കവിയും സാഹിത്യകാരനും ഭാഷാപണ്ഡിതനും വിവർത്തകനും അദ്ധ്യാപകനുമായിരുന്ന തിരുനല്ലൂർ കരുണാകന്റെ ഓർമ ദിവസമാണ് ജൂലൈ 5.
തിളങ്ങും നിലാവത്ത്
പങ്കായമിട്ട്
കൊച്ചുവള്ളത്തേലൊറ്റയ്ക്ക്
വലയ്ക്കിറങ്ങുമ്പോ
തിരുനല്ലൂരിനെ പാടുന്ന
ഒരു അപ്പാപ്പനുണ്ടായിരുന്നെനിക്ക്
കറുപ്പ് കഴുകാത്ത ആറടി
ചിന്നപ്പിള്ളയെന്നു വിളിക്കും പൊലിക്കാർപ്പച്ചായൻ
വേദം കൂടിയ തലമുറക്കാരൻ.
അഷ്ടമുടിയിലെ കരിമീനുകൾക്ക്
നൃത്തത്തിനു റാണിയെ കൊടുത്തവൻ.
തെങ്ങിൻ പണകളിൽ ഇളം
കരിക്കു ചേർത്തടിച്ചിരുന്നവർ
ലഹരിയിൽ ദിനേശ് ബീഡിയൂതി,
നോക്കടാ കായലിൽ
കവിതയിറക്കം.
പേരുള്ളവരും ഇല്ലാത്തവരുമായി
നീന്തിയ ശവങ്ങളടുക്കുമ്പോൾ
നിക്കറ് പോലീസ് ചാരിക്കും,
പാതിയും തിന്നല്ലോ കരിമീൻ,
പൊള്ളിച്ചു വാറ്റുമായി തട്ടുമ്പോഴിത്ര
രുചിയതാ…
അപ്പനെ തിന്നതിനെ മോളും
മോനെ തിന്നതിനെ അമ്മയും
കൂട്ടാൻവയ്ക്കാൻ ചിന്നപ്പിള്ള മയക്കുവല വച്ചു.
കായലിലിറക്കി വച്ച
ഓലക്കീറുമറച്ച കക്കൂസിൽ
തൂറിയതെല്ലാം തിന്ന ഞണ്ടുകൾ
ഇരു കടിപ്പല്ലിൻ്റെ നൊമ്പലത്തിൽ,
കരുമുരാ പൊട്ടിക്കുമ്പോൾ
മായമില്ലാക്കാലത്തിൽ
തലകുത്തനേ കിഴുക്കാമ്പാട്
മറിയുന്നു കായലും.
കറുത്തു പോയ കരിമീൻ, മരപ്പി, സിലോപ്പിയേയും
വെളുത്ത പ്രാച്ചി, മാലാ, കണമ്പ്, കൂമീനൊന്നും ശവംതീനീന്നു വിളിച്ച്
കൊന്നതേയില്ല, അന്നുമിന്നു
മൊരേയിരകൾ,
ശ്വാസം മുട്ടുന്നവർ…
അങ്ങനെ
തിരുനല്ലൂർ മരിച്ചപ്പോ
കരയ്ക്കു കയറിയ ചിന്നപ്പിള്ളയപ്പാപ്പൻ
സ്രാവ് വേട്ടയ്ക്കിറങ്ങി, മൂന്നാനായി
കവിതയില്ലാതെ ജീവിച്ചു മരിച്ചു.
തിരുനല്ലൂരിനോടിത്
ഒരിക്കൽ പറയണമെനിക്കീ
കായൽവാരത്തിരുന്ന്.