നമുക്കിനിയും പുറകിലേക്ക് നടക്കാൻ കഴിയില്ല. ഈ നൂറ്റാണ്ടിൽ തന്നെയോ അതോ അടുത്ത നൂറ്റാണ്ടിലോ വലിയ മാറ്റം സംഭവിക്കും. അത് സാപ്പിയൻസും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI അഥവാ കൃത്രിമ ബുദ്ധി) തമ്മിലുള്ള സാങ്കേതികമായ പോരാട്ടത്തിന്റെ കാലമായിരിക്കും. ആ പോരാട്ടത്തിൽ മനുഷ്യവംശം പ്രവചിക്കാൻ കഴിയാത്ത ഒരു ദുർഗതിയിലേക്ക് വരികയും ചെയ്തേക്കാം.തന്റെ പുസ്തകങ്ങളിലൂടെ ഈ മുന്നറിയിപ്പു നൽകുന്നത് ഹീബ്രു (hebrew) ചരിത്രാധ്യാപകനും ഗവേഷകനുമായ യുവാൽ നോവാ ഹരാരി (Yuval Noah Harari) യാണ്.
ഹരാരിയുടെ പ്രധാനപ്പെട്ട മൂന്നു പുസ്തകങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ പ്രസദ്ധീകരിക്കപ്പെട്ടു. മനുഷ്യ വംശത്തിന്റെ ചരിത്രമാണ് ആദ്യ പുസ്തകമായ സാപ്പിയൻസ് (Sapiens: A Brief History of Humankind) എങ്കിൽ മാനവകുലം അസാധാരണമായ ഒരു തലം കൈവരിക്കാൻ പോകുന്ന നാളെയുടെ ചരിത്രമാണ് രണ്ടാം പുസ്തകമായ ഹോമോ ദേയൂസ് (Homo Deus: A Brief History of Tomorrow). ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മനുഷ്യരോടുള്ള നിർദ്ദേശങ്ങളാണ് മൂന്നാമത്തെ പുസ്തകമായ 21 lessons for the 21st century. ഒരു ഇസ്രായേൽ പൗരനായ ഹരാരിയുടെ പുസ്തകങ്ങളുടെയും അദ്ദേഹം നടത്തിയ ഓൺലൈൻ സംവാദങ്ങളുടെയും ചുവടുപിടിച്ചു തയ്യാറാക്കിയതാണ് ഈ കുറിപ്പ്.
മനുഷ്യൻറെ വർത്തമാനകാലത്തിൻറെ സാരാംശവും അതിലൂടെ മനുഷ്യൻ ഭൗതീക മേൽക്കോയ്മയിലൂടെ “ദൈവദത്തമായി” മാറുന്ന വിപ്ലവ ചരിത്രവുമാണ് ഹരാരി ഹോമോ ദേയൂസ് എന്ന തൻ്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. മനുഷ്യവംശം ഇന്നോളം നേരിട്ടിട്ടില്ലാത്തത്ര രൂക്ഷമായ ഏറ്റുമുട്ടൽ ആയിരിക്കും ശാസ്ത്രസാങ്കേതിക നിർമ്മിത ബുദ്ധിയുമായി ഉണ്ടാവാൻ പോകുന്നത്. ലോകചരിത്രങ്ങൾ അടക്കിവാണ മനുഷ്യകുലത്തിന് പകരക്കാരനോ അപരനോ നമുക്ക് അടുത്തെത്തിക്കഴിഞ്ഞു. അതിന്റെ ആദ്യ സൂചനകൾ നമുക്ക് തന്നത് സ്റ്റീഫൻ ഹോക്കിങ് (Stephen Hawking) ആയിരുന്നു. എന്നാൽ അത് അത്ര പെട്ടെന്ന് തന്നെ സംഭവിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ട് മനുഷ്യവർഗ്ഗത്തിന്റെ (ഹോമോ സാപ്പിയൻസ്) ഭാഗധേയം നിർണ്ണയിക്കുന്ന ഒരു നൂറ്റാണ്ട് ആയിരിക്കുമെന്ന് ഹരാരി സൂചന നൽകുന്നു.
അപകടമൊ സാധ്യതയൊ?
വാർദ്ധക്യത്തെയും മരണത്തെയും മറികടക്കാൻ സജ്ജമാക്കുന്ന ഒരു സാങ്കേതികവിദ്യ മിക്കവാറും മനുഷ്യരെ ഒരു അനാവശ്യ ചരക്കാക്കി മാറ്റിക്കളയും എന്നതാണ് അപകടം. മനുഷ്യൻ്റെ ബയോകെമിസ്ട്രി മനസ്സിലാക്കുമ്പോൾ, മനുഷ്യൻ തന്നെ അവന്റെ കുറവുകൾ പരിഹരിക്കാൻ കഴിയുന്ന അവസ്ഥ കൈവരിക്കും. ബാഹ്യമായ ചില അൽഗോരിതം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയവ നമ്മളെ ഹൈജാക്ക് ചെയ്യാനുള്ള സാധ്യതയുണ്ട്. മറ്റൊരവസ്ഥ, നമ്മൾ നമ്മളെ മനസിലാക്കുന്നതിനേക്കാൾ കൂടുതൽ ‘ആർട്ടിഫിഷ്യൽ ഇൻറലിജൻസ്’ നമ്മളെ മനസ്സിലാക്കും എന്നതാണ്. ഇത് വലിയ മാറ്റത്തിന് വഴിതെളിക്കും. അപ്പോഴേക്കും മനുഷ്യൻ എല്ലാ കാലത്തെയും സമസ്യയായി കണ്ടിരുന്ന മരണത്തെ അതിജീവിക്കാൻ പഠിച്ചു കഴിയും. അതിന് ആവശ്യമായി വരുന്ന ഒരു അവയവ വിപണി അല്ലെങ്കിൽ പുതിയ വ്യവസായം ഉടലെടുക്കും. ആരോഗ്യം എന്ന ഉൽപന്നത്തിന്റെ ഉൽപാദനവും വിപണനവും ഏറ്റെടുത്തു ഒരു പുതിയ ലോകക്രമം ഉണ്ടായിവരും. ഇരുപത്തി രണ്ടാം നൂറ്റാണ്ടിൽ ആരോഗ്യം ആയിരിക്കും ഏറ്റവും വലിയ വിപണി എന്ന് ഹരാരി ഓർമ്മിപ്പിക്കുന്നു.
ബ്ലൂ വെയിൽ എന്ന വീഡിയോ ഗെയിം ഡെവലപ്പ് ചെയ്ത ഫിലിപ്പ് ബുഡയ്ക്കിൻ (Philip Budeikin) പറയുന്ന ഒരു കാര്യമുണ്ട്. പുതിയ ഒരു വർഗം ഇവിടെ വേർതിരിക്കപ്പെടും. അതിനെ ബയോളജിക്കൽ വേസ്റ്റ് എന്നാണ് പറയുക. അത്തരം വേസ്റ്റുകൾ ജീവിക്കുന്നതിനെക്കാളും നല്ലതു മരിക്കുന്നതായിരിക്കും. മനുഷ്യൻറെ പ്രയത്‌നവും ബുദ്ധിയും കൃത്രിമ ബുദ്ധി ഏറ്റെടുക്കുന്നതോടെ ഒരു പുതിയ ജീവി വർഗം തന്നെ ഉടലെടുക്കും അതു ബയോടെക്നോളജിയുടെയും ഇൻഫോടെക്നോളജിയുടെയും സമ്മിശ്രമായി ഉണ്ടാകുന്ന വർഗമായി മാറും. അങ്ങനെ, സൂപ്പർ ഹ്യൂമൻ അഥവാ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നിയന്ത്രിതമായ ഒരു വർഗ്ഗം ഉണ്ടാവും. കൃത്യതയോടും ക്ലിപ്തമായും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന അത്തരം ആർട്ടിഫിഷ്യൽ റോബോട്ടുകളുടെ സാന്നിധ്യത്തിൽ താരതമ്യേന സാമർത്ഥ്യം കുറഞ്ഞ, അല്ലെങ്കിൽ അതിജീവനശേഷി ഇല്ലാത്ത മനുഷ്യർ (ബയോളജിക്കൽ വേസ്റ്റ്) വൻതോതിൽ നിഷ്‌കാസനം ചെയ്യപ്പെടാം. ഈ കൃത്രിമ ബുദ്ധി ലോകത്തെ മാറ്റിമറിക്കാൻ പോവുകയാണ്.
നമ്മളിൽ നമ്മൾ ഇല്ലാതാകുമോ?
നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ നമ്മളെക്കാളും അല്ലെങ്കിൽ നമ്മുടെ സഹജീവികളെക്കാൾ നന്നായി അറിയുന്നത് ഗൂഗിൾ തുടങ്ങിയ സെർച്ച് എഞ്ചിനുകൾക്കാണ്. നമ്മുടെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ അതിനെ നിയന്ത്രിക്കുന്നത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആയിരിക്കും. ഉദാഹരണത്തിന് നമ്മളാദ്യം സെർച്ച് ചെയ്യുന്ന താൽപര്യങ്ങൾ മനസ്സിലാക്കുന്ന ഗൂഗിൾ, തുടർച്ചയായി നമ്മുടെ എല്ലാ ബ്രൗസിങ്ങിലും അത്തരം താൽപര്യങ്ങളുടെ ആശയങ്ങൾ ദൃശ്യമാക്കുകയും വീണ്ടും വീണ്ടും നമ്മൾ അതിനെ പിന്തുടരുകയും ചെയ്യും. ഓരോ വ്യക്തിയുടേയും ഹോം സ്ക്രീനിൽ തെളിയുന്ന ലിങ്കുകൾ വ്യത്യസ്തമായിരിക്കുന്നത് സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും. ഒരു മിനിറ്റിലെ അപ്ഡേറ്റ് നോക്കാൻ നെറ്റിൽ കയറിയാൽ പിന്നെ ചുരുങ്ങിയത് രണ്ടു മണിക്കൂർ കഴിയാതെ പുറത്തുവരാത്ത നമ്മൾ
ഒരു ബാഹ്യ ഇടപെടൽ ഉണ്ടാകുന്നതുവരെ വിർച്യുൽ ലോകത്തു സഞ്ചരിച്ചുകൊണ്ടിരിക്കും. ഇപ്പോൾ തന്നെ കാര്യങ്ങൾ ഇതാണെങ്കിൽ എല്ലാ മേഖലകളിലും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പിടിമുറുക്കികഴിഞ്ഞാൽ നമ്മുടെ തലച്ചോർ ആയിരിക്കും ഹൈജാക്ക് ചെയ്യപ്പെടുക.
ഹോമോ ദേയൂസ് എന്ന പുസ്തകത്തിൽ ഹരാരി ഭാവിയിലേക്ക് നോക്കി ആഗോള ശക്തി എങ്ങനെ മാറും എന്ന് പരിശോധിക്കുകയും, പരിണാമത്തിലെ പ്രധാന ഘടകമായ നാച്ചുറൽ സെലക്ഷൻ ആർട്ടിഫിഷ്യൽ സെലക്ഷന് വഴിമാറുന്നത് എങ്ങനെയെന്ന് വിവക്ഷിക്കുകയും ചെയ്യുന്നു. ഗൂഗിളും ഫെയ്സ്ബുക്കും നമ്മുടെ ഇഷ്ടങ്ങളും രാഷ്ട്രീയ മുൻഗണനകളും മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാൽ ജനാധിപത്യം പോലും പറയാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചേരാം. ജനിതക എൻജിനീയറിങ്ങിലൂടെ പുതിയ മതങ്ങൾ സിലിക്കൺവാലിയിൽ നിർമ്മിക്കുകയോ ഇല്ലാതാക്കപ്പെടുകയോ ചെയ്യാമെന്നും ഹരാരി കരുതുന്നു.
പണ്ടോറ ഒരു ഉദാഹരണമായി എടുക്കാം; മനുഷ്യരുമായി പ്രവർത്തിക്കുന്ന ഒരു സിസ്റ്റത്തിന്റെ ഉദാഹരണമാണ് പണ്ടോറയുടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സിസ്റ്റം. ഒരു ഗാനം വിശകലനം ചെയ്യുന്നതിനും വർഗ്ഗീകരിക്കുന്നതിനും പണ്ടോറ ഉപയോഗിക്കുന്നു. മറ്റൊന്നാണ് കോഗിറ്റോ; ഇത് തീർച്ചയായും കൃത്രിമബുദ്ധിയുടെ ഏറ്റവും സജീവമായ മേഖലയാണ്: വിൽപ്പനയിലും ഉപഭോക്തൃ സേവന കോളുകളിലും ഉപഭോക്താക്കളുമായുള്ള വൈകാരിക ബന്ധം വർദ്ധിപ്പിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിക്കുന്നു. ബിസിനസ് മേഖലയിലെ ബോക്‌സ്‌വർ നോക്കൂ; ഉപഭോക്താക്കളെ വ്യക്തിഗതമായി ലക്ഷ്യമാക്കി വിൽപ്പന പ്രക്രിയ മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് ഒറ്റത്തവണ അടിസ്ഥാനത്തിൽ ഒരു ഇടപെടൽ ഇച്ഛാനുസൃതമാക്കാൻ കഴിയുമെങ്കിൽ, തത്വത്തിൽ ആ ഉപഭോക്താവിന് കൂടുതൽ പ്രാപ്തിയോടെ സേവനം നല്കാൻ പുതിയ സംവിധാനം ഇടയാക്കുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റോബോട്ടിക്സ്, ഹ്യൂമനോയിഡ്, അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്-പവർഡ് റോബോട്ടിന്റെ ഉദാഹരണമാണ് മീഡിയ ബസ്സ് നേടിയ സൊഫീയ, അധുനിക കാലത്തു ഒരത്ഭുതമായി സൊഫീയ മാറിയത് നമ്മൾ കണ്ടതാണല്ലോ. സ്പാം ഫിൽട്ടറുകൾ, AI യുടെ കാതൽ പഠന സങ്കൽപ്പമാണ്. മനുഷ്യരെ വഞ്ചിക്കാൻ പുതിയതും സൃഷ്ടിപരവുമായ മാർഗ്ഗങ്ങളുമായി നിരന്തരം വരുന്ന സ്പാമർമാർ വേഗത്തിൽ പ്രവർത്തിക്കാൻ സ്പാം ഫിൽട്ടർ ശ്രമിക്കുന്നു.
ഇപ്പോൾ സർവസാധാരണമായ ഓൺലൈൻ ബാങ്കിംഗ് സംവിധാനം എത്ര സൂഷ്മമായ സേവനമാണ് തരുന്നതെന്നു അനുഭവിക്കുന്നവർക്ക് അറിയാമല്ലോ. ഡ്രൈവർ ഇല്ലാത്ത കാറുകൾ, ഡ്രോണുകൾ, ചാര വിമാനങ്ങൾ എല്ലാം എല്ലാം AI യുടെ അനന്ത സാധ്യതകളാണ്. ആമസോൺ അലക്സയെ അവതരിപ്പിച്ചപ്പോൾ അത് ലോകത്തിന്റെ ഭൂരിഭാഗവും കൊടുങ്കാറ്റായി. ഉപയോഗപ്രദവും എവിടെ നിന്നും സംസാരിക്കാനുള്ള വിചിത്രമായ കഴിവുമാണ് ഇതിനെ ഒരു വിപ്ലവകരമായ ഉൽപ്പന്നമാക്കി മാറ്റിയത്, സിരിയുമായി എല്ലാവർക്കും പരിചയമുണ്ടാവാം. ആപ്പിളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ആണ് സിരി. നാം നിത്യേന സംവദിക്കുന്ന സൗഹൃദ ശബ്‌ദ തരംഗങ്ങളെ തിരിച്ചറിഞ്ഞു നമ്മുടെ മനസിലുള്ള ആഗ്രഹം തിരഞ്ഞെടുത്തു നൽകുന്ന കമ്പ്യൂട്ടറാണ് സിരി. വിവരങ്ങൾ കണ്ടെത്താൻ സിരി സഹായിക്കുന്നു, നമുക്ക് നിർദ്ദേശങ്ങൾ നൽകുന്നു. അസാധ്യമായ ബുദ്ധിവൈഭവമുള്ള ഡിജിറ്റൽ പേഴ്‌സണൽ അസിസ്റ്റന്റാണ് സിരി. ടെസ്‌ലയാവട്ടെ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ച കാറുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. വളരെയധികം അംഗീകാരങ്ങൾ ലഭിച്ചുവെന്നത്
കൊണ്ട് മാത്രമല്ല, ടെസ്‌ലയുടെ പ്രവചന ശേഷികൾ, സ്വയം ഡ്രൈവിംഗ് സവിശേഷതകൾ എന്നിവ കൊണ്ടും കൃത്രിമ ബുദ്ധിയുടെ മുന്നേറ്റത്തിന്റെ ഒരു കാലമായിരിക്കും ഇരുപത്തിരണ്ടാം നൂറ്റാണ്ടു എന്ന ഹരാരിയുടെ വാദത്തെ ഇവ ശരിവെക്കുന്നു. ഇതെല്ലം തന്നെ മനുഷ്യജീവിതം കൂടുതൽ സുഗമമാക്കുമെന്നുള്ളതാണ് സത്യം. എന്നാൽ ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന് പകരമാവുകയോ അപരനാവുകയോ ചെയ്യുമ്പോൾ ഉണ്ടാവുന്ന പോരാട്ടമായിരിക്കും സമീപ ഭാവിയിലെ സങ്കീർണതകളിൽ ഒന്ന് എന്ന് യുവാൻ നോഹ ഹരാരി സമർത്ഥിക്കുന്നു.
ഭാവി ഇരുളടഞ്ഞതോ?
ഹരാരിയുടെ ഹോമോ ദേയൂസ് എന്ന പുസ്തകം, നമ്മുടെ ഭാവി എന്തായിത്തീരുമെന്നു പറയുന്നു. ഇത് ശാസ്ത്രം, ചരിത്രം, തത്ത്വചിന്ത തുടങ്ങി എല്ലാ വിഷയങ്ങളെയും സമന്വയിപ്പിക്കുന്നു; മാത്രവുമല്ല, നാളെയെക്കുറിച്ചുള്ള ഒരു കാഴ്‌ചപ്പാടും അത് പ്രദാനം ചെയ്യുന്നുണ്ട്. ആദ്യം മനസ്സിലാക്കാൻ കഴിയാത്തതാണെന്ന് തോന്നുമെങ്കിലും അത് നിഷേധിക്കാനാവില്ലെന്ന് നമുക്ക് പിന്നീട് ബോധ്യപ്പെടും: മാനവികതയ്ക്ക് അതിന്റെ ആധിപത്യം മാത്രമല്ല, അതിന്റെ അർത്ഥവും നഷ്ടപ്പെടും. സ്വാതന്ത്ര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും പേരിൽ മനുഷ്യർ യന്ത്രങ്ങളുമായി പോരാടുന്നത് നമ്മുടെ പ്രിയപ്പെട്ട സയൻസ് ഫിക്ഷൻ മൂവി അല്ലാതാവും. ഇത് ഭയപ്പെടുത്തുന്നതായി തോന്നാമെങ്കിലും മാറ്റം എല്ലായ്പ്പോഴും ഭയപ്പെടുത്തുന്നതാണ് എന്ന സത്യം നാം മനസിലാക്കിയെ മതിയാവു.
കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ, ക്ഷാമം, പ്ലേഗ്, യുദ്ധം എന്നിവയിൽ അസാധ്യമായ കാര്യങ്ങൾ ചെയ്യാനും നിയന്ത്രിക്കാനും മനുഷ്യവർഗത്തിന് കഴിഞ്ഞു. ഇന്ന്, പട്ടിണി കിടക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ അമിതവണ്ണത്താൽ മരിക്കുന്നു; പകർച്ചവ്യാധികളേക്കാൾ കൂടുതൽ ആളുകൾ വാർദ്ധക്യത്തിൽ മരിക്കുന്നു; യുദ്ധത്തിൽ കൊല്ലപ്പെടുന്നതിനേക്കാൾ കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുന്നു. 2017-ലെ ഒരു ലേഖനത്തിൽ, സാങ്കേതിക പുരോഗതിയിലൂടെയും കൃത്രിമ ഇന്റലിജൻസ് മേഖലയിലെ പുരോഗതിയിലൂടെയും 2050-ഓടെ ഒരു പുതിയ വിഭാഗം ആളുകൾ ഉയർന്നു വരാമെന്നു ഹരാരി എഴുതിയിരുന്നു. തൊഴിലില്ലാത്തവരും തൊഴിലറിയാത്തവരുമായ ഉപയോഗശൂന്യമായ ഈ വിഭാഗവുമായി സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും ഇടപെടുന്നതും അവരെ ഉൾക്കൊള്ളേണ്ടിവരുന്നതും വരും ദശകങ്ങളിൽ മനുഷ്യരാശിയുടെ പ്രധാന വെല്ലുവിളിയാകുമെന്ന് അദ്ദേഹം പറയുന്നു.
കൃത്രിമബുദ്ധി ഉപയോഗിച്ച് ചാർജ് ചെയ്ത ഉപകരണങ്ങളും ക്വാണ്ടം കമ്പ്യൂട്ടറുകളുടെ കമ്പ്യൂട്ടേഷണൽ ശക്തിയും ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയ്ക്ക് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്, അല്ലെങ്കിൽ കോടിക്കണക്കിന് ആളുകളെ വിജ്ഞാനപരമായി ഒരുമിപ്പിക്കാനും ശക്തിപ്പെടുത്താനും കഴിയും. ജീവിതം കൂടുതൽ സുഗമമാകുകയായിരിക്കും ചെയ്യുക. അത്തരം ഒരു ലോകത്തു ദൈവം ഒരു അത്യാവശ്യമോ ആവശ്യമോ ആയിരിക്കില്ല. നമ്മൾ Abiogenesis (നിർജീവ വസ്തുക്കളിൽ നിന്നുള്ള ജീവികളുടെയോ ജീവജാലങ്ങളുടെയോ യഥാർത്ഥ പരിണാമം) ന്റെ കാലത്തെ ഇനോർഗാനിക് തന്മാത്രകളിൽനിന്നും RNA തന്മാത്രകളുള്ള ജീവികളായി പരിണമിച്ചു ആദ്യത്തെ സൈനോ ബാക്ടീരിയ മുതൽ DNA തന്മാത്രകളുള്ള ഓർഗാനിക് ജീവികളായി വളർന്നു. പിന്നീട് ജലജീവികൾ, കരജീവികൾ തുടങ്ങി സങ്കീർണമായ ദിനോസറുകളായി പിരിഞ്ഞു വളർന്നു. ഇപ്പോൾ നമ്മൾ അതിസങ്കീർണമായ ഹോമോ സാപ്പിയൻസ് ആയി എത്തിനിൽക്കുന്നു. ഇവിടെ അവസാനിക്കുന്നില്ല; ഓർഗാനിക് ആയിരിക്കുന്ന നമ്മൾ വീണ്ടും ഇനോർഗാനിക് വസ്തുക്കളായി മാറികൊണ്ടിരിക്കുന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി കാണുന്നത്.
അടുത്ത നൂറ്റാണ്ടു ഹോമോ സാപ്പിയൻസിന്റേതായിരിക്കില്ല. നമ്മൾ ഓർഗാനിക്കോ ഇനോർഗാനിക്കോ ആയ ഒരു പ്രതിഭാസമായിരിക്കുമോ? മനുഷ്യന്റെ നിയന്ത്രണങ്ങെളെല്ലാം AI ഏറ്റെടുത്താൽ മനുഷ്യനും AI യും തമ്മിലുള്ള പോരാട്ടമോ അതോ ഒത്തുചേർന്നുള്ള വൻ കുതിപ്പിന്റെ ലോകമോ ആയിരിക്കും വരാനിരിക്കുന്നത്. അടുത്ത 300 വർഷത്തിനിടയിൽ മനുഷ്യ വർഗം ജീവിച്ചിരിക്കും എന്നുണ്ടെങ്കിൽ ഹോമോ സാപ്പിയൻസ് ഭൂമിയിലെ സർവാധിപത്യമുള്ള ജീവിയായിരിക്കില്ല. സാങ്കേതിക വികാസത്തിന്റെ നിലവിലെ വേഗത കണക്കിലെടുക്കുമ്പോൾ, ചില പാരിസ്ഥിതിക അല്ലെങ്കിൽ ആണവ ദുരന്തങ്ങളിൽ നാം സ്വയം നശിപ്പിക്കാൻ സാധ്യതയുണ്ട്. ബയോ എൻജിനീയറിംഗ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഒന്നുകിൽ തികച്ചും വ്യത്യസ്തമായ ഒരു ഭാവത്തിലേക്ക് ഉയർത്തുന്നതിനോ അല്ലെങ്കിൽ നമ്മെ അടിമയാക്കുന്ന സ്വഭാവം സൃഷ്ടിക്കുന്നതിനോ ആണ് കൂടുതൽ സാധ്യത എന്ന് ഹരാരി വാദിക്കുന്നു.
“എന്തുതന്നെയായാലും, 200 അല്ലെങ്കിൽ 300 വർഷങ്ങളിൽ, ഭൂമിയിൽ ആധിപത്യം പുലർത്തുന്ന ജീവികൾ നമ്മിൽ നിന്ന്, നിയാണ്ടർത്തലുകളിൽ നിന്നോ ചിമ്പാൻസികളിൽ നിന്നോ ഉള്ളവരേക്കാൾ വളരെ വ്യത്യസ്തമായിരിക്കും” എന്ന് ഹരാരി എസ്രാ ക്ലെയ്‌നുമായി നടത്തുന്ന സംവാദങ്ങളിൽ ആവർത്തിച്ച് പറയുന്നുണ്ട്.
ഹരാരി ഇപ്പോൾ പറയുന്നത് അസത്യമാണെന്നു നമുക്ക് തോന്നാം അല്ലെങ്കിൽ അതിഭാവനയാണെന്നു തോന്നുന്നവരും കണ്ടേക്കാം. പക്ഷെ, ഇന്റെർസ്റ്റെല്ലർ യാത്രകളും എല്യൂസിയം പോലുള്ള സയൻസ് ഫിക്ഷൻ മൂവികളും അടുത്ത ഭാവിയിൽത്തന്നെ വികസിതമാകുന്ന ശാസ്ത്ര വളർച്ചയാണ് നമ്മൾ കാണുന്നത്! ആയതിനാൽ മനുഷ്യനിപ്പോഴും നൂറ്റാണ്ടുകളുടെ മിത്തുകളിൽ തളച്ചിടപ്പെടേണ്ടവരല്ല. ആ കഥകളുടെയും മിത്തുകളുടെയും ന്യായാന്യായങ്ങളെക്കുറിച്ചു തമ്മിൽ തല്ലി ചാകേണ്ടവരുമല്ല. യാതൊരു ശാസ്ത്ര തെളിവുകളുമില്ലാത്ത അന്ധവിശ്വാസങ്ങളിൽപെട്ടു അഭിരമിക്കേണ്ടവരുമല്ല. കാലം നമുക്കുവേണ്ടി കാത്തിരിക്കില്ല. അത് അതിന്റെ എല്ലാ സാധ്യമായ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കും. അതിലായിരിക്കുക എന്നതാണ് അഭികാമ്യം. അല്ലാതെ ഗതകാലത്തിലെ ഭാവന സൃഷ്ടികളിൽ സ്വത്വം കണ്ടെത്തി അപര സ്വത്വങ്ങളെ ഇല്ലായ്മചെയ്യുന്ന കാടൻ ഗോത്രസംവിധാനത്തിൽ നിന്ന് ഉയിർത്തെഴുനേൽക്കേണ്ട കാലമായി എന്ന് തിരിച്ചറിയുക. ഹരാരി യാഥാർഥ്യവുമായി കൈകോർക്കുന്നു എന്നുവേണം കരുതാൻ. ആയതിനാൽ അത്തരം ഒരു കാലത്തു നമുക്ക് അതിജീവിക്കാൻ കഴിയുമോ എന്നതാണ് നാം അന്വേഷിക്കേണ്ടത്.
ശാസ്ത്ര സാങ്കേതികതയുടെ കേവല ഉപഭോക്താക്കളല്ല, ഉപരിവർഗമായിരിക്കുന്ന ഒരു കാലമായിരിക്കട്ടെ നാളെകൾ എന്നാശിക്കാം. ഇന്നത്തെ പല സത്യങ്ങളും നാളെ അസത്യമായിരിക്കും അതുപോലെ തിരിച്ചും. അതാണ് ശാസ്ത്രത്തിന്റെ അന്വേഷണം. സത്യം കണ്ടെത്തിക്കൊണ്ടേയിരിക്കാം.
Notes:
Harari. Yuval Noah; Sapiens: A Brief History of Humankind (2014).
Homo Deus: A Brief History of Tomorrow (2016).
21 Lessons for the 21st Century (2018).
Online article Yuval Harari on why humans won’t dominate Earth in 300 years, By Ezra Klein@ezraklein Mar 27, 2017.
Mobile: 83048 00118