ഏറ്റവും ഭീതിപ്പെടുത്തുന്നത് മാധ്യമരംഗം വർഗീയവത്കരിക്കപ്പെടുന്നതാണ്. ചുരുക്കം ചിലതിനെ മാറ്റിനിറുത്തിയാൽ വർഗീയ, ഫാസ്റ്റിസ്റ്റ് അജണ്ടയെ പ്രോത്സാഹി
പ്പിക്കുന്നതിൽ മാധ്യമങ്ങൾ നിഷ്കരുണരായിരിക്കുന്നു. ഉദാഹരണത്തിന്, യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന ഇന്ന് സായുധ സേനയും, സർക്കാരും, രാഷ്ട്രീയക്കാരും സംയമനം പാലിക്കുമ്പോൾ മാധ്യമങ്ങൾ യുദ്ധത്തിനായി, തുറന്ന അങ്കത്തിനായി, മുറവിളി കൂട്ടുന്ന ഭീതിജനകമായ കാഴ്ച നമ്മൾ കാണുന്നു. കുറ്റകരമായ ഉത്തരവാദിത്യരാഹിത്യമാണ് മാധ്യമങ്ങളുടെ ഈ യുദ്ധക്കൊതി. ദേശഭക്തിയുടെ ഏറ്റവും ആത്മഹത്യാപരമായ രൂപമാണിത്. അസ്വസ്ഥനായ, ചിന്താകുലനായ, ഒരു ഭാരതീയനാണ് ഞാൻ. നമ്മൾ എവിടേക്കാണ് പോകുന്നതെന്നോ, നമ്മെ എവിടേക്കാണ് നയിക്കപ്പെടുന്നതെന്നോ എനിക്കറിയില്ല.
ഈ ഗെയ്റ്റ്വെ സാഹിത്യോത്സവത്തിന്റെ പ്രമേയം യുവശക്തിയാണ്. ഇന്ത്യയിലെ 22
സംസ്ഥാനങ്ങളിൽ നിന്നുള്ള അവാർഡ് ജേതാക്കളായ എഴുത്തുകാർ ഇവിടെ കൂടിയിരിക്കുന്നത് കാണുമ്പോൾ എനിക്ക്സന്തോഷം തോന്നുന്നു.
അവരെയാരേയും എനിക്ക് വ്യക്തിപരമായി അറിയില്ല. അവരെഴുതിയത്
ഞാൻ വായിച്ചിട്ടില്ല. എന്നാൽ അവരുടെ ക്ലേശങ്ങളും പരീക്ഷണങ്ങളും പ്രതീക്ഷകളും ഭയവുമെല്ലാം എന്തെന്ന് എനിക്ക്അനുമാനിക്കാനാകും. കാരണം, ഒരുകാലത്ത് ഞാനും ഒരു യുവ എഴുത്തുകാരനായിരുന്നുവല്ലോ!
ഞാനൊരു യുവ എഴുത്തുകാരനായിരുന്ന അഞ്ച് ദശാബ്ദങ്ങൾക്ക് മുമ്പുള്ള കാലവും ഈ യുവതീയുവാക്കൾ എഴുതുന്ന ഇന്നത്തെ ഈ കാലവും തമ്മിൽ പല വ്യത്യാസങ്ങളുമുണ്ടെന്ന് എനിക്ക്തോന്നുന്നു. ഇന്നത്തെ യുവ എഴുത്തുകാർ നേരിടുന്ന വെല്ലുവിളികൾ ഞങ്ങൾ അക്കാലങ്ങളിൽ അഭിമുഖീകരിച്ചിരുന്നില്ല.
സ്വതന്ത്ര എഴുത്തുകാരേയും ബുദ്ധിജീവികളേയും, അവരുടെവീട്ടിൽവച്ചുതന്നെ, നിഷ്ഠൂരമായി കൊലചെയ്യുന്ന ഒരു അന്തരീക്ഷത്തിലല്ല ഞങ്ങൾ എഴുതിയത്. മതജാതി ഭ്രാന്തന്മാർ നിയമവ്യവസ്ഥകൾ ദുരുപയോഗം ചെയ്ത് എഴുത്തുകാരേയും കലാകാരന്മാരേയും വേട്ടയാടുന്ന ലോകത്തിലല്ല ഞങ്ങൾ ജീവിച്ചത്. രാജ്യത്തിന്റെ തീരുമാനങ്ങളുമായി യോജിക്കാത്ത സാമൂഹ്യചിന്തകരെ ദേശദ്രോഹികൾ എന്ന് മുദ്രയടിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന കാഴ്ച ഞങ്ങൾ കണ്ടിട്ടില്ല. എല്ലാതരം സ്വപക്ഷാന്ധരും പുസ്തകങ്ങളിൽ പരതി നോക്കി’സ്വന്തം വികാരങ്ങളെ മുറിവേല്പിക്കുന്നവ’ കണ്ടെത്തുന്ന ലോകത്തിലല്ല ഞ
ങ്ങൾ എഴുത്തുകാരായി വളർന്നത്. ഞങ്ങൾ എഴുത്തുകാരായി വളർന്ന കാലത്ത് ഞങ്ങളെ മതനിരപേക്ഷരരാകുന്നതിന് കളിയാക്കുകയോ, ആരെങ്കിലും ഞങ്ങളെ ‘കപടമതനിരപേക്ഷർ’ എന്ന് വിളിക്കുകയോ ചെയ്തിരുന്നില്ല. രാജ്യസ്നേഹം എന്നത് അന്ന് തിളക്കമേറിയ ജനാധിപത്യമൂല്യമായിരുന്നു, അല്ലാതെ ആവശ്യാനുസരണം ചെണ്ടകൊട്ടിയറിയിക്കപ്പെടുന്ന യുദ്ധതത്പരതയല്ലായിരുന്നു.
ഞാനിപ്പോൾ ഒരു യുവ എഴുത്തുകാരനല്ലാത്തതുകൊണ്ട് അവർക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത് എന്ന് ഇനി എനിക്ക് അവകാശപ്പെടാനാകില്ല. കാലം മാറി എന്നും, ഇന്ത്യ മാറി എന്നും, നമ്മളിന്ന് പണ്ടൊന്നുമില്ലാത്ത വിധത്തിൽ വർഗീയമായി ഉത്തേജിതമായ ഒരു ഇന്ത്യയിലാണ് ജീവിക്കുന്നതെന്നും മാത്രമേ എനിക്ക് പറയാനാകുകയുള്ളു. നമ്മളെന്ത് ഭക്ഷിക്കുന്നോ അത് നമുക്ക് മരണംകൊണ്ടുവരുന്ന ഒരു ഇന്ത്യയാണിത്.
നമ്മൾ വിശ്വസിക്കുന്ന ദൈവം നമുക്ക് മരണം കൊണ്ടുവരുന്ന ഒരു ഇന്ത്യയാണിത്.
നിങ്ങളെന്തെഴുതുന്നുവോ, എന്ത് സംസാരിക്കുന്നുവോ, അതിനെ മുൻനിറുത്തി നിങ്ങൾ ആക്രമിക്കപ്പെടാം, വെട്ടിനുറുക്കപ്പെടാം. മതം എന്നാൽ അതിപരുഷമായ ആക്രമണോത്സുകതയും വെറുപ്പും എന്നായിരിക്കുന്നു. ദേശഭക്തി എന്നത് ചില മതവിഭാഗങ്ങളുടേയും, ചില രാഷ്ട്രീയ വ്യക്തിത്വങ്ങളുടേയും ഉപവിഭാഗമായിരിക്കുന്നു. ഏറ്റവും ഭീതിപ്പെടുത്തുന്നത് മാധ്യമരംഗം വർഗീയവത്കരിക്കപ്പെടുന്നതാണ്. ചുരുക്കം ചിലതിനെ മാറ്റിനിറുത്തിയാൽ വർഗീയ, ഫാസ്റ്റിസ്റ്റ് അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങൾ നിഷ്കരുണരായിരിക്കുന്നു. ഉദാഹരണത്തിനായി, യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന ഇന്ന്സായുധ സേനയും, സർക്കാരും, രാഷ്ട്രീയക്കാരും സംയമനം പാലിക്കുമ്പോൾ മാധ്യമങ്ങൾ യുദ്ധത്തിനായി, തുറന്ന അങ്കത്തിനായി, മുറവിളി കൂട്ടുന്ന ഭീതിജനകമായ കാഴ്ചനമ്മൾ കാണുന്നു. കുറ്റകരമായ ഉത്തരവാദിത്യരാഹിത്യമാണ് മാധ്യമങ്ങളുടെ ഈ യുദ്ധക്കൊതി. ദേശഭക്തിയുടെ ഏറ്റവും ആത്മഹത്യാപരമായ രൂപമാണത്.
അസ്വസ്ഥനായ, ചിന്താകുലനായ, ഒരു ഭാരതീയനാണ് ഞാൻ. നമ്മൾ എവിടേക്കാണ് പോകുന്നതെന്നോ, നമ്മെ എവിടേക്കാണ് നയിക്കപ്പെടുന്നതെന്നോ എനിക്കറിയില്ല.
ഞാനിവിടെ ജീവിച്ച വർഷങ്ങളുടെ എണ്ണത്തെ മാത്രം ആധാരമാക്കി, യുവ എഴുത്തുകാർക്ക് എന്തെങ്കിലും നിർദേശം നൽകാൻ അവകാശമുണ്ടെന്ന് പറയുകയാണെങ്കിൽ, ആ ഉപദേശം ഇങ്ങിനെയായിരിക്കും:
ഒരു മത, ജാതി, രാഷ്ട്രീയ തത്വസംഹിതയ്ക്കും നിങ്ങൾ നിങ്ങളുടെ മനസിനെ അടിമപ്പെടുത്തരുത്. ഒരു രാഷ്ട്രീയക്കാരന്റേയും സേവകനാകരുത്. വെറുപ്പിന്റേയും അക്രമത്തിന്റേയും ശക്തികളിൽ നിന്ന് സ്വതന്ത്രമായി ദേശഭക്തിയുള്ള ഭാരതീയനാകുക. ദരിദ്രരുടെ പക്ഷത്ത് അടിയുറച്ചു നിന്ന് ദേശഭക്തിയുള്ള ഭാരതീയനാകുക. ഈ രാജ്യത്തെ ജനതയുടെ സിംഹഭാഗവും ദരിദ്രരാണെന്നതാണതിനു കാരണം. ഭാരതസ്ത്രീകളുടെ പക്ഷത്ത് ബോധപൂർവം ചേർന്നു നിന്ന് ദേശഭക്തിയുള്ള ഭാരതീയനാകുക. കാരണം, സമത്വത്തെക്കുറിച്ച ് ചർച്ചകൾ അനേകമുണ്ടെങ്കിലും സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ തന്നെയാണിന്നും സ്ത്രീകൾ. ശബരിമലയാണ് ഇതിന് ഏറ്റവും അടുത്ത് നടന്ന, ലജ്ജാകരമായ, ഉദാഹരണം. ദളിതരുടേയും, ഗോത്രവർഗങ്ങളുടേയും, മുക്കുവരുടേയും, ഭാരതത്തിലെ മറ്റ് അധസ്ഥിത പൗരന്മാരുടേയും ഒപ്പം ഉറച്ച് നിന്ന് ദേശഭക്തിയുള്ള ഭാരതീയനാകുക. ശുചിയുള്ള അന്തരീക്ഷം, ശുചിയുള്ള ഭൂമി, ശുചി
യുള്ള ജലം, ശുചിയുള്ള വായു എന്നിവയെ ബോധപൂർവം ഉയർത്തിപ്പിടിച്ച് ദേശഭക്തിയുള്ള ഭാരതീയനാകുക. സാഹചര്യങ്ങൾ നിങ്ങളെ അടിയറവ് പറയിപ്പിക്കാൻ നിർബന്ധിക്കുന്നുവെങ്കിലും ഉള്ളിന്റെയുള്ളിൽ നിങ്ങൾക്ക് ചുറ്റിലുമുള്ളമത, ജാതി, രാഷ്ട്രീയവിഷങ്ങളിൽ നിന്ന് സ്വതന്ത്രമായി നിൽക്കുക എന്ന് ഞാൻ കൂട്ടിച്ചേർക്കും.
ഇന്നത്തെ ഇന്ത്യയിൽ ഒരു എഴുത്തുകാരന്റെ മഹത്തരമായ കർമം ഒരു മഹത്തായ കൃതി സൃഷ്ടിക്കുക എന്നതിനും അപ്പുറത്തേക്ക് പോകുന്നു എന്ന് ഞാൻ കരുതുന്നു. ഒരു നല്ല മനുഷ്യനാകുക, ഒരു നല്ല പൗരനാകുക, ജാതി, വർഗ, വിശ്വാസവ്യത്യാസങ്ങളില്ലാതെ സഹപൗരന്മാരോട് കരുണയുള്ളവനും അവരെ ശ്രദ്ധിക്കുന്നവനുമാകുക എന്നതും, അക്രമം,
വെറുപ്പ് എന്നീരാക്ഷസീയ പ്രേരകശക്തികളിൽ നിന്ന് മനസിനേയും ഹൃദയത്തേയും എല്ലാ അർത്ഥത്തിലും സ്വതന്ത്രമാക്കി നിറുത്തുക എന്നതുമാണ് അവന്റെ ഇന്നത്തെ ഏറ്റവും വലിയ കർത്തവ്യം എന്ന് ഞാൻ കരുതുന്നു.
ഒരു മതഭ്രാന്തനൊരു മഹാനായ എഴുത്തുകാരനാകാനാകുമോ? ഫാസിസ്റ്റ് ചിന്തയുള്ളയാൾക്ക് ഒരു മഹാനായ എഴുത്തുകാരനാകാനാകുമോ? സ്ത്രീകളെ അടിച്ചമർത്തുന്ന ഒരുവന് ഒരു മഹാനായ എഴുത്തുകാരനാകാനാകുമോ?
ജാതിചിന്തകളുള്ള ഒരാൾക്ക് ഒരു മഹാനായ എഴുത്തുകാരനാകാനാകുമോ?
അങ്ങനെയുള്ള മഹാന്മാരായ എഴു ത്തുകാരുമുണ്ടാകാം. എന്നാൽ അവരുടെ ആ മഹത്ത്വത്തിൽ എനിക്ക് ലജ്ജതോന്നുന്നു. അവരുടെ വായനക്കാരേയും, സമൂഹത്തിനേയും, രാഷ്ട്രത്തേയും, എല്ലാറ്റിലുമുപരി അവരുടെ സ്വന്തം ഭാഷയേയുംവഞ്ചിക്കുന്ന ഇരട്ട മുഖമുള്ള രാജ്യദ്രോഹികളാണവർ. സത്യത്തിന്റെ ഉപകരണമാകുമ്പോഴാണ് ഭാഷ അതിന്റെ പൂർണതയിലേക്ക് വളരുന്നത്. നുണകൾ ഭാഷയെ ക്ഷീണിപ്പിക്കുന്നു, ചെറുതാക്കുന്നു.
ഈ അവസരത്തിൽ എനിക്ക് യുവഎഴുത്തുകാരുമായി പങ്കുവയ് ക്കാനുള്ളഅവസാന കാര്യമെന്തെന്നാൽ: ഒരുപക്ഷെ നിങ്ങളുടെ സാഹിത്യ
ത്തേക്കാൾ ഉപരിയായി രാജ്യത്തെ സ്നേഹിക്കാനുള്ള സമയം സമാഗതമായി
രിക്കുന്നു. മതവിദ്വേഷവും, യുദ്ധവെറിയും വിൽക്കുന്ന വഴിവാണിഭക്കാരിൽ നി
ന്ന് ഇന്ത്യയെ സംരക്ഷിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. ജനാധിപത്യത്തിന്റെ ശത്രുക്കളെന്ന് പ്രഖ്യാപിച്ചവരിൽ നിന്ന് മഹത്തായ ഈ ഭാരതീയ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളസമയം സമാഗതമായിരിക്കുന്നു. ഇന്ത്യയുടെമഹത്തായ മതനിരപേക്ഷ പാരമ്പര്യങ്ങളെ തുടച്ച് നീക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവരിൽ നിന്ന് അതിനെ സംരക്ഷി
ക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. അത്ഭുതകരമായ, ആശ്ചര്യപ്പെടുത്തുന്ന, ഈ രാഷ്ട്രത്തിന്റെ ബഹുസ്ഫുരതയെ, പല മതങ്ങളെ ഉൾക്കൊള്ളാനും പല സംസ്കാരങ്ങളെ ഉൾക്കൊള്ളാനുമുള്ള ക്ഷമതയെ, സംരക്ഷിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു.
കാരണം, ഇന്ത്യ എന്നൊന്നില്ലെങ്കിൽ, പിന്നെ നമ്മളൊക്കെ എന്താകും?
(ഫെബ്രുവരി 2, 2019-ൽ നടന്ന
മുംബൈ ഗെയ്റ്റ്വെ ലിറ്റ് ഫെസ്റ്റിൽ, നട
ത്തിയ മംഗള പ്രഭാഷണം)
വിവർത്തനം: സുരേഷ് എം.ജി.