മലയാള സാഹിത്യത്തിലെ ആധുനികതയുടെ ഇടി മുഴക്കങ്ങളായിരുന്നു 1970-കൾ. ഭാഷയിലും രൂപത്തിലും ശൈലിയിലും ആഖ്യാനത്തിലുമെല്ലാം പുതുമകൾ നിറഞ്ഞ ഒരു കാലഘട്ടം. 50 വർഷങ്ങൾക്ക് മുൻപ് മലയാളനാട് വാരികയിൽ സാഹിത്യത്തിലെ ആ നവീനതയെക്കുറിച്ച് കാക്കനാടൻ ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. തുടർന്ന് നടന്ന ചർച്ചയിൽ പങ്കെടുത്തത് ജോസഫ് മുണ്ടശ്ശേരിയും കെ.പി. അപ്പനുമാണ്. ആ പ്രബന്ധവും തുടർന്നുള്ള ലേഖനങ്ങളുമാണ് ഈ ലക്കം കാക്കയിൽ കൊടുത്തിരിക്കുന്നത്.
മലയാളസാഹിത്യത്തെ, വിശേഷിച്ചു ചെറുകഥയെ സംബന്ധിച്ചിടത്തോളം നമ്മുടെ
കാലഘട്ടം അതിപ്രധാനമാണ്. മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തത്ര അളവിൽ സാഹിത്യസൃഷ്ടികൾ കമ്പോളത്തിലിറങ്ങുന്നു. നോവലുകളും കഥകളും നാടകങ്ങളും കവിതകളും കുത്തിമറിഞ്ഞൊഴുകുന്നു. ആനുകാലിക സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളുടെ എണ്ണവും പ്രചാരവും മുമ്പെന്നത്തേതിലുമേറെ പെരുകിയിരിക്കുന്നു. സ്വാഭാവികമായി വായനക്കാരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. വായനയിലുള്ള താല്പര്യം മുമ്പെന്നത്തേതിലുമധികം പ്രകടമാണിന്ന്. പുസ്തകപ്രസിദ്ധീകരണശാലകളുടേയും ഗ്രന്ഥശാലകളുടെയുമൊക്കെ എണ്ണത്തിലുള്ള പെരുപ്പം ഇതു തെളിയിക്കുന്നു. എന്നാൽ സാഹിത്യകൃതികളുടേയും വായനക്കാരുടേയുംവർദ്ധനവല്ല. ഇതാണു സാഹിത്യരംഗത്തെ പ്രധാന കാലഘട്ടമെന്ന പ്രസ്താവനയ്ക്ക് നിദാനം.
ഗ്രാമ്യമായ ആത്മാർത്ഥത
അത് തികച്ചും മറ്റൊന്നാണ്. മുമ്പൊരിക്കലും നമ്മുടെ ഭാഷ കണ്ടിട്ടില്ലാത്തത്ര ഗൗരവബുദ്ധിയോടെ വായനക്കാരും എഴുത്തുകാരും സാഹിത്യത്തെ സമീപിക്കുന്നു എന്നതാണ് ഈ നിഗമനത്തിനു ഉപോദ്ബലകമായ മുഖ്യവസ്തുത. പന്നി പ്രസവം പോലെ പെറ്റുപെരുകുന്ന സാഹിത്യകൃതികൾക്കിടയിൽ അങ്ങിങ്ങെങ്കിലും ഗൗരവബുദ്ധ്യാ സാഹിത്യത്തെ സമീപിക്കുന്ന എഴുത്തുകാരുടെ സൃഷ്ടികളും കാണാം. ഇത്തരക്കാർ എണ്ണത്തിൽ കുറവാണ്. പക്ഷേ, അവർ സാഹിത്യ രചനയുടെ രൂപഭാവങ്ങളെക്കുറിച്ചു തങ്ങളുടെ മുൻഗാമികളെക്കാൾ ബോധവാന്മാരാണ്. സമൂഹത്തെ നയിക്കാനും നിയന്ത്രിക്കാനും ഒരു പ്രത്യേക ലക്ഷ്യമോ സാമൂഹ്യശക്തിയോ ഇല്ലാത്ത ഇക്കാലത്തു രൂപഭാവങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധം വളർത്തുക ദുഷ്‌കരമാണ്. എന്നിട്ടും അതു സംഭവിക്കുന്നു. ചുരുക്കത്തിൽ ആത്മാർത്ഥത ഇന്നത്തെ സാഹിത്യകാരൻ പ്രകടമാക്കുന്നു. ഈ ആത്മാർത്ഥതനുടെ ജീവനാഡിയാണ്. ഇതു നമ്മുടെ സാഹിത്യത്തിന്റെ വളർച്ചയ്ക്ക് ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ്. ഏറ്റവും യോജ്യമായ വളമാണ്. ഈ വളംപിടിച്ച മണ്ണിൽ സാഹിത്യം വളരും. എത്ര കള ചുറ്റിലും വളർന്നാലും യഥാർത്ഥ സാഹിത്യം വളർന്നേ പറ്റൂ. കള പറിക്കുന്ന ജോലി ചരിത്രത്തിന്റേതാണ്. അതു മുറതെറ്റാതെ നടക്കും. പണിമറക്കാത്തൊരു ജോലിക്കാരനാണ് ചരിത്രം. ഈ കാലത്തുതന്നെയാണ് സാഹിത്യത്തെക്കുറിച്ചു ഉച്ചത്തിലുള്ള വാദപ്രതിവാദങ്ങൾ ഉണ്ടാവുന്നത്. ഉണ്ടാവേണ്ടതും.
ദുർഗ്രഹത എന്ന പരാതി
ആധുനികകലയെപ്പോലെ തന്നെ വിവാദവിഷയകമായിട്ടുണ്ട് ഇന്ന് ആധുനിക സാഹിത്യവും. ആധുനികകലയ്‌ക്കെതിരെ ആരോപിക്കപ്പെടുന്ന ഏതാണ്ടെല്ലാ കുറ്റങ്ങളും ആധുനികസാഹിത്യത്തിനെതിരെയും ആരോപിക്കപ്പെടുന്നുണ്ട്: ഈ ആരോപണങ്ങളുടെ ആദ്യത്തെ ഇര കവിതയാണെങ്കിൽ അടുത്തത് ചെറുകഥയാണ്. ആധുനിക അമൂർത്ത ചിത്രകലയ്‌ക്കെതിരെ ഉയർന്നുകേൾക്കുന്ന പ്രധാന പരാതി അതിന്റെ ദുർഗ്രഹതയാണ്. നൂറ്റാണ്ടുകളായി കണ്ടുപഴകിയ രൂപങ്ങളുടെ ആവർത്തനമല്ലാതൊന്നു കണ്ടാൽ അതിനെ ഉടനടി തള്ളിപ്പറയാനുള്ളൊരു വ്യഗ്രതയാണ് ഈ പരാതിക്ക് പിന്നിൽ. ഗലീലിയോവിനോടു പുരോഹിത വർഗ്ഗം സ്വീകരിച്ച അതേ നിലപാട്. ഈ നിലപാട് എക്കാലവും എല്ലാ പുതിയ ചിന്താപ്രസ്ഥാനങ്ങൾക്കുമെതിരായി നിലവിലിരിക്കുന്ന ചിന്തയുടെ കാവൽക്കാർ സ്വീകരിച്ചുപോന്നിട്ടുണ്ട്. അതു ചരിത്ര വസ്തുതയാണ്. അവർ പുതിയതിനെ നഖശിഖാന്തം എതിർത്തിട്ടുണ്ട്. ആ എതിർപ്പിന്റെ ഫലമായി പുതിയ നാമ്പുകൾ കരിഞ്ഞില്ല. പഴമയുടെ വെയിലിനെ നേരിട്ടു തോല്പിച്ചുതന്നെയാണ് ആ നാമ്പുകൾ തളിർത്തതും വളർന്നതും. ദുർഗ്രഹമായതിനെ, അല്ലെങ്കിൽ ആണെന്നു സങ്കല്പിക്കപ്പെടുന്നതിനെ, സുഗ്രഹമാക്കാനുള്ള ശ്രമം പരാതിക്കാരിൽ എത്രപേർക്കുണ്ട്? വണ്ടിയിലിരുന്നു നേരമ്പോക്കിനു വായിച്ചുതള്ളുന്ന കഥകളുണ്ട്. രസിപ്പിക്കുന്ന കഥകൾ. വായന ഗൗരവപൂർമായൊരു ജോലി ആക്കേണ്ടിവരുന്ന കഥകളുണ്ട്. ഇക്കാര്യത്തിൽ പക്ഷാന്തരമുണ്ടാവാനിടയില്ല. ഒരു പെറിമേസൺ നോവൽ വായിക്കുന്നത്ര എളുപ്പത്തിൽ ഒരു ഹെമിങ്‌വേയെ വായിക്കാൻ പറ്റില്ല. ഹരോൾഡ് റോബിൻസിനോളം എളുപ്പമല്ല ഗുന്തർഗ്രാസ്. അതുകൊണ്ട് ഏൾസ്റ്റാൻലി ഗാർഡിനർ ഹെമിങ്‌വേയെക്കാളും ഹരോൾഡ് റോബിൻസ് ഗുന്തർഗ്രാസിനെക്കാളും മേലേക്കിടയിലുള്ള സാഹിത്യകാരന്മാരാണെന്നു ആർക്കെങ്കിലും പറയാൻ പറ്റുമോ? ബെക്കറ്റിനേക്കാൾ എളുപ്പമാണ് ടെന്നസി വില്യംസ് എന്നതുകൊണ്ട് വില്യംസ് ബെക്കറ്റിനേക്കാൾ കേമനാണെന്നു പറയാമോ? ഇന്നു ചിലർ മാർബിളിൽ നിർമിക്കുന്ന വെണ്മയും കാഴ്ചയ്ക്കിമ്പവുമുള്ള പ്രതിമകൾ തഞ്ചാവൂരിലെയും മധുരയിലെയും ക്ഷേത്രങ്ങളിലെ പ്രതിമശില്പങ്ങളെക്കാൾ താരതമ്യേന കൂടുതൽ യഥാതഥമാകയാൽ അവയാണ് മെച്ചം എന്നു പറയാൻ കഴിയുമോ? കലയുടെയും
സാഹിത്യത്തിന്റെയും എല്ലാ രംഗങ്ങളിലുമുണ്ട് ഈ വ്യത്യാസം അപ്പോൾ, മനസിലാക്കാനുള്ള ആസ്വദിക്കാനുള്ള എളുപ്പം ഒരു കലാസൃഷ്ടിയെ മഹത്തരമാക്കുന്നില്ലെന്നു വ്യക്തം. ദുർഗ്രഹത ഒരു കലാസൃഷ്ടിയെ മേത്തരമാക്കുന്നു എന്ന് ഇപ്പറഞ്ഞതിനർത്ഥമില്ല. ഗൗരവപൂർം കലാസൃഷ്ടി നടത്തുന്ന ഒരാൾക്കു ജീവിതത്തെ വിസ്മരിക്കാൻ വയ്യ. ജീവിതം സങ്കീർണ്ണമാണ്. ജീവിതാനുഭവങ്ങളും തനതായൊരു ദാർശനിക ഭാവത്തോടെ, സങ്കീർണ്ണമായ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ, ഗന്ധത്തിൽ, ശബ്ദത്തിൽ ആഴ്ന്നിറങ്ങി കലാസൃഷ്ടി നടത്താൻ മുതിരുന്നൊരാൾക്ക് കലാസൃഷ്ടിയുടെ സർഗാത്മകത നഷ്ടപ്പെടരുതെന്നു നിർബന്ധമുള്ള ഒരാൾക്ക്, ജീവിതത്തിന്റെ സങ്കീർണ്ണ ഭാവങ്ങൾ എടുത്തു പെരുമാറേണ്ടി വരും. അവയുടെ അടിസ്ഥാനത്തിൽ തനതായൊരു ജീവിതാഭിവീക്ഷണത്തിലും തത്വശാസ്ത്രത്തിലും എത്തിച്ചേരാൻ അയാൾ നടത്തുന്ന പ്രയത്‌നം ഈറ്റുനോവിന്റെ വേദനയുള്ളൊരു സൃഷ്ട്യുന്മുഖ പ്രക്രിയയാണ്. അതിന്റെ സങ്കീർണ്ണത, ഒരുവേള, ഒരു പരിധിവരെ, ദുഗ്രഹതയെ പ്രസവിച്ചുകൂടായ്കയില്ല. അപ്പോൾ ദുർഗ്രഹത ഒരു നന്മയല്ലെങ്കിലും ഒഴിച്ചുകൂടാനാവാത്ത ഒരു പ്രതേ്യകതയായി മഹത്തായ കലാസൃഷ്ടികളിൽ നിലനിന്നു പോരുന്നതായി
കാണാം.
ദുർഗ്രഹത ഒരു പരിധിവരെ അനിവാര്യം
ഇത് എക്കാലവും ഉണ്ടായിരുന്നു. ഇവിടെയാണ് അമൂർത്തീകരണം (abstraction) എന്നതു പ്രസക്തമാവുന്നത്. ”എല്ലാ കലയും അമൂർത്തമാണ് എന്നൊരു സിദ്ധാന്തമുണ്ട്. ഓസ്‌കാർ വൈൽഡ് ആണെന്നു തോന്നുന്നു ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ഏതു മഹത്തായ കലാസൃഷ്ടിയെ സംബന്ധിച്ചേടത്തോളവും ഈ തത്വം ഒരു പരിധിവരെ ശരിയാണെന്നു പരിശോധിച്ചുനോക്കിയാൽ വ്യക്തമാവും. ധിക്ഷണാശാലിയും സർഗ്ഗക്രിയയിൽ ആമഗ്നനും ആയ ഒരു കലാകാരന്റെ തൊഴിൽ ജീവിതത്തെ പകർത്തിവയ്ക്കലല്ല. ഒരു സന്ദർഭത്തെ അപ്പാടെ വാക്കുകളിലേക്കു തർജ്ജമ ചെയ്താൽ സാഹിത്യമാവില്ല. ആവുമെങ്കിൽ ഏറ്റവും മികച്ച സാഹിത്യകൃതികൾ ഏറ്റവും മികച്ച, ഏറ്റവും യഥാതഥമായ വാർത്താലേഖനങ്ങളാവുമായിരുന്നു. വാൾട്ടർ കിപ്‌മാനും ചഞ്ചൽ സർക്കാരും പോത്തൻ ജോസഫും എറ്റവും ഉന്നതന്മാരായ സാഹിത്യനായകന്മാരാവുമായിരുന്നു. ഏതെങ്കിലും ഒരു രൂപത്തെ അതേപടി നിഴലിലും വെളിച്ചത്തിലുമോ അഥവാ വർണ്ണങ്ങളിലോ പകർത്തി വയ്ക്കുന്നതു യഥാർത്ഥ ചിത്രകലയാണെങ്കിൽ ഏറ്റവും മികച്ച ഫോട്ടോഗ്രാഫർ, ഏറ്റവും നല്ല ചിത്രകാരനാവുമായിരുന്നു. ജീവിത്തിലെ ഒരു ദൃശ്യത്തെ ഒരു നിമിഷത്തെ, ഒരു ചിത്രത്തെ അതേപടി ക്യാൻവാസിലേക്കോ കടലാസിലേക്കോ പകർത്തി വയ്ക്കുമ്പോൾ കല ഉണ്ടാവുന്നില്ലെന്നു സാരം.
പിന്നെ, എപ്പോഴാണു കല ഉണ്ടാവുന്നത്? അല്ലെങ്കിൽ കലാസൃഷ്ടി എന്ന പ്രക്രിയയുടെ രഹസസ്യമെന്താണ്? കലാകാരൻ അല്ലെങ്കിൽ സാഹിത്യകാരൻ വസ്തുക്കളെ കാണുന്നു. വസ്തുതകൾ മനസ്സിലാക്കുന്നു. ജീവിതം എന്ന പ്രതിഭാസത്തിന്റെ വിവിധ മുഖങ്ങൾ നിരീക്ഷിക്കുന്നു. പഠിക്കുന്നു. പഞ്ചേന്ദ്രിയങ്ങൾ വഴി അയാളിലേക്ക് കടക്കുന്ന ജീവിത നിരീക്ഷണ ഫലങ്ങൾ അയാളുടെ മനസ്സിൽ വാസ്തവപ്രതിരൂപ (real images) ങ്ങളായി സ്ഥിതി ചെയ്യുന്നു. അവയുമായി അയാൾ സഞ്ചരിക്കുന്നു. നിൽക്കുന്നു, ഇരിക്കുന്നു. കിടക്കുന്നു, ജീവിക്കുന്നു. അയാളുടെ ബുദ്ധിശക്തിയും അപഗ്രഥനപടുതയും സംവേദനക്ഷമത (sensibility) യും മറ്റും ഈ പ്രതിരൂപങ്ങളുമായി ശക്തമായ, അഗാധമായ പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുന്നു. അങ്ങനെ സ്വാംശീകരണം (assimilation) സംഭവിക്കുന്നു. ഉള്ളിൽ പതിഞ്ഞ വാസ്തവപ്രതിരൂപങ്ങൾ അയാളുടെ വിജ്ഞാനത്തിന്റെ, അനുഭവസമ്പത്തിന്റെ അംശങ്ങളായി തീരുന്നു. അവയിൽനിന്നു നിഗൂഢവും അവർണ്ണ്യവുമായ ഒരു അന്തർപ്രവർത്തനത്തിന്റെ ഫലമായി, പുതിയ പ്രതിരൂപങ്ങളും, പ്രതീകങ്ങളും അയാളിൽ ജന്മമെടുക്കുന്നു. ചിത്രത്തിന്റെയോ പ്രതിമാശില്പത്തിന്റെയോ കവിതയുടേയോ കഥയുടെയോ ഒക്കെ രൂപത്തിൽ അവ പുറത്തേക്കു പ്രവഹിക്കുന്നു. അങ്ങനെ ഉരുത്തിരിഞ്ഞിറങ്ങുന്ന കലാസൃഷ്ടി എന്ന പൈതൽ ആദ്യംകണ്ട ജീവിതാനുഭവം എന്ന അച്ഛന്റെ തനിപ്പകർപ്പല്ല, ഒരു ശിശുവും അച്ഛനമാരുടെ തനിപ്പകർപ്പല്ലാത്തതുപോലെ തന്നെ. പൈതലിൽ അച്ഛനമാരുടെ സ്വഭാവവിശേഷങ്ങളുടെ, രൂപഭാവങ്ങളുടെ അംശങ്ങൾ അടങ്ങിയിരിക്കുന്നതുപോലെ, കലാസൃഷ്ടിയിൽ ജീവിതാനുഭവങ്ങളിൽ നിന്നുണ്ടായ ജ്ഞാനത്തിന്റെ മുദ്രകൾ, സത്തിൽ തന്നെ അന്തർഭവിച്ചിരിക്കുന്നു.
മഹത്തായി തീർന്നിട്ടുള്ള ഏത് കലാസൃഷ്ടി പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും ജീവിതാനുഭവങ്ങൾ സങ്കീർണ്ണവും സാന്ദ്രവും ശക്തിമത്തും ആവുമ്പോൾ കലാസൃഷ്ടി അഗാധവും കുറെയൊക്കെ സങ്കീർണ്ണവും അക്കാരണത്താൽ ദുർഗ്രഹവും ആയിച്ചമയുന്നു. സാർത്ര്, കാമൂ, കൊക്തു, ഷെനെ എന്നിവരുടെയൊക്കെ കൃതികൾ വണ്ടിയിലെ ബഹളത്തിനിടയിൽ വായിച്ചു ആസ്വദിക്കാനാവില്ല. എന്തിനിവരോളമെത്തുന്നു? സോഫോക്‌ളീസിന്റെ ഈഡിപ്പസ് രാജാവിനെയോ, ഷേക്‌സ്പിയറുടെ ഡെന്മാർക്കിലെ രാജകുമാരനെയോ ഓടിച്ചൊരു വായനകൊണ്ട് ആസ്വദിക്കാൻ, മനസ്സിലാക്കാൻ പറ്റുമോ? ആധുനികരായ പിക്കാസോയും സാൽവഡോർഡാലിയും പോവട്ടെ, പഴയ റെംബ്രണ്ടോ, എന്തിന്ന്, ഡാവിഞ്ചിയുടെ മോണാലിസ എങ്കിലുമോ ഒറ്റനോട്ടത്തിന് പൂർണ്ണമായി ആസ്വദിക്കാൻ ആരാലെങ്കിലും സാദ്ധ്യമാണോ? അല്ലെന്നാണ് എന്റെ പക്ഷം. ഒരു പരിധിവരെ എല്ലാ ശ്രദ്ധേയമായ കൃതികളും അമൂർത്തവും ദുർഗ്രഹവുമായേ തീരൂ എന്നു ചുരുക്കം.
ആസ്വാദനമെന്ന ക്രിയ
ഈ ദുർഗ്രഹത ആസ്വാദനത്തിനു തടസമായി നില്കരുത്. കലാകാരനും അനുവാചകനും തമ്മിൽ വലിയ വിടവുണ്ടാക്കാൻ ഈ ദുർഗ്രഹതയ്ക്ക് കഴിയും. ഈ വിടവു വലുതാവുമ്പോൾ സംവദനം എന്ന മൗലികമായ ആവശ്യത്തിനു ഉലച്ചിൽ തട്ടുന്നു. അതുകൊണ്ട് ഈ വിടവു നികത്തപ്പെടണം. ഇതിനു ശ്രമിക്കേണ്ടത് ഇരുകൂട്ടരുമാണ്. ദുർഗ്രഹമായതിനെ സുഗ്രഹമാക്കാനുള്ള ശ്രമത്തിലാവണം സൃഷ്ടികർത്താവ്. അതേ ശ്രമത്തിലാവണം ആസ്വാദകനും. ആസ്വാദനം തന്നെ ഒരുതരം സൃഷ്ടികർമാണ്. ഈ സൃഷ്ടികർത്തിന്റെ സൃഷ്ടി ആസ്വാദകന്റെ മനസ്സിൽ ജനിക്കുന്ന അനുഭൂതികളാണ്. ആസ്വാദനം വ്യക്തിനിഷ്ടമായ പ്രതികരണത്തിൽ അധിഷ്ഠിതമാണല്ലോ. ആസ്വാദകന്റെ വ്യക്തിഗതമായ ജീവിതവീക്ഷണം, അയാളുടെ ജീവിത തത്വശാസ്ത്രം, മാനസികഭാവം, വിശ്വാസപ്രമാണങ്ങൾ, അറിവ്, അനുഭവം ഒക്കെ ആസ്വാദനം എന്ന ക്രിയയിൽ സ്വാധീനം ചെലുത്തുന്ന പ്രധാന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെയാണ് ഒരേ കലാസൃഷ്ടി രണ്ട് ആസ്വാദകരിൽ രണ്ടുതരം വിഭിന്ന പ്രതികരണങ്ങൾ ജനിപ്പിക്കുന്നത്. എത്രത്തോളം പണിപ്പെടാനും എത്രത്തോളം സമയം ആസ്വാദനത്തിന്നായി ചിലവഴിക്കാനും ആസ്വാദകൻ തയ്യാറാവുന്നുവോ,
അതിന്നാനുപാതികമായി ആസ്വാദനക്ഷമതയും വർദ്ധിക്കും. അങ്ങനെ ആസ്വാദനക്ഷമത വർദ്ധി
ക്കുമ്പോൾ ഇന്നു ദുർഗ്രഹമെന്നു കരുതപ്പെടുന്ന പലതും സുഗ്രഹമാവും. ദുർഗ്രഹത എന്ന പരാതി വളരെ ദുർലഭമായേ ഉണ്ടാവു.
ആസ്വാദകന്റെ പങ്ക്
ഈവക കാര്യങ്ങളെക്കുറിച്ച് ആസ്വാദകൻ കൂടുതൽ ബോധവാനായിക്കൊണ്ടിരിക്കയാണിന്ന്. നമുക്കു ചുറ്റിലും സാഹിത്യത്തെ ഗൗരവപൂർം വീക്ഷിക്കുന്ന ഒരു പുതിയ തലമുറ രൂപംകൊണ്ടു വളരുകയാണ്. അവർക്കു സാഹിത്യാസ്വാദനം പ്രധാനമാണ്. വായന നേരമ്പോക്കിനുള്ള ഒരു മാർഗ്ഗം മാത്രമല്ല. ഈ ചെറുപ്പക്കാർ സാഹിത്യത്തെ സമീപിക്കുമ്പോൾ, സാഹിത്യകാരന്റെ സൃഷ്ടിക്കു പിന്നിൽ എത്രമാതം അനുഭവ സമ്പത്തുണ്ട്, എത്രമാത്രം ചിന്താശക്തിയുണ്ട്, അനുഭവസമ്പത്തും ചിന്താശക്തിയുമായുള്ള സംയോഗത്തിൽനിന്നുളവായ പുതിയ അനുഭൂതികളെ ആവിഷ്‌കരിക്കുന്ന കാര്യത്തിൽ സാഹിത്യകാരൻ എത്രകണ്ടു വിജയിച്ചിട്ടുണ്ട് എന്നൊക്കെ നിരീക്ഷിക്കുന്നു. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ വായനക്കാരൻ സാഹിത്യത്തെ വിലയിരുത്തുന്നത്. ചവറിനെ ചവറെന്നു പറഞ്ഞ് അവൻ കുപ്പത്തൊട്ടിയിലേയ്ക്കു തള്ളുന്നു. ആളിന്റെ പേരുകൊണ്ടോ പ്രസിദ്ധി കൊണ്ടോ കഥ നന്നായി എന്നു പറയാൻ അവൻ തയ്യാറല്ല. ആരെഴുതി എന്നതിലേറെ എന്തെഴുതിയെന്നേ അവൻ നോക്കുന്നുള്ളു. അനുവാചകനെ ചിന്തോദ്ദീപകവും ദിവ്യാനുഭൂതി ജനകവുമായ സൗന്ദര്യാനുഭവത്തിന്റെ (aesthetic experience) ഉദാത്തമായ മേഖലകളിലേയ്ക്കുയർത്തുന്ന കലാസൃഷ്ടികളാണ് ഇന്നാവശ്യം. ഇത്തരക്കാരായ ആസ്വാദകരുടെ തലമുറയാണ് നമ്മുടെ സാഹിത്യത്തിന്റെ വളർച്ചയ്ക്ക് ഏറ്റവും വലിയ ഉറപ്പ്. ആസ്വാദകന്റെ നിലവാരം ഉയരുമ്പോൾ ഉയർന്ന നിലവാരം പുലർത്തുന്ന സാഹിത്യസൃഷ്ടികൾക്കേ നിലനിൽപ്പുള്ളു എന്നു വന്നുകൂടുന്നു. അപ്പോൾ ചപ്പും ചവറും എഴുതിവിടാനുള്ള പ്രവണതയും വെള്ളത്തിൽ പൂട്ടാനും കൂട്ടത്തിൽ പാടാനും കഴിയുന്നവനൊക്കെ സാഹിത്യനായകനാവുക, വാളെടുത്തവനൊക്കെ വെളിച്ചപ്പാടാവുക എന്ന ഇന്നലത്തെ അവസ്ഥ — ഒരു പരിധിവരെ ഇന്നത്തെയും — മാറിക്കിട്ടും. തൊലിപ്പുറത്തെ വികാരത്തിന്റെ പേരിലും സാമൂഹ്യപ്രശ്‌നമെന്ന ലേബലിൻ കീഴിലും രചിക്കപ്പെടുന്ന ഉപരിതല സ്പർശികൾ മാത്രമായ പരപ്പൻ സാഹിത്യകൃതികൾ കുപ്പത്തൊട്ടിയിലേയ്ക്ക് തള്ളപ്പെടും. സാഹിത്യസൃഷ്ടി ഒരു തമാശയല്ലെന്നും മറിച്ച് അനുഭവവും അറിവും ബുദ്ധിയും ചിന്താശക്തിയുമൊക്കെ അതിനുപിന്നിൽ പ്രവർത്തിക്കണമെന്നും എഴുത്തുകാരനു ബോദ്ധ്യമാവും. അഗാധമായ ചിന്തയും ആത്മാർത്ഥവും ശക്തവുമായ സാധനയും യഥാർത്ഥ സാഹിത്യസൃഷ്ടിക്ക് അനിവാര്യമാണെന്ന ബോധം സാഹിത്യകാരനിൽ ഉദിക്കും. അങ്ങനെയുള്ള സാഹിത്യകാരന്മാരുടെയും ആസ്വാദകരുടെയും വ്യത്യസ്തവും ശ്രദ്ധേയവുമായ ഒരു തലമുറയുടെ ഉദയമാണ് ഇന്നു നമ്മുടെ ഭാഷയിൽ കാണുന്നത്. അതുകൊണ്ടാണ് ഇതു നമ്മുടെ ഭാഷാസാഹിത്യത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഘട്ടമാണെന്നു തുടക്കത്തിലേ പറഞ്ഞു വച്ചത്. നമ്മുടെ കഥാസാഹിത്യത്തിൽ ഇതു കൂടുതൽ പ്രകടമാണ്.
വ്യക്തി, സമൂഹം, സാഹിത്യകാരൻ
വ്യക്തിയുടെ അതിപ്രസരം, വ്യക്തിയിലേക്കു ചുരുങ്ങാനുള്ള വ്യഗ്രത ഇന്നു നമ്മുടെ സാഹിത്യരംഗത്തുണ്ടെന്നാണ് മുഖ്യമായ മറ്റൊരു പരാതി. ഇവിടെ സാഹിത്യകാരൻ, വ്യക്തി, സമൂഹം എന്നിവയെക്കുറിച്ചു പ്രത്യേകം ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യൻ ഒരു സമൂഹജീവിയാണ്. എന്ന പഴയ അടിസ്ഥാനതത്വം മറക്കാതെതന്നെ, സമൂഹം വ്യക്തികളുടെ സംഘമാണെന്നും മനുഷ്യന്റെ ബുദ്ധിപരമായ വികാസത്തിന,് മനുഷ്യചിന്തയുടെ വികാസത്തിന്, വ്യക്തിയും വ്യക്തികളുമാണ് നേതൃത്വം കൊടുക്കുന്നതെന്നും നമുക്കു തറപ്പിച്ചു പറയാൻ സാധിക്കും. ലെനിൻ എന്ന മനുഷ്യനിലേക്കു ഒക്‌ടോബർ വിപ്ലവം എന്ന മഹാ പ്രതിഭാസത്തെ ചുരുക്കി ഒതുക്കാനാവില്ലെങ്കിലും അതിന്റെ ന്യൂക്ലിയസ്, അതിനെ നിയന്ത്രിച്ച ചിന്താശക്തിയുടെ പിന്നിലെ ജീനിയസ് ആ മനുഷ്യനായിരുന്നുവെന്ന കാര്യത്തിൽ സംശയത്തിന്നിടമില്ല: ചെങ്കിസ്ഖാനും അലക്‌സാണ്ടറും നെപ്പോളിയനും ഗാന്ധിജിയും മാവോസേതൂങ്ങും അത്യുന്നതമായ വ്യക്തി പ്രഭാവത്തിനു ഉദാഹരണങ്ങളാണ്. സാംസ്‌കാരിക രംഗത്തും വ്യക്തിപ്രഭാവത്തിന്റെ ഈ പ്രസരം കാണാം, സോക്രട്ടീസും, ആദിശങ്കരനും മുതൽ റസ്സലും ഡ്യൂയിയും വരെ പേരുകൾ അനവധിയാണ്.
വ്യക്തിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പേരുകൾ വ്യക്തിയുടെ പ്രാധാന്യം എടുത്തുകാട്ടുമ്പോൾ സമൂഹത്തിന്റെ പ്രാധാന്യം കുറച്ചുകാണുകയല്ല. സമൂഹം വ്യക്തിക്കു ശക്തി നല്കുന്നു. അവന്റെ ചിന്താശക്തിയിൽനിന്നുടലെടുത്ത മൗലികഭാവത്തിന്റെ വികാസത്തിന്, വളർച്ചയ്ക്ക് കളമൊരുക്കുന്നു. പക്ഷേ, സർഗ്ഗക്രിയ, സർഗാത്മകമായ ചിന്തയുടെ വികാസം എന്നിവയൊക്കെ സൂക്ഷ്മപരിശോധനയിൽ വ്യക്തിനിഷ്ഠമാണെന്നു മനസ്സിലാകും. കൂട്ടായുള്ള കലാരചന സൃഷ്ടിയെക്കാളേറെ നിർമ്മാണം ആവാനാണെളുപ്പം. അതിൽ ഏകാത്മകത കമ്മിയാവും; ഭിന്നാത്മകത പ്രകടമാവും. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമെന്നു ചുരുക്കം. ഗൗരവാവഹവും സത്യസന്ധവുമായ ക്രിയാത്മകസാഹിത്യത്തിന്റെ സൃഷ്ടി വ്യക്തിനിഷ്ഠമാണെന്നേ ഇവിടെ അർത്ഥമാക്കുന്നുള്ളു. ഒന്നിലധികം വ്യക്തികളൊന്നുചേർന്നു രചിച്ചിട്ടുള്ള സാഹിത്യകൃതികൾ മറ്റു ഭാഷകളിലും നമ്മുടെ ഭാഷയിലും ഉണ്ടായിട്ടുണ്ട്. മാനസിക ഭാവങ്ങളുടെയും ജീവിത വീക്ഷണത്തിന്റെയും കാര്യത്തിൽ സമാനസ്വഭാവമുള്ള രണ്ടു വ്യക്തികളൊന്നിച്ചൊരു സർഗ്ഗക്രിയ നടത്തിക്കൂടെന്നില്ല. അതിൽ ഏകാത്മകത പുലർത്താൻ അവർക്കു കഴിയും. അപ്പോഴും ഒരു സമൂഹത്തിന്റെ, വലിയൊരാൾക്കൂട്ടത്തിന്റെ സൃഷ്ടിയല്ല അതെന്നോർക്കണം. ഇനി അത്തരമൊരു സാഹിത്യകൃതി സൂക്ഷ്മമായി പരിശോധിച്ചാൽ ചിന്തയുടെ ഏകതയും ഏകാഗ്രതയും പലപ്പോഴും പാളിപ്പോവുന്നതായും രചനയിലങ്ങിങ്ങു കല്ലുകടിക്കുന്നതായും അനുഭവപ്പെടും. രണ്ടു സൃഷ്ടികർത്താക്കളും ഒറ്റയ്‌ക്കൊറ്റയ്ക്കു രചിച്ചിട്ടുള്ള കൃതികൾ ഈ കൂട്ടുകൃഷിയേക്കാൾ
കൂടുതൽ കലാപരമായ പൂർണ്ണതയോട് അടുത്തുനിൽക്കുന്നതായി കാണാം. എം.ടി. വാസുദേവൻ നായരുടെ ‘നാലുകെട്ടും, എൻ.പി. മുഹദിന്റെ ‘ഹിരണ്യകശിപു’വും ഇരുവരുംചേർന്നു രചിച്ച ‘അറബിപ്പൊന്നി’നെക്കാൾ കലാപരമായ മേന്മ പുലർത്തുന്നു എന്നെനിക്കു തോന്നുന്നു. വ്യക്തി സമൂഹത്തിന്റെ അംഗമാണെന്നു പറഞ്ഞു. എന്നാൽ സർഗ്ഗക്രിയ ഒരു സാമൂഹ്യ പ്രവർത്തനമാവുക എന്നാൽ അതു സർഗ്ഗക്രിയ അല്ലാതാവുക എന്നാണർത്ഥം. എന്തെഴുതണം, എങ്ങനെ എഴുതണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സമൂഹം കൂടുതൽ കൈകടത്തുമ്പോൾ വ്യക്തിയായ സാഹിത്യകാരന്റെ ചിന്താശക്തിയുടെ വികാസത്തിനു കാര്യമായ ഉലച്ചിൽ തട്ടുന്നു. അവൻ നിഷ്‌ക്രിയനാവുന്നു. അവനു ശ്വാസം മുട്ടുന്നു. അവന്റെ ചിന്ത വഴിമുട്ടിനിൽക്കുന്നു. സൃഷ്ടി അസാദ്ധ്യമായിത്തീരുന്നു.
റിബൽ
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എഴുത്തുകാരൻ ഒന്നുകിൽ ഒരു ഉല്പാദകനായി അധഃപതിക്കുന്നു. അല്ലെങ്കിൽ ഒരു റിബൽ ആയിത്തീരുന്നു. ഉല്പാദകനായി അധഃപതിക്കാൻ സതിക്കുന്നവനെ സംബന്ധിച്ചിടത്തോളം നിലനില്പുതന്നെ പ്രശ്‌നമായിത്തീരുമ്പോൾ, ശ്വാസംമുട്ടിച്ചു കൊല്ലുന്ന ശക്തിയിൽനിന്നു സ്വതന്ത്രനാവാൻ അവൻ ശ്രമിക്കുന്നു. സംഘർഷമുണ്ടാവുന്നു. ഈ സംഘർഷം വ്യക്തിയുടെ സമൂഹത്തിനെതിരായ റിവോൾട്ടിന്റെ വിത്തുകൾ വിതയ്ക്കുന്നു. എവിടെ അടിച്ചമർത്തലുണ്ടോ അവിടെ റിവോൾട്ടിന്റെ വിത്തുകളുമുണ്ട്. ഇതിന്റെ അർത്ഥം സമൂഹനീതികൾക്കും നിയമങ്ങൾക്കുമെതിരെ പടയെടുത്ത് വ്യക്തി ഒരു സമൂഹദ്രോഹി ആയിത്തീരുന്നു എന്നല്ല. അങ്ങനെയും വരാം. സാധാരണ ഒറ്റതിരിഞ്ഞു നിന്നു റിവോൾട്ടു ചെയ്യുന്ന സാഹിത്യകാരൻ തന്റെ സൃഷ്ടിക്രിയ നിർഹിക്കുന്നതിലൂടെ സ്വതന്ത്രനാവുകയും തന്നെ അടിച്ചമർത്തിയ സമൂഹനീതിക്കെതിരെ ഭാവിയിലുണ്ടാവാനിരിക്കുന്ന കൂടുതൽ ശക്തിമത്തായ ഒരു റിവോൾട്ടിന്റെ നാന്ദി കുറിക്കുകയും തത്വശാസ്ത്രം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ റിവോൾട്ടു ചെയ്ത് ഒറ്റപ്പെട്ടു നിൽക്കുന്ന അയാൾ നയിക്കപ്പെടാറില്ല. അവൻ ഒന്നുകിൽ നായകനാണ്. അല്ലെങ്കിൽ നാളെയുടെ നായകനായ ഏകാന്തപഥികനാണ്.
സമൂഹത്തിനെതിരെ ഉണ്ടായ വ്യക്തിയുടെ ഈ റിവോൾട്ട് പാശ്ചാത്യ തത്വചിന്തയാണെന്ന മതം ശരിയല്ല. പാശ്ചാത്യന്റെയും പൗരസ്ത്യന്റെയും കാരണങ്ങൾ വിഭിന്നങ്ങളാണെന്നേയുള്ളു. നമ്മുടെ കാലഘട്ടത്തിൽ നമ്മുടെ നാട്ടിൽ കാണുന്ന വ്യക്തിയുടെ ദു:ഖത്തിനും നിരാശതയ്ക്കും, അമർഷത്തിനും അന്യതാബോധത്തിനും നമ്മുടേതായ പ്രത്യേക സാഹചര്യങ്ങളും കാരണവുമുണ്ട്. ഈ കാരണങ്ങളുടെ നേരെ കണ്ണടച്ച്, അവ മനസ്സിലാക്കാൻ ശ്രമിക്കാതെ ഇതൊക്കെ ഒരുതരം ഇറക്കുമതിച്ചരക്കാണ്, ഇവിടുത്തെ വ്യക്തികളുടെ ഏകാന്തതാബോധവും നഷ്ടബോധവും, നൈമിഷിക ബോധവും വ്യർത്ഥതാബോധവും അർത്ഥശൂന്യതാബോധവും ഒന്നും ഇല്ല എന്നു വാദിക്കുന്നത് കണ്ണടച്ചു ഇരുട്ടാക്കുന്നതിനു തുല്യമാണ്. അബദ്ധമാണ്. സത്യത്തെ നിഷേധിക്കലാണ്. തന്റെ പരിമിതമായ അറിവിനും ചിന്താശക്തിക്കും അപ്പുറത്ത് ഒന്നും നിലവിലില്ല എന്നു പറയുമ്പോലെയാണിത്. അവയൊക്കെ ദോഷങ്ങളാണെന്നു സമ്മതിച്ചു. പക്ഷേ, അവ ഇല്ലാതാകണമെങ്കിൽ ആദ്യം അവ ഉണ്ട് എന്ന് അംഗീകരിക്കണം. എന്നിട്ടേ അവക്കെതിരെ പടയെടുക്കാൻ കഴിയൂ. എന്നിട്ടേ അവയുടെ അടിസ്ഥാനപരമായ കാരണങ്ങൾ കണ്ടുപിടിച്ചു വേരോടു പിഴുതു കളയാനാവൂ. അതിനുപകരം ഇവിടെ കുഴപ്പമൊന്നുമില്ല, എല്ലാം ഇമ്പമായി എന്നു പാടി നടക്കുന്നതു വിഡ്ഡിത്തമാണ്. ഇവിടുത്തെ മനുഷ്യന്റെ ദുഃഖത്തിന്റെയും അമർഷത്തിന്റെയും ആന്തരികവും നിഗൂഢവുമായ വേദനയുടെയും ശബ്ദം കേൾക്കുമ്പോൾ ഇത് ഇറക്കുമതി ചെയ്തതാണ് എന്നു വാദിക്കുന്നത് ബുദ്ധിശൂന്യതയല്ലേ?
നമ്മുടെ പ്രത്യേകകാരണങ്ങൾ
എന്താണ് നമ്മുടെ നാട്ടിലെ പ്രത്യേകസാഹചര്യങ്ങൾ? നീണ്ട ഒരു ചർച്ചയ്ക്ക് ഇവിടെ ഞാൻ ഒരുക്കമല്ല. ചുരുക്കത്തിൽ പറയാം. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള രണ്ടു ദശവർഷങ്ങളിലെ ഭാരതത്തിന്റെ ചരിത്രം സൂക്ഷ്മമായി പഠിക്കാൻ ശ്രമിക്കുകയേ വേണ്ടു. ഒക്കെ വ്യക്തമാവും. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് സ്വാതന്ത്ര്യസമ്പാദനം എന്നൊരു ലക്ഷ്യം ഇവിടുത്തെ ജനങ്ങൾക്കു പൊതുവായി ഉണ്ടായിരുന്നു. ഈ ലക്ഷ്യം ഒരു വികാരമായി, ആവേശമായി വളർന്നു. ഭാരതമാകെ അതിന്റെ കാറ്റു വീശി. നാട്ടിലുടനീളം ചലനമുണ്ടായി. ആ ചലനത്തിന്റെ ഭാഗമായി സാഹിത്യകാരനും അതിൽനിന്നു ആവേശമുൾക്കൊണ്ടു. അവൻ സാഹിത്യസൃഷ്ടി നടത്തി. സാമൂഹ്യരോഷത്തിന്റെ അലകൾ സാഹിത്യത്തിലുമിളകി. അന്ന് ഈടുറ്റ കൃതികളുണ്ടായി. ഈടില്ലാത്തവയുമുണ്ടായി. എല്ലാം ശ്രദ്ധിക്കപ്പെട്ടു. ആദരിക്കപ്പെട്ടു. ആവേശം ശക്തിമത്തായിരുന്നു. ആഴത്തിലോ ഉപരിപ്ലവമായോ ആ ആവേശം ഉൾക്കൊണ്ട രചനകളൊക്കെ പോപ്പുലർ സാഹിത്യമായി. സ്വാതന്ത്ര്യലബ്ധിയോടെ പരിതഃസ്ഥിതികളിൽ മാറ്റമുണ്ടായി. പുതിയ ഇന്ത്യയുടെ നിർമ്മാണം തുടങ്ങിയ ആശയങ്ങൾ കടലാസിൽ ചത്തുകിടന്നു. പദ്ധതികൾ കടലാസുപദ്ധതികളായും വാഗ്ദാനങ്ങൾ പൊള്ളയായും കിടന്നു. സാമൂഹ്യപരിഷ്‌കരണത്തിനുള്ള ശ്രമങ്ങൾ ഇല്ലെന്നായപ്പോൾ, അല്ലെങ്കിൽ അവ ദുർബലമായപ്പോൾ, വ്യക്തി, സ്വാതന്ത്ര്യ സമരകാലത്ത് സംഘടിച്ച് സമൂഹമായിത്തീർന്ന, സമരസൈന്യമായിത്തീർന്ന വ്യക്തി എന്ന ജീവിതത്തിലേക്കുതന്നെ മടങ്ങിവരാൻ തുടങ്ങി. അവനവൻ നന്നാവുക എന്നതായി പ്രധാന പ്രശ്‌നം. അവനവന്റെ ഭൗതികമായ ഉന്നമനമാണേറ്റം പ്രധാനമെന്ന ധാരണ മനുഷ്യനിൽ ഉദിച്ചു. അതിന്നായി എന്തും ചെയ്യാമെന്നായി. മനുഷ്യർ കരീറിസ്റ്റു (careerist) കളായി. കരീറിസ്റ്റുകളുടെ ഒരു സമൂഹത്തിന്നു ന്യായീകരണം കണ്ടുപിടിക്കുന്ന ബുദ്ധിജീവികൾ ഉണ്ടായി. ഉദ്ദേശ്യം പരിമിതമാകയാൽ ബുദ്ധിജീവികൾക്ക് മീഡിയോക്രിറ്റി (mediocrity) ക്കപ്പുറത്തേക്കു വളരേണ്ട കാര്യമുണ്ടായില്ല. സത്യസന്ധത, നേര്, നെറി തുടങ്ങിയ വാക്കുകൾ അപ്രധാനമായി. മനുഷ്യർ അന്നുവരെ മാനിച്ചിരുന്ന സാമൂഹ്യമൂല്യങ്ങൾക്കു തകർച്ച സംഭവിക്കാൻ തുടങ്ങി, കാര്യസാദ്ധ്യത്തിനെന്തും ചെയ്യാമെന്ന ചുറ്റുപാടിൽ, മോഷണവും പിടിച്ചുപറിയും വ്യഭിചാരവും, കള്ളക്കടത്തും സാധാരണയായി. സമൂഹത്തിലെ പുഴുക്കുത്തുകൾ വലുതായി. ജീർണ്ണത അധികരിച്ചു. കഠിനവും ഒപ്പം യഥാർത്ഥവുമായ ഒരുതരം അരക്ഷിതത്വബോധം മനുഷ്യനിൽ വേരൂന്നി.
വ്യക്തിയിലേയ്ക്ക് ചുരുങ്ങുന്നു
സ്വാതന്ത്ര്യസമരകാലത്ത് ആവേശത്തിന്റെ കഥകളെഴുതിയ സാഹിത്യകാരൻ സമൂഹത്തിൽനിന്നു വ്യക്തിയിലേയ്ക്ക് മടങ്ങാൻ തുടങ്ങി. ലക്ഷ്യം തെറ്റി. പുതിയ ലക്ഷ്യങ്ങളില്ലാതായി. സമൂഹം എന്ന പിടിയിൽ എന്നിട്ടും കിടക്കാനാഗ്രഹിച്ചവർ ഉപരിപ്ലവമായ, ആവേശം പോലുമില്ലാത്ത ഒഴുക്കൻകഥകളെഴുതിവിട്ടു. അവർക്കു പുറകേ വന്നവർ ദുഃഖിക്കുന്ന വ്യക്തിയെ, തകരുന്ന വ്യക്തിയെ, തകരുന്ന തലമുറകളെക്കുറിച്ച് എഴുതുന്ന കഥപറച്ചിലുകാരായി. നഷ്ടപ്രേമങ്ങളുടേയും കിട്ടാത്ത ഭാഗ്യങ്ങളുടേയും തകർന്ന സ്വപ്നങ്ങളുടേയും സെൻറിമെൻറൽ കഥാകഥനം നടത്തുകയായി അവരുടെ തൊഴിൽ. ഇവരിൽ ശില്പ സംവിധാനവൈദഗ്ദ്ധ്യവും നഷ്ടസസൗഭാഗ്യങ്ങളെക്കുറിച്ച് അനുഭവസമ്പത്തും ഉള്ള ചിലർ പെട്ടെന്നു അറിയപ്പെടുന്നവരായി. അവർക്ക് ആരാധകരുണ്ടായി. ആവേശക്കാർ കെട്ടടങ്ങി വീണ പാതയിൽ ഈ പുതിയ കൂട്ടർ സെൻറിമെൻറലിസവുമായി പിടിച്ചുകയറി. ഇതൊരു മദ്ധ്യവർത്തി കാലഘട്ടമായിരുന്നു. ഇക്കൂട്ടർ തങ്ങൾക്കു പിന്നാലേവന്ന, കൂടുതൽ ശക്തിയോടെവന്ന, കൂടുതൽ അഗാധമായ അപഗ്രഥനത്തിനു തയ്യാറായിവന്ന പുത്തൻ തലമുറയുടെ മുന്നോടികളായിരുന്നു. അവർ സെൻറിമെൻറലായി സമീപിച്ച പ്രശ്‌നങ്ങളെ കൂടുതൽ ഉൾക്കാഴ്ചയോടെ ദാർശനികമായി കൂടുതൽ അഗാധമായി, കൂടുതൽ സമചിത്തതയോടെ സമീപിക്കുക എന്നതായിരുന്നു പില്കാല തലമുറയുടെ കടമ, ആ തലമുറയാണ് ഇന്നത്തെ സാഹിത്യകാരന്മാരുടേത്.
പുതിയതിന്റെ നേരെയുള്ള പടപ്പുറപ്പാട്
അരക്ഷിതത ബോധവും അവനവൻ വലുത് എന്ന ബോധവും വളർന്ന സമൂഹത്തിൽ, സാമൂഹ്യപരിഷ്‌കർത്താക്കളിലെ ഒരു വലിയ വിഭാഗം കരീറിസ്റ്റുകളായി. ആളഹാർത്ഥമായ സമൂഹസ്‌നേഹവും സഹാനുഭൂതിയുമുള്ള സാമൂഹ്യപ്രവർത്തകർ സാമൂഹ്യപ്രവർത്തകരല്ലാതായി. അവർ ഒന്നുകിൽ ഒറ്റപ്പെട്ടു. അല്ലെങ്കിൽ ബുദ്ധിപരമായും മാനസികമായും ഞെക്കിക്കൊല്ലപ്പെട്ടു. മനുഷ്യമനസാക്ഷിയുടെ ട്രാജഡിയെന്ന് ഈ വ്യതിയാനത്തെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. സത്യസന്ധതയുള്ള സാഹിത്യകാരനും ഈ ട്രാജഡിക്കു വിധേയനായി, അവൻ ഒറ്റപ്പെട്ടു. ഉപേക്ഷിക്കപ്പെട്ടു. അന്യനായി. ചിലരിൽ ഇത് ഒരുതരം അഗാധവും ഏകാന്തവുമായ ദുഃഖമായും മറ്റു ചിലരിൽ രോഷമായും ഇനിയും ചിലരിൽ വ്യർത്ഥതാബോധമായും വളർന്നു. അവൻ ചിന്തിച്ചു. പഠിച്ചു. വീണ്ടും ചിന്തിച്ചു. ചിന്തയും അനുഭവവും കൂടിച്ചേർന്ന് അവന്റെ മനസ്സിൽ ആധുനിക ട്രാജഡിയുടെ പുതിയ പ്രതിബിംബങ്ങളും പ്രതീകങ്ങളും സൃഷ്ടിച്ചു. ഈ പുതിയ പ്രതിബിംബങ്ങളുടെയും പ്രതീകങ്ങളുടെയും പ്രകാശനം ഇന്നത്തെ സാഹിത്യകാരന്റെ കൃതികൾക്ക് പുതുമ നൽകി.
ഈ പുതുമകണ്ടു ഞെട്ടുകയും പാശ്ചാത്യരിൽനിന്നു കടമെടുത്ത ബിംബവൈകൃതങ്ങളാണിവയെന്ന് ആക്ഷേപിക്കുകയും ചെയ്യുമ്പോൾ ഒന്നുകിൽ ചുറ്റും കാണുന്നത് മനസ്സിലാക്കാത്തവരാണ്. അല്ലെങ്കിൽ മനസ്സിലാക്കിയിട്ടും ഇല്ലെന്നു നടിക്കുന്നവരാണ്. നമ്മുടെ നഗരജീവിതത്തിന്റെ, ഒരു പരിധിവരെ ഗ്രാമീണജീവിതത്തിന്റെ ക്രൂരമായ, ദുസ്സഹമായ, ദയനീയമായ ജീർണ്ണതയ്ക്ക് നേരെ, സാമൂഹ്യവും വ്യക്തിനിഷ്ഠവുമായ അധഃപതനത്തിനു നേരെ കണ്ണടയ്ക്കുന്നതുകൊണ്ട് ആരും ഒന്നും നേടാൻ പോവുന്നില്ല. ഇതിനെതിരെ പൊള്ള മുദ്രാവാക്യങ്ങൾ മുഴക്കുകയാണ് സാഹിത്യകാരന്റെ തൊഴിൽ എന്നു വാദിക്കുന്നവർ പ്രശ്‌നങ്ങളെ ഉപരിപ്ലവമായി മാത്രം കാണുന്നവരോ ഹിപ്പോക്രിറ്റുകളോ ആണ്. കാരണം മുദ്രാവാക്യങ്ങൾകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. ഇക്കൂട്ടരാണ് ആധുനിക സാഹിത്യത്തിൽ പ്രകടമാവുന്ന മനുഷ്യദുഃഖത്തെ, രോഷത്തെ, വ്യർത്ഥതാബോധത്തെ ഒക്കെ അധിക്ഷേപിക്കുന്നത്. വിപ്ലവസംഘടനകൾ പോലും എസ്റ്റാബ്ലിഷ്‌മെൻറിന്റെ ഭാഗമാവുകയും അവയുടെ നേതാക്കൾ കരീറിസ്റ്റുകളാവുകയും യഥാർത്ഥ വിപ്ലവകാരികൾ ഏകാന്തമായ ദുഃഖത്തിന്റെ, നഷ്ടപ്പെട്ട ലക്ഷ്യത്തെക്കുറിച്ചുള്ള ബോധം സൃഷ്ടിച്ച നിരാശതയുടെ, നിലവിലുള്ള നിസ്സഹായതയുടെ അവകാശികളായിത്തീരുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ മുദ്രാവാക്യം എഴുതണമെന്നു ശഠിക്കുന്നത് വിഡ്ഡിത്തമോ ഹിപ്പോക്രിസിയോ ആണ്. ഇക്കൂട്ടരുടെ സമീപനം അപകടകരവുമാണ്. പ്രശ്‌നങ്ങൾ പൂർണ്ണമായി, അടിസ്ഥാനപരമായി മനസ്സിലാക്കാനുള്ള വ്യഗ്രത ആദ്യമുണ്ടാവണം. എന്നിട്ടേ പരിഹാരം കണ്ടെത്താനാവു. പ്രശ്‌നങ്ങളുടെ നേരെയുള്ള നമ്മുടെ സമീപനത്തിലെ ഈ പോരായ്‌മയെക്കുറിച്ചു ബോധവാന്മാരായ കുറേപ്പേരെങ്കിലും നമ്മുടെ സാംസ്‌കാരികരംഗത്ത് ഇന്നുണ്ടെന്നത് ആശാവഹമാണ്. നമ്മുടെ സമൂഹത്തെ, സമൂഹത്തിന്റെ പശ്ചാത്തലത്തിൽ വ്യക്തിയെ അടുത്തറിയാനും കൂടുതൽ പഠിക്കാനും ശ്രമിക്കുന്ന സാഹിത്യകാരൻ റെഡിമെയ്‌ഡ് ഉത്തരങ്ങളല്ല, മറിച്ചു ചോദ്യങ്ങളാണ് സൃഷ്ടിക്കുന്നത്.ചോദ്യം മനസ്സിലാവാത്തിടത്തോളം ഉത്തരം കണ്ടെത്താനാവില്ലല്ലോ. ചോദ്യം സാർവത്രികമായി മനസ്സിലാക്കപ്പെടുകയും ഉത്തരങ്ങൾ നിർദ്ദേശിക്കപ്പെടുകയും ചെയ്യുമ്പോൾ ഇന്ന് അവിടവിടെ കേൾക്കുന്ന വ്യക്തിഗതമായ ശബ്ദങ്ങൾ ഒന്നിച്ചുകൂടുകയും ഒരു സാമൂഹ്യവിപ്ലവത്തിനു സാഹിത്യകാരൻ പ്രചോദനം കൊടുക്കുകയും ചെയ്യും. അതുകാലത്തിന്റെ കാര്യമാണ്. ആരും ബഹളം കൂട്ടണമെന്നില്ല.
ഉപരിപ്ലവമായ വിപ്ലവ വീര്യമോ
അഗാധമായ യാഥാർത്ഥ്യബോധമോ?
ബഹളക്കാർ പറയും, ഇന്നത്തെ സാഹിത്യകാരൻ ജനങ്ങൾക്കുവേണ്ടി എഴുതുന്നില്ലെന്ന്. എഴുതുന്ന നേരത്ത് ജനം എന്തുപറയും എന്നതിനെക്കുറിച്ച് അവൻ ബോധവാനല്ല എന്നു പറയുകയാവും കൂടുതൽ ശരി. അത് ഇന്നത്തെ പ്രതേ്യകതയല്ല. എക്കാലവും അങ്ങനെ തന്നെയായിരുന്നു. ഗൗരവപൂർം സാഹിത്യസസൃഷ്ടി ചെയ്യുന്ന സാഹിത്യകാരനെ സംബന്ധിച്ചേടത്തോളം സാഹിത്യരചന ഒരു സർഗ്ഗ ക്രിയയാണ്. സൃഷ്ടിക്രിയയുടെ നിമിഷങ്ങളിൽ സാഹിത്യകാരൻ തികച്ചും ഏകനാണ്. ജീവിതാനുഭവങ്ങളും സ്വന്തം ചിന്താശക്തിയും ഇണചേർന്നു നിർമ്മിച്ച പുതിയ ദർശനങ്ങളും പുതിയ പ്രതീകങ്ങളും പ്രതിരൂപങ്ങളും എടുത്തുപെരുമാറുന്ന അവന്റെ മുമ്പിൽ ആ ലോകമേയുള്ളു. അപ്പോൾ വായനക്കാരനില്ല. പത്രക്കാരനില്ല. പ്രസാധകനില്ല. ആരുമില്ല. ഏകനായ, ഏകാഗ്രചിത്തനായ അവൻ സൃഷ്ടിയുടെ എല്ലാ വേദനയും അനുഭവിച്ചും സൃഷ്ടികർമം നിർഹിക്കുന്നു. സൃഷ്ടികർമം പൂർത്തിയാവുമ്പോൾ തോടുപൊട്ടിച്ച് അവൻ പുറത്തേക്കുവരുന്നു. അവൻ കൊണ്ടുവരുന്ന പുതിയ സാഹിത്യസൃഷ്ടി പിന്നീടാണ് വായനക്കാരനു പ്രിയംകരമാണോ അല്ലയോ എന്നൊക്കെ അവൻ അറിയുന്നത്. ഇതിന്റെ അർത്ഥം സാഹിത്യകാരൻ ജനങ്ങളെ മറക്കുന്നു എന്നല്ല. മറിച്ച് അവൻ അവരെ ഓർക്കുന്നു. അവരുടെയിടയിൽ ജീവിക്കുന്നു. അവരെ സ്‌നേഹിക്കുന്നു. വെറുക്കുന്നു. അവരോടു കൂട്ടൂകൂടുന്നു. വഴക്കിടുന്നു. അവരോടൊപ്പം ചിരിക്കുകയും കരയുകയും ചെയ്യുന്നു. അവരിൽ ഒരാളായി ജീവിക്കുന്നു. അവരെ പഠിക്കുന്നു. അവരുടെ കണ്ണീരും പുഞ്ചിരിയും സ്‌നേഹങ്ങളും വിരോധങ്ങളും ആശകളും നിരാശകളും ഒക്കെ മനസ്സിലാക്കാൻ ശ്രമിക്കുന്നു. അവനവനിലൂടെയാണ് ഒരുവൻ മറ്റുള്ളവരെ മനസ്സിലാക്കുന്നത്. സ്വയം മനസ്സിലാക്കാൻ ശ്രമിക്കാത്തവന്നു മറ്റുള്ളവനെ മനസ്സിലാക്കാനാവില്ല. അവനവനെ മനസ്സിലാക്കാൻ, അങ്ങനെ മറ്റുള്ളവരെ മനസ്സിലാക്കാൻ, മറ്റുള്ളവരിലൂടെ തന്നെ ത്തന്നെ മനസ്സിലാക്കാൻ, കണ്ടെത്താൻ ഉള്ള അവിരാമമായ ആഗ്രഹമാണ്, അക്ഷീണമായ ശ്രമമാണ്, നിരന്തരമായ തപസ്യയാണ്, ഒരു സാഹിത്യകാരന്റെ ജീവിതം. അല്ലെങ്കിൽ, ആ ജീവിതം വ്യർത്ഥമാണ്, പൊള്ളയാണ്. അങ്ങനെ ജീവിക്കാത്ത എഴുത്തുകാരന്റെ രചന സാഹിത്യത്തിനു ഗുണമല്ല, ദോഷമേ ചെയ്യു. അവൻ എത്ര പടപ്പാട്ടെഴുതിയാലും എത്ര മുദ്രാവാക്യമെഴുതിയാലും അവയൊക്കെ ഉപരിപ്ലവമാകയാൽ വ്യർത്ഥമാവുകയേ ഉള്ളു. ഉപരിപ്ലവമായ വിപ്ലവ വീര്യത്തേക്കാൾ നന്ന്, ഏറെ മനസ്സിലാക്കാൻ ശ്രമിക്കുന്നവന്റെ താരതമ്യേന വിപ്ലവ വീര്യം കുറഞ്ഞ അപഗ്രഥന പഠനങ്ങളാണ്. ”ഉപരിപ്ലവമായ ഓപ്റ്റിമിസം ഏറ്റവും കറുത്ത പെസ്സിമിസത്തേക്കാൾ നിരാശാജനകമാണ്” എന്നു വിശ്വപ്രസിദ്ധനായ യവ്‌ജെനി യെവ് തുഷെങ്കോ എന്ന റഷ്യൻ യുവ കവി പറയുന്നത് എത്ര ശരി! നമുക്കു വേണ്ടത് അഗാധമായ പഠനങ്ങളാണ്. അവ അനാച്ഛാദനം ചെയ്യുന്ന ചിത്രങ്ങൾ ഒരുവേള ക്രൂരവും ജീർണ്ണവും ദുർഗ്ഗന്ധപൂരിതവുമാണെങ്കിൽ കൂടി, തൊലിപ്പുറത്തെ വിപ്ലവത്തേക്കാളും പൊള്ളയായ മുദ്രാവാക്യങ്ങളെക്കാളും മനുഷ്യന്റെ വളർച്ചയെത്തന്നെ സഹായിക്കുന്നതു ജീർണ്ണമായ അടിത്തട്ടിനെക്കുറിച്ചുള്ള യഥാതഥവും ശക്തവുമായ ബോധമാണ്. എം.പി. നാരായണപിള്ളയുടെ ’56 സത്രഗലി’ എന്ന കഥ ബോംബയിലെ ഒരു മുറിയിൽ ചീഞ്ഞ, ജീർണ്ണിച്ച, ദുഷിച്ച അന്തരീക്ഷത്തിൽ, മലീമസമായ ചുറ്റുപാടുകളിൽ, പകർച്ചവ്യാധികൾക്കു വിധേയരായി, തെരുവുനായ്ക്കളെക്കാൾ മോശപ്പെട്ട ജീവിതം നയിക്കുന്ന പതിമൂന്നു മനുഷ്യമൃഗങ്ങളുടെ ചിത്രമാണ്. ഇവിടെ പരിഹാരനിർദ്ദേശമില്ല. സമരാഹ്വാനമില്ല. മുദ്രാവാക്യമില്ല. ജീർണ്ണതയുടെ ഒരു ചിത്രം മാത്രം. അഗാധമായ ചിത്രം. അനേകം അജ്ഞാതപരിമാണങ്ങളുള്ള ചിത്രം. തൊലിപ്പുറത്തുള്ള പ്രശ്‌നവും പ്രശ്‌നപരിഹാരവും അവതരിപ്പിക്കുന്ന കൊമ്പൻ ‘പുരോഗമന’ച്ചരക്കുകളെക്കാൾ എത്രയോ മടങ്ങ് ഉന്നതമാണിക്കഥ! സാമൂഹ്യ പ്രാധാന്യം തന്നെ ഇതിനല്ലേ കൂടുതൽ? ഇതല്ലേ കലാസൃഷ്ടി? ഇതല്ലേ നമുക്കാവശ്യം?
വളർച്ചയ്‌ക്കൊരു മുഖവുര
സാഹിത്യകാരൻ സമൂഹപരിഷ്‌കർത്താവായിക്കൊള്ളണം എന്നില്ല. സമൂഹപരിഷ്‌കരണമല്ല സാഹിത്യകാരന്റെ തൊഴിൽ. സാരോപദേശവുമല്ല. സാഹിത്യകാരൻ വിദ്യാർത്ഥിയാണ്. അവൻ നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. ആ പഠനത്തിൽ അവൻ പലതും മനസ്സിലാക്കുന്നു. പലതും സൃഷ്ടിക്കുന്നു. അങ്ങനെയുണ്ടാവുന്ന സൃഷ്ടി സമൂഹപരിഷ്‌കരണത്തിനു സഹായകമായി ഭവിച്ചുകൂടെന്നില്ല എന്നുമാത്രം. വിദ്യാർത്ഥിയായ സാഹിത്യകാരൻ മനുഷ്യൻ, മനുഷ്യജീവിതം, പ്രകൃതി, പ്രകൃതി മനുഷ്യനിൽ ചെലുത്തുന്ന സ്വാധീനം എന്നിവയൊക്കെ പഠിക്കുന്നു. ഗവേഷണബുദ്ധ്യാ അവയെ സമീപിക്കുന്നു, അവന്റെ സമീപനത്തിന്റെ അടിസ്ഥാനം എപ്പോഴും ഭൗതികശാസ്ത്രങ്ങളെ നിയന്ത്രിക്കുന്ന യുക്തിവാദം ആയിക്കൊള്ളണമെന്നില്ല. യുക്തിയുടെ അളവുകോൽ കെമിസ്ട്രിക്കും ഫിസിക്‌സിനും ബയോളജിക്കുമെന്നപോലെ മനുഷ്യമനസ്സിന്റെയും ചിന്തയുടെയും ദർശനത്തിന്റെയും അപഗ്രഥനപഠനത്തിന് ഉപയുക്തമായിക്കൊള്ളണമെന്നില്ല. കാരണം യുക്തിക്കു നിരക്കാത്ത പലതും മനുഷ്യജീവിതദർശന സംബന്ധിയായുണ്ട്. യുക്തിയുക്തവും യുക്തിരഹിതവുമായ മേഖലകളെത്തിൽ സംയോജിപ്പിക്കാനും അവയുടെ പരസ്പരസംയോഗത്തിൽനിന്ന് ഒരു പുതിയ, കുറേക്കൂടി ഉന്നതമായ യാഥാർത്ഥ്യം സൃഷ്ടിക്കാനുമുള്ള ശ്രമം, പലപ്പോഴും ഒരുവേള എല്ലായ്‌പ്പോഴും സാഹിത്യകാരനും കലാകാരനും നടത്തുന്നു. യുക്തിയും യുക്തിരാഹിത്യവും തമ്മിലുള്ള സംയോഗത്തിൽനിന്നു ജനിക്കുന്ന പുതിയ അതിയാഥാർത്ഥ്യത്തെ (super reality) സർറിയലിസ്ടുകൾ തങ്ങളുടെ അന്വേഷണ ലക്ഷ്യമായി പ്രഖ്യാപിച്ചു. മറ്റുള്ളവർ പ്രഖ്യാപിക്കാതെ അന്വേഷിക്കുന്നതും അതുതന്നെ. യുക്തിവാദം പൂർണ്ണമായി ശരിയാവണമെങ്കിൽ മനുഷ്യന്റെ അറിവു പൂർണ്ണമാവണം. അറിവു പരിമിതമാകയാൽ യുക്തിവാദത്തിന്റെ പ്രയോഗമേഖലയും പരിമിതമാണ്. കഴിഞ്ഞ നിമിഷംവരെയുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യൻ യുക്തി സൃഷ്ടിക്കുന്നത്. ആ യുക്തി അജ്ഞാതമായതിനെ അളക്കാൻ ഉപയോഗിക്കുന്നത് അബദ്ധമല്ലേ? പരിമിതമായ ഒന്നുകൊണ്ട് അപരിമിതമായതിനെ അളക്കാൻ ശ്രമിക്കുന്നത് ബുദ്ധിശൂന്യമല്ലേ? അപ്പോൾ കലാകാരനോ സാഹിത്യകാരനോ ആയ മനുഷ്യൻ ഗവേഷണബുദ്ധ്യാ ജീവിതത്തെയും മനുഷ്യമനസ്സ് എന്ന സങ്കീർണ്ണമായ അസംസ്‌കൃത പദാർത്ഥത്തെയും സമീപിക്കുമ്പോൾ അവന്റെ അടിസ്ഥാനം യുക്തിവാദമല്ല, പിന്നെന്താണ്?
ജീവിതദർശനം
ഇവിടയാണ് ജീവിതദർശനം, ജീവിതവീക്ഷണം, പരിപ്രേക്ഷ്യം, കാഴ്ചപ്പാട്, സമീപനരീതി ഒക്കെ പ്രസക്തമാവുന്നത്. എന്താണീ ജീവിതദർശനം? യുക്തിചിന്തയുടേയും അനുഭവത്തിന്റേയും അടിസ്ഥാനത്തിൽ ഒരു മനുഷ്യൻ മുന്നോട്ടുവച്ചതു പിന്നീടു സമൂഹം അംഗീകരിച്ചതുമായ ഒരു തത്വചിന്താ പ്രസ്ഥാനമോ? അതല്ല ഇവിടെ വിവക്ഷ. സ്വന്തം സർഗ്ഗശക്തിയുടെയും പഠനത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, സ്വയം കണ്ടെത്താനുള്ള ശ്രമത്തിൽ ഒരു മനുഷ്യനിൽ, ഒരു സാഹിത്യകാരനിൽ, ഉരുത്തിരിയുന്ന അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സമീപനരീതി, ദാർശനികഭാവം, കാഴ്ചപ്പാട് എന്നൊക്കെയേ ഇവിടെ അർത്ഥമാക്കുന്നുള്ളു. ഒരാളുടെ ജീവിതതത്വശാസ്ത്രം മാർക്‌സിസമാണെന്നു പറഞ്ഞാൽ അയാൾക്ക് മൗലിക പ്രതിഭ ഇല്ലെന്ന്
അർത്ഥം. അതേസമയം ഒരാളുടെ ജീവിതദർശനത്തിനടിസ്ഥാനം മാർക്‌സിസമാണെന്നു പറഞ്ഞാൽ എനിക്കു മനസ്സിലാവും. അയാളെ ഏറ്റവുമധികം സ്വാധീനിച്ച തത്വചിന്ത മാർക്‌സിന്റേതാണെന്നേ അതിന്നർത്ഥമുള്ളു.. ഇവിടെ വിവക്ഷിക്കപ്പെടുന്ന ജീവിതദർശനം ഓരോ വ്യക്തിയിലും, സ്വാഭാവികമായും, വ്യത്യസ്തമാണ്. അത് വ്യക്തിനിഷ്ഠമാണ്. രക്തം വഴിയോ ജീനുകൾ (gene) വഴിയോ കിട്ടിയതെന്നല്ല വിവക്ഷ, സിദ്ധിയും സാധനയുംകൊണ്ട് അവനിൽ ഉളവായി, വികാസപരിണാമങ്ങൾക്കു വിധേയമാവുന്നതാണ്. പാരമ്പര്യം, വളരുന്ന ചുറ്റുപാടുകൾ,
വിദ്യാഭ്യാസം, സുഹൃത് വലയം, ലോകപരിചയം, വായന, നിരീക്ഷണം, ചിന്ത എന്നിങ്ങനെ പല ഘടകങ്ങളും ഈ ദർശനത്തിന്റെ രൂപീകരണമെന്ന പ്രക്രിയയെ സഹായിക്കുന്നു. എന്റെ പ്രായം, ഞാൻ പിറന്ന ദിവസം വരെയുള്ള മനുഷ്യരാശിയുടെ വയസ്സ് അധികം മുപ്പത്തിനാല് ആണ്. അതുകൊണ്ട് എനിക്കുമുമ്പ് മനുഷ്യൻ നേടിയ വിജ്ഞാനത്തിന്റെ എനിക്ക് നേടിയെടുക്കാൻ കഴിഞ്ഞേടത്തോളം, അംശം എന്നെ സ്വാധീനിക്കുന്നു. അങ്ങനെ വരുമ്പോൾ നമ്മുടെ കാലഘട്ടത്തിൽ ജീവിക്കുന്ന ഒരുവനെ ആദിമമനുഷ്യൻ മുതൽ റസ്സലും (Betrand Russel) സാർത്രും (Jean Paul Sarte) വരെയുള്ള തത്വചിന്തകരും പാസ്റ്റർനാക്കും (Boris Pasternak) കമ്മിങ്‌സും (E.E. Cummings) വരെയുള്ള കവികളും ഗ്രാസും (Gunter Grass) സാലിംഗറും (J.D. Salinger) വരെയുള്ള നോവലിസ്റ്റുകളും സ്വാധീനിക്കുന്നുവെന്നു വ്യക്തം. ഒരാൾക്ക് ആഭിമുഖ്യം നീഷേയോടായാൽ മറ്റൊരാൾക്ക് കീർകെഗാദിനോടും ആവാം. അയാളിൽ ഉരുത്തിരിയുന്ന വ്യക്തിഗത ദർശനം, എന്തെല്ലാം അന്യസ്വാധീനങ്ങളുണ്ടായാലും അയാളുടേതാണെന്നേയുള്ളു. അല്ലെങ്കിൽ അയാളിൽ മൗലികപ്രതിഭ ഇല്ലെന്നു സാരം. മൗലികപ്രതിഭയുടെ ഉടമയായ സാഹിത്യകാരൻ ഗൗരവബുദ്ധ്യാ, ഗവേഷണത്വരയോടെ ജീവിതവും മരണവും അപഗ്രഥിക്കുമ്പോൾ അവന്റെ ധ്യാനത്തിന്റെ, തപസ്യയുടെ സൃഷ്ടിയായി സർഗ്ഗാത്മകസാഹിത്യം ജന്മമെടുക്കുന്നു. ഈ ജന്മപ്രക്രിയ ഇന്നരീതിയിൽ വേണം, ഇന്ന ലക്ഷ്യത്തോടെ ആവണം എന്നൊക്കെപ്പറയുന്നതു അബദ്ധമല്ലേ? ജനങ്ങൾക്കുവേണ്ടി എഴുതുന്നില്ല, സമൂഹം പരിഷ്‌കരിക്കാൻ ശ്രമിക്കുന്നില്ല എന്നൊക്കെയുള്ള പരാതികൾക്ക് അപ്പോൾ പ്രസക്തി ഇല്ലാതാവുന്നു. ആരും ആർക്കും വേണ്ടി ഒന്നും സൃഷ്ടിക്കാറില്ല, നിർമ്മിക്കാറേയുള്ളു. ഭവനനിർാണകല (architecture) പ്രതിമാശില്പശാല (sculpture) തുടങ്ങിയവ മറ്റൊരാൾക്കുവേണ്ടി, മറ്റൊരാളിൽ നിന്ന് ഏറ്റെടുത്ത് ചെയ്യുന്ന കലാകാരൻ ചിലപ്പോൾ സൃഷ്ട്യുന്മുഖത പ്രകടിപ്പിക്കുന്നെങ്കിൽ, അയാൾ ഏറ്റെടുത്ത പണി തന്റെ മൗലികപ്രതിഭയുടെയും ജീവിതദർശനത്തിന്റെയും ബഹിർപ്രകാശനത്തിനുള്ള ഉപാധിയായി സ്വീകരിച്ചുവെന്നർത്ഥം. കല നിർമ്മിക്കപ്പെടേണ്ടതല്ല; സൃഷ്ടിക്കപ്പെടേണ്ടതാണ്.
രൂപവും ഭാവവും
കലാസൃഷ്ടിക്കു രൂപവും ഭാവവുമുണ്ട്. രൂപം എന്ന സംസ്‌കൃതവാക്ക് രൂപം എന്ന പഴയ ഭാരതീയധാരണ ഭാവത്തെക്കൂടി ഉൾക്കൊണ്ടിരുന്നു. രൂപമെന്നാൽ ബാഹ്യാകൃതി മാത്രമല്ല, ആന്തരികഭാവംകൂടിയാണെന്നു നമ്മുടെ പഴയ കലാചാര്യന്മാർ വിശ്വസിച്ചിരുന്നു. എന്നാൽ ഇന്നു രൂപമെന്ന പദത്തിന്നർത്ഥം പരിമിതമായിരിക്കുന്ന സ്ഥിതിക്ക്, പുതിയ ധാരണകൾ നമുക്ക് ഉണ്ടാവേണ്ടിയിരിക്കുന്നു. രൂപഭദ്രത വേണം. എന്നുവച്ചാൽ എഴുതിവയ്ക്കുന്നതു വായിക്കാൻ കൊള്ളണമെന്നു ചുരുക്കം. ആസ്വാദനം ഒരു പരിധിവരെ രൂപശില്പത്തെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ, രൂപമാണോ സർവ്വപ്രധാനം? അല്ല, മൗലികപ്രതിഭയുടെയും ചിന്താശക്തിയുടേയും ദർശനത്തിന്റെ കാര്യം നേരത്തെ പറഞ്ഞു അവനവന്റേതായ കാഴ്ചപ്പാടുള്ള ഓരോരുത്തരും അവനവന്റേതായി എന്തെങ്കിലും പറയാനുണ്ടാവും. അപ്പോൾ ‘എന്ത്’ എന്നത് ‘എങ്ങനെ’ എന്നതിനെക്കാൾ പ്രധാനമായിത്തീരുന്നു. എങ്ങനെ എന്നത് എന്ത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അഥവാ രൂപം ഭാവത്തെ ആശ്രയിച്ചിരിക്കുന്നുവെന്നു സാരം. ഭാവം ശക്തവും ദർശനം നൂതനവുമാണെങ്കിൽ ആവിഷ്‌കരണരീതിയും ശക്തവും നൂതനവും ആയിത്തീരും. ദുർബ്ബലമായൊരു പ്രമേയം എത്ര വാചകക്കസർത്തുകൾ കാണിച്ചാലും ദുർബ്ബലമായേ ഇരിക്കൂ. ഭാഷയുടെ ഭംഗികൊണ്ട് ഒരു സാഹിത്യകാരന് പിടിച്ചുനില്കാനാവില്ല. അനുഭവവും അറിവും ചിന്തയും തപസ്യയും ഉള്ള സാഹിത്യകാരന്റെ സൃഷ്ടിക്കുമാത്രമേ കാലത്തെ അതിജീവിക്കാനാവു.
ഭാവത്തിന്റെ പ്രാധാന്യത്തിന്നൊരു ഉദാഹരണം പറയാം. ഒരു പ്രത്യേക വിഷയം കേശവദേവ്, എം.ടി. വാസുദേവൻ നായർ, എം. മുകുന്ദൻ എന്നിവർ കൈകാര്യം ചെയ്യുന്നു എന്നു വയ്ക്കുക. മുന്നു വ്യത്യസ്ത കഥകൾ നമുക്കു കിട്ടും. അപ്പോൾ എങ്ങനെയഴുതി എന്നതല്ലേ പ്രശ്‌നം എന്നു ചോദിക്കും. അല്ല, കാരണം കഥയുടെ ഭാവം അഥവാ ഉള്ളടക്കം എന്നു പറയുന്നത് അതിനടിസ്ഥാനമായ വസ്തുതയോ സന്ദർഭമോ അല്ല. ഒരു പ്രതേ്യക വ്യക്തി ആ സംഭവത്തോടോ, സന്ദർഭത്തോടോ കാട്ടുന്ന പ്രതികരണമാണ്. മേല്പറഞ്ഞ മൂന്നു കഥാകൃത്തുക്കളുടെയും പ്രായം, അവർ വളർന്ന ചുറ്റുപാടുകൾ, അവരുടെ പരിചയമേഖലകൾ, അറിവ്, ജീവിത വീക്ഷണം ഒക്കെ തികച്ചും വിഭിന്നങ്ങളാണ്. അവരുടെ ജീവിതദർശനങ്ങൾ വിഭിന്നങ്ങളാണെന്നു ചുരുക്കം. അതുകൊണ്ടു സമീപനങ്ങളും പ്രതികരണങ്ങളും ആവിഷ്‌കാരരീതികളും വിഭിന്നമാവുന്നു. മൂന്നുപേരും മൂന്നുതരം ഭാവങ്ങൾ സൃഷ്ടിക്കുന്നു. മൂന്നു തരത്തിലുള്ള ചിന്ത വായനക്കാരനിൽ ഉണർത്തുന്നു. മൂന്നു വിഭിന്ന ലോകങ്ങൾ സൃഷ്ടിക്കുന്നു. അപ്പോൾ പ്രശ്‌നം എഴുതിവയ്ക്കുന്ന രീതിയല്ല, അവതരിപ്പിക്കുന്ന ഭാവം തന്നെയാണ്.
മൗലികപ്രതിഭയുടെ വികാസം
ഒരുവന്റെ ജീവിതവീക്ഷണം സമൂഹദ്രോഹപരവും അപരന്റേതു സമൂഹത്തെ ഉദ്ധരിക്കാൻ പോന്നതും ആവാം. ഈ രണ്ട് കൂട്ടരും മൗലികവും തനതുമായ ജീവിതവീക്ഷണമില്ലാത്ത, കേട്ട കഥ എഴുതിപ്പിടിപ്പിക്കുന്ന മൂന്നാമതൊരു മൂന്നാംതരം കഥപറച്ചിലുകാരനെക്കാൾ ബഹുമാനം അർഹിക്കുന്നു. ഷെനെ (Jean Genet) ബഹുമാനിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ജീവിത വീക്ഷണം സമൂഹോദ്ധാരണത്തിന് സഹായകമാകയാലല്ല, സമൂഹവിരുദ്ധമെങ്കിലും അദ്ദേഹത്തിനു മൗലികമായൊരു ചിന്താസരണി അവതരിപ്പിക്കാനുണ്ടായിരുന്നതിനാലാണ്. ഒന്നാംതരം ചീത്തകഥ മൂന്നാം തരം നല്ല കഥയെക്കാൾ ഉന്നതമാണ്. നമ്മുടെ ലക്ഷ്യം പോപ്പുലർ സാഹിത്യത്തിന്റെ നിർമ്മാണമല്ല, മഹത്‌സാഹിത്യത്തിന്റെ സൃഷ്ടിയിലേയ്ക്കുള്ള കാൽവെയ്പ്പുകൾ അവ ദുർബ്ബലമാണെങ്കിൽ കൂടി ആവണം. അങ്ങനെയാവാനുള്ള പ്രവണത ഇന്നു നമ്മുടെ കഥാസാഹിത്യരംഗത്തു പ്രകടമാണ്. അതുകൊണ്ടാണ് വിശ്വസാഹിത്യവേദിയിൽ സ്ഥാനംപിടിക്കാൻ കെല്പുള്ള കഥകൾ ഇന്നു നമുക്കുണ്ടാവുന്നത്. മലയാള ഭാഷാസാഹിത്യത്തിലെ മറ്റൊരു ശാഖയും ചെറുകഥയ്‌ക്കൊത്തു വളർന്നിട്ടില്ലെന്നു തോന്നുന്നു: നമ്മുടെ ചെറുകഥ കൂടുതൽ വികസിതമായ പാശ്ചാത്യഭാഷകളിലെ ചെറുകഥകളോടു താരതമ്യപ്പെടുത്തുമ്പോൾ ഒരിക്കലും താഴെയല്ല, ചിലപ്പോൾ മേലേക്കിടയിലാണ്.
”ഇവിടുത്തെ ആധുനികതത്വം ഞാൻ മറ്റൊരു ഭാഷയിലും കാണുന്നില്ല” എന്നു പണ്ഡിതനും നിരൂപകനുമായ ഒരു അഭിവന്ദ്യ സുഹൃത്തു പരിഹാസപൂർം എന്നോടു പറഞ്ഞു. മറുനാട്ടിൽ കണ്ടതേ ഇവിടെ കാണാവു എന്ന ശാഠ്യം പിടിക്കരുതെന്നു മാത്രം. ഞാൻ മറുപടി പറഞ്ഞു. ഞാനെഴുതിയ ‘കണ്ണാടിവീട്’ ‘പുറത്തേക്കുള്ള വഴി’ എന്നു തുടങ്ങി ചില കഥകൾ ഉദാഹരിച്ചുകൊണ്ട് അവ ഏതു സ്‌കൂളിൽപ്പെടുന്നു എന്നും അദ്ദേഹം ചോദിച്ചു. ഒരു സ്‌കൂളിലും പെടാൻ വേണ്ടി ഞാൻ എഴുതിയിട്ടില്ല. എന്റെ പരിമിതമായ അനുഭവത്തിനും അറിവിനും ചിന്താശക്തിക്കും സൃഷ്ടിക്കാൻ കഴിഞ്ഞതു ഞാൻ സൃഷ്ടിച്ചു. അതൊരു സ്‌കൂളിലും പെടുന്നില്ലെങ്കിൽ എനിക്കു ഖേദമില്ല. മറിച്ചു കടന്ന ആഹ്ലാദമേയുള്ളു.
ഇതിന്നർത്ഥം എന്നെ ആരും സ്വാധീനിച്ചിട്ടില്ലെന്നല്ല. എനിക്കിഷ്ടപ്പെട്ട അനേകം കഥാകൃത്തുക്കളും നോവലിസ്റ്റുകളും കവികളും തത്വചിന്തകരും വിപ്ലവകാരികളും ഒക്കെ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ആ സ്വാധീനം എന്റെ പല രചനകളിലും പ്രകടമായിരിക്കും. സ്വാധീനം ഒരു തെറ്റാണെന്നു ഞാൻ കരുതുന്നില്ല. വായനകൊണ്ടേ ഒരാൾ മറ്റൊരു സാഹിത്യകാരനാൽ സ്വാധീനിക്കപ്പെടുകയുള്ളു. വായന അറിവു നേടാനുള്ള മാർഗ്ഗമാണ്. അറിവു നേടുക ഒരു തെറ്റാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. സ്വാധിനം അനുകരണത്തിലേയ്ക്ക് വഴുതാൻ അനുവദിക്കരുത് എന്നെനിക്കു നിർബന്ധമുണ്ട്. അനുകരണം മോഷണത്തിനു സമാനമാണ്. മറ്റൊരാളുടെ ചിന്തയോ ആവിഷ്‌കാര രിതിയോ അപഹരിക്കുന്നതു കുറ്റകരമാണ്. സ്വാധീനം മൗലികപ്രതിഭയെ വികസിപ്പിക്കുന്നു, അനുകരണവും അപഹരണവും അതിനെ നിഹനിക്കുന്നു. മൗലിക പ്രതിഭയുടെ വികാസം മലയാളചെറുകഥാരംഗത്തു ഇന്നുണ്ടോ? ഉണ്ടെന്നു ഞാൻ വിചാരിക്കുന്നു. ഇടയ്ക്കു കള്ളനാണയങ്ങളുണ്ട്, ആധുനികതയുടെ പേരിൽ. ശരിതന്നെ. പക്ഷേ, ശക്തവും വ്യക്തവും ആയ കാഴ്ചപ്പാടുകളുള്ള പ്രതിഭാധനന്മാരും ഉണ്ട്.
നമ്മുടെ തലമുറയിൽ മനുഷ്യബന്ധങ്ങളുടെ, വികാരങ്ങളുടെ അഗാതതലങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനുള്ള പ്രവണത, സമർത്ഥമായ, മനശാസ്ത്രപരമായ ഉൾക്കാഴ്ച, സാമൂഹ്യജീവിതത്തെക്കുറിച്ചുള്ള ബോധം, സമൂഹത്തിൽ വ്യക്തിയുടെ സ്ഥാനത്തെക്കുറിച്ചുള്ള ബോധം, ആധുനിക വ്യാവസായികയുഗത്തിൽ സ്വന്തം മുഖം നഷ്ടപ്പെടുന്ന മനുഷ്യനെക്കുറിച്ചുള്ള ബോധം, എല്ലാറ്റിനും നേരെയുള്ള മൗലികവും ദാർശനികവുമായ സമീപനം ഇവയൊക്കെയാണെന്നു തോന്നുന്നു മലയാള ചെറുകഥയിലെ ഏറ്റവും പുതിയ തലമുറയുടെ മുഖമുദ്രകൾ. ഈ മുഖമുദ്രകൾ നമ്മുടെ ഭാഷയിൽ ആരുടെ മുമ്പിലും അഭിമാനപൂർം എടുത്തുകാട്ടാവുന്ന കഥകൾക്കു ജന്മം നൽകുന്നു. മാധവിക്കുട്ടിയുടെ ‘നാവികവേഷം ധരിച്ച കുട്ടി’, ‘തണുപ്പ്’, ‘മുത്തശ്ശി’, തുടങ്ങിയ കഥകൾ, വി.കെ..എൻ ന്റെ വേദാന്തം, മഹിഷാസുരമർദ്ദിനി, ‘ഹിപ്പിണി’, ‘ക്ലിയോപാട്ര’, ഒ.വി. വിജയന്റെ ‘പാറകൾ’ ‘യുഗേ യുഗേ’ തുടങ്ങിയ കഥകൾ എം. മുകുന്ദന്റെ ‘രാധ രാധ മാത്രം’, ‘മുലപ്പാൽ’, ‘നിലവിളക്ക്’ തുടങ്ങിയ കഥകൾ, എം.പി. നാരായണപിള്ളയുടെ ‘മുരുകനെന്ന പാമ്പാട്ടി’, ജോർജ്ജാറാമന്റെ കോടതി’, ‘മോചനം’, ‘ഫ്രഡറിക് ദ മോസ്റ്റ്’, ‘അധമണ്ണൻ’, ‘അവതാരം’ തുടങ്ങിയ കഥകൾ, സക്കറിയയുടെ ‘ഉണ്ണി എന്ന കുട്ടി’, സൃഷ്ടിവല, സേതുവിന്റെ ‘കരയും കടലും’, ‘നല്ലവനായ സമരിയക്കാരൻ’, ‘ഗോപാലൻ’, ‘ഞായറാഴ്ച’, പൂനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘പൊയ്മുഖങ്ങൾ’, ‘കത്തി’, ‘ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു’, ‘ഭാരതകഥകൾ’. ഇനിയുമുണ്ട് ഉദാഹരണങ്ങൾ; പുറമേ, പൂർവൽ ശക്തിമത്തായ പുതിയ നാമ്പുകൾ അനവധി.
ഈ പുതിയ തലമുറയുടെ ഗൗരവപൂർണ്ണമായ, ദാർശനികസ്വഭാവുള്ള കഥകൾക്കു മുമ്പിൽ കഥപറച്ചിലുകാരായ സ്റ്റൈലിസ്റ്റുകൾ തളർന്നുവീഴുകയാണ്. ആസ്വാദകരുടെ പുതിയ
തലമുറ കഥകളിൽ കാര്യം തിരയുന്നു. ഈ സന്ദർഭത്തിൽ ഒന്നുരണ്ടു കാര്യങ്ങൾ ചൂണ്ടിക്കാട്ടാതെ വയ്യ. നല്ല കഥകളെഴുതി ശ്രദ്ധേയരായിത്തീർന്ന ചെറുപ്പക്കാർ, പുതുമയ്ക്കുവേണ്ടിയാവാം ക്ലിഷ്ടവും, കൃത്രിമവുമായ രചനാരീതികൾ സ്വീകരിക്കാൻ വ്യഗ്രത കാണിക്കുന്നു. പറയാൻ കാര്യമില്ലാതാവുമ്പോഴാണ് പറച്ചിലിലെ കൃത്രിമത്വത്തിലൂടെ കപടരചന എന്ന അപകടത്തിലേയ്ക്ക് വഴുതി വീഴുന്നത്. വീഴാനെളുപ്പമാണ്. എഴുന്നേല്ക്കുക അത്രതന്നെ എളുപ്പമല്ല. എഴുതാനില്ലെങ്കിൽ എഴുതാതിരിക്കയാണുത്തമം. ജീവിക്കുക, ജീവിതം നിരീക്ഷിക്കുക, എല്ലാ വിഷയങ്ങളിലും കഴിയുന്നേടത്തോളം അറിവു സമ്പാദിക്കുക ഒക്കെ ഇന്നത്തെ സാഹിത്യകാരന് ഒഴിച്ചുകൂടാൻ പാടില്ലാത്ത ആവശ്യങ്ങളാണ്. ഇന്നത്തെ മനുഷ്യന്റെ വയസ്സ് മുമ്പത്തെ മനുഷ്യന്റേതിനേക്കാൾ അധികമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഭൂതകാലം നമ്മുടെ മുൻഗാമികളുടെ ഭൂതകാലത്തെക്കാൾ ദീർഘമാണ്. നമുക്ക് ആർജ്ജിക്കാനുള്ള അറിവിന്റെ ലോകവും ബൃഹത്തരമാണ്. അദ്ധ്വാനം ഏറെ വേണമെന്നു ചുരുക്കം. സിദ്ധി മാത്രം പോര, പോപ്പുലാരിറ്റിക്കോ പണത്തിനോ വേണ്ടി തിടുക്കത്തിൽ എഴുതാതിരിക്കുക, മനസ്സിൽ പിറന്ന ആശയം വളർന്നു പക്വമാകുമ്പോൾമാത്രം പകർത്തുക, സെൻസേഷണൽ ആവാൻ ശ്രമിക്കാതിരിക്കുക ഈവക കാര്യങ്ങളിൽ നിഷ്‌കർഷ പാലിച്ചാൽ നമ്മുടെ ചെറുകഥ ഇനിയും വളരും. ഉഗ്രമായി വളരും.മലയാള ചെറുകഥയുടെ മഹത്തായ
വളർച്ചയുടെ മുഖവുരയാണ് നമ്മുടെ തലമുറ.
(മലയാളനാട് 1970)