അതിമൃദുലമാം എന്റെ കൈവെള്ളയിൽ ഇന്നു
മൈലാഞ്ചിയണിയുന്ന സുദിനം.
നിൻ സ്‌നേഹരാഗം കലർന്നതിന്നാലതി-
ന്നിന്നേറെയേറും തിളക്കം.
അതിൽ നിന്റെ പേരിന്റെ ആദ്യാക്ഷരം കുറി-
ച്ചതു ഞാനൊളിച്ചുവച്ചേക്കും.
അതിൽ നിന്റെ മിഴികൾ പരതുന്നതും, ചിരി-
യലിയുന്നതും ആസ്വദിക്കും.
അതിദാരുണം എന്റെ കൈവെള്ളയിൽ ഇന്നു
മൈലാഞ്ചിയഴിയുന്ന ദിവസം.
നിൻ ഹൃദയരക്തം കലർന്നതിന്നാലതി-
ന്നിന്നേറെയേറും ഇഴുക്കം.
അതിൽ നിന്റെ മിഴികൾ തുറന്നില്ല, പ്രണയം
തിരിതെളിയിച്ചതേയില്ല.
എൻ മൃതദേഹം വിലാപയാത്രയ്ക്കുള്ള
നേരവും കാത്തുകിടപ്പൂ.
എത്ര പേർ വന്നുപോകുന്നു, താങ്ങാവുന്നു
അന്ത്യദിനത്തിൻ തളത്തിൽ.
സ്‌നേഹമേ, നിൻ കരമെൻ തോളു താങ്ങുവാ-
നെത്തുകില്ലെന്നവർ ചൊൽവൂ.
നീ മാത്രമെത്തിയില്ലെത്തിയില്ലെന്നന്ത-
രാത്മാവു നൊന്തു കേഴുന്നൂ. നിലാ-
പ്പൂക്കളേ നിങ്ങളെൻ കണ്ണിണ ചുംബിച്ചടയ്ക്കൂ;
സർവശക്തനെന്നെക്കാത്തിരിപ്പൂ.
(കമല സുരയ്യക്ക്)