മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം ഒരു കൊച്ചു വാക്കാണ് സ്വാതന്ത്ര്യം. അന്നത്തേക്കാള്‍, …..ത്തേക്കാള്‍, പണത്തേക്കാള്‍, മറ്റെന്തിനെയുംകാള്‍. കാരണം, ഇതൊക്കെ വേണമെങ്കില്‍ സ്വാതന്ത്ര്യം വേണം.
സ്വാതന്ത്ര്യത്തെ സ്വതന്ത്രേച്ഛയായി കാണാം, ജന്മാവകാശമായി കാണാം, പ്രകൃതിദത്ത സ്വാഭാവികതയായി കാണാം, അനിവാര്യതയോ യാദൃച്ഛികതയോ ആയി കാണാം. എങ്ങനെ കണ്ടാലും, ഉച്ചരിക്കപ്പെടുന്ന മാത്രയിലേ ആ വാക്ക് ആശ്വാസവും പ്രത്യാശയും തരുന്നു. എന്താണീ പരുക്കന്‍ തുണിയുടെ മെച്ചമെന്ന് സദാ ഖദര്‍ധാരിയായ ടി.എം. വറുഗീസിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ”ഖദറിന്റെ ഗുണമറിയണമെങ്കില്‍ അത് ഊരിക്കളയണം”. അതുപോലെയാണ് സ്വാതന്ത്ര്യവും. അതില്ലാത്തവനോട് ചോദിച്ചാലറിയാം അതിന്റെ വില. ഉള്ളവനില്‍ നിന്ന് ഊരിക്കളയുമ്പോള്‍ അവനുമറിയാം ഇതേ വില.
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ക്ക് ഇതിഹാസമാനമുണ്ട്. സ്വാതന്ത്ര്യപ്പോരാളികള്‍ക്കിടയിലെ സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ക്കുമുണ്ട് മാനം ദുരന്തത്തിന്റെ. എല്ലാ വിപ്ലവങ്ങളും സ്വാതന്ത്ര്യത്തെ സാധൂകരിക്കുന്നു. വിപ്ലവങ്ങളുടെ വാഗ്ദാനംതന്നെ സ്വാതന്ത്ര്യമാണ്. വിപ്ലവാനന്തരമുള്ള പുതിയ സ്വാതന്ത്ര്യനിഷേധങ്ങളുടെയും. അപ്പോഴും മനുഷ്യന്റെ പ്രശ്‌നം സ്വാതന്ത്ര്യംതന്നെയായി തുടരും.
ഭരണഘടന അവതരിപ്പിച്ചുകൊണ്ട് അംബേദ്കര്‍ പണ്ട് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ പറഞ്ഞു, ഇനിമേല്‍ എല്ലാത്തരം സമരങ്ങളും അനാവശ്യമാണെന്ന്. കാരണം, റിപ്പബ്ലിക്കിന്റെ യജമാനന്‍ പബ്ലിക്കാണ്. പൗരന്റെ സ്വാതന്ത്ര്യവും അവകാശങ്ങളുമെല്ലാംു ഭരണഘടനയില്‍ ഭദ്രമാക്കിയിട്ടുണ്ട്. അത് നിഷേധിക്കപ്പെടുകയോ കിട്ടാതെവരികയോ ചെയ്താല്‍, തരപ്പെടുത്താന്‍ ഭരണഘടനാപരമായ വഴികളും ശരിപ്പെടുത്തിവച്ചിട്ടുണ്ട്. ആയതിനാല്‍ അക്രമം തൊട്ട് ഗാന്ധിയന്‍ സഹനസമരം വരെയുള്ള എല്ലാത്തരം പോരാട്ടങ്ങളും ഇനിമേല്‍ രാജ്യത്ത് അപ്രസക്തമാണ്, അനാവശ്യവും. അതിലൊരു വലിയ ശരിയുണ്ട്. ചെറിയ പിശകും.
സ്വാതന്ത്ര്യം തടയപ്പെട്ടാല്‍ എക്‌സിക്യൂട്ടീവിനെ സമീപിക്കാം. ഭരണഘടന നടപ്പാക്കുന്ന ഔദ്യോഗികസ്തംഭമാണ്. അതിനുള്ള ചുമതല മാത്രമല്ല അധികാരവുമുണ്ട്. അവിടെ പ്രശ്‌നം തീരുന്നില്ലെങ്കില്‍ നിയമനിര്‍മാണസഭയെ സമീപിക്കാം. ജനപ്രതിനിധികളുടെ പരമസഭയാണ്. ജനംതന്നെയാണ് അവിടെയിരിക്കുന്നത്. എന്നിട്ടും കാര്യം നടക്കുന്നില്ലെങ്കിലോ? നീതിന്യായസ്തംഭത്തോട് പരാതിപ്പെടാം. മറ്റു രണ്ടു സ്തംഭങ്ങള്‍ അവരവരുടെ പണി ചെയ്യുന്നുണ്ടോ, എടുക്കുന്ന പണി ഭരണഘടനാപരമാണോ എന്നു പരിശോധിക്കാന്‍ ചുമതലപ്പെട്ട സ്ഥാപനമാണ്. അവിടംകൊണ്ടും പരിഹാരമുണ്ടാകുന്നില്ലെങ്കിലോ?
ഭരണഘടനാശില്പി ഒരുത്തരം തരുന്നില്ല. ടിയാന്‍ ‘അത്രയ്ക്കങ്ങട് നിരീച്ച്ട്ട്ണ്ടാവില്യ”. ശില്പി സ്വപ്നത്തില്‍ വിചാരിക്കാത്ത തരത്തിലൊക്കെയാണ് ശില്പത്തിന്റെ ഗതിവിഗതികള്‍. പരമോന്നത കോടതിയിലും രക്ഷ കിട്ടാത്ത പക്ഷം രാഷ്ട്രപതിയോട് ആവലാതി പറയാം. അവിടുന്നും കനിഞ്ഞില്ലെങ്കില്‍ തലേവര എന്നു കരുതി വാ പൂട്ടാം. (സ്വതന്ത്രമായി കനിയാന്‍ ടിയാനും സ്വാതന്ത്ര്യമില്ല. ഭരിക്കുന്ന സര്‍ക്കാരിനോട് തിരക്കിയിട്ടേ നിശ്ചയമെടുക്കാനാവൂ. സര്‍ക്കാരിനെ നിരാകരിക്കുന്ന പക്ഷം പാര്‍ലമെന്റു ചേര്‍ന്ന് ‘വിവര’മറിയിക്കും).
ഇതാണ് ഏട്ടിലെ പശുവും നാട്ടുനടപ്പും തമ്മിലുള്ള ഘടനാപരമായ ഭരണവ്യത്യാസം. ഭരിച്ചു ശീലമില്ലാത്ത ബാബാസാഹേബിന് വിഭാവന ചെയ്യാന്‍ കഴിഞ്ഞതിനുമപ്പുറമുള്ള ഭാരതീയ യാഥാര്‍ത്ഥ്യം. സാഫല്യം നേടിയ വിപ്ലവങ്ങളെപ്പോലെ സ്വാതന്ത്ര്യം നേടിയ റിപ്പബ്ലിക്കുകളും കാര്യസാദ്ധ്യം കഴിച്ച വാറേ പുതിയ പ്രശ്‌നങ്ങളിലേക്കുതന്നെ പ്രവേശിക്കുന്നു സ്വാതന്ത്ര്യത്തിന്റെ. പിന്നെന്താണൊരു വഴി?
ജയിംസ് മാഡിസന്‍ ഒരു ഫോര്‍മുല വച്ചിരുന്ന, ‘ദ ഫെഡറിസ്റ്റി’ല്‍. മനുഷ്യര്‍ മാലാഖമാരായിരുന്നെങ്കില്‍ ഒരു സര്‍ക്കാരും ആവശ്യം വരില്ലായിരുന്നു. മാലാഖമാരാണ് മനുഷ്യരെ ഭരിക്കുന്നതെങ്കില്‍ സര്‍ക്കാരിനു മേല്‍ നിയന്ത്രണങ്ങളുടെ ആവശ്യം വരില്ലായിരുന്നു. എന്നാല്‍ മനുഷ്യര്‍ മനുഷ്യരെ ഭരിക്കുന്ന സംവിധാനത്തില്‍ ആദ്യം ഭരിക്കപ്പെടുന്നവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിവുണ്ടാകണം. പിന്നെ സ്വയം നിയന്ത്രിക്കാനും.
ഈ ഫോര്‍മുലയാണ് ഭരണഘടനാശില്പികളും പരീക്ഷിച്ചുനോക്കിയത്. തിരഞ്ഞെടുപ്പുകള്‍, ഇംപീച്ച്‌മെന്റ്, നീതിന്യായ വിചാരണ, ചുമതലാവിഭജനം, ചെക് ആന്റ് ബാലന്‍സ്, ധനകാര്യ ഉത്തരവാദിത്തം ഇത്യാദി ബഹുവിധ ഉപായങ്ങളാണ് ഫോര്‍മുലയുടെ മൂര്‍ത്തപ്രയോഗത്തില്‍. എല്ലാത്തിനും അടിവര, പൗരനും ഭരണഘടനാസ്ഥാപനവും ചേര്‍ന്ന് ഭരണകൂടത്തെ സ്വയം നിയന്ത്രിക്കാനും പൗരാവലിയെ നിയന്ത്രിക്കാനും ഉത്തരവാദിത്തപ്പെടുത്തും എന്നതാണ്. ഈ ലക്ഷ്യങ്ങള്‍ കണക്കിലെടുത്ത്, അവളുടെ ശക്തിയും പരിമിതികളും തിരിച്ചറിയാനുള്ളതാണ് രാഷ്ട്രീയ സ്വാതന്ത്ര്യം. എന്നാല്‍ സ്വാതന്ത്ര്യം ഒരേസമയം പൊതുപ്രശ്‌നവും സ്വകാര്യപ്രശ്‌നവുമല്ലേ?
സ്വാതന്ത്ര്യം സ്വയമേവതന്നെ ഒരു വൈയക്തിക സ്ഥാപനമാണ്. ആന്തരികമൂല്യങ്ങള്‍, വിചാരവികാരങ്ങള്‍, ഒക്കെ പുലര്‍ത്തുക എന്നത് വ്യക്തിയുടെ സ്വകാര്യമണ്ഡലത്തില്‍ വരുന്ന കാര്യമാണ്. എന്നാല്‍ ഈ സ്വാതന്ത്ര്യം വ്യക്തിയില്‍ നിന്നു പുറത്തേക്കിറങ്ങുന്ന നിമിഷം അതിന്റെ പരിമിതി പ്രത്യക്ഷപ്പെടുകയായി. എന്റെ സ്വാതന്ത്ര്യം എന്റെ മൂക്കിന്‍തുമ്പത്തുവരെ മാത്രമാണെന്നും മറ്റുള്ളവരുടേത് അവരവരുടെ ഇതേ തുമ്പുവരെ മാത്രമാണെന്നും എല്ലാവരും തിരിച്ചറിയുന്നു.
അവിടെവച്ച് സ്വാതന്ത്ര്യം എന്ന ഏകവചനം പൊടുന്നനെ ബഹുവചനമാകുന്നു. എന്റെ, നിങ്ങളുടെ, മറ്റുള്ളവരുടെ ഇതെല്ലാം കൂടി ഒരേസമയം ഒരേ തൂക്കത്തില്‍ ഒത്തുപോവില്ല. അന്യോന്യം ഉരസും, മേല്‍ക്കൈ നേടാന്‍ ശ്രമിക്കും, കീഴ്‌പ്പെടുത്താന്‍ നോക്കും. പോരാട്ടം ‘സ്വാതന്ത്ര്യങ്ങള്‍’ തമ്മിലാവും. അപരന്റെ സ്വാതന്ത്ര്യത്തെ കീഴ്‌പ്പെടുത്തുന്നതിന് പറയാന്‍ ഇതേ സ്വാതന്ത്ര്യം തന്നെ നമുക്ക് മറ്റൊരു വാക്ക് പകര്‍ന്നുതന്നിട്ടുണ്ട് ആധിപത്യം. ഏതായാലും അതിനെ സ്വാതന്ത്ര്യത്തിന്റെ പര്യായമായി സ്വാതന്ത്ര്യബോധമുള്ളവര്‍ പറയില്ല. അപ്പോള്‍പിന്നെ, അവരവരുടെ സ്വാതന്ത്ര്യങ്ങള്‍ മുനയൊടിച്ചും, സമീകരിച്ചും ഒരു സമവായമുണ്ടാക്കുകയാണ് പോംവഴി. ‘എന്റെ’ സ്വാതന്ത്ര്യവും ‘നിങ്ങളുടെ’ സ്വാതന്ത്ര്യവും ചേര്‍ന്ന് ‘നമ്മുടെ’ സ്വാതന്ത്ര്യം.
സ്വാതന്ത്ര്യം ‘നമ്മുടേത്’ ആകുമ്പോള്‍ എല്ലാവരും സ്വതന്ത്രമായി പ്രവര്‍ത്തിക്കും, പക്ഷെ പലപ്പോഴും ആ പ്രവൃത്തി സ്വന്തം താല്പര്യങ്ങള്‍ക്ക് അനുരൂപമായിക്കൊള്ളണമെന്നില്ല. ചിലപ്പോള്‍ എതിരായിപ്പോവുകയും ചെയ്യാം. അതാണ് പൊതുവാക്കപ്പെടുമ്പോള്‍ സ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിനു തരുന്ന പണി. ”സ്വാതന്ത്ര്യം എല്ലാ മനുഷ്യരെയും ആനന്ദതൃപ്തരാക്കില്ല; കുറഞ്ഞപക്ഷം അത് മനുഷ്യരെ മനുഷ്യരാക്കും”. മാനുവല്‍ അസനാ ഇപ്പറയുന്നതാണോ നേര്? എങ്കില്‍ സ്വാതന്ത്ര്യക്കുറവാണ് മനുഷ്യസമത്വമെന്നു പറയേണ്ടിവരും. മനുഷ്യത്വക്കുറവാണ് സ്വാതന്ത്ര്യമെന്നും.
എന്തോ! ഒന്നറിയാം. നമ്മള്‍ സ്വാതന്ത്ര്യത്തില്‍ നിരന്തരം കയറിയിറങ്ങുന്നു. സ്ഥിരമായി വ്യക്തിസ്വാതന്ത്ര്യത്തില്‍ സ്വയം പൂട്ടിയിടാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. കാരണം പുറംലോകത്തെ ഒരു മിഥ്യയായി തോന്നിത്തുടങ്ങും. സംഗതി വേറൊരു സൂക്കേടായിത്തീരും. അതേസമയം, പുറംലോകത്ത് സ്ഥിരമായി സ്വയം അഴിച്ചുവിടാനും പറ്റില്ല. കാരണം, വ്യക്തിസ്വാതന്ത്ര്യം അങ്ങനെ സ്ഥിരമായി ഒഴിവാക്കുന്നത് വ്യക്തിത്വത്തിന് ഹാനികരം. അപ്പോള്‍ സ്വാതന്ത്ര്യം എന്നത് അകത്തോട്ടും പുറത്തോട്ടും ചലിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഈ പോക്കുവരവില്‍ തീര്‍ച്ചയായും സംഘര്‍ഷങ്ങളുണ്ട്. അത് വ്യക്തിയും ലോകവുമായുള്ള സംഘര്‍ഷമാണ്. അകവും പുറവുമായുള്ളത്. അവ തമ്മിലുള്ള വിടവ് അടച്ചുതരുന്ന ഉരുപ്പടിയാണ് സ്വാതന്ത്ര്യം ആന്തരിക യാഥാര്‍ത്ഥ്യവും ബാഹ്യയാഥാര്‍ത്ഥ്യവും തമ്മിലുള്ള വിടവ്. ഈ വിടവടയ്ക്കാന്‍ എത്ര സ്വാതന്ത്ര്യം വേണം എന്നതാണ് സ്വാതന്ത്ര്യപ്രശ്‌നത്തിന്റെ കാതല്‍.
അവിടെ ഒരു ചോദ്യമുയരും സ്വാതന്ത്ര്യത്തെ എങ്ങനെയാണ് അളക്കുക? കിലോക്കണക്കിലോ ലിറ്ററു കണക്കിലോ അതോ സെന്റിഗ്രേഡിലോ? ഉത്തരം കിടക്കുന്നത് ഏത് ഭൗതികാവസ്ഥയിലാണ് അളക്കപ്പെടുന്ന വസ്തു സഞ്ചരിക്കുന്നത് എന്നതനുസരിച്ചാണ് ഖരം, ദ്രാവകം, വാതകം? ജീവി, മനുഷ്യനായതുകൊണ്ടും ജീവിതം സമൂഹത്തിലായതുകൊണ്ടും സ്ഥാപനങ്ങളും വ്യക്തിയുംതന്നെയാകുന്നു. കട്ടിയും ത്രാസും. നിലവിലുള്ള സാമൂഹിക സ്ഥാപനങ്ങള്‍ വ്യക്തിക്ക് എത്ര കണ്ട് സ്വതന്ത്രേച്ഛ അനുവദിക്കുന്നു? മറിച്ച് വ്യക്തിയുടെ സ്വതന്ത്രേച്ഛ ഈ സ്ഥാപനങ്ങള്‍ക്ക് എത്രകണ്ട് അധികാരം അനുവദിക്കുന്നു? ആ രണ്ട് ബിന്ദുക്കള്‍ക്കിടയില്‍ ആന്ദോളനം ചെയ്യുന്ന പെന്‍ഡുലമാണ് സ്വാതന്ത്ര്യം. ഇതില്‍ ആദ്യബിന്ദുവിന്റെ വേദപുസ്തകമാണ് ഇന്ത്യന്‍ ഭരണഘടന. രണ്ടാമത്തേതിന് വേദപുസ്തകമില്ല. അങ്ങനെയൊരു വേദമോ പുസ്തകമോ ചമയ്ക്കാനും പറ്റില്ല. അതിനു തുനിയുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനെ ഏകശിലാരൂപിയാക്കുന്ന പ്രവൃത്തിയാകും. ക്ലോണുകളുടെ സമൂഹത്തെ അഭിലഷിക്കുക ഭരണകൂടങ്ങള്‍ മാത്രമാണ്. അതിപ്പോ മോദിയുടെയായാലും പിണറായിയുടെയായാലും ഭരണകൂടം അങ്ങനെയാണ് സ്റ്റേജ് മാനേജര്‍മാര്‍ മാറിവന്നാലും.
അതുകൊണ്ട്, അംബേദ്കര്‍ ശരിയാണ്. പെന്‍ഡുലം ചെന്നുമുട്ടുന്ന ആദ്യബിന്ദുവിന്റെ കാര്യങ്ങളൊക്കെ ഗ്രന്ഥത്തിലുണ്ട്. പിശക്, രണ്ടാംബിന്ദുവിന്റെ കാര്യത്തിലാണ്. ഗ്രന്ഥം നോക്കിയാല്‍ അതിന്റെ ജാതകം കിട്ടില്ല.
അതുകൊണ്ടാണ് സ്വതന്ത്ര രാഷ്ട്രത്തിലെ പലതരം പൗരന്മാര്‍ ഇപ്പോഴും സ്വാതന്ത്ര്യം അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ജീവിതത്തിനും മരണത്തിനുമിടയില്‍, ലോകത്തിന്റെ അഴകിനും അഴലിനുമിടയില്‍. എന്തെന്നാല്‍, പശ്ചാത്തലമെന്തായാലും, സ്വാതന്ത്ര്യത്തിനായുള്ള ഈ അന്വേഷണമാണ് മനുഷ്യനെ സ്വതന്ത്രനാക്കുന്നത്.
Related tags :