വസ്തുനിഷ്ഠമായ ദൃഷ്ടിയിൽ ആർക്കുമറിയാം, ഏഷ്യാവൻകരയിൽ ഇന്ത്യയുടെ യഥാർത്ഥ പ്രതിയോഗി ചൈനയാണെന്ന്. എന്താണ് ഇന്ത്യയുടെ ചീനാനയം? ജവഹർലാൽ നെഹ്‌റു തൊട്ട് മൻമോഹൻ വരെ കോൺഗ്രസ് നേതൃത്വങ്ങൾക്കു കീഴിൽ ടി നയം സദാ അഴകൊഴമ്പനായിരുന്നു. ഉന്നത ബ്യൂറോക്രസിയുടെ വ്യവസ്ഥാപിത കാഴ്ചപ്പാട് തൊണ്ട തൊടാതെ വിഴുങ്ങുന്ന രാഷ്ട്രീയ നേതൃത്വമാണ് ഈ പരുവത്തിൽത്തന്നെ കാര്യങ്ങൾ നിലനിർത്തിയത്. ബിജെപി സംഘത്തിന്റെ വരവിൽ സമീപനം മാറിമറിയുമെന്നായിരുന്നല്ലോ പ്രചരണം. എന്നിട്ടുണ്ടായതോ? ദില്ലിക്കു പകരം അഹമ്മദാബാദിൽ ചൈനീസ് തലവന് മോദി ചുവന്ന പരവതാനി വിരിച്ചു; രണ്ടാളും ചേർന്ന് ഊഞ്ഞാലാടി, പടം പിടിച്ചു. സൽക്കാരത്തിന്റെ സൊറച്ചൂട് തീരുംമുമ്പേ അതിർത്തിയിൽ ചെമ്പട കുന്നായ്മ കാട്ടി. വീരശൂര ഭാരത് മാതാ പതിവുപോലെ കുന്തളിച്ചിരുന്നു.
കോൺഗ്രസിന് 60 കൊല്ലം കൊടുത്തു, രാജ്യത്തെ അവർ അലമ്പാക്കി. എനിക്ക് 60 മാസം തരൂ, എല്ലാം ശരിപ്പെടുത്തിത്തരാം. 2014-ൽ അതാണ് നരേന്ദ്ര മോദി ഇന്ത്യൻ ജനതയോട് ആവശ്യപ്പെട്ടത്. 69% പേർ ആവശ്യം നിരാകരിച്ചു. 31% പേർ സമ്മതിച്ചു. എങ്കിലും മോദിക്ക് അധികാരം കിട്ടി – ബൈ ഡിേഫാൾട്ട്. എന്നിട്ടോ?
ഇപ്പറഞ്ഞ 60 മാസം കൊണ്ട്, മുമ്പത്തെ 60 കൊല്ലം കൊണ്ട് പടുത്തുയർത്തിയ ദേശീയസ്ഥാപനങ്ങൾ മിക്കതും അലമ്പാക്കിയെടുത്തു – പാർലമെന്റ്, പല നിയമസഭകൾ, ആസൂത്രണ കമ്മിഷൻ, റിസർവ് ബാങ്ക്, ചരിത്ര കൗൺസിൽ, കേന്ദ്ര സർവകലാശാലകൾ, യു ജി സി, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, എൻ സി ഇ ആർ റ്റി, ഇലക്ഷൻ കമ്മിഷൻ…. അതങ്ങനെ നീളുന്നു. പടുത്തുയർത്തിയത് ഒന്നേ ഒന്നു മാത്രം – ലോകത്തെ ഏറ്റവും വലിയ പ്രതിമ.
നർമദാതീരത്തെ പട്ടേൽ പ്രതിമ. അതുതന്നെ യഥാർത്ഥത്തിൽ പടുത്തത് ചീനക്കാർ. മെയ്ക് ഇൻ ഇന്ത്യ എന്നു പരിഭാഷ. ഈ വിരോധാഭാസത്തിലുണ്ട് കാര്യങ്ങളുടെ മർമം. മെയ്ക് ഇൻ ഇന്ത്യ ഒരു മുദ്രാവാക്യമാണ്. മുദ്രാവാക്യങ്ങൾ പ്രചരണോപാധികളാണ്. പ്രചരണോദ്ദേശ്യം സാധിക്കുന്നതോടെ മുദ്രാവാക്യം ആക്രിയാവുന്നു. മൂവർണപ്രാസത്തിൽ മുദ്രാവാക്യം വാറ്റാൻ ബിജെപി കഴിഞ്ഞേ ആരുമുള്ളൂ. ഈ വാറ്റിന്റെ അതിപ്രസരമാണ് മോദിയുടെ മൈതാനപ്രസംഗം നിറയെ. ആ കളി ഇപ്പോഴും തുടരുന്നു – കേട്ടില്ലേ, ‘വൺ േനഷൻ, വൺ ഇലക്ഷൻ’? മോദി ഒരു പ്രചാരകൻ മാത്രമാണ് – സംഘ് പ്രചാരക്. 45 കൊല്ലമായി അറിയാവുന്നതും എടുത്തിട്ടുള്ളതുമായ ഏക പണിയാണത്. ഇപ്പറയുന്ന ‘സംഘ്’ തന്നെ ഒരു പ്രചാരണ കൂട്ടായ്മയാണ്. 1924-ൽ സംഗതി സ്ഥാപിച്ചത് ഹിന്ദുത്വ പ്രചരണം എന്ന ഏകമാത്ര അജണ്ടയ്ക്കു മേലാണ്. ഹിന്ദുത്വ പ്രത്യയശാസ്ര്തം വച്ച് ഒരു രാഷ്ട്രം നിർമിക്കുകയാണ് ലക്ഷ്യം. അതിനുള്ള മാർഗം ഈ പ്രചരണത്തിലൂടെ ഹിന്ദുമതവിശ്വാസികളുടെ സമന്വയമുണ്ടാക്കൽ.
അജണ്ടയും പ്രചരണവുെമാക്കെ അതിലുണ്ട്. കാതലായ ആ സാന്നിധ്യം പക്ഷെ സുവ്യക്തമായ ഒരു രാഷ്ട്രീയപദ്ധതിയാണ്. ഇമ്മാതിരി വലതുപക്ഷകക്ഷികൾക്ക് എല്ലാ രാഷ്ട്രങ്ങളിലും രാഷ്ട്രീയ പദ്ധതികളുണ്ട്. അവയ്ക്ക് ഭേദഗതികൾ ഉണ്ടാകുമെന്നു മാത്രം. എന്നാൽ ഇന്ത്യൻ വലതുപക്ഷത്തിന് 95 കൊല്ലമായി ഒരു പദ്ധതിരൂപമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഉള്ളതത്രയും പ്രചരണാജണ്ടകളും അവയ്ക്കുമേലുള്ള മുദ്രാവാക്യങ്ങളുമാണ്. പ്രചരണാജണ്ടയും രാഷ്ട്രീയപദ്ധതിയും രണ്ടും രണ്ടാണെന്ന യാഥാർത്ഥ്യം പൗരാവലി വേണ്ടത്ര തിരിച്ചറിയുന്നില്ല എന്നതാണ് ഫലിതം. ഉദാഹരണമായി രാമജന്മഭൂമിപ്രശ്‌നം. ഭൂരിപക്ഷമതത്തിന്റെ ആൾസമന്വയത്തിനും അതുവഴി പൗരവിഭജനത്തിനും വേണ്ടി ആവിഷ്‌കരിച്ച അജണ്ട. അത് ‘ലക്ഷ്യം’ നേടുക, പള്ളി നിന്ന സ്ഥലത്ത് അമ്പലം വരുമ്പോഴാണ്. ഈ ലക്ഷ്യം സദാ ധ്വനിപ്പിക്കുന്ന പ്രചരണം അന്തരീക്ഷത്തിൽ നിലനിർത്തുമ്പോൾ പൗരാവലിയിൽ മേല്പറഞ്ഞ വിഭജനം മാനസികമായി ഉരുത്തിരിയുന്നു. കാലാകാലം അത് വോട്ടുരാഷ്ട്രീയത്തിൽ വസൂലാക്കിക്കൊണ്ടിരിക്കാം എന്നതിനപ്പുറം രാമജന്മഭൂമിക്ക് രാഷ്ട്രനിർമിതിയിലോ ജനായത്ത പ്രക്രിയയിലോ പ്രസക്തിയൊന്നുമില്ല. അതൊരു പ്രചരണം മാത്രമാണ്. ഇനി ലക്ഷ്യം സാധിച്ചെന്നു വയ്ക്കുക. അതോടെ അജണ്ടയും പ്രചരണവും സ്വാഭാവിക അന്ത്യം വരിക്കും. മാനസിക വിഭജനത്തിന്റെ ടെംപോ ഇല്ലാതാവും. അതുകൊണ്ട്, ഇറുക്കമുള്ള ഒരു പ്രതിസന്ധി നിലനിർത്തി പ്രചരണത്തിന് സജീവത സൂക്ഷിക്കുകയാണ് ഉദ്ദേശ്യം. കാരണം, അടിസ്ഥാനപരമായി രാമക്ഷേത്രത്തിന്റെ അത്യാവശ്യകത ആർക്കുമില്ല. ഇതാണ് ഏത് വ്യാജനിർമിതിക്കുമുള്ള സ്വാഭാവിക വിധി. അതൊക്കെ പ്രചരണത്തിനു വേണ്ടി കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന അജണ്ടകൾ മാത്രമാണ്; മറ്റെന്തെങ്കിലും ലക്ഷ്യത്തിനു വേണ്ടിയുള്ള പദ്ധതികളല്ല.
പദ്ധതി എന്നു പറയുമ്പോൾ, ആദ്യം അതിനെ അനിവാര്യമാക്കുന്ന ഒരാവശ്യ പരിസരം വേണം. അതിന്മേൽ മൂർത്തമായ വിഭാവന വേണം. അതുപ്രകാരം മൂർത്തമായിത്തന്നെ അധ്വാനമെടുക്കണം – കമ്പോടു കമ്പു വച്ചുള്ള കണിശമായ തച്ച്. അതിനിടയിലുണ്ടാകുന്ന തടസ്സങ്ങൾ, പ്രതിസന്ധികൾ, പാർശ്വഫലങ്ങൾ ഇത്യാദി മുൻകൂട്ടി കണ്ടുള്ള പോംവഴികൾ ആസൂത്രണം ചെയ്യണം. അതിലൊക്കെ കാലികത്വവും ദീർഘകാലികത്വവും ഉൾക്കൊണ്ടിരിക്കണം. സർവോപരി, ക്രിയാത്മക ഭേദഗതികൾക്കുള്ള ഇടവും വഴക്കവും ഉൾച്ചേർത്തിരിക്കണം. ഇതെല്ലാം സ്ഥലകാലങ്ങളിൽ മുന്നോട്ടുള്ള ചലിക്കുക, ചലിപ്പിക്കുക എന്ന ആത്യന്തികലക്ഷ്യത്തിന്മേലുള്ള പണിയെടുപ്പാണ്; പിൻകാലു വയ്ക്കുക എന്ന പ്രതിലോമപരത രാഷ്ട്രീയപദ്ധതികളുടെ നിഘണ്ടുവിലില്ല. ഉദാഹരണമായി, ഇന്ത്യൻ ഇടതുപക്ഷ പദ്ധതി. ദേശീയ ബൂർഷ്വാസിയെ വളരാൻ അനുവദിക്കുകയും ഒടുവിൽ അന്താരാഷ്ട്ര ബൂർഷ്വാസിയുമായി അവർ സംഘർഷത്തിലാവുകയും ചെയ്യുമ്പോൾ വിപ്ലവ പ്രസ്ഥാനക്കാരോട് സന്ധി ചെയ്യാൻ അവരെ നിർബന്ധിതരാക്കുക. ഈ സമരസംഘർഷങ്ങൾക്ക് പാർലമെന്ററി ജനാധിപത്യത്തെ തത്കാലം വസൂലാക്കുക. വർഗസമരം വിജയിപ്പിച്ച് വിപ്ലവം നടത്തുന്ന കലാപരിപാടിയിലെ ഈ ഇന്ത്യൻ രീതി നടപ്പാക്കുമോ ഇല്ലയോ എന്നതു പോട്ടെ. കുറഞ്ഞപക്ഷം ഇതിലൊരു രാഷ്ട്രീയ പദ്ധതിയുണ്ട്, ഘടനയും തത്വവും പ്രയോഗവും വിഭാവനയുമെല്ലാം ചേർന്ന ഒന്ന്. അതിൻപ്രകാരമുള്ള പരിപാടികളും നയങ്ങളും യഥാകാലം അവലംബിക്കാം, തിരുത്തുകൾ വരുത്താം, വിമർശവും ആത്മവിമർശവും നടത്താം.
ഇങ്ങനെയൊക്കെത്തന്നെയാണ് ഏതിനം രാഷ്ട്രീയ പദ്ധതികളുടെയും ഉയിരും പ്രവർത്തനവും. ഇന്ത്യൻ വലതുപക്ഷ പദ്ധതിേയാ? സംഘപരിവാരത്തിന്റെ കയ്യിൽ ഇന്ത്യൻ വലതു പദ്ധതി ഒരു വിരിയാമുട്ടയാണ്. കാരണം, അവർക്കൊരു പദ്ധതിരൂപമില്ല. സദാപ്രചാരണമോഡിലുള്ള ഒരു സന്ദിഗ്ദ്ധസംഘമാണത്. ഈ മോഡിന് ഉപയുക്തമായ കാൻവാസാണ് പൊതുതിരഞ്ഞെടുപ്പ്. പഞ്ചായത്തിലായാലും പാർലമെന്റിലായാലും വോട്ടു തേടുന്നത് പ്രചരണം വഴിക്കാണല്ലോ. ആ വേളയിൽ നടക്കുന്നത് കക്ഷികൾ തമ്മിലുള്ള പ്രചരണ മത്സരമാണ്. പ്രകടന പ്രതിക എന്നത് വോട്ടുകാലത്തേയ്ക്കായി മാത്രമുള്ള ഒരു സൂത്രപ്പണിയാണെന്ന് ഗഡ്കരി മുതൽ ശ്രീധരൻപിള്ള വരെ ഒരേ നാവിൽ പറഞ്ഞതോ ർക്കുക. ബിജെപിയെ സംബന്ധിച്ച് ഇത് അക്ഷരാർത്ഥത്തിലുള്ള
ശരിയാണ്. ‘വിഷൻ ഡോക്കുമെന്റ്’ എന്ന പേരിൽ ഓരോ തിരഞ്ഞെടുപ്പുവേളയിലും ഓരോരോ മായക്കണ്ണാടികൾ അവതരിപ്പിക്കുകയാണ് സ്ഥിരം പംക്തി. വ്യക്തമായ ഗൃഹപാഠം ചെയ്തുണ്ടാക്കിയ മൂർത്തപദ്ധതികൾക്കു പകരം പൊള്ളയായ വാഗ്‌ധോരണികൾ നിറച്ച പ്രലോഭന കടലാസു മാത്രമാണ് അവർക്ക് പ്രകടനപത്രിക. അതിൽ അത്ഭുതമില്ല. ഭരണത്തിൽ നടപ്പാക്കാനുള്ളതല്ല തിരഞ്ഞെടുപ്പിലെ പ്രചരണമത്സരത്തിൽ ജയം നേടാൻ മാത്രമുള്ള ചിമുട്ടുവേല മാത്രമാണത്. ഇതുതന്നെയാണ് ഇന്ത്യൻ വലതുപക്ഷത്തിന്റെ എല്ലാത്തരം പ്രചരണങ്ങളുടെയും പ്രകൃതം.
ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് എടുക്കുക. പുൽവാമ ആ്രകമണവും ബാൽകോട്ട് പ്രത്യാക്രമണവുമായിരുന്നല്ലോ ബിജെപിയുടെ കേന്ദ്രപ്രചരണബിന്ദു. ഇവ രണ്ടും വൈകാരിക ദേശീയതയുടെ വിജൃംഭണമുണ്ടാക്കാനുള്ള ഉപായങ്ങളായിരുന്നു. രാഷ്ട്രം ആക്രമണഭീഷണിയിലാണ്, ആൺവീര്യമുള്ള നേതാവിനെ തിരഞ്ഞെടുക്കുക, ബാക്കിയെല്ലാം മറക്കുക – ആ വഴിക്കാണ് പ്രചരണം. ഇതിൽ ഒരു പദ്ധതിയുടെ ലാഞ്ചനയെങ്കിലുമുണ്ടോ? ദേശത്തിനുള്ള ഭീഷണി ഇല്ലാതാക്കാൻ പറ്റിയ മൂർത്തമായ ഒരു പോംവഴിയും എവിടെയും കല്പിച്ചുകണ്ടില്ല. അയൽബന്ധങ്ങളുടെ കാര്യത്തിൽപ്പോലുമില്ല, വസ്തുനിഷ്ഠമായ ഒരു നയപദ്ധതി. പുൽവാമകൾ ആവർത്തിക്കപ്പെടില്ലെന്ന് പേരിനെങ്കിലും ഉറപ്പുതരുന്ന ഒരു പരിഹാരശ്രമം പോലും മുന്നോട്ടുവച്ചിട്ടില്ല. പുൽവാമ ആവർത്തിച്ചാൽ ബാൽകോട്ടും ആവർത്തിക്കും എന്ന ബഡായിക്കു മേലുള്ള പ്രചരണമാണ് കൊണ്ടുപിടിച്ചുനടന്നത്.
ഇത് വെറും ബഡായി മാത്രമാണെന്ന് തിരഞ്ഞെടുപ്പിനു ശേഷം പൗരാവലി കാണുന്നു. ആക്രമണങ്ങൾക്ക് പഞ്ഞമൊന്നുമില്ല. പ്രത്യാക്രമണം മോദി നടിച്ചപോലെ എളുപ്പത്തിൽ നടക്കില്ലെന്നതു മാത്രമല്ല തിരിച്ചറിയെപ്പടുന്നത്. കൊട്ടിഘോഷിച്ച ബാൽകോട്ട് വെടി കൊണ്ട് ശത്രുവിന്റെ മനോഭാവത്തിലോ നടപടികളിലോ കാലിഞ്ചു മാറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നതുമാണ്. ഇതാണ് പദ്ധതിരഹിത പ്രചരണങ്ങളുടെ വിധി. കുറഞ്ഞപക്ഷം, ഇന്ത്യയുടെ വിദേശനയത്തിൽ കാലികമായ പരിവർത്തനം വരുത്താൻ പോലും പുൽവാമ എപ്പിസോഡിനെ ബിജെപി ഭരണകൂടം ഉപയോഗപ്പെടുത്തിയില്ല. ഈ പാപ്പരത്തമാണ് വീരസ്യങ്ങളിലൂടെ മറച്ചുവയ്ക്കപ്പെടുന്നത്.
വസ്തുനിഷ്ഠമായ ദൃഷ്ടിയിൽ ആർക്കുമറിയാം, ഏഷ്യാവൻകരയിൽ ഇന്ത്യയുടെ യഥാർത്ഥ പ്രതിയോഗി ചൈനയാണെന്ന്. എന്താണ് ഇന്ത്യയുടെ ചീനാനയം? ജവഹർലാൽ നെഹ്‌റു തൊട്ട് മൻമോഹൻ വരെ കോൺഗ്രസ് നേതൃത്വങ്ങൾക്കു കീഴിൽ ടി നയം സദാ അഴകൊഴമ്പനായിരുന്നു. ഉന്നത ബ്യൂറോക്രസിയുടെ വ്യവസ്ഥാപിത കാഴ്ചപ്പാട് തൊണ്ട തൊടാതെ വിഴുങ്ങുന്ന രാഷ്ട്രീയ നേതൃത്വമാണ് ഈ പരുവത്തിൽത്തന്നെ കാര്യങ്ങൾ നിലനിർത്തിയത്. ബിജെപി സംഘത്തിന്റെ വരവിൽ സമീപനം മാറിമറിയുമെന്നായിരുന്നല്ലോ പ്രചരണം. എന്നിട്ടുണ്ടായതോ? ദില്ലിക്കു പകരം അഹമ്മദാബാദിൽ ചൈനീസ് തലവന് മോദി ചുവന്ന പരവതാനി വിരിച്ചു; രണ്ടാളും ചേർന്ന് ഊഞ്ഞാലാടി, പടം പിടിച്ചു. സൽക്കാരത്തിന്റെ സൊറച്ചൂട് തീരുംമുമ്പേ അതിർത്തിയിൽ ചെമ്പട കുന്നായ്മ കാട്ടി. വീരശൂര ഭാരത് മാതാ പതിവുപോലെ കുന്തളിച്ചിരുന്നു.
കോൺഗ്രസ് ഭരണകാലത്ത് കുറഞ്ഞപക്ഷം ഒരു ബാലിശ പദ്ധതിയെങ്കിലുമുണ്ടായിരുന്നു, വിദേശനയം എന്ന ലേബലിൽ. ഫോട്ടോ-ഓപ് പ്രചരണം മാത്രമുള്ള മോദിസംഘത്തിന്റെ കയ്യിൽ അത് പദ്ധതിരാഹിത്യത്തിന്റെ നൃശൂന്യതയായി വികസിച്ചു. രാജ്യചരിത്രത്തിൽ ഏറ്റവും കൂടുതൽ വിദേശ ടൂറടിച്ച പ്രധാനമന്ത്രിയുടേത് ഒരൊറ്റ രാഷ്ട്രവുമായും മൂർത്ത പ്രായോഗികതയുള്ള ബന്ധം സ്ഥാപിക്കാനായില്ല എന്ന ദാരുണമായ നീക്കിയിരിപ്പാണ്. ഇതാണ് നയപരിപാടികളിൽ പദ്ധതിസൂക്ഷ്മതയില്ലാത്ത പ്രചാരവേലക്കാർക്കു പറഞ്ഞിട്ടുള്ള തലേലെഴുത്ത് – ആശയശൂന്യത. ആഭ്യന്തരമായി ഈ 24×7 പ്രചരണപ്പണിക്കന്മാരെ ചുമക്കേണ്ടിവരുമ്പോഴാണ് പൗരാവലിയുടെ ഗതികേട് സങ്കീർണമാവുക.2014-ൽ പ്രചരണമാമാങ്കത്തോടെ അധികാരത്തിലേറിയ പാടേ കേന്ദ്ര ആസൂത്രണ കമ്മിഷൻ പൊളിച്ചടുക്കി. നീതി ആയോഗ്എന്ന ഉഡായിപ്പിനെ പകരം വച്ചു. വ്യക്തമായ കണക്കും വിഭാവനാ ഗണനയുമുള്ള ദേശീയ സ്ഥാപനമായിരുന്നു ആസൂത്രണ കമ്മിഷൻ. അതിന്റെ ആസൂത്രണ പ്രത്യയശാസ്ര്തത്തോട് യോജിക്കാം, വിയോജിക്കാം. പകരം വച്ച ഉരുപ്പടിക്കോ?
സർവം ‘ദർശന’മയമാണ്. കണക്കിന്റെ അടിസ്ഥാനമില്ലാതെ,ധനതത്വ വിഭാവന ഭൗതികസാധ്യമല്ല. നമ്മുടെ പുതിയ ‘ദർശന’ സംഘത്തിനാകട്ടെ സാമ്പത്തിക സർവെ എന്നത് മൊത്തത്തിൽ ഊഹാപോഹമാണ്. കണക്ക് എന്നു പറഞ്ഞാൽ, തങ്ങളുടെ സൗകര്യാർത്ഥം മാറ്റിമറിക്കാൻ വേണ്ട കുറെ അക്കങ്ങൾ മാത്രമാണ്. ആഭ്യന്തര മൊത്ത ഉല്പാദനം ദർശനക്കടലാസിൽ െമച്ചപ്പെടുത്താൻ പറ്റിയ വിധത്തിൽ അക്കങ്ങൾ ക്രമീകരിക്കുകയായി. അങ്ങനെ ഇന്ത്യൻ മണ്ണിലില്ലാത്ത ഉല്പാദനം ദർശനാകാശത്ത് ഒറ്റയടിക്ക് ഉദിക്കുന്നു. 2014-19 കാലയളവിൽ നീതി ആയോഗ് അവതരിപ്പിച്ച ഒരൊറ്റ വിഭാവനയും നിലംതൊട്ടിെല്ലന്നോർക്കണം.
കാരണം, അതത്രയും മനോരാജ്യങ്ങളായിരുന്നു. ഈ ദിവാസ്വപ്നലീലയ്ക്കു വേണ്ടി മുൻകമ്മിഷന്റെ പല പദ്ധതിയും റദ്ദാക്കി; ശേഷിച്ചവ പേരു മാറ്റി സ്വന്തമെന്ന മട്ടിൽ തള്ളിവിട്ടു. റദ്ദാക്കാത്ത വപോലും വ്യക്തമായ ഗണനയും വിഹിതകല്പനയുമില്ലാത്ത വകയിൽ ത്രിശങ്കുവിലായി. റിസർവ് ബാങ്കായിരുന്നു അടുത്ത ഇര. നോട്ടുനിരോധനം എന്ന ഭൂലോക മണ്ടത്തരം ധന മാനേജ്‌മെന്റിന്റെ ഈ അച്ചുതണ്ടു സ്ഥാപനം അറിയാതെ സമാന്തരമായി നിശ്ചയിക്കുന്നു. കേന്ദ്ര ധനവകുപ്പിലെ ഏതാനും ഉദ്യോഗസ്ഥ ശിങ്കിടികളുടെ പിൻബലത്തിൽ അരുൺ ജയ്റ്റ്‌ലി എന്ന മോദിശിങ്കിടി ആവിഷ്‌കരിച്ച വെടിക്കെട്ട്. ധനതത്വത്തിൽ ഇത്രകണ്ട് അജ്ഞതയുള്ള ഒരു ധനമന്ത്രി ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് മേൽത്തരം വക്കീലായ ജയ്റ്റ്‌ലി കുറഞ്ഞ കാലം കൊണ്ട് തെളിയിച്ചുകാട്ടി. സമാന അജ്ഞതയെ അലങ്കാരമാക്കിയ നമ്മുടെ പാലാ കുഞ്ഞുമാണിച്ചൻ പോലും കാര്യത്തോടടുക്കുമ്പോൾ ഉദ്യോഗസ്ഥരുടെ പദ്ധതിബുദ്ധിയെ ആശ്രയിച്ചിരുന്നു. ജയ്റ്റ്‌ലി പക്ഷെ സംഘ് പ്രചരണത്തിന്റെ വിശ്വസ്തശിങ്കിടിയായിക്കൊടുത്തു.
അതിലുമില്ല അത്ഭുതം. പൂമാല കോർക്കുന്ന പണി കുരങ്ങന് അറിേയണ്ട കാര്യമില്ല. കള്ളപ്പണം തുടച്ചുമാറ്റും, കള്ളനോട്ടിന്റെ പിൻബലത്തിൽ നടമാടുന്ന ഭീകര പ്രവർത്തനത്തിന്റെ ഹബ്ബിളക്കും, കാശുരഹിത സമ്പദ് വ്യവസ്ഥയിലേക്ക് ചാടിക്കയറും… തരംപോലെ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരുന്നു. രാജ്യത്തിനു വേണ്ടി 50 ദിവസത്തെ സഹനം ജനതയോട് യാചിച്ച് കണ്ണീർഭാവാഭിനയം വരെ നടത്തി പ്രധാനമന്ത്രി ഈ പ്രചരണത്തിന് വർണശബളിമയുമേകി. ഒടുവിലെന്തായി? റദ്ദാക്കിയ നോട്ടുകളിൽ 97 ശതമാനവും ബാങ്കിലെത്തി, കള്ളപ്പണത്തിന്റെ വീരവാണി ഗോപി വരച്ചു. എൺപതുകൾക്കു ശേഷമുള്ള ഏറ്റവും ദീർഘിച്ച ഭീകരാക്രമണങ്ങളുടെ അക്കല്ദാമയായി വടക്കു പടിഞ്ഞാറൻ മേഖല, കള്ളനോട്ടുകഥ ആവിയായി. കാർഡ് സൈ്വപ്പിംഗും ഇലക്‌ട്രോണിക് ട്രാൻസ്ഫറും പഴയപടി മധ്യവർഗ കലാപരിപാടിയായി ഒതുങ്ങി. 80% വരുന്ന അസംഘടിത തൊഴിൽമേഖല അലമ്പായിക്കിട്ടി. സമ്പദ്ഘടനയിലെ സർജിക്കൽ സ്‌െട്രെക്ക് എന്ന കതിനാവെടി ആകെ സാധിച്ച സംഗതി ഒന്നുമാത്രം – റിസർവ് ബാങ്ക് എന്ന ദേശീയ സ്ഥാപനത്തിന്റെ കഴുക്കോൽ ഊരി.
വലതായാലും ഇടതായാലും മധ്യമമായാലും രാഷ്ട്രീയപദ്ധതിയുടെ മർമം സാമ്പത്തികതയാണ്. അതാണ് സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ര്തത്തിന്റെ ഫലപ്രാപ്തിക്കും ലക്ഷ്യംനേടലിനുമുള്ള നട്ടെല്ല്. ഇവിടെ നോക്കൂ – ഇന്ത്യൻ വലതുപക്ഷത്തിന് സാമ്പത്തിക പദ്ധതി പോയിട്ട് പ്രക്രിയാനിർവഹണം പോലും പുകയും പൊടിയുമാണ്. നട്ടെല്ലിന്റെ സ്ഥാനത്ത് മണ്ണാങ്കട്ടയും വാഴനാരും. അത്ഭുതപ്പെടുത്തുന്ന അജ്ഞതയും വിഷയ പാപ്പരത്തവും കൊണ്ടാണ് ഇത്രവലിയൊരു രാഷ്ട്രത്തിന്റെ ഭരണം അവർ കയ്യാളുന്നത് എന്നത് സാമാന്യ ബോധമുള്ള ആരെയും നടുക്കേണ്ടതാണ്. എന്നാൽ മൂവർണ പ്രാസമുള്ള മുദ്രാവാക്യങ്ങളാൽ സ്ഥിരം പ്രചരണമോഡിലേക്ക് പൗരാവലിയെ തളച്ചിടുക വഴി യാഥാർത്ഥ്യ ബോധത്തെ മറച്ചുപിടിക്കാൻ കഴിയുന്നു. അതുകൊണ്ടാണ് ഭരണം കിട്ടിയാലും പ്രചരണമന്ത്രങ്ങൾ നിലയ്ക്കാതെ കാക്കുന്നത്.
വ്യക്തമായ വലതുപക്ഷ പദ്ധതി ഇല്ലാത്ത വലതുപക്ഷത്തിന് മറ്റൊരു ഉപാധിയില്ല. ദേശരക്ഷയുടെ വ്യാജമന്ത്രപ്പുകയിൽ അധികാരത്തുടർച്ച കിട്ടിയ മോദിസംഘത്തിന്റെ പുതിയ ബജറ്റ് നോക്കുക. നിർമല സീതാരാമന്റെ ഗണനവായന അബദ്ധപ്പഞ്ചാംഗമാണെന്ന് ഒരാളേ ഉറക്കെപ്പറഞ്ഞുള്ളൂ – മുൻ ധനമന്ത്രി ചിദംബരം. അതൊരു പ്രതിപക്ഷ പരിഹാസം എന്ന നിലയ്ക്ക് മുങ്ങിപ്പോയി അഥവാ മുക്കിക്കളഞ്ഞു. മുൻകാലങ്ങളിൽ വിമർശമുന്നയിച്ച ദേശീയ നേതാക്കൾ പലരും സ്ഥിരമായി തുടരുന്ന ഈ ബാലിശതയിൽ ബോറടിച്ചോ എന്തോ മൗനം പാലിച്ചു. ഏറ്റവും വിചിത്രമായത്, രാജ്യത്തെ സാമ്പത്തിക മാധ്യമങ്ങളുടെ പ്രതികരണമാണ്. ഇംഗ്ലീഷിൽ പറയുന്ന അബദ്ധം അബദ്ധമാവില്ലെന്ന വിചാരഗതി പരക്കെയുള്ള ഇന്ത്യൻ മധ്യവർഗത്തിന്റെ ടിപ്പിക്കൽ പ്രതിനിധിയായിരിക്കുകയാണ് നമ്മുടെ ബ്രൗൺ പത്രങ്ങൾ. ഒന്നുകിൽ അതിൽ പണിയെടുക്കുന്ന വിദ്വാന്മാർക്ക് ധനതത്വശാസ്ര്തം വേണ്ടത്ര പിടിയില്ല. അല്ലെങ്കിൽ അവർ വലതുപക്ഷ മോഹികളാണ്. രണ്ടായാലും സത്യം അവരെ ഭംഗിയായി ഒഴിഞ്ഞുപോകുന്നു – രാജാവ് നഗ്നനാണെന്നു മാത്രമല്ല, പൊട്ടനുമാണെന്ന ലളിതസത്യം.
ഈ നേരു തിരിച്ചറിയാൻ വലിയ ശ്രമമൊന്നും ആവശ്യമില്ല. ഇന്ത്യ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കാർഷികമേഖലയിലാണെന്ന് എല്ലാവർക്കുമറിയാം. പ്രത്യേകിച്ചൊരു രാഷ്ട്രീയകക്ഷിയുടെയും അജണ്ടയൊന്നുമില്ലാതെയാണ് കഴിഞ്ഞ രണ്ടര കൊല്ലത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കർഷകപ്രക്ഷോഭങ്ങളുണ്ടായത്. കാർഷിക വളർച്ച തകർന്നതും ആത്മഹത്യ പെരുകുന്നതും കേവലമായ നാട്ടറിവാണ്. എന്നിരിക്കെ നിർമല സീതാരാമൻ ഇക്കുറി ബജറ്റ് പ്രസംഗത്തിൽ കൃഷിക്കുവേണ്ടി
ചെലവിട്ടത് വെറും മൂന്നു മിനിറ്റ്. അഥവാ ബജറ്റിന്റെ വെറും രണ്ടു ശതമാനം നേരം. അതിൽ കാർഷിക പ്രതിസന്ധിയുടെ കാതലായ ഒരു പ്രശ്‌നവും പരിശോധിക്കപ്പെട്ടില്ല. പകരം ‘മറ്റു വഴിക്ക് കർഷകർക്ക് വരുമാനം കൂട്ടാനുള്ള സാധ്യത’യ്ക്കു മേലുള്ള ഒരു വാചകമടി മാത്രം നടത്തി. ഇനി, എന്താണീ മറ്റു വഴിക്കുള്ള വരുമാനമെന്ന് നോക്കുക – കൃഷിക്കളത്തിലെ മരങ്ങളും മുളയുമൊക്കെ മുറിച്ചുവിറ്റ് കാശാക്കൽ! റിന്യൂവബ്ൾ എനർജി ഉണ്ടാക്കൽ എന്നു ഭംഗിവാക്ക്.
അപ്പോൾ ഊർജത്തിനാണോ മന്ത്രിയുടെ ഊന്നൽ? എങ്കിൽ ഊർജമേഖലയുമായി ബന്ധപ്പെട്ടു നടത്തിയ ബജറ്റ് വിഭാവന നോക്കുക. മൊത്തം പ്രസംഗത്തിലുമായി ആകെ രണ്ടു വട്ടമാണ് റിന്യൂവബ്ൾ എനർജി എന്നു പറഞ്ഞത്. അതിന്മേൽ ഒരൊറ്റ സർക്കാർ പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അവയ്ക്ക് നികുതിയിളവ് കൊടുക്കുന്നുവെന്നും മാത്രം പറഞ്ഞ് തടിതപ്പി.
മറ്റൊരു നിർണായക മേഖലയായ ആരോഗ്യമെടുക്കുക. ആഭ്യന്തര മൊത്ത ഉല്പാദനത്തിന്റെ െവറും 1.4 ശതമാനമാണ് ഇക്കുറി ഈ മേഖലയ്ക്കു കല്പിച്ചത്. 2017-ൽ കൊട്ടിഘോഷിച്ച ദേശീയ ആരോഗ്യനയം കല്പിച്ചിരുന്നത് 2.5 ശതമാനമായിരുന്നു എന്നോർക്കണം. ആരോർക്കാൻ, ഒക്കെ മുദ്രാവാക്യമല്ലേ? മൂന്നേമൂന്നു തവണയാണ് ആരോഗ്യം എന്ന വാക്ക് ധനമന്ത്രി ഉച്ചരിച്ചത്. ഒന്ന്, അടുത്ത ദശകത്തിലേക്കുള്ള ‘ആരോഗ്യദർശൻ’ എന്ന ഭംഗിവാക്യത്തിൽ. രണ്ട്, സ്വച്ഛ് ഭാരത് അഭിയാൻ എന്ന മറ്റൊരു പൊള്ളവാക്കിന്മേൽ പൊങ്ങച്ചം നടിച്ചപ്പോൾ. മൂന്ന്, ആരോഗ്യമേഖലയിൽ നിക്ഷേപിച്ചാൽ വ്യക്തികൾക്ക് നികുതിയാനുകൂല്യം കിട്ടും എന്ന ഉപദേശത്തിൽ. അങ്ങനെ ദേശീയാരോഗ്യം വിഭാവന കർട്ടനിട്ടു.
വലതുപക്ഷ പദ്ധതി ഇവ്വിധം ഇരുട്ടിലെ ഇല്ലാപ്പൂച്ചയായിട്ടും അതെന്തുകൊണ്ട് ഇന്ത്യയിൽ പടർച്ച നേടുന്നു എന്ന ചോദ്യം നമ്മെ ഇന്ത്യൻ വലതുപക്ഷത്തിന്റെ ഹൃദയകേന്ദ്രത്തിലേക്ക് എത്തിക്കുന്നു – ഹിന്ദുത്വം. പൊതുവെ കുറ്റപ്പെടുത്തുംപോലെ പ്രാചീന ഭാരതത്തിലേക്കുള്ള പിൻമടക്കമല്ലത്, ചിരന്തനമായതിനെ ആധുനികതയുമായി കൂട്ടിത്തുന്നുന്ന ഒരിന്ത്യൻരീതിയാണത്. ഹിന്ദുസംസ്‌കാരത്തിന് ഭേദഗതി വരുത്താതെ ആധുനികതയുടെ ഭൗതിക പുരോഗതി അനുഭവിക്കൽ. പാരമ്പര്യത്തെയും മതത്തെയും നവീന സാങ്കേതിങ്കത്വവുമായി കലർത്തുന്ന ഈ ആധിപത്യ ശ്രമത്തിന് സമീപകാലത്തുള്ള താരതമ്യം റൊനാൾഡ് റീഗന്റെ ‘Alliance between morality and the computer ലൈനാണ്. എന്നാൽ റീഗനിസം വ്യക്തമായിത്തന്നെ ആൾക്കൂട്ടഭയമുള്ള പ്രത്യയശാസ്ര്തമായിരുന്നു. ഹിന്ദുത്വം പക്ഷെ ഇക്കാര്യത്തിൽ സന്ദിഗ്ദ്ധഭരിതമാണ്. ഇസ്ലാമുമായുള്ള അതിന്റെ രണസങ്കീർണമായ ബന്ധത്തിന് പുറമെ അതിന് മറ്റു ചില ആൾക്കൂട്ടങ്ങളുടെ കാര്യത്തിൽ താത്പര്യമുണ്ടുതാനും. ഉദാഹരണം ദലിതർ. അവരെ അന്യരായി കണ്ട് ഭയപ്പെടുമ്പോൾത്തന്നെ, ഹിന്ദുസമന്വയത്തിന് അഥവാ സ്വന്തം ആൾക്കൂട്ടം വിപുലപ്പെടുത്തുന്നതിന്, അവരെ ഗത്യന്തരമില്ലാതെ ചേർത്തുവയ്‌ക്കേണ്ടിവരുന്നു.
സത്യത്തിൽ, ദേശീയതയുടെയും ആൾക്കൂട്ട ഭയത്തിന്റെയും അപരസ്വത്വനിർമിതിയുടെയും പുഷ്‌കലകാലമായിരുന്ന 1930-കളിലാണ് ഹിന്ദുത്വം പന്തലിക്കേണ്ടിയിരുന്നത്. അല്ലാതെ നെഹ്‌റുവിയൻ സോഷ്യലിസത്തിനും ബഹുമുഖമായ പുരോഗമനാശയങ്ങൾക്കും അര നൂറ്റാണ്ട് വേരോട്ടം കിട്ടിക്കഴിഞ്ഞശേഷമല്ല. ഇത്ര കാലത്തിനു ശേഷം അത് സംഭവിച്ചത് ഇന്ത്യയിലെ നിരക്ഷര ജനതതിയുടെ ബോധവളർച്ചക്കുറവിൽ നിന്നല്ല. പഠിപ്പുള്ള മധ്യവർഗങ്ങളാണ് ഹിന്ദുത്വത്തിന്റെ ഹൈ-ടെക് മതചലനത്തിന്റെ അനുയായികളായത്. ഇതേ വർഗങ്ങളാണ് ബിജെപിയുടെ കേഡറും. പുതിയ ഇന്ത്യയുടെ ഔദ്യോഗിക ചരിത്രം തയ്യാറാക്കപ്പെട്ടതുെതാട്ട് പുറംലോകക്കാർ കരുതിയത് ഇന്ത്യക്കാർ പൊതുവെ ഗാന്ധിയൻ രീതിയുടെ അനുഭാവികളാണെന്നാണ്. നേരു പക്ഷെ നേരെ മറിച്ചാണ്. അവർ ദേശീയതയുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രനിർമിതിയിലും യുദ്ധത്തിലും അക്രമത്തിലുമൊക്കെ തത്പരർ തന്നെയാണ്. ഇന്ത്യയ്ക്ക് ഗാന്ധി നൽകിയ സ്രൈ്തണഛായയിലുള്ള പ്രതിഷേധമാണ് ടിയാനെ വകവരുത്താൻ ഇടയാക്കിയതെന്ന് ഗാന്ധിഘാതകന്റെതന്നെ മൊഴിയുണ്ട്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഗോദ്‌സെ ഇന്നും ഹീറോയാണ്. ഈ രണ്ടിനം കഥാപാത്രങ്ങളുടെ സങ്കരഭൂവാണ് ഇന്നത്തെ ഇന്ത്യ – ആണത്തത്തിനു വേണ്ടി ബലികഴിക്കപ്പെട്ട ഗാന്ധി എന്ന ഇരയും വീരഘാതകനായ ഗോദ്‌സെ എന്ന ഹീറോയും.
ആഗോളീകരണത്തോടുള്ള ഇന്ത്യയുടെ സമ്പർക്കമാണ് മധ്യവർഗങ്ങളെ ഹിന്ദുത്വാശയവുമായി സാത്മ്യപ്പെടാൻ വർധിച്ച പ്രേരണയായത്. തങ്ങളേക്കാൾ ഭേദമെന്നു കല്പിക്കപ്പെടുന്ന ഒരു സംസ്‌കാരവുമായി സമ്പർക്കപ്പെടുന്ന ഏതു യാഥാസ്ഥിതിക സംസ്‌കാരത്തിന്റെയും ക്ലാസിക് പ്രതികരണമാണിത്. പഴയ രീതി ശീലങ്ങൾ റദ്ദാക്കാനും പുതിയ വെല്ലുവിളികൾ നേരിടാനും അസ്വസ്ഥപ്പെടുകയാണ് ഈ പരിണാമഘട്ടത്തിൽ അത്തരം സങ്കരങ്ങൾ ചെയ്യാറ്. വിപ്ലവ പൂർവ റഷ്യയിലും ഖൊമീനിയുടെ ഇറാനിലുമൊക്കെ അത്തരക്കാരെ ചരിത്രം കണ്ടിരുന്നു. ഇന്ത്യയിൽ അവർക്കുള്ള പോംവഴി പകരുന്നത് ഹിന്ദുത്വമാണ് – നഷ്ടപ്പെട്ട ‘നിഷ്‌കളങ്കത’യും പുരോഗതി എന്ന പേരിൽ ചെലവായിപ്പോകുന്ന എന്തും തമ്മിലുള്ള ഒരു സിന്തസിസ്. ആഗോളീകരണത്തെ തുടർന്ന് പടിഞ്ഞാറൻ മൂല്യങ്ങളോട് നേരിൽ സമ്പർക്കത്തിലാകുന്നതിനാൽ ഇന്ത്യയിലെ മധ്യവർഗ പുരുഷനുണ്ടാവുന്ന ഒരു സ്വത്വപ്രതിസന്ധിയുണ്ട്. കുടുംബത്തിൽ കുട്ടിയായിരിക്കെ പരിലാളനകളാൽ ഹീറോയാക്കപ്പെട്ടവൻ. മുതിർന്നവരിൽ നിന്ന് അവൻ കേട്ടുപഠിക്കുന്നത് പുരാണേതിഹാസ കഥകൾ. താൻ ഒരുന്നത സംസ്‌കാരത്തിന്റെ പ്രതിനിധിയാണെന്ന ഒഴുക്കൻ ധാരണ രൂപപ്പെടുന്നു.
എന്നാൽ, പുതിയ കാല പ്രൊഫഷണൽ ജീവിതത്തിൽ കടക്കുമ്പോഴാകട്ടെ കുശാഗ്രതയുടെയും ഉല്പാദനക്ഷമതയുടെയും ലോകനിലവാരത്തിന് വിധേയനാക്കപ്പെടുന്നു. എങ്ങനെ പെരുമാറണം, എന്തു വാങ്ങണം, എങ്ങനെ ജീവിക്കണം എന്നിങ്ങനെ ആഗോളീകൃത ഇന്ത്യൻ ജീവിതവിജയത്തിന്റെ മാനദണ്ഡങ്ങൾ പടിഞ്ഞാറുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യപ്പെട്ടവയാണ്. പടിഞ്ഞാറൻ മാധ്യമങ്ങളും അവയെ പകർത്തുന്ന ഇന്ത്യൻ മാധ്യമങ്ങളും ഈ മാനദണ്ഡ കല്പന സദാ ചൊരിയുന്നു. സ്വന്തം പുരയിലെ പെണ്ണുങ്ങളെ കാണുമ്പോഴാണ് ഇന്ത്യൻ ആണിന്റെ ഉത്കണ്ഠയേറുക. ഇത് ഇന്ത്യയിലെ ഹിന്ദു, മുസ്ലിം മതങ്ങളിലെ മധ്യവർഗ പുരുഷന്മാർക്ക് സാമാന്യമായുള്ളതാണ്. പടിഞ്ഞാറൻ മൂല്യങ്ങളോടുള്ള ഉരസൽ ഈ ആണുങ്ങൾക്ക് ഏല്പിച്ചുകൊടുക്കുന്ന ഒരു മാനസികാഘാതമുണ്ട്. ടി മൂല്യങ്ങളോടുള്ള സമ്പർക്കമേറുന്തോറും ഹിന്ദുത്വത്തോടുള്ള ആകർഷണം കൂടും. ചുമ്മാതല്ല, ബ്രിട്ടനിലും വടക്കെ അമേരിക്കയിലുള്ള എൻആർഐകൾ ഹിന്ദുത്വ ദേശീയതയുടെ ഏറ്റവും മികച്ച പോഷകരായത്.
ക്ഷതപ്പെടുന്ന വൈയക്തിക സ്വത്വത്തിനു പകരം വയ്ക്കാൻ ഒരു സംഘടിത സ്വത്വത്തിനുള്ള ശ്രമമായി ഹിന്ദുത്വത്തെ നിഷ്പ്രയാസം വ്യാഖ്യാനിക്കാം. ആർ എസ് എസ് നേതൃത്വത്തിന്റെ വാഗ്‌ധോരണി നിറയെ ഇന്ത്യക്കാരുടെ ഗതകാല കരുത്ത് വീണ്ടെടുക്കാനുള്ള വൈകാരികാഹ്വാനമാണ്. ആഗോളീകൃത തൊഴിലിടത്തിലും കമ്പോളം സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് വിമോചിപ്പിക്കുന്ന ‘കുടുംബസ്ര്തീകൾ’ക്കിടയിലും ലഭിക്കുന്ന മനോക്ഷതത്തിനുള്ള പ്രതികരണമായി ഈ സംഘചേതന വേഗം പ്രവർത്തനക്ഷമമാവുന്നു. കുറെക്കൂടി ഉള്ളിലേക്കിറങ്ങിയാൽ, ഹിന്ദുത്വം അതിന്റെ അനുയായികളെ വലിയൊരു ബാധ്യതയിൽ നിന്നു മോചിപ്പിക്കുന്നതായി കാണാം. പടിഞ്ഞാറൻ പുരോഗമനം ഓരോ പടിഞ്ഞാറനും നൽകുന്നത് സ്വതന്ത്ര വ്യക്തിത്വങ്ങളായി പ്രവർത്തിക്കാനുള്ള ബാധ്യത കൂടിയാണ്. ഇന്ത്യയിൽ പക്ഷെ എല്ലാവരും കയറി വ്യക്തിസ്വാതന്ത്ര്യത്തിന്റെ ആവശ്യക്കാരാകുന്നില്ല.
ഭൂരിപക്ഷത്തിനും അത് അർത്ഥരഹിതവും ഭയപ്പെടുത്തുന്നതുമായ ഒന്നാണ്. ഇന്ത്യൻ സാംസ്‌കാരിക പരിത:സ്ഥിതിയിൽ ഊന്നൽ കൂടുതലും കുടുംബത്തിനും ജാതിക്കും മതത്തിനും സ്വകാര്യ കൂട്ടായ്മകൾക്കുമാണ്. സ്വാതന്ത്ര്യത്തെപ്പറ്റി വാചകമടിക്കുക മാത്രമാണ് മഹാഭൂരിപക്ഷവും. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആശപോലെതന്നെ ശക്തമാണ് സ്വാതന്ത്ര്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കൊതിയും. അല്ലെങ്കിൽപിന്നെ എങ്ങനെയാണ് സമഗ്രാധിപത്യ ഭരണകൂടങ്ങളെ ചുമക്കാൻ ഇഷ്ടപ്പെടുന്ന ജനങ്ങളെ വിലയിരുത്തേണ്ടത്? മോദിയാണ് ഇന്ത്യ എന്ന് 50 ശതമാനം ജനങ്ങൾ വിധിച്ച പുതിയ തിരഞ്ഞെടുപ്പോർക്കുക. എല്ലാ മൗലികവാദ പ്രത്യയശാസ്ര്തങ്ങളെയും പോലെ ഹിന്ദുത്വവും പരസ്പര വിരുദ്ധമായ അഭിലാഷങ്ങൾ നിവർത്തിക്കാനുള്ള ഒരു സൗകര്യോപാധിയാണ് – കരുത്തുറ്റ ഭരണകൂടം, സമ്പത്തുള്ള രാജ്യം, യാഥാസ്ഥിതിക സമൂഹം. മധ്യവർഗങ്ങൾക്കായി നിർമിക്കപ്പെടുന്ന ടെലിവിഷൻ പരിപാടികൾ ഈ അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്നു – സീരിയലായാലും, അന്തിച്ചർച്ചയായാലും. ഗാന്ധിസവുമായോ ഇടതുപക്ഷാശയങ്ങളുമായോ യാതൊന്നും പങ്കിടാനില്ലാത്ത ഹിന്ദുത്വം സ്വന്തം അനുയായികളോട് പരിത്യാഗമൊന്നും ആവശ്യപ്പെടുന്നില്ല. ഇത് ഉപഭോഗക്കൊതിയുള്ള നവമധ്യവർഗങ്ങൾക്ക് സർവാത്മനാ നിരക്കുന്നു. ഒരിക്കലും കമ്പോള സാമ്പത്തികതയ്ക്ക് എതിരല്ല; സ്റ്റേറ്റിന്റെ ആസൂത്രിത സമ്പദ് വ്യവസ്ഥയേക്കാൾ മെച്ചമാണതെന്നു പറയുകയും ചെയ്യുന്നു. പടിഞ്ഞാറൻ ടെക്‌നോളജി സാംസ്‌കാരികമായി ന്യൂട്രലായതിനാൽ ഹിന്ദുത്വവാദികൾ വിദേശ നിക്ഷേപത്തിന് സദാ തത്പരരുമാണ്. ഇവിടെയാണ് പദ്ധതിരാഹിത്യത്തിന്റെ മറ്റൊരു ദുരന്തം.
സാങ്കേതികത്വം, അത് വികസിപ്പിച്ചെടുത്ത സാമൂഹ്യ പരിസ്ഥിതിയോട് ബന്ധമില്ലാത്തതാണെന്ന തോന്നലിന്മേലാണ് ഹിന്ദുത്വം പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ സാങ്കേതികത്വത്തെ സാംസ്‌കാരിക പരിവർത്തനമില്ലാതെ കൈമാറാമെന്നും. പക്ഷെ, സാങ്കേതികത്വത്തെ അതുണ്ടാക്കിയെടുത്ത സമൂഹത്തിന്റെ ശാസ്ര്തീയാന്തരീക്ഷത്തിൽ നിന്നു വേർപെടുത്താനാവില്ല. യുക്തിപരത, മത്സരം, സർഗാത്മക വ്യക്തിപരത, വ്യക്തിസ്വാതന്ത്ര്യം എന്നീ വ്യവസ്ഥകളാണ് നവസാങ്കേതികത്വ കണ്ടുപിടിത്തങ്ങളുടെ അനിവാര്യ ചുറ്റുവട്ടം. അവയുള്ള ‘തുറന്ന’ സമൂഹത്തിന്റെ ഉല്പന്നമാണ് സാങ്കേതികത്വം. ഇത്തരമൊരു തുറന്ന അന്തരീക്ഷം കൂടാതെ നിലവിലെ യാഥാസ്ഥിതിക പരിവട്ടത്തിൽ നിന്ന് സംഗതിയുണ്ടാക്കാം എന്നതേ ഭോഷ്‌ക്. ഇനി, ഇറക്കുമതി ചെയ്താലോ – ക്രമേണ ഈ പരിവട്ടം മൂടോടെ കുലുക്കപ്പെടും. ഇതുതന്നെയാണ് കമ്പോളം വരുത്തുന്ന സ്ര്തീശാക്തീകരണവും ഇന്ത്യയിൽ ചെയ്തുതുടങ്ങിയിരിക്കുന്നത്. രണ്ടു വഴികളും ഹിന്ദുത്വം പദ്ധതിദരിദ്രമാണ്. അതുകൊണ്ട് മൗനം പാലിക്കുന്നു. പകരം ഹൈ-ടെക്കിനും ഭാരതസ്ര്തീക്കും പൊള്ളയായ ഭജനഗീതങ്ങൾ രചിക്കുന്നു. സ്റ്റാർട്-അപ്, ബേട്ടി ബച്ചാവോ, സ്വഛ് ഭാരത്… മുദ്രാവാക്യങ്ങൾക്ക് പഞ്ഞമേയില്ല. മോഡും മൂഡും സദാ പ്രചരണഭരിതമാണല്ലോ. വേണമെങ്കിൽ വീണിടത്തുമുരുളാം – ”പ്രചരണമാണ് ഞങ്ങളുടെ പദ്ധതി”.