മകനവധിക്കു വരുമ്പോൾ
താനേ പാടും, പാട്ടുപാടുന്ന യന്ത്രങ്ങളൊക്കെയും
സ്വീകരണമുറിയിൽ
തലങ്ങും വിലങ്ങും ഓടും,
കുത്തി മറിയും ചിരിക്കും
തമാശ പറയും, പിണങ്ങും,
മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും
നിവിൻപോളിയും വിനായകനും.
ഒഴിഞ്ഞിരിക്കുന്ന പാത്രങ്ങളിൽ
നിറയും ഭക്ഷണങ്ങൾ
ഫ്രിഡ്ജ് പൂർണ ഗർഭിണിയാവും
പാതിരാത്രിയിലും തുറന്നിരിക്കും പൂമുഖവാതിൽ
വസ്തുക്കൾ മുകളിൽ നിറഞ്ഞ്
കാലുകൾ മാത്രം പുറത്തു കാണുന്ന
വിചിത്ര ജീവിയാകും ഊൺമേശ
കിടക്കവിരികൾ ചുരുട്ടപ്പെട്ട് മൂലയ്ക്കിരിക്കും
ഉണരും അലറാമില്ലാതെയും വീട്
നിർബന്ധിച്ചാലും ഉറങ്ങാതെയാവും
മകനവധി കഴിഞ്ഞു പോകുമ്പോൾ
രണ്ടു കൈകൾ
നിശ്ശബ്ദം, അവിശ്രമം
ജോലിചെയ്ത് എല്ലാം പഴയപടിയാകും
ഇനിയെന്നാണെന്ന്
വാതിലും ജനലും കസേരയും മേശയും
കുശലം ചോദിക്കുമ്പോൾ
ഉടനെ എന്നുത്തരം പറയുമ്പോൾ
അറിയാതെ നനയുന്ന കണ്ണുകളവർ കാണാതെ തുടയ്ക്കുമ്പോൾ
കാലിൽ തടയും,
തിരക്കിട്ടെന്തോയെഴുതിയപ്പോൾ
താഴെപ്പോയ അവന്റെ പേനയുടെ അടപ്പ്
ബെൽറ്റിന്റെ പൊട്ടിയ ബക്കിൾ
എത്രയോർമിപ്പിച്ചിട്ടും
എടുക്കാതെപോയ ഒരു തൂവാല
ഒരു ചെറുചിരിയോടെ മണക്കും
പിന്നെ വെറുതെ നെഞ്ചോടു ചേർക്കും
അപ്പോൾ ദൂരെ മകൻ
മനപ്പൂർവം അമ്മയ്ക്കായി മറന്നുവെച്ച
ഓർമബാക്കികളോർത്ത്
പയ്യെ, ഊറിച്ചിരിക്കും.