ആത്മീയാനുഭവത്തിന്റെ ദാഹജലവും തീക്ഷ്ണവിചാരത്തിന്റെ വേരുറപ്പുമുള്ള ലബനോണിലെ ദേവദാരുവായിരുന്നു ഖലീല്‍ ജിബ്രാന്. മനുഷ്യാത്മാവിന്റെ ഉള്‍തൃഷ്ണക്ക് വേണ്ടിയുള്ള ഏകാന്ത ധ്യാനമാണ് ജീവിതമെന്ന് കണ്ടെത്തിയ കവിയും ചിത്രകാരനും ദാര്‍ശനികനുമായിരുന്നു ജിബ്രാന്. താമസവും രാജസുമായ പാതയില്‍നിന്ന് സാത്വകതയിലേക്ക് മനുഷ്യനെ നയിക്കുന്ന പ്രവാചകനായിട്ടാണ് ജിബ്രാന് കവികളെ കണ്ടത്.
കുട്ടിയായിരിക്കുമ്പോള്‍ ലബനോണിന്റെ പാരമ്പര്യശോഭകളിലേക്ക് ജിബ്രാനെ കൂട്ടികൊണ്ടുപോയത് അമ്മയാണ്. നാടന്‍ പാട്ടുകളുടെയും ശബളിതമായി മിത്തുകളുടെ ഊടുവഴികളിലെക്കും ജിബ്രാനെ കൈപിടിച്ച് നടത്തിച്ചത് അമ്മയായിരുന്നു. ലബനോണിന്റെ തണുത്ത ഭൂമിശാസ്ത്രത്തില്‍ വിദൂരതയെ ചുംബിക്കുന്ന ഒരു സൗന്ദര്യമുണ്ട് എന്ന് കുട്ടിയായ ജിബ്രാന് മനസിലാക്കി. ഭ്രാന്തമായി ചീറിയടിക്കുന്ന ലബനോണ്‍ കൊടുങ്കാറ്റ്
ജിബ്രാന്റെ ബാല്യത്തെ മോഹിപ്പിച്ചു.തന്റെ രാജ്യത്ത് നിലനിലിരുന്ന അവ്യവസ്ഥിതികളും കുടുംബത്തിനകത്ത് നീറിപ്പുകഞ്ഞുനിന്ന പ്രശ്നങ്ങളും അമേരിക്ക എന്ന സ്വപ്നലോകത്തേക്ക് മാറിത്താമസിക്കാൻ ജിബ്രാൻ കുടുംബത്തെ പ്രേരിപ്പിച്ചു. ലെബനോണിന്റെ സ്വതന്ത്ര ഭൂമിയിൽ ഓട്ടോമൻ തുർക്കികൾ നടത്തിയ വിളയാട്ടം ജിബ്രാനിൽ ഒരു വിപ്ലവ കവിയുടെ വിത്തുകൾ പാകി. രക്തരൂക്ഷിതമായ അടിമത്തം ജിബ്രാൻ വെറുത്തിരുന്നു. 10 വയസുള്ളപ്പോൾ ജിബ്രാൻ അറബിയിൽ ഇങ്ങനെ ഒരു കവിത എഴുതി:
“നിങ്ങളുടെ കരാള സിംഹാസനത്തിൻ മുന്നിലിതാ പൂർവ പിതാക്കളുടെ രക്തപങ്കിലമായ വേഷങ്ങളണിഞ്ഞ് ഞങ്ങൾ നിൽക്കുന്നു,
അവരുടെ കുഴിമാടത്തിലെ അവശിഷ്ട ധൂളികൾ ശിരസ്സിലണിഞ്ഞ്
അവരുടെ കുടൽമാലകൾ ഉറയണിഞ്ഞ വാളൂരി നിൽപ്പൂ ഞങ്ങൾ”
- അടിമത്തം മാറണം
അടിമത്തം കൊടികുത്തി വാഴുന്ന അറബ് ലോകത്തിന്റെ മൂക ദുഃഖങ്ങൾ സ്വയം ഏറ്റുവാങ്ങാൻ സ്കൂൾ വിദ്യാർത്ഥിയായ ജിബ്രാൻ തയ്യാറായിരുന്നു. തന്റെ മാതൃ രാജ്യത്തെ ഇത്രകണ്ട് സ്നേഹിച്ച മറ്റൊരു കവിയെ ലോകം കണ്ടിരിക്കാനിടയില്ല. സ്വന്തം നാട് വിട്ട് ബോസ്റ്റണിലെത്തി ജിബ്രാന് കുടുംബത്തോടൊപ്പം കഴിയുമ്പോള്‍ ലബനോണിലെ തന്റെ ആത്മസുഹൃത്തായ ഗുരിയാബിന് എഴുതിയ കത്തിലെ വാക്യങ്ങള്‍ ഇങ്ങിനെയാണ്.
“ഫാം ഇല് മസാബിളിനും, മൗണ്ട് സുന്നിനും മുകളില്‍ സൂര്യന് ഉദിക്കുന്നത് കാണുമ്പോൾ എന്നെ ഓര്‍ക്കുക, ചുവന്ന അലങ്കാരങ്ങള്‍ വാരിവിതറി കണ്ണീരിന് പകരം രക്തമൊലിപ്പിക്കുന്നതുപോലെ സൂര്യന് ലബനോണിനോട് വിട പറയുന്ന നേരം നീ എന്നെ ഓര്‍ക്കുക.”
അമേരിക്കയിലേക്ക് പറിച്ച് നട്ട ജിബ്രാന്റെ മനസ്സില്‍ സ്വതന്ത്ര ലബനോണും സ്വതന്ത്ര അറബിലോകവും ഒരു സ്വപ്നമായിരുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് എടുത്തെറിയപ്പെട്ട മാലാഖയെപ്പോലെ ലബനോണ്‍ താഴവരകളില്‍ ആട്ടിടയന്മാര് പുല്ലാങ്കുഴൽ വായിക്കുന്നത് എന്നും ജിബ്രാനെ ഹരം പിടിപ്പിച്ചിരുന്നു. കന്യകമാര്‍ കുടങ്ങളില്‍ വെള്ളവുമായി കടന്നുപോകുമ്പോള്‍, അവരുടെ നെറ്റിത്തടങ്ങളിലെ വിയര്‍പ്പ് തുള്ളികള്‍ ജിബ്രാന്റെ കണ്ണുകളെ ഈറനണിയിച്ചിരുന്നു.
3. അനിതരസാധാരണമായ ശൈലി
ജിബ്രാന്റെ കാല്പനികത അറബ് ലോകത്തിന്റെ ജീവിതലാളിത്യത്തിന്റെ പ്രതീകമായിരുന്നു. വാക്കുകളാല്‍ പരാവര്‍ത്തനം ചെയ്യപ്പെടാനാവാത്ത മനസ്സിന്റെ ഭാവുകത്വത്തെ ജിബ്രാന് കവിതയാക്കി. കവിതയെ ഗദ്യമാക്കുകയും, ഗദ്യത്തെ കവിതയുടെ താളലയങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്ത ജിബ്രാന്റെ ശൈലി അനിതര സാധാരണമായിരുന്നു. സൂഫി ശൈലിയാണ് ജിബ്രാന് തന്റെ മാസ്റ്റര്‍പീസായ ദി പ്രൊഫെറ്റ് (The Prophet) എന്ന കൃതിയില്‍ ഉപയോഗിക്കുന്നത്. അറേബ്യന്‍ മണലാണ്യങ്ങളുടെ ചൂടും സിറിയന്‍ താഴ്വരകളുടെ മണവും ചേര്‍ന്ന ജിബ്രാന് സാഹിത്യം വിശ്വമാനിവികത ഉയര്‍ത്തിപ്പിടിക്കുന്നു. ക്രിസ്തുമതവിശ്വാസികളായ അറബികള്‍ പാശ്ചാത്യ ചിന്തയുടെ തടവുകാരായത് ജിബ്രാന് ഇഷ്ടപ്പെട്ടിരുന്നില്ല. അറബിയെ മാതൃഭാഷയായി അംഗീകരിക്കുകയും ഇസ്ലാമിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന വിശ്വാസികളായ മുസ്ലിം ജനവിഭാഗത്തോട് വിശാല വിശ്വമാനവികതയുടെ കൊടികള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജിബ്രാന് തന്റെ പാരബിളുകളിലൂടെ (parables) ആവശ്യപ്പെട്ടു. യാഥാസ്തിതിക അറബികളേയും മനുഷ്യരെ ചൂഷണം ചെയ്തിരുന്ന ചില പുരോഹിതന്മാരെയും ജിബ്രാന് എതിര്‍ത്തിരുന്നു.
അറബ് ലോകം കാലാകാലമായി അനുഭവിച്ചുവന്ന അടിമത്തത്തില്‍നിന്ന് വിമോചനം നേടാനുള്ള സാധ്യതകള്‍ ആരായാന്‍ വേണ്ടി 1913 ജൂണില്‍ പാരീസില്‍ വെച്ച് ഒന്നാം അറബ് കോണ്‍ഗ്രസ്സ് സമ്മേളിച്ചു. ന്യൂയോര്‍ക്കിലെ സിറിയന്‍ കുടിയേറ്റ സമൂഹത്തെ പ്രതിനിധീകരിച്ച് സമ്മേളനത്തിന്റെ സൂത്രധാരന്മാര് ക്ഷണിച്ചത് ജിബ്രാനെയാണ്. തന്റെ ലേഖനങ്ങളിലൂടെ ലബനോണിന്റെ മോചനത്തിനായി ജിബ്രാന് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത് ഈജിപ്റ്റിലും സിറിയയിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 1914-ല്‍ ‘വിപ്ളവത്തിന്റെ ആരംഭം’ എന്ന ലേഖനത്തിലൂടെ ജിബ്രാന് നിര്‍ദാക്ഷിണ്യം ഒട്ടോമന്‍ സാമ്രാജത്തെ ആക്രമിച്ചു. വിപ്ളവം മാത്രമാണ് ലബനോണിന്റെ മുമ്പിലുള്ള ലക്ഷ്യം എന്ന് ജിബ്രാന് വിശ്വസിച്ചിരുന്നു.
ക്രിസ്ത്യന്‍ – മുസ്ലിം മൈത്രി അറബ് ലോകത്ത് ആവശ്യമാണ് എന്ന ചിന്ത ജിബ്രാനുണ്ടായിരുന്നു. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്റെ മാതൃരാജ്യമായ ലബനോണില്‍ രക്തം തളം കെട്ടിനിന്നത് ജിബ്രാനെ വേദനിപ്പിച്ചു. ഒട്ടോമന്‍ തുര്‍ക്കികളെ തുരുത്താനുള്ള വഴികള്‍ ആരായുകയായിരുന്നു ജിബ്രാന്. 1920 കളില്‍ ജിബ്രാന് അറബ് ലോകത്തെ ഏറ്റവും ശ്രദ്ധിക്കുന്ന എഴുത്തുകാരനായിരുന്നു. ജിബ്രാന് എഴുതിയ ദി പൊളിറ്റിക്കൽ ഫെയർവെൽ (The Political Farewell) എന്ന കവിത 1922 ല്‍ അറബ് രാജ്യങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
4. സംസ്കാരങ്ങളുടെ സമന്വയം
‘ഇടനെഞ്ചില്‍ പാതി ക്രിസ്തുവാണ് എനിക്ക് മറ്റ് പാതി മുഹമ്മദും’. ഇത് ജിബ്രാന് തന്റെ പ്രവാചകന്റെ ഉദ്യാനം എന്ന കൃതിയില്‍ പറഞ്ഞതാണ്. പരമ്പര്യ പൗരസ്ത്യ സംസ്കാരങ്ങളുടെ സമന്വയമാണ് ജിബ്രാന്റെ സാഹിത്യം. പാശ്ചാത്യ സംസ്കാരത്തിന്റെ ശാസ്ത്രീയ അടിത്തറയും പൗരസ്ത്യദേശത്തിന്റെ കൃത്യമായ അടിത്തറയും കലര്‍ത്തിയാണ് ജിബ്രാന് തന്റെ കൃതികള്‍ക്ക് ദാര്‍ശനികമായ അടിത്തറ പാകിയത്.
ലബനോണിന്റെ പുത്രനായ ജിബ്രാന് ഒരു ആഗോള സ്വാതന്ത്ര്യത്തിന്റെ പ്രതിനിധിയാണ്. കിഴക്കും പറഞ്ഞാറും തമ്മിലുള്ള അകലങ്ങളെ തന്റെ ദര്‍ശനത്തിന്റെ മിന്നല്പിണര്കൊണ്ട് ജിബ്രാന് ഇല്ലാതാക്കി.
1921-ല്‍ വിശ്വസാഹിത്യത്തില്‍ ഒരു ഞെട്ടലോടെ പിറവിയെടുത്ത ‘പ്രവാചകന്’ (The Prophet) ഒരു യോഗാത്മക കാവ്യമാണ്. ജനപ്രിയവായനയുടെ ചേരുവകള്‍ ഇല്ലാത്ത ഈ കൃതി വളരെവേഗം വിഖ്യാതമായിത്തീര്‍ന്നു. പ്രസിദ്ധീകരിച്ച് ആദ്യത്തെ 10 വര്‍ഷംകൊണ്ട് 8 ലക്ഷത്തോളം കോപ്പികള്‍ അനേകം ഭാഷകളില്‍ വിറ്റഴിഞ്ഞ ഈ കൃതി ഇന്നും വിശ്വസാഹിത്യത്തിലെ ഒരു ജ്വലിക്കുന്ന നക്ഷത്രമാണ്.
‘ഇന്നലെകള്‍ ഇന്നിന്റെ സ്മൃതിയാണ്. പക്ഷെ, നാളെകള്‍ ഇന്നിന്റെ സ്വപ്നവും.’ പൗരസ്ത്യദേശത്തെ ദര്‍ശനവും സൂഫിസവും കൂടിക്കലര്‍ന്ന ഈ കൃതി മനുഷ്യ സ്വാതന്ത്ര്യത്തെകുറിച്ചാണ് കൂടുതലും പറയുന്നത്. ക്രിസ്തുവും മുഹ്ഹ്മദും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു.
മൊബൈൽ: 8943 22 6545