മണ്ണൊലിച്ചുപോയ കുന്നുകളിലെ ഗുഹകളിൽ നിന്ന് താഴെ സമതലത്തിലേക്ക് വന്ന അവൻ, നാലുകാലുകളിൽ നിവർന്നു നിന്ന് ചുറ്റും നോക്കി. പ്രകൃതിയുടെ പച്ചപ്പും മറ്റു ചരാചരങ്ങളും ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു. അപ്പോഴാണ് തന്റെ മുൻപിൽ വന്ന സ്ത്രീയെ അവൻ കണ്ടത്. നടന്നു നടന്നു തളർന്ന അവളെ അവൻ തന്റെ പുറത്തു കയറ്റി. പക്ഷേ അവൾ അവന്റെ വാലിലൂടെ കയറി ഭൂമിയുടെ ഗർഭപാത്രത്തിലേക്ക് ഇറങ്ങിപ്പോയി.
”A committed painter immersed in the companionship of birds, animals and tiny creatures, Smitha G S creates a world of colours and forms of the reality she has experienced…..” പ്രശസ്ത കലാനിരൂപകനായ വിജയകുമാർ മേനോൻ ഇങ്ങനെയാണ് സ്മിതയുടെ ചിത്രങ്ങളെക്കുറിച്ചു പറയുന്നത്.
സ്മിത ജി.എസ്. എന്ന ചിത്രകാരി ജനിച്ചത് കോഴിക്കോട് നടുവണ്ണൂർ പഞ്ചായത്തിലുള്ള കാവിൽ എന്ന ഗ്രാമത്തിലാണ്. പ്രാഥമിക വിദ്യാഭ്യാസമെല്ലാം നാട്ടിലും ചിത്രകലയുടെ പ്രാഥമികപാഠങ്ങൾ കോഴിക്കോട്ടുള്ള യൂണിവേഴ്‌സൽ സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്നും നേടി. പക്ഷേ സ്മിതയെ രൂപപ്പെടുത്തിയത് കാവിൽ എന്ന ദേശംതന്നെയാണ്. അവിടുത്തെ പ്രകൃതിയും ചെറുജീവികളും പക്ഷികളും മൃഗങ്ങളും അരുവികളും, അവയിലെ മത്സ്യങ്ങളും, തവളകളും സ്മിതയെ സ്വാധീനിച്ചിട്ടുണ്ട്. രവിവർമചിത്രങ്ങളുടേയും മറ്റു ക്ലാസ്സിക്കൽ ചിത്രങ്ങളുടേയും പഠനം വെളിച്ചത്തിന്റേയും ഇരുളിന്റേയും പ്രയോഗ സവിശേഷതകൾ സ്വായത്തമാക്കുവാൻ ചിത്രകാരിയെ ഏറെ സഹായിച്ചിട്ടുണ്ട്.
കുത്തിപ്പഴുത്ത അനുഭവങ്ങളുടെ മുറിവുകളിൽ നിന്നും വരുന്ന ചലം നക്കിത്തുടയ്ക്കുവാൻ പ്രാണികളല്ലാതെ വേറെയാരും വരുന്നില്ലെന്ന് ശ്രീജിത്ത് അരിയല്ലൂർ എന്ന യുവകവി തന്റെ ‘ചലം’ (പലകാല കവിതകൾ), എന്ന കവിതയിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്. കുത്തിപ്പഴുത്ത അനുഭവങ്ങളിൽ നിന്നും / കവിതപോലെ / അറിയാതെ ചീറ്റിയ വാക്കുകളായിരുന്നു ചലം / രണ്ടും വറ്റിത്തുടങ്ങിയിരിക്കുന്നു / നിസ്സാരരും നിസ്സഹായരുമായ / പ്രാണികൾക്കല്ലാതെ / മറ്റൊന്നിനും / ഇവയെ / ഉൾക്കൊള്ളാനാവാതെ വന്നിരിക്കുന്നു / നിസ്സാരരും നിസ്സഹായരുമായ പ്രാണിലോകത്തിന്റെ ബിംബവത്കരണത്തിലൂടെ തന്റെ മനസ്സിന്റെ വിഹ്വലതകൾ വളരെ സമർത്ഥമായി ചിത്രകാരി വരച്ചിരിക്കുന്നു. സങ്കീർണമായ തലങ്ങളിലൂടെയുള്ള ഈ അടയാളപ്പെടുത്തലുകളിലൂടെ സ്ത്രീമനസ്സുകൾക്കേറ്റ മുറിവുകളെ പ്രകൃതിയുടേതു കൂടി ആക്കി മാറ്റിയിരിക്കുന്നു. ഇങ്ങിനെ നോക്കുമ്പോൾ പ്രകൃതിക്കേറ്റ മുറിവുകളിലൂടെ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ഉള്ളിലേക്കുകൂടി ചിത്രകാരി ശ്രദ്ധിക്കുന്നതായി കാണാം. പ്രകൃതിയും താനും തമ്മിൽ ഭേദങ്ങളില്ലെന്നും തനിക്കേൽക്കുന്ന മുറിവുകൾ പ്രകൃതിയുടേതുകൂടിയാണെന്നും ചിത്രകാരി തന്റെ ചിത്രങ്ങളിലൂടെ പറയുന്നു.
ഇനി സ്മിതയുടെ ചിത്രങ്ങളിലൂടെ ഒന്നു സഞ്ചരിക്കാം. ഏറ്റവും പുതിയ ചിത്രങ്ങൾ ഓന്തുകൾ (chameleons) കഥാപാത്രമായി വരുന്നവയാണ്. ഒരു കഥ പറയുന്ന രീതിയിലാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. മലകളിൽ വസിച്ചിരുന്ന ഓന്തുകൾ, നീണ്ടുനീണ്ടു കിടക്കുന്ന വഴികളും അരുവികളും മരങ്ങളും ഉള്ള സമതല ദൃശ്യത്തിന് തിരശ്ചീനമായി നിലകൊള്ളുകയാണ്. അവിടേക്കാണ് അതുവരെ തന്റെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാതിരുന്ന ചിത്രകാരി ഒരു വെളിപാടു പോലെ കയറി വരുന്നത്. പക്ഷേ ചിത്രത്തിലെ സ്ത്രീയുടെ കൈകാൽ വിരലുകൾ ഓന്തിന്റെതു പോലെയാണ് വരച്ചിരിക്കുന്നത്. നഗ്‌നയുമാണ്. മൂന്നു ചിത്രങ്ങളിലായി ഓന്തിനു പുറത്തു കയറി വാലിലൂടെ മൺകുടം പോലുള്ള ഗർഭപാത്രത്തിലേക്ക് തിരിച്ചുപോകുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. വീട് സ്വാസ്ഥ്യവും സുരക്ഷിതത്വവും നൽകുന്നില്ല എങ്കിൽ തിരിച്ച് അമ്മയുടെ ഗർഭപാത്രം തന്നെയാണ് കൂടുതൽ സുരക്ഷിതത്വം നൽകുന്നതെന്ന വിചാരത്തോടെ ആവാം ഈ ചിത്രങ്ങൾ വരച്ചിരിക്കുന്നത്.
മറ്റൊരു ചിത്രത്തിൽ അസ്ഥികൂടമായ തന്റെ കൂട്ടുകാരന്റെ മുതുകിൽ, വിട്ടുപോകാൻ മടിച്ചിട്ടെന്നപോലെ, കെട്ടിപ്പിടിച്ചിരിക്കുന്ന ഓന്തിനെ കാണാം. ചുറ്റും ചിതറിക്കിടക്കുന്ന അസ്ഥികളും പറന്നുയരുന്ന ഈയാംപാറ്റകളും മറ്റു ചിഹ്നങ്ങളും കൂടി ചിത്രത്തിന് മരണചിഹ്നങ്ങളുടെ ഒരു ഇരുണ്ട മാനം നൽകിയിരിക്കുന്നു. ആദിമമായ ചില ചോദനകളിൽ നിന്ന് നമുക്ക് നമ്മെ പറിച്ചു മാറ്റുവാൻ ചിലപ്പോൾ സാധിക്കില്ലെന്ന് ചിത്രം നമ്മോട് പറയുന്നു. വേറൊരു ചിത്രത്തിന്റ നടുവിൽ നാക്കിലയിൽ വിളമ്പി വച്ചിരിക്കുന്ന ഒരു മാംസദളപുഷ്പം കാണാം. ചുറ്റും ചിതറികിടക്കുന്ന പൂക്കൾ. ഒരു ഭാഗത്തായി കൊളുത്തിവച്ചിരിക്കുന്ന ചിരാതിലേക്ക് വരുന്ന ഈയാംപാറ്റകളും അതിനെ തിന്നുന്ന ഒരു ഓന്തിനേയും കാണാം. ഇരുണ്ട വർണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നമ്മോട് ഇരുണ്ട വർത്തമാനകാലത്തെക്കുറിച്ച് പറയുന്നു.
എന്തുകൊണ്ട് ഇപ്പോൾ ഓന്തുകളും മുൻപ് പ്രാണികളും സ്മിതയുടെ ചിത്രങ്ങളിൽ വരുന്നു എന്നത് ആലോചനീയമാണ്. അത്തരം ബിംബങ്ങളെ തന്റെ ചിത്രീകരണപ്രതലത്തിലേക്ക് കൊണ്ടുവരുമ്പോൾ അതിന്റെ അർത്ഥതലങ്ങൾ സൂക്ഷ്മമായ ഒരു ചിത്രവായന ആവശ്യപ്പെടുന്നുണ്ട്. സ്മിത, താൻ നേരിടുന്ന ഒറ്റപ്പെടലുകളിൽ നിന്നും വേദനകളിൽ നിന്നും ഉള്ള അനുഭവങ്ങളെ ആവിഷ്‌കരിക്കുന്നത് ഒരു നിഗൂഢമായ തലത്തിലൂടെയാണ്. അതിന് ജൈവലോകത്തെ കൂട്ടുപിടിക്കുന്നു. സൂക്ഷ്മഭാവനയിലൂടെ അലംകൃതവും സൂക്ഷ്മവുമായ രേഖാവിന്യാസങ്ങളിലൂടെ പ്രതീകാത്മകവും ഭ്രമാത്മകവുമായ ഒരു ലോകം സ്മിത തന്റെ ചിത്രങ്ങളിൽ സൃഷ്ടിക്കുന്നു. ചിത്രരചനാരീതി ഒരു അയഥാർത്ഥശൈലിയിലാണ്. ഒരു യക്ഷിക്കഥയുടെ അന്തരീക്ഷം ചില ചിത്രങ്ങളിൽ ദർശിക്കാം. ശ്രദ്ധയോടെ ചിത്രങ്ങൾ നിരീക്ഷിക്കുന്നവർക്ക് പ്രാണികളും ഓന്തുകളും നിറഞ്ഞ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് കടലിന്റെ അല്ലെങ്കിൽ മനസ്സിന്റെ ആഴത്തിലേക്കുള്ള യാത്രകൾ മനസ്സിലാക്കുവാൻ പറ്റും. വലകൾക്കകത്തകപ്പെട്ട മത്സ്യങ്ങളും കിണറുകൾക്കുള്ളിൽ നിന്ന് പുറത്തേക്ക് രക്ഷപ്പെടുന്ന തവളകളും ചിത്രങ്ങളിൽ വരുന്നുണ്ട്. പച്ച കലർന്ന തവിട്ടു നിറത്തിൽ നിന്ന് നീലയുടെ വിവിധ നിറച്ചാർത്തുകളിലേക്കുള്ള ചിത്രകാരിയുടെ യാത്ര ഇരുണ്ടവർണങ്ങളുടേതും കൂടിയാണ്.
കാരൂരിന്റെ ‘മരപ്പാവകൾ’ എന്ന കഥയിലെ കഥാപാത്രത്തെയാണ് സ്മിതയുടെ ചിത്രജീവിതം അറിഞ്ഞപ്പോൾ ഓർമവന്നത്. മുൻവിധികളെ അല്ലെങ്കിൽ പൊതുഅളവുകളെ തിരസ്‌കരിച്ച ആത്മബലമുള്ള ഒരു കലാകാരിയെ കുറിച്ചാണ് ആ കഥയിൽ പറയുന്നത്. കുടുംബത്തെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലെത്തി മിഴിവോടെ ചെറിയ മരപ്പാവകൾ നിർമ്മിക്കുന്ന യുവതിയാണതിലെ നായിക. തന്റെ മരപ്പാവകൾക്കെല്ലാം തന്റെതന്നെ ഛായ നൽകുന്നവൾ. തന്റെ പ്രത്യക്ഷരൂപത്തെ മാത്രമല്ല, അനുഭവത്തേയും കലർത്തി ശില്പരചന ചെയ്യുന്നവൾ. തന്റെ ഭൗതിക ജീവിതത്തിന്റെ കെട്ടുപാടുകളിൽ നിന്നും അനിശ്ചിതത്വത്തിന്റെയും വിഷാദത്തിന്റേയും അന്തമില്ലാത്ത ആഴങ്ങളിൽ നിന്നും വരുന്ന ചിന്തകൾ പുതിയതായി കണ്ടെത്തുന്ന ബിംബനിർമിതികളിലൂടെ സൂക്ഷ്മമായി സംവദിപ്പിക്കുകയാണ് സ്മിത തന്റെ ചിത്രങ്ങളിലൂടെ.