ആർക്കെന്നും ആരാലെന്നും
എപ്പോഴെന്നും എവിടെയെന്നും
എന്തിനെന്നും എങ്ങനെയെന്നും
ചെറുതോ വലുതോ എന്നും
ജീവിക്കുമോ മരിക്കുമോ
മരിച്ചു ജീവിക്കുമോ എന്നുമുള്ള
അനേക ചോദ്യങ്ങളാൽ
ഓരോ മുറിവും
പ്രധാനമോ അപ്രധാനമോ ആകുന്നു.
തളിരിലയിൽ നിന്ന് വേരിലേക്ക്
ഉള്ളുലച്ച് കടന്നുപോയൊരു കാറ്റ്
വഴിനീളെ വിതറിയ ചുമപ്പുചായങ്ങൾ-
ചോരപൊടിയാത്ത,
വാ തുറക്കാത്ത മുറിവുകൾ.
മരപ്പൊത്തുകളിൽ ഒളിച്ചുപാർത്ത
കുടിലതകൾ,
ആഞ്ഞുകൊത്തിയ നീലമുറിവുകൾ.
ഇലകളിൽ,
ഓർമകളുടെ ഉറുമ്പിൻകൂടുകൾ
പൊട്ടിവീണ്
സൂചിമുറിവുകൾ.
ആരും പരിഗണിക്കാത്തതിനാൽ
സ്വയം മറന്ന മുറിവുകൾ.
തലോടലുകളിൽ ഉറങ്ങി
ഉണങ്ങിപ്പോയ മുറിവുകൾ.
മഴ തെളിച്ചെടുത്ത മുറിവുകൾ.
തിര മായ്ച്ചുകളഞ്ഞ മുറിവുകൾ.
ഊതിയൂതി തിളയ്ക്കുന്ന മുറിവുകൾ,
പ്രതികാരത്തിലേക്കുള്ള കനൽവഴികൾ.
ഓർമകളുടെ തീവണ്ടിച്ചക്രങ്ങൾ
കയറിയിറങ്ങി
കൺപൂട്ടാത്ത മുറിവുകൾ.
(ഓർമകളുടെ ജലസേചനമില്ലാത്ത
മുറിവുകൾ
എളുപ്പത്തിലുണങ്ങുന്നു).
മുറിവിനെ മറക്കാനും മറയ്ക്കാനും
പഠിപ്പിക്കുന്ന,
ജീവനകലകൾ.
പിന്തിരിഞ്ഞോടി വടക്കിരുന്ന് മരിച്ച്
അപമാനത്തിന്റെ അടയാളമായതും
വിജയതിലകമണിഞ്ഞ്
അഭിമാനത്തിന്റെ ധീരചരിതമായതും
ഒരേ മുറിവുതന്നെ.
പെണ്ണുടൽച്ഛേദവും
ആണുടൽച്ഛേദവും
ഒന്ന് തന്നെ.
മുറിവുകളിൽനിന്ന്
ചരിത്രത്തെ വറ്റിച്ചെടുക്കുമ്പോൾ
അവ വെറും മുറിവുകൾ മാത്രം.
നീളവും വീതിയും ആഴവും മാത്രമായി
വായിക്കേണ്ടവ.
അപ്പോൾ മാനഭംഗമില്ല,
മാനവും.