ഓഷോ അനുയായിയായ ഷിഖർചന്ദ് ജെയ്ൻ കാട്ടൂർ മുരളിയുമായി സംസാരിക്കുന്നു
ഓഷോ എന്നും ഭഗവാൻ രജനീഷ്, ആചാര്യ രജനീഷ് എന്നുമൊക്കെ അറിയപ്പെടുന്ന ചന്ദ്രമോഹൻ ജെയിൻ എന്ന വ്യക്തിയെ അല്ലെങ്കിൽ ആ പേരിനെ പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഇതിന് പ്രധാന കാരണം ആ പേരുകൾ തന്നെ.
ഓഷോ എന്നാൽ സാഗരലയനം എന്നാണർത്ഥം. കാരണം, ബ്രഹ്മജ്ഞാനത്തിന്റെ മഹാസാഗരത്തിൽ സ്വയം വിലയം കൊണ്ട ജ്ഞാനിയാണദ്ദേഹം. അല്ലെങ്കിൽ ബ്രഹ്മജ്ഞാനത്തിന്റെ മഹാസാഗരം ഉള്ളിലൊളിപ്പിച്ച ആൾ എന്ന് വേണമെങ്കിലും അദ്ദേഹത്തെ വിശേഷിപ്പിക്കാം. ബ്രഹ്മജ്ഞാനം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനാൽ ഓഷോ എന്നത് കേവലമൊരു മനുഷ്യന്റെ പേരല്ല, മറിച്ച് വ്യത്യസ്ത മാനങ്ങളുള്ള വ്യക്തിത്വത്തിന്റെ രൂപമാണത്. രജനീഷ് എന്നത് അദ്ദേഹത്തിന് ചെറുപ്പം മുതലുള്ള വിളിപ്പേരാണ്. സംസ്‌കൃതത്തിലെ രജനി, ഈഷ എന്നീരണ്ട് പദങ്ങൾ ചേർന്നതാണത്. രജനി എന്നാൽ രാത്രിയും ഈഷ എന്നാൽ അധിപൻ എന്നുമാണർത്ഥം.
ഓഷോയുടെ സിദ്ധാന്തം പൂർണ ധ്യാനമായിരുന്നു. ധ്യാനം എന്നാൽ വിചാരമില്ലാത്ത, ചിന്തകളില്ലാത്ത അവസ്ഥ. ധ്യാനത്തിലൂടെ അനന്തജ്ഞാനം നേടി ഉണർന്ന ഓഷോ എന്ന ഭഗവാൻ രജനീഷ് അത്ഭുതങ്ങൾ കാട്ടിയില്ല. താൻ ദൈവമാണെന്നോ ദൈവത്തിന്റെ അടുത്ത ആളാണെന്നോ അവകാശപ്പെട്ടില്ല.
അപ്പോൾ ഓഷോയെ ഭഗവാൻ രജനീഷ് എന്ന് വിളിക്കുന്നതെന്തുകൊണ്ടാണെന്ന ചോദ്യത്തിനും പ്രസക്തി ഇല്ലാതില്ല. അതിനുള്ള ഉത്തരവും എളുപ്പമാണ്. അതായത്, ‘ഭഗ്’ എന്ന് ചുരുക്കിപ്പറഞ്ഞാൽ ദിവ്യം എന്നാണർത്ഥം. അപ്പോൾ ഭഗവാൻ എന്നാൽ ദിവ്യൻ എന്ന് അർത്ഥം വരും. അദ്ദേഹം നേടിയ ബ്രഹ്മജ്ഞാനമാണ് അദ്ദേഹത്തിന് ദിവ്യത്വം നൽകുന്നത്. ഇങ്ങനെ ബ്രഹ്മജ്ഞാനമാണ് ഓഷോ എന്ന വ്യക്തിയുടെ ശക്തിയെന്ന് ചുരുക്കിപ്പറയാം.
ഓഷോ എന്ന ഭഗവാൻ രജനീഷിന്റെ അനുയായികളിൽ അല്ലെങ്കിൽ ആരാധകരിൽ ധനാഢ്യന്മാർ മാത്രമല്ലാതെ സാധാരണക്കാരോ പാവപ്പെട്ടവരോ എന്തുകൊണ്ടില്ല എന്ന ചോദ്യവും ഇത്തരുണത്തിൽ പ്രസക്തമാണ്. അതിനുള്ള ഉത്തരം പരസ്യമായ ഒരു രഹസ്യമാണ്.
അതായത്, സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഏറ്റവും വലിയ പ്രശ്‌നം വയറാണ്. എന്നാൽ ധനാഢ്യരുടെ കാര്യം അങ്ങനെയല്ല. ഭൗതിക ജീവിതത്തിലെ ആവശ്യങ്ങളും സുഖഭോഗങ്ങളും അനുഭവിച്ചു മടുത്തവരാണവർ. അപ്പോൾ അവർക്കു വേണ്ടത് മനസ്സുഖമാണ്. അത് തേടിയാണവർ സന്യാസിമാരുടെയും ദിവ്യന്മാരുടെയും മറ്റും അടുത്തെത്തുന്നത്. ഓഷോയുടെ ആരാധകരും ഇതിൽനിന്ന് വ്യത്യസ്തരല്ലതന്നെ.
ഓഷോ പറഞ്ഞ കാര്യങ്ങളും നൽകിയ ഉത്‌ബോധനങ്ങളും നിരവധിയാണ്. അവയെല്ലാം ഈ ലോകത്തെ സംബന്ധിക്കുന്നതാണ്. ഉദാഹരണമായി പഞ്ചാബിൽ ചെല്ലുമ്പോൾ അദ്ദേഹം നാനാക് ഗുരു പറഞ്ഞ കാര്യങ്ങൾ പറയുമായിരുന്നു. അതുപോലെതന്നെ കേരളത്തിൽ ചെല്ലുമ്പോൾ നാരായണ ഗുരു പറഞ്ഞ കാര്യങ്ങളും വാരാണസിയിലെത്തുമ്പോൾ കബീർദാസ് പറഞ്ഞ കാര്യങ്ങളും അമേരിക്കയിലെത്തുമ്പോൾ യേശുക്രിസ്തു പറഞ്ഞ കാര്യങ്ങളും അദ്ദേഹം പറഞ്ഞു. നേടിയ ബ്രഹ്മജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹത്തിന് ഇങ്ങനെയുള്ള ഉത്‌ബോധനങ്ങൾ നടത്താൻ കഴിഞ്ഞത്.
ഓഷോ ഭൗതികമായി ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹം നൽകിയ ഉത്‌ബോധനങ്ങൾ അദ്ദേഹത്തിന്റെ മനോഗത ഭാവങ്ങളായി, ആത്മനിവേദനങ്ങളായി ഈ പ്രപഞ്ചാന്തരീക്ഷത്തിൽ വിലീനമാണെന്ന് കൂടി പറയാം. ആ ഉത്‌ബോധനങ്ങൾ അദ്ദേഹത്തിന് മുമ്പും ബ്രഹ്മജ്ഞാനം നേടിയവർ നൽകിയിട്ടുണ്ട്. കാരണം അത് മാത്രമാണ് സത്യം. സത്യത്തിന് മാറ്റമില്ലല്ലോ. അങ്ങനെയുള്ള സത്യങ്ങൾ ആവർത്തിച്ചുകൊണ്ട് കാലകാലാന്തരങ്ങളിൽ ഓഷോയെപ്പോലുള്ളവർ ജനിക്കുകയും തിരിച്ചുപോവുകയും ചെയ്യുന്നു എന്ന് മാത്രം.
അപ്പോൾ എന്താണദ്ദേഹത്തിന്റെ ഉത്‌ബോധനങ്ങൾ എന്ന് ഇത്തരുണത്തിലൊന്നു പരിശോധിക്കാം. ഉദാഹരണമായി മരണം തന്നെയെടുക്കാം. നമ്മുടെ ദേഹവും ജീവൻ അല്ലെങ്കിൽ ചേതനയും തമ്മിലുള്ള ബന്ധം പ്രാണവായുകൊണ്ടാണ്. ഈ ബന്ധം ജഡത്തിനും ചേതനയ്ക്കുമിടയിൽ വന്നും പോയുമിരിക്കുന്ന ശ്വാസത്തിൽ മാത്രം നിർഭരമാണ്. പ്രാണവായു ഇല്ലാത്ത ദേഹം ജഡമാണ്. അതിനു ചേതനയില്ല. ഇങ്ങനെ ശ്വാസത്തിൽ ബന്ധിതമായ ചേതന ദേഹത്തിന്റെ ബന്ധനങ്ങളിൽ നിന്ന് മുക്തി പ്രാപിക്കുമ്പോൾ നാം അതിനെ മരണം എന്ന് പറയുന്നു. അത് നമ്മൾ ജീവിച്ചിരിക്കുമ്പോൾ വസ്ത്രങ്ങൾ മാറുകയും മാറ്റുകയും ചെയ്യുന്നതുപോലെതന്നെയാണ്. അതായത്, ധരിച്ച വസ്ത്രങ്ങൾ പഴതാകുമ്പോൾ മാറേണ്ടതുപോലെ. ജന്മം കൊണ്ട് നമുക്ക് ലഭിച്ചതും നമ്മുടെ ജീവിതയാത്രയ്ക്കിടയിൽ നേടാൻ കഴിഞ്ഞതുമൊക്കെയായ ബന്ധങ്ങൾ ജീർണിക്കുമ്പോൾ അവയിൽ നിന്ന് മുക്തമാകേണ്ടതും അനിവാര്യമാണ്.
അങ്ങനെ നമ്മുടെ ഈ ദേഹത്തിൽ നിന്നും അതിന്റെ ബന്ധങ്ങളിൽ നിന്നും നമ്മെ മുക്തമാക്കി പുതിയൊരു ജീവൻ നൽകുക എന്നുള്ളത് പ്രകൃതിയുടെ അല്ലെങ്കിൽ അസ്തിത്വത്തിന്റെ ഒരു അത്ഭുത വ്യവസ്ഥയത്രേ. ആ വ്യവസ്ഥതന്നെയാണ് മരണം. അതിന്റെ പേരിൽ നമ്മൾ ഭയപ്പെടുകയും ദു:ഖിക്കുകയുമൊക്കെ ചെയ്യുന്നു. എന്നാൽ അത് കൃതജ്ഞതയുടെയും ആനന്ദത്തിന്റെയും അവസരമാണ്. കാരണം, മരണത്തിലൂടെ നാം ചെയ്യുന്നത് നമുക്ക് ലഭിച്ചതിനെ വീണ്ടും പ്രകൃതിക്കുതന്നെ തിരിച്ചു കൊടുക്കുകയാണ്. നമ്മളെന്താണെന്നോ ആരാണെന്നോ നാം അറിയുന്നില്ല. അതുതന്നെയാണ് നമ്മുടെ സമസ്യയായിത്തീരുന്നത്. സംസ്‌കൃതത്തിൽ ആത്മാവിന്റെ അർത്ഥം ‘ഞാൻ’ ആണ്. അതായത് അഹം. നമ്മൾ നമ്മുടെ ദേഹത്തെ അല്ലെങ്കിൽ ശരീരത്തെ ഞാൻ എന്ന് പറയുന്നു. അങ്ങനെയുള്ള ഞാൻ ഈ ദേഹത്തിന്റെ അല്ലെങ്കിൽ ശരീരത്തിന്റെ ഉടമയാണ്. അതേസമയം നമ്മുടെ ദേഹം ഇന്ദ്രിയരൂപികളായ കുതിരകളെ കെട്ടിയിട്ടുള്ള ഒരു രഥമാണ്. അതിൽ മനോരൂപി കടിഞ്ഞാണും ബുദ്ധിരൂപി സാരഥിയുമാണ്.
എന്നാൽ നമ്മിലെ ഞാൻ എന്ന ഭാവത്തെ അല്ലെങ്കിൽ സങ്കല്പത്തെ വിസ്മരിക്കുന്നതോടെ, എന്നു വച്ചാൽ നമ്മിലെ ‘ഞാനി’ന് ചിരമരണം സംഭവിക്കുന്നതോടെയാണ് യഥാർത്ഥത്തിൽ നാം നമ്മുടെ ദേഹത്തിന്റെ സ്വാമി അല്ലെങ്കിൽ ഉടമയായി മാറുന്നത്. അതിന്റെ പരിണാമമായി ജന്മങ്ങളുടെ അന്തമില്ലാത്ത ശൃംഖല ആരംഭിക്കുകയും ചെയ്യുന്നു. അങ്ങനെ ആത്മാവിന്റെ ആധിപത്യമുണ്ടാവുകയാണ് വേണ്ടിയിരുന്നത്. എന്നാൽ ‘അഹം’ അതിന്റെ അധികാരം ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
മരണത്തിലൂടെ ഒരാളുടെ അസ്തിത്വം ഇല്ലാതാകുന്നുവെന്ന് നാം വിശ്വസിക്കുന്നു. എന്നാൽ അയാൾ തിരിച്ചുവരികതന്നെ ചെയ്യുന്നുണ്ട്. അത് എപ്പോഴാണെന്നും എങ്ങനെയാണെന്നും നമ്മളറിയുന്നില്ലെന്നു മാത്രം. കാരണം, അയാൾ തിരിച്ചു വരുന്നത് തികച്ചും പുതിയ ജീവനിലൂടെയാണ്. നദീജലം ബാഷ്പമായും സ്വേദമായും ആകാശത്തിലേക്ക് ഉയർന്നുപോകുന്നതും പിന്നീടത് മേഘങ്ങളായി വർഷിക്കുന്നതും നദി ഒഴുകി കടലിൽ ലയിക്കുന്നതുമൊക്കെ അസ്തിത്വത്തിന്റെ ഒരു നിരന്തരചക്രമാണ്. എന്നാൽ നമ്മുടെ അസ്തിത്വം എന്തുകൊണ്ട് വിലീനമാകുന്നില്ല, അല്ലെങ്കിൽ മോക്ഷം പ്രാപിക്കുന്നില്ല? ഇവിടെ മോക്ഷം എന്ന് അർത്ഥം വയ്ക്കുന്നത് നിമജ്ജനത്തെയാണ്. വാസ്തവത്തിൽ അഹങ്കാരത്തിന്റെ നിമജ്ജനമാണ് മോക്ഷം.
നമ്മുടെ സ്വപ്‌നങ്ങൾ ഇഹലോകത്ത് മാത്രമല്ല പരലോകം വരെ വ്യാപിച്ചു കിടപ്പുണ്ട്. ഇഹലോകത്തെ സ്വപ്നങ്ങൾ സുഖഭോഗങ്ങളെച്ചൊല്ലിയാകുമ്പോൾ എന്തെല്ലാം ചെയ്താലാണ് പുണ്യം നേടുക, ആ പുണ്യംകൊണ്ട് എങ്ങനെയുള്ള സ്വർഗമായിരിക്കും നമുക്ക് ലഭിക്കുക എന്നിങ്ങനെയുള്ള സ്വപ് നങ്ങളാണ് പരലോക സംബന്ധിയായിത്തീരുന്നത്. അങ്ങനെയുള്ള സ്വപ്‌നങ്ങളിൽ കഴിഞ്ഞു കൂടുന്നവർ അവർക്കു ലഭിച്ച സുന്ദരമായ ജന്മത്തെ അല്ലെങ്കിൽ ജീവിതത്തെയാണ് കളഞ്ഞു കുളിക്കുന്നത്. ഒടുവിൽ ഒഴിഞ്ഞ കയ്യും ശൂന്യമായ മനസുമായി ഇഹലോകത്ത്നി ന്നും പിരിഞ്ഞു പോകുന്നു.
അങ്ങനെ ഏറെ പ്രിയപ്പെട്ടതും സുന്ദരവുമായ ജീവിതത്തെ നമ്മൾ വാസ്തവത്തിൽ നിലവിലില്ലാത്തതായ എന്തിനോ വേണ്ടി പണയപ്പെടുത്തുകയാണ് ചെയ്യുന്നത്. കാരണം സ്വർഗവും നരകവുമെല്ലാം വെറും കാല്പനികം മാത്രമാണ്. നമ്മൾ അത്തരമൊരു കാല്പനിക ലോകത്താണ് ജീവിക്കുന്നത്. അങ്ങനെയുള്ള ഈ ലോകത്ത് നമ്മുടെ ദു:ഖം നമ്മുടെ മഹത്വകാംക്ഷകളെ ചൊല്ലിയാണ്. അതില്ലായിരുന്നെങ്കിൽ യാതൊരു കാമനകളും ഉണ്ടാകുമായിരുന്നില്ല. എന്ത് കിട്ടിയോ അതുതന്നെ പര്യാപ്തമാകുമായിരുന്നു. കിട്ടാത്തതിനെ ചൊല്ലി വേവലാതികളും ഉണ്ടാകുമായിരുന്നില്ല. എന്നാൽ എന്താണ് നാം ചെയ്യുന്നത്, കിട്ടാത്തതിന്റെ
പിറകെ ഓടുകയല്ലേ? ഇനി അതും കിട്ടിക്കഴിഞ്ഞാലോ? അത് പോരാതെ വീണ്ടും പുതിയ സ്വപ്‌നങ്ങൾ അല്ലെങ്കിൽ വ്യാമോഹങ്ങൾ ഉണരുകയായി. ഈ വിഷമവൃത്തത്തിന്റെ പേരാണ് ദു:ഖം എന്നത്. ഇവിടെ സുഖ-ദുഖങ്ങളുടെ അളവ് കണക്കാക്കപ്പെടുന്നത് നമ്മൾ കാംക്ഷിക്കുന്നതിന്റെയും നമുക്ക് ലഭിക്കുന്നതിന്റെയും ഏറ്റക്കുറച്ചിലുകൾ അനുസരിച്ചായിരിക്കും. ഇനി ഏതെല്ലാം സ്വപ്‌നങ്ങൾ കണ്ടുവോ അവ സഫലമാകാതെ വരുമ്പോഴുള്ള നിരാശയും വേദനയും മനസ്സിനെ സദാ അലട്ടിക്കൊണ്ടിരിക്കും. അതിൽ നിന്ന് മോചനം നേടാനായി അത്തരക്കാർ ജീവിതത്തിൽ നിന്ന് പിന്തിരിഞ്ഞോടാറാണ് പതിവ്. എന്നു വെച്ചാൽ സന്യാസം, തപസ്, ത്യാഗം തുടങ്ങിയ ജീവിതമാർഗങ്ങൾ സ്വീകരിക്കൽ. കുംഭമേളയിൽ
ഇത്തരം നിരവധി സന്യാസിമാരെ നമുക്ക് കണ്ടുമുട്ടാനാവും. അവർക്ക് ഇഹലോകത്തിലോ പരലോകത്തിലോ സുഖം ലഭിക്കുകയില്ല. അങ്ങനെയുള്ള ജീവിതത്തിന്റെ അർത്ഥമെന്താണ്?
അക്ഷരാർത്ഥത്തിൽ നമ്മുടെ ജീവിതം തനിച്ചുള്ള ഒരു യാത്രയാണ്. എന്നാൽ ഒരുനിമിഷം പോലും നമ്മൾ തനിച്ചിരിക്കാൻ ആഗ്രഹിക്കുന്നില്ല. നമുക്ക് സ്വയം എത്രമാത്രം തനിച്ചിരിക്കാൻ കഴിയുമെന്ന് ആരെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? നമുക്ക് തനിച്ചിരിക്കാൻ കഴിയില്ല. ഒന്നുമില്ലെങ്കിൽ ഫോണിൽ ആരോടെങ്കിലും സംസാരിക്കും, അല്ലെങ്കിൽ പത്രം വായിക്കും, ടിവി കാണും, വായിച്ച പത്രംതന്നെ
വീണ്ടും വായിക്കും, മൂളിപ്പാട്ട് പാടും.ധ്യാനത്തിൽ പോലും ചിന്തകൾ വേട്ടയാടിക്കൊണ്ടിരിക്കും. ഒരിക്കലും നിർവിചാരനായിരിക്കാൻ പോലും കഴിയുകയില്ല. ഇത് നമ്മുടെ സ്വഭാവമായി മാറിയിരിക്കയാണ്. വാസ്തവത്തിൽ തനിച്ചിരിക്കുന്നതിന്റ അർത്ഥം സ്വയം അറിയലാണ്, അല്ലെങ്കിൽ സ്വയം അന്വേഷണമാണ്. അതായത് ഞാൻ ആരാണ്, ഈ ദേഹത്തിന്റെ യാത്രാകാരണമെന്താണ്, ഈ യാത്ര
എപ്പോൾ എവിടെ അവസാനിക്കും എന്നിങ്ങനെയുള്ള അന്വേഷണം. അങ്ങനെയുള്ള അന്വേഷണം ആത്മജ്ഞാനത്തിന്റേതാണ്. ആത്മജ്ഞാനം നേടാൻ യോഗത്തിനും ഭോഗത്തിനും മദ്ധ്യേ ഗഹനമായ ഒരു സന്തുലനം ആവശ്യമാണ്. ഈ ലോകത്ത് എല്ലായ്‌പോഴും ഏതെങ്കിലുമൊരു ബ്രഹ്മജ്ഞാനിയുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കുമെന്നത് തെളിവ് വേണ്ടാത്ത ഒരു സത്യമാണ്. എങ്കിലും അകക്കണ്ണിനാൽ അന്ധരായ നമ്മൾ ആ സത്യം തിരിച്ചറിയുന്നില്ല. പരമാത്മാവിന്റെ ഭാഷ ആ ബ്രഹ്മജ്ഞാനികളുടെ നാവിൽ നിന്ന് മുത്തുകൾപോലെ പൊഴിഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെയുള്ള ഓഷോയും അദ്ദേഹത്തിന്റെ ഭാഷയും വ്യത്യസ്തമാകുന്നില്ല.