ചരിത്രം കൂടുതൽ പ്രധാനപ്പെട്ട സാമൂഹ്യ വ്യവഹാരമായി നമ്മുടെ സമകാലികാവസ്ഥയിൽ മാറിയിരിക്കുന്നു. സമീപകാലയളവിലെ വളരെ പ്രധാനപ്പെട്ട പല കോടതിവിധികളും ചരിത്രത്തിന്റെ അടരുകളിൽ നിന്നും സത്യത്തിന്റെ വെളിച്ചം തേടിക്കൊണ്ടുള്ളതായിരുന്നു. കേവലം ക്ലാസുമുറികളിൽ നിന്നും അക്കാദമിക് അകത്തളങ്ങളിൽ നിന്നും ചരിത്രബോധം ജനതതികളിലേക്കു പടർന്നു കയറുന്നു. ദൈനംദിന സംവാദങ്ങളിലും ചർച്ചകളിലും ചരിത്രം പ്രധാന വിഷയമായി മാറുന്നു. നമ്മുടെ മികവുറ്റ പ്രഭാഷകർ ചരിത്രത്തിലേക്ക് വലിയ ആവേശത്തോടെ പ്രവേശിക്കുന്നു.
ഇളങ്കുളം കുഞ്ഞൻ പിള്ളയും ഇ. ശ്രീധരമേനോനും മുതൽ കേശവൻ വെളുത്താട്ടും ഗംഗാധരൻ മാഷും വരെ വിചാരണ ചെയ്യപ്പെടുന്നു. ബിപാൻ ചന്ദ്രയുടെയും റൊമില ഥാപ്പറുടെയും കൃതികൾ വ്യാപകമായി പഠിക്കപ്പെടുന്നു. ചരിത്രത്തിലെ ഇതിഹാസവ്യക്തിത്വങ്ങൾ ജനപ്രിയ സിനിമകളിൽ തിളങ്ങുന്നു. നോവലിലും ചെറുകഥയിലും ചരിത്രം വന്നു പരക്കുന്നു. ഗവേഷണ വിദ്യാർത്ഥികൾ ആരും ചവിട്ടാത്ത മണ്ണടരുകൾക്കുള്ളിലേക്ക് നൂണ്ടുകയറുന്നു. ചരിത്രമങ്ങനെ വളരെ ജനപ്രിയവും അതേസമയം കൂടുതൽ പ്രധാനപ്പെട്ട പഠനമേഖലയും ആയിത്തീർന്നിരിക്കുന്നു.
അതോടൊപ്പം ചരിത്രം വല്ലാതെയങ്ങ് പോളറൈസ് ചെയ്യപ്പെടുകയും തങ്ങളുടെ പ്രത്യയശാസ്ത്രത്തിനും ഹീനതാത്പര്യങ്ങൾക്കും ചേരുംപടി ഭയങ്കരമാം വിധം വളച്ചുപൊളിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഭരണകൂടത്തിന്റെ സ്മാർട്ടായ ശിങ്കിടികളായി മാറി അവരുടെ താത്പര്യങ്ങളുടെ സംരക്ഷകരായി ഒരുപറ്റം ചരിത്രകാരന്മാർ മാറുന്നതും വിതണ്ഡ വാദങ്ങൾ കൊണ്ടും സത്യത്തിനു ചേരാത്ത വസ്തുതകളെ വാസ്തവപ്രതീതി ജനിപ്പിക്കുന്നവയായി അവതരിപ്പിച്ചു കൊണ്ടും ചരിത്രത്തെ കലുഷിതമാക്കുകയും പൊതുജനങ്ങളിൽ ആശയക്കുഴപ്പവും വിഭാഗീയതയും ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സത്യത്തെ തുരുമ്പിച്ച തകരപ്പാട്ട കൊണ്ട് മറയ്ക്കുന്ന ഇത്തരം പ്രക്രിയകൾ ക്ഷണികമാണെങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. ആയതിനാൽ ജനങ്ങൾ കൂടുതലായി ചരിത്രത്തിലേക്കു ശ്രദ്ധയൂന്നുന്നത് ഒരു ജനാധിപത്യരാജ്യത്തെ കൂടുതൽ ബലപ്പെടുത്തുന്ന നല്ലകാര്യമാണ്.
വിപണിയിൽ വിറ്റുപോകുന്ന പുസ്തകങ്ങളുടെ ലോകം തന്നെയെടുക്കുക. കവിതയെക്കാളും നോവലിനെക്കാളും ജനപ്രിയമായി മാറിയിരിക്കുന്നു ചരിത്രഗ്രന്ഥങ്ങൾ. സാഹിത്യസദസ്സുകളിൽ ചരിത്രകാരന്മാർ ചിരസാന്നിധ്യമാവുന്നു. ചരിത്രകാരന്മാർതന്നെ
സാഹിത്യരചനകളെ അപഗ്രഥിക്കുന്നു. നോവലിസ്റ്റുകൾ ചരിത്രത്തെ അത്ഭുതകരമായി പ്രണയിക്കുന്നു. നിരൂപകർ ചരിത്രത്തിൽ നിന്നും വ്യാഖ്യാനത്തിന്റെ ഊർജം ഊറ്റിയെടുക്കുന്നു. അങ്ങനെ സർവതും ചരിത്രത്തിന്റെ ദിവ്യസ്പർശമേറ്റ് വെട്ടിത്തിളങ്ങുന്ന ഒരു കാലമാണിതെന്നു തോന്നുന്നു. ഈ ആഹ്ലാദകാലത്തിന്റെ അർത്ഥസമ്പന്നമായ ഫലശ്രുതിയാണ് സമീപകാലത്ത് എഴുത്തിലെ മാസ്മരികതയിലൂടെ യുവതാരമായി തിളങ്ങിനിൽക്കുന്ന മനു എസ്. പിള്ള എന്ന യുവ ഇംഗ്ലീഷ് ചരിത്രകാരനായ മധ്യതിരുവിതാംകൂർ മലയാളി. തിരുവിതാംകൂർ രാജവംശത്തിന്റെ നൂറ്റാണ്ടുകളിലെ സംഭവ ബഹുലതകൾ ആകർഷകമായി ആവിഷ്കരിച്ച ‘The Ivory Throne’, മധ്യകാല ഡക്കാണിലെ ഉഗ്രപ്രതാപികളായ സുൽത്താന്മാരുടെ റിബലിയസ് ജീവിതമെഴുതിയ ‘The Rebel Sultans’ എന്നീ പുസ്തകങ്ങൾക്കു ശേഷം ഈ വർഷം അദ്ദേഹം രചിച്ച മറ്റൊരു മികച്ച ഗ്രന്ഥമാണ് The Courtesan, the Mahatma & the Italian Brahmin (Westland Publications Pvt. Ltd.-2019.
തന്റെ മുൻ പുസ്തകങ്ങളെപ്പോലെ കൃത്യമായ വിഷയത്തെ കേന്ദ്രീകരിച്ചുള്ള ചരിത്രപാഠമല്ലിത്. 2016 മുതൽ ഇംഗ്ലീഷ് പത്രമായ ‘Mint Lounge’-ൽ എഴുതിത്തുടങ്ങിയ പ്രതിവാരകോളത്തിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണീ പുസ്തകം. അതീവ ഹൃദ്യതയാർന്ന ആഖ്യാനത്തിലൂടെ ചരിത്രത്തിലെ നന്മകളെ വീണ്ടെടുക്കുകയാണ് മനു ലളിതമായ ഭാഷയിലെഴുതപ്പെട്ട ഈ ചരിത്ര പുസ്തകത്തിലൂടെ.
ഈ ഗ്രന്ഥത്തിലെ ഓരോ അടരുകളിലും കൗതുകങ്ങളുടെ ചേപ്പേടുകൾ മനു തുറന്നിടുന്നു. 1684-ൽ 12 വയസ്സുകാരനായ ഒരു മറാത്തി ബാലൻ (ഛത്രപതി ശിവജിയുടെ ബാഞ്ച) തഞ്ചാവൂരിലെ ഭരണാധികാരിയായി വാഴിക്കപ്പെടുന്നത്, ഒരു കെട്ടിടംപണിക്കിടയിൽ സംഭവിച്ച അപകടത്തിൽ മരിച്ച ചൊക്കമേളയുടെ എല്ലുകൾ ദൈവനാമം പാടിക്കൊണ്ടിരുന്നത്, 16-ാം നൂറ്റാണ്ടിൽ ഗോൽകൊണ്ടയിലെ രാജാവായിരുന്ന കുത്തബ് ഷാ, ഇബ്രാഹിമിൽ നിന്ന് അഭിരാമയിലേക്ക് തന്റെ പേര് മാറ്റിയെടുത്തത്, ഡക്കാണിലെ ഇബ്രാഹിം ആദിൽഷാ തന്റെ നഖങ്ങളിൽ ക്യൂട്ടക്സ് ഇടാറുണ്ടായിരുന്നത്, സംസ്കൃതത്തിൽ ആഴമേറിയ പാണ്ഡിത്യമുണ്ടായിരുന്ന ഈ ബിജാപ്പൂർ ചക്രവർത്തി പൊതുസഭയിൽ മറാത്തി ഭാഷ സംസാരിച്ചിരുന്നത്, ഏറ്റവും ദയാലുവായിരുന്ന മുഗൾ ചക്രവർത്തി ജഹാംഗീർ തന്റെ തോട്ടത്തിലെ പ്രിയപ്പെട്ട മരങ്ങൾ മുറിച്ചു മാറ്റിയ തോട്ടക്കാരന്റെ വിരലുകൾ അറുത്തുകളഞ്ഞത്, മധുരയിലെ ദേവി മീനാക്ഷിക്ക് മൂന്നു മുലകളുണ്ടായിരുന്നത്, 16-ാം നൂറ്റാണ്ടിലെ പോർച്ചുഗീസ് വ്യാപാരികളുമായി കൊച്ചിരാജ്യത്തെ മാറുമറയ്ക്കാത്ത രാജകുമാരികൾ കച്ചവട വിലപേശൽ ചർച്ചകൾ നടത്തുന്നത്, 1757ലെ പ്ലാസിയുദ്ധത്തിലൂടെ ഇന്ത്യാചരിത്രത്തിലെ പരമ വില്ലനായിത്തീർന്ന റോബർട്ട് ക്ലൈവ് തനിക്ക് ധരിക്കാനായി ഇരുനൂറോളം ഉടുപ്പുകൾ വാങ്ങിക്കൂട്ടിയത്, കൽക്കത്തയിൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ച വില്യം ജോൺസ് കേവലം പതിമൂന്നാം വയസ്സിൽ തന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചത്, അവ്ധിലെ അവസാന ചക്രവർത്തിയായിരുന്ന വാജിദ് അലി ഷാ തന്റെ ഇടതു മുലക്കണ്ണ് പ്രദർശിപ്പിച്ചുകൊണ്ടുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നത്, അടിമത്തം അവസാനിപ്പിച്ചതിലുള്ള സന്തോഷാധിക്യത്താൽ മഹാത്മാ ജ്യോതിറാവു ഫുലെ 1873-ൽ എഴുതിയ ഗുലാംഗിരി (ഏഴഫടബ ഏധറധ) എന്ന ഗ്രന്ഥം നല്ലവരായ എല്ലാ അമേരിക്കക്കാർക്കും സമർപ്പിച്ചത്, പ്രധാനപ്പെട്ട ഉത്സവ വിരുന്നുകളിലെല്ലാം തിരുവിതാംകൂർ മഹാറണിമാർക്ക് നാലു തരം പായസം വിളമ്പിയപ്പോൾ അവരുടെ പാവം ഭർത്താക്കന്മാർ രണ്ടു തരം കൊണ്ട് തൃപ്തരായും, തങ്ങളുടെ ഭാര്യമാർക്കു പിറകിൽ മാത്രം സഞ്ചരിക്കാനും വിധിക്കപ്പെട്ട് അപമാനിതരായത്, ഇന്ത്യയിൽ കിടന്ന് വല്ലാതെ വിലസിയ ലോർഡ് മെക്കാളെയെ സ്വന്തം നാട്ടുകാർ കാര്യമായി ഗൌനിക്കാതെയിരുന്നതും മാർക്സ് അയാളുടെ ‘ഒധലളമറസ മത ഋഭഥഫടഭഢ’നെ മുൻനിർത്തി ചിട്ടപ്രകാരം ചരിത്രത്തിൽ കൃത്രിമത്തം കാണിച്ചയാൾ എന്ന് അപഹസിച്ചത്, 1909-ലെ വേനൽക്കാലത്ത് കല്യാണം കഴിക്കാനായി തിരുച്ചിറപ്പള്ളിയിലേക്ക് യാത്ര തിരിച്ച ശ്രീനിവാസ രാമാനുജന് തീവണ്ടി വൈകിപ്പോയതുമൂലം താമസിച്ചെത്തിയതു കൊണ്ട് തന്റെ ഭാവിഅമ്മായിയച്ഛനിൽ നിന്ന് ഭീകരമായ ദേഷ്യം നേരിടേണ്ടി വന്നത്, ദൈവത്തിനെതിരെ തന്റെ മനസ്സിനെ കഠിനമാക്കിക്കൊണ്ട് വിവാഹജീവിതം പോലും തകർത്തെറിഞ്ഞ് പൊതുസമൂഹത്തിലിറങ്ങിയ ആനി ബസന്റ് ഒടുവിൽ മതാത്മകതയിൽ എത്തിച്ചേർന്നത്….. അങ്ങനെയങ്ങനെ ഒരുപാടൊരുപാട് അത്ഭുതകൗതുകസമന്വയം മനു വരഞ്ഞിടുന്നു.
ചരിത്രത്തിലെ നന്മകളെയാണ് ഈ യുവചരിത്രകാരൻ വീണ്ടെടുക്കുന്നത്. അധികാരത്തിന്റെ മൊത്തക്കച്ചവടക്കാർക്ക് സുഖം പകരാനായി ചരിത്രത്തിന്റെ ചാരിത്ര്യത്തെ ചവിട്ടി മെതിക്കുന്ന ചാവേറുകളായ സോകാൾഡ് ചരിത്രപണ്ഡിതരെ പുച്ഛിച്ചകറ്റുകയും മനുഷ്യനെയും മനുഷ്യനെയും തമ്മിൽ മതത്തിന്റെയും ജാതിയുടെയും പേരിൽ നിരന്തരം വൈരികളാക്കുന്ന ഹിംസാത്മക ചരിത്ര വ്യാപാരങ്ങളെ നിരാകരിക്കുകയും ചെയ്തുകൊണ്ട് ചരിത്രത്തിന് മാനുഷികതയുടെ മുഖം നൽകാനുള്ള വലിയ ശ്രമംതന്നെയാണ് മനു നടത്തുന്നത്. അതിഗൗരവമാർന്ന ഒരു ചരിത്രഗവേഷണമല്ലിത്. വേണ്ടത്ര അക്കാദമിക് സീരിയസ്നെസ്സ് ഇതിനൊട്ടുമേയില്ല താനും. ആഴത്തിൽ പഠനം നടത്തുന്നവർ ഈ പുസ്തകത്തെ ഒട്ടുമേ ഗൗനിക്കേണ്ടതുമില്ല. എന്നാൽ നെറ്റ്ഫ്ളിക്സിന്റെയൊക്കെ വെർച്വൽ ലോകത്ത് നിന്ന് ന്യൂജൻ തലമുറ അച്ചടിച്ച
പുസ്തകങ്ങളുടെ വിശിഷ്ട ഗന്ധത്തിലേക്ക് ഒഴുകിയെത്തുന്നുവെന്നതിന് ഈ പുസ്തകം നല്ലൊരു പ്രമാണസാക്ഷ്യമാണ്. മധ്യകാല ഇന്ത്യയുടെ മാർബിൾ പടവുകളിലിരുന്ന് ഒരു റൊമാന്റിക് ഇൻസൈഡർ ഇരുപത്തൊന്നാം നൂറ്റാണ്ടിനയച്ചു തന്ന പ്രണയക്കത്തുകളുടെ സമാഹാരമാണീ പുസ്തകം. അക്കാദമികമായ യാതൊരു ജാർഗണുകളുമില്ലാതെ ഒരു ചങ്ങമ്പുഴക്കവിത പോലെ ചരിത്രം വന്ന് നമ്മെ തഴുകിയുണർത്തുന്നു ഈ ഗ്രന്ഥത്തിലൂടെ.
ആർദ്രതയുടെ അമരകാന്തി
ചില കഥകൾ അങ്ങനെയാണ്. ആദ്യ വായനയിൽ അതു നമ്മെ വേണ്ടത്ര വശീകരിച്ചുകൊള്ളണമെന്നില്ല. എന്നാൽ പുനർ
വായനയുടെ നിമിഷങ്ങളിൽ അത് നിസ്സീമമായ ആസ്വാദ്യതയിലേക്ക് നമ്മെ വീഴ്ത്തിക്കളയും. മുൻപതിനെ അലസമായി വായിച്ച് കടന്നുപോയതോർത്ത് നാം ഖിന്നരാവും. അത്തരമൊരു കഥയാണ് എന്നെ സംബന്ധിച്ചിടത്തോളം ബഷീറിന്റെ ‘കേശു മൂപ്പൻ’. മരണം നിറഞ്ഞു നിൽക്കുന്ന കഥയാണ് ‘കേശുമൂപ്പൻ’.
എന്നാൽ ഇതിലും നമ്മെ കീഴടക്കുന്നത് അദ്ദേഹത്തിന്റെ മഹാകഥകളിലെങ്ങും അത്ഭുതകരമായി നിറഞ്ഞു പരക്കുന്ന ആർദ്രതയുടെ അമരകാന്തി തന്നെയാണ്. ”അച്ഛനെ കൊണ്ടു പോയി മൃദുവായി കുഴിച്ചുമൂടുക” എന്ന് ബഷീർ തന്റെ കയ്യിലിരുന്ന പണം നൽകിക്കൊണ്ട് മരിച്ചയാളുടെ തീർത്തും പാവപ്പെട്ട യുവതിയായ മകളോട് പറയുന്നത് ഈ കഥയിലാണ്. സകല ചരാചരങ്ങളോടുമുള്ള അളവറ്റ ആർദ്രതയും കരുണയും കൊണ്ട് നിർമിതമായ ബഷീറിയൻ സാഹിത്യത്തിൽ ഒരിക്കലും അവഗണിക്കപ്പെടേണ്ടതല്ലാത്ത ഈ കഥയെ സുതാര്യവും സുഭഗവും ലഘുവുമായ ഒരു പഠനത്തിലൂടെ വീണ്ടെടുക്കുന്നു സജയ് കെ.വി.
”കുല്ലു നഫ്സിൻ ദായിക്കത്തുൽ മൗത്ത്” എന്ന ശീർഷകത്തിലുള്ള പഠനം അദ്ദേഹത്തിന്റെ ഈയിടെ പുറത്തിറങ്ങിയ ‘അടക്കവും അനക്കവും’ എന്ന പുസ്തകത്തിൽ വായിക്കാം. ശ്രദ്ധയിൽ നിന്ന് വഴുതിപ്പോയ ഈ കഥയെ തിരിച്ചു പിടിച്ച് തന്നതിന് സജയ് താങ്കൾക്ക് നന്ദി. എന്നാൽ ആശ്ചര്യകരമെന്നു പറയട്ടെ ഡി.സി. ബുക്സ് പുറത്തിറക്കിയ ബഷീറിന്റെ സമ്പൂർണ കൃതികളിൽ ഈ കഥ ഉൾപ്പെടുത്തിയിട്ടില്ല. അത് തികഞ്ഞ അപരാധമാണെന്ന് തോന്നുന്നു. ബഷീറിന്റെ ഒരു രചനയും മൃദുവായി കുഴിച്ചു മൂടപ്പെടേണ്ടവയല്ല.
പ്രതീക്ഷയുടെ തുരുത്തുകൾ
ഇക്കഴിഞ്ഞ ദിവസങ്ങളിൽ വായിച്ച മൂന്നു കഥാഗ്രന്ഥങ്ങളാണ് സോക്രട്ടീസ് കെ. വാലത്ത് എഴുതിയ ‘വെറോണിക്ക ഃ 15’,
എൻ. പ്രദീപ് കുമാറിന്റെ ‘തിരഞ്ഞെടുത്ത കഥകൾ’, പി.വി. ഷാജികുമാർ രചിച്ച ‘ഉള്ളാൾ’ എന്നിവ. തികച്ചും കാലികമായ പ്രമേയങ്ങൾ ചാരുതയാർന്ന ആക്ഷേപഹാസ്യത്തോടെ അവതരിപ്പിക്കുന്ന ഈ യൗവനക്കാരുടെ കഥകൾ നല്ല വായനക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നു. ഈ മൂന്നു പേരുടേയും മിക്ക കഥകളിലും, മലയാളിയുടെ ലൈംഗിക അരാജകത്വം കേന്ദ്രപ്രമേയമായി കടന്നുവരുന്നതും ഏറെക്കുറെ മുഴുനീളെ പരിഹാസ്യം നിറച്ചുവച്ച ഭാഷയാൽ അതിനെ പുറത്തിട്ടലക്കുന്നതും കൗതുകകരമായ കാഴ്ചയാണ്. മാറിമറിഞ്ഞ ലോകക്രമവും നവമാധ്യമസ്വതന്ത്രലോകവും കേരളത്തെ ഞരമ്പുരോഗികളുടെ ഒരു വലിയ പറുദീസയാക്കി മാറ്റിയിരിക്കുന്നു. ഇത്തരക്കാരെക്കുറിച്ചുള്ള വാർത്താവിശേഷങ്ങളില്ലാത്ത ഒറ്റ ദിവസം പോലും നമ്മെ കടന്നുപോകുന്നില്ല. ഈയിടെ ഒരാൾ പറഞ്ഞ ഫലിതം താൻ പത്രത്തിൽ ആകെ വായിക്കുന്നത് ഇത്തരം വാർത്തകൾ മാത്രമാണെന്നാണ്. കൂടത്തായി ആഘോഷമാക്കുന്ന മാനസിക വൈകൃതം മലയാളിക്ക് മാത്രം സ്വന്തം. അപകടകരമാംവിധം തകർച്ചയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു മലയാളിയുടെ ലൈംഗിക സാംസ്കാരികത. ഈ തകർച്ചയെക്കുറിച്ചുള്ള സങ്കടവും ഭയവും ഈ കഥാകാരന്മാരെ മഥിക്കുന്നു. തങ്ങളുടെ മാധ്യമത്തിലൂടെ അവരതിനെ പകർത്തുന്നു. രാഷ്ട്രീയക്കാരനോ മതനേതാവിനോ സയന്റിസ്റ്റിനോ നമ്മുടെ നാടിന്റെ ഈ പോക്കിൽ ഒരു വ്യസനവും തോന്നുന്നില്ല.
പക്ഷേ എഴുത്തുകാർ, അതെ, എഴുത്തുകാർ ഇതിൽ ഖിന്നരാണ്. അതുകൊണ്ട് സകലതും തകിടം മറിയുമ്പോഴും, പ്രതീക്ഷയുടെ തുരുത്തായി എഴുത്തുകാർ നിലകൊള്ളുന്നു. അവർക്കെന്റെ നമോവാകം.
മരണത്തെ ചെറുത്തു നിർത്തുന്നവർ
സ്നേഹത്തിന്റെയും സമത്വത്തിന്റെയും അവകാശങ്ങൾക്കു നിരക്കാത്ത സാമൂഹികമായ ആശയങ്ങളെയും മൂല്യ സംഹിതകളെയും സംമ്പ്രദായ സംവിധാനങ്ങളെയും അവയുടെ മൂടുപടം വലിച്ചെറിഞ്ഞ് തുറന്നു കാട്ടിയ ധീരനായ പ്രവാചകനായിരുന്നു ഫാ. സെബാസ്റ്റ്യൻ കാപ്പൻ എന്ന കാപ്പനച്ചൻ. ക്രിസ്തുവിന്റെ സുവിശേഷത്തിലെ സാമൂഹ്യദർശനത്തെ സർഗാത്മക ശക്തിയാക്കി നിർത്തിക്കൊണ്ട് ഭൂമിയിൽ സ്വർഗരാജ്യനിർമിതി ആയിരുന്നു അദ്ദേഹത്തിന്റെ പരമമായ ലക്ഷ്യം. പാർശ്വവത്കൃതരും പ്രകൃതിയും കീഴാളജീവിതങ്ങളും അടിച്ചമർത്തപ്പെട്ടവരും അനാഥരും വിധവകളും കുടിയിറക്കപ്പെട്ടവരും നീതി നിഷേധിക്കപ്പെട്ടവരും കാപ്പനച്ചന്റെ സ്വർഗരാജ്യത്തിന്റെ നേരവകാശികളായി. മാനുഷിക വികാസത്തിന്റെ വിശാലമായ ഭൂമികയിൽ നിന്നു കൊണ്ട് വിപ്ലവത്തിന്റെ ക്രൈസ്തവമായ ആന്തരാർത്ഥത്തെ വ്യാഖ്യാനിച്ച ഈ ധിഷണാശാലിയെ സഭയും സമൂഹവും നിരാകരിച്ചു. പുരോഗമന ആശയങ്ങളോട് ആപത്കരമായ വിമുഖത പുലർത്തിയിരുന്ന സഭയുടെ അകത്തളങ്ങൾ കാപ്പനെതിരെ അമർഷം കൊണ്ട് പുകഞ്ഞു. മൗനം കൊണ്ട് ആശയങ്ങളെ തുരത്താം എന്ന തന്ത്രമുപയോഗിച്ച് അവർ കാപ്പനെ ചെറുത്തു. സഭയുടെ ഉൾമുറികളിൽ വിമർശകൻ നേരിടുന്ന കഠിന വിധി തന്നെയായിരുന്നു അദ്ദേഹത്തിനും നേരിടേണ്ടി വന്നത്. മധ്യകാലയളവിൽ പീഡിപ്പിച്ച് കുറ്റിയിൽ ചുട്ടെരിക്കുകയായിരുന്നു പതിവെങ്കിൽ ഇവിടെയത് ക്രൂരമായ മാനസികപീഡനങ്ങളാണ്. ബിഷപ്പ് തന്നെ ബലാത്സംഗം ചെയ്തെന്ന് പരാതിപ്പെട്ട ഒരു കന്യാസ്ത്രീയുടെയും അവരെ പിന്തുണച്ച കൂട്ടുകാരികളുടെയും ഇക്കാലയവസ്ഥ നോക്കുക. പൊതുസമൂഹം പോലും തുടക്കത്തിലെ ചില മാധ്യമ ഒച്ചകൾക്കുശേഷം അവരെ പാടെ മറന്നുകളഞ്ഞിരിക്കുന്നു. സഭ ചിരിക്കുന്നു. തങ്ങളുടെ സിസ്റ്റത്തിന്റെ ഏകാധിപത്യപരമായ കേഡർ സ്വഭാവത്തെപ്പറ്റി ഊറ്റം കൊള്ളുന്നു. ഫലമോ… കാപ്പനച്ചൻ പേരെടുത്തു വിമർശിച്ച പ്രവണതകളെല്ലാം ഒന്നൊന്നായി പൂർവാധികം ശക്തിയോടെ വളർന്ന് പടർന്ന് നമ്മുടെ സമകാലത്തെ കീഴടക്കിയിരിക്കുന്നു. കാമകേളികൾ, വസ്തുക്കച്ചവടങ്ങൾ, സ്വാശ്രയസെറ്റപ്പുകൾ, ആഡംബരഭ്രമങ്ങൾ, പൊതുവഴിയിൽ മൃതദേഹം തട്ടിക്കളിക്കൽ, അനാചാരക്കൂത്തുകൾ, പോക്സോ, സ്വയം കൊല്ലൽ, അച്ഛനെക്കൊല്ലൽ… അങ്ങനെയങ്ങനെ മരണത്തിനു സമാനമായൊരു ധാർമിക ജീർണതയിലേക്ക് സഭയും സമൂഹവും കൂപ്പുകുത്തി വീഴുന്നു.
ജീവനെ പ്രണയിക്കുന്നവർ മരണത്തെ തടയുന്നു. നിഷ്കപടമായ ആധ്യാത്മികതയുടെയും സാംസ്കാരികമഹിമയുടെയും നി
റവിൽ കഴിയുന്നവർക്ക് ഈ മൂല്യത്തകർച്ചയെ ചെറുക്കാതെ പറ്റില്ല. അതിനായവർ ചരിത്രം നിന്ദാപൂർവം നിരാകരിച്ച വലിയ
ജ്ഞാനികളെ തിരിച്ചു കൊണ്ടു വരും. ‘എഴുത്ത്’ മാസികയുടെ ഡിസംബർ ലക്കം കേരളീയ പൊതുബോധനിർമിതിയിലേക്ക് ഫാ. എസ്. കാപ്പനെ തിരിച്ചുകൊണ്ടു വരികയാണ്. ‘ഫാസിസവും പ്രതിസംസ്കൃതിയും കാപ്പന്റെ കാഴ്ച്ചപ്പാടിൽ’ എന്ന സവിശേഷമായ ശീർഷകത്തിലൂടെ കാപ്പന്റെ ദർശനബഹുലതയെ മാസിക വിപുലമായ ചർച്ചയ്ക്കെടുക്കുന്നു. എം.കെ. സാനു, സുനിൽ പി. ഇളയിടം, ശിവ വിശ്വനാഥൻ, പോൾ തേലക്കാട്ട്, എസ്. പൈനാടത്ത്, മേഴ്സി കാപ്പൻ എന്നിവരാണ് ശ്രദ്ധേയമായ ഈ സംവാദത്തിൽ പങ്കെടുക്കുന്നത്. കാപ്പനച്ചനെ സമകാലിക പശ്ചാത്തലത്തിൽ വിലയിരുത്തുന്ന പഠനങ്ങളാണിവരെല്ലാം നടത്തുന്നത്.
യുക്തിക്കു പകരം വിശ്വാസവും, ശാസ്ത്രീയ വീക്ഷണങ്ങൾക്കു പകരം മാന്ത്രിക ഏലസ്സുകളും അനായാസം ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞ ഈ കാലത്ത് മതമെന്നാൽ കേവലം വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും മാത്രമായിരിക്കുന്നു. മതമെന്നാൽ സ്നേഹവും നന്മയുമാണെന്നത് നമ്മുടെ നിനവിൽ വരുന്നതേയില്ല.
കാപ്പനച്ചന് മതമെന്നാൽ സ്നേഹമായിരുന്നു. ”വിപ്ലവത്തിൽ നിന്ന് വിശ്വാസത്തിലേക്ക്” എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ പുസ്തകം മാർക്സിനും ക്രിസ്തുവിനുമിടയിൽ നിർമിച്ച സുന്ദരമായൊരു കോറിഡോറായാണ് വിലയിരുത്തപ്പെട്ടതെങ്കിലും അത് ആത്യന്തികമായി സ്നേഹാർദ്രതയുടെ മഷി കൊണ്ട് ക്രിസ്തുവിന് എഴുതി സമർപ്പിച്ച ആശയഗീതങ്ങളായിരുന്നു. പാപമെന്നത് അന്ത്യവിശകലനത്തിൽ സ്നേഹിക്കാതിരിക്കലാണ് എന്നദ്ദേഹം കുറിച്ചത് ഈ ഗ്രന്ഥത്തിലാണ്; സ്നേഹത്തിന്റെ രൂപവിശേഷമായി നീതിയെ നിർവചിച്ചതും. ഒത്തിരി പ്രാർത്ഥിക്കുകയും ഒട്ടും സ്നേഹിക്കാതിരിക്കുകയും ചെയ്ത ‘ഭക്തക്രിസ്ത്യാനി’ക്കെതിരെ ആഞ്ഞടിച്ച, എല്ലാത്തരം ചൂഷക വർഗത്തെയും തുറന്നാക്രമിച്ച, മത വർഗീയ ഫാസിസത്തിനെതിരെ സദാ ജാഗ്രത്തായിരുന്ന, സ്വച്ഛന്ദമായ പ്രകൃതിയെ കൊള്ളയടിക്കുന്ന കോർപറേറ്റ് വാണിജ്യാധിപതികളെ ധീരതയോടെ എതിരിട്ട, സകല മേഖലയിലുമുള്ള വെള്ളയടിച്ച കുഴിമാടങ്ങളെയും വിട്ടുവീഴ്ചയില്ലാതെ പ്രഹരിച്ച കാപ്പനച്ചനെ ഈ പഠിതാക്കൾ കൃത്യമായി അവതരിപ്പിക്കുന്നു. സുനിൽ പി. ഇളയിടത്തിന്റെ ശ്രേദ്ധയവും മൗലികവുമായ ഒരു നിരീക്ഷണത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
”ദൈവശാസ്ത്രത്തിന്റെ താർക്കികമായ അതിർത്തികളിൽ കുടുങ്ങിക്കിടക്കാൻ അനുവദിക്കാതെ തത്ത്വചിന്തയുടെ തലത്തിലേക്ക് കടക്കുകയും തത്ത്വചിന്തയിൽ രൂപപ്പെട്ട ആശയാവലികളുമായി ഇതിനെ കൂട്ടിയിണക്കി ഇതിന്റെ അതിർത്തിയെ വലുതാക്കുകയും മുന്നോട്ടുകൊണ്ടു പോകുകയും ചെയ്ത ആളാണ് കാപ്പൻ”.
ഘനാന്ധകാരം വന്ന് സകലതിനെയും മൂടിക്കളയുന്ന ഈ കെട്ട കാലത്ത് പ്രത്യാശയുടെ ഗീതങ്ങൾ തന്ന ഇത്തരം ശുഭ്രമനുഷ്യരെ വീണ്ടെടുക്കാനുള്ള ഏതൊരു ശ്രമവും പ്രശംസനീയമാണ്. എഴുത്ത് മാസികയുടെ ഈ വലിയ സാംസ്കാരിക യജ്ഞത്തിനു നല്ല നമസ്കാരം.