ആ മരക്കൂട്ടത്തിലെ ഇലകൾക്ക്
പച്ചനിറം
മാത്രമില്ലായിരുന്നു
ആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും.
സ്വർണ്ണ കതിരുകൾ വിളഞ്ഞു
കിടക്കുന്ന പാടത്തിന്റെ ഞരമ്പിലൂടെ
ഒരു പറ്റം വെളുത്ത ആടുകൾ ഒഴുകുന്നു
കറുത്ത വഴികളിൽ സൂര്യൻ തിളച്ചു തൂവുന്നു
കണ്ണാടി പുഴയിലെ വെള്ളത്തിനു
കാർമേഘത്തിന്റെ നിറം;
നഗരമുൽപ്പാദിപ്പിച്ചതിൻ മീതി.
പൊന്നു വിളഞ്ഞ പാടത്തേക്ക് ഒരു കൂട്ടം കാട്ടുപന്നികളെ ആരോ ഓടിച്ചു കയറ്റുന്നു.
എള്ളിൻ പൂവുകൾ തിന്നു
ചിത്രശലഭമാകാനൊരു പെരുത്ത പച്ചപ്പുഴു
വയലറ്റ് നിറമുള്ള തൊട്ടാവാടിയുടെ
കൂടപ്പിറപ്പായ പരിഭ്രമമാകുന്നു ഞാൻ
ആകാശത്തിന്റെ മിഴിയിൽ തെളിയുന്ന
ഒരു നക്ഷത്രത്തെ ഞാൻ നിനക്കു തരട്ടെ.