ജലത്തിൽ
മരണത്തിന്റെ നിഴൽച്ചയിൽ
എന്റെ ഓർമ്മ ഉറപ്പിക്കുന്ന തണുപ്പിൽ
നിന്റെ ചുണ്ടോട്
ഞാൻ ഇരിക്കുന്നു
നമ്മുടെ ഉടലുകൾ
ഇടിമിന്നലേറ്റ് കുതിർന്നുപോയതു പോലെ
ജലത്തിൽ.
ചുവരിൽ
ഇരുണ്ട വെളിച്ചത്തിൽ
നിന്റെ നിഴൽ എന്നോട്
മുലപ്പാലിനെക്കുറിച്ച് പറഞ്ഞു
ജലമായിരുന്നതിന്റെ
തീയായിരുന്നതിന്റെ
ഓർമയായിരുന്നതിന്റെ
തീവ്രചുംബനങ്ങളെക്കുറിച്ച് പറഞ്ഞു.
വിരലിൽ നിന്ന് വൈദ്യുതി പകർന്ന
കവിതയിൽത്തുടങ്ങി
മരണത്തിനപ്പുറമെത്തുന്ന
നാം പരസ്പരം എഴുതിയെടുക്കുന്ന
മായികതയെക്കുറിച്ച് പറഞ്ഞു
എന്റെ വിരൽപ്പാടുകൾ നിന്നിൽ
ഭൂപടങ്ങളിലെ രേഖകൾ പോലെ തിണർത്തുകിടന്നു.
നിന്നെക്കൂടാതെ മരിക്കാൻ എനിക്കിഷ്ടമില്ല
ഒരു ഉമ്മയോടൊപ്പം നമുക്ക്
അപ്രത്യക്ഷരാകണം
എല്ലാ ആയുധങ്ങളുമൊളിപ്പിച്ച്
ഇടം കൗശലക്കാരനായ
മാറണമെത്തും മുമ്പ്
നമുക്ക് ജീവിതത്തിൽനിന്ന്
ഒളിച്ചു കടക്കണം.
തീയിൽ
തീയിലേക്ക് കാട്ടി ഞാനെന്റെ ചിറകുകൾ
ഉണക്കി
ഈയലുകൾ പോലുള്ള അതിന്റെ വിടവുകളിലൂടെ
നീതെന്നിക്കളിച്ച്
നക്ഷത്രങ്ങൾ അത് നോക്കി നിന്നു
തീവീഴുങ്ങിയവൾക്ക്
നിലാവ് കുടിക്കാൻ കൊടുത്തവനാണ് നീ
എനിക്ക് നിന്നെ
നക്ഷത്രങ്ങളോടൊപ്പം നുണയണം
പക്ഷികളുണരും മുമ്പ്
നഗ്നതയിൽ
നിന്നെ വരയ്ക്കുന്ന
മീനാകണമെനിക്ക്
കണ്ണ് തുറന്നുകൊണ്ട്
കാണുന്ന നിന്നെ
കണ്ണടച്ചുകൊണ്ട്
അറിയണമെനിക്ക്.
മരണത്തിൽ
എങ്ങിനെയായിരിക്കും അത് ?
ഞാൻ മരിക്കുന്ന നിമിഷം !
ഓരോ മുടിയിഴയും വേർപെട്ട്
മുകളിലേക്ക്
പറന്നു പോകുമായിരിക്കും
ഉടലിൽ നിന്ന് തൊലിയടർന്ന്
അകന്നു മാഞ്ഞുപോകുമായിരിക്കും
പറ്റില്ല
ഉടൽ നിറയെ സുഗന്ധം പൂശി
സുഗന്ധത്തോടെ
വേണം അത് .
ആദ്യം കണ്ട സ്വപ്നം മുതൽ
നൂൽ ചേർത്തു കെട്ടി
നിന്നെ ഏൽപ്പിച്ചതിൽ ശേഷവുമാകണമത്
വിരലുകൾ മൊട്ടു ചെമ്പരത്തികൾക്കും
ചെമ്പകച്ചെടിക്കും കൊടുക്കണം
കാൽ വിരലുകൾ കാറ്റിനും
കണ്ണുകൾ മീനിനും
ഉടൽ മണ്ണിനും കൊടുക്കണം
സ്വപ്നങ്ങൾ ഓരോന്നായി
മണ്ണിൽ വിതക്കണം ..
അങ്ങനെ …അങ്ങനെ വേണം എനിക്ക് മരിക്കാൻ
എന്നിട്ടും മരിക്കാൻ കൂട്ടാക്കാത്ത
എന്റെ കവിതകളെ
നീ നെഞ്ചിൽ കൊട്ടിയുറക്കണം
എന്റെ കണ്ണുകളെക്കാൾ
വാത്സല്യത്തോടെ
നീയതിനെ നോക്കുമ്പോൾ
ഭൂമിയിൽ നിനക്കു മാത്രം
കാണാൻ കഴിയുന്ന
ഒരിടത്തിരുന്നു ഞാൻ പുഞ്ചിരിക്കും.
ഓർമ്മയിൽ
ഉടലിൽ
തൊലിക്ക് തൊട്ടു കീഴെ
ഒരു മീൻ
ഒളിച്ചു കളിക്കുന്നുണ്ട്
ഭൂമിയിൽ
മഴ പെയ്യുമ്പോൾ
കടൽത്തിരകൾക്കുള്ളിൽ
എന്നപോലെ
അത്കുതിച്ചു നീന്തുന്നുണ്ട്.
കണ്ണടച്ച് ..
കടലിനെ ഓർത്ത് …
അത് ചൂണ്ടയിൽ കുരുങ്ങുന്നതിനെ കുറിച്ച്
ഓർക്കുന്നു പോലുമില്ല .
ചുരുങ്ങിപ്പോകുന്ന
കടൽത്തിരകളെ
അടഞ്ഞ കണ്ണുകളിൽ
ചേർത്ത് ….
മരണത്തെ
ഉപ്പു വെള്ളം പോലെ
നുണയുന്നുണ്ടാവാമത് .
പ്രാണനിൽ നിന്ന്
ചെകിളകൾ
അടർന്നു പോകുന്നതിന്റെ
നീറ്റലുകൾ ഉണ്ടാവാം
അതിന്റെ അവസാനത്തെ ഓർമ്മയിൽ എന്ന്
അത് കടലിനോടു നിശബ്ദമായി
പറയുന്നുമുണ്ടാവാം.