‘വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം’ എന്ന വരികൾ അക്കിത്തത്തിന്റേതാണെങ്കിലും എന്നും വെളിച്ചത്തെ ഉപാസിച്ച കവിയാണ് അക്കിത്തം. മലയാളത്തിന്റെ മഹനീയതയാണ് അക്കിത്തം.
മനുഷ്യനാണ് സത്യം എന്ന തിരിച്ചറിവ് എക്കാലവും അദ്ദേഹം സുക്ഷിച്ചു. മനുഷ്യത്വത്തിനെതിരായ എല്ലാ പ്രതിബന്ധങ്ങളെയും നവോത്ഥാനകാലം തട്ടിത്തെറിപ്പിച്ചതു മുതൽ നമ്പൂതിരിയെ മനുഷ്യനാക്കി പരിവർത്തിച്ച വി.ടിയുടെ പടയോട്ടത്തിനൊപ്പം അക്കിത്തം നിലകൊണ്ടു. അത് ചരിത്രമാണ്. പിന്നീട് എം. ഗോവിന്ദനിലൂടെ റാഡിക്കൽ ഹ്യുമാനിസത്തിന്റെ ആധുനികവും ഉന്നതവുമായ നവ മാനവ ബോധത്തിലേക്ക് അക്കിത്തം വളർന്നു. കമ്മ്യൂണിസത്തിന്റെ മാനവ സമത്വ ദർശനങ്ങളെ സ്വീകരിച്ചുകൊണ്ടുതന്നെ അതിന്റെ പ്രയോഗങ്ങളിൽ കലർന്നുപോയ ഹിംസാത്മകതയെ തുറന്നെതിർക്കാൻ അക്കിത്തം ധൈര്യം കാട്ടി. പിന്നീട് സർവഭൂതദയയിൽ ഊന്നിയ ദർശനത്തെയാണ് അക്കിത്തം തന്നോടൊപ്പം കൂട്ടി നടന്നത്. മലയാള കാവ്യാനുശീലനത്തിന് ആധുനികതയിലേക്ക് ആദ്യവഴി വെട്ടിയ കവികളിലൊരാളാണ് അക്കിത്തം.
1926 മാർച്ച് 18-ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനവുമാണ് മാതാപിതാക്കൾ. ബാല്യത്തിൽ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായിരുന്നു.
പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണിനിലയത്തിൽ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി.
1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയാണ് പ്രമുഖം. 1948-49കളിൽ കമ്മ്യൂണിസ്റ്റുകാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇ എം എസ് നമ്പൂതിരിപ്പാട് തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു. കേരളത്തിന്റെ പ്രിയകവിയെ വായനക്കാർ ശ്രദ്ധിക്കാൻ തുടങ്ങിയത് 1950 മുതൽ ആണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം 1952-ലെ സഞ്ജയൻ അവാർഡ് നേടിക്കൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാള കവിതയുടെ മുതൽക്കൂട്ടായി മാറി എന്നത് മറ്റൊരു ചരിത്രം.മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം, സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്‌കാരം എന്നിവ ലഭിച്ചു.
കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, പത്മപ്രഭ പുരസ്‌കാരം, അമൃതകീർത്തി പുരസ്‌കാരം, മാതൃഭൂമി സാഹിത്യ പുരസ്‌കാരം, വയലാർ അവാർഡ്, പത്മശ്രീ എന്നിവയും ലഭിച്ചിട്ടുണ്ട്.
കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം. ഹിന്ദുവർഗീയതയെ താലോലിക്കുന്നതാണ് അക്കിത്തം അച്ചുതൻ നമ്പൂതിരിയുടെ ഏറെനാളത്തെ നിലപാടുകൾ എന്ന വിമർശനം അദ്ദേഹത്തിനെതിരെ പ്രമുഖർ ഉയർത്തിയിട്ടുണ്ട്. തനിക്ക് ശരിയെന്ന് തോന്നുന്നതിനൊപ്പം നിൽക്കാൻ അക്കിത്തം എക്കാലവും കാണിച്ച ആർജവമായി ഇതിനെയും കണ്ടാൽ മതിയെന്ന് ചിലർ നിരീക്ഷിച്ചിട്ടുണ്ട്.
മകനായ അക്കിത്തം വാസുദേവൻ പ്രശസ്ത ചിത്രകാരനാണ്. 1949-ൽ 23-ാം വയസ്സിൽ പട്ടാമ്പി ആലമ്പിള്ളി മനയിലെ ശ്രീദേവി അന്തർജനത്തെ വിവാഹം ചെയ്തു. 2019 മെയ് മാസത്തിൽ ഭാര്യ അന്തരിച്ചു. പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല,നാരായണൻ എന്നിവരാണ് മക്കൾ. പ്രശസ്ത ചിത്രകാരനും ശിൽപിയുമായ അക്കിത്തം നാരായണൻ സഹോദരനാണ്.