മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന ഏറ്റവും വലിയ ഒരു വിപത്തായി ഇന്ന് നവ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. വിവരസാങ്കേതിക വിദ്യ അതിന്റെ വിസ്‌ഫോടനാത്മകമായ മുന്നേറ്റങ്ങളിലൂടെ ലോകത്തെ ഒരു വിരൽത്തുമ്പിലൊതുക്കുന്നതിനാൽ വളരെ തന്മയത്വത്തോടെ വ്യാജവാർത്തകൾ ഉണ്ടാക്കാനും പ്രചരിപ്പിക്കാനും പറ്റിയ കാലാവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. ആർക്കും ആടിനെ പട്ടിയാക്കാനാവുമെന്ന നിലയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങൾ. ഇക്കാലത്തു തെറ്റും ശരിയും തിരിച്ചറിയുകയെന്നത് വളരെ ദുഷ്‌കരമായ ഒന്നാണ്; എന്നുമാത്രമല്ല, അതിനായി ഒട്ടുമിക്ക ആൾക്കാരും മിനക്കെടുന്നില്ല എന്നതാണ് വാസ്തവം. സംഭവങ്ങളുടെ നിജ
സ്ഥിതി മനസ്സിലാക്കാതെ ഒരു വിവരം കിട്ടിയാലുടൻ, അഥവാ പടം കണ്ടാലുടൻ
അവ ലോകമെമ്പാടുമുള്ള തന്റെ സൗഹൃദ വലയങ്ങളിലേക്കു നിമിഷനേരം കൊണ്ട് എത്തിക്കാനുള്ള വെമ്പലാണ് ഏല്ലാവർക്കും. കൗതുക വാർത്തകൾ മുതൽ ഭരണ കാര്യങ്ങൾ വരെ എല്ലാം ഇങ്ങനെ ലോകമെമ്പാടും നിമിഷനേരം കൊണ്ട് ചുറ്റിക്കറങ്ങുന്നൂ.
മുല്ലപ്പൂ വിപ്ലവത്തിന് തുടക്കം കുറിച്ചത് ഫേസ്ബുക് ആണെന്ന് അഭിമാനിക്കുമ്പോൾ തന്നെ ഈയിടെ നടന്ന പല ആൾക്കൂട്ട കൊലകൾക്കു കാരണവും ഈ നവ മാധ്യമങ്ങൾ തന്നെ എന്ന് പറയേണ്ടിയിരിക്കുന്നു. പല കൊലപാതകങ്ങൾക്കും വർഗീയ നിറം നൽകുവാനും അതിലൂടെ തെറ്റിദ്ധാരണ പരത്തുവാനും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ പോലും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഹൈദരാബാദിൽ നടന്ന ഒരു സാധാരണ കൊലപാതകം ഗ്വാളിയോറിൽ ഹിന്ദു വർഗീയ ശക്തികൾ ഒരു അന്യ മതസ്ഥനെ കൊല്ലുന്നതാണെന്ന് വീഡിയോയിലൂടെ പ്രചരിപ്പിച്ചത് പാകിസ്ഥാൻ ഡിഫെൻസ് ഉപദേഷ്ടാവാണ്. ലോകത്തെമ്പാടും ലക്ഷക്കണക്കിന് ആളുകൾ അനുധാവനം ചെയ്യുന്ന അദ്ദേഹത്തിന്റെ പേജിൽ നിന്നും തെറ്റ് ചൂണ്ടിക്കാണിച്ചിട്ടുപോലും അവ ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി ഗോമൂത്രം കുടിക്കുന്നതും, പിണറായി വിജയന്റെ കൊട്ടാരവും, ശബരിമല വിധി വന്നപ്പോൾ മുസ്ലിം സ്ത്രീകൾ മനുഷ്യാവകാശ പ്രവർത്തകയായ തൃപ്തി ദേശായിയെ അനുമോദിക്കുന്നതുമെല്ലാം രാഷ്ട്രീയവും മതപരവുമായ സ്പർദ്ധ ഊതിക്കത്തിക്കാൻ
ബോധപൂർവം ചെയ്യുന്ന പ്രവൃത്തികളാണ്. അത് മനസ്സിലാക്കാതെയാണ് ഗ്രൂപ്പുകളിൽ
നിന്നും ഗ്രൂപ്പുകളിലേക്ക് അത് നിമിഷനേരം കൊണ്ട് വ്യാപിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം കൊൽക്കത്തയുടെ തെരുവിൽ ഒരു വൃദ്ധനെ ഇരുത്തി ഒരു പെൺകുട്ടി റിക്ഷ വലിച്ചു നടക്കുന്നത് ഒരു ഐ.എ.എസ്.കാരി തന്റെ പിതാവുമൊത്ത് നഗരം കാണാനിറങ്ങിയതാണെന്ന അടിക്കുറിപ്പോടെ വന്ന വ്യാജ പടം നമ്മുടെ ശശി തരൂർ പോലും റീട്വീറ്റ് ചെയ്തു. എന്നാൽ ഒരു യുവതി വെറും രസത്തിനു ചെയ്ത ഒരു സീനായിരുന്നു യഥാർത്ഥത്തിൽ അത്. ഇങ്ങനെ ആരെയും വിഡ്ഢികളാക്കുന്ന എത്രയെത്ര വാർത്തകൾ!
അച്ചടി മാധ്യമങ്ങൾ പൊതുവെ തെറ്റായ പ്രചാരണങ്ങളിൽ നിന്നും അകന്നു നിൽക്കുമ്പോൾ നാഥനില്ലാ കളരി പോലെയുള്ള ഫേസ്ബുക്, വാട്‌സ് ആപ്പ് എന്നീ നവമാധ്യമങ്ങൾ എന്തും എഴുതാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നൽകുന്നു. രാഷ്ട്രീയക്കാർക്കാകട്ടെ ഗീബൽസിന്റെ തന്ത്രങ്ങൾ പയറ്റാനുള്ള ഏറ്റവും നല്ല വേദിയും. ഇവിടെ ഉത്തരവാദിത്വത്തോടെയുള്ള ഒരു സമീപനം കൈക്കൊള്ളാൻ ഇതിൽ പോസ്റ്റ് ചെയ്യുന്നവരും ഫോർവേഡ് ചെയ്യുന്നവരും തയ്യാറാകേണ്ടിയിരിക്കുന്നു.
സൈബർ നിയമങ്ങൾ കൂടുതൽ കർക്കശമായി മാറുന്നുണ്ടെങ്കിലും വാർത്തകളുടെ നിജസ്ഥിതി മനസ്സിലാക്കാതെ അവ മറ്റൊരാൾക്ക് അയയ്ക്കില്ല എന്ന തീരുമാനം ഓരോരുത്തരും കൈക്കൊണ്ടാൽ മാത്രമേ നവ മാധ്യമങ്ങളുടെ കെണിയിൽ നിന്നും നമുക്ക് രക്ഷപ്പെടാനാവു.
മോഹൻ കാക്കനാടൻ