എന്റെ കിനാക്കണ്ടത്തിൽ
ആരും ഒന്നും മിണ്ടില്ല.
തുന്നിക്കൊണ്ടിരിക്കുന്നവൻ
തുന്നിക്കൊണ്ടിരിക്കും.
അരച്ചുകൊണ്ടിരിക്കുന്നവൾ
അരച്ചുകൊണ്ടിരിക്കും.
‘കമാ’ എന്നു രണ്ടക്ഷരം മിണ്ടില്ല
പുഞ്ചിരിക്കും,
പരസ്പരം കാണും,
ആലിംഗനം ചെയ്യും,
കോപനോട്ടം നോക്കും.
സ്ത്രീകൾ വളകളും ചിലങ്കകളും അണിയില്ല,
അവ വൃഥാ ചിലമ്പും.
കുട്ടികൾ ഒപ്പാരിയിടില്ല,
അവർ പഠിച്ചുകൊണ്ടും
വായിച്ചുകൊണ്ടും ഇരിക്കും
മിണ്ടായ്മയുടെ ഉസ്താദ്മാരാണ്
ഞങ്ങളുടെ കുട്ടികൾ
കിളികൾ പറക്കും, ഇരതേടും, ചേക്കയിരിക്കും
പാടാറില്ല,
പൂവാലിപ്പശുവും
പാത്തുമ്മയുടെ ആടും
മേ മേ വെക്കില്ല
യാനപാത്രങ്ങൾ ഗ്രഹങ്ങളെചുറ്റി പറന്നു
കൊണ്ടിരിക്കും,
പുതിയ വാനം, പുതിയ ഭൂമി, പുതിയ സൂര്യൻ പുതിയ
ചന്ദ്രനെ തേടും, അവ
ഇരമ്പാറില്ല.
വണ്ടികൾ ‘പോപ്പോ ‘, കീ ക്കീ ‘വെക്കില്ല, പകരം നിയമങ്ങൾ കൃത്യമായി
പാലിക്കും, മറ്റൊരാൾക്ക്
വഴി കൊടുക്കാൻ എത്ര
നേരം വേണമെങ്കിലും
കാത്തുകിടക്കും.
ഓട്ടുന്നവർ അവരുടെ വാഹനം മാത്രം ശ്രദ്ധിക്കും
അടുത്തിരിക്കും കാതലിയെ പോലും
പരിഗണിക്കാതെ…
എന്റെ സ്വപ്നരാജ്യത്ത്
പോലീസ്വിസിൽ
കേൾക്കാറില്ല.