നവതി ആഘോഷിക്കുന്ന എം ടി വാസുദേവൻ നായർക്കുള്ള ഉപഹാരം
എന്നതിലുപരി മനോരഥങ്ങൾ എന്ന വെബ് സീരീസ് ഒരു മലയാളിയുടെ മുന്നിൽ വെയ്ക്കുന്നതെന്താണ് എന്ന ചിന്ത കൗതുകകരമാണ്.
സാഹിത്യത്തിലും സിനിമയിലും ഒരുപോലെ തന്റെ ഹസ്താക്ഷരം മുദ്രണം ചെയ്ത എഴുത്തുകാരനാണ് എം ടി. 1965 ൽ തന്റെ ആദ്യ തിരക്കഥ സിനിമയായി മാറുമ്പോൾ, മലയാള സിനിമ നാടകീയമായ അവതരണത്തിൽ നിന്ന് പതിയെപ്പതിയെ സിനിമയുടെ യഥാർത്ഥ ഭാഷ്യം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു കാലഘട്ടമായിരുന്നു. അവിടെ എം ടി യുടെ ഇടപെടൽ അവസരോചിതവും, സിനിമ എന്ന മാധ്യമത്തിന് അതിന്റെ കലാപരവും വിപണനപരവുമായ സാധ്യതകൾക്ക് ഒരു കൈത്താങ്ങുമായിരുന്നു. പിന്നീട് മലയാള സിനിമയും എം ടി എന്ന തിരക്കഥാകാരനും വളർന്നു. ആ വളർച്ചയുടെ വേരുകൾ ഡിജിറ്റൽ യുഗത്തിലും പിന്നെ, സിനിമയെ പിന്തള്ളി വന്ന മറ്റൊരു നവീന മാധ്യമമായ വെബ് സീരീസ് വരെയും എത്തിനിൽക്കുന്നത് അധികം കലാകാരന്മാർക്കൊന്നും കയ്യാളാൻ കഴിയാത്ത അദ്ഭുതാവഹമായ ഒരു നേട്ടമാണ്.
വിപണന സിനിമയുടെ വക്താവാണ് എം ടി വാസുദേവൻ നായർ. കുറച്ചു കൂടി ഭേദപ്പെട്ട ഭാഷ ഉപയോഗിച്ച് പറഞ്ഞാൽ മധ്യവർത്തി സിനിമയുടെ അല്ലെങ്കിൽ കലാമൂല്യം അടങ്ങിയ കച്ചവട സിനിമയെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. അദ്ദേഹത്തിൻറെ തിരക്കഥകൾ അഭ്രപാളികളിലെത്തിച്ച സംവിധായകരെല്ലാം തന്നെ ഗാനങ്ങളും നൃത്തരംഗങ്ങളും സംഘട്ടനങ്ങളും പോലെയുള്ള വാണിജ്യ ഘടകങ്ങൾ ആവോളം വിളക്കിച്ചേർത്താണ് അവയെ കാഴ്ചക്കാരന് മുന്നിലെത്തിച്ചത്. മനോരഥങ്ങളിലെ അദ്ധ്യായങ്ങളിലും ഈ വക ചേരുവകളൊക്കെ ദർശിക്കാമെങ്കിലും മുൻകാലങ്ങളിലെ അവതരണങ്ങളെ അപേക്ഷിച്ച് അവയ്ക്ക് യഥാതഥമായി ക്രമീകരിച്ച സ്വാഭാവികത കൈവന്നിരിക്കുന്നതായിക്കാണാം. സാങ്കേതികതയുടെ വളർച്ചയിലുപരി ചലച്ചിത്രകാരന്മാരുടെ മനോഭാവത്തിൽ വന്ന വ്യതിയാനമായിരിക്കാം ഇതിന് കാരണം.
സാങ്കേതികതയെ മാത്രം മുൻനിർത്തി ഇന്നൊരു സിനിമയെ വിലയിരുത്താൻ കഴിയില്ല. മറ്റെല്ലാ മേഖലകളിലുമെന്നപോലെ ശാസ്ത്രപുരോഗതി ചലച്ചിത്രകലയുടെയും പരമോന്നത സാങ്കേതികത്തികവിന് ഹേതുവായിത്തീർന്നിരിക്കുന്നു. ഇന്ന് ലോകത്തിലെ ഏത് രാജ്യത്തിൽ നിർമിക്കുന്ന സിനിമയും സാങ്കേതികമായി ഔന്നത്യം പുലർത്തുന്നു. അതിന്റെ അടിസ്ഥാനം മൂലധനമാണ്. നിർമ്മാണച്ചെലവ് എത്ര വർധിക്കുന്നുവോ അത്രത്തോളം സാങ്കേതിക മേന്മ കയ്യാളാൻ കഴിയും എന്ന അവസ്ഥയാണിന്ന്. അത് മൂലം പ്രേക്ഷകൻ ഇപ്പോൾ പ്രധാന നടനെയോ സംവിധായകനെയോ ഒന്നുമല്ല സിനിമയുടെ പ്രമേയത്തിനാണ് പ്രാധാന്യം കൽപ്പിക്കുന്നത്. അവിടെയാണ് എം ടി വാസുദേവൻ നായരെപ്പോലെയുള്ള സാഹിത്യത്തിന്റെ അടിത്തറയുള്ള തിരക്കഥാകാരന്മാരുടെ മൂല്യം.
പക്ഷെ നിർഭാഗ്യവശാൽ മലയാളത്തിൽ ഇന്ന് അത്തരത്തിലുള്ള എഴുത്തുകാരുടെ അഭാവം ചലച്ചിത്രമേഖലയ്ക്ക് വലിയൊരു കോട്ടം സംഭവിക്കുന്നതിൽ കാരണമായിത്തീർന്നിട്ടുണ്ട്.അതിനെ മറികടക്കാനുള്ള ഒരു അബോധപൂർണമായ പരിശ്രമമായിപ്പോലും മനോരഥങ്ങളെ കാണുന്നതിൽ തെറ്റില്ല.
എം ടി യുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട എല്ലാ ചിത്രങ്ങളുടെയും പശ്ചാത്തലം 1960-70 കാലഘട്ടമാണ്. അക്കാരണത്താൽ പഴമയിലേക്കൊരു തിരിഞ്ഞുനോട്ടം സ്വാഭാവികമായി കാഴ്ചക്കാർ അനുഭവിക്കുന്നുണ്ട്. മനുഷ്യൻ ഇന്ന് അഭിമുഖീകരിക്കുന്ന സമസ്യകളുമായി അന്നത്തെ ജീവിതാവസ്ഥകളെ താരതമ്യം ചെയ്യാൻ കാഴ്ചക്കാർക്ക് ഒരവസരവും ഇതുവഴി ലഭിക്കുന്നു. എഴുത്തുകാരന് അർപ്പിക്കുന്ന ഉപഹാരമായതിനാലും ഒരു പരമ്പരയുടെ ഭാഗമായി നിലകൊള്ളുന്നതിനാലും കഥകൾക്ക് ദൃശ്യഭാഷ്യം ചമയ്ക്കുന്ന ചലച്ചിത്രകാരമാർക്ക് പരിമിതികളുണ്ട്. ആ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടവർ തരക്കേടില്ലാത്ത വിധം തങ്ങളുടെ കർത്തവ്യം നിറവേറ്റി എന്നുതന്നെ പറയാം.
ഓളവും തീരവും പിന്നെ സ്വർഗ്ഗവാതിൽ തുറക്കുന്ന സമയവും കുറെ മാറ്റങ്ങൾ വരുത്തി സ്വയം എം ടി തന്നെ ദൃശ്യഭാഷ ഒരുക്കിയിട്ടുള്ളതുമാണ്. പക്ഷെ അവയെ റെഫറൻസുകളാക്കാതെ സ്വന്തം ശൈലിയിൽത്തന്നെ പ്രിയദർശനും ജയരാജുമൊക്കെ സ്വതന്ത്രരാവാൻ ശ്രമിക്കുന്നതായിക്കാണാം.
ഓളവും തീരവും, വിൽപന, ഷെർലക് എന്നീ അദ്ധ്യായങ്ങളൊഴികെ ക്ഷയിച്ചുനിൽക്കുന്ന ഒരു പഴയ വലിയ വീട്, അല്ലെങ്കിൽ തറവാട് ഒരു എം ടി എന്ന സാഹിത്യകാരനെയും അദ്ദേഹത്തിന്റെ ബാല്യ-കൗമാരങ്ങളേയും പ്രതിനിധീകരിച്ച് നില കൊള്ളുന്നുണ്ട്. അവയിൽ കഡുഗന്നവ, കാഴ്ച്ച, ശിലാലിഖിതം പോലെയുള്ള അധ്യായങ്ങൾ അവ എഴുതപ്പെട്ട കാലഘട്ടത്തിലെന്ന പോലെ ഇന്നും പ്രാധാന്യമർഹിക്കുന്നവയായി അനുഭവപ്പെടുന്നുണ്ട്. പുരോഗമന ചിന്തകളുള്ള ഒരു ആധുനിക മനുഷ്യനെ സൃഷ്ടിക്കാനുള്ള എഴുത്തുകാരന്റെ ശ്രമത്തെ ഉൾക്കൊണ്ട് അതിന്റെ തീവ്രത തുളുമ്പിപ്പോകാത്ത വിധം സംവിധായകർ അവതരിപ്പിച്ചിരിക്കുന്നതായിക്കാണാം.
ബന്ധങ്ങൾ തന്നെയാണ് ഒൻപത് കഥകളുടെയും ആധാരം. പഴയ തലമുറയ്ക്ക് എന്തൊക്കെയോ ചിലത് അയവിറക്കാനും നവാഗതർക്ക് എന്തൊക്കെയോ ചിലത് ഉൾക്കൊള്ളാനുമുള്ള വാതിലുകൾ തുറന്നിടുന്നുണ്ട് ഈ പുനർവായനകൾ. ശരി തെറ്റുകളുടെ കടങ്കഥകൾ തേടിപ്പോവുന്ന ഒരെഴുത്തുകാരനേയല്ല എം ടി വാസുദേവൻ നായർ. അക്ഷരങ്ങൾ കൊണ്ട് ബന്ധങ്ങളെ കോർത്തിണക്കുമ്പോൾ മനുഷ്യന്റെ അടിസ്ഥാനപരമായ ചോദനകളെയാണ് അദ്ദേഹം കാണാൻ ശ്രമിക്കുന്നത്. ജീർണിച്ച, പഴമയുടെ നാറ്റമു ള്ള തറവാടുകളിൽ നിന്ന് രക്ഷ നേടി നഗരത്തിന്റെ തുറസ്സുകളിലേക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ നോട്ടം. ബാല്യ-കൗമാരങ്ങളുടെ അലോസരപ്പെടുത്തുന്ന ഓർമ്മകളിൽ നിന്ന് പോലും അവർ ഒളിച്ചോടുന്നു.
പഴയ വീട് വിറ്റ്തുലച്ച് തന്റെ വേരുകൾ മുഴുവൻ അടർത്തിയെടുത്ത് തുറസായ ഒരിടത്തേക്ക് പറിച്ചു നടാൻ ആഗ്രഹിക്കുന്നവരാണ് ശിലാലിഖിതത്തിലെ ഗോപനെപ്പോലെയുള്ളവർ. പക്ഷേ, അയാളിൽ നിന്ന് നഷ്ടപെട്ടുപോകുന്ന മാനവികത, നഗരത്തിന്റെ കോലാഹലത്തിൽ പിറന്ന് വീണ അയാളുടെ മകളിൽ നാം കാണുന്നു. അൻപത് വർഷങ്ങൾക്ക് മുൻപുള്ള സ്ത്രീമനസുകളിലൂടെ സഞ്ചരിക്കുന്നു കാഴ്ച്ചയും വിൽപ്പനയും. ഈ കഥകളിലെ സ്ത്രീകളെക്കാണുമ്പോൾ നമ്മൾ തെല്ലൊരസ്വസ്ഥതയോടെ തിരിച്ചറിയുന്ന ഒരു യാഥാർഥ്യമുണ്ട്. അൻപത് കൊല്ലങ്ങൾക്ക് മുൻപ് ഒരു സ്ത്രീ അനുഭവിച്ചിരുന്ന അവസ്ഥകളിൽ നിന്നും ഏറെയൊന്നും അവൾ മോചിതയായിട്ടില്ല എന്ന സത്യം. ഒരു പുരുഷന്റെ ഭാര്യയാവേണ്ടി വന്നപ്പോൾ സംഭവിക്കുന്ന ജീവിതാവസ്ഥകളാണ് രണ്ട് ചിത്രങ്ങളുടെയും വിഷയം. അതിലെ കേന്ദ്ര സ്ത്രീ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ജീവിത സാഹചര്യങ്ങളിൽ നിന്നും അത്രയൊന്നും മുന്നോട്ട് പോയിട്ടില്ല ഇന്നത്തെ സ്ത്രീ എന്ന് കാണാം.
ഇന്നലെകളിലേക്കൊരു ദൃശ്യയാത്രയാണ് മനോരഥങ്ങൾ. ബന്ധങ്ങളുടെ ഒരു ശകടത്തിലേറി ഒരു ലളിതസുന്ദരമായ യാത്ര. ഇടയ്ക്കൊക്കെ ആ ശകടം കുണ്ടുകുഴികളിൽ വീഴുന്നു. വീണ്ടും സഞ്ചാരം തുടരുന്നു. ചിന്തകളിൽ തീപ്പൊരി വാരിവിതറുന്ന എം ടിയുടെ രചനാവൈഭവത്തിന്റെ ഒരു പരിച്ഛേദം. ഓരോ എപ്പിസോഡുകളുടെയും തുടക്കത്തിലെ കമലഹാസന്റെ അവതരണമൊക്കെ ഒഴിവാക്കാമായിരുന്നുവെന്ന് തോന്നി. എല്ലാ അധ്യായങ്ങളും കൂടിചേർത്ത് ഒരു തുടക്കത്തിൽ മാത്രം ഒരവതരണം മതിയായിരുന്നു.
മൊബൈൽ: 9420324498