വെള്ളരിപ്രാവിന്റെ നിറത്തിൽ
ഇന്ന് ഞാനൊരു
പട്ടം ഉണ്ടാക്കുന്നു
പട്ടത്തിന് കവി അലാറീറിന്റെ
ചിരിക്കുന്ന മുഖം നൽകുന്നു
ലോകമേ! ഞാൻ ആർക്കാണു വാക്ക് നൽകിയത്?
പട്ടത്തിന് നീളമേറെയാണ്
ചലിക്കുന്നത് ഗസ്സയിലെ
കാറ്റിലാണ്
നിലകൊള്ളുന്നത് താരകങ്ങൾക്കിടയിലായാണ്
ഇപ്പോൾ ഓർക്കുന്നു ഞാനിന്നാണ്
അലാറീറിനെ വീണ്ടും കാണുന്നത്
ഈയടുത്ത് അദ്ദേഹത്തെ അവർ കൊന്നതിന്ശേഷം
ഈ പട്ടമിനി
ആ യുദ്ധഭൂമിയിൽ
പറന്ന് നടക്കട്ടെ
കുഞ്ഞുങ്ങളെയത്
സന്തുഷ്ടരാക്കട്ടെ
യുവാക്കൾക്ക് ആവേശം പകരട്ടെ
യുദ്ധക്കൊതിയൻമാരെ
അസ്വസ്ഥരാക്കട്ടെ
എന്റെ പ്രതീക്ഷകളും
അവസാനിക്കുന്നില്ല
അലാറീർ, നിങ്ങൾ മരിക്കും മുമ്പേ
എഴുതിയ വരികൾ
ഞാൻ വീണ്ടും വീണ്ടും
വായിക്കട്ടെ
ഒരു കവിതയിലൂടെ
നിങ്ങൾ തിരിച്ച് ഈ ലോകത്തിലേക്കുതന്നെ വന്നിരിക്കുന്നു
(റെഫാത് അലാറീർ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഈയിടെ മരിച്ച കവി.)