മണിപ്പൂരിനെ കൂടുതൽ അറിയാൻ അവിടുത്തെ ഭൂപ്രകൃതിയും മനസ്സിലാക്കണം. 10 ശതമാനം വരുന്ന ഇംഫാൽ താഴ്വ്രയും 90 ശതമാനം വരുന്ന മലനിരകളും ചേർന്നതാണ് മണിപ്പൂർ. ഏതാണ്ട് 32 ലക്ഷത്തിലധികം ജനങ്ങളാണ് മണിപ്പൂരിലുള്ളത്. ജനസംഖ്യാനുപാതത്തിന്റെ കാര്യത്തിൽ 24ആം സ്ഥാനമാണ് ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മണിപ്പൂരിനുള്ളത്. ആകെ 22,327 സ്ക്വയർ കിലോമീറ്റർ ഭൂവിസ്തൃതിയുള്ള മണിപ്പൂർ വലുപ്പത്തിന്റെ കാര്യത്തിലും ഇന്ത്യൻ സംസ്ഥാനങ്ങളിൽ 24ആം സ്ഥാനത്താണ്. ഇവിടുത്തെ ഭൂപ്രദേശത്തിന്റെ പ്രത്യേകതകളും അധിവസിക്കുന്ന ജനവിഭാഗത്തെ കുറിച്ചുള്ള വിശദമായ പഠനങ്ങളും മണിപ്പൂരിനെ കുറിച്ച് കൂടുതൽ അറിയാനും പ്രശ്നങ്ങളെ ആഴത്തിൽ മനസ്സിലാക്കാനും ഉപകരിക്കും.
പ്രധാനമായും മൂന്നു വിഭാഗത്തിൽപ്പെട്ട ജനങ്ങളാണ് മണിപ്പൂരിൽ വസിക്കുന്നത്. ഈ മൂന്ന് വിഭാഗത്തിലും അവരുടെ ഉപവിഭാഗങ്ങൾ വേറെയുണ്ട്താനും. ജനസംഖ്യയിൽ 53 ശതമാനത്തോളം വരുന്ന മെയ്തേയ് (Meitei) വിഭാഗക്കാരാണ് ഇതിൽ ഒന്നാമത്. ഗോത്ര വിഭാഗക്കാരായ നാഗ (Naga), കുക്കി (Kuki) വിഭാഗക്കാർ ഒന്നുചേർന്ന് ജനസംഖ്യയുടെ 40% വും വരും. ഗോത്ര വിഭാഗക്കാർ കൂടുതലും മലനിരകളിലാണ് അധിവസിക്കുന്നത്. താഴ്വരയിൽ താമസിക്കുന്ന മെയ്തേയ് വിഭാഗത്തിൽ തന്നെ ഏതാണ്ട് 29 ഓളം പ്രധാന ഗോത്രങ്ങൾ ഉണ്ട്. നാഗ വിഭാഗത്തിൽ 5 ലധികവും കുക്കി വിഭാഗത്തിൽ 9 ലധികവും ഉപവിഭാഗങ്ങളുണ്ട്.
മണിപ്പൂരി ഭാഷയാണ് മെയ്ത്തേയികളുടെയിടയിലെ പ്രധാന ഭാഷ. ഏതാണ്ട് 54 ശതമാനം ജനങ്ങൾ മണിപ്പൂരി സംസാരിക്കുന്നു. എന്നിരുന്നാലും, എല്ലാ ഗോത്രത്തിനും അവരുടെ ഉപഗോത്രങ്ങൾക്കും അവരുടേതായ തനത് ഭാഷകൾ ഉണ്ട്. ഗോത്രങ്ങളുടെ ഇടയിൽ അവർ ആശയവിനിമയം നടത്തുന്നത് ഈ ഭാഷകൾ ഉപയോഗിച്ചാണ്. ഇംഗ്ലീഷ് പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഭാഷയാണ്.
ഹിന്ദുയിസവും ക്രിസ്ത്യാനിറ്റിയും ആണ് മണിപ്പൂരിലെ പ്രധാന മതവിശ്വാസം. രണ്ടു വിഭാഗങ്ങളും ഏതാണ്ട് 41 ശതമാനം വീതമുണ്ട്. എട്ടു ശതമാനത്തോളം മുസ്ലിം വിഭാഗവും 0.5 ശതമാനം സിക്കുമതസ്ഥരും, 0.25 ശതമാനം ബുദ്ധമതക്കാരും 0.0 6 ശതമാനം ജൈനമതസ്ഥരും, മറ്റ് വിഭാഗങ്ങളിൽപ്പെട്ട 8.19 ശതമാനം ജനങ്ങളും ഇവിടെ വസിക്കുന്നു. മെയ്തേയ് വിഭാഗം കൂടുതലും ഹിന്ദുമത വിശ്വാസികളും കുക്കി വിഭാഗം കൂടുതലും ക്രിസ്ത്യൻ മതവിശ്വാസികളും ആണ്.
ഇന്ന് നാം മണിപ്പൂരിൽ കാണുന്ന സംഘർഷങ്ങൾക്ക് പല കാരണങ്ങളുമുണ്ട്. അതിൽ രാഷ്ട്രീയമുണ്ട്, മതമുണ്ട്, ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുണ്ട്, ഗോത്രങ്ങൾ തമ്മിലുള്ള കുടിപ്പകയുണ്ട്, വിഭജനത്തിന്റെ മുറിവുകളുണ്ട്, അയൽ രാജ്യങ്ങളുടെ സ്വാധീനമുണ്ട്, തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യമുണ്ട്, രാജ്യസ്നേഹത്തിന്റെ അഭാവമുണ്ട്, അങ്ങനെ ചിതറിക്കിടക്കുന്ന 100 കാര്യങ്ങളുണ്ട് മണിപ്പൂരിനെ അസ്വസ്ഥതപ്പെടുത്താൻ. എന്തെങ്കിലും ഒരു കാര്യം നിശ്ചയിച്ചുറപ്പിച്ചാണ് നിങ്ങളുടെ മനസ്സ് മണിപ്പൂരിൽ ചെന്നിറങ്ങുന്നതെങ്കിൽ അതിനെ സാധൂകരിക്കാൻ മാത്രമുള്ള നിരവധി കാര്യങ്ങൾ നിങ്ങൾക്ക് അവിടെ കണ്ടെത്താനാകും. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ വേരുകൾ മണിപ്പൂരിൽ പടർന്നു കിടക്കുന്നുണ്ട്.
മണിപ്പൂർ ചരിത്രത്തിന്റെ ഏടുകളിൽ വായിച്ചു പോയ ഒരു കാര്യം ഓർമ്മയിൽ തെളിയുന്നു: 1800 കളിൽ നാഗാ വിഭാഗത്തിന്റെ പ്രതിരോധങ്ങളെ അതിജീവിക്കാനും അവരോട് പൊരുതാനും ബ്രിട്ടീഷുകാർ ബർമ്മ പോലുള്ള സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവന്നതാണ് കുക്കി വിഭാഗക്കാരായ ജനതയെ. ഇത്തരം നിതാന്ത വൈര്യങ്ങൾ ഈ ജനതതിയുടെ മനസ്സിൽ കനലായി അവശേഷിച്ചു. അതിന്റെ ആളിക്കത്തലുകൾ ചിലപ്പോഴൊക്കെ മണിപ്പൂരിന്റെ അഖണ്ഡതയെ ചാരമാക്കി. 1990കളിൽ കുക്കി വിഭാഗവും നാഗാ വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ അത്യന്തം രക്തരൂക്ഷിതമായിരുന്നു. ‘ഭിന്നിപ്പിച്ചു നിർത്തുക’ എന്ന ആ തന്ത്രം ഇന്നും തുടരുന്നതിന്റെ അവശേഷിപ്പുകളാണ് മണിപ്പൂരിൽ ഇപ്പോൾ നമ്മൾ കാണുന്നത്. അതിന് എല്ലാ സാധ്യതകളും അവർ ഉപയോഗിക്കുന്നു. നിങ്ങൾക്ക് സ്വയം പ്രതിരോധിക്കാൻ പോലും കെൽപ്പില്ലാത്ത വിധം അത് നിങ്ങളെ വേട്ടയാടുന്നു.
ഭാഗ്യവശാൽ ഈ മൂന്നു വിഭാഗം ജനങ്ങളുമായി അടുത്തിടപെഴകാൻ കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങൾക്ക് സാധിച്ചു. ആതിഥ്യ മര്യാദയിൽ ആരാണ് കൂടുതൽ മെച്ചം എന്ന് പറയാൻ സാധിക്കാത്ത വിധം ഞങ്ങളുടെ കരള് കവർന്നു ഇവർ. ഈ ജനതയെയാണോ നാം ഇത്രമാത്രം ‘ഭീകരന്മാരായി’ ചിത്രീകരിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു.
.
ഓരോ സ്ഥലത്തും മെഡിക്കൽ ക്യാമ്പ് നടത്തുമ്പോൾ മുറിവേറ്റവരെയും രോഗികളെയും അവർ ക്യാമ്പിൽ എത്തിക്കുന്ന രീതി എന്നെ കൂടുതൽ ചിന്ടിപ്പിച്ചു. ചെറിയ പെൺകുട്ടികൾ പോലും വൃദ്ധരായ അവരുടെ പ്രിയപ്പെട്ടവരെ തോളിൽ ചുമന്നുകൊണ്ടിറക്കുന്ന കാഴ്ചകൾ ഹൃദയത്തെ കീറി. അവരവരുടെ രീതികൾക്കനുസരിച്ച് നല്ല ഭക്ഷണം വിളമ്പാൻ അവർ മത്സരിച്ചു. മെയ്തേയ് വിഭാഗത്തിനിടയിൽ സേവനം ചെയ്തപ്പോൾ ലഭിച്ചത് നല്ല ഒന്നാന്തരം സസ്യ വിഭവങ്ങൾ ആയിരുന്നെങ്കിൽ മറ്റു വിഭാഗങ്ങളുടെ ഇടയിൽ അത് സസ്യയേതര വിഭവങ്ങൾ ആയിരുന്നു.. ചുരുക്കം ചില വിഭാഗങ്ങൾ ഒഴിച്ചാൽ ജനസംഖ്യയിൽ ഏറെ പേരും മത്സ്യ മാംസഭുക്കുകളാണ്. സ്റ്റിക്കി റൈസ് ആണ് പ്രധാന ആഹാരം. പരിപ്പ്,മീൻ,ഇറച്ചി, ഉരുളക്കിഴങ്ങ് മുതലായ വിഭവങ്ങളും അവർ ഉപയോഗിക്കുന്നു.
വൈദികരോടും സിസ്റ്റേഴ്സിനോടും എല്ലാ വിഭാഗം ജനങ്ങളും ആദരവും സ്നേഹവും വച്ചുപുലർത്തിയിരുന്നത് ഞങ്ങളുടെ യാത്രകളെ എളുപ്പമാക്കി. ഇംഫാലിൽ നിന്ന് കുക്കി ഗ്രാമപ്രദേശങ്ങളിലേക്ക് യാത്ര ഒട്ടും എളുപ്പമല്ല. വെറും ഒരു മണിക്കൂർ ദൂരം മതി നിങ്ങൾക്ക് കുക്കി വിഭാഗത്തിന്റെ ജില്ലയായ കാങ്ക്പോകിയിലെത്താൻ. പക്ഷേ മനുഷ്യസഞ്ചയമായി മാറിയ നിരവധി ചെക്ക് പോസ്റ്റുകൾ കണ്ടുവേണം യാത്ര ചെയ്യാൻ. കുക്കി ഗ്രാമങ്ങളിലേക്കുള്ള യാത്രയ്ക്ക് മുമ്പ് മനസ്സിൽ ആശങ്കയായിരുന്നു. ആയിരത്തോളം വരുന്ന മെയ്തേയ് സ്ത്രീകൾ ഉപരോധിക്കുന്ന റോഡിലെ ചെക്ക് പോസ്റ്റുകൾ എങ്ങനെ കടന്നു പോകും. കൊണ്ടുപോകുന്നത് കുക്കി ഗ്രാമങ്ങളിലേക്കുള്ള റിലീഫ് മെറ്റീരിയലുകൾ ആണെന്നറിഞ്ഞാൽ വണ്ടികൾക്ക് അവർ തീ വച്ചേക്കും. പട്ടാളത്തെ പോലും പലപ്പോഴും ഇത്തരം ചെക്ക് പോസ്റ്റുകൾ കടത്തിവിടാൻ മെയ്തേയ് സ്ത്രീകൾ തയ്യാറാകാറില്ല. ഞങ്ങൾ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു. എന്ത് അഗ്നിപരീക്ഷ കടന്നിട്ടാണെങ്കിലും ക്യാമ്പുകളിൽ കഴിയുന്നവർക്ക് മരുന്നും ഭക്ഷണവും എത്തിക്കണം.
രണ്ടു വാഹനങ്ങളിലായി ഞങ്ങൾ പുറപ്പെട്ടു. അധിക ദൂരം ചെല്ലുന്നതിനു മുൻപേ ആദ്യത്തെ ചെക്ക് പോസ്റ്റ്. ആയിരത്തോളം മെയ്‌തേയ് സ്ത്രീകളുണ്ട് റോഡിൽ. നെഞ്ചിടിപ്പ് പുറത്ത് കേൾക്കാം. സിസ്റ്റേഴ്സിന്റെ വാഹനമാണ് മുൻപിൽ. ഞങ്ങളുടെ ടീമിൽ വന്ന ഡോക്ടർമാരും നേഴ്സുമാരുമായ സിസ്റ്റേഴ്സ് ആണ്. സർജനും അനസ്തേഷ്യസ്റ്റ് മൊക്കെയായുള്ള പ്രമുഖ ഡോക്ടർമാർ.
ദൈവമേ.. എന്റെ രക്തസമ്മർദ്ദം ക്രമാതീതമായി കൂടുന്നത് ഞാനറിഞ്ഞു.. വണ്ടി നിർത്തി. അവർ വാതിൽ തുറക്കാൻ പറഞ്ഞു. പൊടുന്നനെ വഴിയിൽ നിന്നിരുന്ന സ്ത്രീകൾ സിസ്റ്റേഴ്സിനെ കണ്ടപ്പോൾ ആദരവോടെ കൈകൂപ്പുന്നു. സൗമ്യമായി എന്തൊക്കെയോ തിരക്കുന്നു. വാഹനം ഒരു പരിശോധനയും കൂടാതെ പൊയ്ക്കൊള്ളാൻ പറയുന്നു. അവരുടെ വാഹനം മുന്നോട്ടു പോയി.പുറകിൽ ഞങ്ങളുടെ വാഹനവും നിർത്തിച്ചു. ഞങ്ങൾ പറഞ്ഞു: മുൻപേ പോയ വണ്ടിയിലുള്ളവരുടെ കൂട്ടത്തിലുള്ളവരാണ് ഞങ്ങളെന്ന്. ഒരു പരിശോധനയും കൂടാതെ ഞങ്ങളുടെ വാഹനവും അവർ വിട്ടുതന്നു. മുൻപിൽ പിന്നെയുണ്ടായിരുന്ന മൂന്നോളം ചെക്ക് പോസ്റ്റുകളിലും ഇതുതന്നെ ആവർത്തിച്ചു.
കലാപത്തിന്റെയും ക്രിസ്ത്യൻ വേട്ടയുടെയും ഒക്കെ ഇടയിൽ ജനങ്ങളുടെ മനസ്സിൽ സിസ്റ്റേഴ്സിന്റെ മിഷൻ പ്രവർത്തനങ്ങൾ എത്ര ആഴത്തിലാണ് പതിഞ്ഞിട്ടുള്ളത് എന്ന് ഞാൻ ഓർത്തു. സ്നേഹം വിളമ്പുന്നവർക്ക് എങ്ങനെയാണ് ദ്വേഷ്യം തിരികെ കൊടുക്കാൻ ആവുക! എത്രമാത്രം ദുഷ്കരമായ ഇടങ്ങളിലൂടെ ഈ ദിവസങ്ങളിലെല്ലാം സഞ്ചരിച്ചപ്പോഴുമൊക്കെ ഈ സ്നേഹത്തിന്റെ ആഴം ഞങ്ങൾക്ക് കൂടുതൽ മനസ്സിലായി. അങ്ങനെ തടസ്സങ്ങൾ ഇല്ലാതെ മണിപ്പൂരിൽ ഉടനീളം ഞങ്ങൾക്ക് യാത്ര ചെയ്യാനായി.
എങ്കിലും, പല സ്ഥലങ്ങളിലും ചുമരിലും അടച്ചിട്ട കടകളുടെ ഷട്ടറുകളിലുമൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന ചില വാചകങ്ങൾ നൊമ്പരമായി: അതിങ്ങനെയായിരുന്നു:
We want no peace, We want separate administration (ഞങ്ങൾക്ക് സമാധാനം വേണ്ട; ഞങ്ങൾക്ക് പ്രത്യേക ഭരണസംവിധാനം മതി).
(തുടരും)