എന്നും പുതുവഴിയിൽ സഞ്ചരിക്കാനും ഭാവികാലത്തിനായുള്ള ഉല്ക്കണ്ഠകൾ വിളിച്ചു പറയാനുമുള്ള ആർജവം കാട്ടുന്നുവെന്നതാണ് ബിനോയ് വിശ്വം എന്ന രാഷ്ട്രീയക്കാരനെ വ്യത്യസ്തനാക്കുന്നത്. ഒപ്പം പ്രകൃതിക്ക് വിനാശം വരാതെ ഭാവികാല നീക്കിയിരിപ്പുകൾ നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഇത്തരം രാഷ്ട്രീയ വ്യക്തിത്വങ്ങൾ ഇക്കാലത്ത് അപൂർവമാണ്. അത്തരം അപൂർവതയാണ് ബിനോയ് വിശ്വത്തിനെ മറ്റ് രാഷ്ട്രീയക്കാരിൽ നിന്ന് ഭിന്നനാക്കുന്നത്.
വൈക്കത്ത് ജനനം. മുൻ വൈക്കം എംഎൽഎയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥൻ, സി.കെ ഓമന എന്നിവരുടെ മകൻ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നതനായ നേതാവ്, നിയമബിരുദധാരി. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായിരുന്നു. 2001, 2006 നിയമസഭാതെരഞ്ഞെടുപ്പുകളിൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും രണ്ടുതവണ തുടർച്ചയായി മത്സരിച്ചു വിജയിച്ചു. നിലവിൽ രാജ്യസഭാംഗം.
വൈക്കം ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ എ ഐ എസ് എഫ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. 18-ാം വയസ്സിൽ സി പി ഐ അംഗമായി. എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ സെക്രട്ടറി, എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി, ലോക ജനാധിപത്യ യുവജന ഫെഡറേഷൻ വൈസ് പ്രസിഡന്റ്, ഏഷ്യാ-പസഫിക് തലവൻ എന്നീ സ്ഥാനങ്ങൾ വഹിച്ച ബിനോയ് വിശ്വം 92-98 കാലയളവിൽ സി പി ഐ ദേശീയ കൗൺസിൽ അംഗമായിരുന്നു. നിരവധി ട്രേഡ് യൂണിയൻ സംഘടനകളുടെ ഭാരവാഹിയാണ്.
സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിക്കുമ്പോഴാണ് മന്ത്രിയാവുന്നത്. തൊഴിൽ സമരങ്ങളിൽ പങ്കെടുത്ത് രണ്ട് മാസത്തോളം തടവ് ജീവിതം അനുഭവിച്ചിട്ടുണ്ട്.
എ ഐ റ്റി യു സി മുഖപത്രമായ ട്രേഡ് യൂണിയൻ മാസികയുടെ എഡിറ്ററായ ബിനോയ് വിശ്വം വേൾഡ് യൂത്തിന്റെ പ്രതാധിപ സമിതിയംഗം, സി പി ഐ മുഖപത്രമായ ജനയുഗത്തിന്റെ പത്രാധിപ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും നിരവധി ലേഖനങ്ങളുടെ കർത്താവായ ബിനോയ് കവിതയിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സമകാലിക വിഷയങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹത്തിന് അംബാസിഡർ ഓഫ് ഫ്രണ്ട്ഷിപ്പ് എമംഗ് വേൾഡ് യൂത്ത്, ബാനർ ഓഫ് യൂത്ത് യൂണിറ്റി എന്നീ
ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ബിനോയിയുടെ ഓരോ ലേഖനവും ആഴത്തിലുള്ള പഠനങ്ങളാണ്. പരിസ്ഥിതി പ്രശ്‌നങ്ങളിൽ തന്റെ വ്യക്തമായ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് മാനവികത ഉയർത്തിപ്പിടിക്കാൻ എന്നും ബിനോയ് വിശ്വത്തിനായിട്ടുണ്ട്. വിവിധ വിഷയങ്ങളെപ്പറ്റി നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കലാപഭൂമിയായിരുന്ന നാദാപുരത്ത് ശാന്തി പരത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചതിലൂടെ ബിനോയ് വിശ്വം എടുത്ത നിലപാടുകൾ എക്കാലവും ഓർക്കപ്പെടുന്നതാണ്. ചെറായിയിലേക്ക് വൈദ്യുതി ലൈൻ വലിക്കുന്നതിന് എതിരല്ലെങ്കിലും എന്നാൽ ബദൽ സാധ്യതകൾ ലഭ്യമായിരിക്കെ 200
വർഷത്തോളം പഴക്കമുള്ള ശാന്തി വനത്തിന് നടുവിലൂടെ തന്നെ അത് നടത്തണമെന്ന കെ എസ് ഇ ബി യുടെ വാശി എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം തന്റെ നിലപാട് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
വർഗീയതയ്‌ക്കെതിരെ നടക്കുന്ന എല്ലാ പോരാട്ടത്തിന്റെയും മുന്നണിപ്പോരാളിയാണ് ബിനോയ് വിശ്വം. കമ്മ്യൂണിസ്റ് സമരനായിക കൂത്താട്ടുകുളം മേരിയുടെയും സഖാവ് സി.എസ്. ജോർജിന്റെയും മകളായ ഷൈല ജോർജാണ് ഭാര്യ. രശ്മി, സൂര്യ എന്നിവർ മക്കൾ.