പ്രമുഖ സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.എന്‍.ജോയ് എന്ന നജ്മല്‍ എന്‍. ബാബു ലോകത്തെ എക്കാലവും സൗന്ദര്യപ്പെടുത്താന്‍ ശ്രമിച്ച ആളാണ്. മരണം വരെ അക്കാര്യത്തിന് വേണ്ടി നിലകൊണ്ടു. അവിവാഹിതനായ ജോയ് തന്റെ സ്വാതന്ത്ര്യങ്ങളില്‍ തന്നെ അലയാന്‍ വിട്ടു. മനുഷ്യസ്‌നേഹത്തിന്റെ രാഷ്ട്രീയ ദര്‍ശനമായ കമ്മ്യൂണിസത്തിന്റെ സാക്ഷാത്ക്കാരത്തിനായി താന്‍ കണ്ടെത്തിയ മാര്‍ഗ്ഗത്തിലൂടെ ജീവിതം തുടങ്ങിയ ആള്‍. തന്റെ ലക്ഷ്യത്തിനു വേണ്ടി അയാള്‍ ജീവിതം സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും കഠിനവും ഭീകരവുമായ യാതനകള്‍ സഹിക്കുകയും ചെയ്തു.പരാജയപ്പെട്ട ആ പരീക്ഷണത്തില്‍ ടി എന്‍ ജോയിയെ അവരില്‍ നിന്നെല്ലാം വേറിട്ട് നിര്‍ത്തുന്നത് സ്വയം ചിതറിപ്പോകാതെ സ്വന്തം ജീവിതത്തെ വിപ്ലവകരമായി പുനര്‍ നിര്‍മ്മിക്കുകയും നിലനിര്‍ത്തുകയും ചെയ്തു എന്ന അത്ഭുതമാണ്.
കേരളത്തിലെ ആദ്യകാല നക്‌സല്‍ നേതാക്കളില്‍ ഒരാളായ ജോയ്, അവിഭക്ത സിപിഐഎംഎല്ലിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. 1970 കളില്‍ നക്‌സല്‍ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന ജോയ് അതിന്റെ ബൗദ്ധികതലങ്ങളില്‍ മുന്നിലുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് തടവിലായ ജോയ്, പൊലീസിന്റെ കൊടിയ മര്‍ദനങ്ങള്‍ക്കു വിധേയനായി. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. തൃശൂരിലെ രാഷ്ട്രീയസാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. സൂര്യകാന്തി ബുക്‌സ് എന്ന പേരില്‍ പ്രസിദ്ധീകരണം നടത്തി. ഗ്രാംഷിയുടെയും മറ്റും കൃതികള്‍ ആദ്യമായി മലയാളത്തിനു പരിചയപ്പെടുത്തിയതു സൂര്യകാന്തി ബുക്‌സാണ്.
അടിയന്തരാവസ്ഥാ തടവുകാര്‍ക്കു പെന്‍ഷന്‍ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിര പ്രവര്‍ത്തകനായി. ‘കിസ് ഓഫ് ലൗ’ തുടങ്ങിയ പ്രതിഷേധ സമരങ്ങളിലും പങ്കെടുത്തു. കൊച്ചിയില്‍ അടുത്തിടെ നടന്ന കന്യാസ്ത്രീകളുടെ സമരത്തിലും സാന്നിധ്യമായിരുന്നു. ആരോഗ്യമില്ലാത്ത അവസ്ഥയില്‍പ്പോലും കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തയാളാണ്. അദ്ദേഹം പങ്കെടുക്കാത്ത ജനകീയ സമരവേദികള്‍ കേരളത്തിലുണ്ടായിട്ടില്ലെന്നു തന്നെ പറയേണ്ടി വരും.കൊടുങ്ങല്ലൂരില്‍ കാന്‍സര്‍ രോഗികള്‍ക്കായുള്ള സാന്ത്വന ചികില്‍സാരംഗത്തു പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരില്‍ ഒരാളാണ്.
താന്‍ കൂടി മുന്‍കൈയെടുത്ത് സ്ഥാപിച്ച കൊടുങ്ങല്ലൂരിലെ പാലിയേറ്റീവ് ക്ലിനിക്കായ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അവസാന കാലത്ത് അദ്ദേഹത്തിന്റെ ജീവിതം. സെന്ററിലെ ഒരു മുറിയായിരുന്നു അദ്ദേഹത്തിന്റെ ലോകം. ഡെന്‍ എന്ന് നജ്മല്‍ ബാബു സ്വയം വിശേഷിപ്പിച്ചിരുന്ന ആ മുറിയിലായിരുന്നു ഊണും ഉറക്കവുമെല്ലാം.
കൊടുങ്ങല്ലൂരിലെ കമ്യൂണിസ്റ്റ് കുടുംബമായ തൈവാലത്ത് വീട്ടില്‍ നീലകണ്ഠദാസിന്റെയും ദേവയാനിയുടെയും മകനായി 1955 ല്‍ ജനിച്ചു. സഹോദരന്‍ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തില്‍ അംഗവും യുക്തവാദിയുമായിരുന്ന പിതാവാണ് ടി. എന്‍. ജോയിക്ക് ആ പേരു നല്‍കിയത്. സഹോദര പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കവേ നീലകണ്ഠദാസ് അമ്മാവന്റെ മകളുടെ പേര് ‘ആയിശ’ എന്നുമിട്ടു.
2015 ല്‍ ടി.എന്‍. ജോയ് ഇസ്ലാം മതം സ്വീകരിച്ചതു വലിയ ചര്‍ച്ചയായിരുന്നു. മരണമടയുമ്പോള്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ കബറടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ടി.എന്‍.ജോയ് പള്ളിക്കമ്മിറ്റിക്കാര്‍ക്കു നേരത്തേ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സമരങ്ങളില്‍ നിന്നും ഒരു കാലത്തും വിരമിക്കാത്ത ആളാണ്. മതം മാറ്റം പോലും രാഷ്ട്രീയ പ്രവര്‍ത്തനമാക്കി മാറ്റിയ നജ്മല്‍ ബാബു തന്റെ മരണത്തില്‍ പോലും പോരാടണമെന്ന് വാശിലായിരിക്കാം തന്നെ ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന് മുമ്പ് പലതവണ പരസ്യമായി ആവശ്യപ്പെട്ടത്. എന്നാല്‍ ആ സമരത്തില്‍ അദ്ദേഹം പരാജിതനായി.
സിപിഐ നേതാവായിരുന്ന ടി.എന്‍.കുമാരന്‍, ചരിത്രകാരനായിരുന്ന തൈവാലത്ത് ബാലകൃഷ്ണന്‍, ടി എന്‍. വിമലാദേവി, ടി എന്‍ സുശീലാദേവി എന്നിവരാണു സഹോദരങ്ങള്‍. ‘ലോകത്തെ സൗന്ദര്യപ്പെടുത്താന്‍ ശ്രമിച്ച മനുഷ്യന്‍’ (ദ് മാന്‍ ഹു ട്രൈഡ് ടു ബ്യൂട്ടിഫൈ ദ് വേള്‍ഡ്) എന്ന പേരില്‍ ജോയിയെക്കുറിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ ചെയ്ത ബയോപിക് ശ്രദ്ധയമാണ്. ജോയിയുടെ ജീവിതത്തിലൂടെ, സംഭവങ്ങളിലൂടെ, വായനകളിലൂടെ, ചിന്തകളിലൂടെ, ഭാവനകളിലൂടെ, പ്രവര്‍ത്തനപഥങ്ങളിലൂടെ, താല്പര്യങ്ങളിലൂടെയുള്ള ഒരു വര്‍ത്തമാനസഞ്ചാരം.
ടി എന്‍ ജോയിയുടെ ജീവിതം വ്യവസ്ഥകളുടെ എല്ലാ തിന്മകളോടും സന്ധി ചെയ്തു ജീവിക്കുന്നവര്‍ക്ക് എന്നും ഒരു പേടി സ്വപ്‌നമായിരിക്കും. വ്യവസ്ഥക്കെതിരെ നില കൊള്ളുന്നവര്‍ക്കാകട്ടെ കാലം കഴിയും തോറും ശക്തിയും പ്രതീക്ഷയും നല്‍കുന്ന ജീവിതം കൊണ്ട് തീര്‍ത്ത ഒരു കലാസൃഷ്ടിയും.നമ്മുടെ ജീവിതത്തെ അര്‍ത്ഥവത്താക്കിയിരുന്ന ഒരു രാഷ്ട്രീയ-ധാര്‍മ്മിക ശക്തി യുടെ ഉറവിടം.നാമൊക്കെ സ്വപ്നം കാണുന്ന ആദര്‍ശ ഭാവി മനുഷ്യാവസ്ഥയുടെ ആള്‍രൂപമായിരുന്നു ടി എന്‍ ജോയി.