കത്തോലിക്ക വൈദികർ പുറമേയ്ക്ക് എത്ര സൗമ്യരും ശാന്ത
രുമാണ്. തങ്ങൾ ആവശ്യപ്പെട്ടപ്രകാരം സ്‌കൂളുകളോ കോളജുകളോ
അനുവദിച്ചു കിട്ടാതിരിക്കുമ്പോഴോ ഇഷ്ടകാര്യങ്ങൾ സാധി
ച്ചുകിട്ടാതെ വരുമ്പോഴോ ചിലരൊക്കെ ആക്രോശം നടത്തുന്ന
തൊഴിച്ചുനിർത്തിയാൽ ക്രോധത്തിന്റെ തിരുവചനങ്ങൾ കൊണ്ട്
അവർ നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ ശല്യപ്പെടുത്താറേയില്ല.
ഇവരിൽ ബഹുഭൂരിപക്ഷവും വ്യക്തിപരമായി വളരെ നല്ല മനുഷ്യരാണെങ്കിലും
പ്രസ്ഥാനത്തിന്റെ ഭാഗമാകുമ്പോൾ, അണ്ടിയോടടുക്കുമ്പോൾ
മാങ്ങ അതിന്റെ പുളി കൊണ്ട് ഇളിഭ്യരാക്കുന്നതുപോലെ
നമ്മെ വ്യസനിപ്പിക്കും. ആസ്തികളും കർക്കശനിയമങ്ങ
ളും യാഥാസ്ഥിതിക ചിന്തകളുടെ ജഡഭാരങ്ങളും ചോദ്യം ചെയ്യ
പ്പെടാത്ത വിശ്വാസ സങ്കീർണതകളും ആധിപത്യം പുലർത്തുന്ന
പ്രസ്ഥാനങ്ങളുടെ ഭാഗമാവുമ്പോൾ വ്യക്തിപരമായി വിശുദ്ധരായവർ
പോലും വല്ലാതെ മാറിപ്പോകുന്നതു നമ്മെ ഞെട്ടിപ്പിക്കും.
അവർ ക്ഷമയുടെയും കാരുണ്യത്തിന്റെയും പാഠങ്ങൾ പഠിപ്പിച്ചുകൊണ്ടേയിരിക്കും.
അവർ സൗമ്യതയോടെ പുഞ്ചിരിക്കുകയും തങ്ങളുടെ
കൈകൾ മുത്തുന്നവരെ ഉദാരമായി ആശീർവദിക്കുകയും
ചെയ്യും. കൊയ്ത് കളപ്പുരയിൽ ശേഖരിച്ചുവയ്ക്കാത്ത ആകാശപ്പറവകളെക്കുറിച്ചുള്ള
ജീസസ്സിന്റെ ദൂതിനെ അവഗണിച്ച് അധി
കാരത്തിനും സമ്പത്തിനും പുറകെ ഭ്രാന്തമായ ആവേശത്തോടെ
പായുന്ന അവർക്കെതിരെ ശബ്ദിച്ചാൽ നിങ്ങൾ അനഭിമതരായി
മാറും. ആദ്യം അവഗണന കൊണ്ട് നിങ്ങളെ ഒറ്റപ്പെടുത്തും. പി
ന്നെ, സുശക്തമായ പ്രചരണോപാധികളുടെ ബലത്തിൽ നിങ്ങ
ളെ പാപത്തിന്റെ മൊത്തക്കച്ചവടക്കാരാക്കും. മരണം വരെ നി
ങ്ങൾ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കും. ഒടുവിൽ, തെമ്മാടിക്കുഴിയി
ലേക്ക് നിങ്ങളുടെ ശവമഞ്ചത്തെ അവർ നിറപുഞ്ചിരിയോടെ സ്വാഗതം
ചെയ്യും.
ഇല്ല, എറണാകുളം അതിരൂപതയുടെ വസ്തുവില്പനയെക്കുറിച്ചോ
വെറുക്കപ്പെട്ടവരുമായുള്ള അവരുടെ ക്രയവിക്രയങ്ങളെക്കുറിച്ചോ
അല്ല ഇവിടെ പരാമർശിക്കുന്നത്. അത്തരം ക്ഷുദ്രകാര്യ
ങ്ങളെപ്പറ്റി എഴുതി ഈ പംക്തിയുടെ വില കെടുത്തിക്കളയാൻ
ഞാൻ ആഗ്രഹിക്കുന്നില്ല. കത്തോലിക്കാ വൈദികരുടെ തെറ്റുകൾക്കെതിരെ
നിരന്തരം പോരാടുകയും, ദൈവകാരുണ്യത്തിന്റെ
നിഴൽ പോലും വീഴാത്ത അവരുടെ യാഥാസ്ഥിതിക മനോഘടനയെ
ആഞ്ഞിടിക്കുകയും, പ്രവൃത്തിയിലെ തിന്മകളെ വിശ്വാസത്തി
ന്റെ സങ്കീർണമായ ജപങ്ങൾ കൊണ്ട് മൂടിവയ്ക്കുന്ന അവരിലെ
പ്രവണതകളെ പ്രവാചകധീരതയോടെ ആക്രമിക്കുകയും, അവരുടെ
നിശിതമായ അവഗണനകളെ കാര്യമായി പരിഗണിക്കാതെ
തന്റെ അധരത്തെ ജ്വലിക്കുന്ന വീണയാക്കി മാറ്റുകയും, പൊൻ
കുന്നം വർക്കിയെപ്പോലെ അവരുടെ തെമ്മാടിക്കുഴികളെ പരിഹാസത്തിന്റെ
തുപ്പൽ കൊണ്ടു നിറയ്ക്കുകയും, ക്രിസ്തുവിലുള്ള വി
ശ്വാസത്തെ നീതിക്കു വേണ്ടിയുള്ള ഒടുങ്ങാത്ത പോരാട്ടമാക്കി മാറ്റുകയും,
നിലപാടുകളിൽ ഒരിക്കലും മായം ചേർക്കാതെ നമ്മുടെ
സാമൂഹ്യ ജീവിതത്തിൽ തലയുയർത്തി ജീവിക്കുകയും ചെയ്ത
ധീരനായ ഒരെഴുത്തുകാരന്റെ, ചിന്തകന്റെ, ആക്ടിവിസ്റ്റിന്റെ തിരോധാനത്തെ
ഓർമിക്കുകയും പ്രണാമമർപ്പിക്കുകയും ചെയ്യുകയാണ്.
പോയ വർഷത്തിന്റെ അവസാന ദിനങ്ങളിലൊന്നിൽ (2017
ഡിസംബർ 28) അന്തരിച്ച ജോസഫ് പുലിക്കുന്നേലിനുള്ള ആദരാഞ്ജലി.
പത്രാധിപർ എഴുതുമ്പോൾ
സുദീർഘമായൊരു കാലം മറ്റുള്ളവരെക്കൊണ്ട് നിരന്തരം എഴുതിപ്പിക്കുകയും
ഇപ്പോൾ എഴുതുകയും ചെയ്തുകൊണ്ട് നമ്മുടെ
സാംസ്‌കാരിക ലോകത്തെ പ്രകാശദീപ്തമാക്കുന്നു എസ്. ജ
യചന്ദ്രൻ നായർ. കല, സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം, സി
നിമ…… അദ്ദേഹത്തിന്റെ പേനയുടെ സഞ്ചാരപഥങ്ങൾ നിരവധിയാണ്.
സുതാര്യതയാണ് അദ്ദേഹത്തിന്റെ ഗദ്യത്തിന്റെ വിശി
ഷ്ടത. കൃത്യത അതിന്റെ ഘനസ്വഭാവമാണ്. ആശയ വ്യക്തതയാൽ
അത് തിളങ്ങുന്നു. അറിവിന്റെ സൂക്ഷ്മതലങ്ങൾ അത് വായനക്കാർക്ക്
പകരുന്നു. ചിലപ്പോൾ നമുക്ക് ഏറെ പരിചയമുള്ള
കാര്യങ്ങളെക്കുറിച്ചുപോലും അദ്ദേഹം എഴുതുമ്പോൾ വിരസത നമുക്കനുഭവപ്പെടുന്നില്ല.
‘പ്രസാധകൻ’ മാസികയുടെ 2018ലെ പുതുവത്സര
പതിപ്പിൽ, ഗാന്ധിജിയെ വധിച്ചതിന്റെ എഴുപതാം വാർ
ഷികം പ്രമാണിച്ച് അദ്ദേഹം എഴുതിയ ലേഖനവും (ഗാന്ധിജിയെ,
ഇനി മറക്കാം) എപ്പോഴുമെന്ന പോലെ ചിന്താപരമായ ആഹ്ലാദം
ഉളവാക്കുന്നതാണ്. നോക്കൂ, ”ബ്രിട്ടീഷ് മേൽക്കോയ്മയ്‌ക്കെതി
രെ നിരായുധമായ സമരം നയിച്ച ഗാന്ധിജിക്ക് വർഗീയ സ്പർധയുടെ
വിഷം നിറഞ്ഞ മനുഷ്യമനസ്സുകളെ നേരിടുക ദുഷ്‌കരം തന്നെയായിരുന്നു.
സഹനത്തിന്റെയും സഹിഷ്ണുതയുടെയും വഴികൾ
അവർ ഉപേക്ഷിച്ചിരുന്നു. മതത്തിന്റെ അപ്രമാദിത്തത്തിൽ
അവർ വിശ്വസിച്ചു. അതിന്റെ ഫലമായി ഒഴുകിയ ചോര ഒരു ഭൂഖണ്ഡത്തെ
മുക്കിത്താഴ്ത്തുന്നതായിരുന്നു. താൻ സ്‌നേഹിക്കുകയും
മാറോടുചേർത്തു വയ്ക്കുകയും ചെയ്യുന്നവർ അന്യോന്യം
വെട്ടിമരിക്കുന്നതു കാണേണ്ടിവന്ന ഗാന്ധിജിയുടെ ജീവിത വിശ്വാസത്തെയായിരുന്നു
അത് മുറിവേല്പിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ
നിർമാണത്തിൽ പങ്കാളിയായി ദീർഘകാലം ജീവിച്ചിരിക്കാനുള്ള
അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു അതോടെ കരിഞ്ഞു ചാമ്പ
ലായത്….” നമുക്ക് പരിചയമുള്ള കാര്യങ്ങളായിട്ടുപോലും ജയചന്ദ്രൻ
നായർ എഴുതുമ്പോൾ അതിനൊരു പ്രത്യേക ചാരുത വരുന്നതു
കാണുക.
മാന്തളിരിൽ വിടരുന്ന ചുവന്ന പൂക്കൾ
കൗമാരത്തിലേക്ക് കടക്കുമ്പോൾ പി.എ. സൈറസ്സ് സാർ എന്ന
വക്കീലായിരുന്നു എന്റെ ഹീറോ. കോഴഞ്ചേരിയിലും കൊട്ടാരക്കരയിലും
തിരുവല്ലയിലുമൊക്കെ വച്ച് അദ്ദേഹത്തെ ആവേശപൂർവം
കേട്ടുകേട്ടാണ് ആശയങ്ങളുടെ ലോകത്തേക്ക് കടക്കുന്ന
ത്. ബിഷപ്പ് പൗലോസ് മാർ പൗലോസും ഡോ. എം.എം. തോമസുമൊക്കെ
വിമോചന ദൈവശാസ്ത്രത്തിന്റെ വിത്തുകൾ പാകുന്ന
കാലമായിരുന്നു അത്. നേരോടെ നിർഭയം നിരന്തരം വേദികളിൽ
നിന്ന് വേദികളിലേക്ക് അദ്ദേഹം പടർന്നു. ഓരോ മാർത്തോമാക്കാരനേയും
ഓരോ മിഷനറിയാക്കുക എന്നതായിരുന്നു മാർ
ത്തോമാ സഭയുടെ ലക്ഷ്യം. എന്നാൽ ഓരോ മാർത്തോമാക്കാരനേയും
ഓരോ മനുഷ്യനാക്കുക എന്നതായിരുന്നു സൈറസ്സ് സാറിന്റെ
കർമപദ്ധതി. ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും നീതി
ബോധത്തിന്റെയും കൂടാരത്തിലേക്ക് യൗവനക്കാരെ ദത്തെടുക്കുവാൻ
അദ്ദേഹം അഹോരാത്രം പണിയെടുത്തു. ഉപഭോഗത്തിന്റെ
വാണിഭസ്ഥലികളിൽ ചുറ്റിക്കറങ്ങിയ പുരോഹിതവർഗത്തിനെതിരെ
അദ്ദേഹം വചനമെന്ന ഇരുവായ്ത്തലയുള്ള വാൾ വീശി വി
രട്ടി (അവർ വിരണ്ടതേയില്ല എന്നത് നമ്മുടെ ഇന്നിന്റെ പതനം).
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ ഏബ്രഹാം മ
ഒടടപപട അയറധഫ 2018 ഛടളളണറ 07 8
ല്പാൻ വിഗ്രഹങ്ങളെ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് നവീകരണപ്രസ്ഥാനമുണ്ടാക്കിയതു
പോലെ, കാപട്യത്തിന്റെ വൈദികരൂപങ്ങളെ
അദ്ദേഹം ആശയങ്ങളുടെ അൾത്താരയിൽ നിർത്തി
ചെണ്ട കൊട്ടിച്ചു. അത് നവീകരണത്തിന്റെ വീണ്ടുംജനനമായിരുന്നു.
പിന്നെ അദ്ദേഹം കളം മാറ്റി ഭാരതത്തിന്റെ മധ്യഭാഗങ്ങളിലെ
ദരിദ്രരെത്തേടിപ്പോയി. അവരോടൊപ്പം അവരിലൊരാളായി. മതപരിവർത്തനം
അദ്ദേഹം ഒരിക്കലും ലക്ഷ്യമിട്ടിരുന്നില്ല. അത്തരം
നാടകങ്ങളിൽ നിന്നൊക്കെ എത്രയോ ഉയരങ്ങളിലൂടെയായിരുന്നു
ആ മനസ്സ് സഞ്ചരിച്ചിരുന്നത്. മുഖ്യധാരാ സമൂഹം നിഷ്ഠൂരമായി
തള്ളിക്കളഞ്ഞവരോടൊപ്പം അവരിലൊരാളായി ജീവിക്കുക മാത്രമായിരുന്നു
അദ്ദേഹത്തിന്റെ ലക്ഷ്യം.
അക്കാലത്തൊരിക്കലാണ് മുംബൈയ്ക്കടുത്ത് കല്യാണിൽ വച്ച്
അദ്ദേഹത്തെ അടുത്തു കാണുന്നതും പരിചയപ്പെടുന്നതും. പതിനെട്ടു
തവണ മലേറിയ ആക്രമിച്ച് ചുളുങ്ങിപ്പോയ ആ മനുഷ്യൻ
കവി എ. അയ്യപ്പനെയൊ ശില്പി കാനായി കുഞ്ഞിരാമനെയോ ച
ലച്ചിത്രപ്രതിഭ ജോൺ ഏബ്രഹാമിനെയോ ഓർമിപ്പിച്ചു. അന്നൊരു
വൈകുന്നേരത്ത് അദ്ദേഹം, കുറച്ചു ചെറുപ്പക്കാരെ വിളിച്ചിരുത്തി
വർത്തമാനം പറയാൻ തുടങ്ങി. ക്രൈസ്തവ ദൗത്യമെന്നത്
ആളുകളെ മതം മാറ്റുകയല്ലെന്നും സ്‌കൂളുകളും കോേളജുകളും
കെട്ടിപ്പൊക്കി കോടികൾ കൊയ്യുകയല്ലെന്നും, മറിച്ച് അപരനെ
അറിഞ്ഞാദരിക്കുകയും പ്രതിഫലമില്ലാതെ സേവിക്കുകയും ചെ
യ്യുക എന്നതാണെന്നും ലളിതമായി അദ്ദേഹം പറഞ്ഞു. ഇവിടെ
വലിയൊരു ചുവന്ന തെരുവുണ്ടായിട്ടും യാതൊരു അലോസരവും
കൂടാതെ കഴിയാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നുവെന്ന് തുടർ
ന്ന് അദ്ദേഹം ഞങ്ങളോട് ചോദിച്ചു. അത് പലരുടെയും ജീവിത
കാഴ്ചപ്പാടുകളെ മാറ്റിമറിച്ചൊരു സായാഹ്നമായിരുന്നു. പിറ്റേന്ന്
തന്നെ സൈറസ്സ് സാറും ഒന്നുരണ്ട് ചെറുപ്പക്കാരും മുംൈബയിലെ
ബൃഹത്തായ ചുവന്ന തെരുവിലേക്കു പോയി. ആ യാത്രയുടെ ഫലശ്രുതിയാണ്
ഇന്ന് കല്യാണിനടുത്ത് മുർബാദ് എന്ന സ്ഥലത്ത്
മാർത്തോമാ സഭ ‘നവജീവൻ’ എന്ന പേരിൽ, ചുവന്ന തെരുവിൽ
പിറന്ന കുട്ടികൾക്കു വേണ്ടി നടത്തുന്ന പുനരധിവാസ കേന്ദ്രം.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബെന്യാമിന്റെ ‘മാന്തളിരിലെ
ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന നോവലിന്റെ മധ്യഭാഗത്ത്
സൈറസ്സ് സാർ പൊടുന്നനെ ഒരു രജത താരകം പോലെ ഉദി
ച്ചു പൊന്തിയപ്പോൾ അത്ഭുതവും ആഹ്ലാദവും കൊണ്ട് ആകെ ഭ്രമിച്ചുപോയി.
എൺപതുകളിലെ മധ്യതിരുവിതാംകൂറിനെ ഒരു തറവാടിന്റെ
പശ്ചാത്തലത്തിൽ വിശാലമായി എഴുതുന്ന ബെന്യാമിൻ
പോയ നൂറ്റാണ്ടറുതിയിലെ കേരളീയ ജീവിതത്തെ മനോഹാരിതയോടെ
ചിത്രീകരിക്കുന്നു, അക്കപ്പോരിന്റെ ഇരുപത് നസ്രാണി
വർഷങ്ങളുടെ തുടർച്ചയായി എഴുതിയ ഈ നോവലിൽ. ദേശഭംഗികളുടെ
ലയം നോവലിന് അസാധാരണമായ ചാരുത നൽകുന്നു.
നമുക്കു ചിരപരിചിതരായ വ്യക്തിത്വങ്ങൾ മിഴിവോടെ പുനർ
ജനിക്കുന്നു. സൈറസ്സ് സാർ നോവലിൽ പ്രകാശിക്കുന്നത് കാണുക:
കോഴഞ്ചേരിയിൽ കൺവെൻഷനു സുവിശേഷം പറയാനെത്തിയ
ഒരു തിരുമേനിച്ചനെ വേദിയിലിരുത്തി മെത്രാൻമാർക്ക് സഭയെയും
പാവങ്ങളെയും സേവിക്കുന്നതിലല്ല മുന്തിയ തരം കാർ
ഏതെന്ന് തപ്പുന്നതിലാണ് താത്പര്യം എന്ന് പി.എ. സൈറസ്
എന്ന യുവപോരാളി പരസ്യമായി പ്രസംഗിച്ചു. അത് തനിക്കിട്ട് താങ്ങിയതാണെന്ന്
മനസ്സിലാക്കിയ തിരുമേനിച്ചൻ ഞാൻ ഇനിയും
ഒരു ഫോർഡ് കാറു കൂടി വാങ്ങും നിനക്കെന്നാ ചേതം എന്ന് വേദിയിലിരുന്ന്
വിളിച്ചു ചോദിച്ചു. എങ്കിൽ നിങ്ങളെ ഞാൻ അന്തി
ക്രിസ്തു എന്ന് വിളിക്കും എന്ന് സൈറസ് അതിന് മറുപടി കൊടുത്തു.
എന്നാൽ ഞാൻ കാറ് വാങ്ങിയിരിക്കുന്നു എന്ന് തിരുമേനി.
അന്തിക്രിസ്തു അന്തിക്രിസ്തു അന്തിക്രിസ്തു…. എന്നു മൂന്നു തവണ
കൈചൂണ്ടി വിളിച്ചിട്ട് സൈറസ് വേദി വിട്ടിറങ്ങിപ്പോയി (പുറം-225).
നിഷേധത്തിന്റെ രോമാഞ്ചം
നെരൂദ കഴിഞ്ഞാൽ, ഒരു പക്ഷേ നകാസ്റ്റിലോവയും കഴി
ഞ്ഞാൽ, മലയാളത്തിനു സുപരിചിതനായ ലാറ്റിനമേരിക്കൻ കവിയാണ്
ഇക്കഴിഞ്ഞ ജനുവരി 23-ന് നൂറ്റിമൂന്നാം വയസ്സിൽ അന്തരിച്ച
നിക്കനോർ പാർറ (ധ്രഡടഭമറ ണേഥഴഭഢമ ൂടററട) വിവാദങ്ങ
ളും ഭീഷണികളും രാഷ്ട്രീയവും ദൃശ്യകലകളും കിറുക്കുകളും കൊണ്ട്
സംഭവബഹുലമായിരുന്നു നിക്കനോറിന്റെ ജീവിതമെങ്കിലും,
പാതയിലെ പൂച്ച എന്ന കഥയെഴുതിക്കൊണ്ടാണ് സാഹിത്യത്തി
ലേക്കു പ്രവേശിച്ചതെങ്കിലും, അസാധാരണ കാന്തിക പ്രസരമുള്ള
കവി എന്ന നിലയിലാണ് അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുന്നത്.
സ്വന്തം നിഴൽ തന്നെ പരാജയപ്പെടുത്തിയതു മൂലം
താൻ ചൊല്ലിയതെല്ലാം തിരിച്ചെടുക്കുന്നുവെന്ന് എഴുതിക്കൊണ്ട്
കവിതയിൽ നിഷേധത്തിന്റെ ചഷകങ്ങളൊരുക്കിയ ഈ കവി ചി
ലിയുടെ നാടോടിഗാനങ്ങളുടെ മഹത്തായ പാരമ്പര്യത്തെ ഒരു ജാലവിദ്യക്കാരനെപ്പോലെ
തന്റെ അക്ഷരങ്ങളിലേക്ക് ആവാഹിച്ചെ
ടുത്തു. മറഞ്ഞുപോകുന്നതിനു മുൻപ് തന്റെ പുസ്തകം കത്തി
ച്ചു കളഞ്ഞേക്കാൻ അദ്ദേഹം ഉദാരനായ വായനക്കാരനോട് അപേക്ഷിക്കുകയും
കവിതയിൽ അത്ഭുതകരമായ നിശ്ശബ്ദത പുലർ
ത്തുകയും ചെയ്തുകൊണ്ട് ലോകത്തെ ഞെട്ടിപ്പിക്കുകയും ചെ
യ്തു.
മാധ്യമം വാരികയുടെ ഫെബ്രുവരി 12ന്റെ ലക്കത്തിൽ പാർറയുടെ
ചില കവിതകൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തി
രിക്കുന്നു മനോജ് കുറൂറും ലോപയും. ലോപയുടെ വിവർത്തനത്തിൽ,
പാർറ മരിച്ചു കിടക്കുകയും, ബാലാമണിയമ്മയും തോട്ട
ക്കാട്ട് ഇക്കാവമ്മയും പിന്നെ ലോപയും ജനിച്ചു കിടക്കുകയും ചെ
യ്യുന്നു.
സമഗ്രമായൊരു പാരിസ്ഥിതിക ചരിത്രം
ഉന്നതമായ സാഹിത്യ ബോധമുള്ള എഴുത്തുകാരുടെ വൈജ്ഞാനിക
ശാസ്ത്ര ഗ്രന്ഥങ്ങളിലൂടെ കടന്നു പോകുമ്പോൾ
ജ്ഞാനത്തിന്റെയും സൗന്ദര്യത്തിന്റെയും നദിയിലൂടെ നാം പൂക്കൾ
പോലെ ഒഴുകുന്നു. യുക്തിയുടെയും ഗദ്യത്തിന്റെയും സംയുക്ത
സൗന്ദര്യം നാം ഒരുപോലെ നുകരുന്നു. ഡോ. കെ. ഭാസ്‌കരൻ
നായർ മുതൽ ജീവൻജോബ് തോമസ് വരെയുള്ളവരുടെ രച
നകൾ വായനയിൽ വസന്തം വിടർത്തുന്നത് അതുകൊണ്ടാണ്.
ഐക്യ കേരളം നിലവിൽ വന്നതിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന
ഈ കാലയളവിൽ, കേരള സാഹിത്യ അക്കാദമി
ആധുനിക കേരളത്തെ വളർത്തിയെടുത്ത പ്രസ്ഥാനങ്ങളും പ്രവണതകളും
ഔദ്യോഗികസ്ഥാപനങ്ങളുടെ കർമപദ്ധതികളും മൂല്യസഞ്ചാരങ്ങളും
അപഗ്രഥിക്കുന്ന ഈടുറ്റ ഗ്രന്ഥാവലി പുറത്തി
റക്കുന്നു. ഈ ഗൗരവപരമ്പരയിലെ ശ്രദ്ധേയമായ പുസ്തകമാണ്,
സാഹിത്യത്തിലെ പരിസ്ഥിതിയുടെ പരാഗങ്ങൾ പരതുന്ന നിരൂപകൻ
ജി. മധുസൂദനന്റെ ‘നഷ്ടമാകുന്ന നമ്മുടെ സ്വപ്‌നഭൂമി’ എന്ന
മികവുറ്റ വെജ്ഞാനിക ഗ്രന്ഥം. കേരളത്തിന്റെ പാരിസ്ഥിതി
ക സമൃദ്ധിയുടെയും അതിന്റെ പടിപടിയായുള്ള തകർച്ചയുടെയും
കൃത്യമായ അടയാളപ്പെടുത്തലാണ് ഈ ഗ്രന്ഥം. അതോടൊപ്പം
ഈ ആഴമേറിയ പ്രതിസന്ധിയെ മറികടക്കാനുള്ള ക്രിയാത്മക
നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്യുന്നു. ഒരു അക്കാദമി
ക് അല്ലാത്തതുകൊണ്ടും, സാഹിത്യത്തിന്റെ സൗന്ദര്യ വിലോലതയാൽ
അനുഗ്രഹിക്കപ്പെട്ടിരിക്കുന്നതുകൊണ്ടും മധുസൂദനന്റെ
ഈ ഗവേഷണ ചരിത്ര രചനയ്ക്ക് അറിവും സൗന്ദര്യവും ഒരുപോലെ
നമ്മിലേക്ക് പ്രവഹിപ്പിക്കാൻ കഴിയുന്നു. റബ്ബറിന്റെ കേരളച
രിത്രമെഴുതുമ്പോൾ എസ്.വി. വേണുഗോപൻ നായരുടെ റബ്ബർ
എന്ന കഥ കടന്നുവരുന്നു. കുടിയേറ്റങ്ങളുടെ ചരിത്രമെഴുതവെ,
എസ്.കെ. പൊറ്റക്കാടിന്റെ വിഷകന്യകയും, ഹെറേഞ്ചിന്റെ പാരിസ്ഥിതിക
തകർച്ചയെ വിവരിക്കുമ്പോൾ അയ്മനം ജോണിന്റെ
ചരിത്രം വായിക്കുന്ന ഒരാൾ എന്ന കഥയും, ആധുനിക കേരളീയ
സമൂഹത്തിലെ ഉപഭോഗ ഭ്രാന്തിനെയും ബയോടെക്‌നോളജിയുടെ
ഭയങ്കരതകളെയും ജെവ വെവിധ്യ നഷ്ടങ്ങളെയും പ്രതിപാദി
ക്കവെ ഒ.വി. വിജയന്റെ ഞെക്കുവിളക്കിന്റെ കഥയും കടന്നുവന്ന്
നമ്മുടെ വായനയെ അർത്ഥസമ്പന്നമാക്കുന്നു. ഗവേഷണപ്രബന്ധങ്ങളെല്ലാം
തീർത്തും നിരാർദ്രമായ അക്കാദമിക് ജാർഗണുകളായും,
വയറ്റുപ്പിഴപ്പിനെ മാത്രം ഉന്നമാക്കുന്ന ഡോക്ടറേറ്റ് സമ്പാദനവുമായിരിക്കുന്ന
ഈ കെട്ട കാലത്ത് ഇത്തരം ഗ്രന്ഥങ്ങളുടെ
മൂല്യവും മഹത്വവും പെട്ടെന്ന് മതിച്ചെടുക്കാവുന്നതല്ല.