ഈശ്വരസത്തയിൽ അടിയുറച്ച വിശ്വാസഗോപുരങ്ങളുടെ
പുണ്യപുരാതന സംസ്കാരമാണ് ഇന്ത്യയിലെ ജനങ്ങളുടെ
ആദ്ധ്യാത്മിക ജീവിതമെന്നും അത് സൃഷ്ടിപരമായ അന്തർദ
ർശനമാണെന്നും ഈ പുണ്യമായ ആദ്ധ്യാത്മിക സത്തയിലെ
ഈശ്വരസാന്നിദ്ധ്യം അവിതർക്കിതമാണെന്നും ഇതിനു പകരമുള്ള,
എതിരായുള്ള, ‘വിമർശനാത്മക ബുദ്ധി’യെ അവലംബിക്കുന്ന
നിരീശ്വരവാദത്തിന് ഇന്ത്യയിൽ ഒരുകാലത്തും കാര്യമായ വേരോട്ടം ഇല്ലായിരുന്നുവെന്നും മദ്ധ്യകാലത്തെ നൈയാതികരിൽ പ്രമുഖനായ ഉദയനൻ (എ.ഡി. 10-ാം നൂറ്റാണ്ട്) പ്രഖ്യാപിക്കുന്നുണ്ട്. ഇദ്ദേഹം ഒരു പടി കൂടി കടന്നുകൊണ്ട് തന്റെ മാഗ്നം ഓപസായ ‘ന്യായകുസുമാഞ്ജലി’യിൽ പ്രസ്താവിക്കുന്നത് ഇപ്രകാരമാകുന്നു:
എല്ലാവരും അവരവരുടെ രീതിയിൽ ഈശ്വരനിൽ വിശ്വസിക്കുന്നതുകൊണ്ട് വാസ്തവത്തിൽ നിരീശ്വരവാദികളായി
ആരുമില്ല” (!!) ആധുനികകാലത്ത് ഡോക്ടർ എസ്. രാധാകൃഷ്ണൻ
എന്ന ആധുനിക ഇന്ത്യയുടെ ശില്പികളിൽ ഒരാളും മഹാപ
ണ്ഡിതനുമായ മാന്യദേഹവും ഏറെക്കുറെ ഇതുതന്നെ ആവ
ർത്തിക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽ, കാല
ത്തിന്റെ വിധ്വംസനങ്ങളെയും ചരിത്രത്തിന്റെ ആകസ്മികതകളെയും പുറംനാടുകളായ ഗ്രീക്ക്, സ്ഥിഥിയ, പേഴ്സ്യ, മുഗളൻ, തുടർന്ന് ഫ്രഞ്ച്, ഇംഗ്ലീഷ് നാട്ടുകാരുടെ കടന്നുകയറ്റ
ത്തെയും സാംസ്കാരികമായ ആക്രമണങ്ങളെയും ചെറുത്തുനി
ന്നത് ഈശ്വരവിശ്വാസത്തിലമർന്നു നിന്നു നിലയുറപ്പിച്ചത്
ഇന്ത്യയുടെ തീവ്രമായ ആദ്ധ്യാത്മികതയായിരുന്നു.
ഇന്ന്, പി. പരമേശ്വരനെപ്പോലുള്ളവർ ഹൈന്ദവതയിൽ
അടിയുറച്ചതും അതിമാരകമായ വംശീയബോധം വളർത്തു
ന്നതുമായ ഹൈന്ദവ ഈശ്വരമാർഗവും പറഞ്ഞുകൊണ്ടിരി
ക്കുന്നു.
2014 ഒക്ടോബർ-നവംബർ മാസങ്ങളിൽ ഞാൻ കോഴിക്കോട് ബാലുശ്ശേരിയിലെ പനങ്ങാട് എന്ന ഗ്രാമത്തിൽ നാല്
ജനകീയ മീറ്റിംഗുകളിൽ പങ്കെടുക്കുവാനിടയായിരുന്നു.
ധാരാളം സ്ര്തീകളും വൃദ്ധരും മദ്ധ്യവയസ്കരും ചെറുപ്പക്കാരുമട
ങ്ങുന്ന സദസ്സിലേക്ക് ഞാനൊരു ചോദ്യമുന്നയിക്കുകയുണ്ടായി:
”ശാക്യമുനിയെന്ന ബുദ്ധൻ ഈശ്വരനെ ശക്തിയായി
നിഷേധിച്ച ഒരു നിരീശ്വരവാദിയായിരുന്നുവെന്ന് അറിയുന്ന
വർ കൈ പൊക്കുക”.
ആളുകളുടെ മുഖം അത്ഭുതം പൂണ്ട് അന്തം വിട്ടതുപോലെ
കാണപ്പെട്ടു. തുടർന്ന്, അവരിൽ ചിലർ പിന്നീട് പറഞ്ഞത്,
ബുദ്ധൻ, വിഷ്ണുവിന്റെ പല അവതാരങ്ങളിൽ ഒന്നാണെന്ന്
തങ്ങൾ കരുതിയിരുന്നത് എന്നാണ്!! എന്നാൽ വസ്തുതകൾ നേരെ വിപരീതമായ അറിവാകുന്നു നമുക്കു നൽകുന്നത്. പ്രധാനമായതും പ്രധാനപ്പെട്ടതുമായി പരിഗണിക്കുന്ന 7 ഇന്ത്യൻ ദർശനങ്ങളിൽ ബുദ്ധമതം, ചാർവാകമെന്ന ലോകായതും, ജൈനമതം, മീമാംസ, സാംഖ്യം എന്നിവ അതിശക്തമായി അവയുടെ ആരംഭകാലത്ത് ഈശ്വരനെ നിഷേധിക്കുകയും ഭൗതിക ലോകത്തിന്റെ ഇന്ത്യൻ നിരീശ്വര ദാർശനികാടിത്തറ പടുത്തുയർത്തിയവരുമാണെന്ന
വസ്തുത ഇന്ത്യയിലെ പണ്ഡിതപടുക്കൾ കുറെ നൂറ്റാണ്ടുകളായി
മറച്ചുവച്ച അപ്രിയസത്യമാകുന്നു. ബാക്കിയുള്ള രണ്ടു ദർശനങ്ങൾ – വേദാന്തവും ന്യായ-വൈശേഷികവും – മാത്രമാണ്.
കുറെ നൂറ്റാണ്ടുകളായി കൊട്ടിഘോഷിച്ചും പൊടിപ്പും
തൊങ്ങലും ഭീഷണിയുമായി ഈശ്വരവാദത്തെയും സൃഷ്ടിവാദത്തെയും പ്രചരിപ്പിച്ചുപോരുന്നത്. സമ്പന്നർ ഇതിനായി
ദേവാലയങ്ങൾ പണിതുകൊണ്ടേയിരിക്കുന്നു. എന്തുകൊ
ണ്ടാകുന്നു ഇത്തരമൊരു നിശ്ശബ്ദമായ കള്ളക്കളി നടത്തുവാൻ
ഇന്ത്യയിലെ ആദ്ധ്യാത്മിക പണ്ഡിതരെ പ്രേരിപ്പിച്ചത്? കറ കളഞ്ഞ അവസരവാദവും ബ്രാഹ്മണ്യ പൗരോഹിത്യത്തിന്റെ പുണ്യപാദങ്ങൾ കഴുകിയ വെള്ളം കുടിക്കുന്നതിൽ മത്സരിക്കുകയും ചെയ്യുന്നതു മൂലമാണ് സത്യത്തിനെതിരെയുള്ള നിലപാടെടുക്കുവാൻ ഇവരെ പ്രേരിപ്പിക്കുന്നത്.
മേല്പറഞ്ഞ, പണ്ഡിതോജ്ജ്വലമായ ആദ്ധ്യാത്മിക-സാംസ്കാരിക-സദാചാര വാദികളുടെ നാണംകെട്ട അവസരവാദികളിൽ പ്രമുഖൻ ഉദയനൻ തന്നെയായിരുന്നു. സാംഖ്യരും ബൗദ്ധരും ദിഗംബര ജൈനരും മീമാംസകരും ചാർവാകരും ഈശ്വരാസ്തിത്വത്തെ അതിഭീകരമായി നശിപ്പിച്ചവരാണെന്ന പരമാർത്ഥം തല്ലിക്കൊഴിച്ചതിനുശേഷം തന്റെ
എതിരാളികളായ മേല്പറഞ്ഞവർ ബോധപൂർവം നടത്തിയ ഈശ്വര നിരാകരണത്തെ തമസ്കരിക്കുകയും ഗീബൽസിനെക്കാളും വീറോടെ ഉദയനൻ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞതും എഴുതിക്കൂട്ടിയതും ജൈന-ബൗദ്ധ-മീമാംസ-സംഖ്യാദികളെല്ലാവരും
ഈശ്വര വിശ്വാസികളായിരുന്നുവെന്ന നട്ടാൽ മുളയ്ക്കാത്ത കടും കള്ളംതന്നെയായിരുന്നു!
ഉദയനന്റെ ജന്മത്തിനും ആയിരം-ആയിരത്തഞ്ഞൂറ് വർഷക്കാലം മുമ്പ് സംഭവിച്ച ‘മിലിറ്റന്റ്’ ആയിരുന്ന ഇന്ത്യൻ നിരീശ്വരവാദ ഭൗതിക പ്രപഞ്ചവീക്ഷണത്തെ തകർത്തെറിഞ്ഞതും ചുട്ടുകരിച്ചതും ആശയസമരത്തിന്റെ അപ്രമാദിത്വം കൊണ്ടു മാത്രമായിരുന്നില്ല, മറിച്ച്, അതിൽ കായികമായ ആക്രമണങ്ങളും ഉണ്ടായിരുന്നു. ഗ്രന്ഥപ്പുരകൾ ചുട്ടുകരിക്കുക, ഓടിച്ചിട്ട് തല്ലുക വരെയുള്ള വൈവിധ്യങ്ങളായ കലാഭാസങ്ങൾ കൊണ്ട് കുത്തിനിറച്ചതായിരുന്നു ഇന്ത്യൻ ഈശ്വരാധിഷ്ഠിത ആദ്ധ്യാത്മിക പണ്ഡിത ദുഷ്പ്രഭുക്കളുടെ കർമ-ധാർമിക പ്രവൃത്തികൾ.
ഇന്ത്യാചരിത്രത്തിൽ, പ ിന്നീട്, നാം നിരീശ്വരവാദ പ്രപഞ്ച
വീക്ഷണത്തെ നേരിട്ടഭിമുഖീകരിക്കുന്നത് 19-ാം നൂറ്റാണ്ടിന്റെ
രണ്ടാംപാതിയിലും 20-ാം നൂറ്റാണ്ടിലുമാണ്. പക്ഷെ, ഈ നവ
നിരീശ്വരവാദികളും അവരുടെ ചെറുതും വലുതുമായ പ്രസ്ഥാനങ്ങളും
പ്രധാനമായും അവലംബിച്ചത് പാശ്ചാത്യ നിരീശ്വരവാദത്തെയായിരുന്നു.
എന്തുകൊണ്ടായിരുന്നു ഇവർക്ക് ഇന്ത്യൻ നിരീശ്വരവാദ
ത്തിന്റെ ആദിസ്രോതസ്സുകൾ ഏറെക്കുറെ അജ്ഞാതമായിത്തീർന്നത്? ഉത്തരം വളരെയധികം ലളിതമായ ഒന്നാകുന്നു. മധ്യകാലത്തെ നാടുവാഴി പ്രഭുത്വത്തിന്റെയും രാജാക്കന്മാരുടെയും അടുക്കളകളിൽ ചാതുർവർണ വ്യവസ്ഥയുടെ ഭൃത്യവേല ചെയ്തിരുന്ന ഇന്ത്യൻ ആദ്ധ്യാത്മിക പണ്ഡിത വരേണ്യർ
ഭരണകൂട മർദന ഉപാധികളുടെ സഹായത്തോടെ നേരിട്ടും
അല്ലാതെയും കായികമായും ബുദ്ധിപരമായും ഇന്ത്യൻ നിരീ
ശ്വരവാദത്തെ തല്ലിത്തകർക്കുകയും ചിന്താപരമായി നിരീശ്വ
രവാദത്തെ നിരായുധീകരിക്കുകയും ചെയ്തു. ഒരു ‘ഗ്രേറ്റ്
ഇന്ത്യൻ മതാത്മക ബാലെ’യുടെ ചടുല നൃത്തച്ചുവടുകൾ
ആഞ്ഞാഞ്ഞു ചവിട്ടി തള്ളിയതു മൂലമായിരുന്നു.
പക്ഷെ, ഇതോടൊപ്പമോ അല്ലെങ്കിൽ ഇവയ്ക്കു സ്വല്പം മുകളിലുമായോ
ശങ്കരൻ മുതൽ ശ്രീനാരായണൻ വരെയുള്ള
അദ്വൈതവാദികൾ പ്രപഞ്ചദർശനം പറഞ്ഞുപറഞ്ഞ് ഇട
യ്ക്കിടെ ഈശ്വരനിഷേധത്തിന്റെ വക്കുവരെയെത്തി, തിടുക്ക
പ്പെട്ട്, തിരിച്ചുവരുന്ന വിചിത്രമായ പല കാഴ്ചകൾക്കും
ഇന്ത്യക്കാർ സാക്ഷ്യം വഹിച്ചിരുന്നു എന്നുകൂടി കൂട്ടിച്ചേർക്കാം
ഇവിടെ. ആദ്യകാല ഇന്ത്യൻ യുക്തിവാദ ദർശനത്തിന്റെ കുഴൽ
വിളി നമുക്ക് കണാദ മുനിയിൽ നിന്ന് കേൾക്കാൻ കഴിയുന്നു
ണ്ട്. പ്രഭവകാലമായതിനാൽ കുറച്ചൊക്കെ അസംസ്കൃതമായിരുന്നു
ഇദ്ദേഹത്തിന്റെ ഭൗതികവാദ ദർശനമെന്ന്
തോന്നാമെങ്കിലും പദാർത്ഥത്തിന്റെ ഘടന കണമാണെന്നും
പ്രപഞ്ചം കണങ്ങളാൽ – ആറ്റം – നിർമിതമാണെന്നുമുള്ള
വെടി പൊട്ടിച്ച ഇദ്ദേഹം ബി.സി. 800-1000 വർഷക്കാലത്തായിരുന്നു
ജീവിച്ചിരുന്നത് എന്ന് ഏറെക്കുറെ ഇന്ന് കരുതപ്പെടു
ന്നു. പാശ്ചാത്യ നിരീശ്വരവാദത്തിന്റെ ആദ്യകാല വിശാരദനായി
അറിയപ്പെടുന്ന ഗ്രീക്കുകാരൻ ദിമിത്രിക്കസ്സിനെക്കാളും
600-760 വർഷങ്ങൾക്കു മുമ്പുതന്നെ, ഇന്ത്യയിൽ, രേഖപ്പെടു
ത്തപ്പെട്ട, ഭൗതിക വാദ ചടുല ചിന്തകൾ ഉണ്ടായിരുന്നുവെന്നു
സാരം.
ഇവിടെ, ന്യായമായി ഉന്നയിക്കപ്പെടേണ്ട ഒരു ചോദ്യമിതാണ്?
എന്തായിരുന്നു ആദ്യകാല ഇന്ത്യൻ നിരീശ്വരവാദത്തിന്റെ
സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക വിവക്ഷകൾ?
ചാതുർവർണ്യവും നീചവും അപ്പാർത്തീസുമായ ജാതിവ്യ
വസ്ഥയും മൃഗബലിയും വഴിപാടുകളും മറ്റനേകം ശുദ്ധ തട്ടി
പ്പുകളുമായി ഈശ്വരവാദ ഇന്ത്യൻ മതങ്ങളും ബ്രാഹ്മണ്യ
പൗരോഹിത്യവും ഇന്ത്യക്കാരെ പാഷാണം തീറ്റിച്ചിരുന്ന
അക്കാലത്ത് സാംഖ്യദർശനത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന
കപിലൻ ചൊല്ലിയ ഒരു ശ്ലോകാർത്ഥം ഇങ്ങനെയായിരുന്നു:
ബ്രാഹ്മണ പുരോഹിതർ ഹോമം നടത്തുമ്പോൾ പശുവിനെ
തീയിലിട്ട് ബലി നൽകുകയും പശുവിന്റെ ആത്മാവ്
നേരെ സ്വർഗത്തിലേക്ക് കുതികുതിക്കുകയും ചെയ്യുന്നുവെന്ന്
പൗരോഹിത്യം വെളിപ്പെടുത്തുന്നു. അങ്ങനെയാണെ
ങ്കിൽ, ബ്രാഹ്മണ പുരോഹിതൻ സ്വന്തം തന്തയെത്തന്നെ
യാണ് ബലിയായി നൽകേണ്ടത്. തന്തയുടെ ആത്മാവിനെ
സ്വർഗത്തിലെത്തിക്കുന്ന പുണ്യപ്രവൃത്തി പുരോഹിതർ (മകൻ) എന്തിന് ചെയ്യാൻ മടിക്കുന്നു എന്നിങ്ങനെ പോകുന്നു
ആദിവിദ്വാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു
സാംഖ്യാപ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന കപിലന്റെ
കൊടും ശകാര പരിഹാസങ്ങൾ.
മീമാംസകരാണെങ്കിൽ, മാന്ത്രിക കർമങ്ങളും യജ്ഞ
ങ്ങളും നടത്തുകയും തങ്ങളുടെ ‘നൈസർഗിക ശക്തി’
കൊണ്ട് മുൻപില്ലാത്തത്, ‘അപൂർവം’ ഉണ്ടാകുന്നതായി വിശദീകരിച്ചു.
മുൻപില്ലാത്തതിനെ ദർശിക്കുക വഴി തങ്ങളുടെ
പ്രപഞ്ച ദർശനത്തിൽ ഈശ്വരന് സ്ഥാനമില്ലായെന്ന് അവർ
കരുതിയിരുന്നു.
ആദ്യകാല ബൗദ്ധർ സമ്പത്തിന്റെ കേന്ദ്രീകരണത്തെ
വെറുത്തവരും ജാതിക്കെതിരെ സംഘടിത പ്രസ്ഥാനം നയി
ച്ചവരുമായിരുന്നു. ധനം മനുഷ്യരിൽ സൃഷ്ടിക്കുന്ന തമോ
ഗുണങ്ങളെ അവർ വിശദീകരിക്കുകയും സമുദായ ജീവിതം പ്രോത്സാഹിപ്പിച്ചവരുമായിരുന്നു. മൃഗബലി,
അന്ധവിശ്വാസജഡിലമായ പൂജാവിധികൾ എന്നിവയെ
നിരാകരിച്ച് ആദ്യകാല ബൗദ്ധർ കേന്ദ്രീകൃത സാമ്പത്തിക
ഘടനയ്ക്ക് പകരം കൂട്ടായ ജീവിതം – ഡമബബഴഭധളസ ഫധതണ –
പ്രോത്സാഹിപ്പിച്ചവരുമായിരുന്നു. ഇവർ സ്ര്തീകളുടെ സ്വാതന്ത്ര്യത്തിനും ഉന്നതിക്കും പ്രോത്സാഹനം നൽകിയവരുമായി
കരുതപ്പെടുന്നു.
ചാർവാക ദർശനത്തിൽ നിരീശ്വരവാദം ശക്തമായ ഭൗതി
കവീക്ഷണത്തെ ഉയർത്തിപ്പിടിച്ചിരുന്നു. ബുദ്ധമതത്തിന്റെ
വിവിധ വിഭാഗങ്ങളായ ചാർവാകം, സാംഖ്യം, വൈഭാഷികം,
മഹായാനം തുടങ്ങിയ മാർഗങ്ങൾ; കൂടാതെ, ജൈനരും നിരീ
ശ്വരവാദം തന്നെയാണ് അംഗീകരിച്ചിരുന്നത്. ഇവരിൽ
പലരും പല കാലത്തും സമ്പത്തിന്റെ കേന്ദ്രീകരണത്തെയും
ചൂഷണത്തെയും പല രീതികളിൽ വിമർശിച്ചവരുമായിരുന്നു.
വിചിത്രമായ മറ്റൊരു വസ്തുത, ആദ്യകാല ന്യായ-വൈശേഷി
കർക്കും ഈശ്വരവിശ്വാസം വേണ്ട രീതിയിൽ ഇല്ലായിരുന്നുവെന്നും
അവരിൽ പലരും നിരീശ്വരവാദം അംഗീകരിച്ചവരുമായിരുന്നുവെന്നതാണ്. പൊതുവിൽ സമ്പത്തിന്റെ കേന്ദ്രീകരണവും തുടർന്നു നടപ്പിലാകുന്ന ആക്രമണങ്ങളും തട്ടിപ്പുകളും വരേണ്യരായ പൗരോഹിത്യം കാട്ടിക്കൂട്ടുന്ന യുക്തിരാഹിത്യത്തിന്റെയും പാഠങ്ങളെയും ഇക്കൂട്ടർ നിരാകരിച്ചു. എന്നാൽ, ഇവർക്കെല്ലാവർക്കും കൂടിയും കുറഞ്ഞും വഴികാട്ടിയായി നിലനിന്നിരുന്ന സൈദ്ധാന്തികോർജം, ആദ്യകാല ഉപനിഷത്തുകളായിരുന്നുവെന്നത് സക്രിയ ‘ചരിത്ര’ പഠനം നടത്തുന്ന ഏതൊരു വിദ്യാർത്ഥിക്കും മനസിലാക്കുവാൻു കഴിയുന്ന ഒന്നാണ്.
ആദ്യകാല ഉപനിഷത്തുക്കളുടെ ദാർശനികാടിത്തറ
എന്തായിരുന്നു? പിൽക്കാല ഉപനിഷത്തുകൾ സകല വിധത്തിലുമുള്ള ദൈവങ്ങളുടെ കർതൃത്വം പരത്തിപ്പറയുമ്പോൾ
ആദികാല ഉപനിഷത്തുകൾ ഊർജം എന്ന ശക്തിയെയാണ് പ്രാപഞ്ചികോർജമായി പരിഗണിച്ചിരുന്നത്.
കേനം, പ്രശ്നം എന്നിവയിലും കഠോപനിഷത്തിന്റെ പല ഭാഗ
ങ്ങളിലും അവിതർക്കിതമായി പ്രസ്താവിച്ച ഊർജസ്രോതസ്
ഈശ്വരനല്ല, മറിച്ച്, ബ്രഹ്മം ആകുന്നു. ബ്രഹ്മം എന്നുണ്ടായി
എന്ന ചോദ്യം തന്നെ അപ്രസക്തമാകുന്നു. കാരണം, അതിന്
സമയം/കാലം എന്ന സങ്കുചിത പരികല്പനയുടെ അപ്പുറമാണ്
സ്ഥാനം. (ഉള്ളതിലും ഇല്ലാത്തതിലും) കാണപ്പെടുന്ന
തിലും കാണപ്പെടാത്തതിലും രുചിയിലും ഗന്ധത്തിലും ജല
ത്തിലും വായുവിലും കാലമെന്ന മനുഷ്യനിർമിത സംജ്ഞയ്ക്കുമപ്പുറം നിലനിൽക്കുന്നതും ആയ ഒരു ശക്തിവിശേഷമാകുന്നു ബ്രഹ്മം. (സഹസ്രാബ്ദങ്ങൾക്കുശേഷം പാശ്ചാത്യനായ മറ്റൊരു നിരീശ്വരവാദിയും ഭൗതികവാദത്തിന്റെ ആധുനിക കാല പ്രമുഖനുമായ കാൾ മാർക്സ്, തന്റെ ”വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ” വിശദീകരിക്കുന്ന പ്രപഞ്ചദർശനവും ഏറെക്കുറെ ഇതുതന്നെയാണ്.
കരണ-പ്രതികരണങ്ങളുടെ നിലയ്ക്കാത്ത നിരന്തര ചലനമാണ്
പ്രപഞ്ചമെന്നും ഇതിന് ഏകപക്ഷീയമായ ഒരു സൃഷ്ടി
കർത്താവ് ഇല്ലെന്നും പ്രപഞ്ചത്തിൽ സർവ ബലങ്ങളും –
ഢസഭടബധഡ – പരസ്പര വിരുദ്ധമായ നിരന്തര ചലനത്തിൽ ഏർ
പ്പെട്ടിരിക്കുന്നുവെന്നും ചൂടിൽനിന്ന് തണുപ്പിനെയും ഉയർന്ന
തിൽനിന്ന് താഴ്ന്നതിനെയും കരയിൽ നിന്ന് കടലിനെയും
തെക്കിൽ നിന്ന് വടക്കിനെയും വേർതിരിച്ച് ഏത് പ്രാഥമികം
എനന്ന ചോദ്യം ഉന്നയിക്കുന്നത് കനത്ത ബുദ്ധിശൂന്യതയായി
പൗരാണിക ഇന്ത്യൻ നിരീശ്വരവാദപ്രപഞ്ചവീക്ഷണവും
ആധുനിക ലോക ഭൗതികവാദ വീക്ഷണവും ഒരുപോലെ സമ
ർത്ഥിക്കുന്നു!
ആധുനിക കാല ഇന്ത്യയിൽ സമഗ്രമായ നിരീശ്വരവാദ
പ്രപഞ്ചവീക്ഷണം ഒരു ജനകീയ ചിന്തയെന്ന നിലയിൽ
ശക്തി പ്രാപിച്ചത് കേരളത്തിലും ബാംഗാളിലുമായിരുന്നു. മറ്റ്
പ്രദേശങ്ങളിൽ ചില പോക്കറ്റുകളിൽ ഇവ ദുർബലമായി
നിലനിന്നിരുന്നുവെങ്കിലും ആഗോളവത്കരണ-മതപുന:രുത്ഥാന
ശക്തികളുടെ വ്യാപക വളർച്ച നടക്കുന്ന ഇന്നത്തെ ഇന്ത്യയിൽ നിരീശ്വരവാദപ്രസ്ഥാനങ്ങളും അവഉന്നയിക്കുന്ന വസ്തുനിഷ്ഠ പ്രപഞ്ചവീക്ഷണവും അതീവ ദുർബലമായിത്തീർന്നിരിക്കുന്നുവെന്നുവേണം കരുതുവാൻ.
കാരണം, നിരീശ്വരവാദ-ഭൗതികവാദ പ്രപഞ്ച വീക്ഷണ
ത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന ഇന്ത്യയിലെ സംഘടിത ഇടതുപക്ഷ
രാഷ്ട്രീയധാര വൻതോതിൽ ഈ മുന്നേറ്റത്തിൽ
നിന്ന് പുറകോട്ടുപോയതാണ് ഇന്നത്തെ ദുസ്ഥിതിക്കുള്ള
പ്രധാനമായ കാരണം എന്ന് പൊതുവിൽ കരുതാം.
ജാതി-മത പ്രസ്ഥാനങ്ങളും അവയെ വളർത്തുന്ന
കുത്തക മുതലാളിമാരുടെയും ഭൂവുടമകളുടെയും അവർ നയി
ക്കുന്ന ഭരണകൂടത്തിന്റെയും ചെയ്തികളും പ്രചരണങ്ങളും
മതേതര സമൂഹത്തിന്റെ വളർച്ചയെ തകർക്കുന്ന ശക്തികളായി,
സമഗ്രമായി, സമകാലിക ഇന്ത്യയിൽ പരിണമിച്ചിരിക്കുന്നു.
ചട്ടമ്പിസ്വാമികൾ മുതൽ സഹോദരൻ അയ്യപ്പൻ വരെയും
ഇ.എം.എസ്., പി. കൃഷ്ണപിള്ള, കെ. ദാമോദരൻ മുതൽ എം.സി. ജോസഫ്, ഇടമറുക്, എ.ടി. കോവൂർ വരെയുമുള്ളവർ പുഷ്കലമാക്കിയ ആധുനിക കേരളത്തിന്റെ ഭൗതിക വാദപ്രപഞ്ചവീക്ഷണത്തിന്റെ നിരീശ്വര സത്ത, ഇന്ന്, കേരളത്തിലെ ഇടതുപക്ഷ പാർട്ടികൾ ഏറെക്കുറെ കൈവെടിഞ്ഞിരിക്കുകയാണ്.
കാമ്പിശ്ശേരിയും ‘ജനയുഗ’വും 1960കളിൽ ആരംഭിച്ച
അന്ധവിശ്വാസ വിരുദ്ധമായ അച്ചടിവിദ്യയുടെ പ്രാധാന്യം
നാം ഇവിടെ മനസിലാക്കേണ്ടതുണ്ട്. എ.ടി. കോവൂർ,
ജോസഫ് ഇടമറുക്, എം.സി. ജോസഫ്, പവനൻ തുടങ്ങി
അറിയപ്പെടുന്നവരും അല്ലാത്തവരുമായ എഴുത്തുകാരുടെയും
ചിന്തകരുടെയും ഒരു വൻമതിൽതന്നെ കാമ്പിശ്ശേരി വളർത്തിയെടുക്കുകയുണ്ടായി. കേരള ഭൗതികവാദ യുക്തിചിന്തയെ
വികസ്വരമാക്കുവാൻ ജനയുഗം മാസികയുടെ ഈ സവി
ശേഷ കാലഘട്ടം വമ്പിച്ച സംഭാവനകൾ നൽകിയിരുന്നു.
1980കളിൽ വിശ്വഹിന്ദുപരിഷത്തിന്റെയും ആർ.എസ്.എസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ച ശോഭായാത്രയോടെ നവകേരള ഭ്രാന്താലയത്തിലേക്കുള്ള പ്രവേശനകവാടം തുറക്കുകയായി. സംഘടിത ഇടതുപക്ഷത്തിന്റെ വിപ്ലവ ധൈഷണികതു മരത്തലയന്മാരുടെ കൈകളിൽ നനഞ്ഞ പടക്കമായി മാറുന്ന കാലവും ഇതുതന്നെയായിരുന്നു. തുടർന്ന്, 2014 എത്തുമ്പോൾ 30% വോട്ടുകൾ നേടി ഹൈന്ദവ മത യാഥാസ്ഥിതികതയുടെ ദേശീയപാർട്ടി കേരളത്തിൽ വലതുപക്ഷ രാഷ്ട്രീയത്തിലേക്കുള്ള പരിവർത്തനം
പൂർത്തിയാക്കിയിരിക്കുന്നു.
എം.എഫ്. ഹുസൈൻ അറബിനാട്ടിലേക്ക് സ്വയം നാടുകടത്തപ്പെട്ടതും
യു.ആർ. അനന്തമൂർത്തിയെക്കൊണ്ട് താൻ ഇന്ത്യ വിടേണ്ടിവരുമെന്ന് പറയിപ്പിച്ചതുമായ അതിഭീകരമായ ഒരു ശൂന്യത ഇന്ത്യൻ നിരീശ്വരവാദം നിന്ന് അഭിമുഖീകരിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ വീട്ടുകാർ ആലോചിച്ചുറപ്പിച്ചതോ പാർട്ടിക്കാർ കണ്ടെത്തിയതോ ആയ സ്വന്തം സമുദായത്തിൽ പെട്ട തുണകളെ തെരഞ്ഞെടുക്കുന്നു. അപവാദങ്ങൾ വളരെ അപൂർവമായി സംഭവിക്കുന്നുണ്ടെങ്കിലും ഇവർ, കൂട്ടമായി സകല അമ്പലക്കമ്മിറ്റികളിലും പ്രവർത്തിക്കുകയും,
ചത്തുമണ്ണടിഞ്ഞുകൊണ്ടിരുന്ന അസംബന്ധ ആചാരങ്ങളെയും, ധൂർത്തിന്റെ നിറകുടങ്ങളായ ഉത്സവങ്ങളുടെയും
നായകന്മാരായി നിലനിൽക്കുന്നു. സ്വന്തം വർഗത്തിന്റെ സമരോത്സുകതയും അന്ധവിശ്വാസ-ദൈവവിശ്വാസ നിരാകരണത്തിന്റെ പ്രത്യയശാസ്ര്തവും ഇക്കൂട്ടർ നശിപ്പിച്ചുകളഞ്ഞിരിക്കുന്നു. ഇടതുപക്ഷത്തിന്റെ പല പ്രവർത്തകരും മതവിശ്വാസങ്ങളുടെ വിഭജന പ്രത്യയശാസ്ര്തങ്ങളെക്കുറിച്ചും മതചിന്തകൾ മനുഷ്യനെ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്നതിനെ
ക്കുറിച്ചും പറയാതെ ഗദ്ഗദകണ്ഠരായി, മാന്യരായി, ശുഭവസ്ര്തധാരികളായി, ആചാരബന്ധതയുടെ മാമൂലുകൾ ഉയർത്തു
ന്നവരായി അധ:പതിച്ചിരിക്കുന്നു.
എന്തായാലും ചുംബന സമരത്തെ ആർ.എസ്.എസുകാരും
എ.ബി.വി.പിക്കാരും യുവമൂർഛകരും എതിർത്തത് നന്നായി; അല്ലെങ്കിൽ, എതിർപ്പുമായി വരുന്നവർ നവസദാചാരവാദികളായി സ്വയം പരിണമിച്ചു വന്നിരുന്ന ഇടതുപക്ഷചേരിയിൽ നിൽക്കുന്നവർ മാത്രമാകുമായിരുന്നു. ശുഭവസ്ര്തധാരികളായി മാറിയ ഇടതുപക്ഷ പ്രവർത്തകരിൽ പലരും അതിശക്തരായ നിരീശ്വരവാദികളാണ്. പക്ഷെ, സ്വന്തം ഗാർഹികാന്തരീക്ഷത്തിൽ, ബന്ധുമിത്രാദികളിൽ
ഇക്കൂട്ടർ മത-ദൈവ-ആചാര വിശ്വാസങ്ങളുടെ ദൈനംദിന
വ്യവഹാരങ്ങളെക്കുറിച്ച് ‘കമാ’ എന്നൊരക്ഷരം മിണ്ടാറില്ല.
തങ്ങളെ നല്ല മാന്യരും ആചാരബന്ധമായ വ്യവഹാരങ്ങളുടെ
തോഴനും തോഴിയുമായി അവർ സ്വയം പ്രദർശിപ്പിക്കുന്നു.
ഫലമോ കേരളം ജാതി-മത-ശക്തികളുടെയും അവർ കെട്ട
റുത്തു സ്വതന്ത്രമാക്കിയ വൈതാളികരുടെയും കേളീരംഗമാകുന്നു.
1930 മുതൽ 50 വരെയുള്ള കേരളീയ നിരീശ്വരവാദ ഭൗതി
കവാദ പ്രത്യയശാസ്ര്ത വികാസം 1950 മുതൽ 1980 വരെയുള്ള
രണ്ടാംഘട്ട കേരളീയസമൂഹത്തിന്റെ പ്രത്യയശാസ്ര്തമണ്ഡലത്തെ അടക്കിവാണിരുന്നുവെങ്കിൽ, 1990 മുതൽ 2014 വരെയുള്ള
മൂന്നാംഘട്ടം കേരളം ഭ്രാന്താലയത്തിലേക്ക് കുതിച്ചുകയറുന്ന
പ്രത്യയശാസ്ര്തങ്ങളുടെ ഗതിവേഗത്തിനാണ് സാക്ഷ്യം
വഹിക്കുന്നത്. മദനിമാരുമായും ക്രിസ്ത്യൻ-നായർ-ഈഴവ
സാമുദായിക പ്രമാണിമാരുമായും വോട്ടുവേഴ്ചകൾ നടത്തു
ന്നവരായി ഇടതുപക്ഷ നേതൃത്വം കേരളത്തെ മാറ്റിയതിന്റെ
രാഷ്ട്രീയ ദുസ്ഥിതി കൂടിയാണ് സമകാലിക കേരളത്തിന്റെ
വലതുപക്ഷ ഈശ്വരവാദത്തിലധിഷ്ഠിതമായ പ്രത്യയശാസ്ര്താടിത്തറ.
എന്നാൽ, ഇക്കൂട്ടരേക്കാൾ കഷ്ടതരമാണ് ഔദ്യോഗിക
യുക്തിവാദപ്രസ്ഥാനത്തിന്റെ കേരളാവസ്ഥ. കേവല യുക്തി
വാദമുന്നയിക്കുകയും മതവിശ്വാസികളായ ബഹുഭൂരിപ
ക്ഷത്തെ അകറ്റിനിർത്തുകയും ചെയ്ത കേരള യുക്തിവാദസംഘം
ഇന്ന് എന്താണെന്ന് അവർക്കുപോലുമറിയാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.
വിദ്യാർത്ഥിസംഘടനകൾ, യുവജന-മഹിളാസംഘടനകൾ, സംഘടിത തൊഴിലാളി വർഗ സംഘടനകൾ, കർഷക സംഘങ്ങൾ തുടങ്ങിയവരൊക്കെ ഒന്ന് ആഞ്ഞുപിടിച്ചാൽ
തകരുന്നതാണ് കേരളത്തിലെ സമകാലിക വലതുപക്ഷ
ഈശ്വരവാദത്തിലധിഷ്ഠിതമായ ജാതി-മത-സാമുദായിക
അന്ധവിശ്വാസ നിർമാതാക്കളുടെ മുന്നേറ്റങ്ങൾ. പക്ഷെ,
ഇത്തരമൊരു ഊർജദായകമായ മുന്നേറ്റത്തിന് ഇന്ധനം നിറയ്ക്കുന്നതിനു പകരം പരിസ്ഥിതിവിരുദ്ധരും പ്രകൃതിവിരുദ്ധരുമായ നവ കേരളീയ മുതലാളിത്തത്തിന്റെ ഉറ്റ തോഴരായി കേരളീയ സംഘടിത ഇടതുപക്ഷ നേതൃത്വം മാറിയതിനാൽ കനത്ത ഇരുട്ടാണ് കൂടിനിൽക്കുന്നത്.
വജ്രം, വൈരക്കല്ലുകൾ എന്നിവ ധരിച്ചാൽ കഷ്ടപ്പാടുകൾ
മാറുമെന്ന് ടി.വി. ചാനലുകളിൽ എല്ലാ ദിനവും ഭസ്മധാരികൾ പറഞ്ഞുകൊണ്ടിരിക്കുന്നു. ഏലസ്സുകൾ, മാന്ത്രികച്ചരടുകൾ
എന്നിവ മുൻകാലങ്ങളിൽ വില കുറഞ്ഞ കൊച്ചു പത്രപ്പരസ്യങ്ങൾ മാത്രമായിരുന്നുവെങ്കിൽ, ഇന്ന്, അവ എല്ലാ വീടുകളിലും വർണാഭയായ കാഴ്ചയായി ഓരോ ചാനലുകളും
മത്സരിച്ചുകാണിക്കുന്നുണ്ട്. ഇനിയും ചില ചാനലുകൾ കൂട്ട
പ്രാർത്ഥനകളും അത്ഭുത രോഗശാന്തിയും മന:ശാന്തിയും
നൽകുന്ന ദിവ്യന്മാരെയും ദിവ്യകളെയും നിത്യേനെ നമുക്ക്
പരിചയപ്പെടുത്തുന്നു!
”കാണാത്ത കേരളം” എന്ന ഉജ്ജ്വലമായ ഒരു ടി.വി. പരിപാടിയിലൂടെ ‘റിപ്പോർട്ടർ’ എന്ന ചാനൽ മാത്രമാണ് അന്ധവിശ്വാസ-മതാന്ധതയെക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ഒരു ചാനൽ. ഇടതുപക്ഷത്തിന്റെ ഔദ്യോഗിക ചാനലായ ‘കൈരളി’യിൽ ദുർമേദസ് നിറയ്ക്കുന്ന പാചക ഷോകളും തരംതാണ തമാശപരിപാടികളും പതിവു സിനിമകളുമായി
വർത്തമാനകാലത്തിന്റെ ജഡമനസ്സുകൾക്ക് ശക്തി പകരുന്നു.
ചുരുക്കത്തിൽ, യുക്തിദർശനത്തെ രാഷ്ട്രീയ-സാമൂഹിക
സംഘടനകൾ ഏറെക്കുറെ കയ്യൊഴിഞ്ഞിരിക്കുന്നു. പ്രസിദ്ധ
മായ കേരള ശാസ്ര്ത സാഹിത്യ പരിഷത്ത് അതിന്റെ സാമൂഹ്യ
ഊർജം നഷ്ടപ്പെട്ടതിനാൽ ദുർബലമായി നടന്നുപോകുന്നു.
പ്രകൃതിജീവനം, ജൈവകൃഷി എന്നിവയും നേതൃത്വം നൽകുന്ന ചില സംഘടനകൾ പ്രകൃതിവിരുദ്ധമായ ജാതിബോധവും
മതബോധവും മുറുകെപ്പിടിക്കുന്നവരുടെ ആൾക്കൂട്ടമായി പതുക്കെ വളർന്നുവരുന്നുണ്ട്. 60കളിലും 70കളിലും ചിന്താശീലരായ മുസ്ലിം യുവജനത ഇടത്തോട്ടായിരുന്നു ചാഞ്ഞിരുന്നതെങ്കിൽ ഇന്നവർ മതമൗലികവാദത്തിന്റെ നന്മകളെക്കുറിച്ച് വാചാലരാണ്.
ആശയറ്റ് ഇരുട്ടു നിറഞ്ഞുവരുന്ന കേരളീയ സാമൂഹ്യാന്ത
രീക്ഷത്തിന്റെ ഗതി മാറ്റുവാൻ കഴിയുന്ന ഏകദർശനം ഭൗതികവാദത്തിലധിഷ്ഠിതമായ യുക്തിദർശനമാണെന്ന് കേരളം
ഒരിക്കൽ തെളിയിച്ചതാണ് അച്ചടിമാധ്യമങ്ങൾ ആ കാലത്ത്
നടത്തിയ പ്രവർത്തനം ഉജ്ജ്വലമായിരന്നു. അച്ചടിമാധ്യമങ്ങളും സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും പുരോഗമന വാദത്തിന്റെ പക്ഷത്തു നിലയുറപ്പിച്ച വ്യക്തികളും ഗ്രൂപ്പുകളും
ചെറുസംഘങ്ങളും പുരോഗമനവാദത്തിന്റെ പക്ഷത്തു നിലയുറപ്പിച്ച
വ്യക്തികളും ഗ്രൂപ്പുകളും ചെറുസംഘങ്ങളും ഒരേ കുടക്കീഴിൽ അണിചേർന്നാൽ കേരളത്തിൽ ഒരു രണ്ടാം നവോത്ഥാനത്തിന് ഇനിയും ഉറച്ച സാദ്ധ്യതയുണ്ട്.
യുക്തിദർശനത്തെ പ്രതിരോധിക്കുന്ന ഈ പ്രവൃത്തി
ഇന്ന് ചെയ്തില്ലെങ്കിൽ നവകേരള ഭ്രാന്താലയത്തിലേക്ക് കടന്നുവരാൻ ഒരു വിവേകാനന്ദൻ പോലും ഇന്നില്ലായെന്ന ചരിത്രവസ്തുത എല്ലാവരും ഓർത്തിരിക്കുന്നത് വളരെ നന്നായിരിക്കും.