ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, നക്സലുകളെയായാലും പാക്കിസ്ഥാനികളെയായാലും യൂണിഫോമിൽ നടത്തുന്ന കൊലപാതകങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ് എന്ന ധാരണയിൽ മുഴുകിയിരിക്കുന്നവരാണ് നമ്മൾ. ശക്തിയും അധികാരവുമുള്ളവർ ചെയ്യുന്ന ഏത് ഹീനപ്രവർത്തിയെയും ന്യായീകരിക്കുന്നത്തിന്റെ പ്രധാന കാരണം ഭരിക്കുന്നവനോടുള്ള ഭയമാണ്. ഇന്ന് നമ്മൾ പശ്ചിമേഷ്യയിൽ കണ്ടുകൊണ്ടിരിക്കുന്നതും ആ പേടി തന്നെ. സ്വന്തമായി ഒരു രാജ്യമോ പട്ടാളമോ ഒന്നുമില്ലാത്ത നിരായുധരായ ജനങ്ങളെയാണ് ഏറ്റവും ആധുനിക യുദ്ധമുറകളും യന്ത്രങ്ങളും ഉപയോഗിച്ച് കൊന്നൊടുക്കുന്നതെന്ന് കാണുമ്പോൾ മനുഷ്യമനസ്സാക്ഷി ലജ്ജിച്ചു തലതാഴ്ത്തേണ്ടിവരും.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിൽ ജപ്പാനിലെ രണ്ടു നഗരങ്ങളിലെ ജനങ്ങളെ മുഴുവൻ കൊന്നൊടുക്കിയ സാമ്രാജ്യത്വ ശക്തികൾ തന്നെയാണ് ഇപ്പോൾ പശ്ചിമേഷ്യയിൽ നടക്കുന്ന കൂട്ടക്കൊലക്ക് ചൂട്ടുപിടിക്കുന്നത്. ഹമാസിനോടുള്ള വൈരത്തിൽ ഒരു പ്രദേശത്തെ സാധാരണ ജനങ്ങളെയും കുട്ടികളെയും മുഴുവൻ ബോംബിട്ടു കൊല്ലുക, റെഡ് ക്രോസ്പോലെയുള്ള സന്നദ്ധ സംഘടനകളെ പോലും മുൾമുനയിൽ നിർത്തുക, ജനങ്ങൾക്കുള്ള കുടിവെള്ളവും, ഭക്ഷണവും തടഞ്ഞു വെക്കുക, സ്കൂളുകളും ആശുപത്രികളും വരെ ബോംബിങ്ങിൽ തകർക്കുക എന്നിങ്ങനെ ജനീവ കരാറിൽ പറഞ്ഞിട്ടുള്ള നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. ലോക നിയമങ്ങൾക്കു നേരെ കണ്ണടച്ചുള്ള ഈ ക്രൂരതക്ക് ഹമാസ് എന്ന ഭീകര സംഘടനയെമാത്രം കരുവാക്കുന്ന നടപടിക്ക് മനുഷ്യാവകാശത്തിന്റെ കൊടുമുടി കയറിയെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെയും യൂറോപ്യൻ രാഷ്ട്രങ്ങളുടെയും ഒത്താശയുമുണ്ടെന്നതാണ് ഏറ്റവും അപലപനീയം. ഇക്കാലം വരെയും ചേരിചേരാ നയത്തിന്റെ വക്താക്കളായിരുന്ന ഇന്ത്യയും അവരോടൊപ്പം കൂടാൻ ഒട്ടും അമാന്തിച്ചില്ല.
ഹമാസ് കഴിഞ്ഞ ശനിയാഴ്ച നടത്തിയ ഭീകരാക്രമണത്തെ ഒരു രീതിയിലും ന്യായീകരിക്കാനാവാത്തപ്പോഴും 75 വർഷമായി പശ്ചിമേഷ്യൻ പ്രശ്നം പരിഹരിക്കാതെ മനഃപൂർവം നീട്ടിക്കൊണ്ടുപോകുന്ന ലോകരാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പ് നയത്തിന്റെ ഇരകളാണ് സ്വന്തം നാട്ടിൽ നിന്നും അടിച്ചിറക്കപ്പെട്ട പലസ്തീനികൾ എന്ന് സമ്മതിക്കേണ്ടി വരും. ഇക്കാലമത്രയും പ്രശ്നം യുണൈറ്റഡ് നേഷൻസിൽ ചർച്ചക്ക് എത്തുമ്പോൾ ഇസ്രയേലിനെതിരെയുള്ള ഏത് പ്രമേയവും വീറ്റോ ചെയ്യുന്ന രീതിയാണ് അമേരിക്ക അവലംബിച്ചു പോന്നിട്ടുള്ളത്.
പെട്ടെന്നൊരു സുപ്രഭാതത്തിൽ പലസ്തീനികൾ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറി എന്ന വാദം നിരത്തുന്നവർ കഴിഞ്ഞ 75 വർഷത്തെ ചരിത്രം ഒരു പ്രാവശ്യമെങ്കിലും വായിക്കേണ്ടിയിരിക്കുന്നു. പലസ്തീനികൾക്കായി നീക്കിവെച്ച പ്രദേശങ്ങളിൽ പോലും യഹൂദ കോളനികൾ സ്ഥാപിച്ച് ഓരോ നിമിഷവും രാജ്യത്തിൻറെ വിസ്തൃതി വർധിപ്പിച്ചുകൊണ്ടിരിക്കുന്ന ജൂത ഭരണകൂടം സ്വന്തം നാട്ടിൽ അഭയാർഥികളായി കഴിയുന്ന ആ ജനതയെ അംഗീകരിക്കാത്തിടത്തോളം കാലം ഈ യുദ്ധം തുടർന്നുകൊണ്ടേയിരിക്കും. ഇപ്പോൾ കൊല്ലപ്പെടുന്നവരുടെ കുഞ്ഞുങ്ങളോ, സഹോദരങ്ങളോ ബന്ധുക്കളോ ആവാം 10 വർഷം കഴിഞ്ഞ് വരുന്ന ചാവേറുകൾ.