പണിയഭാഷ
തുടികൊട്ടുമീ…
കുയലൂതുമീ….
നാങ്ക ഓമി പയമെ പറഞ്ചു കളിക്കട്ടെ…..
ഇനിയുള്ള കാലത്തെങ്കോ മനിച്ചങ്കോ കതെ പറവണും തുടി
കൊട്ടുവണും അറിയും തോഞ്ചി…
ഇല്ലടെ ആയിഞ്ചെ നമ്മ
തുടിക്കൊട്ടും കളിയും ലാ….
ഇനി ഇവെ ഒരു പയങ്കതെ ആവും തോഞ്ചി…..
ഇനി എങ്കക്കു ചെമ്മിയുണ്ടാവുമോ
കോയിമ ഉണ്ടാവുമോ…..
ചാവുക്കു മണിയുട്ടു ഏയ്യുപാടുവാം
ആട്ടാളിയുണ്ടാവുമോ എന്തോ…..
പൊണുണെ അറുവത്തിനാലു കഴിഞ്ഞു കെട്ടി കൊണ്ടുപോഞ്ചക്കു നായം പറവാ വല്ലനും ഉണ്ടാവുമോ എന്തോ….
പണിയെഞ്ച നാമ്മു ലാ… ഇല്ലാടായിഞ്ചെ..
വരുമി ഒട്ടളം നേരം തുടിക്കൊട്ടുമീ കുയലൂതുമി
ഓമി നേരം നാങ്ക കളിക്കട്ടെ…..
****
എന്റെ ഭയം എന്റെ തുടിചർമം
തുടികൊട്ടുമീ
കുഴലൂതുമീ
നമ്മൾ കുറച്ച് പഴമ പറഞ്ഞു നൃത്തം കളിക്കട്ടെ
ഇനിവരുന്ന കാലത്ത് നമ്മൾ മനുഷ്യർക്ക്
എനിക്കുറപ്പുണ്ട്,
ഗോത്രകഥ പറയുവാനും തുടി കൊട്ടുവാനും
അറിയുകയേയില്ല
നമ്മൾ ഇല്ലാതെയാവുന്നു
നമ്മൾ ഇല്ലാതെയാവുന്നു
തുടിയൊച്ച നേർത്തു വരുന്നു
നമ്മുടെ കളിയാരവം അവസാനിക്കുന്നു.
ഇതൊക്കെ ഒരു പഴങ്കഥയാവും എന്ന്
എനിക്ക് ഭയം തോന്നുന്നു
എനിക്ക് ഭയം തോന്നുന്നു
ഇനി നമ്മൾക്ക് ചെമ്മിയുണ്ടാകുമോ?
ഭൂമിക്കധിപനായ് ഒരു കോയിമ ഉണ്ടാകുമോ?
ചാവിനു മുറത്തിൽ മണീശബ്ദം മുഴക്കി
ഏഴു പാട്ട് പാടുവാനായ്
ഒരു ആട്ടാളിയുണ്ടാകുമോ?
പെണ്ണിനെ അറുവത്തിനാലു കെട്ടി കൊണ്ട് പോകുമ്പോൾ
ദൈവന്യായങ്ങൾ ഓതുവാൻ
ആരെങ്കിലും ഉണ്ടാകുമോ
എന്തോ ഭയം വരുന്നു.
പണിയനെന്ന നമ്മളാണ് ഇല്ലാതാകുന്നത്
നമ്മുടെ വംശമാണ് ചോരച്ചറുന്നു പോകുന്നത്
വരിക അല്പനേരം ഗോത്രവീര്യം തുളുമ്പുമീത്തുടികൊട്ടുക
കുലപ്പെരുമയുടെ കുഴലൂതുക
വരിക ഇത്തിരി നേരം നാം നൃത്തം കളിക്കുക
വരിക ചുവടുകളിൽ ഗോത്രതാളം നിറയട്ടെ.
സ്വതന്ത്ര പരിഭാഷ: ഇന്ദു മേനോൻ