ക്ലാസിക് കഥകളുടെ സവിശേഷതകളിലൊന്ന് അത് ഏതു കാലത്തിലെയും വർത്തമാന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ആലോചനാഭരിതവും ആസ്വാദ്യകരവുമാണ് എന്നുള്ളതാണ്. അത് രചിക്കപ്പെട്ട കാലത്തെയും ഭൂപ്രദേശത്തെയും മറികടന്ന് ഭൂമിയുടെ അതിരുകളോളം പടർന്ന് മനുഷ്യരുടെ നിനവുകളിലേക്ക് വിസ്മയങ്ങളുടെ വിലോലമായ അലകൾ തീർക്കുന്നു. സമകാലിക ഇന്ത്യൻ അവസ്ഥയിൽ അമേരിക്കൻ ക്ലാസിക് കഥാകാരിയായ എഡിത്ത് വാർട്ടൺന്റെ (Edith Wharton 1862-1937) ഒരു യാത്ര (A Journey) എന്ന കഥ നോക്കുക. മൂന്നു തവണ നോബൽ സമ്മാനത്തിനായുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടുകയും (1927,1928, 1930) ആദ്യമായി പുലിറ്റ്സർ സമ്മാനത്തിനർഹയായ സ്ത്രീ എഴുത്തുകാരിയുമായ എഡിത്ത് 1899-ൽ എഴുതിയ കഥയാണ് ഒരു യാത്ര. തന്റെ ജീവിത പശ്ചാത്തലത്തെ ഉപജീവിച്ചുകൊണ്ടെഴുതിയ ആത്മകഥാപരമായ കഥയാണിതെങ്കിലും, ദാമ്പത്യജീവിതത്തിൽ ഭാര്യയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കുന്ന സോദ്ദേശസാഹിത്യമെന്ന രീതിയിൽ ശുദ്ധഗതിക്കാരായ നിരൂപകർ വിലയിരുത്തിട്ടുണ്ടെങ്കിലും ഒരു യാത്ര അതിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ ഗംഭീര മാനങ്ങളാൽ നമ്മെ അമ്പരപ്പിക്കുകയും വലിയ ആലോചനയുടെ വിശാലതയിലേക്ക് നമ്മെ കൊണ്ടുപോവുകയും ചെയ്യുന്നു.
ലളിതമായി പറഞ്ഞാൽ ഒരു തീവണ്ടി യാത്രയുടെ കഥയാണിത്. കോളറോഡയിലെ ആശുപത്രിയിൽ നിന്നും വിടുതൽ നേടിയ രോഗിയായ ഭർത്താവുമൊത്ത് സ്വദേശമായ ന്യൂയോർക്കിലേക്കു യാത്ര ചെയ്യുന്ന സ്ത്രീയുടെ കഥ. യാത്രയുടെ ആദ്യ ദിനം പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നു പോകുന്നു. രണ്ടാം ദിവസം ഭർത്താവിന്റെ നില വഷളാകാൻ തുടങ്ങി. അത് ഭാര്യയെ ആശങ്കയിലാഴ്ത്തി. അയാളുടെ രോഗം ഒട്ടും ഭേദമായിട്ടില്ലെന്നും സ്വന്തം വീട്ടിലേക്ക് മരിക്കാനായിട്ടാണ് അയാളെ ഡോക്ടർമാർ പറഞ്ഞു വിടുന്നതെന്നും നല്ല ബോധ്യമുണ്ടായിരുന്നതു കൊണ്ട് ഭാര്യ കഠിനമായി ഭയപ്പെട്ടിരുന്നു. എങ്കിലും ന്യൂയോർക്കിലെത്തുംവരെ ഒന്നും സംഭവിക്കരുതെ എന്ന ആഗ്രഹത്തോടെ അവർ അന്ന് രാത്രി ഉറങ്ങി. എന്നാൽ രാവിലെ ഉണർന്ന അവർ തന്റെ ഭർത്താവ് മരിച്ചു കിടക്കുന്നതാണ് കണ്ടത്. അവരിൽ ഭയം പെരുകി. അയാൾ മരിച്ചതായി റെയിൽ അധികൃതർ കണ്ടെത്തിയാൽ അടുത്ത സ്റ്റേഷനിൽ അവരെ ഇറക്കിവിടും. നിയമപ്രകാരം മൃതദേഹം തീവണ്ടിയിൽ കൊണ്ടു പോകുക അനുവദനീയമായിരുന്നില്ല.
അപരിചിതമായ റെയിൽവെ സ്റ്റേഷനിലെ ഏതോ ഒരു പ്ലാറ്റ്ഫോമിൽ ഭർത്താവിന്റെ ശവശരീരവുമായി ഒറ്റയ്ക്ക് നിൽക്കേണ്ടിവരുന്ന അവസ്ഥ അവരെ തുറിച്ചു നോക്കി. ചകിതയായെങ്കിലും അവർ ഭർത്താവിന്റെ മരിച്ച ദേഹത്തെ ഒളിപ്പിച്ചു വെക്കാൻ ഉറച്ചു. ആരും വകഞ്ഞു മാറ്റി നോക്കാതിരിക്കാനായി കർട്ടൺ പാളികൾ അവർ തന്റെ പിന്നു കൊണ്ട് കുത്തിവെച്ച് അടച്ചു. അയാളെ രോഗം വല്ലാതെ വലയ്ക്കുന്നതായി സഹയാത്രക്കാരെ അറിയിച്ചുകൊണ്ട് അയാൾ ജീവിച്ചിരിക്കുന്നതായി അവരെ ബോധ്യപ്പെടുത്തി. സഹായസന്നദ്ധത അറിയിച്ചുകൊണ്ട് തന്നെ സമീപിച്ചവർക്ക് നന്ദി രേഖപ്പെടുത്തി തന്റെ ഉള്ളിലുള്ള ഭയത്തെയും മരിച്ച ഭർത്താവിനെയും അവർ സമർത്ഥമായി മറച്ചുപിടിച്ചു. തീവണ്ടി ഇടയ്ക്കിടെ സ്റ്റേഷനുകളിൽ നിർത്തുകയും യാത്രികർ കയറുകയും ഇറങ്ങുകയും ചെയ്തു. അവരുടെ അന്വേഷണങ്ങളെ അവർ നേരിട്ടു. ഞാൻ നന്നായി അഭിനയിക്കണം അവർ ഇടയ്ക്കിടെ മന്ത്രിച്ചുകൊണ്ടിരുന്നു. കട്ടിയുള്ള പടുതയുടെ ചിത്രപ്പണികളിൽ സൂക്ഷിച്ചു നോക്കിയിരിക്കവെ പെട്ടെന്ന് കർട്ടൺ സുതാര്യമായിത്തീരുകയും അതിന്റെ സ്ഫടിക പാളികളിലൂടെ ഭർത്താവിന്റ മരിച്ച മുഖം അനാവൃതമായിത്തീരുകയും ചെയ്തു.
അവർ അഭിനയം തുടർന്നു. ബിസ്കറ്റ് കഴിച്ചു. ഭർത്താവിന്റെ ഫ്ലാസ്കിൽ നിന്നും സ്വൽപ്പം ബ്രാണ്ടി എടുത്തു കുടിച്ചു. ഒരു വസന്തകാലത്തിന്റെ പ്രശാന്തതയിലേക്ക് വീണു. ഉറങ്ങി. താനും മരിച്ചതായി സ്വപ്നം കണ്ടു. ദീർഘമായ പ്രകമ്പനങ്ങളും കടുത്ത ആഘാതങ്ങളും സ്വപ്നത്തിൽ അവരെ കശക്കി. മരണത്തിന്റെ അന്ധകാരത്തിൽ ചുഴലിക്കാറ്റിൽ പെട്ട ഇലകളെ പോലെ അവരും ഭർത്താവും കിടന്നു കറങ്ങി. അവർ നടുക്കത്തോടെ ചാടിയെഴുന്നേറ്റു. തീവണ്ടി ന്യൂയോർക്കിനോട് അടുക്കുകയായിരുന്നു. യാത്രക്കാർ ഇറങ്ങാൻ തയ്യാറെടുത്തു. ടിക്കറ്റ് പരിശോധകൻ അവരുടെയും ഭർത്താവിന്റെയും ടിക്കറ്റുകൾ പരിശോധിച്ചു. എഡിത്ത് വാർട്ടൺ തന്റെ കഥ അവസാനിപ്പിക്കുകയാണ്…..
“ട്രെയിൻ ഹാർലെം തുരങ്കത്തിലൂയെ കടന്നു പോയി. യാത്ര കഴിഞ്ഞു. ഏതാനും നിമിഷങ്ങൾക്കകം അവളുടെ കുടുംബാംഗങ്ങൾ അവരെ സ്വീകരിക്കാനായി എത്തിച്ചേരും അവളുടെ ഹൃദയം സ്വസ്ഥതയിൽ മിടിച്ചു. വലിയ അപകടം കടന്നു കിട്ടിയതിൽ അവൾ ആശ്വസിച്ചു.
ഇനി അയാളെ ഉണർത്താം, അല്ലേ അവളുടെ കൈയ്യിൽ തൊട്ടുകൊണ്ട് പോർട്ടർ ചോദിച്ചു.
പോർട്ടറുടെ കൈയ്യിൽ ഭർത്താവിന്റെ തൊപ്പി ഉണ്ടായിരുന്നു. അവൾ തൊപ്പിയിൽ നോക്കിയിട്ട് എന്തോ പറയുവാൻ ശ്രമിച്ചു. പക്ഷേ, പെട്ടെന്ന് അവിടെ ഇരുട്ടു നിറഞ്ഞു. അവൾ എവിടെയെങ്കിലും പിടിക്കുവാനുള്ള പരിശ്രമത്തിനിടയിൽ കൈകൾ രണ്ടും മേലോട്ടുയർത്തി, പക്ഷേ, കാലിടറിപ്പോയി. കമന്നടിച്ചു വീണു. വീഴ്ച്ചയിൽ അവളുടെ തല, മരിച്ചയാളിന്റെ ബർത്തിൽ ഇടിച്ചു.”
മരണത്തിന്റെ വരണ്ട ഗന്ധം പരത്തുന്ന കഥയാണ് ഒരു യാത്ര. ദ്രുതഗതിയിൽ ഓടിയെത്തുന്ന നീണ്ട ഇരുൾ പാളികളും ഭാവരഹിതമായ ക്ഷീണിച്ച മുഖവും ചുരുങ്ങുന്ന ചക്രവാളവും അവൻ അവനല്ലാതായി മാറുന്നതും മരണസാന്നിധ്യത്തെത്തന്നെയാണ് ധ്വനിപ്പിക്കുന്നത്. മുന്നോട്ടു കുതിക്കുന്ന ജീവിതത്തിന്റെ കാൽപ്പടങ്ങളിൽ മരണം പിടിമുറുക്കി പിന്നോട്ടു വലിക്കുന്നു. വലിയ നിശ്ചലതയുടെ സംഗീതം ഈ കഥയിൽ ആവർത്തിച്ചു കടന്നുവരുന്നു. മരണത്തെ നോക്കിനിൽക്കുന്നതു പോലെ കുട്ടി ഭർത്താവിനെ നോക്കുന്നു. എന്നാൽ മരണത്തെക്കാളുപരി മരിച്ച മനുഷ്യനുമൊത്ത് യാത്ര ചെയ്യുന്ന മനുഷ്യരുടെ കഥയാണിത്. അതിനാൽ തന്നെ സമകാലികാവസ്ഥയിൽ ഈ കഥ വെള്ളിനക്ഷത്രത്തെപ്പോലെ തിളങ്ങുന്നു.
വ്യാജമായ പെരുമാറ്റങ്ങളുടെയും അത്യുഗ്രമായ അഭിനയത്തിന്റെയും കാലമാണിത്. നിരന്തരമായ കളവുകളുടെയും ഫെയ്ക് ന്യൂസുകളുടെയും കാലം. സത്യം കഥാവശേഷമായ സത്യാനന്തര കാലം. ഉള്ളു പൊള്ളയായ സുമുഖരായ മനുഷ്യരുടെയും തിളങ്ങുന്ന പൊയ്മുഖങ്ങളുടെയും കാലം. ചതിക്കുഴികളും സൈബർ ക്രൈമുകളും കീഴടക്കിയ കാലം. പ്രതിബദ്ധതയും പ്രതിരോധവും നഷ്ടപ്പെട്ട കാലം. വികാരങ്ങൾ പൈങ്കിളിവൽക്കരിക്കപ്പെട്ട കാലം. മരണത്തെ ആഘോഷമാക്കുന്ന കാലം. ഏറ്റവും വലിയ ഘോഷ യാത്ര ശവഘോഷ യാത്ര ആകുന്ന കാലം. ഒരാളുടെ മരണം മറ്റൊരാളുടെ ജീവിതമാകുന്ന കാലം (ഗൊഗോളിന്റെ ഓവർകോട്ടിനു നമസ്കാരം)
മരിച്ച മൂല്യബോധങ്ങളുടെയും മരിച്ച പ്രത്യയശാസ്ത്രങ്ങളുടെയും ഒപ്പമാണ് നമ്മുടെ ഇക്കാല യാത്ര. മരിച്ച ആത്മീയതയും മരിച്ച വിശ്വാസങ്ങളും നമുക്കൊപ്പം യാത്ര ചെയ്യുന്നു. മരിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യവും നീതിബോധവും നമ്മുടെ യാത്രയുടെ തുടക്കത്തിലുണ്ടായിരുന്നു. ഇടയ്ക്കൊരു രാത്രി കഴിഞ്ഞുണർന്നപ്പോൾ അതൊക്കെ മരിച്ചതായി നാം മനസ്സിലാക്കി. ചിത്രപ്പണികളാൽ അലങ്കരിച്ച കട്ടിയുള്ള പടുതകൾ കൊണ്ട് നാമിതിനെയെല്ലാം സമർത്ഥമായി മറച്ചു പിടിച്ചു. ഹെയ് ഒരു കുഴപ്പവുമില്ല അയാൾ അല്പം അസുഖം ബാധിച്ച് ഉറങ്ങുകയാണെന്ന് സംശയാലുക്കളായ സഹയാത്രികരെ തെര്യപ്പെടുത്തി നാം മൃതദേഹത്തിന് കൂട്ടിരിക്കുന്നു.
മരിച്ചവരെ ഓർത്തല്ല നമ്മുടെ സങ്കടങ്ങൾ. നമ്മെ ഓർത്താണ്. അറിഞ്ഞുകൂടാത്ത ഒരു തീവണ്ടിയാപ്പീസിലെ അജ്ഞാതമായ ഏതോ പ്ലാറ്റ്ഫോറത്തിൽ നമ്മെ അധികൃതർ ഇറക്കിവിടുമൊ എന്ന് ഓർത്താണ് നമ്മുടെ നടുക്കങ്ങൾ. ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ മരണം സംഭവിക്കുമ്പോഴും തന്നെ സ്വീകരിക്കാൻ കാത്തു നിൽക്കുന്ന ബന്ധുക്കളെ ഓർത്ത് നാം ആഹ്ലാദചിത്തരാവുകയാണ്. നാം നല്ല അഭിനേതാക്കളും നല്ല തിരക്കഥാകൃത്തുക്കളുമാണ്. നമുക്കു ബാധ്യതയാകുന്നവർ പെട്ടെന്നു മരിച്ചുകിട്ടാൻ നാം കൊതിക്കുകയാണ്. നീതിബോധത്താൽ ത്യാഗഭാരത്താൽ സമർപ്പണത്താൽ മൂല്യസംഹിതകളാൽ ആദർശധീരതയാൽ ഒരിക്കൽ തിളങ്ങി നിന്ന് ചരിത്രത്തെ കീഴടക്കിയവരെ നാം ചരിത്രത്തിൽ നിന്ന് ഒഴിവാക്കുകയാണ്. അഥവാ മരണത്തിന്റെ വലിയൊരു പുതപ്പ് കൊണ്ട് നാം അവരെ മൂടുകയാണ്. എന്നിട്ട് നാം നമ്മെത്തന്നെ അവിടേക്ക് പ്രതിഷ്ഠിക്കുകയാണ്. എഡിത്തിന്റെ കഥയുടെ അവസാനത്തിൽ ഭാര്യ കാലിടറി കമഴ്ന്നടിച്ചു വീഴുകയാണ്, മരിച്ചയാളിന്റെ ബർത്തിൽ തലയിടിച്ചുകൊണ്ട്.
എഡിത്ത് വാർട്ടൺ ഈ കഥ രചിച്ച കാലഘട്ടത്തെക്കുറിച്ചു കൂടി ഈ അവസരത്തിൽ ഓർമ്മിക്കുന്നത് ഉചിതമാണ്. ഗിൽഡഡ് കാലഘട്ടം (Gilded Age) എന്നാണ് ഇത് അമേരിക്കൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. ഏകദേശം 1877 മുതൽ 1900 വരെയായിരുന്നു ഈ കാലം. അതായത് പുനർനിർമ്മാണ ഘട്ടത്തിനും പുരോഗമന രാഷ്ട്രീയ കാലാവസ്ഥയ്ക്കും ഇടയ്ക്കുള്ള സാൻഡ്വിച്ച് കാലം. വടക്കു പടിഞ്ഞാറൻ ഐക്യനാടുകളിൽ ശീഘ്രഗതിയിലുള്ള വികസനക്കുതിപ്പ് സംഭവിച്ചത് ഈ കാലത്തായിരുന്നു. റോഡുകളും റെയിൽപ്പാതകളും വികസനത്തിന്റെ അടയാള മുദ്രകളായിരുന്നു. കുടിയേറ്റം വർധിക്കുകയും വേലക്കാർ അടിമകളെപ്പോലെ പണിയെടുക്കുകയും ചെയ്തിരുന്ന കാലം. എന്നാൽ ദക്ഷിണ സംസ്ഥാനങ്ങൾ സിവിൽ വാറിന്റെ കെടുതികളാൽ ക്ഷീണിതമായിരുന്നു. വികസനം അവിടേക്ക് എത്തിനോക്കിയില്ല. അസന്തുലിതാവസ്ഥയുടെ അസമത്വത്തിന്റെ ഈ കാലത്തെ വികസനം എന്ന മന്ത്രാക്ഷരി കൊണ്ട് ഭരണകൂടം മറച്ചു വെയ്ക്കാൻ ശ്രമിച്ചത് ക്രാന്തദർശിയായ എഴുത്തുകാരി നിശ്ചയമായും കണ്ടറിഞ്ഞിരിക്കണം. എഴുത്തിന്റെ ഉജ്വല നിമിഷങ്ങളിൽ തന്റെ കാലവും ദേശവും അവരുടെ അബോധത്തിൽ ഊർജ്ജസ്വലമായി ചുറ്റിക്കളിച്ചിരിക്കണം.