ചരിത്രത്തിലെ അവിസ്മരണീയമായ ഒരു മുഹുർത്തത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്. എപ്പോഴും ജാഗരൂകരായ ഒരു പ്രതിപക്ഷം ഓരോ അഞ്ച് വർഷവും മാറിമറിഞ്ഞു സംസ്ഥാന ഭരണം കയ്യാളുന്ന ആ ശീലം നമ്മൾ തുടർന്നു പോരുമ്പോഴാണ് ‘ഉറപ്പാണ് എൽ.ഡി.എഫ്.’ എന്ന ഓജസ്സുറ്റ മുദ്രാവാക്യവുമായി കേരളക്കരയെ പിടിച്ചുലച്ചു കൊണ്ട് ഇടത്പക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
തുടർഭരണം എന്ന യാഥാർത്ഥ്യത്തിലേക്ക് ഇന്ന് കേരളം അലയടിച്ചുയർന്നത് കഴിഞ്ഞ 5 വർഷം ഈ സർക്കാർ ചെയ്ത നല്ല പ്രവൃത്തികൾ കൊണ്ട് മാത്രമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രളയവും കോവിഡുമൊക്കെ സംസ്ഥാനത്തെ ജനജീവിതം താറുമാറാക്കിയപ്പോൾ ഒരു സാന്ത്വനമായി അവർക്കരികിലെത്തിയത് ഈ സർക്കാരായിരുന്നു. ഒട്ടൊക്കെ ധാർഷ്ട്യത്തോടെ അമരക്കാരനായി നിന്ന് ഭരണചക്രം തിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമെ സാധിക്കുകയുള്ളു എന്നൊരു തോന്നൽ ഓരോ മലയാളിയുടെയും ഉള്ളിൽ ഉണ്ടായ വർഷങ്ങളായിരുന്നു അവ. അടുക്കും ചിട്ടയോടെ ഓരോ മനുഷ്യരുടെയും ആരോഗ്യ കാര്യങ്ങളിൽ ഇത്തരത്തിൽ ഇടപെട്ട ഒരു ഭരണകൂടം നമുക്കിതിനു മുൻപ് ഉണ്ടായിരുന്നില്ല. കടക്കെണിയിലായിട്ടും എല്ലാവർക്കും ഭക്ഷണമെത്തിക്കുന്നത് ഒരു കടമ പോലെ നിർവഹിക്കുകയും കൃത്യമായ ക്വാറന്റയിൻ സംവിധാനങ്ങളേർപ്പെടുത്തി രോഗപ്രതിരോധ സംവിധാനങ്ങൾ ക്രമീകരിക്കുകയും ചെയ്തപ്പോൾ മറ്റ് ഇതര സംസ്ഥാനങ്ങൾ അത് മാതൃകയാക്കാൻ വെമ്പുകയായിരുന്നു. മഹാരാഷ്‌ട്രയിലും മറ്റ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പട്ടിണി നടമാടിയപ്പോൾ ‘ആവശ്യക്കാർക്കെല്ലാം ഭക്ഷണം’ എന്നതായിരുന്നു മലയാളക്കരയിൽ നിറഞ്ഞു നിന്ന തലവാചകം. മഹാമാരിയുടെ ദിനങ്ങൾ ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ താളക്രമങ്ങൾ തെറ്റിക്കുമ്പോൾ അൽപമെങ്കിലും ആശ്വാസം പകരാൻ ഇത്തരം വിജയങ്ങൾക്കു കഴിയുന്നു.
വർഗീയവിഷം ചീറ്റി ശബരിമലയുടെ മറവിൽ കേരളമൊരു കുരുതിക്കളമാക്കാൻ ബി.ജെ.പി. നടത്തിയ ശ്രമങ്ങളെ തൂത്തെറിയുന്ന ഒരു തെരഞ്ഞെടുപ്പു ഫലം കൂടിയായിരുന്നു ഇത്. ഉത്തരേന്ത്യൻ ഗോസായിമാരുടെ ചുവടു പിടിച്ചു കേരളത്തിലെ മതസൗഹാർദം തകർക്കാൻ ശ്രമിക്കുന്ന തീവ്രമതവാദികൾക്കു മലയാളിയെ മതത്തിന്റെ പേരിൽ ചേരിതിരിച്ചു നിർത്താനാവില്ലെന്ന പാഠം പഠിച്ചെടുക്കാനും ഈയവസരം ഉപയോഗിക്കാം.