പതിനാറാമത്തെ നിലയിൽ
അവൾ,
അരയ്ക്ക് കൈയും കുത്തി
ഒറ്റ നില്പായിരുന്നു.
ഉച്ചയായപ്പോഴും
രാത്രിയായപ്പോഴും
അതേ നില്പിൽ
അവളുണ്ടായിരുന്നു.
പുലർച്ചയ്ക്ക് കുരിശ് പോലായി…
പിന്നെ,
വെറും നിലത്ത്
പുറ്റ് പോലെ
ചോന്ന്
ചോന്ന്…….
* * *
ആദ്യത്തെ താളിൽ നിന്ന്
ഇങ്ങനെ തുടങ്ങുന്നു……
‘ഇത് നമ്മുടെ ഭൂപടത്തിന്റെ പേരാണ്.
നമ്മുടെ ഭൂപടം നിറയെ
എന്നും കാറ്റ് കാലമുള്ള
വരാന്തകളിൽ,
ചുവന്ന കൊറ്റികൾ
ആടുകയും പാടുകയും
ചെയ്യുന്നു….
ഫ്രഞ്ച് എയ്ഞ്ചലിന്റെ
ചെതുമ്പലുകൾ പോലെ
അടുക്കിയടുക്കി വച്ച
നമ്മുടെ മുറിയിലെ
പാലറ്റിൽ നിന്ന്
പല നിറമുള്ള
സീബ്രാ കുഞ്ഞുങ്ങളിറങ്ങി
പോവുന്നു……
ഏതോ
ജലത്തെ തൊട്ട്
കാറ്റ് കൊണ്ടുവരുന്ന
തണുത്ത രാത്രിയിൽ,
ഇല പൊഴിച്ചിടാൻ
ഒരു പാരിജാതച്ചെടി
നടന്നു നടന്നു വരുന്നു…
ചിലപ്പോൾ
മുക്കുറ്റികൾ വരുന്നു.
നിലത്ത് തലതല്ലി കരഞ്ഞ്
പച്ചച്ചാറൊഴുക്കുന്നു……’
രണ്ടാമത്തെ താളിൽ മുറിച്ചിട്ട
മുടിച്ചുരുളുകളുണ്ടായിരുന്നു…..
മൂന്നാമത്തിൽ
‘നോക്ക്,
തണുപ്പ് വരയുന്ന
എന്റെ കുപ്പായ കയ്യിലെ
നൂലിൽ തുന്നിവച്ച
ഉടൽ
നിന്റേതാണല്ലോ…
ഒരു ദലത്തോളം
മൃദുലമായ് നീ
പൊഴിയുന്നതിനെയോർത്തൂ…….
അടിവയറ്റിനോട്
ചേർന്ന്
കുപ്പായത്തിൽ
നിന്റെ ചുണ്ടുകൾടെ
വിന്യാസം കൂടി തുന്നി.
മെഴുകേ…
മുല തുമ്പിലിറ്റ്…
ഹാ
എന്റെ ജൂത തെരുവെന്ന്
അടക്കം പറയ്’
ഏറ്റോം അവസാനത്തിൽ
അത്രയും അലസമായി
കുടഞ്ഞിട്ട പോലെ,
ഒരു
‘ഒറ്റ’
Related tags :