ഞാൻ മാറിനിന്നുകൊണ്ട് പറയുകയല്ല. കാലം തെറ്റിച്ച് കഥപറയാൻ ദൈവത്തിനു കഴിയില്ല. ദൈവത്തിന് ക്രമബദ്ധമായിട്ടു മാത്രമേ കഥപറയാൻ കഴിയൂ. കാലം തെറ്റിച്ചു കഥപറയാനുള്ള കഴിവ് നോവലിസ്റ്റിനു മാത്രമേയുള്ളൂ. അതുകൊണ്ട് ദൈവത്തിനു നോവലിസ്റ്റിനോട് അസൂയയുണ്ടെന്നൊരു വാചകം ഈ നോവലിലുണ്ട്. ദൈവത്തിന്റെ മുകളിൽ കേറിക്കളിക്കുന്ന ചെറിയ കളിയാണ് നോവലെഴുത്ത്. അത് ഞാൻ ആസ്വദിക്കുന്നു. അതുകൊണ്ട് മാത്രമാണ് പത്തുവർഷമെടുത്ത് ഞാനീ സമുദ്രശില എഴുതിയത്.
കഴിഞ്ഞ റംസാൻമാസത്തിൽ നാലാംദിവസം എന്റെ വീട്ടിൽ ഒരു കുടുംബം നോമ്പുതുറക്കാൻ അതിഥികളായി വന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മഹാനായ എഴുത്തുകാരിലൊരാളായ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ, എന്റെ പ്രിയ സുഹൃത്തുകൂടിയായ അനീസ് ബഷീറും അദ്ദേഹത്തിന്റെ ഭാര്യയായ അഞ്ജുവും അവരുടെ മൂന്നു മക്കളുമായിരുന്നു അത്. അന്ന് എന്റെ വീട്ടിൽ ആതിഥ്യം സ്വീകരിച്ചതിനെപ്പറ്റി അനീസ് മറ്റാർക്കും കാണിക്കേണ്ടതില്ലാത്ത ഒരു കുറിപ്പ് സ്വന്തമായി എഴുതിവച്ചിരുന്നു. ആ കുറിപ്പ് അനീസിന്റെ അനുവാദമില്ലാതെ, അനീസ് മനസാ വാചാ കർമണാ അറിയാതെ ഞാനെന്റെ പുതിയ നോവലായ സമുദ്രശിലയിലെ മൂന്നാമത്തെ അധ്യായമായി ഉപയോഗിച്ചിട്ടുണ്ട്. അതിനു ഞാൻ അനീസിനോട് ആദ്യമായി ക്ഷമ ചോദിക്കുന്നു. കൃത്യം ഒരു വർഷം കഴിഞ്ഞ് ഇന്ന്, ഈ റംസാൻ മാസത്തിലെ നാലാംദിവസം അതേ സമയത്ത് എന്റെ ഭാര്യയും എന്റെ മക്കളും അനീസിന്റെ ഭാര്യയും അനീസിന്റെ മക്കളുമായിട്ട് ഏതു ഹാളിനെപ്പറ്റിയാണോ ആ നോവലിൽ പറയുന്നത് – കെ.പി. കേശവമേനോൻ ഹാളിൽ വച്ച് സുഭാഷ് ചന്ദ്രനെ കാണാൻ അംബയെത്തുന്നു എന്ന് സങ്കല്പിക്കപ്പെട്ടതോ സംഭവവിവരണമാക്കപ്പെട്ടതോ ആയിട്ടുള്ള – അതേ ഹാളിലേക്ക് ഇത്രയും പേരുടെ സാന്നിധ്യത്തിൽ ഒന്നിച്ചിരിക്കുന്നതിലുള്ള സന്തോഷം ആദ്യം ഞാൻ അറിയിക്കട്ടെ. അനീസ് ബഷീർ എന്നു പേരുള്ള ഒരാളും സുഭാഷ് ചന്ദ്രൻ എന്നു പേരുള്ള ഒരാളും അവരുടെ കുടുംബസമേതം ഒന്നിച്ചിരിക്കാൻ കഴിയുന്നു എന്ന സന്തോഷം ഈ ഭൂമിയുള്ളിടത്തോളം കാലം പുലരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
പത്തു വർഷത്തെ അധ്വാനംകൊണ്ടാണ് ഞാൻ മനുഷ്യന് ഒരു ആമുഖം എഴുതിയത്. 2009-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി പൂർത്തീകരിക്കപ്പെട്ട നോവലിന്റെ അവസാന അധ്യായവും വന്നുകഴിഞ്ഞുവെന്നുള്ള സമാശ്വാസത്തിലാണ് മാതൃഭൂമിയിൽനിന്ന് ഞങ്ങൾ ചില സുഹൃത്തുക്കൾ ചേർന്ന് വെള്ളിയാങ്കല്ല് എന്നു പറയുന്ന ഒരേകാന്തദ്വീപിലേക്ക്, കോഴിക്കോട്ടെ തീരത്തുനിന്ന് ഏതാണ്ട് സമുദ്രത്തിന്റെ പതിനാറു കിലോമീറ്റർ ഉള്ളിൽ
കിടക്കുന്ന ആ നഗ്നമായിട്ടുള്ള പാറപ്പരപ്പിലേക്ക് യാത്രപോയത്. അവിടെ ആദ്യമായിട്ട് ചെല്ലുന്നുവെന്ന അഹംഭാവത്തോടെ, അഹങ്കാരത്തോടെ ഞങ്ങൾ ആറോ ഏഴോ സുഹൃത്തുക്കൾ. അതിലൊരാൾ കെ.വി. അനൂപായിരുന്നു. മലയാളത്തിന്റെ യുവകഥാകൃത്തുക്കളിൽ പ്രമുഖനും ഞങ്ങളുടെയൊക്കെ പ്രിയ സുഹൃത്തും
സഹപ്രവർത്തകനുമായിരുന്ന കെ.വി. അനൂപ്, അദ്ദേഹത്തിന്റെ അനാരോഗ്യത്തിന്റെ അവസ്ഥയിലും സന്തോഷത്തോടെ ഞങ്ങളോടൊപ്പം ആ ക്ലേശകരമായിട്ടുള്ള ബോട്ടുയാത്രയിൽ പങ്കെടുത്തത് ഞാനിപ്പോൾ ഓർക്കുന്നു. അനൂപ് ഇന്ന് നമ്മളോടൊപ്പമില്ല. ഒരുപക്ഷേ, ഇത്തരം കൃതികൾ എഴുതപ്പെടുമ്പോൾ ആദ്യം അത് ശ്രദ്ധാപൂർവം വായിക്കുകയും ഖണ്ഡനമായോ മണ്ഡനമായോ ആദ്യത്തെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്ന എന്റെ പ്രിയ സുഹൃത്തുക്കളിലൊരാളായിരുന്നു അനൂപ്. അവനെയും ഞാൻ ഈ സന്ദർഭത്തിൽ ഹൃദയപൂർവം ഓർമിക്കുന്നു.
ഇവിടെ ഇന്ന് എന്റെ പുസ്തകത്തിന് ഒരു പ്രകാശനച്ചടങ്ങ് ഒഴിവാക്കിയതിനു പിന്നിൽ, ഉദ്ഘാടകനോ അതിന്റെ അധ്യക്ഷനോ ആശംസാകാരന്മാരോ ഒക്കെ ചേർന്നു നടത്തുന്ന വലിയ മേജർസെറ്റ് പഞ്ചവാദ്യം ഒഴിവാക്കിയതിന്റെ പിന്നിൽ, ഈ നോവലിൽ സത്യസന്ധമായി അവതരിപ്പിക്കപ്പെട്ട കുറച്ചു പേരെ ഒന്നിച്ച് ഇവിടെ നിങ്ങളുടെ മുൻപിൽ കൊണ്ടുവരണമെന്ന ആഗ്രഹമാണുള്ളത്. അതിലെ രണ്ടു പ്രധാനപ്പെട്ട ആളുകൾ ഇതാ: അനീസ് ബഷീറും എന്റെ സുഹൃത്തും കേരളാ പോലീസിലെ കോഴിക്കോട് ഘടകത്തിന്റെ ഫിംഗർപ്രിന്റ് ബ്യൂറോയിലെ വിരലടയാളവിദഗ്ധനായി ട്ടുള്ള, അതിന്റെ മേധാവിയായിട്ടുള്ള ദിനേഷ്കുമാറും.
ബഷീറിന്റെ കഥാപാത്രങ്ങൾ ബഷീറിനു ചുറ്റും ജീവിച്ചിരുന്നവർതന്നെയാണെന്ന് നമുക്കെല്ലാവർക്കുമറിയാം. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥനരീതിയുടെ പ്രത്യേകത ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളാണോ അതോ കല്പിതകഥാപാത്രമാണോ എന്നു തിരിച്ചറിയാൻ വയ്യാത്തവിധം സൃഷ്ടിച്ചുവച്ചിട്ടുള്ള കഥാപരിസരമാണ്. ഇത് സുഭാഷ് ചന്ദ്രന്റെ ഒരു പുതിയ കണ്ടെത്തലല്ല. മലയാളത്തിലെ മഹാരഥന്മാരായിട്ടുള്ള എന്റെ മുൻഗാമികൾ മുൻപേ സൃഷ്ടിച്ചുവച്ചിട്ടുള്ള രീതിയാണ്. മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും കാലംവരെ അതിനു വേരുകളുണ്ട്.
രാമായണത്തിൽ വാല്മീകി ഒരു കഥാപാത്രമായി സ്വയം പ്രത്യക്ഷമാകുന്നുണ്ടല്ലോ. അദ്ദേഹം രാമായണത്തിലെ ഒരു കഥാപാത്രമായിട്ടുള്ള സീതയെ സ്വന്തം ആശ്രമത്തിൽ സംരക്ഷിച്ച്, പ്രസവിപ്പിച്ച്, മക്കളെ വളർത്തിവലുതാക്കി വിടുന്നു. മഹാഭാരതത്തിലാകട്ടെ, അംബ, അംബിക, അംബാലികമാരിൽനിന്ന് അംബ ഒഴിഞ്ഞുപോയതിനുശേഷം അംബിക, അംബാലികമാരെ വിചിത്രവീര്യൻ കല്യാണം കഴിച്ചു കൊണ്ടുപോകുന്നു. വിചിത്രവീര്യന് മക്കളുണ്ടാകാതിരിക്കുകയും മരണപ്പെടുകയും ചെയ്തപ്പോൾ, താൻ എഴുതിവരുന്ന കഥ മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ പുതിയ തലമുറയുണ്ടാകണമെന്നുള്ള ഗത്യന്തരമില്ലായ്മകൊണ്ട് കഥാകൃത്തായ വ്യാസൻതന്നെ അംബികയിലും അംബാലികയിലും പുത്രോല്പാദനം നടത്തുന്നു. അല്ലെങ്കിൽ ആ കഥ അവിടെ നിന്നുപോകുമായിരുന്നു. അങ്ങനെ രണ്ടർത്ഥത്തിലും സൃഷ്ടികർമത്തിൽ പങ്കുചേരുന്ന അതിവിചിത്രമായിട്ടുള്ള സന്ദർഭമുണ്ട് മഹാഭാരതത്തിൽ. കഥാകൃത്തുതന്നെ കഥയിൽ പ്രത്യക്ഷമാകുന്ന രീതി അത്രയും പഴക്കമുണ്ടെന്നറിയിക്കാൻവേണ്ടിയാണ് ഇക്കാര്യം പറഞ്ഞത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ മകനെ അദ്ദേഹം ചെറുകഥകളിലോ നോവലുകളിലോ കഥാപാത്രമാക്കി എഴുതിയിട്ടില്ല. കാരണം, അനീസ് ജനിച്ച് ബാല്യകൗമാരങ്ങളിലൂടെ കടന്നുപോകുമ്പോഴേക്കും ബഷീർ എഴുത്തിന്റെ അധിത്യകകൾ അല്ലെങ്കിൽ ഗിരിശൃംഗങ്ങൾ പതുക്കെ ഇറങ്ങാൻ തുടങ്ങിയിരുന്നു. അദ്ദേഹം വി
ശ്രമജീവിതത്തിലേക്ക് പതുക്കെ കടക്കാൻ തുടങ്ങിയിരുന്നു. അനീസിന്റെ ഭാര്യയായി എത്തിയ അഞ്ജുവിനെ ബഷീർ കണ്ടിട്ടില്ല എന്നതാണ് സത്യം. അവരുടെ മക്കളെ, വസീം മുഹമ്മദ് ബഷീർ, അസീം മുഹമ്മദ് ബഷീർ, നസീം മുഹമ്മദ് ബഷീർ എന്ന മൂന്നു മുഹമ്മദ് ബഷീർമാരെയും സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ കണ്ടിട്ടില്ല. നമ്മുടെ സാഹിത്യചരിത്രത്തിലെ എക്കാലത്തെയും വലിയ പ്രതിഭാശാലിയും വലിയ മനോരോഗിയുമായിട്ടുള്ള- ആ വാക്കിനെ അതിന്റെ ബഹുമാനത്തിലാണ് ഞാൻ ഉപയോഗിക്കുന്നത്. ശരീരത്തിനു രോഗമുള്ളതുപോലെ മനസ്സുള്ളവർക്കേ മനോരോഗം വരൂ എന്ന് ചികിത്സകയായിട്ടുള്ള അഞ്ജുവിനറി
യാവുന്നതുകൊണ്ട് – ബഷീറിന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ കുടുംബത്തിലേക്ക് മരുമകളായിട്ട് ഒരു മനോരോഗചികിത്സക എത്തിച്ചേർന്നതെന്ന് ഒരു കഥയിൽ എഴുതിവച്ചാൽ നമുക്കു വിശ്വസിക്കാൻ പറ്റില്ല. അതൊരു വച്ചുകെട്ടായി തോന്നിയേക്കാം.
എന്നാൽ, ജീവിതത്തിൽ അതു സംഭവിച്ചിരിക്കുന്നു. ഞാനും മനോരോഗത്തിനു മരുന്നു കഴിച്ചിട്ടുള്ള ഒരാളാണ്. ഡിപ്രെഷൻ എന്നു പറയുന്നൊരു രോഗം രണ്ടു ഘട്ടങ്ങളിൽ അതിഭീകരമായിട്ട് അനുഭവിച്ചിട്ടുള്ള ആളായതുകൊണ്ടാണ് ഞാൻ ‘മനോരോഗി’ എന്ന വാക്ക് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്. മറ്റൊരാളെക്കുറി
ച്ചല്ല, എന്നെക്കുറിച്ചുകൂടിയാണ് അത് എന്നുള്ളതിനാൽ. അനീസ് ബഷീറിന്റെ മേശയിൽനിന്ന് ഞാനെങ്ങനെയാണ് അദ്ദേഹം എഴുതിവെച്ച ആ ദിവസത്തെ അനുഭവം കട്ടെടുത്തത്, തട്ടിയെടുത്തത്, ഈ നോവലിലേക്കു പകർത്തിവച്ചത് എന്ന് അനീസ് എങ്ങനെയാണ് അറിഞ്ഞത്? അതു വായിച്ചപ്പോൾ അനീസിനുണ്ടായ ആദ്യപ്രതികരണം എന്താണെന്ന് ഞാനിതുവരെ ചോദിച്ചിട്ടില്ല.
ഈ നോവലിൽ രോഗിയായ – ഓട്ടിസവും സെറിബ്രെൽ പാൾസിയും ഒരേസമയമുള്ള ഇരുപത്തിയൊന്നുവയസ്സുകാരനായ മകനു വിഷം കൊടുത്തു കൊന്നതിനു ശേഷം അംബയും ആത്മഹത്യ ചെയ്യുന്നു. അംബയുടെ ഉപസ്ഥത്തിൽ, ശരീരത്തിന്റെ പ്രധാന ഭാഗത്ത് സെമൻ കണ്ടെത്തിയതുകൊണ്ട് അതൊരുപക്ഷേ കൊലപാതകമായിരിക്കുമോ എന്ന സംശയം പോലീസിന് ഉണ്ടാകുമ്പോൾ, സാധാരണഗതിയിൽ വിരലടയാളവിദഗ്ധന്മാരുടെ സഹായം തേടാറുണ്ട്. അങ്ങനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അംബയുടെ മകന്റെ ബോഡിയും അംബയുടെ ബോഡിയും എത്തിച്ചതിനുശേഷം അവരുടെ ശരീരത്തിന്റെ അടയാളങ്ങ
ളെടുക്കാൻ വന്ന ഒരു ഉദ്യോഗസ്ഥനാണ് നോവലിലെ ദിനേഷ്കുമാർ. ഫിംഗർപ്രിന്റ് ബ്യൂറോയുടെ കോഴിക്കോട് വിഭാഗത്തിന്റെ തലവനാണ് ഇവിടെ ഇപ്പോൾ നമ്മോടൊപ്പമിരിക്കുന്ന ദിനേഷ്കുമാർ.
ദേവരാജൻമാഷ് ഞാൻ അങ്ങേയറ്റം ആദരിക്കുന്ന ഒരു വലിയ സംഗീതജ്ഞനാണ്. കേരളത്തിൽ ജനിച്ചുപോയതുകൊണ്ട് കേരളത്തിന്റെ വലിയ സംഗീതജ്ഞൻ എന്നു മാത്രം പറഞ്ഞു പരിമിതപ്പെടുത്തുവാൻ നിർഭാഗ്യം കിട്ടിയ ദേവരാജൻമാഷിന്റെ എക്കാലത്തെയും വലിയ ആരാധകനാണ് ദിനേഷ്കുമാർ. വിരലടയാളവിദഗ്ധൻ ആയതുകൊണ്ടാവാം ആ വലിയ കലാകാരന്റെ സർഗാത്മകതകളെ, വിരൽമുദ്രകളെ അങ്ങേയറ്റം സമഗ്രമായി പഠിച്ചിട്ടുള്ള ആളാണ് ദിനേഷ്. ദേവരാജൻമാസ്റ്റർ മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ചെയ്തിട്ടുള്ള മുഴുവൻ പാട്ടുകളും, അദ്ദേഹം നാടകത്തിൽ ചെയ്തിട്ടുള്ള മുഴുവൻ
പാട്ടുകളും, ദേവരാജൻമാഷ് വേദികളിൽ പറയുന്ന സംസാരങ്ങളും അദ്ദേഹം നിർവഹിച്ചിട്ടുള്ള രചനകളും എല്ലാം ദിനേഷ്കുമാറിന്റെ കൈവശമുണ്ട്. സംഗീതത്തിൽ പുതിയ രാഗങ്ങൾ സൃഷ്ടിച്ചിട്ടുള്ളയാളാണ് ദേവരാജൻമാസ്റ്റർ. അതെല്ലാം സ്പൂളുകളായിട്ട്, പഴയ കാലത്തുള്ള വിനൈൽ ഡിസ്കുകളായിട്ട്, നിരവധിയായിട്ടുള്ള കാസറ്റുകളായിട്ട്, ഏറ്റവും പുതിയ നമ്മളൊക്കെ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലെ ഫയലുകളായിട്ടുമൊക്കെ ദിനേഷ്കുമാർ സൂക്ഷിച്ചിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ ഫിംഗർപ്രിന്റ് ബ്യൂറോ തിരുവിതാംകൂറിലാണ് സ്ഥാപിതമായിട്ടുള്ളത്. ശ്രീമൂലം തിരുനാൾ രാജാവായിരുന്ന കാലത്ത് അദ്ദേഹമാണ് അതു സ്ഥാപിച്ചത്. അങ്ങനെയൊരു വലിയ പാരമ്പര്യമുണ്ട് നമ്മുടെ ഫിംഗർ പ്രിന്റ് ബ്യൂറോയ്ക്ക്. അതിന്റെ ഇപ്പോഴത്തെ കോഴിക്കോടിന്റെ മേധാവി, എന്റെ സംഗീതത്തിലുള്ള വളരെ പരിമിതമായിട്ടുള്ള, തുച്ഛമായിട്ടുള്ള താത്പര്യം മനസ്സിലാക്കി വന്ന് സുഹൃത്തുക്കളായിത്തീർന്നതാണ്. അദ്ദേഹത്തെ ഈ നോവലിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രമായിട്ട്, എഴുത്തുകാരനുമേൽ കൊലപാതകക്കുറ്റം അന്വേഷിക്കാൻ വരുന്ന ഒരാളായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്.
ഈ മാസം അദ്ദേഹം പിരിയുകയാണ്. അനീസിന്റെ യാദൃച്ഛികത പറഞ്ഞതുപോലെ, റംസാൻമാസത്തിലെ നാലാം ദിവസം ഇന്നും ആവർത്തിച്ചതുപോലെ, ഇദ്ദേഹം കോഴിക്കോട്ടു വന്ന് പത്തിരുപത്തേഴു വർഷം ജീവിച്ചതിനുശേഷം ഈ മാസം മടങ്ങിപ്പോവുകയാണ്. തിരിച്ച് അദ്ദേഹത്തിന്റെ ജന്മനാടായ തലശ്ശേരിക്ക്. ഒരുപക്ഷേ, ദിനേഷിന് അന്യഥാ ഒരു പോലീസ് ക്വാർട്ടേഴ്സിന്റെ അകത്തളത്തിൽവച്ചല്ലാതെ ഇങ്ങനെയൊരു യാത്രയയപ്പുചടങ്ങു നൽകാൻ സാധിച്ചതിലും സന്തോഷം.
ദിനേഷ്കുമാർ എന്റെ ജ്യേഷ്ഠൻ ആണെങ്കിലും അദ്ദേഹം എന്നെ സുഭാഷേട്ടാ എന്നും ഞാൻ അദ്ദേഹത്തെ ദിനേഷ്കുമാർ എന്നുമാണ് വിളിക്കാറ്. ഞങ്ങൾ എഴുത്തുകാർക്കു പരമ്പരാഗതമായി കിട്ടിയിട്ടുള്ള മേൽക്കൈയാണ് എന്നു കരുതി എന്നോടു ക്ഷമിക്കണം. കോഴിക്കോടിന്റെ നന്മകൊണ്ടും അദ്ദേഹത്തിന്റെ നന്മകൊണ്ടുമാണ് അദ്ദേഹത്തിന്റെ ഇളയ അനിയനായ എന്നെ ‘സുഭാഷേട്ടാ’ എന്നു വിളിക്കുന്നത്. ഞാൻ തിരുത്താൻ പറഞ്ഞിട്ടും ‘പറ്റില്ല, അങ്ങനെയേ വിളിക്കാൻ സാധിക്കൂ’ എന്നെന്നോട് പറഞ്ഞു. ഈ നോവലിലും അദ്ദേഹം ‘സുഭാഷേട്ടാ’ എന്നുതന്നെയാണ് വിളിക്കുന്നത്. തെറ്റിദ്ധരിക്കരുത്, അദ്ദേഹത്തിലും മൂത്തതല്ല ഞാൻ. കഴിഞ്ഞ ദിവസം നോവൽ വായിച്ച് വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, വല്ലാത്തൊരു മാജിക്കായിപ്പോയി!, എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ്.
ദിനേഷ്കുമാർ എന്നെ അദ്ഭുതപ്പെടുത്തിയിട്ടുള്ള ആളാണ്. ഞാനദ്ദേഹത്തെ ഈ നോവലിൽ രേഖപ്പെടുത്തിവച്ചിരിക്കുന്നതിനു പ്രധാന കാരണം ഞാൻ നിങ്ങളോടു പറയാം. നമുക്ക്, മലയാളിക്ക് ആദരം പ്രകടിപ്പിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ദേവരാജൻ മാഷ് ജീവിച്ചിരിക്കുമ്പോൾത്തന്നെ അദ്ദേഹത്തോട് ആദരം കാണിക്കാൻ മാത്രമല്ല, അദ്ദേഹത്തിന്റെ പിന്നാലെ നടന്നെന്നോണം എല്ലാം ചെയ്ത ഒരാളാണ്. മരണാനന്തരം ദേവരാജൻമാഷിന്റെ പാട്ടുകൾക്ക് സംഗീതസംവിധായകനുള്ള റോയൽറ്റി കിട്ടാൻ കുറച്ചു താമസം നേരിട്ടപ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തിന് അത് കിട്ടുവാൻവേണ്ടിയിട്ടുള്ള എല്ലാ പ്രയത്നങ്ങളും ചെയ്തിട്ടുള്ളത് ഇദ്ദേഹമാണ്.
ദിനേഷ്കുമാർ എന്നോടു പറഞ്ഞു, ഇദ്ദേഹത്തിന്റെ പോലീസ് ക്വാർട്ടേഴ്സിൽ ദേവരാജൻ മാഷ് വന്ന് ഒരാഴ്ച താമസിച്ചെന്ന്. എനിക്കു വിശ്വസിക്കാൻ പറ്റിയില്ല. ഞാൻ അവിടെ പോകാനുള്ള വലിയ കാരണവും അതായിരുന്നു. ദേവരാജൻമാഷ് താമസിച്ച വീട്ടിലേക്ക് എനിക്കൊന്നു കേറണം. ദേവരാജൻമാഷ് അവിടെ താമസിച്ച്, മിഠായിത്തെരുവിൽക്കൂടി ദിനേഷ്കുമാറിന്റെ കൈയും പിടിച്ചു നടന്നു. ഞാൻ ആ രംഗം സങ്കല്പിക്കുകയായിരുന്നു. ഓരോരുത്തരും ‘അയ്യോ, ദേവരാജൻമാഷ്!’ എന്നു പറഞ്ഞ് അത്ഭുതത്തോടെ നോക്കുമെന്ന്. ഒപ്പം ഇദ്ദേഹത്തെയും പരിചയപ്പെടും. കൂടെയുള്ളത് മകനാണോ മരുമകനാണോ എന്നൊക്കെ
ചോദിക്കും. പക്ഷേ, അർക്കും അറിഞ്ഞുകൂടാ, ദേവരാജൻ മാഷിനെ. ഒരു സാധാരണ വൃദ്ധനെപ്പോലെ ആ ഇടവഴിയിലൂടെ അദ്ദേഹം നടന്നുപോയി. പക്ഷേ, ഒരാൾ അദ്ദേഹത്തെ ആദരിച്ചല്ലോ.
ഒരാൾ കൈപിടിച്ചു നടത്തിയല്ലോ, കോഴിക്കോട്ട്. അപ്പോൾ ദേവരാജൻമാഷിനെപ്പോലെതന്നെ അദ്ദേഹത്തിന്റെ ആരാധകനും ആ നടത്തങ്ങളുടെ പേരിൽ, ആ ആദരവിന്റെ പേരിൽ, ആ ആരാധനയുടെ പേരിൽ അടയാളപ്പെട്ടു കിടക്കണം എന്നു ഭയങ്കരമായ ആഗ്രഹം എനിക്കുണ്ടായി.
നാളെ നമുക്കും വരാവുന്ന ഒരു ദുര്യോഗമാണത്. നിങ്ങളുടെ കൂടെ ജീവിച്ചു മണ്മറഞ്ഞുപോകുമ്പോൾ സ്നേഹത്തോടെയോ ആദരവോടെയോ പരിഗണനയോടുപോലുമോ ഒരു നല്ലവാക്കു കിട്ടാതെപോകുന്ന ഒരുപാടു വലിയ വലിയ സർഗപ്രതിഭകൾ നമ്മുടെ കൂട്ടത്തിലുണ്ട്. എനിക്കറിയാം ദിനേഷ്കുമാറിന്റെ ഹൃദയാദരം, മലയാളിക്കു സാധ്യമല്ലാത്ത ഹൃദയാദരം. അദ്ദേഹത്തിന്റെ മുഖത്ത് വെളിച്ചം അകത്തുനിന്നു പുറത്തേക്ക് ടോർച്ചുപോലെ പമ്പുചെയ്യുന്നത് ഞാനെപ്പോഴും കാണും. ഒരു പൂപോലുള്ള മുഖം. ഇതു വളരെ അപൂർവമാണ്. അവസാനത്തെ കുറച്ചു പേരിലൊന്നാണിത്. ആരെയോ വധിക്കാൻ വേണ്ടിയിട്ടുള്ള പ്ലാനുകളുംകൊണ്ട് നടക്കുന്നവരെപ്പോലെയാണ് മലയാളിയുടെ പൊതുവേയുള്ള മുഖഭാവം; എന്റേതടക്കം.
ആദരാഞ്ജലി എന്ന വാക്ക് മരണാനന്തരം മാത്രം ഉപയോഗിക്കുന്ന പദമാണ് മലയാളിക്ക്. ‘ആദരവോടെയുള്ള കൈകൂപ്പൽ’ എന്നാണ് ആ വാക്കിന്റെ അർത്ഥം. അത് ജീവിച്ചിരിക്കുമ്പോഴും ചെയ്യാവുന്നതാണ്. നിന്റെ പാട്ടു നന്നായി, നിന്റെ നോവൽ നന്നായി, നിന്റെ സംസാരം നന്നായി, നിന്റെ അധ്യാപനം നന്നായി, നീ നിന്റെ കുടുംബത്തെ നോക്കുന്നത് നന്നായി, നീ പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി എന്ന് മുഖത്തു നോക്കി പറയാൻ വലിയ പ്രയാസമാണ്. ആ സമയത്ത് ഉള്ളിൽനിന്നൊരു ചെകുത്താൻ നമ്മെ കേറിപ്പിടിച്ചിട്ട് അങ്ങനെയിപ്പൊ സന്തോഷിപ്പിക്കേണ്ടെന്നു പറഞ്ഞ് അകത്തേക്കു വലിക്കുന്നത് നമുക്കു ഫീൽ ചെയ്യും. അങ്ങനെ എന്റെ വാക്കുകൾകൊണ്ട് അവനെ സന്തോഷിപ്പിക്കേണ്ട എന്ന മട്ട്. മരിച്ചു കഴിഞ്ഞാൽ, ആദരാഞ്ജലി എന്ന ആദരവോടുള്ള കൈകൂപ്പൽ മലയാളിക്ക് ഒരു മരണാനന്തരചടങ്ങാണ്. കവി പന്തളം കെ.പി. കവിതയിൽ, നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം എന്നു പറയുന്നു.
ഞാൻ ആലുവാപ്പുഴയുടെ തീരത്തു ജനിച്ചു വളർന്ന ഒരാളാണ്. കടുങ്ങല്ലൂർ എന്ന ഗ്രാമത്തിൽ, എറണാകുളം ജില്ലയിൽ. എല്ലാ പുഴകളും എല്ലാ നദീതീരവാസികളെയും പഠിപ്പിക്കുന്നതുപോലെ എന്റെ പുഴ എന്നെയും ചില കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് പറയാം. കൗമാരകാലത്തിൽ അക്കരെയുള്ള സ്ത്രീകൾ കുളിക്കുന്ന കടവിന്റെ എതിരേ വന്നു കുളിച്ചാൽ, ദൂരക്കാഴ്ചയിൽ അതിസുന്ദരികളുടെ നഗ്നത കാണാൻ പറ്റുമെന്ന വലിയ പ്രലോഭനം പുഴ ഞങ്ങളുടെ കടുങ്ങല്ലൂരിലെ കൗമാരത്തിനു വച്ചുനീട്ടിയിരുന്നു. പുരുഷനായിത്തീർന്നു എന്നുള്ള തോന്നൽ സ്വയം ബോധ്യമായി ഉറയ്ക്കണമെങ്കിൽ ഇതു കാണണം.
ഇതൊക്കെ നമ്മുടെ നാട്ടിലെ ചേട്ടന്മാർ പഠിപ്പിക്കുന്നതാണ്. പുഴയ്ക്ക് അക്കരെ പെരുന്തച്ചന്റെ നാടായിട്ടുള്ള ഉളിയന്നൂരാണ്. കേരളത്തിന്റെ മിത്തോളജിയിലെ ഏറ്റവും പ്രഗത്ഭനായിട്ടുള്ള, സർഗാത്മകനായിട്ടുള്ള പെരുന്തച്ചന്റെ നാടാണത്. ഉളി ഉപയോഗിക്കുന്ന ആളുടെ ഊരാണ് ഉളിയന്നൂർ. അങ്ങോട്ടു നോക്കി
സർഗാത്മകതയുടെ അധികതുംഗപദങ്ങൾ നോക്കി ഉണ്ടാകേണ്ടുന്ന വിസ്മയത്തിനു പകരം, അതിനെത്രയോ താഴേ ഉടുതുണി അഴിച്ചു കുളിക്കുന്ന സ്ത്രീകളുടെ – നാളത്തേക്ക് അളിയാനുള്ള, ജഡമാകാനുള്ള, ശവമാകാനുള്ള – ശരീരങ്ങളെ നോക്കി ആസ്വദിക്കുന്നതിലേക്ക് പരിമിതപ്പെട്ടുപോയിട്ടുള്ള ഒരു കാലം ഞങ്ങളുടെ കൗമാരത്തിലുണ്ടായിരുന്നു.
നമ്മൾ കടൽത്തീരത്ത് ഒരുപാടു സമയം ഇരുന്നാലും കടലിനെപ്പറ്റി അത്ഭുതം കൂറില്ല. അവിടെയിരുന്ന് പരദൂഷണം പറയുകയല്ലാതെ കടലിലേക്കു നോക്കില്ല. കേരളമെന്ന സംസ്ഥാനം, ആ സംസ്ഥാനത്തിന് എത്രയാണോ നീളം അത്രയുംതന്നെ നീളം കടൽക്കരയുമുണ്ട്. അങ്ങനെ കടൽത്തീരമുള്ള കേരളത്തിലെ ആരുംതന്നെ ഒരു കടൽയാത്രയ്ക്കൊന്നും ഒരുങ്ങില്ല. അതുമല്ലെങ്കിൽ ഏകാകിയായിട്ട് കടലിലേക്ക് കണ്ണെറിയുന്ന ഒരു മനുഷ്യനെ കാണില്ല.
മൊബിഡിക്ക് എന്ന നോവലിൽ ഹെർമൻ മെൽവിൽ പറയുന്നതുപോലെ, The ungrasped phantom of life. ജീവിതത്തിന്റെ കീഴടക്കാനാകാത്ത മായികസത്തയെ നോക്കി വിസ്മയംകൊള്ളാനുള്ളൊരു കപ്പാസിറ്റി നമുക്കില്ലാത്തതുകൊണ്ടല്ല. നമ്മൾ അതിനു മുതിരുന്നില്ല. നമ്മൾ ചെറിയ കാര്യങ്ങളിൽ മാത്രം വ്യാപൃതരാണെന്നുള്ളത്, പുഴയുടെ തീരത്തുള്ള ജീവിതത്തിൽ അന്നത്രമേൽ അറിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് ഞാനതിനെക്കുറിച്ചു മനസ്സിലാക്കി. പെരുന്തച്ചനെപ്പറ്റി ആരും പറഞ്ഞില്ലല്ലോ, പെരുന്തച്ചന്റെ ജീവിതത്തെപ്പറ്റി ആരും പറഞ്ഞുതന്നില്ലല്ലോ, ഇതാണല്ലോ നമുക്കു കിട്ടിയ ശിക്ഷണം. അതാ നോക്കൂ, അവിടെ ആരോ കുളിക്കുന്നു!
പിന്നെ മഴക്കാലം പെരുകുമ്പോൾ നദി കരകവിഞ്ഞൊഴുകും. അപ്പോൾ മൃഗങ്ങളുടെയും പക്ഷികളുടെയും വൃക്ഷങ്ങളുടെയും ജഡങ്ങൾ – വൃക്ഷത്തെ ഒരു ജീവിയായിട്ടുതന്നെ വിചാരിക്കുകയാണ് – അതിലൂടെ ഒഴുകിവരുന്നത് കാണാം. ഇടയ്ക്കെങ്കിലും ഒരു മനുഷ്യശരീരവും അതിലൂടെ ഒഴുകിവരും. ഞങ്ങളുടെ പുഴ
ഒരു വലിയ യൂ ടേൺ എടുക്കുന്ന സ്ഥലമാണ്. അങ്ങനെ വരുമ്പോൾ ശവശരീരങ്ങൾ അവിടെയുള്ള കണ്ടലിൽ കുടുങ്ങും. മിക്കവാറും ഒരു പെൺശരീരം ഉപേക്ഷിക്കപ്പെട്ട നിലയിൽ അവിടെ വന്നുകുടുങ്ങാറുണ്ട്. പുഴകളിലൂടെ ഒഴുകിവരുന്ന ശവശരീരങ്ങൾ അധികവും പെൺശരീരങ്ങളാണെന്നാണ് കണക്ക്. ആരാലോ വഞ്ചിക്കപ്പെട്ട, ആരാലോ പരിത്യജിക്കപ്പെട്ട, ആരാലോ ഉപദ്രവിക്കപ്പെട്ട, അല്ലെങ്കിൽ സ്വയം മടുത്ത ഒരു സ്ത്രീ – നമ്മുടെ അമ്മ, നമ്മുടെ സഹോദരി, നമ്മുടെ മകൾ – എവിടെയോ ചാടി അവസാനിപ്പിക്കുകയാണ്. അതു വന്നിങ്ങനെ ഈ വളവുകളിൽ അടിയും. ഞങ്ങളുടെ നാട്ടിൽനിന്നും ലീല എന്ന സ്ത്രീയെ കാണാതായി. അവരുടെ ബോഡി അവിടെ കിടപ്പുണ്ടെന്നു പറഞ്ഞപ്പോൾ ഞങ്ങളൊക്കെ പുഴക്കരയിലേക്കു പോയി. അവരുടെ ഉപസ്ഥത്തിൽനിന്ന് പുറത്തേക്കു തള്ളിയ ഒരു കുഞ്ഞു മൃതശരീരവും – അത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന കാര്യം എനിക്കറിയില്ല – പൊക്കിൾക്കൊടി വിട്ടുപോവാത്ത
തുകൊണ്ട് ഒഴുക്കിൽ തത്തിത്തത്തി അമ്മയിൽനിന്നും അകന്നുപോകാൻ വിഷമിച്ചങ്ങനെ കളിക്കുകയാണ്. അമ്മയുടെ ശരീരം കണ്ടലിൽ കുടുങ്ങികിടക്കുകയാണ്, കമിഴ്ന്നുകിടക്കുകയാണ്, ജീർണമായി വീർത്തുകിടക്കുകയാണ്. പക്ഷേ, അമ്മയിൽനിന്നുള്ള നാഭീനാളബന്ധം സ്വയം മുറിച്ചെറിയപ്പെടാൻ കഴിയാത്ത ഒരു പാവം കുഞ്ഞിന്റെ ജഡവും കുറച്ചകലെ, വിട്ടുപോകാൻ കൂട്ടാക്കാതെ നിൽക്കുകയാണ്.
പെൺശരീരത്തെ രതിക്കുള്ള ഒരു കാഴ്ചയായിട്ടും പെൺശരീരത്തെ മൃതിയുടെ ഭീകരമായ ഒരു ദുരന്തദൃശ്യമായിട്ടും എന്നെ ഈ പുഴ കാണിച്ചുതന്നിട്ടുണ്ട്. അതാണ് എന്നെ സാഹിത്യത്തിലേക്ക് ഉപനയിച്ചത് എന്നു ഞാൻ കരുതുന്നു.
സമുദ്രശിലയിൽ അംബ എന്ന സ്ത്രീ അമ്മയാണ്. മഹാഭാരതത്തിൽ വ്യാസൻ പറഞ്ഞതുപോലെ, കുറെക്കാലം എല്ലാവരാലും പരിത്യജിക്കപ്പെട്ട അംബയ്ക്ക് നിങ്ങൾക്കറിയാവുന്നതുപോലെ സാല്വൻ എന്നൊരു കാമുകൻ ഉണ്ടായിരുന്നു. ഭീഷ്മർ തട്ടി ക്കൊണ്ടുപോയി വിചിത്രവീര്യനെ കല്യാണം കഴിക്കണമെന്നു പറഞ്ഞപ്പോൾ, എനിക്കൊരു കാമുകനുണ്ട്, എന്നെ തിരിച്ചുവിടണമെന്ന് അറിയിച്ചപ്പോൾ ഭീഷ്മർ അവളെ മാത്രം തിരിച്ചുവിട്ടു. അതുകൊണ്ട് ആ കഥയിൽ പിന്നീടവൾക്കു റോളൊന്നുമില്ലാതായി. തിരിച്ച് സാല്വന്റെയടുക്കൽ ചെന്നപ്പോൾ സാല്വൻ പറഞ്ഞു, ഭീഷ്മർ എന്നുപറഞ്ഞ മഹാപരാക്രമി തട്ടിക്കൊണ്ടുപോയ പെണ്ണിനെയൊന്നും ഞാൻ തിരിച്ചു സ്വീകരിക്കുന്ന പ്രശ്നമില്ല. അംബയോട് തിരിച്ചുപോകാൻ അയാൾ പറഞ്ഞു. കാശിരാജാവായിട്ടുള്ള, മിടുക്കനായിട്ടുള്ള അച്ഛന്റെയടുക്കൽ ചെന്നപ്പോൾ അച്ഛനും അവളെ കൈയൊഴിഞ്ഞു. ഭാർഗവരാമനോട് (പരശുരാമൻ) അഭയം ചോദിച്ചപ്പോൾ, അയാൾ പറഞ്ഞു, ഞാൻ ഭീഷ്മരോടു യുദ്ധം ചെയ്യാം. ഭീഷ്മരെ ഞാൻ തോല്പിച്ചാൽ അവനെക്കൊണ്ട് നിന്റെ കല്യാണം കഴിപ്പിക്കാമെന്ന്. ഭീഷ്മർ പറഞ്ഞു, അങ്ങെന്റെ ഗുരുവാണ്, പക്ഷേ ഞാനുമായിട്ട് എതിരിട്ടാൽ ഞാൻ താങ്കളെ തോല്പിക്കും. അങ്ങനെ ഭീഷ്മർ പരശുരാമനെ തോല്പിക്കുന്നു. അതാണ് ഒന്നാം കുരുക്ഷേത്രയുദ്ധം. നമ്മുടെ കുരുക്ഷേത്രയുദ്ധത്തിനു മുൻപു നടന്ന യുദ്ധമാണ്. അതിലും ഒരു പെണ്ണിനുവേണ്ടിയിട്ടാണ് യുദ്ധം നടന്നത്. അംബയായിരുന്നു ആ പെണ്ണ്; പാഞ്ചാലിക്കു പകരം.
അംബ അങ്ങനെ തോറ്റുപോയി. കൃഷ്ണനെ അഭയം പ്രാപിച്ചപ്പോൾ പാഞ്ചാലിക്ക് ഗുണം കിട്ടി. പക്ഷേ, അംബ അഭയം പ്രാപിച്ച മറ്റൊരു ദൈവമായിട്ടുള്ള പരശുരാമന് അവളെ രക്ഷിക്കാൻ സാധിച്ചില്ല. അങ്ങനെ മനംമടുത്ത് അംബ യമുനയുടെ തീരത്ത് സ്വയം ചിതകൂട്ടി അവിടെ ആത്മഹത്യ ചെയ്യാൻ പോവുകയാണ്.
അപ്പോൾ വ്യാസൻ എഴുതുന്നു, അംബയുടെ കണ്ണിൽനിന്നും ധാരമുറിയാതെ ജലംപ്രവഹിച്ചുകൊണ്ടേയിരുന്നു. ഒരു പകുതി നദിയായും പകുതി സ്ത്രീയായും അവൾ ജീവിച്ചു എന്ന്. അത് വ്യാസൻ കാവ്യപ്രയോഗം നടത്തിയതാണ്. അതാണ് അംബ എന്ന നദി എന്ന് പിന്നീട് വ്യാഖ്യാനം വന്നത്. എന്നാൽ വ്യാസൻ ഉദ്ദേശിച്ചത്, ഈ ഒടുങ്ങാത്ത കണ്ണീരിനെയാണ്.
ഈ അംബ എന്ന സ്ത്രീയെ മലയാളഭാഷയായിട്ടും നമ്മുടെ മണ്ണായിട്ടും നമ്മുടെ പുഴകളായിട്ടും നമ്മുടെ സംസ്കാരമായിട്ടുമൊക്കെയാണ് ഞാൻ സങ്കല്പിക്കുന്നത്. അങ്ങനെ അംബയ്ക്ക് ഒരു കഥാപാത്രശരീരം കൊടുത്തുകൊണ്ടാണ് ഈ നോവലിൽ ഞാൻ ഉരുവംകൊള്ളിച്ചിട്ടുള്ളത്.
മൊബൈൽഫോൺ മാത്രം നോക്കാനറിയാവുന്ന ഇരുപത്തൊന്നുവയസ്സുകാരനായിട്ടുള്ള അനന്തപത്മനാഭനെന്ന അപ്പുവിനെ സങ്കല്പിക്കുമ്പോൾ കേരളത്തിലെ മുഴുവൻ യുവത്വത്തെ യും അതിനകത്തേക്കു ഒതുക്കുകയായിരുന്നു എന്നു ഞാൻ വിചാരിക്കുന്നു. ഇതിങ്ങനെ പോയാൽ ശരിയാകുമോ എന്നുള്ള, ഞാനടക്കമുള്ള – നമ്മളൊക്കെ യൗവനം കഴിഞ്ഞുവെന്നു പറയാം – നാല്പതുകളിൽ തത്തുന്ന മധ്യവയസ്കരായിട്ടുള്ള ആളുകളും നമ്മുടെ കൗമാര യൗവനാരംഭത്തിൽ അനുഭവിക്കാൻ സാധിക്കാത്ത മൊബൈൽഫോണിന്റെയും മറ്റു സുഖോല്പാദനയന്ത്രങ്ങളുടെയും ഉപഭോഗവ്യഗ്രതയിലതിനെ ആശ്ലേഷിച്ചു നിൽക്കുകയാണ്. അങ്ങനെയുള്ള ഒരു മകനെ ഒരു ഭാഷ, ഒരു സംസ്കാരം, ഒരു ദേശം കൊന്നുകളയാൻ ശ്രമിക്കുന്നതാണ്, തീരുമാനിക്കുന്നതാണ് ഇതിലെ അവസാനഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ നാല്പത്തിനാലു നദികൾ, എന്തു പറഞ്ഞാലും പഠിക്കാത്ത തന്റെ മക്കളെ, അല്ലെങ്കിൽ മലയാളിയെ പാഠം പഠിപ്പിക്കാൻവേണ്ടി കച്ചയഴിച്ചിറങ്ങിയ രംഗമായിട്ടാണ് ഞാനാ പ്രളയത്തെ കണ്ടത്. നമ്മുടെ പുറത്തേക്ക് നദികൾ കവച്ചിരിക്കുന്നു.അങ്ങനെ തന്റെ മകനെ രതിയുടെ സുഖമനുഭവിപ്പിച്ചുകൊണ്ട് മരണത്തിലേക്ക് വഴി നടത്തിക്കുകയാണ്. അംബയെ നാം കാണുന്ന അവസാനത്തെ ദൃശ്യത്തിൽ, കനോലി കനാലിലൂടെ നിരവധി മധ്യവയസ്കരായിട്ടുള്ള ജഡങ്ങൾ ഒഴുകി നടക്കുന്നത് അവൾ സ്വപ്നം കാണുന്നുണ്ട്. ഇടതുകൈയിൽ മൊബൈൽ ഫോണും ഉപസ്ഥത്തിൽ കുടുങ്ങിയ വലതുകൈയുമായിട്ട് പുരുഷന്മാരും സ്ത്രീകളും ചാലിട്ട് ഒഴുകുന്നതായിട്ടാണ് കാണുന്നത്, മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യത്തിൽ.
നമ്മുടെ ഇന്നത്തെ അവസ്ഥയെ പറയാനാണ് ഞാൻ ശ്രമിച്ചത്. എല്ലാവരും അങ്ങനെയാണെന്നുള്ള അർത്ഥത്തിലല്ല ഞാൻ പറയുന്നത്. നമ്മളങ്ങനെ മുഴുവനായും കെട്ടുപോയി എന്ന് ഒരെഴുത്തുകാരൻ എന്ന നിലയ്ക്ക് സങ്കല്പിക്കുവാൻ എനിക്കാവുകയുമില്ല. നമ്മളിൽനിന്നും നല്ല സംഗതികൾ ഉരുവാകും. എല്ലാ ദോഷങ്ങളെയും മറികടന്നുകൊണ്ട് മലയാളി എന്ന ജനത അതിജീവിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. പക്ഷേ, ഇതു പറഞ്ഞുകൊടുക്കാൻ ഈ കാലത്തിൽ ഒരെഴുത്തുകാരൻ വേണം എന്നെനിക്ക് ഭയങ്കര ആഗ്രഹമുണ്ട്. അത് ഞാനാവണമെന്നില്ല. നിർഭാഗ്യവശാൽ, ഞാനൊരു എഴുത്തുകാരനായതുകൊണ്ട് ഞാൻ അത്
പറഞ്ഞിട്ടേ മരിച്ചുപോവുകയുള്ളൂ എന്നു തീരുമാനിച്ചിട്ടുള്ളതുകൊണ്ടങ്ങനെ പറയുന്നതാണ്.
ഞാൻ മാറിനിന്നുകൊണ്ട് പറയുകയല്ല. കാലം തെറ്റിച്ച് കഥപറയാൻ ദൈവത്തിനു കഴിയില്ല. ദൈവത്തിന് ക്രമബദ്ധമായിട്ടു മാത്രമേ കഥപറയാൻ കഴിയൂ. കാലം തെറ്റിച്ചു കഥപറയാനുള്ള കഴിവ് നോവലിസ്റ്റിനു മാത്രമേയുള്ളൂ. അതുകൊണ്ട് ദൈവത്തിനു നോവലിസ്റ്റിനോട് അസൂയയുണ്ടെന്നൊരു വാചകം ഈ നോവലിലുണ്ട്. ദൈവത്തിന്റെ മുകളിൽ കേറിക്കളിക്കുന്ന ചെറിയ കളിയാണ് നോവലെഴുത്ത്. അത് ഞാൻ ആസ്വദിക്കുന്നു. അതുകൊണ്ട് മാത്രമാണ് പത്തുവർഷമെടുത്ത് ഞാനീ സമുദ്രശില എഴുതിയത്.
(കെ.പി. കേശവമേനോൻ ഹാളിൽ വച്ച് നടന്ന സുഭാഷ് ചന്ദ്രനൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയിൽ സമുദ്രശിലയെക്കുറിച്ച് എഴുത്തുകാരൻ നടത്തിയ പ്രഭാഷണത്തിൽ നിന്ന്. 2019, മെയ് 10).