രണ്ട് സ്ത്രീകളുടെ സാരിത്തുമ്പിൽ കേരളം ചുറ്റപ്പെട്ടിട്ട് വർഷം 11 കഴിഞ്ഞു. വ്യക്തിഹത്യ നടത്താനും അധികാരത്തിലെത്താനുമുള്ള രാഷ്ട്രീയ പ്രവർത്തകരുടെ ശ്രമമാണ് നമ്മൾ അന്നു മുതൽ കണ്ടുകൊണ്ടിരിക്കുന്നത്. ഒരേ പാർട്ടിക്കുള്ളിലുള്ളവരും കൂടെയുള്ളവരുടെ തോളിൽ ചവിട്ടി ഉയരങ്ങളിലേക്കെത്താൻ ശ്രമിക്കുകയാണ്. വന്നു വന്നു ഒരിക്കലും കെട്ടടങ്ങാത്ത വിവാദമായ് ഇത്തരം നാറ്റക്കേസുകൾ രാഷ്ടീയത്തെ മാത്രമല്ല കേരളത്തിന്റെ മൊത്തം സാമൂഹ്യ അന്തരീക്ഷത്തെ തന്നെ മലീമസപ്പെടുത്തുന്നു. ഇനിയും തുടരന്വേഷണമെന്ന കസർത്തും അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും പത്രത്താളുകളിലും ചാനൽ സ്ക്രീനുകളിലും ഇടം പിടിക്കുമെന്ന് ഉറപ്പാക്കും വിധമാണ് കാര്യങ്ങൾ.
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചോ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചോ അല്ല സഭയിലെ ചർച്ചകൾ ഇപ്പോൾ നടക്കുന്നത്. സോളാറും സ്വർണക്കടത്തും മാസപ്പടിയുമൊക്കെ നിയമസഭ പോലും നിർത്തിവെക്കാനിടയാക്കുന്നു. ചുരുക്കം ചില വ്യക്തികളിലൊതുങ്ങുന്ന ഈ പ്രശ്നങ്ങൾ മൂന്നരക്കോടി വരുന്ന സാധാരണ മലയാളിയുടെ മറ്റ് ഒട്ടനവധി പ്രശ്നങ്ങളെക്കാൾ പ്രാധാന്യമർഹിക്കുന്നതെങ്ങനെയെന്നു മനസിലാവുന്നില്ല. യഥാർത്ഥ പ്രശ്നങ്ങളെക്കാൾ വലുതാക്കി ഇതൊക്കെ കൊണ്ടുവന്ന് മൊത്തത്തിൽ ഒരു പുകമറ സൃഷ്ടിക്കാനാണ് ഭരണപക്ഷവും പ്രതിപക്ഷവും ശ്രമിക്കുന്നത്. ദല്ലാൾ എന്നു തന്നെ അറിയപ്പെടുന്ന ചിലരും ചില അഡ്വക്കേറ്റ്മാരും സാക്ഷികളും പ്രതികളുമൊക്കെ കൂടി നിയമസഭയുടെ പോലും വിലപ്പെട്ട സമയം അപഹരിക്കുകയാണ്.
പ്രധാനമായും നിയമനിർമാണ പ്രക്രിയയിലും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിലും ഏർപ്പെടേണ്ട നിയമസഭയാണ് ഇങ്ങനെ ശബ്ദമുഖരിതമായി ഒരോ ദിനവും അവസാനിക്കുന്നത്. 2023-24ൽ കേരളത്തിന്റെ കടം ജിഎസ്ഡിപിയുടെ 36.9 ശതമാനമാണ് കണക്കാക്കിയിരിക്കുന്നത്..വരവ് 1.36 ലക്ഷം കോടി രൂപയും ചെലവ് 1.76 ലക്ഷം കോടി രൂപയുമാണ്. ആർബിഐയുടെ കണക്കനുസരിച്ച് 2023-ൽ കേരളത്തിന്റെ മൊത്തം കടം 3,90,859.5 കോടി രൂപയായി; 2016-ൽ ഇത് 1,62,271.5 കോടി രൂപയായിരുന്നു. ഇതിനൊരു പരിഹാരം എന്താണെന്നതിനെപ്പറ്റി യാതൊരു ചർച്ചകളുമില്ല. വികസനം ഏത് രീതിയിലാവണമെന്നോ വ്യവസായവൽക്കരണം ഏതൊക്കെ മേഖലയിലാവാമെന്നോ ചിന്തിക്കാൻ സമയമില്ല. ഉപരിവിദ്യാഭ്യാസമേഖല ആകെ താറുമാറായി കിടക്കുകയാണ്.
ലക്ഷ്യബോധമില്ലാത്ത രാഷ്ട്രീയ നേതൃത്വം സാരിത്തുമ്പും പിടിച്ച് നടക്കുന്നത് നിർത്തിയാൽ മാത്രമെ പുരോഗതിയുടെ പാതയിലൂടെ കേരളത്തിന് മുന്നേറാനാവൂ.