ഞാൻ ഈ എഴുത്ത് ഗാന്ധിജിയെ ഉദ്ധരിച്ചുകൊണ്ട് തുടങ്ങട്ടെ. അതിൽ ഗാന്ധിജി നമ്മുടെ ഉള്ളിൽ നിന്നു വരുന്ന കൊച്ചു ശബ്ദത്തെ കാതോർക്കുവാൻ പറയുന്നുണ്ട്. ”There are moments in your life when you must act, even though you cannot carry your best friends with you. The ‘still small voice’ within you must always be the final arbiter when there is a conflict of duty.” Mahatma Gandhi.
ഉണ്ണികൃഷ്ണൻ എന്ന ചിത്രകാരനും ആ കൊച്ചു ശബ്ദത്തെ കുറിച്ച് ബോധവാനാണ്. അതിനു തെളിവാണ് ഇഷ്ടികകളിൽ വരച്ച ചിത്രങ്ങൾക്കിടയിലെ എഴുതി വെച്ച ഈ വാചകങ്ങൾ. ” ഈ നാട്ടിൽ ജീവിക്കുവാൻ എനിക്ക് സമാധാനം ഇല്ലായെങ്കിൽ ലോകത്ത് എവിടെയാണ് ഞാൻ ആഗ്രഹിക്കുന്ന ഈ സമാധാനം.” ലോകത്തിൻ്റെ പല ഭാഗത്തും ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോഴും യാത്രകൾ ചെയ്യുമ്പോഴും തന്നെ കാത്തിരിക്കുന്ന വീട്ടിലെ കൊച്ചുമുറിയിലെ ഇഷ്ടികകൾ തന്നെയാണ് തൻ്റെ ചങ്ങാതിമാർ എന്ന് ഉണ്ണികൃഷ്ണൻ വിശ്വസിക്കുന്നു.
ഉണ്ണികൃഷ്ണൻ്റെ കൊച്ചുമുറിയിലെ ചെത്തി തേയ്ക്കാത്ത ചുവരിലെ ഇഷ്ടികകളിൽ നിറയെ ചിത്രങ്ങളാണ്. ഈ കൊച്ചുമുറിയിലെ ചുവരിലെ ഇഷ്ടികകളിലും വാതിൽപ്പാളികളിലും ഉണ്ണികൃഷ്ണൻ, തൻ്റെ വ്യക്തിബന്ധങ്ങളുടേയും (അമ്മ, ചേച്ചി), ജീവിതപരിസരത്തിൻ്റേയും (പക്ഷിമൃഗാദികൾ, കരിങ്കൽ ക്വാറി, മറ്റു വസ്തുക്കൾ), കഥകൾ പ്രതീകാത്മകമായ ഒരു നരേറ്റീവ് ശൈലിയിൽ വരച്ചു വെച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ നെന്മാറയ്ക്കടുത്തുള്ള പേഴുംപാറയിലാണ് 1991-ൽ നെയ്ത്തുകാരുടെ കുടുംബത്തിൽ ഉണ്ണികൃഷ്ണൻ ജനിച്ചത്. നെന്മാറയിൽ തന്നെയായിരുന്നു പ്രാഥമിക പഠനം. കുട്ടിക്കാലത്തു തന്നെ ചിത്രം വരയിൽ താല്പര്യം കാണിച്ചിരുന്ന ഉണ്ണികൃഷ്ണനെ അമ്മമ്മയുടെ കഥ പറച്ചിലും, അമ്മയുടേയും ചേച്ചിയുടേയും അനുഷ്ടാനാധിഷ്ഠിതമായ ജീവിതരീതികളും എറെ സ്വാധീനിച്ചിട്ടുണ്ട്. പിന്നീട് സ്കൂളിൽ പഠിക്കുമ്പോൾ സുഷമ ടീച്ചറാണ് ചിത്രം വരയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്. 2014-ൽ തൃശൂരിലെ കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും ചിത്രകലയിൽ ഡിഗ്രി എടുത്തു.
കോളേജ് പഠനകാലത്തിനിടക്കൊരു ഘട്ടത്തിൽ ഇഷ്ടികകളിലെ വരപ്പ് ഒരു ദൈനംദിന ഡയറി എഴുത്തു പോലെ പെരുകി കൊണ്ടിരുന്നപ്പോൾ, അതെല്ലാം മൊബൈലിൽ വീഡിയോ ആക്കി മാറ്റി. പ്രദർശനശാലയിൽ തൻ്റെ മുറിയിലെ ഇഷ്ടികകൾ കൊണ്ടു പോകുവാൻ പറ്റാത്തതുകൊണ്ട് ഇഷ്ടികകളിൽ വരച്ചിരിക്കുന്ന ചിത്രങ്ങളുടെ വീഡിയോ ദൃശ്യം Symphony of Bricks എന്ന പേരിൽ പ്രദർശിപ്പിക്കുകയുണ്ടായി. കോളേജ് പഠനകാലത്തു തന്നെയാണ് രണ്ടാമത്തെ കൊച്ചി ബിനാലെയിലേക്ക് (2014) പങ്കെടുക്കുവാൻ വിളിച്ചതും. വരച്ച ഇഷ്ടികകൾ കൊണ്ടൊരു സ്മാരക സദൃശമായൊരു ചുവർ ആണ് അവിടെ പ്രദർശിപ്പിച്ചത്. അത് പിന്നീട് ഷാർജ ബിനാലെയിലേക്ക് (2015) വഴി തെളിയിച്ചു. 2018-ൽ സ്വിറ്റ്സർലാൻഡിലെ ഒരു പ്രദർശനത്തിലും ഉണ്ണികൃഷ്ണൻ പങ്കെടുക്കുകയുണ്ടായി.
കരിങ്കൽ ക്വാറികളാൽ ചുറ്റപ്പെട്ട പ്രദേശത്താണ് ഉണ്ണികൃഷ്ണൻ്റെ വീട്. മാറിടം പൊട്ടിപ്പിളർന്ന പ്രകൃതിയുടെ കണ്ണുനീർ ഉണ്ണിക്കൃഷ്ണനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയിട്ടുള്ളത്. (അതിൻ്റെ പ്രതിഫലനം ചില ചിത്രങ്ങളിലുണ്ട് ). ഈ ദൃശ്യങ്ങളും വീട്ടിലെ ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും സാമീപ്യവും മറ്റു പല രൂപത്തിലുള്ള എതിർപ്പുകളുടെയും അനുഭവങ്ങളിൽ നിന്നും വരുന്ന ചിന്തകളിൽ നിന്നും മറികടക്കുവാൻ തൻ്റെ മുറിയിലെ ചുവരിലെ ഇഷ്ടികകളുമായി ചിത്രഭാഷയിലൂടെ ചങ്ങാത്തം കൂടിയിരിക്കുകയാണ് ഉണ്ണിക്കൃഷ്ണൻ. ഈ അനുഭവ പശ്ചാത്തലം അവനവനിലേക്ക് ആഴ്ന്നിറങ്ങുവാനും തൻ്റെ വേരുകൾ അന്വേഷിക്കുവാനുമുള്ള തൻ്റേടം ഉണ്ണികൃഷ്ണന് നേടികൊടുത്തിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ വരച്ച ചിത്രങ്ങളിലേക്ക് നമുക്കൊന്ന് എത്തിനോക്കാം. വീട്ടിലെ തൻ്റെ കൊച്ചുമുറിയിലിരുന്നാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. അത് തികച്ചും ഒരു കൊച്ചുമുറി തന്നെയാണ്. മുറിയിലെ ചെത്തി തേയ്ക്കാത്ത ചുവരിലെ ഓരോ ഇഷ്ടികയിലുമാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. വീടിൻ്റെ പരിസരത്ത് ദിവസേന കാണുന്ന വസ്തുക്കളേയും, പക്ഷിമൃഗാദികളേയും, മനുഷ്യരേയും ചിത്രങ്ങളിൽ കാണാം. അരിമണി, ഉറുമ്പ്, ഗൗളിയുടെ വാൽ, തെങ്ങിൻ ഓല, വെട്ടുകത്തി, ചിരവ, പലക, തീപ്പെട്ടി, ബ്ലെയ്ഡ്, ഏലസ്സ്, കടലാസുതോണി, ഗുളിക, മുളക്, ഉള്ളി, നാരങ്ങ, പ്ലാവില, മുറം, താക്കോൽ, ഞണ്ട്, മൈന, കുടത്തിൽ തലയിട്ട നായ, മത്സ്യം, തവള തുടങ്ങി മനുഷ്യരും ചിത്രങ്ങളിലുണ്ട്. ലളിതമായി ജല ചായത്തിലും ആക്രിലികിലുമാണ് രചനകളെല്ലാം. ഇഷ്ടികകളിൽ നിന്നിറങ്ങി കടലാസിലും കാൻവാസിലും മരപ്പലകകളിലും വൈവിധ്യം നിറഞ്ഞ ചിത്രങ്ങൾ ഉണ്ണികൃഷ്ണൻ ചെയ്യാറുണ്ട്. ഇത്തരം ചിത്രങ്ങളിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരേയും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ ചിത്രകാരനായതിൽ വളർന്നു വന്ന ചുറ്റുപാടുകളും അമ്മയുടേയും ചേച്ചിയുടേയും സ്വാധീനങ്ങളുമുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. ഇവരെ പ്രതീകാത്മകമായി തൻ്റെ മുറിയുടെ അകത്തുനിന്ന് പുറത്തേക്കുള്ള വാതിൽപാളികളിൽ വരച്ചിട്ടുണ്ട്. അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും കടന്നു കയറാതെ, അവയെ തന്നിലേക്ക് സ്വാംശീകരിച്ചെടുത്ത് അവരുടെ പ്രവർത്തന മേഖലകളിലെ വസ്തുക്കളിലൂടെ അവരെ പ്രതീകവൽക്കരിക്കുകയാണ് ചെയ്തത്. അമ്മയെ വരച്ച വാതിൽ പാളിയിൽ തഴപ്പായയുടെ പശ്ചാത്തലത്തിൽ മുറിച്ച ചക്ക, നാക്കില, വെറ്റില, അടയ്ക്ക, കാലിൽ ചുറ്റിയ പാമ്പ്, കൊളുത്തി വെച്ച വിളക്ക്, വെട്ടുകത്തി തുടങ്ങി അനേകം വസ്തുക്കളുണ്ട്. അത്തരം ഒരു ചിത്രീകരണത്തിലൂടെ അമ്മയെ അദൃശ്യവൽക്കരിക്കുകയും ദൈവീകവുമാക്കി മാറ്റുകയാണ് ചെയ്തത്. ചേച്ചിയെ വരച്ച മറ്റേ വാതിൽ പാളിയിൽ ഒരു നൈറ്റിയുടെ പശ്ചാത്തല ദൃശ്യത്തിനു് മുകളിലായി ഒരു പ്ലെയിറ്റിൽ കമിഴ്ത്തി വെച്ച കലവും, ഉടഞ്ഞ മുട്ട, തുണി വെച്ചുകെട്ടിയ മുറിഞ്ഞ ഒരു കാൽ വിരൽ, പാൽക്കുപ്പി, ചാന്ത്, കന്മഷി, കോമരത്തിൻ്റെ വാള്, ചൂല്, മാൻകൊമ്പിൽ തൂക്കിയിട്ട കലം, ഒറ്റച്ചെരിപ്പ്, പൂച്ച തുടങ്ങി അനേകം ദൃശ്യങ്ങൾ കാണാം. മാതൃത്വത്തിൻ്റെ ചിഹ്നങ്ങൾ പേറുന്ന ഈ ചിത്രത്തിലെ ചേച്ചിയും അദൃശ്യരൂപിണിയായി നിലകൊള്ളുന്നു. അമ്മയുടേയും ചേച്ചിയുടേയും ഛായാചിത്രങ്ങൾ വരച്ച ഈ വാതിൽ പാളികൾ ഈയ്യിടെ സ്വിറ്റ്സർലാൻഡിൽ നടന്ന ഉണ്ണികൃഷ്ണൻ്റെ ചിത്ര പ്രദർശനത്തിലേക്ക് കൊണ്ടുപോകുകയുണ്ടായി.
പ്രതീകങ്ങളാൽ സമൃദ്ധമായ, സൂക്ഷ്മവും രേഖീയവുമായ ചിത്രങ്ങൾ വരച്ചു വെച്ച കൊച്ചുമുറിയിലെ ചിത്രദൃശ്യങ്ങളിൽ നിന്ന് കണ്ണകളെ പിൻവലിക്കുമ്പോൾ പി.പി.രാമചന്ദ്രൻ എഴുതിയ ഒരു കവിതയിലെ ഏതാനും വരികൾ ഓർത്തു പോയി.
”ഇവിടെയുണ്ട് ഞാൻ എന്നറിയിയ്ക്കുവാൻ
മധുരമായൊരു കൂവൽ മാത്രം മതി
ഇവിടെയുണ്ടായിരുന്നു ഞാനെന്നതി
ന്നൊരു വെറും തൂവൽ താഴെയിട്ടാൽ മതി
ഇനിയുമുണ്ടാകുമെന്നതിൻ സാക്ഷ്യമായ്
അടയിരുന്നതിൻ ചൂടുമാത്രം മതി
അതിലുമേറെ ലളിതമായെങ്ങനെ
കിളികളാവിഷ്ക്കരിക്കുന്നു ജീവനെ ?
മൊബൈൽ: 85478 47598