പുതുകാലത്തിന്റെ ചോദ്യങ്ങളെ, കാഴ്ചകളെ പ്രശ്‌നവത്കരിക്കുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്. അച്ഛൻ മരിച്ച, അമ്മ ഉപേക്ഷി
ച്ചുപോയ ഒരു കുടുംബത്തിൽ വ്യത്യസ്ത വ്യവഹാരങ്ങളിൽ ജീവിക്കുന്ന നാല് ആണുങ്ങൾ – സജി (സൗബിൻ ഷാഹിർ), ബോബി (ഷെയ്ൻ നിഗം) ബോണി (ശ്രീനാഥ് ഭാസി), ഫ്രാങ്കി (മാത്യു തോമസ്). പൊതുബോധത്താൽ നിർമിതമായ സദാചാര, കുടുംബവ്യവസ്ഥയ്ക്ക് പുറത്താണ് അവരുടെ ജീവിതം. സഹോദരങ്ങൾ ആയിരിക്കെതന്നെ പ്രായത്തിൽ വളരെ വ്യത്യാസമുള്ളവർ പരസ്പരം പേരുകളാണ് വിളിക്കുന്നത്. ഇടയ്ക്കിടെ തല്ലുകൂടുന്നു. ചീത്ത വിളിക്കുന്നു. അങ്ങനെയാണ് അവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. നിലവിലെ എല്ലാ അടിച്ചമർത്തലവസ്ഥകളെയും തള്ളിക്കളയുകയാണിവർ. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് തള്ളപ്പെട്ട മനുഷ്യർ താമസിക്കുന്ന ഇടത്താണ് ഇവരുടെ താമസം. അച്ഛൻ മരിച്ചതോടെ പൂർണമായും നാലുപേരും ഒറ്റപ്പെടുകയാണ്. അമ്മ സുവിശേഷ പ്രവർത്തനത്തിന് വീടുവിട്ട് ഇറങ്ങിപ്പോയതോടെ അവരുടെ ഒറ്റപ്പെടൽ പൂർണമായി. കായലിൽനിന്നും മീൻ പിടിച്ചാണ് ഇവരുടെ ജീവിതം. കുമ്പളങ്ങി എന്ന ദ്വീപിൽ ഒറ്റപ്പെട്ട ജീവിതമാണ് ഇവരുടേത്. ഇതിനിടയിൽ സംഗീതവും ഫുട്‌ബോളും മദ്യവും സൗഹൃദവുമെല്ലാം ഇടകലരുന്നുണ്ട്.
കുമ്പളങ്ങിയിലെ രാത്രികൾ അതുകൊണ്ടുതന്നെ അവരുടെ പകലുകൂടിയാണ്. സൂക്ഷ്മരാഷ്ട്രീയം ഉയർത്തുന്ന ചോദ്യങ്ങൾ
സൂക്ഷ്മമായ രാഷ്ട്രീയത്തെയാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്. സമകാലിക കേരളത്തിന് മുന്നിൽ നിരവധി ചോദ്യങ്ങൾ
സിനിമ ഉയർത്തുന്നുണ്ട്. സദാചാരം, കുടുംബം, പ്രണയം, സവർണത, പെൺ കർതൃത്വം എന്നിവയുടെ പാരമ്പര്യ വഴികളോട് കലഹിക്കുകയാണ് സിനിമ. സവർണ കേന്ദ്രിതമായ സൗന്ദര്യ- സദാചാര സങ്കല്പത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ വികാസം
പ്രാപിച്ച തലമുറയുടെ നിലപാടുകൾ തന്നെയാണ് ഈ സിനിമയിൽ പ്രശ്‌നവത്കരിക്കപ്പെടുന്നത്. പൂർണമായും പുരുഷാധിപത്യ സമൂഹത്തിൽനിന്ന് വിമുക്തി നേടാത്തതിനാൽ അത്തരം കാഴ്ചപ്പാടുകളിലൂടെ പരുവപ്പെടുന്ന സംഭാഷണങ്ങൾ ഇതിലും
കണ്ടെത്താവുന്നതാണ്. ലിംഗ സമത്വം എന്നു പറയുമ്പോൾ ഏതെങ്കിലും തരത്തിലുള്ള ആധിപത്യത്തിന് അവിടെ സ്ഥാനമുണ്ടായിരിക്കുകയില്ല. യുവാക്കളിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് അവരുടെ കർതൃത്വത്തെ പുതുകാലത്ത് അടയാളപ്പെടുത്തുന്നത്. തങ്ങളുടെ പ്രണയത്തെയും സ്വാതന്ത്ര്യ പ്രഖ്യാപനത്തെയുമെല്ലാം ആരുടെ മുന്നിലും തുറന്നു പറയാൻ കഴുയുന്ന തരത്തിലേക്ക് അവർ എത്തിയിരിക്കുന്നു. ബേബി എന്ന പെൺകുട്ടി ഉയർത്തുന്ന ചോദ്യങ്ങൾ സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി മാറുന്നത് അതുകൊണ്ടാണ്.
കുടുംബം എന്ന ആൺ അധികാരകേന്ദ്രവും
കറുപ്പിന്റെ പ്രശ്‌നവത്കരണവും
കുടുംബം എന്ന ആൺകോയ്മാ സ്ഥാപനത്തെയാണ് ഈ സിനിമ പ്രധാനമായും ചോദ്യം ചെയ്യുന്നത്. കുടുംബം എന്നത്
എല്ലാത്തരം യാഥാസ്ഥിതികത്വങ്ങളുടെയും കൂടാരമാണ്. അന്ധവിശ്വാസവും മതാത്മകതയുമെല്ലാം രൂപപ്പെടുന്നത് കുടുംബങ്ങ
ളിൽനിന്നാണ്. അവിടെ ഒരുതരത്തിലുമുള്ള പുരോഗമന ചിന്തകൾക്കും കടന്നു കയറാൻ കഴിയില്ല. സ്വന്തം ജാതിയിൽനിന്നോ
ദേശത്തുനിന്നോ അല്ലാതെ വിവാഹം കഴിക്കാൻ പാരമ്പര്യ കുടുംബം ആരേയും അനുവദിക്കാറില്ല. കുടുംബത്തിന്റേത് എന്ന്
പറഞ്ഞ് ഉറപ്പിക്കപ്പെട്ട പൊതുബോധ മൂല്യസങ്കല്പങ്ങളോട് കലഹിക്കുകയാണ് കുമ്പളങ്ങി നൈറ്റ്‌സ്.
ഇതുവരെ മലയാള സിനിമയുടെ പരിചരണത്തിന് വിധേയമായിട്ടുള്ള ജീവിത ആഖ്യാനങ്ങൾക്ക് ബദലായി പുതിയ ഒന്നിനെ
നിർമിച്ചെടുക്കുകയാണ് ഈ സിനിമ. നിലവിലെ എല്ലാത്തരം മൂല്യങ്ങളോടും ഇടയുന്ന തരത്തിലാണ് ഇത് സംഭവിക്കുന്നത്. കുമ്പളങ്ങി അടുത്ത കാലത്താണ് ടൂറിസ്റ്റ് പ്ലെയ്‌സായി മാറിയത്. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ടയിടം. ഈ ദ്വീപിൽ ഒറ്റപ്പെട്ട വീടാണ് കുമ്പളങ്ങി നൈറ്റ്‌സിലെ നാൽവർ കുടുംബത്തിന്റേത്.
ദ്വീപിലെ അഴുക്കുകൾ അടിഞ്ഞുകൂടുന്ന സ്ഥലത്താണ് ഇവരുടെ വീട്. ഇവിടേയ്ക്ക് ആരും വരാറില്ല. തീട്ടപ്പറമ്പ് എന്നാണ് ഇവരുടെ വീടിരിക്കുന്ന സ്ഥലത്തെ വിലയിരുത്തുന്ന്. കേരളത്തിലെ ദലിത് സമൂഹങ്ങൾ താമസിക്കുന്ന ഇടങ്ങളെ സവർണത എല്ലായ്‌പോഴും ആക്ഷേപിക്കുന്നത് ഇത്തരം പേരുകൾ വിളിച്ചാണ്.
പാർശ്വവത്കൃത സമൂഹങ്ങൾ സിനിമയുടെ ഭാഗമായതോടെയാണ് ഈ കാഴ്ചപ്പാടുകൾ മാറിത്തുടങ്ങിയത്. കൊളോണിയൽ ആധുനികത സൃഷ്ടിച്ച വ്യതിരിക്തമായ ബോധത്തെ മലയാള സിനിമ കാര്യമായി സ്വീകരിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അത്തരം ചില കാഴ്ചകളെ സൃഷ്ടിക്കാൻ ശ്രമിച്ചപ്പോഴെല്ലാം സവർണ കേന്ദ്രിതമായ കുടുംബമൂല്യ സങ്കല്പനങ്ങളെ ഉയർത്തിനിർത്താനാണ് സിനിമ ഇതുവരെ ശ്രമിച്ചിരുന്നത്.
ആധുനികത സൃഷ്ടിച്ചുറപ്പിച്ച അസ്തിത്വ ചിന്തകൾ സാഹിത്യത്തിലാണെങ്കിലും കലയിലാണെങ്കിലും ‘നിർമിത’ മനുഷ്യനിൽ
മാത്രം കേന്ദ്രീകരിക്കുന്നതായിരുന്നു. അപര മനുഷ്യർ സിനിമയുടെ ഫ്രെയ്മിലേക്ക് സവിശേഷമായി വരുന്നത് രണ്ടായിരത്തിന് ശേഷമാണ്. അതായത് ന്യൂ ജനറേഷൻ എന്നു വിളിക്കാവുന്ന സിനിമയുടെ കടന്നുവരവോടെ. സദാചാര പുരുഷന്റെ താഴുന്ന ഉടൽ ഷമ്മി (ഫഹദ് ഫാസിൽ) പുരുഷകേന്ദ്രിതമായ കുടുംബഘടനയിലെ നായകനാണ്. കുടുംബത്തിലെ എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് ഇയാളുടേതാണ്. സവർണ പൊതുബോധത്താൽ നിർമിതമായ സദാചാര, പാരമ്പര്യ കാഴ്ചപ്പാടുകളുടെ പ്രതീകമാണ് ഷമ്മി. ഇയാളുെട ഭാര്യാ സഹോദരി ബേബി (അന്നാ ബെൻ) മറുപടി നൽകുമ്പോൾ കൂപ്പുകുത്തുന്നത് ഷമ്മിയുടെ ആൺ അധികാരത്തിന്റെ കോട്ടകളാണ്. അനുസരണയുള്ള ഭാര്യ അനിയത്തിയുടെ നിലപാട് പിന്താങ്ങുമ്പോൾ ഷമ്മിയെന്ന ആൺകോട്ട പൂർണമായും തകരുന്നു.
ഷമ്മിയുടെ കുടുബത്തിൽനിന്ന് വ്യത്യസ്തമാണ് സജിയുടെയും സഹോദരങ്ങളുടെയും കുടുബം. നാല് ആണുങ്ങൾ മാത്രമുള്ള കുടുംബത്തിലേക്ക് മൂന്ന് പെണ്ണുങ്ങൾ കയറിവരുന്നു. അതും നിലവിലെ യാഥാസ്ഥിതിക സമൂഹത്തിന്റെ കണക്കുകൂട്ടലുകൾ
തെറ്റിച്ചുകൊണ്ടാണ് ഇവരുടെയെല്ലാം വരവ്. തമിഴ്‌നാട്ടിൽനിന്നും വിദേശത്തുനിന്നും സ്വദേശത്തുനിന്നും വാതിലുകൾ അടയ്ക്കാത്ത ഈ വീട്ടിലേക്ക് എത്തുമ്പോൾ പ്രാദേശിക, ദേശീയ, അന്തർദേശീയ സങ്കല്പങ്ങൾ മറിച്ചിടപ്പെടുന്നു. മലയാള സിനിമ പുലർത്തിപ്പോന്ന സൗന്ദര്യ നിർമിതികളെ അപ്പാടെ പൊളിച്ചെഴുത്തിന് വിധേയമാക്കുകയാണ് ഇതിലെ ഓരോ സ്ത്രീകഥാപാത്രങ്ങളും. കുടുംബം എന്ന യാഥാസ്ഥിതിക നിർമിതിയെ തകിടം മറിക്കുന്നതിനൊപ്പം കറുത്തയാളെ തന്റെ പാർട്ണറായി പെൺകുട്ടി തെരഞ്ഞെടുക്കുമ്പോൾ പൊതുബോധത്തിന്റെ ചിരിയെ പരിഹസിക്കുകയാണ് സിനിമ. കറുപ്പ്-വെളുപ്പ് എന്ന ദ്വന്ദ്വത്തെ എങ്ങനെയാണ് കേരളീയ സമൂഹം കാണുന്നത് എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ സിനിമയിലുണ്ട്.
ഉടച്ചുവാർക്കുന്ന പൊതുബോധ്യങ്ങൾ
പാരമ്പര്യത്തെയും പഴയ വാർപ്പു മാതൃകകളെയും മനസിൽ നിന്ന് മായ്ച്ചുകളയാത്തവർക്ക് ഈ സിനിമയെ പുതിയ വ്യാകരണങ്ങൾകൊണ്ട് പൂരിപ്പിക്കാൻ കഴിയില്ല. വീട് എന്ന അധികാരകേന്ദ്രത്തെ പ്രശ്‌നവത്കരിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. കൂട്ടുകുടുംബ വ്യവസ്ഥയിൽ വീട് ഒരു സുരക്ഷിത സ്ഥലമായിരുന്നു എന്ന വ്യാജ നിർമിതി തകരുന്നത് നവോത്ഥാനത്തോടെയാണ്. തറവാടുകളിലും ഇല്ലങ്ങളിലും സ്ത്രീകൾ അനുഭവിച്ച തീക്ഷ്ണമായ അടിച്ചമർത്തലുകൾ കേരള ചരിത്രത്തിൽ വെളിപ്പെട്ടത് അതത് സമൂഹങ്ങളിലെ സ്ത്രീകളിലൂടെതന്നെയായിരുന്നു. മുതലാളിത്വത്തിലേക്ക് വികസിക്കുന്നതോടെ അണുകുടുംബങ്ങളായി മാറിയ വീടുകളിലും ജനാധിപത്യം കടന്നു വരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ പഴയ കാലത്തിൽ നിന്നും കുറച്ചെങ്കിലും കുതറി മാറാൻ അണുകുടുംബങ്ങളിലെ സ്ത്രീകൾക്ക് കഴിയുന്നുണ്ട്. പെയ്ന്റ് അടിച്ച് മിനുക്കി ചുറ്റിനും മതിലുകൾ കെട്ടിയ വീടല്ല ഇവിടെ നാൽവർ സംഘത്തിന്റേത്. വാതിലുകളില്ലാത്ത, സിമന്റ് തേക്കാത്ത, ഇടയ്‌ക്കൊക്കെ പൊള്ളിപ്പൊളിഞ്ഞ വീടാണത്. എന്നാൽ ഇവിടുത്തെ താമസക്കാർ യഥാർത്ഥ മനുഷ്യരാണ്. മറ്റുള്ളവരുടെ മനസറിയുന്നവർ, വേദനകൾ മനസിലാക്കുന്നവർ, അതൊക്കയാണ് ഇവർ. അതുകൊണ്ടാണ് അകാലത്തിൽ മരിച്ച തമിഴ്‌നാട് സ്വദേശിയായ സുഹൃത്തിന്റെ ഭാര്യയെ ഒപ്പം കൂട്ടാൻ സജി തയാറാകുന്നത്. സംസാരശേഷിയില്ലാത്ത വെളുത്ത ബോണി കറുത്ത വിദേശ വനിതയെ തന്റെ ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. ബോണി യുടെ പ്രണയിനിയെ ഒടുവിൽ എല്ലാവരും ചേർന്ന് കൂട്ടിക്കൊണ്ടു
വരുന്നത്. എല്ലാം വലിയ മനസുള്ളവർക്ക് മാത്രമേ സാധിക്കുകയുള്ളു. കുലീന കുടുംബത്തിനുള്ളിൽ നടക്കുന്ന മനുഷ്യത്വ/സ്ത്രീ
വിരുദ്ധത പലപ്പോഴും പൊതുസമൂഹം കാണാതിരിക്കുകയും സാധാരണ മനുഷ്യരുടെ കുടുംബത്തിലെ ചെറിയ കാര്യങ്ങളെ പെരുപ്പിച്ചു കാണിക്കുകയും ചെയ്യുന്നു. ‘നല്ല കുടുംബങ്ങൾക്ക് ഒരു സംസ്‌കാരമുണ്ട്, അത് നമുക്ക് കാത്തുസൂക്ഷിക്കണ്ടെ, അങ്ങനെയൊരു വീട്ടിലേയ്ക്ക് നിനക്കെങ്ങനെ പോകാൻ പറ്റും’ എന്നു ഷമ്മി ചോദിക്കുന്നത് വൃത്തി, ശുദ്ധി, സദാചാര സങ്കല്പങ്ങളുടെ പശ്ചാത്തലത്തലാണ്.
അടിസ്ഥാന മനുഷ്യർ താമസിക്കുന്ന ഇടങ്ങളെ വൃത്തിഹീനമായ ഇടങ്ങളായി ചിത്രീകരിക്കുക സിനിമയുടെ പതിവ് ശൈലി
യാണ്. സജിയുടെയും കൂട്ടരുടെയും വീട് ജനാധിപത്യവത്കരിക്കപ്പെട്ടതാണ്. സ്ത്രീകൾ എത്തുന്നതോടെ അത് കൂടുതൽ ജ
നാധിപത്യവത്കരിക്കപ്പെടുന്നു. ഷമ്മിയുടെ വീട്ടിൽ മൂന്ന് സ്ത്രീകളുമുണ്ട്. ഷമ്മി ‘കുടുംബനാഥനാണ്’. ആൺ അധികാരത്തി
ന്റെ പ്രതീകമാണ് ഇയാൾ. സ്ത്രീകൾ ചോദ്യമുയർത്തുന്നതോടെ അത് തകരുകയും ഷമ്മിയിലെ പുരുഷാധിപത്യം തകരുകയും
ചെയ്യുന്ന വൈരുധ്യത്തെയാണ് സിനിമ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നത്. ആധുനികത നിർമിച്ച പുരുഷ പ്രതീകങ്ങളെ അപ്രത്യക്ഷമാക്കുന്നു എന്നതാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ പ്രത്യേകത. ഉത്തരാധുനിക കണ്ടെത്തുന്ന എല്ലാത്തരം കാഴ്ചകളും അപര മനുഷ്യരെയും പ്രതിനിധാനം ചെയ്യുന്നു എന്നതാണ് പുതിയ കാലത്തിന്റെ സവിശേഷത. ഈ സന്ദർഭത്തെയാണ് കുമ്പളങ്ങി നൈറ്റ്‌സ് അടയാളപ്പെടുത്തുന്നത്.
ഷമ്മി എന്ന സദാചാര പുരുഷൻ എങ്ങനെയാണ് ഇന്നും കേരളീയ സമൂഹത്തിന്റെ നാഥനായി നിലനിർത്തപ്പെടുന്നത് എന്ന ചോദ്യം ഈ സിനിമ ഉയർത്തുന്നുണ്ട്. വലിയ ആഘോഷിക്കപ്പെടുന്ന ദേശങ്ങൾക്കുള്ളിൽ ചെറിയ (വലിയ) മനുഷ്യർ താമസിക്കുന്നു എന്നതും നാളെ അതാണ് കേരളത്തിന്റെ രാഷ്ട്രീയ ദേശമായി മാറുന്നത് എന്നതും കുമ്പളങ്ങി നൈറ്റ്‌സിന്റെ ഓരോ ഫ്രെയ്മും പറഞ്ഞുതരുന്നു. മലയാള സിനിമ പെൺ കർതൃത്വത്തെ അടയാളപ്പെടുത്തിയിരിക്കുന്നു എന്നതും ഇതിനൊപ്പം ചേർത്തുവയ്‌ക്കേണ്ടതാണ്.