(ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സിനിമകളോടും എന്നും അടങ്ങാത്ത രോഷമായിരുന്നു. ആനന്ദുമായുള്ള ജോഷി ജോസഫിന്റെ സംഭാഷണത്തിന്റെ രണ്ടാം ഭാഗം.)
ജോഷി: നിങ്ങൾ ജയപ്രകാശ് നാരായൺ നയിച്ച ബീഹാറിലെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്നു. കൂടാതെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായ ‘വേവ്സ് ഓഫ് റെവല്യൂഷ്യനിൽ’ 8 എംഎം ക്യാമറ ഉപയോഗിച്ച് അത് രേഖപ്പെടുത്തുകയും ചെയ്തു. ഗാന്ധിയൻമാർ പോലും വർഗ്ഗ പ്രശ്നം തിരിച്ചറിയുകയും അത് ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട് എന്ന നിങ്ങളുടെ ചോദ്യത്തിന് ജെ.പി.യുടെ മറുപടി എന്തായിരുന്നു? നിങ്ങൾക്ക് ജെ.പി. പ്രസ്ഥാനത്തെ ഉള്ളിൽ നിന്ന് നിരീക്ഷിക്കാൻ കഴിഞ്ഞു എന്നതിനാൽ, ജെ.പി-യുടെയും അണ്ണാ ഹസാരെയുടെയും അഴിമതി വിരുദ്ധ പ്രസ്ഥാനം തമ്മിലുള്ള കാതലായ വ്യത്യാസത്തെക്കുറിച്ച് ഞാൻ നിങ്ങളോട് ഒരു ചോദ്യം ഉന്നയിക്കുന്നു. എന്ത്, എങ്ങനെ, എന്തുകൊണ്ട്?
ആനന്ദ്: അമേരിക്കയിലെ ഒരു ആദർശപരമായ സമാധാന പ്രസ്ഥാനത്തിൽ നിന്ന് മടങ്ങിയെത്തിയ 24 വയസ്സുള്ള ഒരു വ്യക്തിക്ക് അത് ആവേശകരമായ കാലമായിരുന്നു. തുടർന്ന് മാറ്റത്തിന്റെ വേഗത വളരെ മന്ദഗതിയിലായ ഇന്ത്യൻ ഗ്രാമപ്രദേശങ്ങളിൽ കുറച്ച് വർഷങ്ങൾ ചെലവഴിച്ചു. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിപ്ലവത്തിന്റെ വാഗ്ദാനങ്ങൾ കൊണ്ട് മറ്റുള്ള പ്രസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ബീഹാർ പ്രസ്ഥാനം. അത് കൊണ്ട് തന്നെ ഉത്തേജിപ്പിക്കുന്നതും. ആളുകൾ ജാതിയുടെ പ്രതീകമായ പൂണൂലുകൾ മുറിച്ചു കളയുന്നതും ഭൂവുടമകൾ ഭൂമി വിട്ടു കൊടുക്കുന്നതും സ്ത്രീധനം വാങ്ങില്ലെന്ന് വിദ്യാർഥികൾ പ്രതിജ്ഞയെടുക്കുന്നതും ഞാൻ കണ്ടു. എങ്കിലും അപകടത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പട്ടിണി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആർഎസ്എസിന്റെ അർപ്പണബോധവും പ്രതിബദ്ധതയും കണ്ടതിനാലാണ് ജെപി അവരെ പുനരധിവസിപ്പിക്കാൻ ശ്രമിച്ചത്.
ദേശീയ ഭാവനയിൽ മഹാത്മാഗാന്ധിയെ വധിച്ച പ്രത്യയശാസ്ത്ര ശക്തിയായിരുന്നു ആർഎസ്എസ്. എന്നിരുന്നാലും, തനിക്കും ബീഹാർ പ്രസ്ഥാനത്തിനും ആർഎസ്എസിനെ ന്യൂനപക്ഷങ്ങളോടുള്ള മതവിദ്വേഷത്തിൽ നിന്ന് അകറ്റാനും സാമൂഹിക മാറ്റത്തിനായി ഊർജസ്വലമായ യുവജന പ്രസ്ഥാനമാക്കി രൂപപ്പെടുത്താനും കഴിയുമെന്ന് ജെപിക്ക് വിശ്വാസമുണ്ടായിരുന്നു. എനിക്ക് ആ കാര്യത്തിൽ സംശയമുണ്ടായിരുന്നു. ആർഎസ്എസിന്റെ പ്രവേശനത്തിനെതിരെ മുന്നറിയിപ്പ് നൽകി. പ്രസ്ഥാനം നടത്തുന്ന ‘എവരിമാനി’ൽ ലേഖനങ്ങൾ പോലും എഴുതി. യഥാർത്ഥത്തിൽ ആർ.എസ്.എസിനെ മാറ്റിയെടുക്കുന്നതിൽ ജെ.പിക്ക് ഒന്നും ചെയ്യാൻ ആയില്ല. പക്ഷെ ജെ.പിയെ ഉപയോഗിച്ച് സ്വയം പുനരധിവസിപ്പിക്കാനും ദേശീയ ശക്തിയായി മാറാനും ആർ.എസ്.എസിന് കഴിഞ്ഞുവെന്ന് ചരിത്രം തെളിയിക്കുന്നു. കാലക്രമേണ ബിജെപി സൃഷ്ടിക്കപ്പെടുകയും ബാബറി മസ്ജിദ് നശിപ്പിക്കപ്പെടുകയും ചെയ്തു. ധ്രുവീകരണ പ്രക്രിയയിൽ നിന്ന് ഇന്ത്യ പിന്നീട് ഒരിക്കലും കരകയറുകയും ചെയ്തിട്ടില്ല.
അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലത്ത് ആരും അനുസരിക്കാത്ത ഒരു നേതാവായി ജെ.പി. നക്സലൈറ്റുകളും നാഗകളും മിസോകളും ഉൾപ്പെടെ എല്ലാ രാഷ്ട്രീയ തടവുകാരുടെയും മോചനത്തിനായി വാദിക്കുകയും വർഗസമരത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം ഒരു ഇടത് സോഷ്യലിസ്റ്റായി തുടർന്ന് കൊണ്ടിരുന്നു എങ്കിലും താമസിയാതെ അദ്ദേഹം ഒതുക്കപ്പെടുകയും അപ്രസക്തനാക്കപ്പെടുകയും ചെയ്തു.
ഇനി, അണ്ണാ ഹസാരെയുടെ പ്രസ്ഥാനവുമായുള്ള സാമ്യം എന്താണ് എന്നല്ലേ? അണ്ണാ ഔന്നത്യത്തിലോ ബൗദ്ധികശേഷിയിലോ ഒരു തരത്തിലും ജെപിക്ക് തുല്യനാവില്ല. മാത്രമല്ല, ജെപിയിൽ നിന്ന് വിഭിന്നമായി “സത്യസന്ധമായ” ഉപഭോക്തൃ മൂലധന വികസനത്തിന്റെ അനുകൂലിയായിരുന്നു. എങ്കിലും, അവർ തമ്മിൽ അവ്യക്തമായ സമാനതകളും ഉണ്ടായിരുന്നു. ഭൂതകാലത്തിലെ തെറ്റുകൾ പുനഃപരിശോധിക്കപ്പെടാവുന്നതാണ് എന്ന് രണ്ട് പേരും വിശ്വസിച്ചിരുന്നു.
ഇന്ന്, 1974ൽ ഉണ്ടായപോലെ, ചെറുതും വലുതുമായ അഴിമതികളോട് പൊതുവേ വെറുപ്പ് ഉണ്ട് എന്നത് നിഷേധിക്കാനാവില്ല. സത്യസന്ധതയുടെ പ്രതീകമായ കാരണവർ എന്ന അംഗീകാരമുള്ളയാൾ അഴിമതിയ്ക്കെതിരെയുള്ള പോരാട്ടത്തിന്റെ അടയാളമായി അംഗീകാരം നേടിയിട്ടുണ്ട്. ഇതിൽ നിന്നെല്ലാം നേട്ടമുണ്ടാക്കാൻ കഴിയുന്ന ഏക സംഘടിത ശക്തിയായ ആർഎസ്എസ് അണിയറയിൽ കാത്തിരിക്കുന്നുണ്ട്. ആർ.എസ്.എസിന്റെ കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകുന്നവരും കാരണവരുടെ അരികിലുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.
ജോഷി: നിങ്ങളുടെ ചിത്രമായ ‘ജയ് ഭീം കോമ്രേഡിൽ‘, കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിനോട് നിങ്ങൾ ചൂണ്ടിക്കാണിച്ച ഒരു കാര്യം, വർഗ്ഗ പ്രശ്നത്തെ കുറിച്ചു പറയുമ്പോൾ ഇടതുപക്ഷം ജാതി പ്രശ്നത്തെ അവഗണിച്ചുവെന്നാണ്. അതിലും നിർത്താതെ, ഇടത് നേതൃത്വ നിരയിൽ സവർണ സഖാക്കൾക്ക് ആധിപത്യം നൽകുന്നതിനെക്കുറിച്ച് സിനിമ പറയുന്നു. നിങ്ങളുടെ നീണ്ടകാല അന്വേഷണങ്ങളും ഇന്ത്യയിലെ ജാതി വിധികളോടുള്ള സമീപനവും എങ്ങിനെയാണ് ജയ് ഭീം സഖാവിലൂടെ മുന്നോട്ട് കൊണ്ടുപോകുന്നത്?
ആനന്ദ്: ഏതെങ്കിലും വ്യക്തിയെയോ പാർട്ടിയെയോ വിധിക്കാൻ ഞാൻ ശ്രമിക്കുന്നില്ല. ദാരിദ്ര്യത്തിലും കളങ്കത്തിലും ജനിക്കാതിരുന്നിട്ടും അടിച്ചമർത്തപ്പെട്ടവരുടെ പക്ഷത്ത് നിൽക്കുന്ന ആളുകൾ നൽകിയ മഹത്തായ സംഭാവനകളെ വിലകുറച്ച് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ജാതിയെക്കുറിച്ചുള്ള സംവാദം ഇടതുപക്ഷത്തിൽ ഒതുക്കാതെ, ദളിത് പ്രസ്ഥാനത്തിനകത്തും ഈ രാജ്യത്ത് ഒരു ജാതി പ്രശ്നമുണ്ടെന്ന് പോലും അറിയാത്ത സവർണ്ണ ഘടകങ്ങളിലേക്കും എത്തിക്കാനുള്ള ഒരു ഇടം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഈ സിനിമ.
വ്യത്യസ്ത കൂട്ടത്തിൽ പെട്ട ആളുകൾ വ്യത്യസ്തമായ കാര്യങ്ങളാണ് സിനിമയിൽ നിന്ന് മനസിലാക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമ കണ്ടിട്ട് രാത്രി ഉറങ്ങാൻ കഴിയുന്നില്ല എന്ന്, വർഗ-ജാതി-രാഷ്ട്രീയ ഭേദമന്യേ, പറഞ്ഞവർ എണ്ണത്തിൽ ഏറെ ഉണ്ട് എന്നതിൽ എനിക്ക് സന്തോഷമുണ്ട്.
ജോഷി: മഹാരാഷ്ട്രയിലെ ദളിത് പ്രസ്ഥാനം ഛിന്നഭിന്നമാണ് എന്നത് നിരാശാജനകമാണ്. ദലിത് സ്വത്വത്തെ പോലും അവഗണിച്ചുകൊണ്ടു പ്രത്യേകിച്ച് ഒരു കാഴ്ചപ്പാടും ഇല്ലാത്ത പ്രസ്ഥാനമാണതിന്ന്. ഒരു കാലത്തെ വിമത കവി നാംദേവ് ധസാലും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ രാംദാസ് അത്താവലെയും ഹിന്ദുത്വ ശക്തികളുടെ കൂട്ടുകെട്ടിലാണ്. നിങ്ങളുടെ സുഹൃത്തും കവിയുമായ വിലാസ് ഗോഗ്രേയുടെ ആത്മഹത്യയുടെയും തീപ്പൊരി നേതാവ് ഭായ് സംഗാരെയുടെ കൊലപാതകത്തിന്റെയും യഥാർത്ഥ ജീവിതത്തിലെ നിരവധി എപ്പിസോഡുകൾ നിങ്ങളുടെ സിനിമയിലുണ്ട്. അതും സങ്കടപെടുത്തുന്നതാണ്. മറ്റ് ‘ഫെസ്റ്റിവൽ സർക്യൂട്ട് സിനിമക്കാരിൽ’ നിന്ന് വ്യത്യസ്തമായി, നിങ്ങളുടെ സിനിമയിലെ സങ്കടങ്ങൾ (ബിഐടി ചാൾ, മുംബൈയിലെ രമാഭായി കോളനി പോലെയുള്ള) അവരുടെ സ്ഥലങ്ങളിൽ വെച്ച് തന്നെ പ്രീമിയർ ചെയ്തുകൊണ്ട് ആളുകളിലേക്ക് നേരിട്ട് എത്തിച്ചു. അങ്ങിനെ സിനിമയിലും ദളിത് ഐക്യത്തിന്റെ കാര്യത്തിലും നിങ്ങൾ ഈ അവസ്ഥയെ മുഖാമുഖം നേരിട്ടു. ഇനി എന്ത്?
ആനന്ദ്: ദലിത് സമൂഹത്തിൽ നിന്നുള്ള പ്രതികരണം അത്ഭുതകരമായിരുന്നു. സദസ്സിലുള്ളവരുടെ എണ്ണം വളരെ വലുതാണെന്ന് മാത്രമല്ല, കസേരകൾ ലഭ്യമല്ലാത്തതിനാൽ ബിഐടി ചാളിൽ 800 ഉം രമാഭായി കോളനിയിൽ 1500 ഉം ആളുകൾ മൂന്നര മണിക്കൂർ നേരം നിന്നാണ് സിനിമ കണ്ടത്. കൂടുതൽ സ്ക്രീനിങ്ങുകൾ നടത്താൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദിവസവും കോളുകൾ വന്നു.
സിനിമ പ്രത്യക്ഷമായും ഒരു ആവശ്യം നിറവേറ്റുന്നുണ്ട് എന്നത് വ്യക്തമാണ്. തങ്ങളുടെ നേതാക്കൾ പകപോക്കലിനും വിട്ടുവീഴ്ചയ്ക്കും ഇരയാകുന്നത് ആളുകൾ കണ്ടു. എന്നിട്ടും വിട്ടുവീഴ്ച ചെയ്യുന്ന ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിൽ ചേരുകയല്ലാതെ അവർക്ക് വേറൊരു പോംവഴിയില്ല. അതുകൊണ്ട് തന്നെ അവരുടെ അതൃപ്തി വലുതാണ്. കഴിഞ്ഞ 40 വർഷമായി തൊഴിലാളിവർഗ്ഗ പ്രേക്ഷകർക്ക് ഞാൻ നിരവധി സിനിമകൾ കാണിച്ചുകൊടുത്തിട്ടുണ്ട്. അവയിൽ ജനക്കൂട്ടത്തെ വലിയ രീതിയിൽ ആകർഷിക്കുകയും അവർ ലയിച്ച് കാണുകയും ചെയ്ത ചിത്രം ഇതാണ്. ഇത് ഒരുപക്ഷേ പ്രദേശത്തെ മറാത്തി ഭാഷയാണ് അത് സംസാരിക്കുന്നത് എന്നത് കൊണ്ടാവാം,അല്ലെങ്കിൽ ഒരുപക്ഷേ അതിലെ സംഗീതം കൊണ്ടാവാം. അതിലുപരിയായി ആളുകൾക്ക് അവരുടെ നേതാക്കന്മാരാൽ വഞ്ചിക്കപ്പെട്ടുവെന്ന തോന്നൽ ഉള്ളത് കൊണ്ടും സിനിമയിലെ ഊർജ്ജസ്വലരായ ചെറുപ്പക്കാരുടെ വ്യക്തമായ ശബ്ദം തങ്ങളുടേത് കൂടിയാണെന്ന് തിരിച്ചറിയുന്നതും കൊണ്ടുമാവാം.
ജോഷി: ഇനി നമുക്ക് സാഹിത്യത്തെക്കുറിച്ച് അൽപ്പം സംസാരിക്കാം. ബംഗാളി സാഹിത്യത്തിൽ നിന്ന് വ്യത്യസ്തമായി മഹാരാഷ്ട്രയിലെ ദളിത് എഴുത്തുകൾക്ക് ആഴത്തിൽ വേരൂന്നിയ ശക്തമായ സാന്നിധ്യമുണ്ട്. ‘ദലിത്’ എന്ന വാക്ക് തന്നെ ബംഗാളി നിഘണ്ടുവിന് അന്യമാണ്. പലാഷ് ചന്ദ്ര ബിശ്വാസിനെപ്പോലുള്ള എന്റെ സുഹൃത്തുക്കൾ ബംഗാളി സാഹിത്യത്തിലെ ജാതി മേധാവിത്വത്തെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും, ടാഗോറിന് ശേഷമുള്ള ഒരു കാലഘട്ടത്തിൽ, മഹാശ്വേതാ ദേവിയെപ്പോലുള്ള എഴുത്തുകാരാണ് പാർശ്വവൽക്കരിക്കപ്പെട്ടവരെ മുഖ്യധാരാ വ്യവഹാരത്തിലേക്ക് കൊണ്ടുവന്നതെന്നാണ് പൊതുധാരണ. എഴുത്തുകാർ പൊതുസമൂഹത്തിലെ ബുദ്ധിജീവികളാണ്. മറാത്തിയിലെ സാഹചര്യം എന്താണ്? നിങ്ങളുടെ ‘ജയ് ഭീം കോമ്രേഡ്’ എന്ന സിനിമയിൽ, നാടകകൃത്ത് വിജയ് ടെണ്ടുൽക്കർ ശിവസേനയെ ഒരു സാധാരണക്കാരന്റെ ഭാഷയിലും സ്വരത്തിലും ആക്രമിക്കുന്നു. പൊതുജീവിതത്തിൽ എഴുത്തുകാർ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ടോ? മറാത്തി ദളിത് എഴുത്ത് സാഹിത്യ വൃത്തങ്ങൾക്കപ്പുറം സ്വാധീനം ചെലുത്തുന്നുണ്ടോ?
ആനന്ദ്: ഇവിടെ എനിക്ക് ഒരു കുറ്റസമ്മതം നടത്താനുണ്ട്. ഞാൻ മറാത്തി സാഹിത്യം വളരെ വിരളമായും പ്രയാസത്തോടെയുമാണ് വായിക്കുന്നത്. അമ്മ ഹൈദരാബാദ്, സിന്ധ് സ്വദേശിയായതിനാൽ എന്റെ മാതാപിതാക്കൾ വീട്ടിൽ ഒരിക്കലും മറാത്തി സംസാരിക്കില്ല. (എന്റെ പിതാവിന്റെ ബന്ധുക്കളുമായി സംസാരിക്കുമ്പോൾ ഒഴികെ) ഇംഗ്ലീഷ് മാതൃഭാഷയായിട്ടാണ് ഞാൻ വളർന്നത്. പ്രബോധന ഭാഷ ഇംഗ്ലീഷ് ആയിരുന്ന സ്കൂളുകളിൽ പോയി. ഞാൻ ശരിക്കും ഹിന്ദി പഠിക്കാനും സംസാരിക്കാനും തുടങ്ങിയത് മധ്യപ്രദേശിലെ കിഷോർ ഭാരതി എന്ന ഗ്രാമ പദ്ധതിയിലും പിന്നീട് ബീഹാർ പ്രസ്ഥാനത്തിലും ചേർന്നപ്പോഴാണ്. എന്റെ മറാഠി വളരെ പരിമിതമായി തുടരുന്നു, പക്ഷേ ഈ സിനിമ നിർമ്മിക്കാൻ എടുത്ത 14 വർഷത്തിനുള്ളിൽ മെച്ചപ്പെട്ടു. എന്നിരുന്നാലും ഇപ്പോഴും മറാത്തിയിൽ ഒരു പ്രസംഗം നടത്തേണ്ടിവരുമ്പോൾ ഞാൻ വാക്കുകൾക്കായി പരതുന്നു. അതുകൊണ്ട് ഞാൻ ഈ സിനിമയെ സാഹിത്യത്തിന്റെ വീക്ഷണകോണിലൂടെയാണ് സമീപിച്ചത് എന്ന് കരുതുന്നത് തെറ്റാണ്. വിലാസിന്റെ കവിതകളോടും സംഗീതത്തോടും പിന്നീട് അദ്ദേഹത്തെപ്പോലുള്ളവരുടെ കവിതയോടും സംഗീതത്തോടും ഉള്ള എന്റെ പ്രത്യേക ഇഷ്ടമാണ് അതിന് കാരണമായത്, ഊർജ്ജസ്വലമായ കബീർ കലാ മഞ്ച് പോലെ.
മറാത്തി എഴുത്തുകാരുടെ പൊതുപങ്കിനെ സംബന്ധിച്ചിടത്തോളം, അടുത്ത കാലത്തായി പലരും ‘ധീരതാ പരീക്ഷ’യിൽ വിജയിച്ചിട്ടില്ല. മുൻകാലങ്ങളിൽ മറാത്തി എഴുത്തുകാർ, പ്രത്യേകിച്ച് ദലിത് എഴുത്തുകാർ, ജനങ്ങൾക്ക് വേണ്ടി സംസാരിക്കുകയും അനീതിക്കെതിരെ സംസാരിക്കുകയും ചെയ്ത മഹത്തായ നാളുകൾ ഉണ്ടായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ തങ്ങളുടെ രചനകളിൽ തീവ്രത പുലർത്തിയിരുന്ന പുരോഗമന സാഹിത്യകാരന്മാർ എന്ന് വിളിക്കപ്പെടുന്ന പലരും ഏത് പാർട്ടി അധികാരത്തിൽ വന്നാലും അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് കൂറുമാറികൊണ്ടിരുന്നു. ഫാസിസ്റ്റ് ശക്തികളുടെ രോഷത്തെ കണ്ണിമവെട്ടാതെ ചെറുത്തുനിന്ന അപൂർവ്വം ചിലരിൽ വിജയ് ടെണ്ടുൽക്കറും പി.എൽ.ദേശ്പാണ്ഡെയും ഉൾപ്പെടുന്നു.
ജോഷി: “അക്കാദമിക്കായി കാണാൻ തുടങ്ങുന്ന വരെ എനിക്ക് സാഹിത്യം ഇഷ്ടമായിരുന്നു, പിന്നെ എനിക്ക് അത് മടുപ്പായി.” ഇപ്പോളും അങ്ങനെയാണോ? അങ്ങനെയെങ്കിൽ, എന്തുകൊണ്ട്? അക്കാദമിക് വിദഗ്ധർ ബോറടിപ്പിക്കുന്ന ആളുകളാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ആനന്ദ്: അങ്ങിനെയും പറയാം. ചിലപ്പോൾ വ്യക്തികൾ എന്ന നിലയിൽ അവർ ബോറടിപ്പിക്കണമെന്നില്ല, പക്ഷേ അവരുടെ സൃഷ്ടികൾ വിരസമാണ്. അടിക്കുറിപ്പുകൾ ഉപയോഗിച്ചോ അല്ലാതെയോ ക്രോസ് റഫറൻസ് ചെയ്യാനുള്ള മികച്ച കല അവർ പഠിച്ചു. സാഹിത്യവും സാഹിത്യ വിമർശനവും മറ്റൊരു വിജ്ഞാന കൃതിയുമായുള്ള പരിചയത്തെ ആശ്രയിച്ചോ തുടർച്ചയായി അതിന്റെ ഉള്ളടക്കത്തിൽ നിന്നുള്ള പരാമർശങ്ങൾ നടത്തിയോയാണ് സംവദിക്കുന്നത് എങ്കിൽ അത് നിഷ്ഫലമായിപ്പോകും എന്നാണ് എന്റെ പക്ഷം. ടി എസ് എലിയറ്റിനെ മനസ്സിലാക്കാൻ നിങ്ങൾ എസ്രാ പൗണ്ടിന്റെ വായിക്കണം. പൗണ്ടിന്റെ മനസ്സിലാക്കാൻ നിങ്ങൾ ചില ചൈനീസ് ഗ്രന്ധങ്ങൾ വായിക്കണം.. ഇങ്ങനെ പോകുന്നു.
എന്തിനാണത്? കൃതികൾ ഇവിടെ ഇപ്പോൾ എന്നോട് സംവദിക്കണം. ഇപ്പോൾ തന്നെ അത് അനുഭവിക്കാനും മണക്കാനും ആസ്വദിക്കാനും കഴിയണം. എന്നിട്ട് അത് എന്നിൽ ആവേശം ഉണർത്തിയാൽ മാത്രം, അതിന്റെ പിന്നാമ്പുറങ്ങൾ തിരഞ്ഞു പോകും.
അക്കാദമിക് ലോകത്ത് സംഭവിക്കുന്നത് കലയുടെ ലോകത്ത് സംഭവിക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്തമല്ല. വലിയ വാക്കുകളും മനസ്സിലാക്കാൻ കഴിയാത്ത വാക്യങ്ങളും മികവിന്റെ പ്രതീകങ്ങളായി മാറുന്നു. ആദ്യം ആശയക്കുഴപ്പം ഉണ്ടായിരുന്നു എന്ന് ഞാൻ സമ്മതിക്കുന്നു. സാഹിത്യ കൃതിക്ക് സംശയത്തിന്റെ ഒരു വലിയ ആനുകൂല്യം നൽകി. പിന്നീട് അത് പതുക്കെ എന്നെ ശുണ്ഠിപിടിപ്പിക്കുവാൻ തുടങ്ങി. കാരണം ഞാൻ ഒരു മണ്ടനല്ലെന്നും എനിക്ക് എന്തെങ്കിലും കാര്യം മനസ്സിലായില്ലെങ്കിൽ അതിൽ മനസ്സിലാക്കാൻ മാത്രം ഒരു കാര്യവും ഇല്ല എന്നും തോന്നാൻ തുടങ്ങി. യഥാർത്ഥത്തിൽ അതിൽ ഒരു കാര്യവും പറയുന്നില്ല; എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന അതിലെ സൗന്ദര്യം വെറും പുറംമോടി മാത്രമാണ്.
ഒരു ഡോക്യുമെന്ററി ഫിലിം മേക്കർ എന്ന നിലയിൽ, ദൈനംദിന ജീവിതത്തിന്റെ സങ്കീർണ്ണതയെ എങ്ങനെ പ്രതിനിധീകരിക്കാം എന്ന പ്രശ്നം എനിക്ക് നിരന്തരം അഭിമുഖരിക്കേണ്ടതുണ്ട്. തിരഞ്ഞെടുത്ത ചിലർക്ക് മാത്രം പ്രാപ്യമായ ഒരു സിനിമാ ഭാഷയും കോഡും ഞാൻ ഉപയോഗിക്കുകയാണെങ്കിൽ, അത്തരമൊരു സമീപനം ആഘോഷിക്കുന്ന സർക്കിളുകളിൽ എനിക്ക് നന്നായി പ്രവർത്തിക്കാനാകും. പക്ഷേ, ഞാൻ ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന മറ്റുള്ളവർക്ക് അത് ദുരൂഹമാവുകയും അവരെ അകറ്റി നിർത്തുകയും ചെയ്യും. അതിനാൽ, കാണുന്ന കാര്യങ്ങൾ ലളിതവൽക്കരിക്കാൻ ബോധപൂർവം ശ്രമിക്കാറില്ലെങ്കിലും, വ്യക്തവും നേരിട്ടുള്ളതുമായ ഒരു സിനിമാ ഭാഷയിൽ ഒരു സാഹചര്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങൾ പുറത്തുകൊണ്ടുവരാൻ ഞാൻ കഠിനമായി ശ്രമിക്കാറുണ്ട്. എന്റെ മുന്നിലുള്ള മെറ്റീരിയലിൽ ആശയക്കുഴപ്പം ഉണ്ടെങ്കിൽ മാത്രമേ എന്റെ സിനിമയിലും അത് ഉണ്ടാവു.ജോഷി: നിങ്ങൾ നിരീശ്വരവാദിയാണോ?
ആനന്ദ്: ഞാൻ ഒരു അജ്ഞേയ വാദിയാണ്. ചിന്തിക്കാൻ കഴിവുള്ള ഒരു സ്രഷ്ടാവുണ്ടോ അതോ ഇതെല്ലം ആകസ്മികമായി സംഭവിച്ചതാണോ എന്നൊന്നും എനിക്കറിയില്ല. പ്രകൃതിയിലേക്ക് നോക്കുമ്പോൾ, എല്ലാ ജീവികളും എത്രമാത്രം പരസ്പരാശ്രിതരാണ്. അതിന്റെ അപാരമായ പ്രതിഭ നമ്മളെല്ലാം ഒരു മഹത്തായ രൂപകൽപ്പനയുടെ ഭാഗമാണെന്ന് വിശ്വസിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. നേരെമറിച്ച്, നമ്മുടെ സ്രഷ്ടാവ് തന്നെയാണ് തിന്മയും ദുഃഖവും കഷ്ടപ്പാടും മരണവും സൃഷ്ടിച്ചെങ്കിൽ ആ ചിന്താശക്തി എത്രത്തോളം നല്ലതായിരിക്കും? അയാൾക്ക്/അവൾക്ക് അത്തരം സൂപ്പർ പവർ ഉണ്ടെങ്കിൽ എന്തുകൊണ്ട് സന്തോഷകരമായ ഒരു ലോകം സൃഷ്ടിച്ചുകൂടാ? അതുകൊണ്ട് ജയ് ഭീം കോമ്രേഡിലെ ഒന്നാം ഭാഗത്തിന്റെ അവസാനത്തിൽ ബുദ്ധനെ ഉദ്ധരിച്ച് ഭായി സംഗരെ പറയുന്നത് ഞാൻ ഇഷ്ടപ്പെടുന്നു: “ദൈവം ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാക്കില്ല. അവൻ ഇല്ലെങ്കിൽ അപ്പോഴും ഒരു മാറ്റവും ഉണ്ടാക്കില്ല. അതുകൊണ്ട് ബുദ്ധൻ ദൈവത്തെക്കുറിച്ചോ ആത്മാവിനെക്കുറിച്ചോ പരമാത്മാവിനെക്കുറിച്ചോ പറഞ്ഞിട്ടില്ല. മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മരണശേഷം എന്താണ് സംഭവിക്കുന്നതെന്ന് പോലും അദ്ദേഹം പറഞ്ഞില്ല. ജനനത്തിനും മരണത്തിനുമിടയിലുള്ള യാത്രയിൽ നാം എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് മാത്രമാണ് ബുദ്ധൻ പറഞ്ഞത്.”
ജോഷി: നരകം ദൈവത്തിന്റെ ആശയമാണെന്ന് ഞാൻ കരുതുന്നില്ല, ആ അർത്ഥത്തിൽ നരകത്തിന്റെയും സ്വർഗ്ഗത്തിന്റെയും ദ്വന്ദ്വം എന്നെ സംബന്ധിച്ചു അപ്രസക്തമാണ്. ക്രിസ്തു ഒരു അനുഭവമാണ്. അത് ഞാൻ യാത്ര ചെയ്യുന്ന വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാൻഡിംഗ് സമയങ്ങൾ പോലെയുള്ള എന്റെ ലൗകിക ഉത്കണ്ഠാ നിമിഷങ്ങളിലും, ജീവിതത്തിലെ മറ്റെല്ലാ യാത്രകളിലും സഹായകരമാവുന്നു.
ഒരു ചലച്ചിത്ര നിർമ്മാതാവെന്ന നിലയിൽ പരീക്ഷണ നിമിഷങ്ങളിൽ എങ്ങിനെയാണ് ശാന്തത പാലിക്കാൻ പറ്റുന്നത്. നിങ്ങളുടെ റാം കെ നാം എന്ന സിനിമയിൽ ഞാൻ ഓർക്കാൻ ഏറെ ഇഷ്ടപെടുന്ന മനുഷ്യത്വമുള്ള മുഖമുള്ള, ആർദ്രതയോടെയും ആത്മവിശ്വാസത്തോടെയും സംസാരിക്കുന്ന, അയോധ്യാ ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ ലാൽദാസ് … അയാൾ പിന്നീട് കൊല്ലപ്പെടുകയും ആ വാർത്ത നിങ്ങളിലേക്ക് എത്തുകയും ചെയ്തു. ഈ സിനിമ കാണുമ്പോഴെല്ലാം, ആ ടേക്ക് ഓഫ് / ലാൻഡിംഗ് വിറയൽ എന്നെ പിടികൂടുന്നു. എന്നാൽ ക്രിസ്തുവിന്റെ അനുഭവം സഹായിക്കുന്നു. നിങ്ങൾക്കെങ്ങനെ?
ആനന്ദ്: മതത്തിന്റെ ഭാഗമാവാതെ തന്നെ ആത്മീയമായും മാനസികമായും നിലകൊള്ളാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. എന്റെ അച്ഛൻ അങ്ങനെയായിരുന്നു. യുക്തിരഹിതമായ മതവിശ്വാസങ്ങളൊന്നും അദ്ദേഹത്തിനില്ലായിരുന്നു, എന്നിട്ടും മരണം ആസന്നമായ 94-ാം വയസ്സിലും ഞാൻ കണ്ട മറ്റാരെക്കാളും സുരക്ഷിതനായിരുന്നു. ജീവിതത്തെ സ്നേഹിച്ചെങ്കിലും ചെറിയൊരു ഖേദം പോലുമില്ലാതെ മരണത്തെ ആശ്ലേഷിക്കാൻ തയ്യാറായി. ഞാൻ അങ്ങനെയല്ല. എന്റെ ആത്മീയ വിശ്വാസത്തിന്റെ അഭാവം എന്നെ ദുർബലനാക്കുന്നു, എന്നാലും വെറും ആശ്വാസത്തിന് വേണ്ടി മാത്രം അത് കൈമാറാൻ എനിക്ക് കഴിയില്ല.
മറുവശത്ത്, മത വർഗീയതയ്ക്കെതിരെ ഞാൻ നിരവധി സിനിമകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥ മതവിശ്വാസികളോട് എനിക്ക് അസഹിഷ്ണുതയില്ല, പ്രത്യേകിച്ചും അവരുടെ മതം മറ്റുള്ളവരോട് നീതിയും സഹിഷ്ണുതയും പുലർത്താൻ പഠിപ്പിക്കുന്നുവെങ്കിൽ. ഗാന്ധിജിയോ ലിങ്കണൊ ചെയ്തത് പോലെ…
(തുടരും)
ഒന്നാം ഭാഗം: http://www.mumbaikaakka.com/i-am-allergic-to-the-word-artistic-film-anand-patwardhan/