വീണ്ടുമൊരു തിരഞ്ഞെടുപ്പിന് രാഷ്ട്രം ഒരുങ്ങിയിരിക്കുകയാണ്. ജനാധിപത്യത്തെ മുൻനിർത്തി അധികാരം പിടിച്ചെടുക്കാനായി കളത്തിലിറങ്ങുമ്പോൾ ഓരോ പാർട്ടികളും മുന്നോട്ടു വച്ചിട്ടുള്ളതാകട്ടെ വളരെ ആകർഷണീയമായ മുദ്രാവാക്യങ്ങളാണ്. അഴിമതിയും രാജ്യസുരക്ഷയും അമ്പല നിർമാണവും ഭീകരാക്രമണങ്ങളുമെല്ലാം എല്ലാ പാർട്ടികളുടെയും അജണ്ടയിലെ മുഖ്യ ഇനങ്ങളായി മാറുമ്പോഴും പരസ്പരം ചളി വാരി എറിയുന്നതിനാണ് എല്ലാവരും തങ്ങളുടെ ഊർജം പ്രധാനമായി ചെലവിടുന്നത്.
രാജ്യത്ത് അനുദിനം ഉയർന്നു വരുന്ന തൊഴിലില്ലായ്മയും, കർഷക ആത്മഹത്യകളും, പരിസ്ഥിതി മലിനീകരണവുമെല്ലാം സംസാരവിഷയങ്ങളാക്കാൻ ആരും വല്യ താത്പര്യം കാണിക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഏറ്റവുമധികം ഭീഷണികളെ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിച്ചു വരുന്നത്. ബുദ്ധിജീവികൾക്കെതിരെയുള്ള ഒട്ടുമിക്ക കൊലപാതകങ്ങൾക്കും പിറകിൽ സനാതൻ ധർമ പോലെയുള്ള കടുത്ത ഹിന്ദു മത വികാരം പുലർത്തുന്ന സംഘടനകളാണെന്ന് പോലീസ് വ്യക്തമാക്കിക്കഴിഞ്ഞു. പ്രമുഖരായ വ്യക്തികളുടെ പോലും പ്രസംഗങ്ങൾക്കിടയിൽ ഇടപെട്ടു അത് നിർത്തിവയ്പിക്കാൻ ഉന്നത സ്ഥാനങ്ങൾ
അലങ്കരിക്കുന്ന ഉദ്യോഗസ്ഥന്മാർ ശ്രമിക്കുന്ന വാർത്തകൾ കേൾക്കുമ്പോൾ നമുക്ക് മനസ്സിലാക്കാം അധികാരത്തിന്റെ പിൻബലം അവർക്ക് എത്രത്തോളം ലഭിക്കുന്നുണ്ട് എന്ന്. വ്യക്തിസ്വാതന്ത്ര്യം ഹനിക്കാൻ ഭരണം ദുരുപയോഗപ്പെടുത്തുന്നതിന്റെ ധാരാളം തെളിവുകൾ ഇക്കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയ്ക്ക് നമുക്ക് മുന്നിൽ എത്തിയിട്ടുണ്ട്.
ദേശസ്നേഹത്തിന്റെ പേരിലും, മത വിശ്വാസത്തിന്റെ പേരിലും ഭാരതീയ ജനതയെ വിഘടിപ്പിച്ചു നിർത്തുന്ന ഭരണതന്ത്രങ്ങളാണിന്ന് ബി.ജെ.പി. പയറ്റിക്കൊണ്ടിരിക്കുന്നത്. അതിർത്തി കാക്കുന്ന ജവാന്മാരെ പോലും കരുക്കളാക്കി, ആൾക്കൂട്ട കൊലകളിലൂടെ ഒരു ജനതയെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തി ഒരു ഭരണാധികാരിക്കും അധികകാലം മുന്നോട്ടു പോകാനാവില്ല. ചരിത്രത്തിൽതന്നെ അതിന് എത്രയോ ഉദാഹരണങ്ങൾ നമുക്ക് കാണാനാവും.
നാം എന്ത് പറയണം, നാം എന്ത് ഭക്ഷിക്കണം, നാം ആരെ ആരാധിക്കണം എന്നിങ്ങനെ നമ്മൾ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം നമുക്കുറപ്പാക്കാൻ ഈ തിരഞ്ഞെടുപ്പിന് സാധിക്കണം. അതിനായിരിക്കട്ടെ നമ്മുടെ ഓരോ വോട്ടും.