മലയാള സാഹിത്യത്തിലെ ആധുനികതയുടെ ഇടി മുഴക്കങ്ങളായിരുന്നു 1970-കൾ. ഭാഷയിലും രൂപത്തിലും ശൈലിയിലും ആഖ്യാനത്തിലുമെല്ലാം പുതുമകൾ നിറഞ്ഞ ഒരു കാലഘട്ടം. 50 വർഷങ്ങൾക്ക് മുൻപ് മലയാളനാട് വാരികയിൽ സാഹിത്യത്തിലെ ആ നവീനതയെക്കുറിച്ച് കാക്കനാടൻ ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. തുടർന്ന് നടന്ന ചർച്ചയിൽ പങ്കെടുത്തത് ജോസഫ് മുണ്ടശ്ശേരിയും കെ.പി. അപ്പനുമാണ്. ആ പ്രബന്ധവും തുടർന്നുള്ള ലേഖനങ്ങളുമാണ് ഈ ലക്കം കാക്കയിൽ കൊടുത്തിരിക്കുന്നത്.
ആധുനിക ചെറുകഥയിലെ പുതിയ പഥികരുടെ ദർശനവും കലയും വ്യക്തമാക്കുന്ന കാക്കനാടന്റെ പ്രബന്ധം അഭിരുചിയുടെ ഓരോ ജോഡി പുതിയ കണ്ണുകൾ നേടിയെടുക്കുവാൻ വായനക്കാരെ സഹായിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. ഇവിടുത്തെ വ്യക്തിയുടെ ഏകാന്തതാബോധവും അന്യതാബോധവും പ്രകാശിപ്പിക്കുന്ന ആധുനിക ചെറുകഥകൾ പാശ്ചാത്യരുടെ അനുകരണമാണെന്ന എതിരാളികളുടെ വാദത്തെ പ്രബന്ധകാരനോടൊപ്പം ഞാനും നിഷേധിക്കുന്നു. ലോകത്തിൽ ആദ്യമായി ഒരു സ്ത്രീ പ്രസവിച്ചുവെന്നു കരുതി പിന്നീടുവരുന്ന പ്രസവങ്ങളൊക്കെ അനുകരണമാണെന്നു പറയുന്നതുപോലെ അർത്ഥശൂന്യമാണ് ഈ വാദം.
ദുർഗ്രഹതയെക്കുറിച്ചുള്ള ഈ ഒച്ചപ്പാടുകൾ തന്നെ അറുപഴഞ്ചനാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രൗണിങ്ങിന്റെ കവിത നേരിട്ട് പരാജയപ്പെടുത്തിയ ദുർബ്ബല വാദഗതികളാണിവ. പുതിയ ദർശനങ്ങളും പുതിയ ആവിഷ്കരണകൗശലങ്ങളും എപ്പോഴും വർത്തമാനകാലത്തിന്റെ ദർശന ശേഷിയേയും ആസ്വാദന വൈഭവത്തേയും വെല്ലുവിളിച്ചിട്ടുണ്ട്. ഈ വെല്ലുവിളികളെ നേരിടാൻ കരുത്തില്ലാത്തവരാണ് ഇത്തരം പുതിയ ശബ്ദങ്ങളെ എതിർക്കാൻ മുന്നോട്ടുവന്നിട്ടുള്ളത്. ആധുനിക ജീവിതത്തിന്റെ ജീർണ്ണതയും ആധുനിക മനുഷ്യൻ ഏകാന്തതയിൽ അനുഭവിക്കുന്ന ജീവിതവും ഒരു
വലിയ യാഥാർത്ഥ്യമായിരിക്കെ അതു പ്രകാശിപ്പിക്കുന്ന ആധുനിക ചെറുകഥയെ നിഷേധിക്കുന്ന സാഹിത്യചിന്തകന്മാർ ജീവിക്കാൻ തിരഞ്ഞെടുത്ത കാലം തെറ്റിപ്പോയെന്ന് ചൂണ്ടിക്കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
പുതിയ എഴുത്തുകാരുടെ സങ്കേതം അവർ വാക്കുകൾ ഉപയോഗിക്കുന്ന രീതി ഇവ കണ്ട് അമ്പരന്നു ദുർഗ്രഹത എന്നു വിളിച്ചുപറയുന്നവർ ഒരു കാര്യം മനസ്സിലാക്കണം. ആധുനിക ചെറുകഥ ഏകദേശം ആധുനിക ചിത്രകലപോലെയാണ്. അതുകൊണ്ട് വാക്കുകളുടേയും ഇമേജുകളുടേയും പൂർണ്ണമായ അർത്ഥമല്ല. അതു നമ്മിൽ സൃഷ്ടിക്കുന്ന അനുഭൂതികളും പ്രതികരണവുമാണ് ശ്രദ്ധിക്കേണ്ടത്.
സമൂഹത്തിനെതിരെ പ്രക്ഷോഭം കൂട്ടുന്ന ഒരു റിബലായി ആധുനിക ചെറുകഥാകൃത്തിനെ പ്രബന്ധകാരൻ ചിത്രീകരിക്കുന്നതിനോടു എനിക്കും യോജിപ്പില്ല. ആധുനിക സാഹിത്യകാരന്റെ സൃഷ്ടിയിലും ദർശനത്തിലും അന്തർഭവിച്ചിരിക്കുന്ന തത്ത്വചിന്ത ഇതല്ലെന്നാണ് എന്റെ വിശ്വാസം. മറിച്ച്, പോയ കാലത്തിലെ ഉപരിതലസ്പർശിയായ ജീവിതാവിഷ്കരണശൈലിയോടുള്ള പ്രക്ഷോഭണ (revolt)മാണ് ആധുനിക ചെറുകഥയുടെ ഈ പുതിയ മുഖമെന്നു ഞാൻ കരുതുന്നു. ഇവിടുത്തെ എഴുത്തുകാരന്റെ അന്യതാബോധത്തിനും ദുഃഖത്തിനും നമ്മുടെ നാടിന്റേതായ കാരണങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന പ്രബന്ധകാരൻ പദ്ധതികൾ കടലാസ്സിൽ മരിച്ചുവീണതുമുതൽ ഇങ്ങോട്ടുള്ള ഇൻഡ്യയുടെ രാഷ്ട്രീയ സാമൂഹ്യജീവിതമാണ് അപഗ്രഥിക്കുന്നത്. വാസ്തവത്തിൽ, തികഞ്ഞ ഉത്തരവാ ദിത്വബോധത്തോടുകൂടി ജീനിയസ് എന്നു വിശേഷിപ്പിക്കാവുന്ന എകാന്തജീവിയുടെ അപൂർദർശനവും ഹൃദയത്തിന്റെ ലയവുമാണ് ആധുനികചെറുകഥ.
പൂർണ്ണമായും വിജയിക്കുകയും മറ്റൊരു തിളക്കമുള്ള സാമൂഹ്യജീവിതം ഇവിടെ ഉണ്ടാകുകയും
ചെയ്തിരുന്നുവെങ്കിൽ ആധുനിക ചെറുകഥയ്ക്ക് ഈ മുഖം ഉണ്ടാകുമായിരുന്നില്ല എന്ന്
അപ്പോൾ പ്രബന്ധകാരന് സമ്മതിക്കേണ്ടിവരും.
ഇത്തരം ഒരു രാഷ്ട്രീയ ജീവിതവും പദ്ധതികളുടെ അമ്പരപ്പിക്കുന്ന മരണനിരക്കും നേരിട്ടിട്ടില്ലാത്ത മറ്റുചില നാടുകൾ ഇവിടുത്തേക്കാളേറെ ആധുനികമനസുള്ള (modern mind)എഴുത്തുകാരെ സൃഷ്ടിച്ചിട്ടുണ്ടെന്ന മുന്തിയ സാഹിത്യസത്യം കാക്കനാടൻ മറന്നുകളഞ്ഞു. വൈരുദ്ധ്യം നിറഞ്ഞ ഈ ലോകത്തിൽ മനുഷ്യൻ ഒറ്റപ്പെട്ടവനാണെന്നും ഭയവും ഉൽകണ്ഠയും മനുഷ്യാത്മാവിനെ നിരന്തരമായി വേട്ടയാടുകയാണെന്നും മനുഷ്യാസ്തിത്വത്തെ പീഡിപ്പിക്കുകയാണെന്നും മറ്റുമുള്ള കീർക്കീഗാർഡിന്റെ ദർശനത്തിനു ചരിത്രപരമായ വിശദീകരണം നൽകാൻ പുറപ്പെടും പോലെ ദുർബ്ബലമാണ് ഈ വാദഗതി. പദ്ധതികൾ മരിച്ചുപോയെന്നതു ശരിതന്നെ, അത് ഇന്ത്യയെ സാമ്പത്തികത്തകർച്ചയിലേക്ക് എടുത്ത് എറിഞ്ഞുവെന്നുള്ളതും ശരി, പക്ഷേ അതിനെത്തുടർന്നുണ്ടായ സാമൂഹ്യജീവിത പരിണാമത്തിൽനിന്നാണ് ചെറുകഥയുടെ പുതിയ മുഖം ഉണ്ടായതെന്നു വാദം തെറ്റാണ്. ആധുനിക ചെറുകഥ മനുഷ്യാസ്തിത്വത്തെ സംബന്ധിക്കുന്ന നിത്യമായ പ്രശ്നങ്ങളിൽ നിന്നാണ് ജന്മമെടുത്തതെന്ന് പറയുകയായിരിക്കും ശരി.
ആധുനിക ചെറുകഥയിൽ കാണുന്ന വിഷാദം സാധാരണജീവിതത്തിന്റെ സൃഷ്ടിയല്ല. അതു കുറേക്കൂടി ശക്തവും അഗാധവും തത്വചിന്താപരവുമാണ്. നാടുകടത്തപ്പെട്ടവൻ എന്ന ബോധ്യം (sense of exile) ആധുനിക മനസ്സുള്ള ഒരു എഴുത്തുകാരന്റെ ഹൃദയത്തെ അസ്വസ്ഥമാക്കുന്നുണ്ട്. പക്ഷേ, ഈ ലോകത്തിൽ നാടുകടത്തപ്പെട്ടവനെപ്പോലെ കഴിയുന്ന മനുഷ്യന്റെ ഒരേ ഒരു സ്വർഗ്ഗവും ഈ ലോകം തന്നെയാണ്. ജീവിതത്തിന്റെ ഈ ദ്വന്ദ്വഭാവം ഉൾക്കാഴ്ചയുള്ള ഒരു എഴുത്തുകാരനെ നിരന്തരമായി അലോസരപ്പെടുത്തുന്നു. അയാളുടെ അനുഭൂതികളുടെ പേലവമേഖലകളെ ആർദ്രമാക്കുന്നു. ഇതിന്റെ ഫലമാണ് ആധുനിക ചെറുകഥയിലെ വിഷാദം (കാമുവിന്റെ
Exile and the Kingdomഎന്ന പുസ്തകത്തിലെ ചെറുകഥകളിൽ ഈ സ്വഭാവമുണ്ട്). പക്ഷേ,
ഇത്തരം തത്വചിന്താപരമായ അന്തർവ്യഥ അനുഭവിക്കുന്ന എഴുത്തുകാർ എത്രപേർ മലയാളത്തിലുണ്ടെന്ന അപകടം പിടിച്ച ചോദ്യത്തിന്റെ ഭീകരരൂപം കരിമ്പനപോലെ എന്റെ മുന്നിൽ വളർന്നു നിൽക്കുന്നു.
ആധുനിക ചെറുകഥയുടെ നേരെ കല്ലെറിയുന്ന വിമർശകരെ ശ്രീ. കാക്കനാടൻ മെല്ലെ ഒന്നു തടവുന്നുണ്ട്. എന്തുകൊണ്ട് അവർക്കു ചെറുകഥയുടെ ഈ പുതിയ മുഖവുമായി ഇണങ്ങിപ്പോവാൻ കഴിയുന്നില്ല എന്നുകൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ആധുനിക മലയാള വിമർശനത്തിലെ ഒരു സാധാരണ ശക്തിയായ ശ്രീ. എം. കൃഷ്ണൻനായർ ആധുനിക ചെറുകഥയെ ആക്രമിക്കാറുണ്ട്. ശ്രീ. കൃഷ്ണൻനായർ അരബിന്ദഘോഷിന്റേയും, ക്രോച്ചേയുടേയും സാഹിത്യസിദ്ധാന്തങ്ങളുടെ ദിവ്യദർശി
നിയിലൂടെയാണ് കലാസൃഷ്ടികളെ പലപ്പോഴും നോക്കിക്കാണുന്നത്. അതിനേക്കാൾ ഉപരിയായി ശ്രീ. കൃഷ്ണൻനായർ അടിസ്ഥാനപരമായും ഒരു റൊമാൻറിക്കാണ്. അങ്ങനെയുള്ള ഒരു വിമർശകനു ആധുനിക ചെറുകഥയുടെ പുതിയ മുഖവുമായി പെട്ടെന്ന് ഇണങ്ങിപ്പോവാൻ സാദ്ധ്യമല്ല.
സാഹിത്യത്തെ സംബന്ധിക്കുന്ന മുൻസങ്കല്പ്പങ്ങളുടെ സ്വാധീനത്തെ വിമർശകൻ നേരിടുന്ന പത്തു പ്രയാസങ്ങളിലൊന്നായിട്ടാണ് ഐ.എ. റിച്ചാർഡ്സ് കാണുന്നത്. ((Practical criticism എന്ന പുസ്തകം നോക്കുക) ഈ പൂർവസങ്കല്പങ്ങളുടെ പാറക്കെട്ടിൽ പ്രൊമിത്യൂസിനെപ്പോലെ അദ്ദേഹം ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ ചെറുകഥയുടെ പുതിയ മുഖവുമായി അദ്ദേഹത്തിന് ഇണങ്ങിപ്പോവാൻ കഴിയുന്നില്ല. ഏകാന്തതാ ബോധവും അർത്ഥശൂന്യതാ ബോധവും ഇവിടുത്തെ വ്യക്തിയിൽ ഇല്ലെന്നു പറയുന്നതു സത്യത്തെ നിഷേധിക്കലാണെന്ന കാക്കനാടന്റെ അഭിപ്രായത്തോടു എനിക്കു യോജിപ്പാണുള്ളത്. ഈ ദോഷങ്ങളുണ്ടെന്ന് അംഗീകരിച്ചാൽ മാത്രമേ ഇവ ഇല്ലാതാക്കാൻ സാധിക്കൂ എന്ന പ്രബന്ധകാരന്റെ വാക്കുകൾക്കു അവസാനിക്കാത്ത മാറ്റൊലിയാണുള്ളതെന്ന് എനിക്കു തോന്നി.
കാക്കനാടൻ ചൂണ്ടിക്കാട്ടുന്നതുപോലെ പരിഹാരനിർദ്ദേശവും സമരാഹ്വാനവും അവിടെ ഇല്ല.
എങ്കിലും നമ്മുടെ മനസ്സിനെ സമഗ്രമായി പിടികൂടുന്ന ആ ചിത്രത്തിൽ എഴുത്തുകാരന്റെ
വിമർശനമുണ്ട്. രോഷമുണ്ട്. ധ്വംസനമുണ്ട്. സാഹിത ്യകാരന്റെ ഈ മൗനത്തിന്റെ മുഴക്കങ്ങൾ ആസ്വാദകൻ ശ്രദ്ധിക്കുകതന്നെ വേണം.
കലയുടെ സൗഭാഗ്യത്തിനുവേണ്ടി എഴുത്തുകാരൻ അനുഷ്ഠിക്കുന്ന ഈ മൗനത്തിന്റെ അർത്ഥവത്തായ മുഴക്കങ്ങൾ മനസ്സിലാക്കി അതു വ്യാഖ്യാനിച്ചു കൊടുക്കുകയാണ് വിമർശകൻ ചെയ്യേണ്ടത്. അതു ചെയ്യാതെ എഴുത്തുകാരനെ കുറ്റം പറയുന്നവർ സമൂഹത്തോടുള്ള സ്വന്തം കടപ്പാടിൽ നിന്നും ഒളിച്ചോടിപ്പോകുന്നവരാണ്. കാഫ്കായുടെ കലാസൃഷ്ടികൾ ജീർണ്ണതയുടെ മടുപ്പിക്കുന്ന ചിത്രങ്ങളാണെന്നു പറഞ്ഞു പണ്ടുള്ളവർ ആക്ഷേപിച്ചപ്പോൾ ആ കലാസൃഷ്ടികളിൽ ഫ്യൂഡലിസത്തിന്റെ കീഴിൽ വേദനയനുഭവിച്ച മനുഷ്യന്റെ ദയനീയചിത്രമാണ് കാണുന്നതെന്ന വ്യാഖ്യാനം നല്കി വിമർശനത്തിന്റെ പുതിയ മുഖം പ്രദർശിപ്പിക്കുന്ന മാർക്സിസ്റ്റ് നിരൂപകന്മാർ ഉണ്ടായിരിക്കുന്നുവെന്ന സത്യം പ്രൊഫസർ മുണ്ടശ്ശേരിയെപ്പോലുള്ളവർ മറന്നുകളയരുത്. അതുകൊണ്ട് കുറേകൂടി ക്ഷമയോടും ദയയോടുംകൂടി ആധുനികചെറുകഥയെ സമീപിക്കണമെന്നു പ്രൊഫസർ മുണ്ടശ്ശേരിയോടും ശ്രീ.എം. കൃഷ്ണൻ നായരോടും ഞാൻ അപേക്ഷിക്കുന്നു.
മലയാളനാട് 1970