദേശി സ്വഭാവം മറച്ചുവയ്ക്കാൻ അവർ പാരമ്പര്യത്തെ ഉപയോഗിച്ചു.
ദേശീയതയുടെ പ്രതിനിധാന കുത്തക വഴി നേടിയ പരമാധികാരം ആരിവിടെ ജീവിക്കണം, മരിക്കണം എന്നു തീരുമാനിക്കാനുള്ള മരണരാഷ്ട്രീയാധികാരമായി മാറി. എപ്പോഴും ആർക്കും കൊല്ലാവുന്ന അസുരജന്മങ്ങളായി പൗരരും പാതി പൗരരും മാറി.
നാട്ടുദൈവാനുഭവ ജീവധാരകൾ
ഗാന്ധി, ശ്രീനാരായണഗുരു, പൊയ്കയിൽ യോഹന്നൻ, രമണമഹർഷി, പരമഹംസർ, സൂഫികൾ, യോഗിനികൾ എന്നിവർക്കുശേഷം എത്തിയ ക്രിസ്ത്യൻ ധർമദർശന മേഖലയിലെ ചിന്തകരാണ് റയ്മൺ പണിക്കർ, എം.എം. തോമസ്, ഫാദർ എസ്. കാപ്പൻ, ഫാദർ എസ്. പൈനാടത്ത്, സാമുവൽ രായൻ, പൗലോസ് മാർ പൗലോസ്, ഗീവർഗീസ് മാർ ഒസ്തത്തിയോസ് എന്നിവർ. ഇതിന്റെ തുടർച്ചയായി ദളിതരുടെയും ആദിവാസികളുടെയും സ്ത്രീവാദികളുടെയും വിമോചകധർമവും ലിംഗപ്പകർച്ചാവിമോ ചകധർമവും (Queer Liberation Theosophy) ഉരുത്തിരിഞ്ഞിട്ടുണ്ട്.
ജീവിതവും ദർശനവും
പാലക്കാട് ജില്ലയിലെ കരിമ്പയിൽ ജനിച്ച് ബ്രിട്ടനിൽ ഉന്നതപഠനത്തിനുപോയി പിന്നീട് സ്പെയിനിലെത്തിയ രാമുണ്ണി പണിക്കർ അവിടെ നിന്ന് വിവാഹം കഴിച്ചു. ആ ബന്ധത്തിൽ 1918 നവംബർ 3-ന് റയ്മൺ പണിക്കർ ജനിച്ചു. സ്പെയിനിലെ കാറ്റലോണിയയിലെ ബാർസിലോണയിലാണ് പണിക്കർ ജനിച്ചത്. സ്പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് ആ കുടുംബം ജർമനിയിൽ പോയി. യുദ്ധം കഴിഞ്ഞപ്പോൾ കുടുംബം തിരിച്ചെത്തി. പക്ഷെ റെയ്മൺ പണിക്കർ ജർമനിയിലെ പഠനം തുടർന്നു. 1939-ൽ രണ്ടാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ജർമനിയിലെ പഠനം മുടങ്ങി. യുദ്ധം കഴിഞ്ഞ് അവിടെയെത്തിയപ്പോൾ സുഹൃത്തുക്കൾ ചിതറിപ്പോയി. ചിലർ മരണപ്പെട്ടു. രണ്ടാംലോക മഹായുദ്ധങ്ങൾക്കും ആഭ്യന്തരയുദ്ധത്തിനും റയ്മൺ പണിക്കർ സാക്ഷ്യം വഹിച്ചു. ക്രിസ്തുമത സംഘടനകളിൽ പണിക്കർ സജീവമായി. മതപഠനം ശക്തമാക്കി. തത്വശാസ്ത്രപരമായ ലേഖനങ്ങൾ എഴുതി. 1946-ൽ പണിക്കർ കാത്തോലിക്ക പുരോഹിതനായി. 1954-ൽ ഇന്ത്യയിലേക്ക് യാത്രനടത്തി. അത് അദ്ദേഹത്തെ ആഴത്തിൽ ഉഴുതുമറിച്ചു. മൈസൂർ യൂണിവേഴ്സിറ്റി, ബനാറസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ തത്ത്വചിന്തയും മതവും പഠിച്ചു. ബ്രഹ്മസൂത്രം, ഉപനിഷത്തുകൾ, അദ്വൈതചിന്തയുടെ വിവിധ പദ്ധതികൾ എന്നിവയുടെ പഠനത്തിൽ മുഴുകി. 1966-ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറായി. 1972-ൽ കാലിഫോർണിയയിലെ യൂണിവേഴ്സിറ്റിയിൽ മതപഠന പ്രൊഫസറായി. 1987-ൽ കാറ്റലോണിയയിൽ തിരിച്ചെത്തി. വിവേരിയം എന്ന മതാന്തര പഠനകേന്ദ്രം സ്ഥാപിച്ചു. 2010 ഓഗസ്റ്റ് 20-ന് 91-ാം വയസ്സിൽ അന്തരിച്ചു.
റയ്മൺ പണിക്കരുടെ പുസ്തകങ്ങൾ
ജർമൻ, സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകളിൽ ധാരാളം പുസ്തകങ്ങളും ലേഖനങ്ങളും പണിക്കർ രചിച്ചിട്ടുണ്ട്. ഇംഗ്ലീഷിലെ പുസ്തകങ്ങൾ ഇവയാണ്. The Unknown Christ in Hinduism (1964) Worship and Secular Man (1973) The Trinity and Religious Experience (1973) The Vedic Experience (1977) Myth Faith and Hermanuetics (1979) Blessed Simplicity (1984) The Silence of God (1989) The Cosmothreandric Experience (1993) A Dwelling Place for Wisdom (1993) Invisible Harmony (1995) Christophony: The Fullness of Man (2004) The Rhythm of Being (2009).
റയ്മൺ പണിക്കരുടെ ചിന്തകളെ കുറിച്ച് വിവിധ ഭാഷകളിൽ നിരവധി പഠനങ്ങൾ ഉണ്ടായിട്ടുണ്ട്.
ആന്തരിക മത സംവാദം
Intra religious dialogue എന്ന പുസ്തകത്തിൽ മതസംവാദത്തിലെ 5 തരം മനോഭാവങ്ങളെക്കുറിച്ച് പണിക്കർ പറയുന്നു.
പുറന്തള്ളൽ വാദം
ഓരോ വ്യക്തിയും തന്റെ മതം പൂർണമെന്നും സാർവ ലൗകികമെന്നും മറ്റുള്ളവ മോശമെന്നും കരുതുന്നു. അസഹിഷ്ണുത, അപര നിന്ദ എന്നിവ ഇതിന്റെ കൂടെയുണ്ട്. ഉൾക്കൊള്ളൽ വാദം സഹിഷ്ണുതയോടെ മറ്റുള്ളവയെ ഉൾക്കൊള്ളുന്നു. കൊളാഷ് ചേരുന്നവയായി മതം മാറുന്നു. സമാന്തരവാദം പുറംതള്ളുന്നില്ല. ഉൾക്കൊള്ളുന്നുമില്ല. അവ വെള്ളംകേറാ അറകളായി തുടരുന്നു. മൈഥുനമില്ല. സ്വയംഭോഗം മാത്രം. പരസ്പര നുഴഞ്ഞുകേറലിൽ സഹിഷ്ണുതയുണ്ട്. വിശാലതയുണ്ട്. ബഹുത്വവാദം പല രീതിയിലുണ്ട്.
മതസംവാദത്തിന്റെ വിവിധ മാതൃകകൾ
ഭൂമിശാസ്ത്രപരമായ മാതൃക, ഭൗതികമാതൃക, ജ്യാമിതീയ മാതൃക, നരവംശ ശാസ്ത്രമാതൃക, യോഗാത്മക മാതൃക എന്നിവയാണ് ഇവ.
ഭൂമിശാസ്ത്രപരമായ മാതൃക
മതങ്ങളെ മലമുകളിലേക്കുള്ള പലതരം തീർത്ഥാടന പാതകളായി കാണുന്നു. ഭൗതിക മാതൃക മഴവില്ലിലെ വിവിധ നിറങ്ങളായി കാണുന്നു. ജ്യാമിതീയ മാതൃക സ്ഥലഭേദം മതഭേദമാകുമെന്ന് വിശദീകരിക്കുന്നു. നരവംശശാസ്ത്ര മാതൃക മതത്തെ ഭാഷയായി കാണുന്നു. യോഗാത്മക മാതൃക ധ്യാനവും നിശ്ശബ്ദതയുമായി മതസംവാദത്തെ കരുതുന്നു.
സംവാദാത്മക സംവാദവും വൈരുധ്യാത്മക സംവാദവും
ബഹുത്വം യാഥാർത്ഥ്യത്തിന്റെ അഭിന്ന മാനമാണ്. ദൈവം അപര രൂപിയോ ആത്മസ്വരൂപിയോ അല്ല. പ്രപഞ്ച ദൈവ മനുഷ്യദർശന (cosmothreandric vision)ത്തിൽ ഇവ മൂന്നും പാരസ്പര്യത്തിലാണ്. വ്യക്തി ബന്ധങ്ങളുടെ ഗണമാണ്. ഒരു മതവും സ്വയം പര്യാപ്തമല്ല.
സംവാദവും വൈരുദ്ധ്യാത്മകതയും
യാഥാർത്ഥ്യത്തിന്റെ ആത്യന്തിക സ്വഭാവം വൈരുദ്ധ്യാത്മകതയല്ല. യാഥാർത്ഥ്യത്തിന് അടിത്തറ (foundation) ഇല്ല. സംവാദാത്മക സംവാദം പക്ഷ-പ്രതിപക്ഷങ്ങളുടെ യുദ്ധവും നിഷേധവും പിന്നീടുള്ള സമന്വയവും അല്ല. വൈരുദ്ധ്യാത്മക സംവാദത്തിൽ യുദ്ധയുക്തിയുണ്ട്. യുക്തി യുദ്ധവും അപരരെ യുക്തി കൊണ്ട് വിധി കല്പിക്കലുണ്ട്. ഇത് അധികാരോപകരണമാണ്. പങ്കാളിവസ്തു മാത്രമാണ്.
വിചിന്തനവും ഭവവും
ഭവം സർഗാത്മകതയാണ്. അതിന്റെ ചലനാത്മകതയെ പ്രവചിക്കാനാവില്ല. വൈരുദ്ധ്യാത്മകതയിൽ വിചിന്തനവും ഭവവും വിപരീതങ്ങളാണ്. യഥാർത്ഥത്തിൽ അവ പരസ്പരം ഉൾക്കൊള്ളുന്നവയാണ്.
വിഷയിയും വസ്തുവും
അപരർ നമ്മുടെ വസ്തുക്കളല്ല. അപരരെ നമ്മിലേക്ക് ചുരുക്കാനാവില്ല.
ഞാൻ – നീ ബന്ധം
ഞാനും ഞാനല്ലാത്തതും തമ്മിലുള്ള ബന്ധത്തിൽ വിപരീതങ്ങളില്ല. വിഷയി-വിഷയിബന്ധമാണ്. I–I relationship.
മിത്തും യുക്തിയും
മിത്ത് അറിയപ്പെടാത്തതിന്റെ അനുഭവമാണ്. യുക്തി അറിഞ്ഞതാണ്. സംവാദാത്മക സംവാദം യുക്തിക്കപ്പുറം പോകുന്നു.
മത സംവാദത്തിന്റെ കളിനിയമങ്ങൾ
1. അത് പ്രത്യേക ക്ഷമാപണങ്ങളിൽനിന്ന് വിമുക്തി നേടണം.
2. അത് പൊതുക്ഷമാപണങ്ങളിൽനിന്ന് വിമുക്തി നേടണം.
3. പരിവർത്തനത്തിന്റെ വെല്ലുവിളി നേരിടണം.
4. ചരിത്രപരമായ മാനം അതിന് അനിവാര്യമാണ്. പക്ഷെ അതുമാത്രം പോരാ.
5. തത്ത്വചിന്തയുടെ കോൺഗ്രസ് അല്ല അത്.
6. ദൈവശാസ്ത്രപരമായ സിമ്പോസിയം മാത്രമല്ല അത്.
7. വിശ്വാസം, പ്രതീക്ഷ, സ്നേഹം എന്നിവയിലെ മതപരമായ അഭിമുഖീകരണങ്ങളാണ്.
റയ്മൺ പണിക്കർക്ക് മതസംവാദം മതാന്തര സംവാദമല്ല. ഓരോ തന്മവും തന്മ അതേപടി നിലനിർത്തുന്നതല്ല. തന്മ തകർന്ന് മറ്റൊന്നായി രൂപം മാറുന്ന ആന്തരിക മതസംവാദം ആണിത്. ഐക്യം, സമവായം എന്നിവയിൽ എത്തിച്ചേരുന്നില്ല.
റയ്മൺ പണിക്കരുടെ ബഹുത്വദർശനം
ബുദ്ധമതത്തിലെ പ്രതീത്യസമുല്പാദം, നാഗാർജുനയുടെ മാധ്യമിക ദർശനം, ജൈനമതത്തിലെ അനേകാന്തവാദം, ഹൈഡഗറിന്റെ ഭവപരമായ ഭിന്നത, ജോർജസ് ബതായിയുടെ ബഹുത്വദർശനം, എ.എൻ. വൈറ്റ് ഹെഡിന്റെ പ്രക്രിയ ദർശനം, ദെരിദയുടെ difference, ലോത്ത്യോറിന്റെ differend, ഡെല്യൂസിന്റെ ഭിന്നതാഭവദർശനം, അലൻ ബാദ്യൂവിന്റെ ശൂന്യം, അനന്തത, അനേകത എന്നിവയെ കുറിച്ചുള്ള കാഴ്ചപ്പാട് എന്നിങ്ങനെ പലതരത്തിൽ ബഹുത്വത്തെ സമീപിക്കുന്ന കാഴ്ചപ്പാടുകളുണ്ട്.
ബഹുത്വദർശനം ബഹുത്വത്തെ ലോകഗതിയുടെയും മനുഷ്യാവസ്ഥയുടെ അഭിന്നതലമായി കരുതുന്നു. ബഹുത്വം അർത്ഥശൂന്യമാണ്. ഏകരൂപത (uniformity)യാണ് വേണ്ടതെന്ന് കരുതുന്നവരുണ്ട്. ബഹുത്വദർശനം ഭിന്നത അല്ല. വൈവിധ്യം (variety) അല്ല. രൂപപരതലത്തിൽ ബഹുത്വത്തെ ഒതുക്കാനാവില്ല. ഏകതാവാദം (monism) ഒരു പാർട്ടി, ഒരു മതം, ഒരു വികസന മാതൃക എന്നിവ ഉയർത്തിപ്പിടിക്കുന്നു. ദ്വന്ദ്വവാദം എല്ലാറ്റിനെയും വിപരീതങ്ങളായി കരുതുന്നു. ബഹുത്വ ദർശനം അപരരെ കുറിച്ചുള്ള അവബോധമാണ്. കരുതലാണ്. ‘ഞാൻ’ ബന്ധത്തിനുള്ളിലാണ്. കേവല (absolute)ത്തെ ബഹുത്വ ദർശനം അംഗീകരിക്കുന്നില്ല. എല്ലാം ബന്ധാവസ്ഥയിലാണ്. കേവലമായതിനെ ബന്ധപരമായതിലേക്ക് കൊണ്ടുവരികയാണ് ബഹുത്വ ദർശനം ചെയ്യുന്നത് നമ്മൾ മുഴുമിച്ചിട്ടില്ല. നാം പ്രക്രിയയിലാണ്. അനന്തതയിലാണ്.
അദ്വൈതപരമായ ബഹുത്വ ദർശനം
അദ്വൈതം എന്നാൽ റയ്മൺ പണിക്കർക്ക് ഏകത്തിന്റെ സിദ്ധാന്തമല്ല. വൈവിധ്യങ്ങൾക്കും ഭിന്നതകൾക്കും തമ്മിലുള്ള ബന്ധപാരസ്പര്യമാണ്. ഈ ബന്ധ പരത (relationality) സാർവലൗകികതയെ അംഗീകരിക്കുന്നില്ല. Understand എന്നാൽ താഴെ നിൽക്കുക എന്നാണർത്ഥം. വിനയവും കൗതുകവും ഉണ്ടാകുമ്പോഴേ അപരങ്ങളെയും ബഹുത്വത്തെയും മാനിക്കാനാകൂ (യുക്തിയും ശാസ്ത്രജ്ഞാനവും overstanding ആണ്). ഏതെങ്കിലും തരത്തിലുള്ള പരിപ്രേക്ഷ്യവാദം (perspectivism) ബഹുത്വ ദർശനത്തിൽ ഇല്ല. ചിതറിക്കിടക്കുന്നവയിലെ ശൈഥില്യമല്ല ബഹുത്വദർശനം. ബന്ധപരതയാണ്. അവയെ ഒരു കേന്ദ്രത്തിലേക്കും ക്രമത്തിലേക്കും ചുരുക്കാനാവില്ല. ക്രിസ്തുവോ, ബുദ്ധനോ, അള്ളാഹുവോ കേന്ദ്രമല്ല. സത്യം ബന്ധമാണ്.
പ്രപഞ്ചദൈവ മനുഷ്യദർശനം
അന്ത:സ്ഥിതാന്തരത, സാന്താന്തര അനന്തതകൾ, വിശുദ്ധാന്തരത:- വിശുദ്ധം/ അവിശുദ്ധം, സാന്തത / അനന്തത, അന്ത:സ്ഥിതത്വം/ അതിതരണം, വിശുദ്ധം / ലൗകികം, ഭൗതികം / അധിഭൗതികം, ചരിത്രകാലം / നിത്യത, ഭവം / ശൂന്യം, ഏകം / അനേകം, പ്രകൃതി / സംസ്കൃതി, ആണ് / പെണ്ണ്, വികസിതം / അവികസിതം, സ്വത്വം / അപരം എന്നിവയെ വിപരീതങ്ങളായി കാണുകയും അവയിലൊന്നിനെ പ്രാഥമികവും മൗലികവുമായി കരുതുകയും ചെയ്യുന്ന ദ്വന്ദ്വാത്മകയുക്തിയും വൈരുദ്ധ്യാത്മക ഭൗതികവാദവും സമഗ്രതയിലൂന്നുന്ന അദ്വൈതവും കാലഹരണപ്പെട്ടിരിക്കുന്നു. മൂലസ്ഥാനമോ, അടിത്തറയോ, ഇല്ലാത്ത ആയിത്തീരൽ പ്രകിയയിലാണ് ലോകം. പ്രക്രിയാപരവും ഭിന്നതാപരവും ബന്ധപരവുമായ ഭവ-ജ്ഞാന-ധാർമിക ദർശനത്തിനേ ഇനി പ്രസക്തിയുള്ളു.
പുരോഹിതമതങ്ങൾ വിശുദ്ധത്തെ സ്വർഗത്തിലും എന്നോ വരാനിരിക്കുന്ന വിശുദ്ധകാലത്തെക്കുറിച്ചുള്ള വെളിപാടിലും ഒതുക്കിയിരിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ കാലം ‘ദൈനംദിന’ താത്കാലികതയായും അമൂർത്തമായ അനന്തതയായും
ചിതറിയിരിക്കുന്നു. വിശുദ്ധത്തെയും ദിവ്യത്തെയും കുറിച്ചുള്ള എല്ലാവരുടെയും അനുഭവങ്ങൾക്കും ഭാവനകൾക്കും ഇടമുണ്ടാകുന്നതാണ് മതത്തിന്റെ ജനാധിപത്യവത്കരണം. അത് ഏകീകരണ യുക്തിയല്ല. വ്യത്യസ്തരായിരിക്കാനുള്ള അവകാശത്തെ മാനിക്കുന്ന ഭിന്നതാനീതി ദർശനമാണ്. ഫാസിസത്തിന്റെ മരണരാഷ്ട്രീയവും യൂറോപ്യൻ അധിനിവേശവും എല്ലാ ചരാചരങ്ങളിലും പ്രാപഞ്ചിക സംഭവങ്ങളിലും ഉള്ള ദിവ്യത്തെയും വിശുദ്ധത്തെയും വിപണിവസ്തുക്കൾ, സ്വന്തം വംശീയ, ജാതീയ, ചിഹ്നങ്ങൾ, വികസനം എന്നിവയിലേക്ക് ചുരുക്കിയിരിക്കുന്നു. വിശുദ്ധാനുഭവങ്ങളുടെ വൈവിധ്യത്തെ നമ്മുടെ കാലത്തേക്ക് തുറന്നുവിടലാണ് ഇന്നത്തെ മതസംവാദം.
നമ്മുടേത് ഒരു മതേതരാനന്തര ഘട്ടമാണ്. വിശുദ്ധം / ഭൗതികം എന്ന ദ്വന്ദ്വത്തെ മറികടക്കുന്ന പുത്തൻ മത നവീകരണത്തിന്റെ ഘട്ടത്തിലാണ് ദിവ്യത്തെ പുരോഹിതാധികാരകേന്ദ്രങ്ങളിൽ നിന്നും കൾട്ടുകളിൽനിന്നും വിമോചിപ്പിക്കണം.
റയ്മൺ പണിക്കരുടെ പ്രപഞ്ചദൈവമനുഷ്യദർശനം (cosmo threandric vision) എന്ന കാഴ്ചപ്പാട് ദിവ്യം, ലൗകികം, മാനുഷികം എന്നിവയുടെ അതിരുകൾ ലംഘിക്കുന്ന പുത്തൻ ബന്ധപരതയെയും ഉഭയഭവപരമായ പകർച്ചയെയും അടയാളപ്പെടുത്തുന്നു5.
ഗ്രീക്ക് തത്വചിന്തയിലും പാശ്ചാത്യചിന്തയുടെ മുഖ്യധാരയിലും നിലനിൽക്കുന്ന അനന്തതാപ്പേടിയും ശൂന്യപ്പേടിയും ഭിന്നതാപേടിയും ഉണ്ട്. വൈറ്റ്ഹെഡ്, ദെരിദ, ഹൈഡഗർ, ഡെല്യൂസ്, ലോത്ത്യോർ എന്നിവർ ഭിന്നതയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവർക്ക് അധിനിവേശാത്മക ഭവശാസ്ത്രപരമായ ഭിന്നതയെ അഭിമുഖീകരിക്കാനാവുന്നില്ല. ഭവത്തിന്റെയും ജ്ഞാനത്തിന്റെയും ധർമത്തിന്റെയും അധികാരത്തിന്റെയും അധിനിവേശാത്മകതയെ അഭിമുഖീകരിക്കാനാകുന്നില്ല.
നമ്മുടെ ആധുനികാന്തരതയുടെ സന്ദർഭത്തിൽ ആത്മീയതയെ അധിഭൗതികതയിൽനിന്നും വസ്തുവാദത്തിൽ മോചിപ്പിക്കുന്ന പുത്തൻ വ്യവഹാരമാതൃകയ്ക്ക് റയ്മൺ പണിക്കരുടെ മതാന്തരിക സംവാദം രൂപം കൊടുക്കുന്നു. സവർണ ഫാസിസത്തിൽ നിന്നും യൂറോപ്യൻ അധിനിവേശത്തിൽ നിന്നും ആത്മീയതയെ നിർകോളനീകരിക്കാനുള്ള ശ്രമമാണിത്. ഗാന്ധിയും ഗുരുവും സൂഫികളും ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, ജൈന, ശൈവ, ദേവി, കൃഷ്ണമാർഗത്തിലെ യോഗികളും ഓഷോയും ഈ വഴിയെ വിവിധ തലത്തിൽ വികസിപ്പിച്ചിട്ടുണ്ട്.
സാന്താനന്തത (tempeternity) എന്ന റയ്മൺ പണിക്കരുടെ പരികല്പന സാന്തത (temperality)) അനന്തത / നിത്യത (eternity) എന്ന പരികല്പനകളുടെ ദ്വന്ദ്വാത്മകതയെ മറികടക്കുന്ന പുത്തൻ ഭാവനയാണ്. ഡെല്യൂസിന്റെ അന്ത:സ്ഥിതത്വം X അതിതരണം ((Immanence X Transcendence) എന്ന പരികല്പനകളുടെയും ഭവത്തെയും നീതിയെയും അതിതരണത്തിലേക്കും അപരത(alterity) യിലേക്കും ചുരുക്കുന്ന ലെപിനാസിന്റെ ധാർമിക സങ്കല്പങ്ങളുടെ പരിമിതിയെയും മറികടക്കാനായി ജീൻലൂക് നാൻസിആവിഷ്കരിച്ചതാണ് അന്ത:സ്ഥിതാന്തരത (transimmanence) എന്ന പരികല്പന. Trans കുറുകെ എന്ന അർത്ഥത്തിലാണ് ഇവിടെ ഉപയോഗിക്കുന്നത്.
ക്രിസ്തുമതത്തിലെ ത്രിത്വസങ്കല്പത്തെ പണിക്കർ ഈ കാഴ്ചപ്പാടിന്റെ മാതൃകയായി വിശദീകരിക്കുന്നു. ചരിത്രകാലം മാനുഷിക കാല സങ്കല്പമാണ്. പ്രാപഞ്ചിക കാലത്തെ ഉൾക്കൊള്ളുന്നതും എന്നാൽ ആധുനികതയെ നിഷേധിക്കുന്നതുമായ കാലസങ്കല്പമാണ് റയ്മൺ പണിക്കരുടെ ചരിത്രാന്തരകാലം (tran historical time). ഭവത്തെ മൂലപരമായ ബന്ധപരത (original relationality)യായി കാണുന്ന നാൻസിയുടെയും ആന്തരികബന്ധപരതയായി കാണുന്ന റയ്മൺ പണിക്കരുടെയും കാഴ്ചപ്പാടുകൾ തമ്മിൽ ചില ഭിന്നതകളുണ്ട്. നാൻസി മാനുഷികതലത്തിൽ ഊന്നുമ്പോൾ ദിവ്യാനുഭവത്തെ പണിക്കർ പരിഗണിക്കുന്നു. ഭവത്തെ ഏകതയുള്ള ബഹുത്വമായും ബഹുത്വമുള്ള ഏകതയായും കാണുന്ന നാൻസിയുടെ Singular Plural എന്ന സങ്കല്പം യാഥാർത്ഥ്യത്തെ അപരർക്കൊപ്പമുള്ള ഭവമായി (Being with) കാണുന്നു. Singularity യ്ക്ക് plurality യുമായി ബന്ധപ്പെട്ടേ നിലനിൽക്കാനാകൂ. തിരിച്ചും.6
പണിക്കരുടെ ഈ കാഴ്ച്ചപ്പാടിനെ ദൈവത്തിലേക്കോ, മനുഷ്യനിലേക്കോ, പ്രപഞ്ചത്തിലേക്കോ ചുരുക്കാനാവില്ല. കേന്ദ്രവും അടിത്തറയുമില്ലാത്ത ബന്ധമാണിത്. ഭവം അർത്ഥങ്ങളുടെ തുറസ്സായ അനന്തതയാണ്. വ്യക്തി ഏകമോ അനേകമോ അല്ല. ബന്ധപാരസ്പര്യമാണ്.7
നമ്മുടെ സന്ദർഭത്തിൽ കാമം, അർത്ഥം, മോക്ഷം, ധർമം എന്നിവയുടെ പലതരം കൂട്ടുകളാണ് മതപാരമ്പര്യങ്ങളിൽ കാണാനാവുക. ബുദ്ധമാർഗത്തിന്റെ ധർമവും വേദങ്ങളിലെ കാമവും ക്രിസ്തുമതത്തിലെ ദാനാത്മക സ്നേഹവും ഇസ്ലാമിലെയും ഗാന്ധിയിലെയും ഗുരുവിലെയും ശ്രേണിപരമായ ഭിന്നതകളെ മറികടക്കുന്ന ബന്ധപരതയിലും ബഹുത്വത്തിലും ഊന്നുന്ന അദ്വൈതവും ശൈവദർശനങ്ങളിലെ ഭൂമിയുടെ ഉർവരതയും എല്ലാറ്റിലെയും കാമശക്തിയും കൃഷ്ണമാർഗത്തിലെ ലീലാപരതയും ദേവിമാർഗങ്ങളിലെ സർഗാത്മകവീര്യവും തമ്മിലുള്ള വിനയവും സർഗാത്മകതയും ഉള്ള കൂടിച്ചേരലുകളിലാണ് നാളത്തെ ആത്മീയതയുടെ തേജസ് രൂപം കൊള്ളുക. നമ്മുടെ ജനകീയോത്സവങ്ങളിലും നേർച്ചകളിലും മിത്തുകളിലും ജനകീയ മതാത്മകതയുടെ ഭിന്നപ്രവാഹങ്ങളിലും ഇത്തരം ബഹുധർമ സമഭാവനയും ജനാധിപത്യവുമുണ്ട്. മതത്തിന്റെ ജനാധിപത്യവത്കരണത്തെ മതേതരത്വം വഴിയല്ല മതനവീകരണവും ആന്തരിക മതസംവാദവും വഴിയാണ് ശക്തിപ്പെടുത്തേണ്ടത്.
സൂചിക
1. വിമോചന ദൈവശാസ്ത്രം എന്ന പദത്തിനു പകരം വിമോചകധർമം എന്നു പ്രയോഗിച്ച എസ്. കാപ്പനോട് കടപ്പാട്.
2. Enrique Dussel, World system and trans modernity, Nepntla : 2002.
3. Multi religious experience and pluralist attitude – John Francis Duggan, Toronto 2000
4. Intrareligious dialogue, Raimon Panikkar, Paulist Press, 1999.
5. Raimon Panikkar, Cosmothreandric Experience. Orbis books, 1993.
6. a. Schalk Henrik Ger ber, Towards a politics of love, University of Pretoria, April 2016.
b. The Nancy Dictionary, Edinburgh University press Ltd. 2015, Trans immanence. Page 232 – 234.
7. Andrew. D. Thrasher, Relationlity and Every day meaning. An ontological dialogue between Jean – Luc Nancy and Raimon Panikkar.
Mobile: 95264 22930