തെരുവ് ഉടഞ്ഞ ഭൂപടം
പോലെ തോന്നിച്ചൊരു
കൊടുങ്കാറ്റിൽ,
മനുഷ്യർ, സഞ്ചരിക്കുന്ന
മരങ്ങളെപ്പോലെ
എങ്ങോട്ടൊക്കെയോ
തിടുക്കത്തിൽ പോകുന്ന
വൈകുന്നേരമാണ്,
ഒരിക്കലും തിരിച്ചു വരില്ല
എന്നു തന്നെയല്ല,
ഒരിക്കൽ ഉണ്ടായിരുന്നോ
എന്നു പോലും
ഉറപ്പില്ലാത്ത ഒരാളെ
കണ്ടത്!
അയാൾക്ക്
പക്ഷിച്ചുണ്ടുകൾ പോലെ
വളഞ്ഞ നാസികയും
കറുത്ത താടി മീശയും
ആളിക്കത്തുന്ന
അതേ കണ്ണുകളും
ഉണ്ടായിരുന്നു…….
വെളിച്ചത്തിന്റെ നിറത്തോട്
ഒരു ശകാരവാക്കുപോലെ
കൂർത്ത നോട്ടമെറിഞ്ഞ്
തെരുവ് കച്ചവടക്കാരേയും
നാടോടി വാദ്യം
വായിക്കുന്നവരേയും,
സ്നാനോത്സവത്തിനും
നാടകശാലയിലേക്കും
പോകുന്നവരേയും
കടന്ന് അയാൾ
ആരേയും ശ്രദ്ധിക്കാതെ
പാലം കുറുകെ കടന്നും
റോഡ് മുറിച്ചും
ഗോവണികൾ
കയറിയുമിറങ്ങിയും
പലവുരു
ഒരിടത്തുമെത്താത്ത,
തിരക്കുള്ള വഴികളിലൂടെ
രണ്ടു കണ്ണുകൾ മാത്രമായി
അയാളെ മാത്രം നോക്കി
നിന്നിരുന്ന
എന്നെ കടന്നു
വീണ്ടും, വീണ്ടും നടന്നു
പൊയ്ക്കൊണ്ടിരുന്നു…
അത് മരിച്ചവരുടെ തെരുവല്ല
എന്നും,
അവിടുത്തെ
ആളൊഴുക്കിലൂടെ നടന്നുപോകുമെന്നു
അയാൾ ഒരിക്കലും
പറഞ്ഞിട്ടില്ലെന്നും
അയാളുടെ ശൂന്യ നിഴലിനെ
കുറുകെ തടഞ്ഞു നിർത്തി
നിശ്ചലമായ,
വാക്കുകളിലൂടെ ഞാൻ
പക്ഷേ
വിറയലോടെ
പറയാൻ ശ്രമിച്ചുകൊണ്ടിരുന്നു…..!
Related tags :