വെളിച്ചത്തേക്കാൾ ഇരുളിലേക്കാണ് ഖസാക്കിന്റെ കണ്ണുകൾ തുറന്നിരിക്കുന്നത്. വിസ്‌തൃതിയുടെ ലഹരിയിൽ മുഴുകിയ രാത്രിയിലൂടെ, കാറ്റ് പിടിച്ച കരിമ്പനച്ചുവടുകളിലൂടെ, മിന്നി മിന്നിക്കടന്നു പോകുന്ന ഈരച്ചൂട്ടുകൾ നൽകുന്ന,
വ്യഥിത സന്ദേശങ്ങൾ ഖസാക്കിന്റെ വായനയിലെമ്പാടുമുണ്ട്. ഖസാക്ക് ആകമാനം ഇരുൾ ലോകമാണോ? ഇരുള്, പാപം, രോഗം, ഇല്ലായ്മ, വ്യർത്ഥത… ഖസാക്കിന്റെ ആകാശം എപ്പോഴും കാർമേഘഭരിതമാണോ? വിശാലമായ പുറംലോകത്തു
നിന്ന് ഒറ്റപ്പെട്ട അകംലോകത്തിലേക്കാണോ രവി ബസ്സിറങ്ങിയത്? ജരയും ദീനതയും നിറഞ്ഞ മാവ്, വേവട പിടിച്ച നരകപടം, കുഷ്ഠം പറ്റിയ വേരുകൾ… എന്നിങ്ങനെ നീളുന്ന ദുരിതദുഃഖതമോസൂചനകൾ. പനയോലകളുടെ ഇടയിലൂടെ ഒരു കീറ് വെളിച്ചം ഖസാക്കിലെങ്ങും നിന്ന് കടന്നു വരുന്നില്ലേ! രാവ്, ഇരുള്, അന്തി…
ഖസാക്കിൽ ചൂഴ്ന്നു നില്ക്കുന്ന അന്തരീക്ഷം വെളിച്ചത്തെ അകറ്റി നിർത്തുന്നതാണോ? ഖസാക്കിലെ മനുഷ്യർക്കുള്ളിൽ വെളിച്ചത്തേക്കാൾ ഇരുളാണോ പടർന്നുനിറയുന്നത്. പനകൾക്കപ്പുറം മലമുകളിലേക്ക് സൂര്യൻ ഒരിക്കലെങ്കിലും
ഉഷഃദീപ്തമാകാത്തതെന്ത്? രാവിന്റെ ദുരിതവും പാപവുമേറ്റ് ഖസാക്കുകാർ ഉഷസ്സിൽ മങ്ങിമയങ്ങിക്കിടക്കുകയാണോ? നിരന്തരം അസ്തമയത്തിലേക്ക്, ഇരുളിലേക്ക് നടക്കുന്നവർ. ഉദയകിരണം ആരിലേക്കും വന്നെത്താതിരിക്കാൻ വിജയൻ
നന്നേ മനസ്സിരുത്തുന്നുണ്ട്. ഖസാക്കിലെ പ്രകൃതിയുടെ സംഗീതവും നിശ്ശബ്ദതകളും നാം തിരഞ്ഞുപോയിട്ടുണ്ട്. എന്നാൽ ഉദയത്തിന്റെ അഭാവത്തെ കുറിച്ച് ശ്രദ്ധിക്കാറില്ല. ഉദയം പ്രതീക്ഷയും ആഹ്ലാദവും സായാഹ്നം ദുഃഖവും അനിശ്ചിതത്വവുമാണോ? എന്തായാലും ഖസാക്കുകാരിൽ സാന്ദ്രമായി അടയാളപ്പെടുന്നത് ഈ ഇരുളാണ്.
എങ്കിൽ ചില വെളിച്ചങ്ങൾ രവി ആഗ്രഹിക്കുന്നില്ലേ? ചില ബന്ധങ്ങളിൽ. ആർദ്രതകൾ നിറഞ്ഞ മാനുഷിക വിനിമയങ്ങൾ. ചില ക്ഷണികതകളിൽ. ഖസാക്കിന്റെ ഇരുൾ പ്രതലങ്ങളിൽ നിന്ന് ചെറിയ മിന്നാമിനുങ്ങായ് ചാന്തു മുത്തു
മിന്നിപ്പൊലിയുന്നു. നൂറുവിന്റെ കൈവിരലിൽ പിടിച്ചുകൊണ്ട് ചാന്തു മുത്തു നിന്നു. ചാന്തു മുത്തുവിന് ഉടുപുടയുണ്ടായിരുന്നില്ല. അവളെ തന്റെ അരികിലേക്കണച്ചുകൊണ്ട് രവി പറഞ്ഞു. ഞാൻ മറന്നു പോയി. ചാന്തു മുത്തൂന് പാവാട തയ്പിച്ച് തരാട്ട്വോ.
“മാണ്ടാ”, അവൾ പറഞ്ഞു.
“വേണ്ടേ?” അതെന്താത്?”
“തെക്കന് കൊട്ത്താ മതി”
“അതെന്താ, ചാന്തു മുത്തൂന് കുപ്പായം വേണ്ടേ?”
“തെക്കൻ ബലതാകട്ടെ”
കുഞ്ഞുങ്ങളുടെ പുറകിൽനിന്നു ചാന്തു കുടുകുടാ ചിരിച്ചു. എന്നിട്ടവൾ തട്ടനെടുത്തു കണ്ണു തുടച്ചു; അവൾ പറഞ്ഞു. “അവളിന്റെ സൊബാഗം അപ്പടിയാക്ക്”
മൺമണ്ടകളിൽ കഞ്ഞി വിളമ്പി മൂന്നു പേരും അത്താഴത്തിനിരുന്നാൽ ചാന്തു മുത്തു തന്റെ മണ്ടയിൽ നിന്നു വറ്റ് പിടിച്ചെടുത്ത് കുഞ്ഞുനൂറുവിന്റെ മണ്ടയിലേക്കിടും. “തെക്കൻ ബെക്കം ബലതാകട്ടെ”, അവൾ പറയും.
ഖസാക്കിലെ ദാർശനികമായ, ആധുനികമായ പ്രഹേളികാ സ്വഭാവമാർന്ന ആഖ്യാനത്തിനെതിരെ, ഉടുപുടയില്ലാത്ത ഈ നാലു വയസുകാരി കണ്ണിമയ്ക്കുകയാണ്. ഖസാക്കിൽ വെളിച്ചം വന്നു തൊട്ടുപോയ ഒരു നിമിഷമാണത്. ചാന്തു മുത്തുവിന്റെ അമ്മ വിളറിയ ഒരു ദൈന്യ സാന്നിദ്ധ്യമാണ്. രവി അവരെ ആദ്യമായി കാണുന്നതിങ്ങനെയാണ് “മഞ്ഞളുപോലെ ചോരവാർന്ന ചാന്തുമ്മയുടെ ശരീരം ഒരു കാലത്ത് സാമാന്യം സമൃദ്ധമായിരുന്നിരിക്കണം. പരന്നു വിളറിയ കവിളുകളിൽ ചുണങ്ങു പാടുകളുണ്ടായിരുന്നു. കണ്ണിനടിയിലും പാടുകളുണ്ടായിരുന്നു”.
കുഞ്ഞുനൂറുവിനും ചാന്തു മുത്തുവിനും വേണ്ടി ആ ദൈന്യത ഖസാക്കിലെ മറ്റൊരു ഇരുളന്തി പോലെ വൈധവ്യപ്പെട്ടുനിന്നു. രവി അവരെയും ഒഴിവാക്കുന്നില്ല.
“ചാന്തുമ്മ കരയുകയായിരുന്നു. അയാൾ അവളുടെ കണ്ണു തുടച്ചു കൊടുത്തു. കൺതടത്തിൽ നിന്ന്, കവിളിൽ നിന്ന് അയാൾ കൈയെടുത്തില്ല. പിന്നെ അയാളവളെ പിടിച്ചുയർത്തി കട്ടിലിലിരുത്തുകയായിരുന്നു.”
ചാന്തുമ്മ കുതറി പിടി വിടീച്ചു. അവൾ കിതച്ചു താഴ്‌വാരത്തിന്റെ ചുമരു ചാരിക്കൊണ്ട് അവൾ നിന്നു. അവൾ പറഞ്ഞു.
“ഓഹോ ഇതാ?” രവിക്ക് വല്ലായ്മ തോന്നിയില്ല. കൗതുകം തോന്നി. പുളിങ്കൊമ്പത്തെ പോതിയോടും അവളുടെ
പാമ്പെറുമ്പുകളോടും കൃതജ്ഞത തോന്നി. എത്രനേരം കഴിഞ്ഞെന്ന് രവിക്ക് നിശ്ചയമുണ്ടായിരുന്നില്ല. ചാന്തു
തിരിച്ചു വന്നു. അവൾ കട്ടിലിലിരുന്നു. രവി അവളുടെ ചുമലിൽ കൈവച്ചു.
“ഉങ്കളുക്ക് തെരിയാത്” ചാന്തുമ്മ പറഞ്ഞു.
“എന്ത്” രവി ചോദിച്ചു.
“ചിന്ന കൊളന്തകളോടെ നോവ്”
ഈ ഒടുവിലത്തെ വാചകത്തിലേക്ക്, ഞാറ്റുപുരയുടെ ഏതോ സുഷിരത്തിൽ നിന്ന് ഒരു ദീപ്തപ്രകാശകിരണം വീണു കിടന്നിരിക്കണം. ചാന്തുമ്മയും പാപമുക്തയല്ലെന്ന് വിജയൻ ചാന്തുമ്മയുടെ രാവുത്തരുടെ മരണത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്. പെണ്ണുങ്ങൾ ചാരിത്രവതികളാണെങ്കിൽ പുളിങ്കൊമ്പത്തെ പാമ്പെറുമ്പുകൾ അതിൽ കയറുന്നവനെ ഉപദ്രവിക്കല്ലത്രേ. എന്നാൽ രാവുത്തർ ഉഗ്രവിഷമുള്ള ഉറുമ്പുകടിയേറ്റ് താഴെ വീണ് മയ്യത്തായി. ഇരുള് ചാന്തുമ്മയെ
പൊതിഞ്ഞു. അവൾ കുഞ്ഞുനൂറു, ചാന്തു മുത്തു എന്നീ രണ്ട് ജനാലകളിലൂടെ വെളിച്ചം തേടി. കൊളന്തകളുടെ നോവിൽ സ്വയം നവീകരിച്ചു. പ്രദീപ്തമായ ഈ ഒറ്റവരിയിൽ അവൾ പാപമുക്തി തേടി. മാതാവും രണ്ട് കുഞ്ഞുങ്ങളും നിറഞ്ഞ
അലിവിലേക്ക് ഖസാക്കിന്റെ ഇരുളകങ്ങൾ വെളിച്ചം തേടി നിൽക്കുന്നു. അപ്പോഴും രവി വല്ലായ്മകളില്ലാത്ത ബോധത്തിൽ തന്നെയായിരുന്നു. പാമ്പെറുമ്പുകളോട് അയാൾക്ക് തോന്നിയ കൃതജ്ഞത, രാവുത്തരെ അഭാവപ്പെടുത്തിയതിന് കൂടിയാണ്. അയാൾക്ക് ആരോടെങ്കിലും സ്‌നേഹമുണ്ടോ? തന്നോട് പോലും?
ആധുനിക നാഗരിക ലോകത്തു നിന്നാണ് രവി ഖസാക്കിലെത്തുന്നത്. നാഗരികതയിലെ മാനവികമായ അഭാവങ്ങൾ ഖസാക്കിൽ കണ്ടെത്തണമെന്ന് രവി വിചാരിക്കുന്നണ്ടോ? കുഞ്ഞുനൂറുവിനോടും ചാന്തു മുത്തുവിനോടുമൊക്കെ അയാൾ
അടുപ്പം കാണിക്കുന്നുണ്ട്. എന്നാൽ ചാന്തു മുത്തുവിന്റെ കൊഴിഞ്ഞുപോകൽ അയാളെ തെല്ലൊന്ന് ചകിതനാക്കുന്നുവെങ്കിലും, ഖസാക്കിന്റെ നിഷ്‌കളങ്ക നൈസർഗ്ഗിക ഭാവങ്ങൾ അയാൾ ആഗ്രഹിക്കുന്നുവെങ്കിലും, ആസുരനാഗരികതയുടെ ഉടുപുടകൾ, ആന്തരികമായി അയാളിൽ നിന്ന് ഊരിയെറിയപ്പെടുന്നില്ല.
ഖസാക്ക് ദീപ്ത സന്ദേശങ്ങളുടെ ദേശേതിഹാസമല്ല. ദുരന്തത്തിലേക്ക് നടന്നുനീങ്ങാത്ത മനുഷ്യർ അവിടെ തീരെയില്ല. ദുരന്തത്തെ കൗതുകത്തോടെയാണ് രവി നോക്കിക്കാണുന്നത്. തന്റെയും മറ്റുള്ളവരുടെയും. ചാന്തുയുടെ ഭാവത്തെയും കുഞ്ഞുങ്ങളുടെ ദുർവിധിയെയും അയാൾ കൗതുകത്തോടെ തന്നെയാണ് കാണുന്നത്. എന്താണ് വിജയൻ കൗതുകം എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്. നിശ്ചയമായും സാധാരണവും സാമ്പ്രദായികവുമായ അർത്ഥമല്ല, അതിന്. കൗതുകത്തിന്, കാത്തിരിപ്പ് എന്നൊരു അർത്ഥം കൂടി നിഘണ്ടുവിലുണ്ട്.
കൗതുകം എന്നതിന് പാപത്തെ നശിപ്പിക്കുന്നത് എന്നും ഒരർത്ഥം പറയുന്നു. ഖസാക്കിലെ ഓരോ ദുരന്തത്തെയും രവി കാത്തിരിക്കുകയാണോ? ആവർത്തിക്കുന്ന ദുഃഖങ്ങൾ, തിന്മകൾ, പാപങ്ങൾ. ആവർത്തിക്കുന്ന രാവുകൾ. എല്ലാം
വീണ്ടും ആവർത്തിക്കുന്നുവല്ലോ എന്നതാണോ രവിയെ കൗതുകപ്പെടുത്തുന്നത്. സർപ്പദംശനത്തെയും അയാൾ കൗതുകത്തോടെ തന്നെയാണ് കാണുന്നത്.
ചാന്തു മുത്തു എന്ന ഖസാക്കിലെ ആർദ്രതയുടെ അവസാനവും അയാൾ നിസ്സംഗതയോടെ, അല്ലെങ്കിൽ മറ്റൊരു കൗതുകമായി കാണുന്നു. മാധവൻ നായർ വന്ന് ചാന്തു മുത്തുവിന്റെ മരണം അറിയിക്കവേ, രവി പറഞ്ഞു.
“മാധവൻന്നായരേ, വിശ്രമിക്ക്യ”
എന്തു കൊണ്ടെന്നറിഞ്ഞില്ല. അങ്ങനെ പറയാനാണ് രവിക്ക് തോന്നിയത്.
സ്റ്റൗ കത്തിച്ച് രവി വെള്ളം തിളക്കാനിട്ടു. ചായ കുടിച്ചിട്ട് പുാം, മാധവന്നായരെ അതേ, അയാളിൽ ചാന്തു മുത്തു
എന്ന കൗതുമവുമവസാനിച്ചിരുന്നു. രവിക്ക് അങ്ങനെയേ കഴിയൂ. അയാൾ ഒന്നിലും തറഞ്ഞ് നിൽക്കില്ല. ഒരു ദുഃഖത്തിലും, ഒരു സന്തോഷത്തിലും.
* * * *
മുതിർന്ന സഹോദരനായി, എല്ലാം വേണ്ടെന്നു വയ്ക്കുന്ന ചാന്തു മുത്തുവിന്റെ ആർദ്രമായ ജീവിതവും മരണവും ഖസാക്കിൽ അപ്രധാനമായ സംഭവമായിരിക്കും. പക്ഷേ, ചാന്തു മുത്തുവിന്റെ വേദന നിറഞ്ഞതെങ്കിലും പ്രകാശത്തിന്റെ നനവുള്ള ചെറിയ കണ്ണുകളിൽ വിജയൻ കരുതിവയ്ക്കുന്നതെന്താണ്? ഭാഷയുടെ വില്ലീസു പടുതകളിലൂടെ, വാക്കിന്റെ സാന്ധ്യ പ്രജ്ഞയിലൂടെ നിരാസക്തമായി, കഥ പറയവേ, എങ്ങിനെയാണ് ഇങ്ങനെയൊരു ചെറിയ കുട്ടി, പിന്നിലൂടെ വന്ന്
വിജയനെ തൊട്ടത്? തിരിഞ്ഞു നോക്കവേ “അണ്ണോ സ്ലാം” എന്നവൾ മൊഴിയുന്നു.
മൊബൈൽ: 9447661509