വാക്കുകളെ മുറിക്കുന്ന
ഒരക്ഷരദൂരത്തിനപ്പുറത്തേക്കും
ഇപ്പുറത്തേക്കും പടർന്ന്
ഞാനും നീയും അവരും
നമ്മളാവുന്നു.
നമ്മൾ നടന്ന വഴിയെന്ന
ചരിത്രമുണ്ടാകുന്നു.
നമ്മൾ നടന്ന വഴിയിലെ
ക്രിയകളിലും കർമങ്ങളിലും
എത്ര ഞാനെന്നും എത്ര നീയെന്നും
ഞാൻ മറിച്ചു നോക്കുന്നു.
സർവനാമബഹുവചനങ്ങളിലെ
അധികാരകേന്ദ്രീകരണത്തെക്കുറിച്ച്
ഉപന്യാസമെഴുതുന്നു.
നെറ്റിപ്പട്ടം കെട്ടിയ നാമപദങ്ങൾ-
വാക്യത്തിന് മുന്നിലേക്ക് ഓടിവന്ന്
ഞെളിഞ്ഞുനിൽക്കുന്ന അഹങ്കാരങ്ങൾ.
ക്രിയകളിലേക്കും കർമങ്ങളിലേക്കും
ജിർണത പടർത്തുന്ന അവിവേകങ്ങൾ.
ആടി, പാടി, തേടി എന്നിങ്ങനെ
ക്രിയാപദങ്ങളാവണം.
നാമത്തെ ഉള്ളിലേക്ക് വലിച്ചെടുക്കണം.
സമസ്തപദങ്ങളാണ് സുന്ദരകാവ്യങ്ങൾ.
സൂര്യചന്ദ്രന്മാരും ലൊട്ടുലൊടുക്കുകളും
അടുത്തടുത്തുനിന്ന് നൃത്തംചെയ്യുന്നു.
മധുരം കിനിയുന്ന മധുരവാക്ക്.
മഴക്കാറിൽ തുടുത്തുനിൽക്കുന്ന മഴ.
തീ ചലിക്കുന്ന തീവണ്ടി.
മരമില്ലാത്ത മരപ്പൊത്തിൽ
എനിക്ക് നിലതെറ്റുന്നു.
മരത്തലയൻ
ഒരു ഉണക്കമരത്തെ വരയ്ക്കുന്നു.
മനുഷ്യമൃഗം മനുഷ്യനിൽ നിന്ന്
ഇറങ്ങിനടക്കുന്നു.
കടൽത്തീരം
കടലാഴങ്ങളെ നിരത്തി ഉണക്കാനിടുന്നു.
മണ്ണപ്പത്തിലെ മണ്ണുവാരിത്തിന്ന്
എനിക്ക് മടുക്കുന്നു.
വേനലെന്നൊരു കുട്ടി നമ്മെ,
ഞാനും നീയുമെന്ന്,
അവളും അവനും അവരുമെന്ന്,
പിരിച്ചെഴുതുന്നു.